അത്ഭുതകരമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ സ്രഷ്ടാവിന്റെ സാന്നിധ്യം കാണാത്തവരാരുമുണ്ടാകില്ല. നാസ്തിക പ്രമുഖര്‍ക്ക് പോലും സ്രഷ്ടാവില്ലെന്ന് പറഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ആഴ്ചയില്‍ നാം പറഞ്ഞെത്തി. ലളിതമായ ആലോചന മതി ഇലാഹീ സാന്നിധ്യം കാണാന്‍. മത വിജ്ഞാനീയങ്ങളിലോ മറ്റോ പ്രാഥമിക ധാരണയില്ലാത്ത അറബ് ഗ്രാമീണന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: ‘ഒട്ടകക്കാഷ്ടം ഒട്ടകത്തെയും, മരുഭൂമണലില്‍ പതിഞ്ഞ കാല്‍പാടുകള്‍, ആ വഴി പോയ വ്യക്തിയെയും ഓര്‍മിപ്പിക്കുമെന്നിരിക്കെ, അനേകം നക്ഷത്ര ഗോളങ്ങളടങ്ങിയ ആകാശവും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൂമിയും അറിവും കഴിവും ശേഷിയുമുള്ള ഒരു ശക്തിയുടെ സാന്നിധ്യം അടയാളപ്പെടുത്തില്ലേ? എന്നായിരുന്നു മറുപടി (തഫ്സീര്‍ റാസി 2/91, സാദുല്‍ മസീര്‍ 1/362, തഫ്സീര്‍ സഅലബി 3/32, ജംഉല്‍ ജവാമിഅ് – ഹാഷിയതുല്‍ അത്താര്‍ 2/444, ശര്‍ഹുദ്ദവ്വാനി :27). ഗംഭീര ഉള്ളടക്കമില്ലേ ഈ വാക്കില്‍!
പ്രപഞ്ചത്തിലെ സകല മാറ്റങ്ങള്‍ക്കും പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന സ്വതന്ത്ര ചിന്തകര്‍ ആദ്യ ചലനത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നത് കാണാം. അല്ലെങ്കില്‍ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ വരുമ്പോള്‍ ഗവേഷണം അവസാനിപ്പിക്കുകയോ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുന്നു. ഉദാഹരണമായി എങ്ങനെ മഴയുണ്ടാവുന്നു എന്ന ചോദ്യത്തിന് ഭൂമിയിലെ ജലം നീരാവിയായി അന്തരീക്ഷത്തില്‍ വെച്ച് തണുത്തുറഞ്ഞ് മഴയായി വര്‍ഷിക്കുന്നു എന്ന് മറുപടി പറയും. ഭൂമിയില്‍ എങ്ങനെ ജലം ഉണ്ടായി എന്ന ചോദ്യത്തിന് ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ് ജലം ഉണ്ടായതെന്നു പറയും. പക്ഷേ, ഹൈഡ്രജനും ഓക്സിജനും എങ്ങനെ ഉണ്ടായി? അവ ഒരുമിക്കാന്‍ ഈ സമയം തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? അതിന് മുമ്പോ പിമ്പോ ഈ ശ്രമം സാധിക്കാതെ പോയതെന്തുകൊണ്ടാണ്? എങ്ങനെയാണ് അവ ഒരുമിച്ചു കൂടിയത്? സ്വയം ചേര്‍ന്നത് ആണെങ്കില്‍ എന്തുകൊണ്ട് അന്തരീക്ഷത്തിലെ ബാക്കിയുള്ള ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് ജലമായി മാറുന്നില്ല? എന്നതുള്‍പ്പെടെയുള്ള ഇതിന്റെ പിന്നില്‍ വരുന്ന കുറെയേറെ ചേദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ കുഴഞ്ഞുപോകുന്നു നാസ്തിക പ്രമുഖന്മാര്‍. എല്ലാത്തിനും കാരണങ്ങള്‍ ആവശ്യമില്ലെന്നോ അവയൊക്കെ സ്വയം സംഭവിക്കുന്നതാണെന്നോ പറഞ്ഞ് ഒട്ടും യുക്തിഭദ്രമല്ലാത്ത വാചാടോപങ്ങളില്‍ അഭയം തേടാറാണ് പതിവ്. അപ്പോള്‍ അവര്‍ തലയിലേറ്റിയ ശാസ്ത്രത്തെ വലിച്ചെറിയും. യഥാര്‍ത്ഥ ശാസ്ത്രവാദികളായിരുന്നു നാസ്തികരെങ്കില്‍ ഉത്തരം ലഭിക്കുന്നതുവരെയും ഗവേഷണം തുടരാനുള്ള ശ്രമം നടത്തേണ്ടിയിരുന്നു. അറിയാത്ത കാര്യങ്ങള്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള നിരന്തര പരിശ്രമമാണല്ലോ ശാസ്ത്രം.
റേഡിയേഷന്‍ ആക്ടീവ് സ്വഭാവമുള്ള ആറ്റങ്ങളില്‍ ചിലത് നശിക്കുകയും അതേസമയം മറ്റു ചിലത് ശേഷിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നതുകൊണ്ടാണ് പ്രപഞ്ചത്തിലെ ആദ്യ കാരണത്തിന് മറ്റൊരു കാരണം ആവശ്യമില്ലെന്ന് നിരീശ്വരവാദികളിലെ ചില ശാസ്ത്ര പഠിതാക്കള്‍ അവകാശപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഈ അവസ്ഥയിലും ഒരു കാരണം കണ്ടെത്തിയിട്ടില്ലെന്ന് മാത്രമേ ശാസ്ത്രജ്ഞര്‍ പറയുന്നുള്ളൂ. മറിച്ച് കാരണങ്ങളേതുമില്ലാതെയാണ് പ്രാപഞ്ചിക നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തീര്‍ത്ത് പറയാന്‍ അവരാരും ധൈര്യപ്പെടുന്നില്ല. അതായത് കാരണമില്ലാതെ ഒരു വസ്തു ഉണ്ടാവുമെന്നത് ശാസ്ത്രീയമായോ യുക്തിപരമായോ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.
അതിനാല്‍ പ്രപഞ്ചത്തിലെ ആദ്യ കാരണത്തിനും കാരണം വേണമെന്ന് യുക്തി നിരന്തരം ആവശ്യപ്പെടുമ്പോള്‍ നിരീശ്വരവാദികളില്‍ ചിലര്‍ ഇതിന് പരിഹാരമായി പറയാറുള്ളത് ഊര്‍ജ്ജമാണ് എല്ലാത്തിന്റെയും കാരണമെന്നാണ് (നാസ്തികനായ ദൈവം, സി രവിചന്ദന്‍: 488).
ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ ഭാഗമായതിനാല്‍ അത് എങ്ങനെ ഉണ്ടായി എന്ന ചോദ്യം അവിടെയും അവസാനിക്കുന്നില്ല. അപ്പോള്‍ പിന്നെ പ്രപഞ്ചമല്ലാത്ത ഒരു ശക്തിയാണ് എല്ലാത്തിനും കാരണമെന്ന് പറയേണ്ടിവരും. ഈ ശക്തിയെയാണ് വിശ്വാസികള്‍ സ്രഷ്ടാവെന്ന് വിളിക്കുന്നത്.
പ്രപഞ്ചത്തിലെ ഊര്‍ജ്ജമാണ് എല്ലാത്തിനും കാരണമെന്ന് വിശ്വസിക്കുന്ന നാസ്തികനും സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ പ്രാപഞ്ചിക വസ്തുക്കളെ ദൈവമായി വിശ്വസിക്കുന്നവരും തമ്മില്‍ ഏറെ വ്യത്യാസങ്ങളൊന്നുമില്ല. ശാസ്ത്രം ഒട്ടും വികസിച്ചിട്ടില്ലാത്ത കാലത്താണ് മനുഷ്യന്‍ അത്ഭുതമായി കണക്കാക്കിയ സൂര്യചന്ദ്രന്മാരെ ആരാധിക്കാന്‍ തുടങ്ങിയത്. ഈ പുരാതനകാല വിശ്വാസങ്ങളിലേക്കാണ് നാസ്തികത ‘ആധുനിക സ്വതന്ത്ര മനുഷ്യനെ’ നയിക്കുന്നത്. ഇത് എത്രമേല്‍ പിന്തിരിപ്പനാണ്. അപൂര്‍ണമായ ഇത്തരം വസ്തുക്കളെ ആരാധിക്കുന്നതിലെ ബുദ്ധി ശൂന്യതയെയാണ് ആദ്യകാല പ്രവാചകന്മാര്‍ തുറന്നുകാട്ടിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ‘ചലിക്കുന്ന സൂര്യനെയും ചന്ദ്രനെയും മറ്റു നക്ഷത്രങ്ങളെയും നോക്കി ഇബ്റാഹിം നബി(അ) തന്റെ സമൂഹത്തോട് ചോദിച്ചു: ‘ഇതാണോ നിങ്ങള്‍ പറയുന്ന ദൈവം?’ അവസ്ഥാ വ്യതിയാനം പ്രാപിക്കുന്ന വസ്തുക്കളെ ദൈവമായി അംഗീകരിക്കാനാവില്ല എന്നായിരുന്നു നബിയുടെ യുക്തി. ഇത്തരം അന്ധവിശ്വാസങ്ങളെ നിരാകരിച്ചുകൊണ്ടാണ് റസൂലും(സ്വ) സംവാദത്തിലേര്‍പ്പെട്ടത്. ‘സൂര്യചന്ദ്രാദികളെ നിങ്ങള്‍ ആരാധിക്കേണ്ടതില്ല. അവകളെ മുഴുവന്‍ സൃഷ്ടികര്‍മം നടത്തിയ സ്രഷ്ടാവിനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത്'(സൂറ:ഫുസ്സിലത്ത്: 37).
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ക്ക് പ്രാപഞ്ചിക നിയമങ്ങളും ശാസ്ത്രീയ കാരണങ്ങളും മാത്രം മതിയെന്ന് സമര്‍ഥിക്കാന്‍ നാസ്തികരില്‍ മറ്റൊരു വിഭാഗം ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ഉദാഹരിക്കാറുള്ളത്.
മണിക്കൂറില്‍ ധാരാളം വിമാനങ്ങള്‍ പറന്നിറങ്ങുകയും, ഉയരുകയും ചെയ്യുന്ന ഓരോ വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നതിന് ഒരു മനുഷ്യന്റെയും ആവശ്യമില്ല. വിമാനത്തിന് ദിശ നിര്‍ണയിക്കുന്നതും സമയം കണക്കാക്കുന്നതും സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെയാണ്. ഇങ്ങനെ സങ്കീര്‍ണമായ ചില പ്രോഗ്രാമിംഗ് സംവിധാനങ്ങളിലൂടെ പ്രപഞ്ചവും സ്വമേധയാ ചലിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ ദൈവ സാന്നിധ്യത്തിന്റെ അനിവാര്യതയെ ഇല്ലാതാക്കലാണ് ലക്ഷ്യം. പക്ഷേ ഇതും പാളും. എങ്കില്‍ പ്രോഗ്രാമിംഗ് ചെയ്തുവെച്ച ഒരാള്‍ ഇല്ലേ?
ഇത്രമേല്‍ സമര്‍ഥമായി കാര്യങ്ങള്‍ ചെയ്ത മനുഷ്യനെ സൗകര്യപൂര്‍വം മറക്കുന്നതിലെ കൗശലം കാണാതിരിക്കാനാവില്ല.
എല്ലാത്തിനുമൊടുവില്‍ മറ്റൊരു കാരണത്തിനും വിധേയപ്പെടാത്ത ഒരു ആദ്യകാരണത്തെ യുക്തി കണ്ടെത്തുന്നു. പക്ഷേ യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് ആ യുക്തിക്ക് മുന്നില്‍ മുട്ടിടിക്കുന്നു!
ഈ കാരണവും ശാസ്ത്രത്തിലൂടെ തെളിയിച്ചാലേ അംഗീകരിക്കൂ എന്ന ബാലിശമായ വാദം ഉന്നയിച്ചു പൊയ്ക്കാലില്‍ ഊന്നാന്‍ ശ്രമിക്കുന്നു. ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണിതൊക്കെ. കാരണം ഭൗതിക പ്രപഞ്ചത്തിലെ വസ്തുതകളെ കുറിച്ചുള്ള അന്വേഷണം മാത്രമാണ് ശാസ്ത്രപരിധിയില്‍ പെടുന്നത്. ആദ്യകാരണം പ്രപഞ്ചത്തിന് പുറത്തുള്ളതാവണം. ഇത് നാം നേരത്തെ തന്നെ തെളിയിച്ചത് ഓര്‍ക്കുമല്ലോ. അതിനാല്‍ ദൈവത്തെ ശാസ്ത്രരീതിയില്‍ തെളിയിക്കണം എന്നത് ശരിയല്ല. ശാസ്ത്രരീതിയില്‍ തെളിയിക്കാന്‍ കഴിയാത്ത അനേകം കാര്യങ്ങള്‍ പൊതു ബുദ്ധിയില്‍ സ്ഥിരപ്പെട്ട, പൊതു തത്വങ്ങളുടെ അടിസ്ഥാനത്തില്‍ നാം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നില്ലേ?
ദൈവത്തില്‍ വിശ്വസിക്കാന്‍ മാത്രം പരീക്ഷണ, നിരീക്ഷണങ്ങള്‍ കൂടിയെ തീരൂവെന്നത് ദുഃശാഠ്യമാണ്. അതിന്റെ നിസ്സഹായത നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.
ഉദാഹരണം പറയാം : ഊഷ്മളമായ കുടുംബ ബന്ധത്തിലെ പാരസ്പര്യ സ്നേഹത്തിലെ ഏറ്റവ്യത്യാസത്തെ ശാസ്ത്രരീതിയില്‍ തെളിയിക്കാനൊക്കുമോ?
സമൂഹമങ്ങനെ വിശ്വസിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്നതും അതിനെയാരും അന്ധവിശ്വാസമായി കണക്കാക്കുന്നില്ലയെന്നതും വസ്തുതയാണ്.
ദിവസങ്ങളുടെ ചാക്രികതയും നിശ്ചിതമായ മാറ്റങ്ങളും തുടര്‍ച്ചയും (ശനിക്ക് ശേഷം ഞായര്‍, പിന്നെ തിങ്കള്‍ എന്ന ക്രമം) സംഖ്യകളിലെ ഒറ്റയിരട്ടകളെ വകതിരിച്ചതും മറ്റും ഇതിന്റെ തുടര്‍ച്ചയാണ്. അംഗീകൃത തത്വങ്ങളുടെ ബലത്തില്‍ ബുദ്ധിപരമായി തീര്‍പ്പിലെത്തിയ യാഥാര്‍ത്ഥ്യങ്ങളാണിതെല്ലാം.
ഇത് ശാസ്ത്രരീതിയില്‍ തെളിയിക്കണമെന്ന വാദത്തിലെ അനൗചിത്യം മനോനിലയുടെ അപകട ലക്ഷണമായി കാണണം.
അറിവിന്റെ മാര്‍ഗം ശാസ്ത്രം മാത്രമല്ലെന്ന് നാസ്തികരിലെ പുതുതലമുറയും അംഗീകരിച്ചു വരുന്നുണ്ട്.
‘നാസ്തികനായ ദൈവ’ ത്തില്‍ രവിചന്ദ്രന്‍ പറയുന്നു: ‘പ്രപഞ്ചം പലതുണ്ടാവാം. പക്ഷേ, പ്രപഞ്ച ഹേതുവായ ദ്രവ്യം അനാദിയാവുന്നു'(പേ : 489).
അതേ പുസ്തകത്തിലെ മറ്റൊരു ഭാഗം നോക്കൂ: ‘അലകളിലെ ദ്രവ്യത്തിന്റെ രൂപഭാവങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെങ്കിലും അത് ദ്രവ്യമാണെന്നതിലും, യാഥാര്‍ത്ഥ്യമാണെന്നതിലും തര്‍ക്കമില്ല. എന്നാലത് നമുക്ക് നേരിട്ട് മനസിലാക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്'(പുറം :420).
പ്രപഞ്ച ഹേതുവായ ദ്രവ്യം അനാദിയാണെന്നും, അത് നമുക്ക് അറിയുന്നതിനുമപ്പുറമാണെന്നും, അതില്‍ നേരിട്ട് മനസിലാക്കാന്‍ കഴിയാത്തതുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ, ഇതേ കാര്യം ദൈവ സംബന്ധിയാകുമ്പോള്‍ ശാസ്ത്രരീതിയില്‍ തെളിയിക്കാനുള്ള ശാഠ്യവും, ഈ സമീപനത്തിലെ വൈരുധ്യവും എത്രമേല്‍ പ്രകടമാണ്.
അല്ലെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയ ആളുകള്‍ പറഞ്ഞുതരുന്ന സത്യങ്ങളെ ഒരാള്‍ക്ക് എങ്ങനെയാണ് നിഷേധിക്കാനാവുക. ശാസ്ത്രമാത്രവാദികള്‍ പോലും എല്ലാ കാര്യങ്ങളിലുമുള്ള വസ്തുതകള്‍ ശാസ്ത്ര രീതിയില്‍ തെളിയിക്കപ്പെട്ടതിനുശേഷമാണോ അംഗീകരിക്കുന്നത്? പല ശാസ്ത്രജ്ഞര്‍ക്കും ബോധ്യപ്പെട്ടത് നമ്മളും അംഗീകരിക്കുന്നു എന്ന് മാത്രം. ക്വാണ്ടം ഫിസിക്സ് പോലെ ശാസ്ത്രജ്ഞരില്‍ തന്നെ പലര്‍ക്കും മനസിലാക്കാനാവാത്ത തിയറികളും ശാസ്ത്രസത്യങ്ങളായി അംഗീകരിക്കപ്പെടുന്നു എന്നതാണ് വാസ്തവം.
ഇതുപോലെ ദൈവത്തെ അറിഞ്ഞവര്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് ബുദ്ധിയും ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ദൈവത്തെ അറിഞ്ഞ പരശ്ശതം പ്രവാചകന്മാര്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നവരുടെ വിശ്വാസം യുക്തിഭദ്രമാണെന്ന് പറയുന്നത്. അല്ലാതെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായി നാസ്തികര്‍ പ്രപഞ്ചത്തെയോ ശാസ്ത്രത്തെയോ ഊര്‍ജ്ജത്തെയോ അവലംബമാക്കിയ പോലെ മുസ്ലിം വിശ്വാസികളും ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ദൈവത്തെ (gods of gap) പ്രതിഷ്ഠിച്ചതല്ല.
സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് ഇനിയും സംശയങ്ങള്‍ ബാക്കിയായേക്കാം. പ്രവാചകന്മാര്‍ ദൈവത്തെ അറിഞ്ഞു എന്നതിന് എന്താണ് തെളിവ്? അവര്‍ സത്യം മാത്രമേ സംസാരിക്കൂ എന്ന് പറയുന്നതിന്റെ മാനദണ്ഡം എന്താണ്?
അത്തരം ചര്‍ച്ചകളും അന്വേഷണങ്ങളും പുരോഗതി പ്രാപിക്കുമ്പോള്‍ ഇസ്ലാമിന്റെ സമ്പൂര്‍ണതയും രിസാലത്, നുബുവ്വത്, മുഅ്ജിസത് തുടങ്ങിയതിന്റെ സൗന്ദര്യവും വ്യക്തമാവും.
മുഹ് യുദ്ദീന്‍ സഅദി അല്‍കാമില്‍ കൊട്ടുക്കര
You must be logged in to post a comment Login