എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും മത്സരിക്കുന്ന കാഴ്ചയാണിന്ന്. വൈജ്ഞാനികം, തൊഴില്‍, കച്ചവടം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം ഇത് കൂടുതല്‍ വ്യക്തമായി കാണാം. എന്നാല്‍ ‘പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്'(അന്നിസാഅ് 34/4) എന്ന ഖുര്‍ആന്‍ വചനം ഇപ്പോഴും പാരായണം ചെയ്യപ്പെടുന്നു. ഖുര്‍ആനിലെ നിയമങ്ങളും വിധിവിലക്കുകളും എല്ലാ കാലത്തേക്കുമുള്ളതല്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
ഈ ആരോപണമാണ് പരിശോധിക്കുന്നത്. ഇവിടെ പ്രഥമമായി അറിയേണ്ടത് ‘ഖവാമത്ത്’, ‘വിലായത്ത്’ എന്നീ അറബി പദങ്ങള്‍ തമ്മിലുള്ള അര്‍ഥവ്യത്യാസമാണ്. ഉദ്ധൃത വചനത്തിലൂടെ സ്ത്രീയുടെ മേല്‍ പുരുഷന് ഖവാമത്ത് ഉണ്ടെന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞത്, വിലായത്ത് ഉണ്ടെന്നു പറഞ്ഞിട്ടില്ല. വിലായത്ത് പുരുഷന് സ്ത്രീയുടെ മേലിലും സ്ത്രീക്ക് പുരുഷന്റെ മേലിലും ഉണ്ടാവാമെന്ന് ഖുര്‍ആന്‍ തന്നെ അടിവരയിടുന്നു: ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു'(തൗബ 37/9).
എന്താണ് അവ രണ്ടും തമ്മിലുള്ള വ്യത്യാസം? മറ്റൊരാള്‍ക്ക് തന്റെ മേല്‍ വിലായത്തുണ്ട് എന്നത് വ്യക്തിയുടെ അപൂര്‍ണതയുടെ അടയാളമാണ്. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ ചെയ്യാനും തീരുമാനമെടുക്കാനും സ്വയം അനുവാദമുണ്ടാവില്ല. എന്നു മാത്രമല്ല, ചില കാര്യങ്ങള്‍ വലിയ്യിന്(വിലായത്ത് ഉള്ള വ്യക്തി) മാത്രമേ നിര്‍വഹിക്കാന്‍ അനുവാദമുള്ളൂ.
പക്വത വരുന്നതോടെ വ്യക്തി പൂര്‍ണത വരിച്ചുകഴിഞ്ഞാല്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മതം നല്‍കുകയും ചെയ്യും. ഇതില്‍ ആണും പെണ്ണും വ്യത്യാസമില്ല. അഥവാ പ്രായപൂര്‍ത്തിയും പക്വതയുമുള്ള ആണിന് പെണ്ണിന്റെ മേലിലോ പെണ്ണിന് ആണിന്റെ മേലിലോ പിന്നീട് വിലായത്ത് നിലനില്‍ക്കുന്നില്ല. എങ്കിലും ‘വിലായത്ത് മുതബാദില’ എന്നതിനെ മതം പ്രോത്സാഹിപ്പിക്കുന്നു. ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ള വിഷയങ്ങളില്‍ സ്ത്രീയും പുരുഷനും പരസ്പരം അഭിപ്രായം ആരായുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കാര്യങ്ങള്‍ ചെയ്യുക എന്നാണ് ഇതിന്റെ ലക്ഷ്യം. ഈ അര്‍ഥത്തിലാണ് ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു’ എന്ന വചനം.
ഖവാമത്ത് മതശാസ്ത്രത്തിലെ ഒരു സാങ്കേതിക പ്രയോഗമാണ്. ‘കാര്യനിര്‍വഹണം നടത്തുക’ എന്നതാണ് ഭാഷാര്‍ഥം. അഥവാ ഭാര്യയെ പരിപാലിക്കുക, സംരക്ഷണം നല്‍കുക, അതിക്രമങ്ങളില്‍ നിന്നും തടയുക, ആത്മീയമായും ഭൗതികമായും സഹായം ഉറപ്പുവരുത്തുക ഇവയാണ് സാങ്കേതിക വിവക്ഷ.
ഖവാമത്തും വിലായത്തും തമ്മിലെ വ്യത്യാസം കൃത്യമായി മനസ്സിലാക്കണം. ഒരു കുട്ടിയുടെ മേല്‍ രക്ഷിതാവിനുള്ളത് വിലായത്താണ്. അതില്‍ ഒരു നിര്‍ബന്ധിപ്പിക്കുന്ന സ്വഭാവമുണ്ട്. സമ്പത്തിലോ മറ്റു കാര്യങ്ങളിലോ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്കില്ല, രക്ഷിതാവിനാണ്. ആവശ്യമായ പക്വതയെത്താത്തതാണ് കാരണം.
ഖവാമത്തില്‍ നിര്‍ബന്ധിപ്പിക്കുന്ന സ്വഭാവമില്ല. സ്ത്രീയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ കൈകടത്തലുമില്ല. അവകാശ നിഷേധവും ഇല്ല. മറിച്ച്, പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതോടു കൂടെ ആവശ്യമായ മുഴുവന്‍ സഹായവും സംരക്ഷണവും സ്ത്രീക്ക് നല്‍കാന്‍ മതം നിഷ്‌കര്‍ഷിക്കുന്ന പുരുഷന്റെ ഉത്തരവാദിത്വമാണ് ഖവാമത്ത്.
ഈ വ്യത്യാസം മനസ്സിലാക്കാതെ ചില പുരുഷന്മാര്‍ പ്രവര്‍ത്തിക്കുന്നതാണ് തെറ്റിദ്ധാരണകള്‍ക്ക് വഴിതെളിക്കുന്നത്. ചിലര്‍ മനസ്സിലാക്കിയത് അടിച്ചേല്‍പ്പിക്കുന്ന സ്വഭാവമുള്ള വിലായത്തുപോലെ തന്നെയാണ് ഖവാമത്ത് എന്നാണ്. അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തീരുമാനമെടുക്കുന്നതിലും തന്റെ ധനം ചെലവഴിക്കുന്നതിലും സ്ത്രീക്ക് സ്വാതന്ത്ര്യം മതം നല്‍കുന്നുണ്ട്. അവളുടെ മേല്‍ പുരുഷന് നാനാര്‍ഥത്തിലുള്ള അധികാരം മതം നിഷ്‌കര്‍ഷിക്കുന്നില്ല.
ഇത്രയും മനോഹരമാണ് ഖവാമത്ത് എന്ന തത്വം. അതാണ് ഖുര്‍ആന്‍ പറഞ്ഞത്.
ഇനി ഖുര്‍ആന്‍ പറഞ്ഞത് അടിസ്ഥാനപ്പെടുത്താതെ സ്വതന്ത്രമായി ചിന്തിച്ചുനോക്കൂ. സ്ത്രീക്കും പുരുഷനും ചില പ്രത്യേകമായ ശാരീരിക പ്രകൃതങ്ങളില്ലേ. സ്ത്രീശരീരം നിര്‍വഹിക്കുന്ന എല്ലാ ധര്‍മങ്ങളും പുരുഷനെ കൊണ്ട് സാധിക്കില്ല (പ്രസവം, പാലൂട്ടല്‍..). തിരിച്ചും അതുപോലെ തന്നെ. അതിക്രമങ്ങള്‍ തടയുക, സംരക്ഷണ കവചം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ആര്‍ജ്ജവത്തോടെ ചെയ്യുന്ന മനുഷ്യപ്രകൃതം പൊതുവേ പുരുഷന്മാരുടേതാണ്. ലിഖിത നിയമങ്ങളിലേക്ക് നോക്കാതെ തന്നെ മനുഷ്യോല്‍പത്തി മുതലുള്ള ചരിത്രം അതാണ്.
കൂരാക്കൂരിരുട്ടുള്ള രാത്രിയില്‍ പുതച്ചുറങ്ങുന്ന സ്ത്രീയും പുരുഷനും പുറത്തു വാതില്‍ക്കല്‍ കൊള്ള സംഘത്തിന്റെ ആള്‍പെരുമാറ്റമറിഞ്ഞാല്‍, ആരാണ് ഇറങ്ങി പ്രതിരോധം തീര്‍ക്കുക? അതിനുള്ള മാനസികാവസ്ഥയും ശാരീരിക പ്രകൃതവും പുരുഷന്റേതല്ലേ? പുരുഷനല്ലേ സംരക്ഷണം ഒരുക്കേണ്ടത്? അതു തന്നെയാണ് ഖുര്‍ആന്‍ പറഞ്ഞതും; ‘പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് സഹായപരിരക്ഷ നല്‍കേണ്ടവരാണ്'(അന്നിസാഅ് 34/4).വചനത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഈ ആശയം വ്യക്തമാക്കുന്നത് കാണുക: ‘ചിലരെ മറ്റുചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചെലവഴിക്കുന്നതിനാലുമാണത്’. ഇതില്‍ ആദ്യമായി ശ്രേഷ്ഠരാക്കി എന്ന് പറഞ്ഞത് അല്ലാഹുവിന്റെ അടുത്തോ സമൂഹത്തിലോ കൂടുതല്‍ സ്ഥാനം നല്‍കി എന്ന അര്‍ഥത്തിലല്ല.
ഭര്‍ത്താവിനെക്കാളും അല്ലാഹുവിനോട് അടുപ്പമുള്ള എത്ര ഭാര്യമാരുണ്ട്! ഭര്‍ത്താവിനെക്കാള്‍ സമൂഹത്തില്‍ സ്ഥാനമുള്ള എത്ര സ്ത്രീകളുണ്ട്! പ്രത്യുത, ശാരീരികവും മാനസികവുമായി പുരുഷനെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന ആശയമാണ് വചനം മുന്നോട്ടു വെക്കുന്നത്.
‘സമ്പത്ത് ചെലവഴിക്കുക’ എന്നാണ് രണ്ടാമതായി പറഞ്ഞത്. കുടുംബത്തിനു വേണ്ടി പണം ചെലവഴിക്കുക എന്നത് പുരുഷന്റെ ബാധ്യതയാണ്, ഉത്തരവാദിത്വമാണ്. സ്ത്രീക്ക് ഈ വലിയ ബാധ്യത ഇല്ല. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത് ‘ചെലവഴിക്കുന്നവര്‍ മേല്‍നോട്ടം വഹിക്കട്ടെ’ എന്നാണ്. ഈ തത്വമാണ് ലോകം മുഴുവന്‍ പിന്തുടര്‍ന്ന് പോരുന്നത്.
എന്തുകൊണ്ട് ചെലവഴിക്കേണ്ട ബാധ്യത പുരുഷനു മാത്രം ഏല്‍പ്പിക്കപ്പെട്ടു? സ്ത്രീക്ക് ഏല്‍പ്പിക്കപ്പെട്ടില്ല? ഇതിന്റെ ഉത്തരം കുടുംബത്തിന്റെ പവിത്രത മനസ്സിലാക്കിയ ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. പ്രധാന ചര്‍ച്ചാവിഷയം അല്ലാത്തതുകൊണ്ട് വിശദീകരിക്കുന്നില്ല.
പ്രസക്തമായ മറ്റൊരു മറുചോദ്യമുണ്ട്. ചില പുരുഷന്മാരെക്കാളും ശത്രുവിനെ പ്രതിരോധിക്കാനും കുടുംബത്തെ സംരക്ഷിക്കാനും പണം ചെലവഴിക്കാനും കഴിയുന്ന സ്ത്രീകള്‍ ഉണ്ടല്ലോ! അതേസമയം തന്നെ, ഭീരുവായ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ ധനം ചെലവഴിക്കാനോ കഴിയാത്ത എത്ര പുരുഷന്മാരുണ്ട്?
ഉത്തരം ലളിതമാണ്. ഏതു പൊതുനിയമത്തിനും അപവാദങ്ങള്‍ ഉണ്ടാവാം. അതിനു പിന്നിലും ധാരാളം ദൈവ യുക്തികളുണ്ട്. പൊതുവേ അംഗീകരിക്കപ്പെട്ട പ്രപഞ്ചനിയമങ്ങള്‍ തന്നെ എടുക്കുക. അവയില്‍ തന്നെ എത്ര അപവാദങ്ങള്‍ കാണാനുണ്ട്. തുലോം വിരളമായ അപവാദങ്ങള്‍ വെച്ചുകൊണ്ട് പൊതുനിയമത്തെ വിമര്‍ശിക്കുന്നത് യുക്തിയല്ല. അത്തരം സാഹചര്യങ്ങളില്‍ അവയോടു യോജിച്ച നിയമങ്ങള്‍ നല്‍കുകയും പൊതുനിയമം അങ്ങനെതന്നെ നിലനിര്‍ത്തുകയുമാണ് വേണ്ടത്.
ഒരു കുടുംബത്തിലെ പുരുഷന്‍ ഭീരുവും സമ്പത്തില്ലാത്തവനും, പകരം സ്ത്രീ ധീരയും സമ്പന്നയും ആകുമ്പോള്‍ അവിടെ ‘ഖവാമത്ത്’ സ്ത്രീക്ക് നല്‍കുകയല്ലാതെ വേറെ മാര്‍ഗമില്ല. പക്ഷേ അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കൂ. വിരളമായ അനുഭവങ്ങള്‍ പൊതു നിയമത്തിന് തടസ്സമല്ല. ഖുര്‍ആനിലെ അദ്ധ്യായം അന്നിസാഅ് വചനം 34 മുന്നോട്ടുവെക്കുന്നത് എക്കാലത്തേക്കുമുള്ള നിയമം തന്നെയാണ്. ആധുനിക സാഹചര്യങ്ങളിലും ഏറെ പ്രസക്തമാണ്.
സഈദ് റമളാന്‍ ബൂത്വി
വിവര്‍ത്തനം: സിനാന്‍ ബഷീര്‍
You must be logged in to post a comment Login