വിശുദ്ധ ഖുര്‍ആന്‍ സ്വര്‍ഗത്തെ പരിചയപ്പെടുത്തിയതും അവിടെയുള്ള ആസ്വാദനങ്ങള്‍ വിവരിച്ചതും കാണാം. അത് യുക്തിസഹവുമാണ്. പക്ഷേ സ്വര്‍ഗത്തിലെ കോപ്പകള്‍, കട്ടിലുകള്‍ തുടങ്ങിയ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതിന്റെ യുക്തി എന്താണ്? എല്ലാ സുഖങ്ങളുമുള്ള സ്വര്‍ഗത്തിലെ ചില സുഖസൗകര്യങ്ങള്‍ മാത്രം എടുത്തു പറയേണ്ട ആവശ്യമുണ്ടോ? ഇത് ഖുര്‍ആന്റെ സാഹിത്യമൂല്യത്തിന് നിരക്കുന്നതാണോ?
നമുക്ക് പരിശോധിക്കാം. ഹിജ്റ രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും ഗ്രീക്ക് തത്വചിന്തകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അറബ് ലോകത്ത് പുതിയൊരു പ്രത്യയശാസ്ത്രം ഉടലെടുത്തിരുന്നു. ഖുര്‍ആനിലും സുന്നതിലും വിവരിച്ച പുനര്‍ജന്മവും അന്ത്യദിനവും സ്വര്‍ഗനരകങ്ങളും സത്യമാണെന്ന് അവര്‍ അംഗീകരിച്ചു. പക്ഷേ അവര്‍ വാദിച്ചത്, പുനര്‍ജന്മം ആത്മാക്കള്‍ക്കു മാത്രമാണെന്നാണ്. നന്മ ചെയ്തവരുടെ ആത്മാക്കള്‍ സ്വര്‍ഗത്തിലും തിന്മ ചെയ്തവരുടെ ആത്മാക്കള്‍ നരകത്തിലും. അതേ സമയം മനുഷ്യശരീരത്തിന് മരണശേഷം പുനര്‍ജന്മമില്ലെന്ന് അവര്‍ നിരീക്ഷിച്ചു. യഥാര്‍ത്ഥത്തില്‍, ഇസ്ലാമിനും യുക്തിവാദത്തിനുമിടയില്‍ പാലമിടുകയാണ് അവര്‍ ചെയ്തത്. വിശദീകരിക്കാം.
വിശുദ്ധ ഖുര്‍ആന്‍ അവതരണ സമയത്തെ മനുഷ്യരെ കുറിച്ച് പറയുന്നതുപോലെ വരാനിരിക്കുന്നവരെ കുറിച്ചും പറയുന്നുണ്ട്. അന്ത്യദിനം വരെയുള്ള മുഴുവന്‍ മനുഷ്യരോടും നന്മ ചെയ്യാനും തിന്മ വെടിയാനും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് സ്ഥാപിക്കാന്‍ മതിയായ തെളിവാണിത്. അവതരണ ശേഷം വരാനിരിക്കുന്ന ജനങ്ങളോട് ഖുര്‍ആന്‍ സംവദിക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ കാണുക:
ഒന്ന്: കരയും കടലും മലിനമാക്കുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഭാവിയിലെ ജനതയെ പറ്റി ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യന്റെ സ്വയംകൃതാനര്‍ഥങ്ങള്‍ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. സ്വന്തം ചില ചെയ്തികളുടെ ഫലം അവര്‍ക്കാസ്വദിപ്പിക്കാനത്രേ ഇത്; ഒരുവേള അവര്‍ മടങ്ങിയേക്കാമല്ലോ’ (അല്‍ റൂം -41). ‘പിരിഞ്ഞുപോയാല്‍, നാട്ടില്‍ കുഴപ്പമുണ്ടാക്കാനും കൃഷി നശിപ്പിക്കാനും ജീവഹത്യക്കും അവന്‍ തീവ്രയത്‌നം നടത്തും-നാശമുണ്ടാക്കുന്നത് അല്ലാഹു തൃപ്തിപ്പെടില്ല’ (അല്‍ബഖറ 205). ഖുര്‍ആന്‍ അവര്‍ക്ക് താക്കീത് നല്‍കുന്നു: ‘ഭൂമിയില്‍ അല്ലാഹു നന്മയുണ്ടാക്കിയ ശേഷം നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്'(അല്‍ അഅ്റാഫ് 56). കൂടുതല്‍ ഗൗരവത്തോടെ വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു: ‘നാട്ടില്‍ അല്ലാഹു നന്മവരുത്തിയശേഷം നിങ്ങളവിടെ നാശമുണ്ടാക്കരുത്’ (അല്‍ അഅ്റാഫ് – 85).
രണ്ട്: പ്രപഞ്ചോല്‍പത്തി, ആകാശഭൂമികളുടെ സൃഷ്ടിപ്പ്, മനുഷ്യന്റെ തുടക്കം എന്നിവ സംബന്ധിച്ച ചില തെറ്റായ കാഴ്ചപ്പാടുകളെയും പരിണാമസിദ്ധാന്തത്തെയും നിരാകരിച്ചു കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
‘ഭുവന – വാനങ്ങളുടെയോ അവരുടെ തന്നെയോ സൃഷ്ടിപ്പിന് ആ പിശാചുക്കളെ നാം സാക്ഷികളാക്കിയിട്ടില്ല; വഴിതെറ്റിക്കുന്നവരെ സഹായികളാക്കുന്ന ശൈലി നമുക്കൊട്ടില്ല താനും’ (അല്‍ കഹ്ഫ്- 51).
മൂന്ന്: ഗ്രീക്ക് തത്വചിന്തയില്‍ ആകൃഷ്ടരായി മനുഷ്യശരീരത്തിന് പുനര്‍ജന്മമില്ലെന്നും പുനര്‍ജന്മം ആത്മാക്കള്‍ക്ക് മാത്രമാണെന്നും വാദിക്കുന്നവരോട് വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു:
‘നാം മനുഷ്യന്റെ അസ്ഥികള്‍ ശേഖരിക്കുകയില്ലെന്ന് അവര്‍ ധരിച്ചിരിക്കുകയാണോ? അതെ, അവന്റെ വിരല്‍തുമ്പുകള്‍ പോലും ശരിപ്പെടുത്താന്‍ ശക്തരാണ് നാം’ (അല്‍ ഖിയാമ 3-4).
നാല്: പാരത്രിക ലോകത്ത് ശിക്ഷയും പ്രതിഫലവും ആത്മാക്കള്‍ക്ക് മാത്രമാണെന്ന് വിശദീകരിച്ചവരോട്, (തുടക്കത്തില്‍ പരാമര്‍ശിച്ച ആളുകള്‍) മനുഷ്യശരീരത്തിനു തന്നെയാണ് ലഭിക്കുകയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘വലതുപക്ഷക്കാര്‍! എന്താണ് വലതുപക്ഷക്കാരുടെ സ്ഥിതി? മുള്ളില്ലാത്ത ഇലന്തമരം, പഴങ്ങള്‍ അടുക്കിവെക്കപ്പെട്ട വാഴകള്‍, നീണ്ടു വിസ്തൃതമായ തണല്‍, പ്രവഹിച്ചുകൊണ്ടേയിരിക്കുന്ന ജലം, ശാശ്വതവും നിഷേധിക്കപ്പെടാത്തതുമായ ഒട്ടേറെ പഴവര്‍ഗങ്ങള്‍, ഉയര്‍ന്ന പരവതാനികള്‍ എന്നീ സുഖാസ്വാദനങ്ങളിലാണവര്‍'(അല്‍ വാഖിഅ 27-34).
‘കട്ടിലുകളില്‍ ചാരിയിരിക്കുകയാവും അവര്‍. വെയിലോ തീക്ഷ്ണ ശൈത്യമോ അവര്‍ക്കവിടെയുണ്ടാവില്ല. തണലുകള്‍ അടുത്തു വന്നുനില്‍ക്കും. സുഗമമായി പറിച്ചെടുക്കാനാകുംവിധം പഴങ്ങള്‍ താഴ്ന്നുകിടക്കുന്നതാണ്. അളവു നിര്‍ണയിച്ച വെള്ളിപ്പാത്രങ്ങളും രജതസമാനമായ സ്ഫടികക്കോപ്പകളുമായി അവര്‍ക്കിടയില്‍ ചുറ്റപ്പെട്ടുകൊണ്ടിരിക്കും. ഇഞ്ചിനീര് മിശ്രിതമായ സല്‍സബീല്‍ ഉറവയിലെ ദ്രാവകക്കോപ്പകള്‍ അവര്‍ക്കവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതുമാണ്’ (അല്‍ ഇന്‍സാന്‍ 13-18).
ഈ വചനങ്ങള്‍ സ്വര്‍ഗവും നരകവും ആത്മാക്കള്‍ക്ക് മാത്രമാണെന്ന വാദത്തെ പാടേ നിരാകരിക്കുന്നുണ്ട്. കാരണം, പറയപ്പെട്ട സ്വര്‍ഗീയ ആസ്വാദനങ്ങള്‍ മനുഷ്യശരീരം കൊണ്ടു മാത്രമല്ലേ ആസ്വദിക്കാന്‍ കഴിയൂ.
ഇതേ രൂപത്തില്‍ നരകത്തിലെ ചില കാര്യങ്ങളും പ്രത്യേകം പരാമര്‍ശിക്കുന്നു. ‘നിശ്ചയം, ഉരുകിയ ലോഹം പോലുള്ള സഖൂം വൃക്ഷഫലമാണ് കുറ്റവാളിയുടെ നരകഭോജ്യം. തിളക്കുന്ന വെള്ളം പോലെ വയറുകളില്‍ അതു തിളച്ചുമറിയും. അവനെപ്പിടിച്ച് ജ്വലിക്കുന്ന നരകത്തിലേക്ക് കൊണ്ടുപോവുകയും അവന്റെ ശിരസ്സില്‍ അഗ്‌നിജലം കോരിയൊഴിക്കുകയും ചെയ്യുക! ആസ്വദിക്കുക, നീ വലിയ അജയ്യനും സംപൂജ്യനുമായിരുന്നല്ലോ. നിങ്ങള്‍ സംശയഗ്രസ്തരായിരുന്ന നരകശിക്ഷയാണിത്’ (ദുഖാന്‍ 43 50).
‘തത്സമയം ദൂതര്‍ക്കു അല്ലാഹു ബോധനം നല്‍കി: നിശ്ചയം, ഈ അക്രമികളെ നാം സംഹരിക്കുകയും അവരുടെ പിറകില്‍ ഇന്നാട്ടില്‍ നിങ്ങളെ അധിവസിപ്പിക്കുകയും ചെയ്യുന്നതാകുന്നു. എന്റെ തിരുസന്നിധാനവും താക്കീതും ഭയപ്പെടുന്നവര്‍ക്കാണതു ലഭ്യമാവുക. ആ ദൂതര്‍ വിജയത്തിനായി പ്രാര്‍ഥിക്കുകയും മത്സരമനസ്‌കരായ മുഴുവന്‍ സ്വേച്ഛാധിപതികളും പരാജയപ്പെടുകയുമുണ്ടായി. അവന്റെ വഴിയേ നരകവുമുണ്ട്; രക്തവും ചലവും കലര്‍ന്ന ദ്രാവകമാണവന്ന് കുടിപ്പിക്കപ്പെടുക. അത് കീഴ്‌പോട്ടിറക്കാനവന്‍ സാഹസപ്പെട്ടുനോക്കും; പക്ഷേ, കഴിയില്ല. മരണം എല്ലാ സ്ഥലത്തുനിന്നും അവനുനേരെ വരും, എന്നാല്‍ മരിക്കുകയുമില്ല. അതിനു ശേഷവുമുണ്ട് കഠോരമായ ശിക്ഷ!’ (ഇബ്രാഹീം 15 -17).
ഈ പറഞ്ഞ രൂപത്തില്‍ മനുഷ്യശരീരങ്ങളാണ് ശിക്ഷിക്കപ്പെടുക, ആത്മാക്കളല്ല എന്നത് സ്പഷ്ടം.
ചുരുക്കത്തില്‍, സ്വര്‍ഗത്തിലെയും നരകത്തിലെയും ഓരോ ചെറിയ കാര്യങ്ങളും ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചത് ആത്മാക്കള്‍ക്ക് മാത്രമുള്ള ലോകമാണ് സ്വര്‍ഗവും നരകവുമെന്ന് വാദിക്കുന്നവരെ ഉത്തരം മുട്ടിക്കാന്‍ കൂടിയാണ്. മേല്‍ വിശദീകരിച്ച ഉദാഹരണങ്ങള്‍ക്കു പുറമേ, തര്‍ക്കശാസ്ത്രത്തിലെയും തത്വശാസ്ത്രത്തിലെയും സംവാദ ശൈലികളും പല ഖുര്‍ആന്‍ വചനങ്ങളിലും സ്വീകരിച്ചതു കാണാം. ഖുര്‍ആന്‍ അവതരിക്കുന്ന സമയത്തെ അറബികള്‍ക്ക് അതിലൊന്നും പ്രാവീണ്യം ഉണ്ടായിരുന്നില്ലെന്നത് സുവിദിതമാണ്.
വിവര്‍ത്തനം: സിനാന്‍ ബഷീര്‍
(തുടരും)
You must be logged in to post a comment Login