‘മരം ഒരു വരം.’ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. കേരളം ഏറ്റവും കൂടുതല്‍കേട്ട സര്‍ക്കാര്‍ വിലാസം മുദ്രാവാക്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്തേതാണ് കക്ഷി. എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് നാടൊട്ടാകെയുള്ള പള്ളിക്കൂടങ്ങളില്‍ നിന്ന് ഈ മുദ്രാവാക്യം പ്രകമ്പനമായി ഉയരും. സംഗതി പരിസ്ഥിതി സംരക്ഷണമാണ്. മരം നടാന്‍ മാത്രം ഒരു വകുപ്പുമുണ്ട് കേരളത്തില്‍. സോഷ്യല്‍ ഫോറസ്ട്രി. മോശമല്ലാത്ത ബജറ്റ് വിഹിതവുമുണ്ട്. മരം നടാന്‍ ആഗ്രഹമുള്ളവര്‍ക്ക് തൈകള്‍ നല്‍കുക, മരം നടല്‍ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയാണ് ആ വിഭാഗം ഇപ്പോള്‍ ചെയ്യുന്ന പണി. തൈ നനക്കാന്‍ മാത്രം ലക്ഷങ്ങള്‍ പൊടിക്കും പ്രതിമാസം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം കോടികളാണ് മരം നടാന്‍ കേരളം ചെലവിട്ടത് ( നൂറ് കോടിക്കടുത്ത്). നട്ട മരവും വരും കോടിക്കണക്കില്‍. അതുകൊണ്ടാണ് നമ്മള്‍ മരം ഒരു വരം എന്ന് ആവര്‍ത്തിക്കുന്നത്.
എല്ലാം ശ്ലോകത്തില്‍ കഴിക്കാന്‍ മഹാവിരുതുണ്ട് മലയാളിക്ക്. ശ്ലോകത്തില്‍ കഴിക്കുക എന്നത് പ്രചുരപ്രചാരമുള്ള ഒരു ശൈലിയാണ്. ചുരുക്കുക എന്നാണ് അതിന്റെ പ്രയോഗാര്‍ഥം. അറംപറ്റുക എന്ന മറ്റൊരു ശൈലിയുമുണ്ട് നമ്മുടെ മലയാളത്തില്‍. ആലങ്കാരികമോ ഭാവനാപരമോ ആയി പറയുന്ന കാര്യങ്ങള്‍ സത്യമായി തീരുക, അതും ദുരന്തപൂര്‍ണമായ സത്യമായി തീരുക എന്നാണ് അര്‍ഥം. അത്തരത്തില്‍ അറംപറ്റിയ ഒരു ശൈലി കൂടിയാണ് ശ്ലോകത്തില്‍ കഴിക്കുക എന്നത്. ശ്ലോകം ഒരു കാവ്യരൂപമാണല്ലോ? കവിതയായാല്‍ കഴിഞ്ഞു എന്നുമുണ്ട് മലയാളിക്ക്. മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ടുമൂന്ന് കവികളുടെ പാരിസ്ഥിതിക ജാഗ്രത മരക്കവിതകളായി നമ്മുടെ മുന്നിലുണ്ട്. അതോടെ പരിസ്ഥിതി എന്നാല്‍ മരം എന്ന് നാം ചുരുക്കി എഴുതിത്തുടങ്ങി. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു എന്ന് നാം കൊഞ്ചിപ്പാടാന്‍ തുടങ്ങി. നീലകണ്ഠസ്വാമിയെപ്പോല്‍ വിഷം താനേ ഭുജിച്ചിട്ട് പ്രാണവായു തരുന്നോനേ ഇതാ തൊഴുന്നേന്‍ എന്നുമുണ്ട് കവിത. അതും നമ്മുടെ സര്‍ക്കാര്‍ വിലാസം പരിസ്ഥിതി യജ്ഞങ്ങളുടെ മുഖകവിതകളില്‍ ഒന്നാണ്. അങ്ങനെ പരിസ്ഥിതി എന്നാല്‍ മരമെന്നും മരം നടുകയെന്നാല്‍ പരിസ്ഥിതി സംരക്ഷണമെന്നും നാം ധരിച്ച് വശാവുകയും നമ്മുടെ കുഞ്ഞുങ്ങളെ അങ്ങനെ പഠിപ്പിക്കുകയും ചെയ്തു. പതിറ്റാണ്ടായി ജൂണ്‍ അഞ്ചിന് ഈ കുഞ്ഞുങ്ങള്‍ കിട്ടുന്ന തൈ എടുത്ത് മുറ്റത്തും വഴിയരികിലും കുഴികള്‍ കുത്തി നടാന്‍ തുടങ്ങി. മരം ഒരു വരം എന്ന് മന്ത്രം പോലെ ചൊല്ലുകയും ചെയ്തു. പരിസ്ഥിതി ദിനം എന്നാല്‍ മറ്റേത് ആഘോഷവും പോലെ ഒന്നായി മാറി. കവികളെല്ലാം മരങ്ങളെക്കുറിച്ച് വാതോരാതെ പാടിയെന്ന് പറഞ്ഞല്ലോ? ക്ലാസ് മുറികളില്‍ അതെല്ലാം പഠിച്ച കുഞ്ഞുങ്ങള്‍ക്ക് പരിസ്ഥിതി യെന്നാല്‍ മരവും പരിസ്ഥിതി സംരക്ഷണമെന്നാല്‍ മരം നടലുമായി മാറിയതില്‍ അത്ഭുതമില്ല. കുഞ്ഞുമനസ്സില്‍ കള്ളമില്ല എന്നല്ലേ? പക്ഷേ ഞാന്‍ നട്ട മരങ്ങള്‍ എവിടെ എന്ന, ഞാനെന്തിന് ആ മരം അവിടെ നട്ടു എന്ന, ഞാനെന്തിന് മരം നടണം എന്ന, നമ്മള്‍ നടുന്ന മരക്കൂട്ടങ്ങളാണോ കാട് എന്ന, സാമൂഹിക വനവത്കരണം എന്ന ആശയത്തിന് വഴിനീളെ മരം നടുക എന്നാണോ അര്‍ഥം എന്ന, മരവും കാടുമാണോ പരിസ്ഥിതി എന്ന ഏറ്റവും മൗലികമായ ചോദ്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ അങ്കുരിക്കാതിരിക്കാനുള്ള ഏറ്റവും വലിയ ബോംബിങ്ങായി മാറിത്തീര്‍ന്നു നമ്മുടെ സര്‍ക്കാര്‍ വിലാസം പരിസ്ഥിതി യജ്ഞങ്ങള്‍. മാത്രമല്ല, കോടികള്‍ പൊടിക്കാനും കീശയിലാക്കാനുമുള്ള പരിപാടിയായി പെട്ടെന്ന് മാറുകയും ചെയ്തു. ഒരു വിധ സോഷ്യല്‍ ഓഡിറ്റിംഗുമില്ലാത്ത, ആരും ഒരു ചോദ്യവും ചോദിക്കാത്ത ഒന്നായിത്തീര്‍ന്നു സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടേയും പരിസ്ഥിതി യജ്ഞങ്ങള്‍.
1974-ല്‍ വേള്‍ഡ് എന്‍വയണ്‍മെന്റല്‍ ഡേ എന്ന ആശയം മുളപൊട്ടിയതിന്റെ ചരിത്രം നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നില്ലെങ്കിലും നമ്മള്‍ പഠിക്കണം. വനനശീകരണം ആ മുളപൊട്ടലിന്റെ ഏറ്റവും ചെറിയ കാരണമായിരുന്നു. മരങ്ങള്‍ നട്ട മനുഷ്യന്‍ പോലുള്ള ബാലസാഹിത്യങ്ങളോ, ഡാഫോഡില്‍ പൂക്കളുടെ വശ്യമായ നൃത്തത്തില്‍ നിന്ന് ലോകമാകെ പൊട്ടിപ്പുറപ്പെട്ട കാല്‍പനികതയോ ഒന്നുമായിരുന്നില്ല ആഗോളതലത്തില്‍ പരിസ്ഥിതി ദിനം എന്ന ആശയത്തിന്റെ പിറവിഹേതു. മറിച്ച്, ലോകം അപകടത്തിലാണെന്നും ആ അപകടം പാതിയും മനുഷ്യനിര്‍മിതമാണെന്നുമുള്ള തിരിച്ചറിവായിരുന്നു. പരിസ്ഥിതിയെന്നാല്‍ പാടിപ്പുകഴ്ത്താനും പാട്ടുകഴിഞ്ഞാല്‍ കീഴടക്കാനുമുള്ള ഒന്നായിരുന്നു ആധുനിക മുതലാളിത്തത്തിന്. പരിസ്ഥിതിയെന്നാല്‍ വിഭവങ്ങള്‍ കൂടിയാണ്. തുല്യവും നീതിപൂര്‍വകവുമായ വിതരണം എന്ന അതിമഹത്തായ പ്രയോഗത്തിന്റെ അഭാവത്തില്‍ പരിസ്ഥിതിക്ക്, ചെറിയ അര്‍ഥത്തില്‍ പ്രകൃതിക്കു മേലുള്ള സര്‍വ ഇടപെടലുകളും കൊള്ളയാവുമല്ലോ? ഒരു മരം അഞ്ച് പഴങ്ങള്‍ സൃഷ്ടിക്കും എന്നിരിക്കട്ടെ. അഞ്ചുപേരാണ് അതിന്റെ ഉപയോക്താക്കള്‍ എന്നുമിരിക്കട്ടെ. കരുത്തനായ ഒരാള്‍ മൂന്ന് പഴങ്ങള്‍ എടുത്ത് ബാക്കി രണ്ട് പഴങ്ങള്‍ അയാളെക്കാള്‍ ദുര്‍ബലരായ നാലുപേര്‍ക്കായി വിതരണം ചെയ്യുന്നു എന്നുമിരിക്കട്ടെ. അവിടെ വിഭവങ്ങളുടെ നീതിപൂര്‍ണമായ വിതരണം നടക്കുന്നില്ല എന്നുമാത്രമല്ല, വിഭവത്തിന്റെ കൊള്ള സംഭവിക്കുകയും ചെയ്യും. മനുഷ്യരാശിയുടെ ആധുനിക ചരിത്രം മുഴുവന്‍ ഈ കൊള്ളയുടെ ചരിത്രമാണ്. വിഭവ വിതരണത്തിനു മേല്‍ നടക്കുന്ന ഈ കൊള്ള മനുഷ്യരാശിയോടുള്ള അനീതി എന്നതുപോലെ പരിസ്ഥിതിയോടുള്ള കയ്യേറ്റവുമാണ്. ഇപ്പറഞ്ഞ ബാലസാഹിത്യത്തെ നിങ്ങള്‍ ഒരു വിശാലമായ കാന്‍വാസിലേക്ക് മാറ്റിയെഴുതിയാല്‍ പരിസ്ഥിതി, മനുഷ്യന്‍ എന്നിങ്ങനെ രണ്ടു ദ്വന്ദങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നും ഒന്ന് മറ്റൊന്നിനാല്‍ എങ്ങനെ കീഴടക്കപ്പെട്ടു എന്നും കാണാം. കീഴടക്കലിന്റെ നൂറ്റാണ്ട് നീണ്ട യാത്ര വിഭവങ്ങളെ ശോഷിപ്പിക്കാന്‍ തുടങ്ങി. നമ്മള്‍ ആദ്യം കണ്ട ലളിത കഥയിലെ മരത്തില്‍ ഫലങ്ങള്‍ കുറഞ്ഞു. ഫലങ്ങള്‍ കുറഞ്ഞപ്പോള്‍ കരുത്തന് പ്രതിസന്ധി ഉണ്ടായി. രണ്ടു പഴങ്ങള്‍ പങ്കിട്ട നാലുപേരോടുള്ള ഉത്കണ്ഠ ആയിരുന്നില്ല ആ പ്രതിസന്ധിക്ക് നിദാനം. മറിച്ച് തനിക്ക് മൂന്നെണ്ണം എടുക്കാന്‍ വഴിയില്ലല്ലോ എന്ന ആര്‍ത്തി. ഇനിയും വിശദീകരിക്കുന്നത് നമ്മുടെ തന്നെ യുക്തിയെ ചുരുക്കിക്കെട്ടുന്നതാകും. നോക്കൂ, ലോക പരിസ്ഥിതി ദിനത്തിന്റെ പ്രായോജകര്‍, അഥവാ ലോക പരിസ്ഥിതി ദിനത്തിന്റെ സംഘാടകര്‍ ആരാണ്? ആധുനിക ലോകമുതലാളിത്തം അല്ലാതെ മറ്റാര്? പഴങ്ങള്‍ തീര്‍ന്നുപോകാന്‍ തുടങ്ങുന്ന മരത്തിന്റെ ശാഖകളില്‍ നോക്കി അവനിട്ട നെടുവീര്‍പ്പിന്റെ ഫലമാണ് ആഗോള പരിസ്ഥിതി ദിനം. അത് നമ്മുടെ സ്‌കൂള്‍ കുഞ്ഞുങ്ങളെ നാം പഠിപ്പിച്ച് വഞ്ചിക്കുന്നതുപോലെ, മരം നടുന്ന ദിവസമല്ല. വിഭവ വിതരണത്തിന്റെ അനീതികളെക്കുറിച്ചും മനുഷ്യന്‍, പ്രകൃതി എന്നിങ്ങനെ രണ്ട് ദ്വന്ദങ്ങളെ സൃഷ്ടിച്ചതിന്റെ വിനാശത്തെക്കുറിച്ചും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട ദിവസമാണ്. സാമൂഹിക വനവല്‍കരണ വകുപ്പ് ഇനിയും മുടക്കുന്ന കോടികള്‍ക്ക് അതിലൊന്നും ചെയ്യാനില്ല.
ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം പരിസ്ഥിതി പുനസ്ഥാപനമായിരുന്നു എന്നും ഇത്തവണത്തെ ആതിഥേയ രാഷ്ട്രം പാകിസ്ഥാനായിരുന്നു എന്നുമുള്ള പൊതുവിജ്ഞാനം നമുക്കുണ്ട്. പരിസ്ഥിതി പുനസ്ഥാപനം വലിയ വാക്കാണ്. ദയവായി അതിനെ ശ്ലോകത്തില്‍ കഴിക്കരുത്. അത് തിരികെ വരുന്ന ഡാഫോഡില്‍ പൂക്കളോ, നിങ്ങള്‍ മൃഷ്ടാന്നശേഷം നടത്തുന്ന പകല്‍ നടത്തത്തില്‍ നിങ്ങളെ ആനന്ദിപ്പിക്കുന്ന പുഷ്പനൃത്തമോ അല്ല. അത് വംശനാശത്തിലേക്ക് നമ്മള്‍ തള്ളിവിട്ട അനേകം ജീവിവര്‍ഗത്തിന്റെ പുനസ്ഥാപനമോ മ്യൂസിയം സംരക്ഷണമോ അല്ല. അതൊരു വിവേകത്തിലേക്കുള്ള ഉണര്‍ച്ചയാണ്. പരിസ്ഥിതിയും മനുഷ്യനും ഒന്ന് മറ്റൊന്നിനെ കീഴടക്കാനുള്ള ദ്വന്ദമല്ല എന്നും ഒന്നാണ് എന്നുമുള്ള അറിവാണ്. ഫ്രെഡറിക് എംഗല്‍സ് ഗംഭീരമായി നിര്‍വചിച്ചതുപോലെ അതൊരു വൈരുധ്യാത്മക ബന്ധം കൂടിയാണ്. ഒന്നായിരിക്കുക, ഒന്നായിരിക്കുമ്പോഴും പരസ്പരം പൂരിപ്പിക്കുക എന്ന വൈരുധ്യാത്മകത. സമുദ്രം പോലെ അനുദിനം തകരുന്ന വലിയ ആവാസവ്യവസ്ഥയെക്കുറിച്ച് കുട്ടികളോട് പറയാതിരിക്കുയും മരത്തൈകളുമായി അവരെ വെയിലത്തേക്ക് വിടുകയും ചെയ്യുന്ന പൊറാട്ടുകളുടെ ഉല്‍സവമല്ല പരിസ്ഥിതി ദിനം എന്നര്‍ഥം. അതിനര്‍ഥം മരം നടരുത് എന്നല്ല. മരമല്ല കാട് എന്നും മരം നടുക എന്നാല്‍ നന്നേ ചെറിയ ഒരു തണല്‍ സൃഷ്ടിക്കല്‍ യജ്ഞം മാത്രമാണെന്നും ഉള്ള യാഥാര്‍ത്ഥ്യം നാം മനസിലാക്കണം എന്നാണ്. ഉള്ള കാട്ടിലെ വലിയ വൃക്ഷങ്ങള്‍ വെട്ടിക്കടത്താന്‍ ഉത്തരവുകളുടെ പൂമാലകള്‍ സൃഷ്ടിക്കുകയും (മുട്ടില്‍ വനം കൊള്ള സമീപകാലത്തെ ചെറിയ മീന്‍) പാതയോരങ്ങളില്‍ തൈകള്‍ നടുകയും ചെയ്യുന്നത് പാരിസ്ഥിതിക അവബോധത്തിന്റെ വിരുദ്ധ ധ്രുവത്തിലുള്ള പണിയാണെന്നാണ്.
എന്തായിരിക്കാം കുഞ്ഞുങ്ങളും അവരുടെ ടീച്ചര്‍മാരും പണ്ട് കുഞ്ഞുങ്ങളായിരുന്ന നമ്മള്‍ മുതിര്‍ന്നവരും പരിസ്ഥിതി ദിനമെന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി മരത്തൈകളുമായി ഓടുന്നത്? ശാസ്ത്രാധ്യപകനായ വൈശാഖന്‍ തമ്പി അത് ഭംഗിയായി പറഞ്ഞു. വൈശാഖന്‍ തമ്പിയെ വായിക്കാം: ”മരത്തില്‍ കെട്ടിയ പശുവിനെപ്പോലെയാണ് നമ്മുടെ പരിസ്ഥിതിദിനം. പരിസ്ഥിതി എന്താണ്, അതിന്റെ സമഗ്രമായ മാനങ്ങള്‍ എന്തൊക്കെയാണ്, അതിനെ എന്തിന് സംരക്ഷിക്കണം, അതിനെ എങ്ങനെയൊക്കെ സംരക്ഷിക്കാം, പരിസ്ഥിതിനാശം എങ്ങനെയൊക്കെ സംഭവിക്കാം, കാലാവസ്ഥയില്‍ എന്ത് മാറ്റമാണ് വരുന്നത്, കാലാവസ്ഥ മാറിയാല്‍ എന്ത് സംഭവിക്കാം എന്നിങ്ങനെ അസംഖ്യം ചോദ്യങ്ങളുടെയെല്ലാം കൂടി ഉത്തരം മരം എന്ന ഒറ്റ സാധനത്തിന് ചുറ്റും ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കും.
മരങ്ങള്‍ എന്തിന് സംരക്ഷിക്കപ്പടണം എന്ന ചോദ്യത്തിന് സ്‌കൂള്‍ ക്ലാസ്സ് മുതലേ റെഡി മെയ്ഡായിട്ടുള്ള ഉത്തരമുണ്ട്, ഓക്‌സിജന്‍! വൈറസ് ബാധിച്ച് ശ്വാസകോശത്തിന് ഫലപ്രദമായി ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് പോലും മരവും ചുമന്നുകൊണ്ടുവരുന്ന കാഴ്ച ഈ വിഷയത്തിലുള്ള നമ്മുടെ പൊതുധാരണയുടെ ഒരു നേര്‍ചിത്രമാണ്. കഷ്ടിച്ച് നൂറ് മീറ്റര്‍ പോലും ഉയരമില്ലാത്ത മരങ്ങള്‍ മേഘങ്ങളെ ‘തടഞ്ഞുനിര്‍ത്തി’ മഴപെയ്യിക്കും എന്ന് സ്‌കൂളില്‍ പഠിച്ചത് ഇന്നും ഓര്‍മ്മയുണ്ട്. അക്കൂട്ടത്തില്‍ തന്നെയാണ് മരങ്ങളുടെ ഈ പ്രാണവായുവിതരണത്തെ കുറിച്ചും പഠിച്ചത്. കുറച്ചുകൂടി കഴിഞ്ഞപ്പോഴാണ് അതിലെ പ്രശ്‌നം പിടികിട്ടിയത്.
സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത്, ഓക്‌സിജന്‍ പുറത്തുവിടുന്നു എന്നിടത്താണ് ഇതിന്റെ പിടിവള്ളി കിടക്കുന്നത്. സംഗതി 100% സത്യമാണ് താനും. പക്ഷേ ഒരു പ്രശ്‌നമുണ്ട്. വേറൊന്നുമല്ല, പ്രകാശസംശ്ലേഷണത്തിന്റെ കെമിസ്ട്രി! കാര്‍ബണ്‍ ഡയോക്‌സൈഡും ജലവും ചേര്‍ത്ത് സസ്യങ്ങള്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടാക്കുന്നതിന്റെ രാസസമവാക്യം താഴെ കൊടുക്കുന്നതുപോലെയാണ്. 6 CO2 + 6 H2O + C6H12O6 + 6 O2
അതായത്, ആറ് തന്മാത്ര ജലവും ആറ് തന്മാത്ര കാര്‍ബണ്‍ ഡയോക്‌സൈഡും ചേര്‍ന്ന് ഒരു തന്മാത്ര കാര്‍ബോഹൈഡ്രേറ്റും ആറ് തന്മാത്ര ഓക്‌സിജനും ഉണ്ടാകുന്നു. അകത്തേയ്ക്ക് പോകുന്ന CO2 തന്മാത്രകളുടെ എണ്ണവും പുറത്തേയ്ക്ക് വരുന്ന O2 തന്മാത്രകളുടെ എണ്ണവും തുല്യമാണ്. അഥവാ എത്ര തന്മാത്ര ഓക്‌സിജന്‍ പുറത്തുവരുന്നോ അത്ര തന്നെ കാര്‍ബണ്‍ ഡയോക്‌സൈഡ് തന്മാത്രകളെയേ അകത്തേയ്ക്കും എടുക്കുന്നുള്ളൂ. പക്ഷേ മരങ്ങളിങ്ങനെ കാലാകാലങ്ങളായി ഈ പരിപാടി ചെയ്തിട്ടും, അന്തരീക്ഷവായുവില്‍ ഓക്‌സിജന്റെ ഓഹരി 21 ശതമാനവും, കാര്‍ബണ്‍ ഡയോക്‌സൈഡിന്റേത് വെറും 0.04 ശതമാനം മാത്രവുമാണ്. അതെന്താണ് അങ്ങനെ? 0.04% മാത്രമുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് 21% വരുന്ന ഓക്‌സിജന്‍ ഉണ്ടാക്കുന്നതെങ്ങനെ?
പ്രകാശസംശ്ലേഷണം എന്നത് ചെടികള്‍ അവയ്ക്കാവശ്യമായ ആഹാരം നിര്‍മിക്കുന്ന പ്രക്രിയയാണ് എന്നോര്‍ക്കണം. പക്ഷേ ആഹാരം ഉണ്ടാക്കിയാല്‍ പോരല്ലോ, അത് കഴിച്ച് ദഹിക്കുമ്പോഴാണല്ലോ അതിന്റെ ഉദ്ദേശ്യം നിര്‍വഹിക്കപ്പെടുന്നത്. ചെടികള്‍ക്കും ഇത് ബാധകമാണ്. ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം ലഭിക്കാന്‍ അവയ്ക്ക് കോശശ്വസനം (cellular respiration) എന്നൊരു പ്രക്രിയ വഴി കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കുക എന്നൊരു ജോലി കൂടിയുണ്ട്. ഈ രാസപ്രവര്‍ത്തനം ഓക്‌സിജനെ അകത്തേയ്‌ക്കെടുത്ത് കാര്‍ബണ്‍ ഡയോക്‌സൈഡിനെ പുറത്തേയ്ക്ക് വിടുന്നു. ഓക്‌സിജനെ അകത്തേയ്‌ക്കെടുക്കും എന്നാണ് പറഞ്ഞത്. പ്രകാശസംശ്ലേഷണം പകല്‍ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലേ നടക്കൂ. കോശശ്വസനം നടക്കുന്നത് രാത്രിയിലാണ്. പകല്‍ പുറത്തുവിടുന്ന ഓക്‌സിജന്റെ ഏതാണ്ട് പകുതിയിലധികവും കാടുകള്‍ രാത്രി കോശശ്വസനത്തിനായി വലിച്ചെടുക്കും.
അതായത്, നമുക്ക് ശ്വസിക്കാന്‍ വേണ്ടി ഇങ്ങനെ ഓക്‌സിജന്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് മരങ്ങളല്ല! മരങ്ങള്‍ക്ക് അതില്‍ താരതമ്യേന വളരെ ചെറിയ പങ്കേ നിര്‍വഹിക്കാനുള്ളൂ. കോശശ്വസനത്തിന് പുറമേ, കാടുകളില്‍ മരങ്ങളില്‍ നിന്ന് കൊഴിഞ്ഞുവീഴുന്ന ഇലകളും ചില്ലകളുമൊക്കെ ജീര്‍ണിപ്പിക്കുന്ന സൂക്ഷ്മജീവികള്‍ വലിച്ചെടുക്കുന്ന ഓക്‌സിജന്‍ കൂടി പരിഗണിച്ചാല്‍ കാടുകള്‍ മൊത്തത്തില്‍ അന്തരീക്ഷത്തിലേയ്ക്ക് കൂട്ടിചേര്‍ക്കുന്ന ഓക്‌സിജന്റെ അളവ് വളരെ തുച്ഛമാണ്.
അപ്പോള്‍പ്പിന്നെ ആ 21% ഓക്‌സിജന്‍ എവിടുന്ന് വന്നു? സമുദ്രങ്ങളാണ് അതിലെ പ്രധാന സ്രോതസ്സ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫൈറ്റോപ്ലാങ്ടണുകള്‍ (phytoplanktons) എറിയപ്പെടുന്ന സൂക്ഷ്മജീവികളും കുറേ ബാക്ടീരിയകളും ഒക്കെയാണ് അതിന് ഉത്തരവാദികള്‍. അവിടെയും കോശശ്വസനത്തിന് പ്രസക്തിയുള്ളതുകൊണ്ട്, ഇതങ്ങനെ പെട്ടെന്ന് നടക്കുന്ന ഒരു പ്രക്രിയയല്ല. ഇവയില്‍ പലതും മരിയ്ക്കുമ്പോള്‍ ഓക്‌സിജന്റെ സാന്നിദ്ധ്യത്തില്‍ വിഘടിക്കുന്നതിന് പകരം അടിത്തട്ടില്‍ പോയി അടിയുന്നതുകൊണ്ടാണ് ഓക്‌സിജന്‍ മിച്ചം വരുന്നത്. അപ്പോഴും, ഈ പ്രക്രിയ കോടിക്കണക്കിന് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടാണ് ഇന്ന് കാണുന്ന അളവിലേയ്ക്ക് ഓക്‌സിജന്‍ അന്തരീക്ഷത്തിലേയ്ക്ക് എത്തിയത്. ഇനിയും ലക്ഷക്കണക്കിന് വര്‍ഷം എല്ലാ ജീവികള്‍ക്കും കൂടി ശ്വസിക്കാനുള്ള ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ സുലഭമായിട്ടുണ്ട്.
അപ്പോപ്പിന്നെ പരിസ്ഥിതി? അത് ഒരുപാട് സ്വിച്ചുകള്‍ ഉള്ള ഒരു സങ്കീര്‍ണ ഉപകരണം പോലെയാണ്. അത് ചില തകരാറുകള്‍ കാണിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നോക്കിയപ്പോള്‍ പെട്ടെന്ന് കണ്ണില്‍ പെടുന്ന ഒരു വലിയ സ്വിച്ച് കണ്ടു, മരങ്ങള്‍! അതില്‍പ്പിടിച്ച് തിരിച്ചോണ്ടിരിക്കുകയാണ് നമ്മള്‍. എന്തോ ഭയങ്കര റിപ്പയര്‍ പണി ചെയ്യുന്ന മട്ടിലാണ് ചെയ്യുന്നത്. അതില്‍ നിന്നൊന്ന് കണ്ണെടുത്താലല്ലേ, വേറെയും സ്വിച്ചുകളുണ്ട് എന്നെങ്കിലും ഒന്ന് ശ്രദ്ധിക്കാന്‍ പറ്റൂ!”
പരിസ്ഥിതിയില്‍ മരങ്ങള്‍ പ്രധാനപ്പെട്ടതല്ല എന്ന വാദമല്ല താന്‍ മുന്നോട്ടുവെക്കുന്നത് എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി ദിനത്തില്‍ ഏറെ ചര്‍ച്ചയായ കുറിപ്പ് വൈശാഖന്‍ തമ്പി അവസാനിപ്പിക്കുന്നത്.
നട്ട മരങ്ങള്‍ നട്ടാല്‍ മുളക്കാത്ത നുണ പോലെ നമ്മെ പരിഹസിക്കുന്നുണ്ട്. അടിസ്ഥാനപരമായ പാരിസ്ഥിതിക യാഥാര്‍ത്ഥ്യത്തെ സമര്‍ഥമായി മറച്ചുവെക്കാനാണ് നമ്മളിന്ന് മരത്തണലുകളില്‍ ഓടിക്കയറുന്നത്. വിഴിഞ്ഞത്തെ കടലിലേക്ക് സഹ്യനെ ലോറികളിലാക്കി കൊണ്ടുവന്നിട്ടാണ് നാം ആ തണലില്‍ ഇരിക്കുന്നത്. ആദിമ ജനതയെ വരെ മുക്കിക്കൊല്ലാന്‍ ത്രാണിയുള്ള അണക്കെട്ടുകള്‍ക്ക് അച്ചാരം വാങ്ങിയിട്ടാണ് നാം ആ തണലില്‍ ഇരിക്കുന്നത്. അതോര്‍ക്കണം. അത്രയെങ്കിലും നാം സത്യസന്ധരാവണം.
കെ കെ ജോഷി
You must be logged in to post a comment Login