ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കി കുത്തകകള്‍ വളരുന്ന സാഹചര്യം ഇന്ത്യയെപ്പോലെ ജനസംഖ്യ വര്‍ധിച്ച രാജ്യത്തിന് ഗുണം ചെയ്യില്ല. അത് കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും പാപ്പരാക്കി വിടാനേ ഉപകരിക്കൂ. അരി, ഗോതമ്പ്, ചോളം, കരിമ്പ്, കശ്മീരിലെ ആപ്പിള്‍ തുടങ്ങിയ കൃഷി വിഭവങ്ങള്‍ കോര്‍പറേറ്റ് ലോബി തീരുമാനിക്കുന്ന വില കൊടുത്ത് വാങ്ങേണ്ടിവരുമ്പോള്‍ നിത്യദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കാണ് ദൈനംദിന ജീവിതം നീങ്ങുക. അതുകൊണ്ട് കര്‍ഷക സമരം വിജയിച്ചേ പറ്റൂ. അതിന് പിന്തുണ നല്‍കേണ്ട ഉത്തരവാദിത്വം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. ഇത് പഞ്ചാബിലെ, ഉത്തര്‍പ്രദേശിലെ, വടക്കേ ഇന്ത്യയിലെ പ്രശ്‌നമായി കാണാതെ അന്നം തരുന്നവര്‍ക്കുള്ള പിന്തുണയായി കണക്കിലെടുത്ത് കൂടെ നിന്നാലേ കുത്തക വത്കരണ മാഫിയയില്‍നിന്ന് രാജ്യത്തിനും മഹാഭൂരിപക്ഷം പാവപ്പെട്ട ജനങ്ങള്‍ക്കും രക്ഷപ്പെടാനാകൂ. ഇടശ്ശേരി കവിതയിലെ കോമന്‍ ജന്മിയോടാണ് ചെറുത്തുനിന്നതെങ്കില്‍ പുതിയ നാഗരികതയില്‍ കോര്‍പറേറ്റ് വാമനന്മാരോടാണ് കൃഷിക്കാര്‍ക്ക് എതിരിടേണ്ടിവരുന്നത്. അതില്ലാതാക്കാന്‍ സമരം പൊളിക്കലും കള്ളക്കേസ് ചുമത്തലും സമരം ചെയ്യുന്നവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തലും ഭരണഭാഗത്തുനിന്ന് ഉണ്ടാകുന്നു. അത് തിരിച്ചറിഞ്ഞ് രാജ്യത്തെ നിയമം അനുസരിച്ച് തന്നെ സമരം നടത്തി അവകാശം നേടിയെടുക്കാന്‍ കഴിയുന്നിടത്തേ കുത്തകകളുടെ നേര്‍ക്കുള്ള പ്രതിരോധം സാധ്യമാകൂ. സമരം ചെയ്യുന്നവര്‍ക്ക് സഹായം നല്‍കുക എന്നിടത്ത് ഇതുവരെ പട്ടിണിക്കിടാതെ കൃഷി വിഭവങ്ങള്‍ നല്‍കിയവരോട് നന്ദിയോടെ പെരുമാറുന്നുവെന്ന ജനാധിപത്യ മര്യാദയുണ്ട്.
കഴിഞ്ഞകാലം വരെ ഭക്ഷണ ഇറക്കുമതിയിലും പേറ്റന്റിലും നമ്മളെ പറ്റിച്ച കോര്‍പ്പറേറ്റ് കമ്പനികള്‍ കൃഷിക്കാരനിലേക്കും കൃഷിയിലേക്കും കണ്ണ് വെച്ചതിന്റെ ദുഷ്ടലാക്ക് പറയാതെ തന്നെ ആര്‍ക്കും അറിയാം. ജലം, ഭക്ഷണം, കൃഷി, ധാതുനിക്ഷേപം എന്നിവ സ്വന്തമാക്കുന്നതിലൂടെ ആരാണ് ജയിക്കുകയെന്ന് മനസ്സിലാക്കാന്‍ വലിയ ബിരുദമൊന്നും വേണ്ട. അന്നം മുട്ടുമ്പോള്‍ അരിശം കേറും എന്ന നാടന്‍ പഴമൊഴി അത് സാധൂകരിക്കുന്നു. കര്‍ഷകന്റെ വിളവ് അദാനിയെപ്പോലുള്ള കുത്തകകള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന വിലക്ക് കൊടുക്കേണ്ടിവരികയും അവര്‍ പറയുന്ന വിലകൊടുത്ത് വാങ്ങേണ്ടിവരികയും ചെയ്യുമ്പോള്‍ ഈ കര്‍ഷക സമരം ചര്‍ച്ച ചെയ്യപ്പെടാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിന് കടന്നുപോകാനാകില്ല.
ടെലികോം വ്യവസായം ഇന്നെത്തിനില്‍ക്കുന്ന നില, കുടിവെള്ളം വന്‍കിട നഗരങ്ങളില്‍ വിറ്റ് കാശാക്കുന്നത്, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യതക്ക് കൈമാറ്റം ചെയ്യുന്നത് ഇതൊക്കെയറിഞ്ഞിട്ടും കുലുക്കമില്ലെങ്കില്‍ നാളെ തെരുവിലായിരിക്കും നമ്മുടെ അന്തിയുറക്കം. അത് പൗരന്‍ എന്ന നിലയില്‍ ഗുണകരമല്ല.
ഗ്രാമീണ മേഖലയിലെ കര്‍ഷക സംഗമങ്ങള്‍ പലയിടത്തുമിപ്പോള്‍ തുടങ്ങിക്കഴിഞ്ഞു. കോര്‍പ്പറേറ്റുകളോട് ഏറ്റുമുട്ടുന്ന സമാധാനത്തിന്റെ പാത സ്വീകരിച്ച കൃഷിക്കാര്‍ക്ക് ജയം അത്ര എളുപ്പമല്ല. തങ്ങളുടെ തോല്‍വി വരാനുള്ള പല പിടിച്ചെടുക്കലുകള്‍ക്കും തടസ്സമാകുമെന്ന് കോര്‍പ്പറേറ്റുകള്‍ക്കും അറിയാം. ഭരണകൂടം കോര്‍പ്പറേറ്റുകളെ പിന്തുണക്കുമ്പോള്‍ സഹന സമരത്തിന്റെ ദിനരാത്രങ്ങളുമായി തെരുവില്‍ കിടക്കുന്ന കര്‍ഷകനൊപ്പമോ നമ്മുടെ അടുപ്പമെന്ന് മനസാക്ഷിയുള്ളവരോരോത്തരും സ്വയം ചോദിച്ച് തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.
മൂലധന താല്പര്യത്തോട് അക്രമരഹിത സമാധാന സമരം എന്നത് സ്വീകാര്യമായ അവകാശ പ്രഖ്യാപനം തന്നെയാകുന്നു. അത് കണ്ടില്ലെന്ന് എത്ര നടിച്ചാലും ലോകം എല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ വാര്‍ത്താ ചാനലുകളല്ല, വിദേശ വാര്‍ത്താ ഏജന്‍സികളാണ് സമരത്തിന് ആഗോള മുഖം നല്‍കിയത്. സമരത്തെ തകര്‍ക്കാനുള്ള വിശദീകരണങ്ങള്‍ അതിനിടയില്‍ വിലപോയില്ല. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ പൗരന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള പ്രതീക്ഷക്ക് അത് പ്രകാശം ചൊരിയുന്നു. വന്‍കിട മൂലധന താല്പര്യത്തോടുള്ള വിയോജിപ്പ് എന്നതിലപ്പുറം വന്‍കിട കോര്‍പറേറ്റ് ചൂഷണത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍ നമ്മളത് കാണേണ്ടിയിരിക്കുന്നു. ചൂഷിതരുടെ ലക്ഷ്യം എപ്പോഴും ലാഭം എന്നതാണ്. അവിടെ പൗരന്‍ പുറത്താക്കപ്പെടുന്നു, ഉപഭോക്താവ് നിര്‍മിക്കപ്പെടുന്നു.
കൃഷി അവതാളത്തിലാകുമ്പോള്‍ അതോടനുബന്ധമായിട്ടുള്ള ഒട്ടനവധി ജീവിതോപാധികളും കൂടി ആഘാതത്തില്‍പെടുന്നു. കന്നുകാലി വളര്‍ത്തല്‍, പച്ചക്കറികള്‍, പുല്ല് കച്ചവടം, പാല്‍കച്ചവടം ഇങ്ങനെ നിരവധി അനുബന്ധ വ്യവഹാരങ്ങള്‍. അതുകൊണ്ട് സമ്പദ് വ്യവസ്ഥ കൃഷി കേന്ദ്രമായി നിലനില്‍ക്കുന്ന സമൂഹത്തില്‍ കര്‍ഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അവകാശം വകവച്ചുനല്‍കേണ്ടതുണ്ട്. അത്തരത്തിലൊരു ഇന്ത്യക്കേ ബഹുസ്വരത നിലനിര്‍ത്തിപ്പോകാനാവൂ.
ഈയവസരത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘ലേബലിംഗ് ആന്‍ഡ് ഡിസ്‌പ്ലേ’ നിയമത്തെക്കുറിച്ച് വന്ദനശിവ എഴുതിയതുകൂടെ കൂട്ടിവായിക്കാം.
‘ആരോഗ്യപൂര്‍ണമായ വൈവിധ്യം നിറഞ്ഞ ഭക്ഷണ സംസ്‌കാരമാണ് ഇന്ത്യയുടേത്. ഇത് പകര്‍ന്നുനല്‍കിയതാകട്ടെ അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള, ജീവിതത്തിന്റെയും ഭക്ഷണകലയുടെയും ശാസ്ത്രമായ ആയുര്‍വേദവും. അന്നം സര്‍വൗഷധിയാണ്. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ‘ലേബലിംഗ് ആന്റ് ഡിസ്‌പ്ലേ’ നിയമം ദേശീയ- പൊതുജനാരോഗ്യ- ശാസ്ത്ര- ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തിലേക്ക് കടന്നുകയറുന്നു എന്നതുകൊണ്ടാണ് ഈ കരട് നയത്തെ ദേശീയ വിരുദ്ധമെന്ന് വിളിക്കുന്നത്. നിയമ വിരുദ്ധമായതിനെ നിയമപരമാക്കാനും ആരോഗ്യപൂര്‍ണവും തദ്ദേശീയവുമായ ഭക്ഷണ സംസ്‌കാരത്തെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെയും ക്രിമിനല്‍വല്‍കരിക്കാനുമാണ് ഈ നയം കൊണ്ടുവരുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.’
ഭക്ഷ്യ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റത്തെ പ്രതിപാദിക്കുന്നതിനിടയില്‍ എല്ലാവര്‍ക്കും അറിയാവുന്നതും ഇപ്പോഴും സംശയം തീര്‍ന്നിട്ടില്ലാത്തതുമായ വെളിച്ചെണ്ണ, പഞ്ചസാര എന്നിവയെപ്പറ്റി വന്ദന ശിവ ഇങ്ങനെ വ്യക്തമാക്കുന്നു.
കൊഴുപ്പ്
കടുക്, നാളികേരം, നിലക്കടല, ചണം, എള്ള് തുടങ്ങിവയില്‍നിന്നുല്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണകള്‍ കൊണ്ട് സമ്പന്നമായിരുന്ന നമ്മുടെ രാജ്യം ഇന്ന് ആശ്രയിക്കുന്നത് എഴുപത് ശതമാനം വരുന്ന പാമോയില്‍, ജനിതകമാറ്റം വരുത്തിയ സോയ എണ്ണ എന്നിവയുടെ ഇറക്കുമതിയെയാണ്. 1998ല്‍ നമ്മുടെ ദേശീയമായ എണ്ണക്കുരുക്കളെയും ഭക്ഷ്യഎണ്ണകളെയും സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ സമരം നടത്തിയിരുന്നു. വ്യാവസായിക ഭക്ഷ്യ സംസ്‌കരണ ലോബി നടത്തിയ വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് നമ്മുടെ വെളിച്ചെണ്ണയും കടുകെണ്ണയും എല്ലാം ആരോഗ്യദായകമെന്ന് പേരെടുത്തുകഴിഞ്ഞു. എന്നാല്‍, ഭക്ഷ്യനയം, വ്യാപാരനയം, ശാസ്ത്രീയ ഗവേഷണം എന്നിവയിലെ ഈ ലോബിയുടെ സ്വാധീനവും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കാന്‍ ഇവരൊഴുക്കുന്ന വന്‍തോതിലുള്ള പണവും വിപണിയിലെ നമ്മുടെ തദ്ദേശ ഭക്ഷ്യഎണ്ണകളുടെ സ്ഥാനത്തെ കൊഴുപ്പുനിറഞ്ഞ മറ്റ് എണ്ണകള്‍(ട്രാന്‍സ്ഫാറ്റുകള്‍) പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷ്യ പദാര്‍ഥങ്ങള്‍ ഹൃദ്രോഗസാധ്യത 23 ശതമാനം വരെ കൂട്ടുമെന്ന് 2012ല്‍ ആനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ട്രാന്‍സ്ഫാറ്റുകള്‍ വാസ്തവത്തില്‍ മെഴുകുതിരി നിര്‍മിക്കാനായി കണ്ടെത്തിയവയാണ്. എന്നാല്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ലര്‍ ഇതിന്റെ പേറ്റന്റ് കൈവശപ്പെടുത്തിയതോടെ ഇവ വിലകുറച്ച് ഭക്ഷ്യപദാര്‍ഥങ്ങളുടെ ഉല്പാദനത്തിനായും ഉപയോഗിക്കപ്പെട്ടു. മിക്ക രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കളില്‍ ട്രാന്‍സ്ഫാറ്റ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത ഈ ഉത്പന്നങ്ങളെയാണ് കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പഞ്ചസാര
കരടില്‍ പഞ്ചസാരയെ നിര്‍വചിച്ചിരിക്കുന്നതും അശാസ്ത്രീയമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന തൂവെള്ള നിറത്തിലുള്ള പഞ്ചസാര ആരോഗ്യത്തിന് ഹാനികരമാണ്. കരിമ്പിലുള്ള സ്വാഭാവിക പോഷണങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ഫാക്ടറിയില്‍ പഞ്ചസാര പുറത്തെത്തുന്നത്. ഇവയുടെ ഉപയോഗം ജനിതകത്തകരാറിലും മാറാവ്യാധിയിലുമാകും കൊണ്ടെത്തിക്കുക. സ്വാഭാവികനിന്ന് പഞ്ചസാരയാണോ കൃത്രിമ പഞ്ചസാരയാണോ ഉല്പന്നത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാത്തതിലൂടെ കൃത്രിമ പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍ ഉപഭോക്താക്കളില്‍നിന്ന് മറച്ചുവെക്കുകയാണ് ചെയ്യുന്നത്. സ്വാഭാവിക പഞ്ചസാരയുടെ ഗുണങ്ങളും ഇതിനൊപ്പം മറച്ചുപിടിക്കപ്പെടുന്നു. ലേബലിങ് നിയമ പ്രകാരം അന്നം ബ്രഹ്മം എന്നു വിശേഷിപ്പിക്കുന്ന പോഷക സമ്പന്നമായ അന്നത്തിന് പകരം ആരോഗ്യത്തിന് ഹാനികരമായ നിലവാരം കുറഞ്ഞ വ്യാജ ഭക്ഷണങ്ങളാണ് ഞങ്ങളെ ഊട്ടാന്‍ തയാറെടുക്കുന്നത്.
ഡോ. വന്ദനശിവ ഈ നിയമത്തെപ്പറ്റി ഇങ്ങനെ ഉപസംഹരിക്കുന്നു: ‘ചുരുക്കത്തില്‍ ഇപ്പോള്‍ തയാറാക്കിയിട്ടുള്ള കരട് നയം ഇന്ത്യന്‍ സംസ്‌കാരത്തിനും ജൈവ വൈവിധ്യം നിറഞ്ഞ അതിന്റെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണ്. പ്രാദേശികതലത്തില്‍ ചെറുകിട ഉത്പാദകര്‍ നിര്‍മിക്കുന്ന സ്വദേശി ഭക്ഷ്യവസ്തുക്കള്‍ക്ക് അശാസ്ത്രീയമെന്ന പേര് നല്‍കുന്നതിലൂടെ ഇന്ത്യയുടെ ആരോഗ്യപരമായ ഭക്ഷ്യസംസ്‌കാരത്തിനും സമ്പദ്ഘടനക്കും മരണമണി മുഴക്കുകയും കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. ജനിതകമാറ്റം നടത്തിയ സോയ എണ്ണയുടെ ഇറക്കുമതിക്കായി ഇന്ത്യയിലെ ഭക്ഷ്യഎണ്ണയുല്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ 1990കളുടെ അവസാനം തുടങ്ങിവെച്ച അതേ ശ്രമങ്ങളാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്. ഇത്തരമൊരു നയം കൊണ്ടുവന്നതിനു പിന്നില്‍ വിദേശ താല്പര്യങ്ങളാണെന്നത് പകല്‍പോലെ വ്യക്തം.
ഇന്ത്യയുടെ ഭക്ഷ്യപരമാധികരാവും പൈതൃകവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും നല്ല ഭക്ഷണത്തിനുള്ള ഓരോ ഇന്ത്യക്കാരന്റെയും അവകാശം ഇല്ലാതാക്കി ഈ നിയമത്തിലൂടെ ബഹുരാഷ്ട്ര കുത്തകകള്‍ വിതരണം ചെയ്യുന്ന അനാരോഗ്യകരമായ ഭക്ഷണ സംസ്‌കാരം അടിച്ചേല്പിക്കുകയും ചെയ്താല്‍ അതിനെ ഞങ്ങള്‍ അന്ന സത്യഗ്രഹം എന്നുവിളിക്കും. ഞങ്ങളുടെ വൈവിധ്യമാര്‍ന്നതും സമ്പന്നവും കൃത്രിമമില്ലാത്തതുമായ ഭക്ഷ്യസ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ഞങ്ങളുടെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നതിനെതിരെയുള്ള ചെറുത്തുനില്പാണത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഞങ്ങളുടെ ആരോഗ്യത്തിനും അന്ന സ്വരാജിനുമായുള്ള ചെറുത്തുനില്പ്.’
കൃഷിക്കാരുടെ സമരം നീണ്ടുപോകുന്തോറും സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനത ചര്‍ച്ച ചെയ്യപ്പെടാതെ നിവൃത്തിയില്ല. നീതി നിഷേധിക്കുമ്പോള്‍ പൗരന്മാരെന്ന നിലക്ക് നീതി വേഗത്തില്‍ കിട്ടാനും പ്രതീക്ഷിക്കാനും അവകാശമുണ്ട്. ഡോ. വന്ദന ശിവ ഉയര്‍ത്തിയ ഭക്ഷ്യനയത്തിന്റെ അന്തസത്തയും കൃഷിക്കാരുടെ അവകാശ സമരവും കൂട്ടിവായിക്കുമ്പോള്‍ ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണമില്ലാത്ത ഇടപെടല്‍ തന്നെയാണ് ചോദ്യംചെയ്യപ്പെടേണ്ടിവരുന്നത്. ജനാധിപത്യമൂല്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യ മാതൃകയും വികസിച്ചേ പറ്റൂ. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരെ അംഗീകരിച്ചേ മതിയാകൂയെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്.
സത്യന്‍ മാടാക്കര
You must be logged in to post a comment Login