‘കൊറോണ വൈറസിന് എത്രത്തോളം നാശം വിതക്കാന്‍ കഴിയുമെന്നതിനുള്ള കൃത്യമായ സൂചനയാണ് ഇന്ത്യ’
ഒരു മാസം മുന്‍പ് നടന്ന WHOയുടെ ഓണ്‍ലൈന്‍ സമ്മിറ്റില്‍ ടെഡ്രോസ് അധാനന്‍ പറഞ്ഞ വാക്കുകളാണിത്. കൊവിഡ്-19 നെ പശ്ചാത്തലമാക്കി WHO നടത്തിയ സര്‍വേയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. കൊവിഡ് ബാധിച്ച 105 രാഷ്ട്രങ്ങളില്‍ 95 ശതമാനവും ആരോഗ്യമേഖലയില്‍ പിന്നോട്ടാണെന്നും കൃത്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളാണെന്നും സര്‍വേയില്‍ പറയുന്നുണ്ട്.
മെഡിക്കല്‍ സേവനരംഗത്ത് മാനുഷിക വിഭവങ്ങള്‍ കുറവുള്ള രാജ്യമല്ല ഇന്ത്യ. മാത്രവുമല്ല, ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ലോകം മുഴുക്കെ സേവനമനുഷ്ഠിക്കുന്നതും. വാക്സിന്‍ ഉത്പാദന രംഗത്തും ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കെ കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയത് എന്തുകൊണ്ടാണ്? ആരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഒരു വര്‍ഷക്കാലം നിയോ ലിബറല്‍ നയങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതിന്റെ പരിണിത ഫലമാണിത്. ആത്മനിര്‍ഭാര്‍ എന്ന പേരില്‍, സ്വയം പര്യാപ്തതയുടെ മറവില്‍, രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വിറ്റഴിച്ചതിന്റെ തിക്തഫലം.
സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമ്പോള്‍, trickle down തിയറിയിലൂടെ രാജ്യത്തെ കരകയറ്റാന്‍ പറ്റുമെന്ന തെറ്റായ ധാരണയാണ് ഈ വലിയ വിപത്തിന് വഴിയൊരുക്കിയത്. നികുതി വെട്ടിക്കുറച്ചും മറ്റു സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയും സമ്പന്നരായ ആളുകളെ/കോര്‍പറേറ്റുകളെ സഹായിക്കുന്നതിലൂടെ, മറ്റുള്ളവരിലേക്കും സഹായമെത്തുമെന്നാണ് ഈ തിയറി പറയുന്നത്. എന്നാല്‍ മഹാമാരിക്കാലത്ത് ഇത് എത്രത്തോളം പ്രായോഗികമാണ്? എന്നല്ല, മാന്ദ്യമുണ്ടാകുന്ന സമയത്ത് തന്നെ ഇത്തരം നയങ്ങള്‍ ഗുണകരമല്ലെന്നതിന്റെ തെളിവാണ് 1929-ലെ ആഗോള സാമ്പത്തിക തകര്‍ച്ച. അന്ന് യു എസിനെ കരകയറാന്‍ സഹായിച്ചത് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്്വെല്‍ട്ടിന്റെ ന്യൂ ഡീല്‍ പ്രോഗ്രാമുകളാണ്. ജനങ്ങളുടെ കയ്യില്‍ നേരിട്ട് പണമെത്തിച്ചും, ജോലികള്‍ ഉറപ്പുവരുത്തിയുമാണ് ഈ ഡീലിലൂടെ യു എസ് അന്നത്തെ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടത്. അത് വിജയം കാണുകയും ചെയ്തു.
കൊവിഡ് കാലത്തും യു എസ് പിന്തുടരുന്ന നയം ഇതു തന്നെയാണ്. യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്റെ നിര്‍ദേശ പ്രകാരം കോര്‍പറേറ്റ് ടാക്സ് വര്‍ധിപ്പിക്കാനും പൊതു ഉത്പന്നങ്ങളില്‍ നിക്ഷേപം കൂട്ടാനും യു എസ് പ്രസിഡന്റ് ബൈഡന്‍ നിര്‍ദേശിച്ചു കഴിഞ്ഞു. കൊവിഡ് കാരണം യു എസില്‍ ഇതിനകം 20 മില്യണ്‍ ഇടത്തര വിഭാഗം ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും 650 ഓളം കോടീശ്വരന്മാര്‍ 1 ട്രില്യണ്‍ ഡോളര്‍ സമ്പാദിച്ചെന്നും, പ്രസ്തുത സാമ്പത്തിക നയം സ്വീകരിക്കാനുള്ള കാരണമായി ബൈഡന്‍ പറയുന്നുണ്ട്. യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഈ നയത്തെ സ്വാഗതം ചെയ്യുകയുമുണ്ടായി. മൂന്ന് പ്ലാനുകളായി തയാറാക്കിയ യു എസ് പദ്ധതിയില്‍ ഓരോ കുടുംബത്തിനും 1400 ഡോളര്‍ സാമ്പത്തിക സഹായം, കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, 16 വയസ്സ് വരെയുള്ള സൗജന്യ വിദ്യാഭ്യാസം എന്നിവയൊക്കെ ഉള്‍പ്പെടുന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തട്ടില്‍ നിന്ന് മാത്രമേ, ഈ ഘട്ടത്തില്‍ പ്രതിരോധം സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരം സാമ്പത്തിക നയങ്ങളുണ്ടാകുന്നത്.
എന്നാല്‍ ഇന്ത്യ ഇപ്പോഴും സ്വകാര്യവത്കരണത്തിനും കോര്‍പറേറ്റ് പ്രീണനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രാചീന കാലത്തുള്ള ഗുപ്തയുടെയും മറ്റും സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ച. കോര്‍പറേറ്റുകളും അധികാരികളും ഒരുമിക്കുന്ന മുസോളിനിയന്‍ ഫാഷിസ്റ്റ് നയം. ആരോഗ്യ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കാലമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. അതിനു പകരം സ്വകാര്യവത്കരണത്തിന് പ്രാധാന്യം കൊടുത്തതിനാല്‍, ഇന്നും ആരോഗ്യരംഗം അപൂര്‍ണമായി കിടക്കുന്നു.
1946-ലെ ബോറെ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഒരാള്‍ക്ക് പോലും പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ ലഭിക്കാതിരിക്കരുതെന്ന് നിര്‍ദേശമുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ രംഗം കൂടുതലായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. 1990-കള്‍ക്ക് ശേഷമാണ് സ്വകാര്യവത്കരണം ഇന്ത്യയില്‍ സജീവമാകുന്നത്. അന്നത്തെ വേള്‍ഡ് ബാങ്ക് മോഡലിനെ പിന്തുടര്‍ന്ന്, ആരോഗ്യ മേഖലയിലും സര്‍ക്കാര്‍ ഇടപെടലുകള്‍ കുറച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി കൊടുത്തു. സമൂഹത്തില്‍ സാമ്പത്തികമായി താഴെ തട്ടിലുള്ള ജനങ്ങള്‍ക്ക് ന്യായമായ നിരക്കില്‍ ചികിത്സ ലഭിക്കാതെ വന്നു . നിലവാരമുള്ള സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് 2005-ല്‍ National Rural Health Mission സ്ഥാപിക്കപ്പെടുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് പോകുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സിലൂടെയും മറ്റും കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ ഈ പദ്ധതി ലക്ഷ്യംവെച്ചിരുന്നു. എന്നാല്‍, ഈ മിഷന്‍ മുന്നോട്ട് വെക്കുന്ന ആനുകൂല്യങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ സ്വകാര്യ സ്ഥാപനങ്ങളാവുകയും, പാവപ്പെട്ട ജനങ്ങള്‍ക്ക് അത് കൂടുതല്‍ പ്രയാസമുണ്ടാക്കുകയും ചെയ്തു.
2015-ല്‍ യു എന്‍ മുന്നോട്ട് വെച്ച സുസ്ഥിര വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒരു തീരുമാനം മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു. സ്വകാര്യ ആശുപത്രികളിലെ ചിലവുകള്‍ അഭിമുഖീകരിക്കാന്‍ ഇന്‍ഷുറന്‍സ് പോലോത്ത പദ്ധതികള്‍ നടപ്പിലാക്കാനും ശുപാര്‍ശയുണ്ടായി. ഇന്ത്യയില്‍ 2008-ല്‍ തന്നെ രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജനയിലൂടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ആരംഭം കുറിച്ചിരുന്നു. 2018-ല്‍ 500 മില്യണ്‍ ജനങ്ങളില്‍ ഇന്‍ഷുറന്‍സ് സഹായമെത്തിക്കുമെന്ന വാഗ്ദാനവുമായി ‘പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന’ പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ Niti Aayog-ന് കീഴിലുള്ള National Health Authority ക്കായിരുന്നു ഇതിന്റെ പൂര്‍ണ അധികാരം. അതുകൊണ്ട് തന്നെ സ്വകാര്യ സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്ന ശൈലിയായിരുന്നു കണ്ടിരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള NSS റിപ്പോര്‍ട്ടില്‍ ഇത് വളരെ വ്യക്തമായി പറയുന്നുമുണ്ട്.
കൊവിഡ് കാലത്ത്, സ്വകാര്യ ആശുപത്രികളില്‍ അഡ്മിറ്റ് ആയവര്‍ 10 ശതമാനം മാത്രമാണെന്ന് രണ്ടാഴ്ച മുന്‍പ് പ്രസിദ്ധീകരിച്ച EPW എഡിറ്റോറിയല്‍ വ്യക്തമാക്കുന്നുണ്ട്. അവരില്‍ 90 ശതമാനവും ഇന്‍ഷുറന്‍സ് ആനുകൂല്യം കൈപറ്റിയവരുമല്ല. കുറഞ്ഞ നിരക്കില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചികിത്സ ലഭിച്ചില്ലെന്ന് ചുരുക്കം. ആരോഗ്യ മേഖലയിലുണ്ടായ സ്വകാര്യവത്കരണം കൂടുതല്‍ വിഭാഗീയത സൃഷ്ട്ടിക്കാന്‍ കാരണമായെന്നും പൊതുഇടങ്ങള്‍ കുറവായതിനാല്‍ ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമായില്ലെന്നും EPW എഡിറ്റോറിയല്‍ നിരീക്ഷിക്കുന്നുണ്ട്. .
കൊവിഡ് കാലത്തെ സാമ്പത്തിക നയങ്ങളും trickle down തിയറിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ പാളിച്ചകള്‍ സംഭവിച്ചു. 2020 മെയ് മാസത്തില്‍ തന്നെ ഓക്സിജന്‍ പ്ലാന്റുകള്‍ ഉണ്ടാവേണ്ട ആവശ്യകതയെ കുറിച്ച് വിവിധ പഠനങ്ങള്‍ വന്നിരുന്നു. എന്നാല്‍ 8 മാസത്തോളം കൃത്യമായ ഒരു തീരുമാനവും മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒക്ടോബര്‍ പകുതിയോടടുക്കുമ്പോഴാണ് 162 PSA ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ Central Medical Service Authority-യുടെ കീഴില്‍ തീരുമാനമാകുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ഇതിനോട് നല്ല രീതിയില്‍ പ്രതികരിച്ചിരുന്നു. പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനം ഒരുക്കുകയും ജില്ലാ ആശുപത്രികള്‍ Site Readiness Certificate എടുത്തുവെക്കുകയും ചെയ്തു. എന്നാല്‍, കൃത്യമായ ഒരു പിന്തുടര്‍ച്ച കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കഴിഞ്ഞ മാസത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രകാരം 33 PSG പ്ലാന്റുകള്‍ മാത്രമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കേവലം 200 കോടി മതിയാകുന്ന പദ്ധതിയാണിത്. പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി തയാറാക്കിയ ആത്മനിര്‍ഭാര്‍ പദ്ധതിക്ക് രാജ്യം അനുവദിച്ച തുക 29.87 ലക്ഷം കോടി രൂപ. ഈ ഇരട്ടത്താപ്പില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മോഡി സര്‍ക്കാരിന് എളുപ്പത്തില്‍ സാധിക്കില്ല.
നിലവില്‍ SII, Bharath Biotech എന്നീ രണ്ടു കമ്പനികളാണ് ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിപ്പിക്കുന്നത്. വാക്‌സിന്‍ ഡിമാന്‍ഡ് കൂടിയതിനാല്‍, റഷ്യയുടെ Sputnik V യില്‍ നിന്നും വാക്സിന്‍ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. രാജ്യം സ്വയം പര്യാപ്തമല്ലെന്ന ബോധത്തിലേക്കെത്താന്‍ കൊവിഡ് രണ്ടാം തരംഗം വരേണ്ടി വന്നു എന്നര്‍ഥം.
Our world in data യുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 20 ആകുമ്പോഴേക്കും 127.13 മില്യണ്‍ ആളുകളാണ് ഇന്ത്യയില്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് രാജ്യത്തിന്റെ വെറും 8% ജനങ്ങള്‍ മാത്രമാണ്. യു എസ് 40% കടന്ന സമയത്തും ഇന്ത്യ പത്തില്‍ താഴെ നില്‍ക്കാനുള്ള കാരണം വാക്സിന്‍ സംബന്ധിച്ച് നടക്കേണ്ട ഡിമാന്‍ഡ്-സപ്ലൈ പഠനത്തിന്റെ അഭാവമാണ്. പ്രസ്തുത സമയത്തും 66 മില്യണ്‍ വാക്സിന്‍ ഡോസ് വിദേശത്തേക്ക് കയറ്റി അയച്ചതും ഇതിന്റെ തെളിവായി മനസ്സിലാക്കാവുന്നതാണ്. രാജ്യ ക്ഷേമ പ്രവര്‍ത്തങ്ങളില്‍ ഒരു രാജ്യം കാണിക്കുന്ന അലംഭാവമാണ് ഇതൊക്കെ നമ്മോട് വിളിച്ചു പറയുന്നത്.
ഇതോടൊപ്പം ചേര്‍ത്തിവായിക്കേണ്ട ഒന്നാണ് PM-CARE ലെ ഫണ്ട് സമാഹരണം. CSR-ഫണ്ടിലേക്ക് കോര്‍പറേറ്റുകള്‍ നല്‍കേണ്ടിയിരുന്ന പകുതി പണം നിലവില്‍ PM-CARE ലേക്ക് ഒഴുകി കഴിഞ്ഞു. ഓരോ വര്‍ഷവും 15000 കോടി രൂപ ലഭിക്കുന്ന CSR-ഫണ്ടില്‍ വലിയ കുറവ് അനുഭവപ്പെട്ടേക്കാം. എങ്കിലും ഈ സമയത്ത് ആരോഗ്യ മേഖലയിലേക്ക് പണം വകയിരുത്തല്‍ അത്യാവശ്യമായത് കൊണ്ട് തന്നെ ആ കുറവ് നമുക്ക് മറക്കാം. എന്നാല്‍ PM-CARE ഫണ്ടുകള്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ ചിലവഴിച്ചു എന്നതിന് ഉത്തരമുണ്ടോ? അതിന്റെ കണക്കുകള്‍ ലഭിക്കാന്‍ RTI വഴി അന്വേഷണം നടത്തിയ ബാംഗളൂര്‍ നിയമ വിദ്യാര്‍ഥിക്ക് കിട്ടിയ മറുപടി അതിശയോക്തി നിറഞ്ഞതാണ്. PM-CARE പൊതുവകുപ്പില്‍ വരുന്നതല്ലെന്നും RTI പരിധിയില്‍ പെടില്ലെന്നുമാണ് മറുപടി. ഇനിയെന്തുറപ്പിലാണ് PM-CARE ലേക്ക് നാം ഫണ്ടുകള്‍ നല്‍കുക?
കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി നമുക്ക് നമ്മുടെ രാജ്യം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കുറഞ്ഞ കാലം കൂടെ പിന്നിടുമ്പോള്‍ രാജ്യം കോര്‍പറേറ്റുകള്‍ ഭരിക്കുന്ന സമയം വരും. വീണ്ടുമൊരു ഈസ്റ്റ് ഇന്ത്യ പിറക്കും. കൃത്യമായ പഠനങ്ങളും വിമര്‍ശങ്ങളും സമരങ്ങളും തന്നെയാണ് പരിഹാരം.
സി എം ശഫീഖ് നൂറാനി
You must be logged in to post a comment Login