‘We are constrained to say, that it appears, that in its anxiety to suppress dissent and in the morbid fear that matters may get out of hand, the State has blurred the line between the constitutionally guaranteed ‘right to protest’ and ‘terrorist activity’. If such blurring gains traction, democracy would be in peril.’ (എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്രതിഷേധിക്കാനുള്ള ഭരണഘടനാദത്തമായ അവകാശങ്ങളും ഭീകരപ്രവര്‍ത്തനവും തമ്മില്‍ വേര്‍തിരിക്കുന്ന രേഖയുടെ കാര്യം സര്‍ക്കാരിന്റെ മനസ്സില്‍നിന്ന് മാഞ്ഞുപോയതായി തോന്നുന്നു എന്നു പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഈ മനോഭാവത്തിന് കൂടുതല്‍ ബലം വരുന്നത് ജനാധിപത്യത്തിന് ദുഃഖകരമായ അനുഭവമായിരിക്കും).
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ നാം മറന്നിട്ടില്ല. കൊവിഡ് മറ്റെന്തിനെയുമെന്ന പോലെ ആ പ്രതിഷേധങ്ങളെയും ഒരു രാജ്യത്തെ പൗരര്‍ എന്ന നിലയിലെ നമ്മുടെ വിശാലമായ ആശങ്കകളെയും ലോക്ഡൗണിലാക്കിയിരിക്കുന്നു എന്നുമാത്രം. ആ സമരത്തില്‍ പങ്കെടുത്ത മൂന്ന് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയിന്‍മേല്‍ അനുകൂലവിധി പ്രഖ്യാപിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളിലൊന്നിലാണ് നാം മുമ്പേ കടന്നുപോയ ആ വാചകങ്ങള്‍. നടാഷ നര്‍വാള്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവാംഗന കലീത്ത എന്നിവരാണ് മൂന്ന് ജാമ്യഹരജികളുമായി കോടതിയെ സമീപിച്ചത്. നടാഷക്ക് ജാമ്യമനുവദിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവിന്റെ 36-ാം ഖണ്ഡികയിലാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുലും അനൂപ് ജയറാം ഭംബാനിയും എഴുതിയ, ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച വരുംകാല സംവാദങ്ങളില്‍ ഇടം പിടിക്കാന്‍ പോന്ന ആ വരികള്‍.
നിങ്ങള്‍ ശ്രദ്ധിച്ചുവോ, ആ വരികള്‍ മൂന്ന് മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചു എന്നതിനെക്കാള്‍ നിങ്ങളുടെ ശ്രദ്ധയെ, നിങ്ങളുടെ പ്രതീക്ഷകളെ ആകര്‍ഷിച്ചു എന്നത്? എന്തുകൊണ്ടാവാം അത്? ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ അമിതാധികാരത്തിനെതിരെ, ഭരണകൂടത്തിന്റെ ഭരണഘടനാ ബാഹ്യമായ ഇടപെടലുകള്‍ക്കും, ഭരണകൂടത്തിന്റെ മര്‍ദനോപകരണങ്ങള്‍ എന്ന് വിളിപ്പേരുള്ള സംവിധാനങ്ങളുടെ ബലപ്രയോഗങ്ങള്‍ക്കുമെതിരെ ഇത്തരത്തിലുള്ള എത്രയോ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. നിയമചരിത്രത്തില്‍ രേഖപ്പെട്ടിട്ടുണ്ട്. ഇതേ വിധിന്യായത്തില്‍ ഉദ്ധരിക്കപ്പെട്ട ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നിരവധി വിധിപ്രഖ്യാപനങ്ങളില്‍ ഭരണകൂടവുമായി, അധികാര കേന്ദ്രങ്ങളുമായി മുഖാമുഖം നിന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശിരോരേഖയായ ഭരണഘടനക്കുമേല്‍ പാറാന്‍ ശ്രമിച്ച മുഴുവന്‍ അമിതാധികാരത്തെയും കോടതികള്‍ നിയമത്തുമ്പില്‍ നിര്‍ത്തിപ്പൊരിച്ച എത്രയോ നേരങ്ങളുണ്ട്. അന്നൊന്നുമില്ലാത്ത ഒരു അത്യാഹ്ലാദം പക്ഷേ, ഇപ്പോള്‍ നാളെ ഒരുപക്ഷേ സുപ്രീം കോടതി മുമ്പാകെ അസാധുവായിപോലും പോയേക്കാവുന്ന ഈ വിധിക്കും വരികള്‍ക്കും മേല്‍ നമുക്ക് തോന്നുന്നുണ്ട്. നിശ്ചയമായും അത് കൂരിരുട്ടിലെ രജതരേഖയോട് തോന്നുന്ന പ്രതീക്ഷാനിര്‍ഭരമായ അഭിനിവേശമാണ്.
തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ നമുക്ക് ഇപ്പോള്‍ എണ്ണിയെടുക്കാന്‍ കഴിയുന്നത്ര തെളിച്ചമുള്ളതാണ്. നാമിന്ന് കാണുന്ന തീവ്ര വലതു ഹിന്ദുത്വയുടെ അധികാരാര്‍ജനത്തിനും നിയോ ലിബറലൈസേഷന്റെ അക്രമാസക്തമായ പിടിമുറുക്കലിനും രാജ്യം വശപ്പെടാന്‍ തുടങ്ങിയത് തൊണ്ണൂറുകളോടെയാണ്. അക്കാലത്ത് പ്രകമ്പനമായി വന്ന സാമ്പത്തികപരിഷ്‌കരണങ്ങള്‍ ആ മാറ്റത്തിന്റെ ഒരു കാരണമാണ്. ഇന്ത്യന്‍ ഭരണകൂടങ്ങളുടെ അടിസ്ഥാനപരമായ കൂറ് മധ്യ ഉപരിവര്‍ഗത്തിന്റെ സ്വച്ഛജീവിതത്തോടായി ചുരുക്കപ്പെട്ടു. ഭരണകൂടത്തിന്റെ നയങ്ങള്‍ എമ്പാടും ആ വര്‍ഗത്തിന്റെ താല്‍പര്യങ്ങളിലേക്ക് തിരിഞ്ഞു. തുടങ്ങിവെച്ച പരിഷ്‌കരണങ്ങളുടെ സുഗമമായ പ്രവാഹത്തിന് മധ്യ ഉപരിവര്‍ഗത്തിന്റെ സ്വച്ഛമായ ജീവിതം അനിവാര്യതയായിരുന്നു. സ്വാഭാവികമായും അക്കാലത്ത് പാര്‍ലമെന്റ് രൂപം നല്‍കിയ നിയമങ്ങളുടെ മുഖ്യഉപഭോക്താക്കളും ലക്ഷ്യകേന്ദ്രവും അതേ സമൂഹമായിരുന്നു. സോവിയറ്റ് പതനം സമ്പൂര്‍ണമായതോടെ രൂപപ്പെട്ട അമേരിക്ക കേന്ദ്രിത ഏകലോകം ഒരു വലതുപക്ഷ ഏകലോകമായിരുന്നല്ലോ? ആ ലോകത്തേക്ക് തുറക്കപ്പെട്ട നമുക്കും അതുതന്നെ ആയിരുന്നു ലോകവഴി. നമ്മുടെ വിദേശനയത്തില്‍ ഉള്‍പ്പടെ, അത് ഇസ്രയേലിനോടുള്ള സമീപനമായാലും ഫലസ്തീനിനോടുള്ള നിരുപാധിക ഐക്യദാര്‍ഢ്യമായാലും, വലിയ തോതില്‍ മാറ്റം വന്നു. മാറ്റത്തിന് ചൂട്ട് കത്തിക്കുക എന്ന ജോലി ആയിരുന്നു അക്കാലത്തെ മാധ്യമങ്ങള്‍ നിര്‍വഹിച്ചത്. മുഖ്യധാര മാധ്യമങ്ങള്‍ എന്ന് പറയാതിരുന്നത് മനഃപ്പൂര്‍വമാണ്. അക്കാലം മുഖ്യധാരകളുടേത് മാത്രമായിരുന്നു എന്ന് ഇന്നാലോചിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യമാവും. മാധ്യമങ്ങളുടെ ഉടമസ്ഥത, മാധ്യമ ഉടമസ്ഥതയുടെ മൂലധന താല്‍പര്യം, പരസ്യങ്ങളും വാര്‍ത്തകളും തമ്മിലെ അതിര്‍വരമ്പുകളുടെ മാഞ്ഞുപോകല്‍ തുടങ്ങി ഒട്ടേറെ മാറ്റങ്ങള്‍ക്ക് അക്കാലം സാക്ഷ്യം വഹിച്ചു. പേജ് 3 പ്രയോഗത്തിന്റെ വരവ് ഓര്‍മിക്കുക.
നമ്മുടെ പൊതുരാഷ്ട്രീയത്തിന്റെ സത്താപരമായ നിലനില്‍പ് അങ്ങേയറ്റം അപകടത്തിലായ കാലമായിരുന്നു അത്. രാഷ്ട്രീയം സമം അഴിമതി എന്ന സമവാക്യം നിര്‍മിക്കുന്നതില്‍ അക്കാല മാധ്യമങ്ങള്‍ വിജയിച്ചു. ബിഹാര്‍ ഉള്‍പ്പടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങള്‍ക്കും ബദല്‍ ആലോചനകള്‍ക്കും ഈറ്റില്ലമായിരുന്ന മേഖലകളില്‍ നിന്ന് അഴിമതിക്കഥകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. ലിബറല്‍ സാമ്പത്തിക നയങ്ങള്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് ലോകത്തെവിടെയും ഇത്തരം അഴിമതികള്‍ക്കുള്ള അവസരങ്ങള്‍ വെച്ചുനീട്ടുക പതിവാണ്. എന്നാല്‍ അഴിമതിയുടെ കാരണങ്ങള്‍ പോലെ നിര്‍ബന്ധമായും നടത്തേണ്ട അന്വേഷണങ്ങള്‍ മാധ്യമങ്ങള്‍ നടത്തിയില്ല. മറിച്ച് ഒരു ബദല്‍ മുന്നോട്ടുവെക്കാന്‍ കഴിവുള്ള മുഴുവന്‍ രാഷ്ട്രീയ പ്രദേശങ്ങളെയും അഴിമതിയുടെ ഈറ്റില്ലങ്ങളായി അവര്‍ അവതരിപ്പിച്ചു. സാമ്പത്തികാവസരങ്ങളുടെ പുതുലോകം തുറന്നിട്ട സമൃദ്ധിയില്‍ കണ്ണുമഞ്ഞളിച്ച മധ്യഉപരിവര്‍ഗത്തിന് സ്വാഭാവികമായും അഴിമതിക്കാര്‍ എന്ന് മുദ്രവെക്കപ്പെട്ട രാഷ്ട്രീയക്കാരോട് വിദ്വേഷം രൂപപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യരാഷ്ട്രീയത്തില്‍ നിന്ന് ദേശീയപ്രസ്ഥാനത്തിന്റെ ഓര്‍മകള്‍ മാഞ്ഞുതുടങ്ങിയ കാലവുമായിരുന്നു അത്. ലിബറലൈസേഷന്റെ ഗുണഭോക്താക്കളായ ഉപരി-മധ്യ വര്‍ഗത്തിലെ പുതുതലമുറയില്‍ കക്ഷി രാഷ്ട്രീയത്തോട് അവജ്ഞ വളര്‍ത്തുന്നതില്‍ പത്രങ്ങളും ടെലിവിഷനും സിനിമകളും വലിയ പങ്കുവഹിച്ചു. ഒരു നവലിബറല്‍ മനോനില സാമൂഹിക സ്ഥാപനമായി മാറുകയായിരുന്നു.
ഈ മാറ്റത്തിന്റെ പ്രഭാവത്തില്‍ നിന്ന് കോടതികളും മുക്തമായിരുന്നില്ല. രാജ്യത്ത് രൂപപ്പെട്ട നവലിബറല്‍ മൂല്യങ്ങളുടെ പതാകകള്‍ കോടതിക്കുള്ളില്‍ പാറിക്കളിച്ചു. കോര്‍പറേറ്റ് താല്‍പര്യത്തിനുള്ള നിയമനിര്‍മാണങ്ങള്‍ക്ക് കണ്ണും പൂട്ടി അനുമതി നല്‍കുന്ന സ്ഥാപനമായി കോടതികള്‍ മാറി. പൊതുതാല്‍പര്യ ഹരജികള്‍ പ്രശസ്തി താല്‍പര്യ ഹരജികളായി മാറുന്നതും അതിന്‍മേല്‍ ന്യായാധിപര്‍ ലിബറല്‍ സമൂഹത്തിന്റെ കയ്യടികള്‍ക്ക് ശ്രമിക്കുന്നതും നാം കണ്ടു. ടി എന്‍ ശേഷന്‍, കിരണ്‍ ബേദി തുടങ്ങിയവര്‍ മുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനം വരെയുള്ള ഉദ്യോഗസ്ഥരുടെ അതിരുവിടലുകള്‍ക്ക് കിട്ടിയ ലിബറല്‍ കയ്യടികള്‍ ന്യായാധിപര്‍ക്കും ലഭിച്ചുതുടങ്ങി.
ഇങ്ങനെ രൂപപ്പെട്ട ഒരു ലിബറല്‍ ഇന്ത്യയിലാണ് തീവ്രഹിന്ദുത്വയുടെ അധികാരാരോഹണം നടക്കുന്നത്. രാഷ്ട്രീയം സമം അഴിമതി എന്ന പൊതുബോധം അരാഷ്ട്രീയതക്ക് വിത്തെറിയുകയും അത് ഭൂരിപക്ഷ വര്‍ഗീയതക്ക് കളം പിടിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഭൂരിപക്ഷ വര്‍ഗീയത അല്ലെങ്കില്‍ തീവ്ര വലതുഹിന്ദുത്വ ഒരു രാഷ്ട്രീയ രൂപം എന്ന നിലയിലല്ല മറിച്ച് മധ്യ ഉപരിവര്‍ഗ മനോനില എന്ന നിലയിലാണ് ഇന്ത്യയില്‍ തഴച്ചത്. മധ്യ-ഉപരി വര്‍ഗത്തിന്റെ ആശ്രിതത്വം വലിയ തോതില്‍ അനുഭവിക്കുന്ന കീഴ്ത്തട്ട് ജനത, അവരുടെ ഉടമകളുടെ രാഷ്ട്രീയത്തെ പിന്തുടരുന്നത് സ്വാഭാവികവുമാണ്. അതിനാലാണ് കടുത്ത അഴിമതി ആരോപണങ്ങള്‍ക്കും കെടുകാര്യസ്ഥതകള്‍ക്കുമിടയിലും പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ലോക്‌സഭയിലും തീവ്രഹിന്ദുത്വയുടെ വേരുറപ്പ് നാള്‍ക്കുനാള്‍ വര്‍ധിച്ചത്. അതായത് നവലിബറലൈസേഷന്‍ സംജാതമാക്കിയ മനോനിലയുടെ ഉത്പന്നമാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം. അതിന് തടമൊരുക്കാന്‍ മത്സരിച്ചവരില്‍ നിര്‍ഭാഗ്യവശാല്‍ ജുഡീഷ്യറിയുമുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണവേളയില്‍ അതിസൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒന്നാണ് സ്വതന്ത്ര ജുഡീഷ്യറിയുടെ സംസ്ഥാപനം. ആ സ്വതന്ത്രതക്ക് ഇപ്പോഴും പ്രത്യക്ഷത്തില്‍ വലിയ പോറലുകള്‍ ഉണ്ടായിട്ടില്ല. പക്ഷേ, പൊതു മനോനില അവയുടെ വിവിധ തലങ്ങളില്‍ രൂക്ഷമായി പ്രകടമാണുതാനും. അയോധ്യ വിധി നിങ്ങള്‍ ഓര്‍ക്കുക. ലിബറല്‍ മധ്യവര്‍ഗ മനോനിലയില്‍ ശക്തമായി നില്‍ക്കുന്ന ഭൂരിപക്ഷ താല്‍പര്യമായിരുന്നു ആ വിധിയില്‍ പ്രകടമായത്. ഒരു ഘട്ടത്തില്‍ പരമോന്നത കോടതിയുടെ നിരവധി ഇടപെടലുകള്‍ ഈ മനോനിലയുടെ പ്രകാശനങ്ങളായി മാത്രം മാറി. രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യ മനുഷ്യര്‍ക്ക് നടുക്കമുളവാക്കുന്നതായിരുന്നു ആ മാറ്റം. ഈ കുറിപ്പിന്റെ തുടക്കത്തില്‍ നമ്മെ പ്രതീക്ഷാനിര്‍ഭരരാക്കിയ ആ വരികള്‍ ഹൈക്കോടതിയില്‍ നിന്ന് പുറപ്പെട്ടു എന്നത് വസ്തുതയാണെങ്കിലും നവലിബറലൈസേഷനും അതിന്റെ സൃഷ്ടിയായ ഇന്ത്യന്‍ വലതു രാഷ്ട്രീയവും കോടതിമുറികളില്‍ നിന്ന് സമ്പൂര്‍ണമായി അപ്രത്യക്ഷമായി എന്ന് കരുതാന്‍ ഇപ്പോഴും ന്യായമില്ല. പക്ഷേ, കൂരിരുട്ടിലെ രജതരേഖ എന്ന് മുന്‍പേ പറഞ്ഞതുപോലെ ചില വെളിച്ചങ്ങളുടെ തുരുത്തുകള്‍ സമീപകാലത്തായി രൂപപ്പെടുന്നു എന്നത് ജനാധിപത്യത്തെ സംബന്ധിച്ച് വലിയ കാര്യമാണ്.
ലോകത്തിന്റെ ലിബറല്‍ മനോനിലക്ക് കൊവിഡ് ഏല്‍പ്പിച്ച ആഘാതങ്ങളെക്കുറിച്ച് ഇന്ന് നാം മനസിലാക്കുന്നുണ്ട്. സാമ്പത്തികാവസ്ഥയും മനോനിലയും തമ്മിലെ ബന്ധം ഒരു പുതിയ വിഷയമല്ല. അനിശ്ചിതത്വങ്ങള്‍ മനുഷ്യരുടെയും ഭരണകൂടങ്ങളുടെയും സ്വഭാവത്തെ പലരൂപത്തില്‍ മാറ്റുമല്ലോ? കൊവിഡ് രാഷ്ട്രങ്ങളുടെ സാമ്പത്തിക ജീവിതത്തെ മാത്രമല്ല ഭരണകൂടത്തിന്റെ ദാര്‍ഢ്യത്തെയും പ്രതികൂലമായി ബാധിച്ചു. മനുഷ്യരാശി ഒരു വഴിത്തിരിവിലാണെന്ന ബോധം പ്രകടമായി. ലിബറലിസത്തിന്റെ സാമ്പത്തികമാത്രാ യുക്തികള്‍ കൊണ്ട് മാത്രം വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല മനുഷ്യരുടെ ജീവിതം എന്നുവന്നു. കൊവിഡ് ലിബറല്‍ സമൂഹത്തിന്റെ മുന്‍ഗണനകളെ പാടേ മാറ്റി. കൊവിഡ് കാലത്തെ ഇന്ത്യന്‍ മാധ്യമങ്ങളുടെ സമീപനം സൂക്ഷിച്ചുനോക്കുക. അതിന്റെ പരമാധികാര സ്വഭാവമുള്ള ഭാഷയില്‍ തീരെ ചെറുതെങ്കിലും ഗണനീയമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. കൂടുതല്‍ മനുഷ്യോന്മുഖവും കൂടുതല്‍ ജനാധിപത്യോന്മുഖവും ആകേണ്ടതിനെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ പ്രകടമാണ്. ആ മാറ്റങ്ങള്‍ ജുഡീഷ്യറിയിലേക്ക് പടര്‍ന്നതിന്റെ ഗംഭീരമായ സൂചനയായിരുന്നു വാക്‌സിന്‍ വിഷയത്തിലെ ഇടപെടല്‍. ഒരു നവലിബറല്‍ തീവ്രവലതു സര്‍ക്കാരിന്റെ മുന്‍ഗണന എന്ത് അഥവാ അവരുടെ പരിഗണന ആരോട് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു കൊവിഡ് കാര്യത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വാക്‌സിനേഷന്‍ എന്ന ഭരണകൂട ബാധ്യതയെ അത് ജനങ്ങളിലേക്ക് അടിച്ചേല്‍പിച്ചു. പെരുംകച്ചവടത്തിന് കളമൊരുക്കി. ആ സമയത്താണ് സുപ്രീം കോടതി അതിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് നടത്തിയത്. അധികാരമേറ്റതിന് ശേഷം ഇതാദ്യമായി നമ്മുടെ പ്രധാനമന്ത്രി ഒരു ഭരണകൂട സ്ഥാപനത്തിന്റെ ആജ്ഞക്ക് മുന്നില്‍ തലതാഴ്ത്തുന്നത് രാജ്യം കണ്ടു. വാക്‌സിന്‍ സൗജന്യമാക്കി. തീവ്രഹിന്ദുത്വയുടെ അധികാരാര്‍ജനത്തിന് ശേഷം ആദ്യമായാണ് കേന്ദ്രഭരണകൂടത്തിനെതിരെ അതിശക്തമായ നിലപാടുമായി കോടതി രംഗത്തുവന്നത്. രാജ്യത്തെ കോടിക്കണക്കായ ജനതയുടെ നാവായി ആ നിമിഷം ജുഡീഷ്യറി മാറി. ജുഡീഷ്യല്‍ സംവിധാനത്തിന്റെ മനോനിലയില്‍ ചെറുതെങ്കിലും പ്രബലമായ മാറ്റം. ജുഡീഷ്യറിക്ക് മീതെ പലനിലകളില്‍ പൊതിയപ്പെട്ടിരുന്ന കമ്പളം നീങ്ങുന്ന കാഴ്ച. കൊവിഡ് അതിശക്ത ഭരണകൂടങ്ങളെ ദുര്‍ബലമാക്കും എന്ന് പറഞ്ഞല്ലോ? ജനാധിപത്യത്തിന്റെ ജനാധിപത്യപരവും സൗന്ദര്യപൂര്‍ണവും മനുഷ്യോന്മുഖവുമായ നടത്തിപ്പിന് അതിശക്ത ഭരണകൂടങ്ങളെക്കാള്‍ ദുര്‍ബല ഭരണകൂടങ്ങളാണ് ഉതകുക. സംശയമുള്ളവര്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കാരുകളെ ഓര്‍ക്കാം. വി.പി സിംഗ് മുതല്‍ ഒന്നാം മന്‍മോഹന്‍ സിംഗ് വരെ ഉദാഹരണങ്ങള്‍ പലതുണ്ട് പറയാന്‍. അത്തരം ദുര്‍ബല ഭരണകൂടങ്ങളെ തിരുത്താന്‍ ജനാധിപത്യത്തിലെ മറ്റ് പ്രബലസ്ഥാനങ്ങള്‍ക്ക് പലപ്പോഴും കഴിയും.
ഇനി ആരംഭത്തിലേക്ക് വരാം. തീവ്രദേശീയതയായിരുന്നല്ലോ വലത് ഹിന്ദുത്വയുടെ ഭരണകവചം. ആ ദേശീയതയെ മുന്‍നിര്‍ത്തിയാണ് അവര്‍ പ്രതിഷേധങ്ങള്‍ക്കു മീതെ രാജ്യദ്രോഹം പോലുള്ള മാരകനിയമങ്ങള്‍ കൊണ്ട് വേലി കെട്ടിയത്. രാജ്യത്തെ ആസൂത്രിതമായി, മാരകമായി അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മീതെ സൂക്ഷ്മമായി പ്രയോഗിക്കേണ്ട ഒന്നാണ് യു എ പി എ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍. രാജ്യത്തെ അസ്ഥിരപ്പെടുത്താനും ജനാധിപത്യത്തെ അട്ടിമറിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ കരുതലോടെ പ്രയോഗിക്കേണ്ടതാണ് ദേശദ്രോഹക്കുറ്റം. ദേശം എന്നാല്‍ ദേശത്തെ മനുഷ്യരുടേതാണ്. മനുഷ്യരില്‍ നിന്ന് വേറിട്ട അസ്തിത്വമായി ദേശത്തെ പരിഗണിക്കുന്നത് ഫാഷിസ്റ്റുകളാണ്. ദേശത്തെ മനുഷ്യര്‍ക്കെതിരില്‍ ദേശദ്രോഹക്കുറ്റം ചുമത്തുക എന്നത് ഇപ്പോള്‍ രാജ്യത്തെമ്പാടും നടത്തുന്നതുപോലെ നടത്തേണ്ട ഒന്നല്ല. അക്കാര്യമാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി ദീര്‍ഘമായി പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി അടുത്തിടെ പറഞ്ഞതും മറ്റൊന്നല്ല. രാജ്യം അതിന്റെ പൗരരുടേതാണെന്നും പൗരര്‍ക്ക് മേലല്ല ഒരു ഭരണകൂടമെന്നും പറയുകയാണ് കോടതി.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരെ സംബന്ധിച്ച്, പൗരത്വ പ്രതിസന്ധിയിലേക്ക് ഭരണകൂടം ഉന്തിയിടാന്‍ ഒരുങ്ങുന്ന മനുഷ്യരെ സംബന്ധിച്ച്, അവകാശങ്ങള്‍ അനുദിനം കവര്‍ന്നെടുക്കപ്പെടുന്ന മനുഷ്യരെ സംബന്ധിച്ച് ഈ ജാമ്യഹരജികളിലെ നിരീക്ഷണങ്ങള്‍ പഠിക്കേണ്ടതും സൂക്ഷിച്ചുവെക്കേണ്ടതുമായ പാഠപുസ്തകങ്ങളാണ്. അതിജീവന സമരത്തിനിടെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന അനേകം ആഇശ സുല്‍ത്താനമാര്‍ക്ക് ഈ വാചകങ്ങള്‍ തുണയാണ്. അലനും താഹയും പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് വാദിക്കാനുള്ള വഴിയാണ്. അന്നവും ചികിത്സയും നിഷേധിക്കപ്പെട്ട് രാജ്യത്തെ തടവറകളില്‍ കഴിയുന്ന രാഷ്ട്രീയ പ്രവര്‍ത്തകരായ നൂറു കണക്കിന് വിചാരണത്തടവുകാര്‍ക്ക് നീതിയിലേക്കുള്ള ജാലകമാണ്. അതിലുപരി എല്ലാം ഇരുള്‍ വിഴുങ്ങുന്നുവല്ലോ എന്ന നമ്മുടെ ഭയങ്ങള്‍ക്ക് ഒട്ടും ചെറുതല്ലാത്ത ഒരു ശമനമാണ്.
ഇത് തുടരുമോ എന്നാണോ? പ്രതീക്ഷകളാണ് മാറ്റങ്ങളുടെ മാതാവ്.
കെ കെ ജോഷി
You must be logged in to post a comment Login