ഓരോ വര്‍ഷവും ജൂണ്‍ 5ന് ലോകമൊട്ടാകെ പരിസ്ഥിതിയെ ഓര്‍മിക്കുന്നു. സത്യത്തില്‍ ഓരോ നിമിഷവും നമ്മുടെ ഓര്‍മയില്‍ വേണ്ടതാണ് പരിസ്ഥിതിബോധം. നാം ജീവിക്കുന്ന ലോകത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള കരുതലാണത്. അല്ലാതെ ആണ്ടില്‍ ഒരു മരം നട്ട് ചിത്രം പകര്‍ത്തുകയും പടര്‍ത്തുകയും ചെയ്യുന്നതല്ല പാരിസ്ഥിതികാവബോധം. കൊവിഡിനെപ്പോലുള്ള മഹാമാരികള്‍ മനുഷ്യരാശിയെ വേട്ടയാടാതിരിക്കണമെങ്കില്‍ മൗലികമായ ചില തിരുത്തലുകള്‍ക്ക് നാം തയാറാകേണ്ടതുണ്ട്. അതിനായി വനപ്രദേശങ്ങള്‍ വിസ്തൃതമാവണം. ജന്തുജീവജാലങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. കാലാവസ്ഥാ സ്ഥിരത കൈവരിക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തിയുള്ള ആഗോള പരിസ്ഥിതി സന്തുലനം കൈവരിച്ചില്ലെങ്കില്‍ ഭാവി ഇതിനേക്കാള്‍ ഭയാനകമായിരിക്കും. തകിടംമറിഞ്ഞ കാലാവസ്ഥയും അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളും ആഗോളതാപനവും ലോകം മുഴുവന്‍ കീഴടക്കാന്‍ കഴിയുന്ന പകര്‍ച്ചവ്യാധികളുമാണ് മനുഷ്യന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് ആവാസവ്യവസ്ഥയുടെ നിലനില്‍പ് തന്നെ തകിടംമറിയ്ക്കുന്നു.
ഈ കൊവിഡ്കാലം മനുഷ്യനെ ഓര്‍മിപ്പിക്കുന്നത്, അവന്‍ പ്രകൃതിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചൂഷണം അതിരുകടക്കുന്നു എന്നതാണ്. കൊവിഡിന്റെ വ്യാപനവും പ്രത്യാഘാതവും മരണനിരക്കും നല്‍കുന്ന ആശങ്ക വലുതാണ്. ഈ ലോകം മൊത്തം നാശം വിതയ്ക്കാന്‍ ഉതകുന്ന ആയുധങ്ങളും ആശയങ്ങളും ഉള്ള മനുഷ്യന്‍ ഒരു അതിസൂക്ഷ്മാണുവിന്റെ മുന്നില്‍ ഭയന്നു വിറക്കുന്നു. സ്വന്തം കൈകളെ വിശ്വാസമില്ല. സ്വന്തക്കാരെ ആരെയും അടുപ്പിക്കുന്നില്ല. ഒറ്റപ്പെട്ട് ജീവിക്കുന്നു. തെരുവുകള്‍ മരവിച്ചുനില്‍ക്കുന്നു. മഹാമാരി മനുഷ്യനെ തടവിലാക്കിയിരിക്കുന്നു. എന്നാല്‍ പ്രകൃതിയുടെ നല്ലകാലം കൂടിയാണിത്. പ്രകൃതി മലിനീകരണത്തോതില്‍ കുറവുണ്ട്. ഇക്കാലത്ത് കേന്ദ്ര മലനീകരണ ബോര്‍ഡ് 92 നഗരങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിതൊട്ട് തിരുവനന്തപുരം വരെയുള്ള നഗരങ്ങളില്‍ മലിനീകരണതോത് കുറഞ്ഞു എന്നത് വിശ്വസനീയമായ വാര്‍ത്തയായിരുന്നു. ലോകവ്യാപകമായി 100 മില്യണ്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് കുറഞ്ഞു. ഈ കണക്ക് മനുഷ്യ നിര്‍മിതമായ കാര്‍ബണ്‍ വാതകങ്ങള്‍ ഓരോ രാജ്യവും ദിനംപ്രതി എത്രമാത്രം പുറന്തള്ളിയിരുന്നു എന്നത് ഓര്‍മിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തു. ഈ അടച്ചുപൂട്ടലില്‍ പ്രകൃതി അതിജീവനത്തിന്റെ കഥ എഴുതുകയാണ്. സുഖം അനുഭവിക്കുകയാണ്. ഏകദേശം മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൊല്‍ക്കത്തയിലെ ഹുഗ്ലി നദിയില്‍ ഡോള്‍ഫിനുകള്‍ മടങ്ങി വന്നിരിക്കുന്നത്. പ്രകൃതി എത്രമാത്രം നവീകരിക്കപ്പെട്ടു എന്നതിന്റെ ജീവനുള്ള പ്രതിനിധികള്‍ കൂടിയാണ് ആ ഡോള്‍ഫിനുകള്‍. മനുഷ്യരുടെ സാമീപ്യം നിലച്ചതോടെ ലോകത്തിലെ എല്ലാ നദികളിലെയും മലിനീകരണത്തോത് കുറഞ്ഞ് കാണപ്പെട്ടു. ജലമലിനീകരണം കുറഞ്ഞത് കൊണ്ട് മാത്രമാണ് മാലിന്യ മുക്തയായ ഗംഗയുടെ അടിത്തട്ടുകളില്‍ തെളിഞ്ഞ കല്ലുകള്‍ കാണാന്‍ കഴിഞ്ഞത്. 30 വര്‍ഷംകൊണ്ട് ഗംഗാനദി ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ച നടപടികള്‍ വൃഥാവിലായിരിക്കുമ്പോഴാണ്, കുറഞ്ഞ ദിവസങ്ങളിലെ അടച്ചുപൂട്ടലിലൂടെ ഗംഗ മാലിന്യമുക്തയായിരിക്കുന്നത്.
അളവില്ലാത്ത മാലിന്യ നഗരമാണ് മുംബൈ. അവിടെ വ്യവസായശാലകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ ആകാശവും നദികളും തെളിഞ്ഞു. അവിടെ മറൈന്‍ ഡ്രൈവില്‍ ഡോള്‍ഫിനുകള്‍ വന്നു തുടങ്ങി.
ജനസാന്ദ്രത മൂലവും വ്യവസായങ്ങള്‍കൊണ്ടും മലിനീകരിച്ച നഗരമായിരുന്നു ഡല്‍ഹി. അടച്ചിട്ട ഡല്‍ഹിയില്‍ കാര്‍ബണ്‍ മൂലകങ്ങളുടെ കുറവുമൂലം ആകാശവും നദികളും തെളിഞ്ഞു. തലമുറകളായി കണ്ടിട്ടില്ലാത്ത അത്യപൂര്‍വ കാഴ്ചക്ക് പഞ്ചാബിലെ ജലന്ധര്‍ സാക്ഷിയായി. പൊടിപടലങ്ങള്‍ കുറയുന്നതോടെ 200 കിലോമീറ്റര്‍ അകലെയുള്ള ധൗലാധര്‍ പര്‍വതനിരകള്‍ ജലന്ധര്‍ നിവാസികള്‍ക്ക് നേരില്‍ കാണാന്‍ സാധിച്ചു. കൊല്ലങ്ങളായിപ്പോയിരുന്നു ആ കാഴ്ചകള്‍ മറഞ്ഞിട്ട്. യമുന ബയോഡൈവേഴ്‌സിറ്റി പാര്‍ക്കില്‍ പക്ഷികള്‍ നിറയുന്നതും ആകാശത്ത് നക്ഷത്രങ്ങള്‍ തെളിഞ്ഞുകാണുന്നതും വളരെക്കാലത്തിനു ശേഷമായിരുന്നു. വായുമലിനീകരണം ഡല്‍ഹിയില്‍ ദിനംപ്രതി കുറഞ്ഞു വരികയാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലെ വളരെ കുറവ് ഇതില്‍ പ്രധാന ഘടകമാണ്. ലോക വായുമലിനീകരണ മാപ്പില്‍ തന്നെ ഏറെ മുന്നില്‍ നിന്നിരുന്ന ഡല്‍ഹി നഗരം വായു ഗുണനിലവാര സൂചികയില്‍ ശോഭനമായ നിലവാരത്തിലേക്ക് വരുന്നതാണ് കാണാന്‍ കഴിയുന്നത്.
ഇന്ത്യയെ പോലെ തന്നെ ലോക്ഡൗണ്‍ മൂലം വലിയ മാറ്റങ്ങളാണ് മറ്റു പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡിന്റെ ഉത്ഭവരാജ്യമായ ചൈനയില്‍ അന്തരീക്ഷത്തിലെ നൈട്രജന്‍ ഡൈഓക്‌സൈഡിന്റെ അളവ് നിലവിലെ അവസ്ഥയെക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ താഴുകയാണ് ഉണ്ടായത്. ഇന്ത്യക്കൊപ്പം വായുമലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമായിരുന്നു ചൈനയും. കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റായ കാര്‍ബണ്‍ ബ്രീഫിന്റെ പഠനപ്രകാരം ആഗോള ആകാശത്തിന്റെ വിശാലതയില്‍ കാര്‍ബണ്‍ വാതകങ്ങളുടെ അളവ് ഏകദേശം നൂറിലധികം മില്യണ്‍ ടണ്ണില്‍ കുറഞ്ഞതായി കണ്ടെത്തി. സമീപ ഭാവിയില്‍ പുറത്തുവരുന്ന കാര്‍ബണ്‍ വ്യാപനത്തിന്റെ പഠനറിപ്പോര്‍ട്ടുകള്‍ ലോകരാജ്യങ്ങളെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കും എന്ന് നമുക്ക് വിശ്വസിക്കാം.
ജലവും വായുവും മാലിന്യമുക്തമായതോടെ ചെടികളും മരങ്ങളും പടര്‍ന്നു പന്തലിച്ച് വളരാന്‍ സാഹചര്യമുണ്ടായി. സമീപഭാവിയില്‍ മനുഷ്യന്‍ അറിവുകൊണ്ടും ബുദ്ധികൊണ്ടും രോഗങ്ങളെ തളച്ചേക്കാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ഭീകര പ്രത്യാഘാതങ്ങളില്‍ നിന്ന് അവന്‍ കഠിനത്യാഗങ്ങള്‍ വരിക്കേണ്ടിവരും എന്നാണ് ഈ അടച്ചുപൂട്ടല്‍ കാലം പറയുന്നത്. ഓസോണിന്റെ വിള്ളലിന് ചെറിയ ഏറ്റക്കുറച്ചില്‍ സംഭവിച്ചിരിക്കുന്നു എന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവില്‍ വന്ന വ്യത്യാസവും കടലിലെ അമ്ലം കുറഞ്ഞതിന്റെ ഫലവുമായി മത്സ്യസമ്പത്ത് കൂടിയതും ഈ ലോക്ഡൗണ്‍ കാല സംഭാവനയാണ്.
പകര്‍ച്ചവ്യാധികള്‍ക്ക് നിലവിലെ കാലാവസ്ഥയെയും കാലാവസ്ഥാവ്യതിയാനത്തെയും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കാന്‍ കഴിയുമെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. നാം ഇന്ന് മഹാമാരിയുടെ പിടിയിലൊതുങ്ങി വിറങ്ങലിച്ച മനുഷ്യന്‍ മാത്രമാണ്. പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതിയെ പരിപോഷിപ്പിക്കുക, സന്തുലനം നിലനിര്‍ത്തുക എന്നത് തന്നെയാണ് മനുഷ്യനേറ്റ മാരകമായ ഈ രോഗത്തിന് പരിഹാരം. രോഗവ്യാപനം അവസാനിക്കുന്നതോടെ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും പൂര്‍വാധികം വര്‍ധിക്കാനുള്ള സാധ്യതയും ഏറെയാണ്. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ഭാവിയില്‍ മനുഷ്യന്‍ അഭിമുഖീകരിക്കേണ്ട വലിയ കടമ്പതന്നെയാണ്. ഇവയെ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ‘ഭാവി’ വാക്കിലൊതുങ്ങും.
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും വന്യജീവി സംരക്ഷണത്തെകുറിച്ചും രണ്ട് ഉച്ചകോടികളാണ് നടക്കാനിരിക്കുന്നത്. പുതിയ നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ലോക്ഡൗണ്‍ പഠിപ്പിച്ച പാഠങ്ങളും ഗുണങ്ങളും ദോഷങ്ങളും യഥാവിധി ഉള്‍ക്കൊണ്ടാല്‍ ഭാവിയില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന വസ്തുതകളുണ്ട്. പ്രകൃതി സംരക്ഷണവും ആരോഗ്യ സംരക്ഷണവും വ്യക്തി ശുചിത്വവും പരസ്പര പൂരകങ്ങളാണെന്ന് ഉള്‍ക്കൊണ്ട് ഈ കൊവിഡ് കാല പരിസ്ഥിതി ജാഗ്രത നമുക്ക് നാളത്തേക്കും കരുതിവെക്കാം.
വികസനം അനിവാര്യമാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ ഏറിവരികയാണ്. വികസനമില്ലാതെ മുന്നോട്ട് പോകാനും വയ്യ. അവിടെയാണ് പ്രകൃതിക്കിണങ്ങുന്ന കാഴ്ചപ്പാടുകളുടെ പ്രസക്തി. ഇത് എല്ലാ മേഖലകളിലും വളര്‍ന്നുവരേണ്ടതാണ്. പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം എന്ന വസ്തുത ഈ കൊവിഡ് കാലം ലോകം മുഴുവന്‍ അരക്കിട്ടുറപ്പിക്കുകയാണ്. ഈ ഉദാത്ത സന്ദേശം കാണാതെയാണ് നാം ജീവിക്കുന്നതെങ്കില്‍ ഭാവി എന്ന വാക്ക് നമുക്ക് വെറുതെ പറയാനേ കൊള്ളൂ, അനുഭവിക്കാനാകില്ല.
ഡോ. ഹരിത എം കെ
You must be logged in to post a comment Login