ഒരു രാജ്യത്തിന്റെ അപഥസഞ്ചാര ദിശാസൂചിക അടയാളപ്പെടുത്തേണ്ടത് ജനാധിപത്യ സ്ഥാപനങ്ങളുടെ അധഃപതനത്തിലാണ്. സ്വേച്ഛാധിപതികള്‍ എക്കാലവും ദുര്‍ഭരണത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്താറ് കളങ്കിതരെ ഉന്നത ലാവണങ്ങളില്‍ പ്രതിഷ്ഠിച്ചാണ്. ഉദ്ദിഷ്ട ലക്ഷ്യം അട്ടിമറിക്കപ്പെടണമെങ്കില്‍ അതാവശ്യമാണത്. എന്തിനു വേണ്ടിയാണോ ഒരു സംവിധാനം സ്ഥാപിച്ചത് അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ദുഷ്ടചിന്ത, നേരെ ചൊവ്വെ കാര്യങ്ങളെ സമീപിക്കുന്നതില്‍നിന്ന് അമരത്തിരിക്കുന്നവരെ തടയുന്നു. നന്മയുടെ വിപരീത ദിശയില്‍ സഞ്ചരിക്കുമ്പോള്‍ സിവില്‍ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ‘കിടിലന്‍’ തീരുമാനങ്ങളെടുക്കുന്നു. അമ്മട്ടിലൊരു തീരുമാനമായിരുന്നു സുപ്രീംകോടതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി അടുത്തിടെ നിയമിച്ച നരേന്ദ്രമോഡി സര്‍ക്കാരിന്റെ നടപടി. മനുഷ്യാവകാശ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും ഭരണകൂട ഭീകരതയില്‍നിന്ന് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ബാധ്യസ്ഥമായ ഒരു ബോഡിയുടെ അഗ്രിമസ്ഥാനത്തിരിക്കാന്‍ ഏതുനിലക്കും അരുണ്‍ മിശ്ര യോഗ്യനല്ലെന്ന് സാധാരണക്കാരന് പോലും അറിയാം. ജസ്റ്റിസ് മിശ്രയുടെ ട്രാക്ക് റിക്കോര്‍ഡ് കളങ്കിതമാണ്. പ്രധാനമന്ത്രി മോഡിയോടുള്ള അദ്ദേഹത്തിന്റെ വിധേയത്വവും ദാസ്യമനോഭാവവും കണ്ട് ഞെട്ടിത്തെറിച്ചവരാണ് നമ്മള്‍. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കൂട്ടുനിന്നുവെന്ന കഴമ്പുള്ള പരാതികള്‍ അദ്ദേഹത്തിനെതിരെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഓരോന്നായി ഭരിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്കൊത്ത് ചലിക്കുന്ന യന്ത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന മോഡിയുടെ ‘പുതിയ ഇന്ത്യ’യില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സംവിധാനമായി പരിണമിക്കുന്നുവെന്ന് നാനാഭാഗങ്ങളില്‍നിന്നും വിലാപം ഉയരുകയാണ്.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിയമന വാര്‍ത്ത കേട്ട ഉടന്‍ വിവിധ മനുഷ്യാവകാശ വേദികളില്‍നിന്നുള്ള 71 പ്രമുഖ വ്യക്തികള്‍ രംഗത്തുവന്ന് എന്തുകൊണ്ട് നരേന്ദ്രമോഡിയുടെ ഇഷ്ടതോഴന്‍ ഈ സ്ഥാനത്തിന് യോഗ്യനല്ല എന്ന് വിശദീകരിക്കുകയുണ്ടായി. ഗുരുതരമായ ആരോപണങ്ങളാണ് അരുണ്‍ മിശ്രക്കെതിരെ ഉന്നയിക്കപ്പെട്ടത്. ‘ഭരണഘടനക്കും നിയമവാഴ്ചക്കും മനുഷ്യാവകാശത്തിനും നേരെയുള്ള മനഃപൂര്‍വമുള്ള പ്രഹരം’ (‘one more brazen and deliberate blow by the Central government to the Constitution, rule of law and human rights’) എന്നാണ് മോഡി സര്‍ക്കാരിന്റെ നീക്കത്തെ ഇവര്‍ വിശേഷിപ്പിച്ചത്. 1993 സെപ്തംബര്‍ 28ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം നല്‍കുമ്പോള്‍ മഹത്തായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ബാബരി മസ്ജിദിന്റെ ധ്വംസനവും തുടര്‍ന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളും ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ല്‍പിച്ച, ഉത്കണ്ഠാജനകമായ ഒരു കാലസന്ധിയായിരുന്നു അത്. ന്യൂനപക്ഷങ്ങളും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളും അരികുവത്കരിക്കപ്പെട്ട ജനതയും ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ദുസ്ഥിതിക്ക് പരിഹാരം എന്ന നിലയിലാണ് കമ്മീഷന്‍ രൂപീകരിക്കപ്പെടുന്നത്. സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണെങ്കിലും പല്ലും നഖവുമില്ലാത്ത, സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെക്കാന്‍ മാത്രം അധികാരമുള്ള സംവിധാനം എന്ന നിലയില്‍ അതിന്റെ കര്‍മപഥം വളരെ പരിമിതമായിരുന്നു. എന്നിരുന്നാലും ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ പോലുള്ള ആഗോള ഏജന്‍സികളില്‍ അംഗീകാരമുള്ള വേദിയാണിത്. രാജ്യത്ത് നടമാടുന്ന എണ്ണമറ്റ പൗരാവകാശ ധ്വംസനങ്ങളില്‍ മൂകസാക്ഷിയായി നില്‍ക്കാനുള്ള നിയോഗമാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റേത്. സുപ്രീംകോടതിയിലെ ഏറ്റവും സ്വാധീനവും ശക്തിയുമുള്ള ന്യായാധിപനായി അരുണ്‍ മിശ്ര ഉയര്‍ന്ന പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തെ ഇത്തരമൊരു പദവിക്ക് അയോഗ്യനാക്കുന്നത്. കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രിയടക്കമുള്ള അഞ്ചംഗ സമിതിയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമനത്തെ എതിര്‍ത്തിരുന്നു. പ്രാന്തവത്കൃത ജനവിഭാഗങ്ങളാണ് ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാവുന്നതെന്നും അതുകൊണ്ട് ആ വിഭാഗത്തില്‍നിന്നുള്ള ഒരാളായിരിക്കണം മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി വരേണ്ടതെന്നുമായിരുന്നു അദ്ദഹത്തിന്റെ വാദം. പ്രധാനമന്ത്രി അത് കേട്ട ഭാവം നടിച്ചില്ല. ജസ്റ്റിസ് അരുണ്‍ മിശ്ര മോഡിക്കും സംഘ്പരിവാറിനും അത്രക്കും വേണ്ടപ്പെട്ട ആളായിരുന്നു.
നരേന്ദ്ര മോഡി-അമിത്ഷാ- അരുണ്‍മിശ്ര കുട്ടുകെട്ട്
നരേന്ദ്രമോഡിയുടെ കേന്ദ്ര ഭരണത്തിലേക്കുള്ള അധികാരാരോഹണവും ജസ്റ്റിസ് മിശ്രയുടെ സുപ്രീംകോടതിയിലേക്കുള്ള ആഗമവും ഒന്നിച്ചായിരുന്നു; 2014ല്‍. ഏഴ് ചീഫ് ജസ്റ്റിസുമാരുടെ കീഴില്‍ പ്രവര്‍ത്തിച്ച മിശ്ര 132 വിധിന്യായങ്ങള്‍ എഴുതി. പലതും വിവാദപരമായിരുന്നു. സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ ഉയര്‍ച്ചയും അപ്രമാദിത്വവും സഹജഡ്ജിമാരുടെ കണ്ണ് തള്ളിച്ചു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് സീനിയര്‍ ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരെ 2018 ജനുവരിയില്‍ സുപ്രീംകോടതി മുറ്റത്ത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പരസ്യമായ കലാപം നടത്തിയപ്പോള്‍, യഥാര്‍ത്ഥത്തില്‍ കഥയിലെ വില്ലന്‍ അരുണ്‍ മിശ്രയായിരുന്നു. സീനിയോറിറ്റി മറികടന്ന് സുപ്രധാന കേസുകള്‍, വിശിഷ്യാ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉള്ളവ, മിശ്രയെ ഏല്‍പിക്കുന്നതാണ് മുതിര്‍ന്ന ന്യായാധിപന്മാരെ രോഷാകുലരാക്കിയത്. ബോംബെ ഹൈക്കോടതി ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക് വിട്ടതായിരുന്നു സഹജഡ്ജിമാരെ രോഷാകുലരാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് കേട്ട ജസ്റ്റിസ് ലോയയുടെ മരണം ഉയര്‍ത്തിയ സംശയങ്ങള്‍ നിയമവൃത്തങ്ങളെ ഞെട്ടിച്ചതാണ്. ഭരണകൂടവുമായും അവരുടെ പ്രത്യയശാസ്ത്രവുമായുള്ള മനപ്പറ്റാണ് മിശ്രയുടെ വേഗത്തിലുള്ള ഉയര്‍ച്ചക്കും (ദു)സ്വാധീനത്തിനും വളംവെച്ചുകൊടുത്തത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ വിശാല്‍ മിശ്രയെ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജായി, പ്രായത്തില്‍ ഇളവ് ചെയ്തുകൊണ്ട് അവരോധിച്ചതും നിയമവൃത്തങ്ങളില്‍ വിവാദമുയര്‍ത്തി. വിശാല്‍ ഒരുവേള സുപ്രീംകോടതിയിലേക്ക് അവരോധിക്കപ്പെടുകയാണെങ്കില്‍ 2039ലേ വിരമിക്കുകയുളളു. ആര്‍ എസ് എസ് കാഴ്ചപ്പാട് പരസ്യമായി പ്രകടിപ്പിച്ച അഭിഭാഷകനാണിദ്ദേഹം. ഇദ്ദേഹത്തിന്റെ ഒരു ഫെയ്സ് ബുക്ക് പേജില്‍ നെഹ്റു കുടുംബത്തെ മുസ്ലിംകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണത്രെ അവര്‍ ‘ഹിന്ദുക്കളെ വെറുക്കുന്നത്’!
പ്രധാനമന്ത്രി മോഡിയെ അരുണ്‍ മിശ്ര പൊതുവേദിയില്‍വെച്ച് പരിധിവിട്ട് പ്രകീര്‍ത്തിച്ചത് ആരും മറന്നിട്ടില്ല. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികതലത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന മഹാന്‍ എന്നാണ് മോഡിയെ അദ്ദേഹം പ്രശംസിച്ചത്. ന്യായാധിപന്മാരുടെ രാഷട്രാന്തരീയ സമ്മേളനത്തില്‍, ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തോടെ പ്രധാനമന്ത്രിയുടെ മനസ്സ് കുളിര്‍പ്പിച്ചു. അത്തരം അധരവ്യായാമങ്ങള്‍ക്കപ്പുറം, മോഡിയും അമിത് ഷായും ഉള്‍പ്പെട്ട ഗുജറാത്ത് ന്യൂനപക്ഷഹത്യ തുടങ്ങിയ മുഴുവന്‍ കേസുകളിലും വിധി പറഞ്ഞ് ഹിന്ദുത്വ മേലാളന്മാരെ പാപമുക്തമാക്കാന്‍ അരുണ്‍ മിശ്ര കാണിച്ച ആവേശം ഗവേഷണ വിധേയമാക്കിയിട്ടുണ്ട്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡെയുടെ വധത്തിലെ നിഗൂഢത വെളിച്ചത്ത് കൊണ്ടുവരുന്നതിന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരിശ്രമങ്ങളെ പരാജയപ്പെടുത്തിയത് അരുണ്‍ മിശ്രയാണ്. ഈ കേസില്‍ സി ബി ഐ ധൃതിപിടിച്ച് പൂര്‍ത്തിയാക്കിയ അന്വേഷണം കെട്ടിച്ചമച്ച തിരക്കഥ സാധൂകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും യഥാര്‍ത്ഥ പ്രതികള്‍ ഭരണകൂടത്തിന്റെ ചിറകിനടിയില്‍ ഒളിച്ചിരിക്കയാണെന്നുമുള്ള പ്രശാന്ത് ഭൂഷന്റെ വാദം നിരാകരിച്ച അരുണ്‍ മിശ്ര, സുപ്രീംകോടതിയുടെ സമയം പാഴാക്കിയതിന് 50,000 പിഴ വിധിക്കുകയാണ് ചെയ്തത്. പ്രശാന്ത് ഭൂഷണെ പരസ്യമായി കോടതിയില്‍ ശാസിക്കാനും അരുണ്‍ മിശ്ര ശ്രമിച്ചു. അതുകൊണ്ട് തന്നെ, തനിക്കെതിരായ കോടതിയലക്ഷ്യ നടപടി പരമോന്നത നീതിപീഠത്തിന് മുമ്പാകെ വന്നപ്പോള്‍ കോടതിയിലെ 33ജഡ്ജിമാരില്‍ മിശ്ര ഒഴിച്ചുള്ള ആര് കേട്ടാലും സാരമില്ലെന്ന് പ്രശാന്ത് ഭൂഷന് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയോട് അഭ്യര്‍ഥിക്കേണ്ടിവന്നു. ജുഡീഷ്യല്‍ കര്‍സേവ നടത്താന്‍ അരുണ്‍ മിശ്ര ഉന്നത നീതിപീഠത്തെ ഉപയോഗപ്പെടുത്തിയപ്പോള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മതനിരപേക്ഷ മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ക്കും ഏറെ ദുരനുഭവങ്ങളുണ്ടായി. പ്രമാദമായ എത്രയെത്ര കേസുകളാണ് അട്ടിമറിക്കപ്പെട്ടത്? എല്ലാം ഭരിക്കുന്നവരെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കാന്‍.
ഗുജറാത്തില്‍ നടമാടിയ മുസ്ലിം വിരുദ്ധ കൂട്ടക്കുരുതിയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പുറംലോകത്തെ അറിയിച്ച പൊലിസ് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ 30വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ കേസെടുത്ത് തുറുങ്കിലടച്ചപ്പോള്‍, നിയമവും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തി അദ്ദേഹത്തിനെതിരെ വിധി പറഞ്ഞതില്‍ അരുണ്‍ മിശ്രയുമുണ്ടായിരുന്നു. 2002ല്‍ ഗുജറാത്ത് കലാപത്തിന്റെ തലേന്നാള്‍ മുഖ്യമന്ത്രി മോഡി ഉയര്‍ന്ന ഐ പി എസ് ഓഫീസര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തെന്നും താന്‍ കൂടി പങ്കെടുത്ത ആ യോഗത്തില്‍ മുസ്ലിംകള്‍ക്കെതിരായ അവരുടെ വികാരം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് മോഡി നിര്‍ദേശിച്ചതായും 2011ല്‍ സുപ്രീംകോടതിയെ സമീപിച്ച് സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയത് വന്‍ കോളിളക്കം സൃഷ്ടിച്ചു. താമസിയാതെ അതിനോടുള്ള മോഡി ഭരണകൂടത്തിന്റെ പ്രതികാരം വന്നു. 1990ല്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ കെ അദ്വാനി നടത്തിയ രഥയാത്ര കടന്നുപോയപ്പോള്‍ ജാംനഗറില്‍ കസ്റ്റഡിയിലെടുത്ത നൂറുകണക്കിനാളുകളില്‍ പ്രഭുദാസ് എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം അന്ന് അവിടെ അഡീഷനല്‍ സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിന്റെ തലയില്‍ കെട്ടിവെച്ച് കേസെടുത്തു. കസ്റ്റഡി മരണത്തിന്റെ പേരില്‍ ഭട്ടിനെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സാക്ഷികളെ ഹാജരാക്കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ കോടതി നിഷ്‌ക്കരുണം തള്ളിയാണ് ശിക്ഷ നടപ്പാക്കിയത്. കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്റിയുടെ ജീവന്‍ അപകടത്തിലാണെന്നും ഏതു സമയവും അക്രമികളുടെ കൊലക്കത്തിക്ക് ഇരയാവാനിടയുണ്ടെന്നും അന്ന് ഇന്റലിജന്‍സ് വിഭാത്തിലായിരുന്ന സഞ്ജീവ് ഭട്ട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹമത് ചെവിക്കൊണ്ടില്ല എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റ ആരോപണം അന്താരാഷ്ട്രതലത്തില്‍പോലും മോഡിയുടെ അപരാധിത്വം തുറന്നുകാട്ടാന്‍ സഹായിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളിലെല്ലാം ജുഡീഷ്യറിയുടെ കൈകൊണ്ട് സംഘ്പരിവാര്‍ അപരാധികളെ അഭിഷിക്തരാക്കാന്‍ കയ്യില്‍ തൈലം പുരട്ടിയിറങ്ങിയ ഒരു മനുഷ്യനാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നത്.
മനുഷ്യാവകാശത്തിന് പുതിയ നിര്‍വചനമോ?
എല്ലാവിധത്തിലുള്ള ഭീഷണികളില്‍നിന്നും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ദേശീയ മനുഷ്യാവകാശ കമ്മീഷന് അരുണ്‍ മിശ്രയെ അമരത്തിരുത്തി ലക്ഷ്യം കരഗതമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ വെച്ചുപുലര്‍ത്താമോ? ഒരിക്കലുമില്ല. ന്യുനപക്ഷങ്ങള്‍, ദലിതര്‍, ട്രാന്‍സ്ജെന്‍ഡേര്‍സ്, മറ്റു അധഃസ്ഥിത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരാണ് മനുഷ്യാവകാശ ധ്വംസനങ്ങളുടെ പ്രധാന ഇരകള്‍. ഈ വിഭാഗത്തോട് അശേഷം പ്രതിബദ്ധതയോ ദയാദാക്ഷിണ്യമോ ഇല്ല എന്ന് അനുഭവയാഥാര്‍ത്ഥ്യങ്ങളിലുടെ തെളിയിച്ച ഒരു വ്യക്തി, ഉന്നത പദവികളിലത്തെുന്നതോടെ ആകപ്പാടെ മാറിവരുമെന്നും അശരണരുടെ തണലായി വര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നത് എന്തുമാത്രം മണ്ടത്തരമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടമാടുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയ ഒരു ദുരന്തദശയിലൂടെയാണ് 135 കോടി ജനത കടന്നുപോകുന്നത്. ദേശീയതയുടെ മറവില്‍, പൗരന്റെ മൗലികാവകാശങ്ങള്‍ അപ്പടി നിഷേധിക്കപ്പെടുമ്പോള്‍ അതിനെ കുറിച്ച് മിണ്ടുന്നത് പോലും മഹാ അപരാധമായി കാണുന്ന ഭീതിദമായ ഒരു രാഷ്ട്രീയാന്തരീക്ഷം. അന്തസുള്ള മനുഷ്യരായി ജീവിക്കാനുള്ള അവകാശം തൊട്ട് മനഃസാക്ഷിയുടെ തേട്ടത്തിനൊത്ത് വിശ്വാസം തിരഞ്ഞെടുക്കാനുള്ള മനസിന്റെ അഭിലാഷങ്ങള്‍ വരെ ചവിട്ടിയരക്കുന്ന കൂരിരുള്‍ നിറഞ്ഞ മോഡി-അമിത്ഷാ-യോഗി ത്രയങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ പ്രാപ്തിയും ആര്‍ജവവുമുളള ഒരു അധ്യക്ഷനെയാണ് കാലം ആവശ്യപ്പെടുന്നത്. പൗരന്റെ പ്രാഥമിക അവകാശങ്ങള്‍ പോലും ഹനിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഭരണഘടനയുടെ കാവലാളുകളായ നീതിന്യായവ്യവസ്ഥ പോലും നോക്കുകുത്തിയായി മാറിയിരിക്കുന്നു. ജമ്മു-കശ്മീരിലെ ജനം , ഫലസ്തീനിലെ പോരാളികളെ പോലെ, തുറന്ന ജയിലിലാണിന്ന് ജീവിതം തള്ളിനീക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം എടുത്തുകളഞ്ഞപ്പോള്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെ സാരഥികള്‍ പോലും കാരാഗൃഹവാസത്തിലാണ്. ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായും എടുത്തുകളഞ്ഞു. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ കോള്‍ഡ് സ്റ്റോറില്‍ മരവിച്ചുകിടക്കുകയാണ്. ലക്ഷദ്വീപിനെ കാവിവത്കരിക്കാനും അതുവഴി ദ്വീപ് നിവാസികളുടെ സ്വത്വവും സാംസ്‌കാരിക തനിമയും നശിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഗൂഢനീക്കം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ്. പക്ഷേ, മനുഷ്യാവകാശ കമ്മീഷന്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടില്ല എന്നുറപ്പാണ്.
‘പാരിസ് തത്ത്വങ്ങള്‍’ക്കനുസൃതമായാണ് മനുഷ്യാവകാശ കമ്മീഷനുകള്‍ വര്‍ത്തിക്കേണ്ടത്. അന്തര്‍ദേശീയ തലത്തില്‍ ഇത്തരം കമ്മീഷനുകള്‍ അംഗീകരിക്കപ്പെടുന്നത് രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും ചില മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ്. നിഷ്പക്ഷവും സ്വതന്ത്രവുമായ പ്രവര്‍ത്തനമാണ് ആദ്യമായി ഉറപ്പുവരുത്തേണ്ടത്. ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷക്ക് വകയില്ലാത്തവിധം ഒരു ഹിന്ദുത്വ ക്ലബ്ബായേ അതിനെ കണക്കാക്കാനാവൂ. ബഹുസ്വരതയുടെ അടിസ്ഥാന തത്വങ്ങള്‍ പാടേ വിസ്മരിച്ചതാണ് കമ്മീഷന്റെ ഘടന. ന്യൂനപക്ഷങ്ങളില്‍നിന്നോ ദലിത്-അധഃസ്ഥിത വിഭാഗത്തില്‍നിന്നോ ഉള്ള ഒരംഗത്തെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയിന്‍, മുന്‍ ജമ്മുകശ്മീര്‍ ജഡ്ജി എം കെ മിത്താള്‍ എന്നിവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കാന്‍ സാധിക്കുക എന്ന ചോദ്യത്തിന് മുന്നില്‍ മോഡി-അമിത് ഷാ പ്രഭൃതികള്‍ മൗനത്തിലാണ്. മനുഷ്യാവകാശത്തിന് ഇവര്‍ പുതിയ നിര്‍വചനം കണ്ടത്തെിയിരിക്കുന്നു. ഭൂരിപക്ഷ സമൂഹത്തിന് സേവനം ചെയ്യുന്നതാണ് ഏറ്റവും ഉത്കൃഷ്ടമായ അവകാശസംരക്ഷണമത്രെ. ദേശീയതയുടെ ഉന്മാദത്തില്‍ മനുഷ്യത്വത്തിന്റെ സര്‍വ്വ നന്മകളെയും നിരാകരിക്കുന്ന വര്‍ഗീയ ഫാഷിസത്തിന് ഒളിച്ചു കഴിയാന്‍ സാധിക്കുന്നു എന്നതിനപ്പുറം എന്ത് മൂല്യശോഷണമാണ് ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് സംഭവിക്കാനുള്ളത്.
Kasim Irikkoor
You must be logged in to post a comment Login