2010 ഫെബ്രുവരിയില്‍ ‘ദസ്തക് നയേ സമയ് കീ’ എന്ന മാസികയുടെ പത്രാധിപരായ സീമ ആസാദും അവരുടെ ഭര്‍ത്താവും രാജ്യദ്രോഹത്തിന് യു എ പി എ പ്രകാരം അലഹബാദില്‍ വെച്ച് അറസ്റ്റുചെയ്യപ്പെട്ടു. നിയമവിധേയമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന ആ പത്രം പൊതുകാര്യങ്ങളിലാണ് വിരലൂന്നിയിരുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ ഉത്തര്‍പ്രദേശ് ഘടകം സെക്രട്ടറിയാണ് അതിന്റെ പത്രാധിപരായിരുന്നത്. വ്യക്തമല്ലാത്ത കുറ്റങ്ങളാണ് അവര്‍ക്കെതിരെ ആരോപിക്കപ്പെട്ടതെന്ന് ജാമ്യാപേക്ഷ പരിശോധിച്ച ജഡ്ജ് അഭിപ്രായപ്പെട്ടിരുന്നു. സീമ ‘ഗംഗ എക്‌സ്പ്രസ്വേ’ പദ്ധതിയെക്കുറിച്ച് എഴുതി അധികം കഴിയുന്നതിനു മുമ്പേയാണ് ഇരുവരും അറസ്റ്റുചെയ്യപ്പെട്ടത്. അവര്‍ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചും അസംഗഡില്‍ പ്രത്യേക ദൗത്യസംഘം മുസ്ലിം യുവാക്കളെ തോന്നിയ പോലെ അറസ്റ്റുചെയ്യുന്നതിനെക്കുറിച്ചും എഴുതിയിരുന്നു.
2012 നവംബറില്‍ ശിവസേനയുടെ നേതാവ് ബാല്‍ താക്കറേ അന്തരിക്കുകയും മുംബൈ നഗരം അടച്ചിടപ്പെടുകയും ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ഷഹീന്‍ ദാദ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെയെഴുതി: ‘നമ്മള്‍ സ്വതന്ത്രരായി ജീവിക്കാന്‍ കാരണക്കാരായ ഭഗത് സിംഗിനെയും ആസാദിനെയും സുഖ്ദേവിനെയുമെല്ലാം ഓര്‍ത്ത് രണ്ടുനിമിഷം കണ്ണടക്കുകയോ അവരോട് ബഹുമാനം കാണിക്കുകയോ ചെയ്തത് ഏറ്റവുമൊടുവില്‍ എപ്പോഴാണ്? ഇന്ന് മുംബൈ അടഞ്ഞുകിടക്കുന്നത് പേടി കൊണ്ടാണ്, ആദരവു കൊണ്ടല്ല!’
താമസിയാതെ ഷഹീന്‍ ദാദയും ആ പോസ്റ്റ് ലൈക്കു ചെയ്ത ഒരു സുഹൃത്തും അറസ്റ്റുചെയ്യപ്പെട്ടു. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 295 (എ) വകുപ്പ് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടു. മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിച്ച് ഏതെങ്കിലും മതവികാരങ്ങളോ വര്‍ഗവികാരങ്ങളോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വവും വിദ്വേഷമുണര്‍ത്തുന്നതുമായ പ്രവൃത്തികളെ സംബന്ധിച്ചുള്ളതാണ് ആ വകുപ്പ്. പിന്നീടവരുടെ മേല്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമോ വെറുപ്പോ ശത്രുതയോ പ്രചരിപ്പിക്കുന്നതിനുള്ള 502 (2) വകുപ്പ് ചുമത്തപ്പെട്ടു. പിന്നീടത് വിവര സാങ്കേതിക നിയമത്തിന്റെ 66 (എ) വകുപ്പാക്കി മാറ്റി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഏതാനും ആഴ്ചകള്‍ക്കു ശേഷം അവര്‍ക്കെതിരെയുള്ള ചാര്‍ജ് പിന്‍വലിച്ചു. ഈ സംഭവം സുപ്രീം കോടതിയില്‍ 66 (എ) വകുപ്പിനെതിരെ ഹരജിക്ക് കാരണമായി മാറി. 2015 ല്‍ ഈ വകുപ്പ് എടുത്തുമാറ്റപ്പെട്ടു.
2012ന്റെ അവസാനത്തില്‍ കന്നഡ ടി വി റിപ്പോര്‍ട്ടര്‍ നവീന്‍ സൂരിഞ്ചെക്കെതിരെ പൊലീസ് കേസെടുത്തത് ഒരു തീവ്ര ഹൈന്ദവസംഘടന വിരുന്നുസല്‍ക്കാരത്തില്‍ നടത്തിയ അക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്. ഹിന്ദു ജാഗ്രണ വേദികെ മാംഗ്ലൂരില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോംസ്റ്റേയില്‍ നടന്ന ജന്മദിനാഘോഷത്തില്‍ ഇരച്ചുകയറി പങ്കെടുത്തവരെ അടിക്കുകയും വസ്ത്രമുരിയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നായിരുന്നു വാര്‍ത്ത. പൊലീസ് ഐ പി സി പ്രകാരവും യു എ പി എ പ്രകാരവും കേസെടുത്ത് നവംബറില്‍ നവീനിനെ ജയിലിലടച്ചു. കര്‍ണാടക ഹൈക്കോടതി അയാള്‍ക്ക് ജാമ്യം നിഷേധിച്ചു. ഒരു ആക്രമണം റിപ്പോര്‍ട്ടു ചെയ്തതിന് അയാള്‍ കുറ്റവാളിയായി മാറി!
പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുവസംഘടനയായ ‘കബീര്‍ കലാ മഞ്ചി’ന്റെ പ്രവര്‍ത്തകരെ 2011 നും 2017 നുമിടക്ക് യു എ പി എ പ്രകാരം മഹാരാഷ്ട്രയിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡ് പല സമയങ്ങളിലായി ജയിലിലടച്ചു. അവരില്‍ 2017 ല്‍ മൂന്നുപേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അവര്‍ ചെയ്ത കുറ്റം കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചും പെണ്‍ഭ്രൂണഹത്യയെക്കുറിച്ചും പോഷകാഹാരക്കുറവിനെക്കുറിച്ചും ആദിവാസികളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചും നക്സലുകള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ സമരഗാനങ്ങള്‍ പാടിനടന്നു എന്നതാണ്. മാവോയിസ്റ്റുകളുമായി അവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് ആരോപിച്ചു. വീണ്ടും 2020 ല്‍ എന്‍ ഐ എ ഈ സംഘത്തിലെ മൂന്നുപേരെ ഭീമ-കൊറഗാവ് -എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു.
2015ല്‍ ബസ്തറില്‍ നിന്നുള്ള സന്തോഷ് യാദവ് എന്ന മാധ്യമപ്രവര്‍ത്തകനെ ചത്തീസ്ഗഢ് സര്‍ക്കാര്‍ അറസ്റ്റുചെയ്തു. ഒരു പൊലീസ് ഓഫീസര്‍ മരണപ്പെട്ട എറ്റുമുട്ടലുമായി ബന്ധം ആരോപിച്ചാണ് അയാളെ അറസ്റ്റുചെയ്തത്. മാവോയിസ്റ്റുകളെ ‘സഹായിച്ചതിന്’ ഐ പി സി, ആംസ് ആക്റ്റ്, യു എ പി എ, ചത്തീസ്ഗഢ് പബ്ലിക് സെക്യൂരിറ്റി ആക്റ്റ് എന്നിവ അയാള്‍ക്കെതിരെ പൊലീസ് ചുമത്തി. 2013 ല്‍ ദര്‍ഭയിലുണ്ടായ ഒരു ഒളിപ്പോരില്‍ ബോംബിന്റെ വെളിച്ചത്തില്‍ യാദവിന്റെ മുഖം കണ്ടു എന്ന ഒരു പൊലീസുകാരന്റെ മൊഴിയായിരുന്നു അയാള്‍ക്കെതിരെയുണ്ടായിരുന്ന ഏക തെളിവ്. എന്നാല്‍ 2016 ജനുവരിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ആ പൊലീസുകാരന്‍ യാദവിനെ ‘ഉറപ്പോടെ’ തിരിച്ചറിഞ്ഞതുമില്ല. എന്നിട്ടും യാദവ് 2017 ല്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നതുവരെ ഒന്നര വര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടി. ആദിവാസികളെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും ‘ആവശ്യത്തില്‍ കൂടുതല്‍’ റിപ്പോര്‍ട്ടു ചെയ്തതിന് പൊലീസ് പക വീട്ടിയതാണെന്ന് അയാള്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് വ്യാപകമായി പ്രധാനപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പദവി കിട്ടിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റവും യു എ പി എയും ചുമത്തിയാണ് അത്തരം പോസ്റ്റുകളെ പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയെ അപഹസിക്കുന്നു എന്ന് ആരോപിക്കപ്പെട്ട ഒരു പോസ്റ്റ് ലൈക്കു ചെയ്തതിനാണ് 2016 ല്‍ ഒരു കശ്മീരി യുവാവിനെ ചത്തീസ്ഗഢില്‍ അറസ്റ്റുചെയ്തത്. അയാളുടെ നാലാമത്തെ ഹരജിയിലാണ് ചത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഫെയ്‌സ്ബുക്കില്‍ സുപ്രീം കോടതിയെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്തതിനാണ് 2018 ല്‍ ചത്തീസ്ഗഢിലെ ഒരു ചെറിയ ദിനപത്രത്തിന്റെ പത്രാധിപര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ജഡ്ജിമാര്‍ പത്രസമ്മേളനങ്ങള്‍ നടത്തിയ വര്‍ഷമായിരുന്നു അത്. പരാതി നല്‍കിയതാകട്ടെ രാജസ്ഥാനില്‍ നിന്നൊരാളും.
‘രാജ്യദോഹ പ്രവര്‍ത്തനങ്ങളെ’ മഹത്വവത്കരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടതിനാണ് 2020 ഏപ്രിലില്‍ കശ്മീരി ഫോട്ടോജേര്‍ണലിസ്റ്റായ മസ്രത്ത് സഹ്ര യു എ പി എ പ്രകാരം അറസ്റ്റുചെയ്യപ്പെട്ടത്. സംഘര്‍ഷങ്ങള്‍ക്കിടയിലെ സ്ത്രീകളെയും കുട്ടികളെയുമാണ് അയാള്‍ ക്യാമറയില്‍ പകര്‍ത്താറുള്ളത്. 2019 ല്‍ യു എ പി എ ഭേദഗതിയിലൂടെ സര്‍ക്കാരിന് വ്യക്തികളെയും ഭീകരവാദികളായി മുദ്രകുത്താം.
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പുറപ്പെട്ട മലയാളം വാര്‍ത്താ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സിദ്ദീഖ് കാപ്പന്‍ 2020 ഒക്ടോബറില്‍ അറസ്റ്റുചെയ്യപ്പെട്ടു. തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കാപ്പന്‍ ഹത്രസിലെത്തും മുമ്പേ അറസ്റ്റു ചെയ്യപ്പെട്ടു. ഭീകരവാദം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് അയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. വാര്‍ധക്യത്തിലെത്തിയ മാതാവിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് അയാള്‍ക്ക് ഏതാനും ദിവസം ജാമ്യം ലഭിച്ചത്. ജയിലില്‍ വെച്ച് കൊവിഡിനെയും അയാള്‍ അതിജീവിച്ചു. മഥുര കോടതി അയാള്‍ക്കെതിരെയുള്ള സമാധാനലംഘന ശ്രമമടക്കുമുള്ള നാല് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടും കാപ്പന്‍ ഇപ്പോഴും ജയിലിലാണ്.
ഭീകരവാദവും രാജ്യദ്രോഹവും ആരോപിച്ചു കൊണ്ടുള്ള കേസുകളും അവയെ സംബന്ധിച്ച നിയമങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതല്ല. അത് കേന്ദ്രസര്‍ക്കാരിലൊതുങ്ങുന്നതുമല്ല. ഭാഗ്യഹീനര്‍ക്ക് അത് തൊഴില്‍പരവും അല്ലാത്തതുമായ ആപത്തായി മാറിയിട്ടുണ്ട്.
വിവ. കെ സി
സെവന്തി നൈനാന്‍
You must be logged in to post a comment Login