‘ഇന്ത്യ എന്റെ രാജ്യമാണ്.ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ് ‘ ഇത് പറഞ്ഞു പഠിച്ചും ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി അംഗീകരിക്കുന്ന ഭരണഘടനയില്‍ വിശ്വസിച്ചും തുടങ്ങിയതാണ് സ്വതന്ത്ര ഇന്ത്യ.
ഇന്ത്യ ഇന്ന് വന്നെത്തിനില്‍ക്കുന്ന ഇടം തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈകളിലാണ്.
ഇന്ത്യന്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളത്രയും ബ്രാഹ്മണിക്കല്‍ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായതും ഇന്ത്യയുടെ ബഹുസ്വരതയെ, മതസാഹോദര്യത്തെ, ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതുമാണ്. ഇനിയുള്ള ഇന്ത്യയുടെ ഭാവി എത്രമേല്‍ കലുഷിതമാകും എന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് പല നയങ്ങളും നിയമങ്ങളും ഇന്ത്യയില്‍ നടപ്പില്‍വരുത്തുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന, നടക്കുന്ന, നടക്കാന്‍ പോകുന്ന പല സംഭവങ്ങള്‍ക്കും മാതൃകകള്‍ ഇന്ത്യന്‍ ജനതക്കുമുമ്പില്‍ ഉദാഹരണമായി പല രാജ്യങ്ങളിലും ഇന്ത്യക്കകത്തുമായി അരങ്ങേറിക്കഴിഞ്ഞതാണ്. അവയില്‍ പ്രധാനം ഘര്‍വാപസിക്ക് മാതൃകയായേക്കാവുന്ന ഉയിഗര്‍ മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ചൈനീസ് റീ-എഡ്യൂക്കേഷന്‍ ക്യാമ്പുകളാണ്. സി ഐ എക്കു മാതൃകയായി കണക്കാക്കാവുന്ന മ്യാന്‍മറിലെ ആന്റി റോഹിന്‍ഗ്യന്‍ നിയമമാണ് മറ്റൊന്ന്. മതവിദ്വേഷം എങ്ങനെ തങ്ങളുടെ തന്നെ ജനതയെ ഭൂരിപക്ഷംവരുന്ന മറ്റു ജനതയുടെ ശത്രുക്കളാക്കി മാറ്റാമെന്നതിന്റെ ഉദാഹരണമാണ് കശ്മീര്‍. നിരന്തര സംഘര്‍ഷങ്ങളുടെ പോര്‍മുഖത്തുനിന്ന് തങ്ങളുടെ ഭൂമി എങ്ങനെ മറ്റൊരു ജനതയ്ക്ക് മുന്നില്‍ അടിയറവെക്കാതിരിക്കുമെന്നതാണ് ഫലസ്തീന്‍ നല്‍കുന്ന പാഠം. ഇതിലുള്ള എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന, അതേ ദുരനുഭവങ്ങള്‍ പേറാന്‍ സാധ്യതയുള്ള ഒരു ജനതയായി മാറുകയാണ് ലക്ഷദ്വീപ്. അതിനെക്കുറിച്ചുള്ള ഒരു അപഗ്രഥനമാണ് ഈ ലേഖനം.
ഉയിഗര്‍
ഉയിഗര്‍ ജനവിഭാഗവും ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടവും ടര്‍ക്കിഷ് ഇസ്ലാമിക പാരമ്പര്യത്തില്‍ അധിഷ്ഠിതമായ രീതികള്‍ അനുഷ്ഠിച്ചുപോരുന്ന ചൈനയുടെ തന്നെ വടക്കുപടിഞ്ഞാറുള്ള സ്‌കിന്‍ജിയാങ് (xinjang ) പ്രവിശ്യയില്‍ ജീവിക്കുന്ന സുന്നി മുസ്ലിം ചൈനീസ് വംശജരാണ് ഉയിഗര്‍ മുസ്ലിംകള്‍. ഏകദേശം മൂന്നു കോടിയിലധികം വരുന്ന ഈ ജനവിഭാഗം പക്ഷേ അറിയപ്പെടുന്നത് കടുത്ത പൗരാവകാശ/മനുഷ്യാവകാശ നിഷേധത്തിന്റെ ഇരകളായാണ്. പത്താം നൂറ്റാണ്ടോടടുത്ത ടര്‍ക്കിഷ് അധിനിവേശത്തിനുശേഷം രണ്ടുതലമുറകള്‍ കൂടി പിന്നിടുമ്പോള്‍ ഏകദേശം തൊണ്ണൂറു ശതമാനം ജനങ്ങളും ഇസ്ലാമിക പാരമ്പര്യവും വിശ്വാസവും സ്വീകരിച്ച പ്രദേശമാണ് സ്‌കിന്‍ജിയാങ്. എന്നാല്‍ ഇന്നീ ജനവിഭാഗത്തോട്, നൂറ്റാണ്ടുകളായി അവര്‍ ആര്‍ജിച്ച ആചരിച്ചുപോരുന്ന ജീവിതരീതിയോട് ചൈനീസ് ഭരണകൂടം നടത്തുന്ന കൊടുംക്രൂരതകളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളിലൂടെ കണ്ടും അറിഞ്ഞും മനസ്സിലാക്കുമ്പോഴാണ് അവ എത്രമാത്രം മനുഷ്യമനസ്സാക്ഷിയെത്തന്നെ നടുക്കും വിധമുള്ളതാണ് എന്ന് തിരിച്ചറിയുക. സ്വന്തം പാരമ്പര്യത്തെ, ഭാഷയെ, മതവിശ്വാസങ്ങളെ, മൂല്യങ്ങളെ ത്യജിച്ച് ചൈനീസ് ദേശീയതയില്‍, കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തില്‍, മാവോ സൂക്തങ്ങളില്‍ വിശ്വസിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവരാണവര്‍. സ്വന്തം ഭാഷയായ ടര്‍ക്കിഷ് ഉപേക്ഷിച്ചു ചൈനീസ് ഭാഷയായ മാന്‍ഡറിന്‍ സംസാരിക്കേണ്ടിവരുന്ന ജനത എത്രമേല്‍ ധ്വംസിക്കപ്പെടുന്നവരാണ് എന്ന് തിരിച്ചറിയുക. ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഘര്‍വാപസി എന്നു കേള്‍ക്കുമ്പോള്‍, നമുക്കിഷ്ടപ്പെട്ട മാംസാഹാരം ത്യജിക്കാന്‍ ആവശ്യപ്പെടുമ്പോള്‍, നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ ബ്രാഹ്മണിക്കല്‍ ആശയങ്ങളിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ നാം അനുഭവിക്കുന്ന ഇതേ സ്വത്വപ്രതിസന്ധി തന്നെയാണ് റീ -എഡ്യൂക്കേഷന്‍ ക്യാമ്പുകള്‍ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ആ മനുഷ്യരും അനുഭവിക്കുന്നത്.
കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ‘പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്’ എന്ന അര്‍ഥം വരുന്ന സ്‌കിന്‍ജിയാങ് (xinjang )പ്രവിശ്യ ആയി മാറുന്നത് ആയിരത്തി എണ്ണൂറ്റി എഴുപത്തി ആറില്‍ മഞ്ജു സാമ്രാജ്യവുമായി എട്ടുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിനും ചെറുത്തുനില്പിനും ഒടുവിലായിരുന്നു. പിന്നീട് ഏകദേശം ആയിരത്തി തൊള്ളായിരത്തി പതിനൊന്നുകളിലാണ് ഈ പ്രവിശ്യയുമായിച്ചേര്‍ന്നു ചൈനീസ് ദേശീയതാവാദം ചൈനീസ് നാഷണലിസ്റ്റുകള്‍ ഉന്നയിക്കാനാരംഭിക്കുന്നത്. ഇതിനെതിരെ ഉയിഗര്‍ മുസ്ലിംകളുടെ ഭാഗത്തു നിന്നും ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും, നാല്പത്തിനാലിലുമെല്ലാം വിമോചനശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതില്‍ അല്‍പ്പായുസ്സായിരുന്നെങ്കിലും ഇവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ മാവോ സേതുങ്ങിന്റെ കീഴില്‍ നാല്പത്തി ഒമ്പതു ഒക്ടോബര്‍ ഒന്നിനു പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപം പ്രാപിച്ചതു തൊട്ട് ഈ നാടിനെ സ്വന്തം കീഴിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടം ശ്രമങ്ങള്‍ ശക്തമാക്കുകയായിരുന്നു. പ്രതിരോധ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും വിമാനപകടത്തില്‍ മരിക്കുകയും രക്ഷപ്പെട്ട ‘സൈഫുദ്ധീന്‍ അസീസി’ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഗവര്‍ണര്‍ പദവി നേടി പ്രവിശ്യയില്‍ വരുകയും ചെയ്യുന്നതോടെ ചെറുത്തുനില്പ് നാമമാത്രമായി ചുരുങ്ങി. തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ തീവ്രവാദക്കുറ്റം ചുമത്തപ്പെടുകയും രാജ്യദ്രോഹികളായും രാജ്യത്തോട് കൂറുപുലര്‍ത്താത്തവരായും ചതിയന്‍മാരുമായും മുദ്രകുത്തപ്പെടുകയാണ് ഈ ജനത. ഇവര്‍ നമ്മെയോര്‍മിപ്പിക്കുന്നത് സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും വിശ്വാസത്തെ മുറുകെപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഖലിസ്ഥാന്‍ തീവ്രവാദികളായും, അര്‍ബന്‍ നെക്സലുകളായും പാക്ക് ചാരന്മാരായുമെല്ലാം മുദ്രകുത്തപ്പെടുന്ന ഇന്ത്യന്‍ ജനതയെകൂടിയാണ്. ചൈനയില്‍ ഏറ്റവുമധികം വധശിക്ഷക്ക് വിധേയരാകുന്നതും ഇവര്‍ തന്നെ. പരസ്യമായി പൊതുജനമധ്യത്തില്‍ ഈ ഹിംസാത്മകമായ പ്രവൃത്തി സ്വന്തം വംശജര്‍ നേരിടേണ്ടി വരുന്നത് കാണുന്ന ഒരു ജനത. രണ്ടായിരത്തി പതിനാലുമുതല്‍ ഇസ്ലാമിക പാരമ്പര്യമനുസരിച്ചു വ്രതമനുഷ്ഠിക്കാനും മതപരമായ വസ്ത്രധാരണത്തിനുമെല്ലാം, എന്തിനധികം, താടിവളര്‍ത്തുന്നതിനു പോലും കടുത്ത നിയന്ത്രങ്ങള്‍ ചുമത്തുക കൂടി ചെയ്തിരിക്കുന്നു കമ്മ്യൂണിസ്റ്റ് ഭരണകൂടമിവിടെ. തൊണ്ണൂറുകളിലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മിഡിലീസ്റ്റ് അറബ് മുന്നേറ്റങ്ങളുടെ ചിറകുപറ്റി ശക്തിപ്പെട്ട ഉയ്ഗര്‍ മുസ്ലിം സമരങ്ങള്‍ ഭരണകൂടത്തെ കൂടുതല്‍ പ്രകോപിപ്പിക്കുവാന്‍ പോന്നതായിരുന്നു എന്നതാണ് സത്യം. ‘ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക മൂവ്മെന്റ് ‘ എന്നപേരില്‍ നിലനിന്ന സംഘടന ഹാന്‍ വംശജര്‍ക്കെതിരെ നടത്തിയ കലാപങ്ങളും വിപരീത ഫലമാണ് ഉണ്ടാക്കിയത് എന്ന് സാരം. രണ്ടായിരത്തി എട്ടില്‍ നടന്ന കലാപത്തില്‍ ഹാന്‍ വംശജര്‍ക്ക് കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഭരണകൂടം രണ്ടായിരത്തി ഒമ്പതില്‍ തിരിച്ചടിക്കുകയും നിരവധി ഉയിഗര്‍ വംശജര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. തുടന്ന് രണ്ടായിരത്തി പത്തിലും പതിമൂന്നിലുമെല്ലാം നിരന്തരം കലാപങ്ങളും സംഘര്‍ഷങ്ങളും നടക്കുകയുണ്ടായി. ഇതെല്ലാം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുകൊണ്ടാണ് എന്നതാണ് വസ്തുത. ലക്ഷദീപിനു നേരെയും ഇന്ന് ഇന്ത്യന്‍ ഭരണകൂടം ആരോപിക്കുന്നത് ഇതേ തീവ്രവാദ പ്രവര്‍ത്തനമാണ്. കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞ ലക്ഷദ്വീപ് സമൂഹത്തില്‍ നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്ന ഗുണ്ടാ ആക്ടിന്റെ മറ്റൊരു വാര്‍പ്പുമാതൃക.
മറ്റെല്ലായിടങ്ങളിലും ഇസ്ലാമോഫോബിസ്റ്റുകള്‍ പയറ്റിത്തെളിയിച്ച അതേ തീവ്രവാദാരോപണങ്ങളും ദേശക്കൂറില്ലായ്മയുമാണ് ചൈനയും അവര്‍ക്കുമേല്‍ ആരോപിക്കുന്ന പ്രധാന ആരോപണം.വര്‍ഷങ്ങളായി കടുത്ത നിയന്ത്രണങ്ങളുടെ തടവറയിലും ഭരണകൂട കാര്‍ക്കശ്യ ബുദ്ധിയുടെ ഉരുക്കുമുഷ്ടിയിലും ഭീകരതയിലും കഴിയുന്ന നിസ്സഹായരായ ജനങ്ങളെ നിരീക്ഷിക്കാന്‍ അത്യാധുനികമായ ഫേസ് റെക്കോഗ്നിഷന്‍ സി സി ടി വി ക്യാമറകള്‍, അതുകൂടാതെ പാര്‍ട്ടിയിലെ തന്നെ കേഡറുകളെ നിര്‍ത്തിയുള്ള ചാരപ്രവര്‍ത്തനങ്ങള്‍, നിരന്തരമായ ഫോണ്‍ ചോര്‍ത്തലുകള്‍, ഏതുനിമിഷവും പരിശോധനാ വിധേയരായി നിന്നുകൊടുക്കേണ്ട നിരവധി പട്ടാള ചെക്ക് പോസ്റ്റുകള്‍, ഒരിക്കല്‍ വീട്ടില്‍നിന്നുമിറങ്ങിയാല്‍ തിരിച്ചു വീട്ടിലേക്കു മടക്കയാത്ര സാധ്യമാകുമോ എന്ന നിശ്ചയമില്ലാതെ ജീവിക്കേണ്ടിവരുന്ന ഒരു ജനത. സ്വതന്ത്രമായി ജീവിച്ചയിടം ചെറുത്തു നില്‍പ്പുകള്‍ക്കൊടുവില്‍ ചൈനയുമായി കൂട്ടിച്ചേര്‍ക്കപ്പെടേണ്ടിവന്നവര്‍. ഇന്ന് തങ്ങള്‍ ഏതുതരം ജനവിഭാഗമാണ്, എന്നറിയാതെ നിസ്സഹായരായി, സ്വന്തം പ്രദേശത്തിനകത്തു സംഭവിക്കുന്നത് എന്ത് എന്നറിയാതെ അരക്ഷിതാവസ്ഥകള്‍ക്ക് നടുവില്‍ ജീവിക്കുന്നു.
ചൈനീസ് റീ-എഡ്യൂക്കേഷന്‍ ക്യാമ്പുകള്‍ ഉയിഗര്‍ മുസ്ലിംകളുടെ നരകമാണ്. പലപ്പോഴും വീടുകളില്‍ നിന്നും ഇറങ്ങിപ്പോകുന്നവരെ പിടിച്ചെത്തിക്കുന്ന ഇടങ്ങളാണ് ഇപ്പോഴീ ക്യാമ്പുകള്‍. അവിടെയെത്തുന്ന ഉയ്ഗറുകള്‍ കടുത്ത മാനസിക ശാരീരിക ലൈംഗിക പീഡകള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെടുന്നുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പ്രവിശ്യയില്‍ മാത്രം ഏതാണ്ട് അഞ്ഞൂറിലധികം ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിലെല്ലാമായി ഏകദേശം പത്തുമുതല്‍ പതിനഞ്ചു ലക്ഷത്തിലധികം ഉയിഗര്‍ മുസ്ലിംകള്‍ ഉണ്ടെന്നുമാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെന്നപോലെ സ്വേച്ഛയാല്‍ അല്ലാതെ എത്തിപ്പെടുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. കടുത്ത വ്യഥകളിലൂടെ കടന്നുപോയി തന്റെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും കൈവെടിഞ്ഞു ഭരണകൂടത്തോട് യോജിക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞാലും അവസാനിക്കുന്നതല്ല ഈ ജനവിഭാഗത്തിന്റെ ദുരിതപര്‍വ്വം. ഇത്തരത്തില്‍ മാറ്റംവരുന്നവരെ ട്രെയിനുകളില്‍ കുത്തിനിറച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള ഫാക്ടറികളിലേക്കു തൊഴിലാളികളായി കയറ്റി അയക്കപ്പെടുന്നു. ഇവരെ കൊണ്ടുപോകുന്ന ഭീകരമായ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.ഈ അടുത്തുവന്ന ചില മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കോറോണ കാലഘട്ടത്തില്‍ ഫാക്ടറികളില്‍ മാസ്‌ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത് ഉയിഗര്‍ മുസ്ലിംജനവിഭാഗത്തിലെ പരിവര്‍ത്തനപ്പെട്ടവരാണ് എന്നതാണ്.
ചൈനീസ് റീ-എഡ്യൂക്കേഷന്‍ ക്യാമ്പുകള്‍ എന്നത് ഇവര്‍ക്കുമാത്രമുള്ള ഒന്നല്ല. നിങ്ങള്‍ ബുദ്ധിസ്റ്റോ മറ്റേതു മതസ്ഥരോ വിശ്വാസപ്രമാണ മുള്ളവരോ ആരുമായിക്കൊള്ളട്ടെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വസിക്കാതിരിക്കുകവഴി, എതിര്‍ക്കുക വഴി നിങ്ങള്‍ എത്തിപ്പെടുന്നിടം ഇവിടെത്തന്നെ ആയിരിക്കും. മതപഠനമെന്നപോലെ, പാര്‍ട്ടി ആശയങ്ങളും ചൈനീസ് സംസ്‌കാരവും രാജ്യത്തോടുള്ള കൂറും പഠിപ്പിച്ചു ഒരു തികഞ്ഞ ദേശീയവാദിയാക്കി മാറ്റുക എന്നതാണിതുകൊണ്ട് ഭരണകൂടം ലക്ഷ്യംവെക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളെ അപഗ്രഥിച്ചാല്‍ നമുക്കും വിദൂരമല്ലാത്ത ഭാവിയില്‍ ഇത്തരം കാഴ്ചകള്‍, അനുഭവങ്ങള്‍ നേരിടേണ്ടിവന്നേക്കാം എന്നത് അവിശ്വസനീയമല്ലാത്ത സത്യമാകുകയാണ് . ബ്രാഹ്മണിക്കല്‍ വിശ്വാസങ്ങള്‍ പുലര്‍ത്താത്ത, അത്തരം വിശ്വാസ സംഹിതകളില്‍ വിശ്വസിക്കാത്ത നാം ഓരോരുത്തരും നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഭരണകൂട ഭീകരത എന്നതില്‍ ജാതിയും മതവും വിശ്വാസവുമില്ല, തങ്ങളുടെ കാഴ്ചപ്പാടുകളും അതിലധിഷ്ഠിതമായ വിശ്വാസ സംഹിതകളും മാത്രമാണ് ഭരണകൂടത്തിന് സമ്മതമായത്. മറ്റൊന്നുമില്ല.
ഉന്മൂലനവും നിഷ്‌കാസനവും ഒപ്പം പലയിടങ്ങളിലേക്കു കടുത്ത മനസികവ്യഥകളോടെ ചിതറപ്പെടുന്നതും പതിവായ ഈ ഇടങ്ങളിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരനുഭവങ്ങള്‍ അവരിപ്പോള്‍ ടിക്ക്-ടോക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായത്താല്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. രണ്ടായിരത്തി പതിനെട്ടുമുതല്‍ നിലനില്‍ക്കുന്ന ജോഡിയാക്കി കുടുംബമാക്കല്‍ (pair up and become family ) പദ്ധതിയാണ് ഭരണകൂടത്തിന്റെ മറ്റൊരു ഹിംസാത്മകമായ പ്രവര്‍ത്തനം. ചൈനീസ് പാര്‍ട്ടി കേഡറുകള്‍ ഉയ്ഗര്‍ മുസ്ലിം കുടുംബങ്ങളില്‍ താമസമാക്കി അവരെ ഭാഷയും സംസ്‌കാരവും പഠിപ്പിക്കുക എന്നതാണ് ഭരണകൂടം ഇതിലൂടെ ഉന്നംവെക്കുന്നത്. മദ്യം പാടില്ലാത്ത ജനതയുടെ ഇടയിലിരുന്ന് മദ്യമുപയോഗിക്കുക, നിഷിദ്ധമായ മാംസാഹാരം കഴിക്കു ക,അവര്‍ക്കിടയില്‍ ഉറങ്ങുക, അവരുടെ ഇഷ്ടമില്ലാതെ തന്നെ സാമൂഹികമാധ്യമങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങി പരമാവധി പീഡകള്‍ അവര്‍ക്കു നല്‍കുകയാണ് സര്‍ക്കാര്‍. കേഡറുകള്‍ തിരഞ്ഞെടുക്കുന്ന വീടുകളിലെ ഒരു അംഗമെങ്കിലും റീ -എഡ്യൂക്കേഷന്‍ ക്യാമ്പുകളില്‍ ആയിട്ടുള്ളവരാകും എന്നതാണ് മറ്റൊരു വസ്തുത. ഇവിടം തന്നെ മുസ്ലിം ജനവിഭാഗമധികമില്ലാത്ത ഗുജറാത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, മുസ്ലിംകള്‍ അധികം പാര്‍ക്കുന്ന ലക്ഷദ്വീപില്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്ന് മദ്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും, സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ ബീഫ് നിരോധനം എന്ന രീതിയില്‍ ഒരു പ്രദേശത്തെ ആളുകളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതുമെല്ലാം ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ഇന്ത്യന്‍/ ചൈനീസ് ഭരണകൂട മാതൃകകള്‍ ഒന്നായി ചേര്‍ത്തു വെക്കാവുന്ന സന്ദര്‍ഭങ്ങള്‍.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു പ്രദേശത്തിന്റെ ഡെമോഗ്രാഫിക് ഘടന തന്നെ മാറ്റിവരക്കുന്ന ഭരണാധികാരികള്‍ അവിടെ കടുത്ത ജനസംഖ്യാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി, തങ്ങളുടെ ജനത എന്നവര്‍ വിശ്വസിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പ്രജനന സാധ്യതകളൊരുക്കുകയും മറ്റുവിഭാഗങ്ങളെ നിഷ്‌കാസനം ചെയ്യാനായി ഇതേ മാതൃകയില്‍ ജനസംഖ്യാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു . ഹാന്‍ വംശജരുടെ ഇടയില്‍ ജനസംഖ്യാ വര്‍ധനയെ പ്രോത്സാഹിപ്പിക്കുകയും, അവിടങ്ങളിലേക്ക് റി-മൈഗ്രേറ്റ് ചെയ്യുവാനുള്ള പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട് ചൈനീസ് ഭരണകൂടം. അതിന്റെ പ്രതിഫലനമെന്നോണം വെറും എട്ടു ശതമാനം മാത്രമുണ്ടായിരുന്ന ഹാന്‍ ജനത ഇന്ന് നാല്പതുശതമാനത്തിലധികമാണ് ഈ പ്രവിശ്യയില്‍.കടുത്ത ജനസംഖ്യാ നിയന്ത്രണമുള്ള ഉയ്ഗര്‍ മുസ്ലിം ജനവിഭാഗം നിര്‍ബന്ധിത വന്ധ്യംകരണത്തിനും ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗത്തിനും നിര്‍ബന്ധിക്കപ്പെടുന്നു എന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇന്ത്യയിലും ഇതേ വാദം കേട്ടുതുടങ്ങിയിട്ടുണ്ട്.എന്നാല്‍ ശക്തമായ ഒരു നയമായി അത് മുഴങ്ങിക്കേട്ട മറ്റൊരിടം ലക്ഷദ്വീപാണ്. രണ്ടുകുട്ടികളിലധികമുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല എന്നത് ഇന്ത്യയില്‍ മറ്റൊരിടത്തും ബാധകമല്ലാത്ത ഒരു നിയമമാണ്. സ്വന്തം പൂര്‍വികരുടെ ഖബറിടങ്ങള്‍ കുഴിതോണ്ടി അവിടങ്ങളില്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളടക്കം ഉയര്‍ന്നുവരുന്നത് കണ്ടു മിണ്ടാതെ വാ പൂട്ടിയിരിക്കേണ്ട ജനത. ഉയ്ഗര്‍ മുസ്ലിം ജനവിഭാഗത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുത്തിയ മാര്‍ഗങ്ങള്‍ ഗവേഷണവിധേയമാക്കിയാല്‍ ചിലപ്പോള്‍ ഇനി ഇന്ത്യന്‍ ജനതയും നീങ്ങുന്നിടം ഇതേ നിശബ്ദമാക്കപ്പെടലിലേക്കായിരിക്കും എന്ന് തെളിയും.
റോഹിന്‍ഗ്യന്‍സ്
‘ഒരേ ഒരു തടവറയേയുള്ളൂ, അത് ഭീതിയുടേതാണ്. ഒരേ ഒരു സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്, അത് ഭീതിയില്‍ നിന്നുമാണ്’ എന്ന് പറഞ്ഞ ആങ് സാന്‍ സൂക്കിയുടെ കണ്‍മുന്നില്‍ മ്യാന്‍മറില്‍ അതേ ഭീതിയുടെ നടുക്കടലില്‍ പലായനങ്ങളുടെ ദുരിതവും പേറി നരകതുല്യമായി ജീവിക്കുന്ന ജനതയാണ് റോഹിന്‍ഗ്യന്‍സ്. വംശീയ ശുദ്ധീകരണത്തിന്റെ പാഠപുസ്തക ഉദാഹരണമെന്ന ഒന്നുണ്ടെങ്കില്‍ അത് മ്യാന്മറില്‍ ബുദ്ധമത അനുയായികളും മ്യാന്മാര്‍ പട്ടാളവും ഭരണകൂടവും റോഹിന്‍ഗ്യന്‍ മുസ്ലിംകളോട് ചെയ്യുന്ന ക്രൂരതകളാണ്. അങ്ങനെയാണ് ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ വിശേഷിപ്പിച്ചത്. അത്രമേല്‍ കൊടുംക്രൂരതകളാണ് അവിടെ നടക്കുന്നത്. ഏതു വിധേനയാണോ ശ്രീലങ്കയില്‍ അധികാരത്തിലേറിയവര്‍ എല്‍ ടി ടിയെ ശ്രീലങ്കന്‍ മണ്ണില്‍ നിന്നും തുടച്ചുനീക്കിയത് അതേ മാതൃകയില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ നടപടി. ഒരു പ്രദേശത്തുനിന്നും ഒരു വംശത്തെ തുടച്ചു നീക്കി നാമാവശേഷമാക്കുക. കരുണയുടെ മൂര്‍ത്തിമത്ഭാവമായ സിംഹള ബുദ്ധമത വിശ്വാസികള്‍ ശ്രീലങ്കന്‍ തമിഴ് വംശജരോട് ചെയ്തതും ബാമാര്‍ ബുദ്ധന്മാര്‍ റോഹിന്‍ഗ്യന്‍ ജനതയോട് ചെയ്യുന്നതും ഒരേ പ്രവൃത്തിതന്നെ.
ബ്രിട്ടീഷ് കോളനിയായും പിന്നീട് ജപ്പാന്‍ അധിനിവേശത്തിനു കീഴിലുമായ പഴയ ബര്‍മ ആയിരത്തി തൊള്ളായിരത്തി ഏഴിലാണ് സ്വാതന്ത്ര്യം നേടുന്നത്. അന്ന് ഏകദേശം എണ്‍പത്തിഎട്ടു ശതമാനം ബാമാറുകളും നൂറ്റിമുപ്പത്തിയഞ്ചില്‍ അധികം മറ്റു വംശജരും അടങ്ങുന്നതായിരുന്നു ബര്‍മ. ഇതില്‍ തന്നെ അറേബ്യയില്‍നിന്നും വ്യാപാര ആവശ്യങ്ങള്‍ക്കായി ബര്‍മയില്‍ എത്തിയ അറേബ്യന്‍ വംശജരുടെ പിന്മുറക്കാരെന്നു കരുതുന്ന റോഹിന്‍ഗ്യന്‍സ് അവിടത്തെ ന്യൂനപക്ഷമാണ്.
പതിനഞ്ചാം നൂറ്റാണ്ടുതൊട്ടുതന്നെ ബര്‍മയില്‍ ജീവിച്ചുപോരുന്ന ഇവരെയാണ് ബംഗ്ലാദേശി അഭയാര്‍ഥികളായി കണക്കാക്കി മ്യാന്മര്‍ പട്ടാളം വേട്ടയാടുന്നത്. ഇത്തരത്തില്‍ അധിനിവേശകരെന്നു മുദ്രകുത്തി പ്രാഥമിക പൗരാവകാശം നിഷേധിക്കുകയാണ് ബാമാര്‍ മേധാവിത്വമുള്ള പട്ടാളം അവിടെ ചെയ്യുന്നത്.തുടര്‍ച്ചയായ ആക്രമണങ്ങളും പ്രതികാരനടപടികളും പരസ്യമായ വേട്ടയാടലുകളും തുടച്ചുനീക്കലുകളും കൊണ്ട് മ്യാന്മര്‍ അശാന്തിയുടെ ഭൂപ്രദേശമാണിന്ന്.
പട്ടാള വേട്ടയാടലുകള്‍ എന്നതിലുമപ്പുറം ഇന്നത് ബാമാര്‍-റോഹിന്‍ഗ്യന്‍ സംഘര്‍ഷമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
ആറര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മ്യാന്മറിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് റാക്-ഹെയിന്‍ എന്ന മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചു ശതമാനം മാത്രമുള്ള പ്രദേശത്താണ് പതിമൂന്നുലക്ഷത്തോളം മാത്രം വരുന്ന റോഹിന്‍ഗ്യന്‍ ജനത ജീവിച്ചിരുന്നത്.എന്നാല്‍ ഇതിനോടകം തന്നെ ഏഴുലക്ഷത്തില്‍ അധികം ആളുകള്‍ പലായനം ചെയ്തു. ഇവര്‍ ബംഗ്ലാദേശിലും ഇന്ത്യ അടക്കമുള്ള മ്യാന്മറിന്റെ മറ്റു അയല്‍ പ്രദേശങ്ങളിലും അഭയം പ്രാപിച്ചിരിക്കുന്നു. ഇവിടുത്തെ പല ഗ്രാമങ്ങളും ഇന്ന് വിജനമാണ്. പലതും ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു തകര്‍ക്കപ്പെട്ടിരിക്കുന്നു. രണ്ടായിരത്തി പന്ത്രണ്ടിലെ വംശീയ ലഹളയുടെ രണ്ടുപതിറ്റാണ്ടു മുന്‍പുതന്നെ സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കുന്ന സംഭവം നടന്നിരുന്നു മ്യാന്മറില്‍ . ഇതിനായി ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടില്‍ ‘ഓപ്പറേഷന്‍ ഡ്രാഗണ്‍ കിംഗ്/ ഓപ്പറേഷന്‍ നാഗിന്‍’ എന്ന് അറിയപ്പെടുന്ന പട്ടാള നടപടിയുണ്ടാവുകയും നിരവധിയാളുകളെ ഗ്രാമങ്ങളില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു പട്ടാളം. മ്യാന്മറില്‍ നടക്കാനിരുന്ന സെന്‍സസിന് മുന്‍പ് റോഹിന്‍ഗ്യന്‍ ജനതയെ അവരുടെ ഗ്രാമങ്ങളില്‍നിന്നും തുരത്താനായി നടത്തിയതായിരുന്നു ഈ പട്ടാള ഓപ്പറേഷന്‍. അതിനോട് കൂടിയാണ് ബര്‍മയിലെ ‘ബര്‍മ സിറ്റിസണ്‍ഷിപ് ആക്ട് ‘ പാസാക്കുന്നത്. പ്രത്യക്ഷത്തില്‍ ഗുണകരമാണെന്ന് തോന്നിച്ച ഈ ആക്ട് പക്ഷേ ഒരു തരത്തില്‍ ആന്റി റോഹിന്‍ഗ്യന്‍ നിയമമായിരുന്നു എന്നതാണ് വസ്തുത. ഈ നിയമത്തിന്റെ ചുവടുപിടിച്ചു മറ്റുവംശജരെയെല്ലാം അംഗീകരിച്ച പട്ടാള മേധാവിത്തം റോഹിന്‍ഗ്യന്‍ മുസ്ലിം വിഭാഗത്തെ രാജ്യത്തെ പൗരന്മാരല്ലാതാക്കിത്തീര്‍ത്തു. പിന്നീട് തങ്ങള്‍ ജനിച്ചു ജീവിച്ച പ്രദേശത്തെ പൗരന്മാരാണെന്നു തെളിയിക്കേണ്ടത് റോഹിന്‍ഗ്യന്‍ ജനതയുടെ മാത്രം ബാധ്യതയായിത്തീരുകയാണുണ്ടായത്. അതിനായി തങ്ങളുടെ പൂര്‍വ പിതാക്കള്‍ ആയിരത്തി എണ്ണൂറ്റി ഇരുപത്തി മൂന്നിന് മുന്‍പ് ബര്‍മയില്‍ ജീവിച്ചിരുന്നവരാണ് എന്ന് തെളിയിക്കാന്‍ അവര്‍ ബാധ്യസ്ഥരായി. അക്ഷരാര്‍ഥത്തില്‍ അവര്‍ സ്റ്റേറ്റ്ലെസ്സ് മനുഷ്യരായി മാറി എന്ന് ചുരുക്കം.
ഭരണാധികാരികള്‍ ഒരു നിയമം കൊണ്ടുവരുന്നു. തലമുറകളായി ജീവിച്ചിരുന്ന ഇടം ഒറ്റദിവസം കൊണ്ട് തങ്ങളുടേതല്ല എന്നവര്‍ നമ്മോട് പറയുന്നു. നിങ്ങള്‍ അയല്‍ രാജ്യങ്ങളില്‍നിന്ന് നുഴഞ്ഞുകയറി വന്നവരാണെന്നും ഇവിടത്തെ പൗരന്മാരല്ല എന്നും നമ്മോടു പറയുന്നു. ഇനി പൗരന്മാരാണ് എങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത അടിച്ചേല്‍പ്പിക്കുന്നു.
അതിനായി പൂര്‍വികരുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നു. റോഹിന്‍ഗ്യന്‍സ് മ്യാന്‍മറില്‍ കാലങ്ങളായി അനുഭവിക്കുന്ന ഈ അവസ്ഥയുടെ മറ്റൊരു ഭാഷ്യം ഇന്ന് എന്‍.ആര്‍.സിയിലൂടെ അസം ജനത അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.
ഒരേ അവകാശങ്ങള്‍ ഉണ്ടായിരുന്ന ജനത രണ്ടുതരം പൗരന്മാരായി മാറുക. അതിലൊരു കൂട്ടര്‍ക്ക് സകലമാന മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്രവും നിഷേധിക്കപ്പെടുക. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കു തുല്യമായ ഡിറ്റെന്‍ഷന്‍ ക്യാമ്പുകളില്‍ അഭയാര്‍ഥികളായി ജീവിക്കേണ്ടിവരിക. സ്വന്തം രാജ്യത്ത് പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കണ്ടനാടുകളില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന റോഹിന്‍ഗ്യന്‍സ് മാനസിക വ്യഥകളും, പകര്‍ച്ചവ്യാധികളും പോഷകാഹാരക്കുറവുകൊണ്ടുള്ള കുഞ്ഞുങ്ങളുടെ മരണവും കാരണം ശാരീരിക മാനസിക ലൈംഗിക പീഡനങ്ങളുടെ ദുരിതക്കയത്തിലാണ്. സി എ എ നമുക്കുമുന്നിലേക്കു വെച്ചുനീട്ടുന്നത് ഈ റോഹിന്‍ഗ്യന്‍ മുസ്ലിം ജനതയുടെ ദുരവസ്ഥ തന്നെയല്ലെന്നാരു കണ്ടു!
റോഹിന്‍ഗ്യന്‍ ജനതയും സ്റ്റേറ്റും തമ്മിലുള്ള തീവ്രവാദപരമായ കലാപങ്ങളും ആക്രമണങ്ങളും ആരംഭിക്കുന്ന രണ്ടായിരത്തി പന്ത്രണ്ടു തൊട്ട് എല്ലാ കലാപകാരണങ്ങളും ചെന്നുനില്‍ക്കുന്നത് ഊഹാപോഹങ്ങളിലും നിസാരമായ വാക്കുതര്‍ക്കങ്ങളില്‍ തുടങ്ങുന്ന കലഹങ്ങളിലുമാണ്. രണ്ടായിരത്തി പന്ത്രണ്ടില്‍ കലാപം നടന്നത് ബുദ്ധിസ്റ്റ് യുവതി റോഹിന്‍ഗ്യന്‍ മുസ്‌ലിമിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്നായിരുന്നു. രണ്ടായിരത്തി പതിമൂന്നില്‍ അത് ഒരു ജ്വല്ലറിയില്‍ ഒരു ബുദ്ധ വിശ്വാസിയായ യുവതിയും ഉടമയായ റോഹിന്‍ഗ്യനും തമ്മിലുണ്ടായ കലഹത്തെ തുടര്‍ന്നായിരുന്നു.
രണ്ടായിരത്തി പതിനാലില്‍ കലാപം നടന്നത് മറ്റൊരു ബലാത്സംഗ ആരോപണവുമായി ചേര്‍ന്നു പ്രചരിച്ച ഊഹാപോഹങ്ങള്‍ ചേര്‍ത്തു നിര്‍ത്തിയായിരുന്നു.സൗദി ധനസഹായം സ്വീകരിച്ച അഞ്ചു ശതമാനത്തിലും താഴെയുള്ള ഈ ന്യൂനപക്ഷം തൊണ്ണൂറുശതമാനത്തിലും മുകളിലുള്ള ബാമാര്‍ ബുദ്ധ വിശ്വാസികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന നരേറ്റിവില്‍ ആണ് ഭൂരിപക്ഷം വരുന്ന ജനത ഇവരെ കടന്നാക്രമിക്കുന്നതും കലാപങ്ങള്‍ സൃഷ്ടിക്കുന്നതും.
ഗോധ്ര സംഭവം, ബെസ്റ്റ് ബേക്കറി, ഗുജറാത്ത് കലാപം, മാംസാഹാരം കൈവശം വെച്ചതിന്റെ പേരില്‍, മറ്റനേകം പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന നരഹത്യകള്‍, മുസാഫര്‍ നഗര്‍ കലാപം… അങ്ങിനെ സമാനമായ ചെറുതും വലുതുമായ കലാപങ്ങള്‍ നടന്നുകഴിഞ്ഞ ഇന്നത്തെ ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ നരനായാട്ടിലേക്കു വഴിവെക്കുന്നതെങ്ങനെ എന്നുമനസിലാക്കുക വളരെ എളുപ്പമായ ഒന്നാണ്.
തുടര്‍ സെന്‍സസിലും രേഖപ്പെടുത്താതെ പോയ റോഹിന്‍ഗ്യന്‍ വംശജര്‍ക്ക് 2015ല്‍ നടന്ന തിരഞ്ഞെടുപ്പിലും പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പട്ടാളത്തിന്റെ അനുഗ്രഹാശിസ്സുകളോടെ അധികാരത്തിലെത്തിയ ആന്‍ സാങ് സൂക്കി പ്രശ്നപരിഹാരത്തിനായി ശ്രമിച്ചതുമില്ല.ഇതേ സമയത്തു രണ്ടായിരത്തി പതിനാറില്‍ മറ്റൊരു റോഹിന്‍ഗ്യന്‍ മുന്നേറ്റം നടക്കുകയുണ്ടായി. ‘ഹറാക അല്‍ യാക്കിന്‍’ എന്ന് അറിയപ്പെട്ടിരുന്ന തീവ്ര സ്വഭാവമുള്ളവര്‍ റോഹിന്‍ഗ്യന്‍ ജനതക്കിടയില്‍ ‘ആര്‍സ’ എന്നറിയപ്പെടുന്ന സംഘടന ‘ഒക്ടോബര്‍ അറ്റാക്’ എന്നപേരില്‍ നടത്തിയ ആക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്നതിലേക്കാണ് നയിച്ചത്. രണ്ടായിരത്തി പതിനേഴില്‍ ആര്‍സ നടത്തിയ തുടര്‍ ആക്രമണം വീണ്ടും അത്രമേല്‍ ആത്മഹത്യാപരവുമായിരുന്നു . തുടര്‍ന്ന് പട്ടാള നടപടിയുണ്ടായി. ലോകമനസ്സാക്ഷിയെ തന്നെ നടുക്കും വിധമായിരുന്നു അത്. തുടര്‍ന്നുണ്ടായ റോഹിന്‍ഗ്യന്‍ പലായനം ലോകത്തിലെ തന്നെ ഏറ്റവും വലിയ പലായനങ്ങളില്‍ ഒന്നാണ്. അരക്ഷിതാവസ്ഥയുടെ അങ്ങേയറ്റത്ത് അഭയാര്‍ഥി ക്യാമ്പുകളില്‍ ലക്ഷക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്നു, മരണമടയുന്നു . ഇനിയുമാളുകളെ സ്വീകരിക്കാന്‍ സാധ്യമല്ല എന്ന് ബംഗ്ലാദേശ് അറിയിച്ചു കഴിഞ്ഞു. പല തീരപ്രദേശങ്ങളിലും കോസ്റ്റ്- ഗാര്‍ഡ് റോഹിന്‍ഗ്യന്‍ ബോട്ടുകള്‍ വെടിവെച്ചു വീഴ്ത്തുകയാണ് . തിരസ്‌കരണത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ഇടയില്‍ ഒരു മനുഷ്യവംശം ഇല്ലാതായിപ്പോകുന്ന നേര്‍ക്കാഴ്ചയാണ് റോഹിന്‍ഗ്യന്‍ മുസ്ലിം എന്ന അനുഭവം.
(തുടരും)
ജയശ്രീ കുനിയത്ത്
You must be logged in to post a comment Login