On March 18, they sold 1.2 hectares of property in Ayodhya’s Bagbijaisi village to Sultan Ansari and Ravi Mohan Tiwari for Rs 2 crore. Ansari and Tiwari then sold the land to the Ram mandir trust for Rs 18.5 crore at Rs 1,423 per square foot – a transaction that the Aam Aadmi Party and the Samajwadi Party have called a ‘scam’.
That day, the Pathaks also sold another 1.03 hectares of land in Bagbijaisi village directly to the Ram Janmabhoomi Trust for Rs 8 crore at about Rs 716 per square foot, according to documents accessed by Newslaundry.
അയോധ്യയില്‍ ബാബ്രി മസ്ജിദ് നിലനിന്ന ഭൂമിയിലാണ് ശ്രീരാമന്‍ ജനിച്ചത് എന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആ ഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിച്ചത്. ബാബ്രി മസ്ജിദിന് അകത്തേക്ക് നോക്കിനിന്ന് മുന്‍കാലത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥിച്ചിരുന്നുവെന്നും രാമജന്മഭൂമി മസ്ജിദിനകത്താണെന്ന വിശ്വാസം കൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നത് എന്നുമായിരുന്നു കോടതിയുടെ നിഗമനം. ഭൂമിയുടെ ഉടസ്ഥാവകാശം ഹിന്ദുക്കള്‍ക്കാണെന്ന് വിധിച്ച കോടതി അവിടെ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാറൊരു ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവിട്ടു. അങ്ങനെ രൂപവത്കരിച്ച ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയാണ്. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയത്തിന് തറക്കല്ലിടാന്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട, എല്ലാ വിഭാഗങ്ങളുടെയും പ്രധാനമന്ത്രിയായ വ്യക്തി പോകുന്നത് ഉചിതമോ എന്ന ചോദ്യം, സമകാലിക സാമൂഹിക – രാഷ്ട്രീയ പശ്ചാത്തലത്തില്‍ അപ്രസക്തമാണ്. ഹിന്ദു രാഷ്ട്ര സ്ഥാപനം ലക്ഷ്യമിട്ട്, രാമക്ഷേത്ര നിര്‍മാണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ് പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹമല്ലാതെ ആര് അതിന് തറക്കല്ലിടണമെന്നേ ചിന്തിക്കേണ്ടതുള്ളൂ. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന്റെ വികാരമാണെന്ന് പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ് പോലും നിലപാടെടുക്കുമ്പോള്‍ അതിലപ്പുറം ചിന്തിക്കേണ്ടതുമില്ല. രാമക്ഷേത്ര നിര്‍മാണമെന്നത് രാജ്യത്തിന്റെ പൊതു ആവശ്യമാണെന്ന തോന്നലാണ് പ്രധാനമന്ത്രിയുടെ തറക്കല്ലിടലും പ്രധാന പ്രതിപക്ഷത്തിന്റെ നിലപാടും സൃഷ്ടിച്ചത്. ബാബരി മസ്ജിദ് നിലനിന്ന പ്രദേശത്താണ് രാമന്‍ ജനിച്ചതെന്നും അവിടം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് വ്യവഹാരം നടത്തിയ വിശ്വ ഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും ഭൂമി ഹിന്ദുക്കളുടേതാണെന്ന് വിധിച്ച കോടതിയും ഏതാണ്ട് ഇതേ വികാരമാണ് പങ്കുവെച്ചത്.
അങ്ങനെയുള്ള ക്ഷേത്ര നിര്‍മാണത്തിന് ചുമതലപ്പെട്ട, കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ട്രസ്റ്റ് ക്ഷേത്രത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ഭൂമി വാങ്ങിയതിലെ ക്രമക്കേടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2021 മാര്‍ച്ച് 18ന് നടന്ന ഇടപാടാണ് ആദ്യം പുറത്തുവന്നത്. രണ്ട് കോടി രൂപയ്ക്ക് സുല്‍ത്താന്‍ അന്‍സാരി, രവി മോഹന്‍ തിവാരി എന്നിവര്‍ വാങ്ങിയ 1.2 ഹെക്ടര്‍ ഭൂമി, പത്ത് മിനുട്ടിനുള്ളില്‍ രാമക്ഷേത്ര ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് വിറ്റു. ക്ഷേത്രം ട്രസ്റ്റ് വലിയ കുംഭകോണമാണ് നടത്തുന്നത് എന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും രംഗത്തുവന്നു. രണ്ട് കോടി രൂപയ്ക്ക് വാങ്ങുന്നതിന് നേരത്തെ കരാറായ ഭൂമിയാണ് സുല്‍ത്താന്‍ അന്‍സാരിയും രവി മോഹന്‍ തിവാരിയും വാങ്ങിയതെന്നും അതിനു ശേഷം ഭൂമിയ്ക്ക് വലിയതോതില്‍ വിലകൂടിയെന്നും അതിനാലാണ് പതിനെട്ടര കോടിക്ക് ട്രസ്റ്റിന് വാങ്ങേണ്ടിവന്നത് എന്നുമായിരുന്നു ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം. 2009ല്‍ ആട് വളര്‍ത്തുന്നതിന് സാകേത് എന്ന പേരില്‍ കമ്പനിയുണ്ടാക്കി, ജനങ്ങളുടെ പക്കല്‍ നിന്ന് പണം തട്ടി മുങ്ങിയ ഹരീഷ് പതക്കാണ് സുല്‍ത്താന്‍ അന്‍സാരിയെയും രവി മോഹന്‍ തിവാരിയെയും മുന്നില്‍ നിര്‍ത്തി ഈ കോടികളുടെ ഇടപാട് നടത്തിയത് എന്ന വിവരം പിന്നീട് പുറത്തുവന്നു. ഇതേ ഹരീഷ് പതക്കിന്റെ പക്കല്‍ നിന്ന് 4.97 കോടി രൂപമാത്രം വിപണി മൂല്യമുള്ള ഭൂമി എട്ട് കോടി രൂപയ്ക്ക് ക്ഷേത്രം ട്രസ്റ്റ് വാങ്ങിയെന്നത് തൊട്ടുപിറകെ വെളിപ്പെട്ടു. ജനങ്ങളുടെ പണം തട്ടി മുങ്ങിയ വ്യക്തിയുടെ ഭൂമി എന്തിന് ക്ഷേത്രം ട്രസ്റ്റ് വാങ്ങുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല. മാര്‍ക്കറ്റ് വിലയെക്കാള്‍ മൂന്ന് കോടിയോളം അധികം നല്‍കി ഭൂമി വാങ്ങിയത് എന്തിനെന്ന ചോദ്യത്തിനും. ഭൂമിയുടെ രജിസ്ട്രേഷന് സാക്ഷിയായി ഒപ്പിടുന്നത് ട്രസ്റ്റ് ഭാരവാഹിയും അയോധ്യ കോര്‍പ്പറേഷന്റെ മേയറായ ബി ജെ പി നേതാവുമാണെന്ന കൗതുകം ബാക്കി.
മേയറുടെ മരുമകന്‍ ദീപ് നാരായണന്‍, 2021 ഫെബ്രുവരിയില്‍ ഇരുപത് ലക്ഷം രൂപയ്ക്ക് വാങ്ങിയ 890 ചതുരശ്ര മീറ്റര്‍ സ്ഥലം, മെയ് മാസത്തില്‍ രണ്ടരക്കോടിക്ക് ക്ഷേത്രം ട്രസ്റ്റിന് വിറ്റുവെന്നതാണ് അതിനു ശേഷം പുറത്തുവന്നത്. ഫെബ്രുവരിയില്‍ 20 ലക്ഷത്തിന് വാങ്ങിയ ഭൂമിക്ക് മൂന്നു മാസം കൊണ്ട് രണ്ടരക്കോടി വിലയായതെങ്ങനെ എന്ന് ട്രസ്റ്റ് വിശദീകരിക്കുന്നില്ല. അത് മാത്രമല്ല, അയോധ്യ മേയറുടെ മരുമകന്‍ 20 ലക്ഷത്തിന് വാങ്ങിയെടുത്തത് സര്‍ക്കാര്‍ ഭൂമിയാണെന്നതാണ് ജില്ലാ മജിസ്ട്രേറ്റ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ ഭൂമി എങ്ങനെയാണ് മേയറുടെ മരുമകന് വാങ്ങാന്‍ സാധിച്ചത് എന്നതിലും അന്വേഷണം നടക്കുകയാണ്. രാജ്യത്തിന്റെ ‘പൊതു ആവശ്യ’മെന്ന പ്രതീതി ജനിപ്പിക്കപ്പെട്ട രാമക്ഷേത്ര നിര്‍മാണം വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടായും കോടികളുടെ തട്ടിപ്പിന്റെ ഉപാധിയായും മാറുകയാണ്.
ക്ഷേത്ര നിര്‍മാണത്തിനായി വലിയ പിരിവാണ് രാജ്യത്താകെ സംഘപരിവാര്‍ മുന്‍കൈയില്‍ നടന്നത്. സാധാരണക്കാര്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെ കൈയയച്ച് സംഭാവന ചെയ്തപ്പോള്‍ പിരിഞ്ഞുകിട്ടിയത് 3,500 കോടിയാണെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന കണക്ക്. പിരിവ് വ്യവസ്ഥാപിത രീതിയിലായിരുന്നോ? കൃത്യമായ കണക്ക് സൂക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നതിലൊന്നും തിട്ടമില്ല. പിരിഞ്ഞതില്‍ കണക്കുള്ളത് മൂവായിരത്തി അഞ്ഞൂറ് കോടിക്കാണെന്ന് വിചാരിക്കുന്നതാകും ഉചിതം. ഈ പണമാണ് ക്ഷേത്രം ട്രസ്റ്റ്, റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലേക്ക് മറിക്കുന്നത്. രാമജന്മഭൂമിയെന്ന വിശ്വാസമോ രാമക്ഷേത്രമെന്ന വികാരമോ അല്ല, തികഞ്ഞ കച്ചവടം മാത്രമാണ് ഉദ്ദേശ്യമെന്ന് വ്യക്തം.
ആ കച്ചവടം, 1949 ഡിസംബര്‍ 22നും 23നും ഇടയ്ക്കുള്ള രാത്രിയില്‍ ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച കാലം മുതല്‍ തുടങ്ങിയതാണ്. അന്നുമുതല്‍ 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത് വരെ കച്ചവട ലക്ഷ്യം അധികാരമായിരുന്നു. മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നടപടികള്‍ക്ക് ശ്രമിക്കാതെ, അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് വര്‍ഗീയധ്രുവീകരണമെന്ന ഉദ്ദേശ്യത്തോടെയാണെന്നും അതിനെ തടയണമെന്നുമുള്ള ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് സംഘപരിവാരം തുടങ്ങിയ കച്ചവടം. ആരാധനയ്ക്കും ശിലാന്യാസത്തിനും ബാബരി മസ്ജിദിന്റെ കവാടങ്ങള്‍ തുറന്നുകൊടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരം ലാക്കാക്കിയുള്ള കച്ചവടം തുടര്‍ന്നുകൊണ്ടുപോകാന്‍ സംഘപരിവാരത്തിന് അവസരം തുറന്നിട്ടുനല്‍കി. സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തില്‍, 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളനുസരിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിച്ചപ്പോള്‍, അതിനെ അട്ടിമറിക്കാന്‍ സംഘപരിവാരം ശ്രമിച്ചതും രാമക്ഷേത്രമെന്ന വികാരമുപയോഗിച്ചായിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണമെന്ന ആവശ്യമുന്നയിച്ച് എല്‍ കെ അദ്വാനി അക്കാലത്ത് നടത്തിയ രഥയാത്രയും അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളും രാജ്യചരിത്രത്തിന്റെ ഭാഗമാണ്. അധികാരമുറപ്പിക്കലെന്നത് മാത്രമായിരുന്നില്ല, സവര്‍ണമേധാവിത്വത്തിന്റെ തുടര്‍ച്ച എന്ന ഉപോത്പന്നം കൂടി ഈ കച്ചവടത്തില്‍ സംഘപരിവാരം ലക്ഷ്യമിട്ടിരുന്നുവെന്ന് ചുരുക്കം. നീതിനിര്‍വഹണ സംവിധാനത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ആ ലക്ഷ്യം സാധ്യമായില്ലെന്ന് മാത്രം.
അധികാരമുറപ്പിക്കാന്‍ പാകത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്നതിലപ്പുറം രാമജന്മഭൂമി എന്ന അവകാശവാദത്തില്‍ വിശ്വാസവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആത്മാര്‍ഥത സംഘപരിവാരത്തിനുണ്ടായിരുന്നില്ല. ആ അവകാശവാദം സുപ്രീം കോടതി സാങ്കേതിക ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ചതിന് പിറകെ, പുതിയ കച്ചവടത്തിന് വഴിയൊരുക്കുകയാണ് സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്രത്തിലെയും ഉത്തര്‍ പ്രദേശിലെയും സര്‍ക്കാരുകള്‍ ചെയ്യുന്നത്. അധികാരമുറപ്പിച്ച ഇടങ്ങളിലൊക്കെ ഇത്തരം കച്ചവടങ്ങള്‍ക്ക് അവര്‍ മുന്‍കൈ എടുത്തതായി കാണാനാകും. വംശഹത്യാ ശ്രമത്തിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം ഉറപ്പാക്കിയതോടെ ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയ നരേന്ദ്ര മോഡി, അദാനിയടക്കമുള്ള വന്‍കിടക്കാര്‍ക്ക് ഏത് വിധത്തിലാണ് അവസരമൊരുക്കിയത് എന്നത് ഉദാഹരണമാണ്. മുണ്ഡ്ര തുറമുഖവും അതിനോട് ചേര്‍ന്നുള്ള പ്രത്യേക സാമ്പത്തിക മേഖലയും അദാനിക്ക് പതിച്ച് നല്‍കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് ഗുജറാത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അദാനി ഗ്രൂപ്പിന് ലഭിച്ചത് അനര്‍ഹമായ വിഹിതമായിരുന്നു. ഈ വിഹിതത്തിന് തിരിച്ചുള്ള സഹായവുമുണ്ടായി. 2014ല്‍ കേന്ദ്രാധികാരം ലക്ഷ്യമിട്ട് നരേന്ദ്ര മോഡി പ്രചാരണമാരംഭിച്ചപ്പോള്‍ സ്വകാര്യ വിമാനം സൗജന്യമായി വിട്ടുകൊടുക്കുന്നതുള്‍പ്പെടെ പരസ്യമായും രഹസ്യമായും അദാനിയുടെ സഹായമുണ്ടായി. പ്രധാനമന്ത്രി പദമേറിയ ശേഷം അദാനി, അംബാനി പോലുള്ള വന്‍കിട ഗ്രൂപ്പുകളെ നരേന്ദ്ര മോഡി ഏത് വിധത്തിലാണ് സഹായിച്ചത് എന്നതിന് തെളിവുകളേറെ. ഏറെ വിവാദമായ റഫാല്‍ പോര്‍ വിമാനക്കരാര്‍ തിരുത്തിയെഴുതിയത് പോലും അംബാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ടായി. സി എ ജിയുടെയും കോടതിയുടെയും സഹായം കൊണ്ട് സംഗതി അന്വേഷണത്തിലേക്ക് എത്തിയില്ലെന്ന് മാത്രം.
അധികാരമുറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പ്രയോഗിക്കപ്പെടുന്ന വര്‍ഗീയതയും കുത്തക കച്ചവടങ്ങളും തമ്മില്‍ ചെറുതല്ലാത്ത ബന്ധം കാണാനാകും. അതിന്റെ മറ്റൊരു മുഖം കൂടിയാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ അയോധ്യയില്‍ അരങ്ങേറുന്നത്. കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന ക്ഷേത്രം, രാജ്യത്തെ വിനോദ സഞ്ചാര വ്യവസായത്തിന്റെ മുഖ്യ കണ്ണിയാകുമെന്ന് ഉറപ്പ്. അതുകൊണ്ടു തന്നെ അവിടെ അടിസ്ഥാന സൗകര്യം വലിയ തോതില്‍ വികസിപ്പിക്കേണ്ടിവരും. ആ കച്ചവടത്തില്‍ പരമാവധി ലാഭമെടുക്കുക എന്നതാണ് സംഘപരിവാരവുമായി ബന്ധമുള്ളവരും അതിന്റെ ഭാഗമായി അധികാരത്തിലെത്തിയവരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബാബ്രി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കളുടേതാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും സുപ്രീം കോടതി ഉത്തരവിടുന്നതിന് മുമ്പ് തന്നെ, ക്ഷേത്ര നിര്‍മാണം ലാക്കാക്കി, വലിയ തോതിലുള്ള ധനസമാഹരണം നടന്നിരുന്നു. അങ്ങനെ സമാഹരിച്ച ധനത്തില്‍ വലിയൊരു ഭാഗം തത്പരകക്ഷികളുടെ പോക്കറ്റിലായെന്ന ആരോപണം മുമ്പേ ഉയര്‍ന്നതുമാണ്. ഇപ്പോള്‍ ക്ഷേത്ര നിര്‍മാണത്തിന് അവസരം ലഭിച്ചതോടെ കണക്കില്‍പ്പെട്ടും അല്ലാതെയും ഒഴുകിയെത്തുന്ന കോടികളില്‍ ചെറുതല്ലാത്ത പങ്ക് സ്വന്തക്കാര്‍ക്കും തത്പരകക്ഷികള്‍ക്കുമായി വീതം വെക്കപ്പെടുന്നു. അതിന് സര്‍ക്കാര്‍ സ്ഥാപിച്ച ട്രസ്റ്റ് തന്നെ കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ പേരിലുള്ള ഫണ്ടിന് ബാധകമല്ലാത്ത വിവരാവകാശ നിയമം രാമക്ഷേത്ര ട്രസ്റ്റിന് ബാധകമാകില്ലെന്നുറപ്പുള്ളതുകൊണ്ട് വിവരങ്ങളൊന്നും ഒരുകാലത്തും പുറത്തുവരില്ലെന്ന് ഉറപ്പിക്കുകയുമാകാം. അതുകൊണ്ടുതന്നെ ഈ ഇടപാടുകളൊന്നും വ്യവഹാരത്തിലേക്ക് നീങ്ങില്ലെന്ന് ഉറപ്പിക്കാം. അതിക്രമിച്ച് കടന്ന് സ്ഥാപിച്ച വിഗ്രഹങ്ങളെ ചൂഷണം ചെയ്ത്, അധികാരത്തിന് വേണ്ടി നടത്തിയ കച്ചവടം ലാഭത്തിലായെങ്കില്‍, ക്ഷേത്ര നഗരിയിലെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്നില്‍ക്കണ്ട് നടത്തുന്ന ഈ കച്ചവടവും ലാഭത്തിലാകും. മര്യാദാപുരുഷോത്തമനായ രാമന്റെ പേരിലാകുമ്പോള്‍ ചോദ്യംചെയ്യലുകളുണ്ടാകില്ല.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login