സമരസംഘര്‍ഷങ്ങളുടെ ഫലസ്തീന്‍ ജീവിതങ്ങള്‍
ഇസ്രയേലിന്റെ ഫലസ്തീന്‍ കൈയേറ്റം കൊളോണിയല്‍ ബുദ്ധിയില്‍ പുഴുത്ത മുറിവാണ്. കൊളോണിയല്‍ ശക്തികള്‍ അധികാരം അവസാനിപ്പിച്ചിട്ടു പോയ ഇടങ്ങളിലൊക്കെ തദ്ദേശീയ ജീവിതത്തെ കാലാകാലത്തേക്കായി വെട്ടിപ്പിളര്‍ത്തിയാണവര്‍ പോയത്. ഒന്നാം ലോകയുദ്ധകാലത്ത് കേന്ദ്രീയ ശക്തികളുടെ ഭാഗമായിരുന്ന താരതമ്യേന ശക്തികുറഞ്ഞ ഓട്ടോമന്‍ ഭരണകൂടത്തെ നിലംപരിശാക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ നടത്തിയ രാഷ്ട്രീയ കരുനീക്കലാണ് ഫലസ്തീനെ ഉണങ്ങാത്ത വ്രണമായി ബാക്കിയാക്കിയത്. ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ഈ പ്രവൃത്തിയുടെ ഫലം ഒരുകാലത്തും അവസാനിക്കാത്ത ദുരിതങ്ങളുടെയും പലായനങ്ങളുടെയും മണ്ണാക്കി ആ വിശുദ്ധഭൂമിയെ മാറ്റി. ഒരേസമയത്ത് തന്നെ അറബികള്‍ക്ക് അവരുടെ സ്വപ്നമായ രാഷ്ട്രവും യഹൂദര്‍ക്ക് അവരുടെ വാഗ്ദത്ത ഭൂമിയും നല്‍കാമെന്ന് വിശ്വസിപ്പിച്ചു നടത്തിയ ഗൂഢ രാഷ്ട്രീയനീക്കം. അതിനായി ബ്രിട്ടന്‍ അക്കാലത്തു ശക്തമായ അറബ് ദേശീയതാവാദത്തെ പരിപോഷിപ്പിക്കുയാണുണ്ടായത്. അതായത് ഓട്ടോമന്‍ ഭരണത്തിനുകീഴില്‍ യുവതുര്‍ക്കികളാല്‍ അറബ് വംശജര്‍ക്ക് നേരിടേണ്ടിവന്ന അപമാനവും അതെ തുടര്‍ന്ന് അറബ് ടര്‍ക്കിഷ് വംശജര്‍ക്കിടയില്‍ രൂപപ്പെട്ട വെറുപ്പും ഉപയോഗിച്ച് നടത്തിയ മറ്റൊരു ബ്രിട്ടീഷ് രാഷ്ട്രീയ നീക്കം.ഇതിനായി നീക്കം നടത്തിയത് ഇന്നും ഇന്ത്യയില്‍ വെറുപ്പ് പുകഞ്ഞുകൊണ്ടിരിക്കുന്ന മക്‌മോഹന്‍ ലൈന്‍ എന്ന കുപ്രസിദ്ധ അതിര്‍ത്തി രേഖക്ക് പുറകിലെ ബുദ്ധി തന്നെ. സര്‍ ഹെന്‍ഡ്രി മക്‌മോഹന്‍ എന്ന കുബുദ്ധി. അന്ന് കെയ്‌റോ ഹൈക്കമ്മീഷണര്‍ ആയിരുന്ന ഇദ്ദേഹമായിരുന്നു അന്നത്തെ മക്ക – മദീന സംരക്ഷകനായിരുന്ന ഷെരീഫ് ഹുസയ്‌നുമായി ചേര്‍ന്ന് ഓട്ടോമന്‍ ഭരണകൂടത്തെ തകര്‍ക്കുന്നത്. അറബികള്‍ക്കൊരു രാഷ്ട്രമെന്ന മോഹന സുന്ദര വാഗ്ദാനം നല്‍കി ഓട്ടോമന്‍ ഭരണകൂടത്തെ തകര്‍ക്കാനുള്ള യുദ്ധത്തില്‍ അറബികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു അന്ന് ബ്രിട്ടന്‍. അതേസമയം വിശാല സിറിയയെ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഷെരീഫ് ഹുസയ്ന്‍ അറിയാതെ ഫ്രാന്‍സും ബ്രിട്ടനും തമ്മില്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ടായിരുന്നു.
ഇതേസമയത്തു തന്നെയാണ് യഹൂദര്‍ക്കൊരു രാഷ്ട്രമെന്ന ആശയത്തില്‍ ഊന്നിയ സയണിസ്റ്റ് പ്രസ്ഥാനം യൂറോപ്പില്‍ ശക്തിപ്രാപിക്കുന്നത്. ഇവിടെയാണ് എ ഡി ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ പട്ടാളത്തില്‍ യഹൂദ ദേവാലയം തകര്‍ക്കപ്പെട്ടതുമുതല്‍ പലായനമാരംഭിച്ച യഹൂദ ജനത തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങുന്നതും. തിരിച്ചു തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് എന്ന ആശയം യഹൂദര്‍ക്കിടയില്‍ ശക്തമാകുന്നതും. ഇതുപ്രകാരം ബ്രിട്ടീഷ് ഭരണകൂടവുമായി ഉണ്ടാക്കിയ ബാല്‍ഫര്‍ ഡിക്ലറേഷന്‍ പറഞ്ഞുവെച്ചത്, ജനതയില്ലാത്ത ഫലസ്തീന്‍ എന്ന രാഷ്ട്രം രാഷ്ട്രമില്ലാത്ത യഹൂദ ജനതക്കു നല്‍കുക എന്നതാണ്. പക്ഷേ ആറുലക്ഷത്തിലധികം അറബ് ജനത ജീവിച്ചുപോന്നിരുന്ന ഒരു നാടിനെ തങ്ങള്‍ക്കു കൈയടക്കാനായി വൈസ്‌മെന്‍ എന്ന സയണിസ്റ്റ് നേതാവ് നടത്തിയ വികാരപരമായ അഭിപ്രായപ്രകടനത്തെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇതേ ബാല്‍ഫര്‍ ഡിക്ലറേഷന്റെ പിന്‍ബലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയില്‍ ഉണ്ടായിരുന്ന സ്വാധീനവും എരിതീയില്‍ എണ്ണയൊഴിച്ചു. ബ്രിട്ടന്‍ ഫലസ്തീനികളുടെ മണ്ണില്‍ തങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍ ഫലസ്തീനിലേക്ക് യഹൂദ കുടിയേറ്റം ആരംഭിച്ചു. ഇതാണ്, ജൂത കുടിയേറ്റവും അധിനിവേശവുമെന്നു ഫലസ്തീനി ജനത ആരോപിക്കുന്നതും, എന്നാല്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള തിരിച്ചുവരവെന്ന യഹോവ നിയോഗമാണെന്നു ജൂത ജനതയും വിശേഷിപ്പിക്കുന്ന ഇന്നത്തെ സംഘര്‍ഷങ്ങളുടെ യഥാര്‍ത്ഥ തുടക്കം. ഇതേ പിന്‍പറ്റി നിരവധി അക്രമ പരമ്പരകള്‍ മേഖലയിലുണ്ടായി. ഫലസ്തീനൊരു കലുഷിത ഭൂമിയായി തീരുന്നതോടെ ബ്രിട്ടന് ഈ കുടിയേറ്റം നിയന്ത്രിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ നടന്ന രണ്ടാം ലോകയുദ്ധവും അതിനോട് ചേര്‍ന്ന് ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന ജൂതഹത്യയും ഇരട്ടി ജൂത കുടിയേറ്റത്തിനാണ് നിമിത്തമായത്. നാട്ടില്‍ കയറിക്കൂടിയ ജൂതന്മാരുമായി ഫലസ്തീനി ജനതക്ക് നിരന്തരമായ സംഘര്‍ഷത്തിലേര്‍പ്പെടേണ്ടിവന്നു.
ഒപ്പം അതിതീവ്ര കലാപങ്ങള്‍ക്ക് ഫലസ്തീന്‍ വേദിയായി. ഇതിലൂടെയാണ് യു എന്‍ ഈ കയ്യേറ്റത്തില്‍ ഇടപെടുന്നത്. യുഎന്നിലും ജൂത സ്വാധീനം വളരെയധികമുണ്ടായിരുന്നു. യു എന്‍ യഹൂദര്‍ക്ക് ഇസ്രയേല്‍ എന്ന രാഷ്ട്രവും മുസ്ലിംകള്‍ക്ക് ഫലസ്തീന്‍ രാഷ്ട്രവുമായി പകുത്ത് നല്‍കി. ഒരു ജനതയുടെ സ്വന്തമായിരുന്ന രാഷ്ട്രത്തെ അവരുടെ കയ്യില്‍നിന്ന് പറിച്ചെടുത്ത് മുറിച്ചുനല്‍കുകയായിരുന്നു. ഒരിക്കല്‍ ഇന്ത്യയും പാകിസ്ഥാനുമെന്നു പറഞ്ഞു ഉണങ്ങിത്തീരാത്ത മുറിപ്പാടുകളുണ്ടാക്കിയ ബ്രിട്ടീഷ് മാതൃകയും ഇതു തന്നെ. ഇവിടെയും തര്‍ക്കഭൂമിയായി അവശേഷിച്ച ജെറുസലേം മാത്രം ഒരു അന്താരാഷ്ട്ര സൈറ്റ് ആയി നിലനിര്‍ത്തുകയും ചെയ്തു യു എന്‍. തര്‍ക്കിക്കാനൊരു തുണ്ടുഭൂമി മാറ്റിവെക്കുകയായിരുന്നു എന്ന് ചുരുക്കം. ഇന്ത്യക്കും പാക്കിസ്ഥാനും തര്‍ക്കിച്ചു കാലം കഴിയാന്‍ ഒരു ഭൂമി വിട്ടേച്ചുപോയ അതേ കുതന്ത്രം.
ബാബരി പള്ളിമിനാരങ്ങള്‍ തകര്‍ത്തുടച്ചു കര്‍സേവ നടത്തുന്ന നടപടികളുമായി തുലനം ചെയ്യാന്‍ സാധിക്കും വിധം ജറുസലേം ഇന്ന് മാറിയിരിക്കുന്നു. ഏറ്റവും വിശുദ്ധമെന്നു കരുതിപ്പോരുന്ന ഒരു പട്ടണം അത്രമേല്‍ രക്തച്ചൊരിച്ചിലുകളുടെയും അനാഥത്വത്തിന്റെയും അനിശ്ചിതത്ത്വത്തിന്റെയും വേദിയാകുന്നതും അങ്ങനെത്തന്നെ. തങ്ങളുടെ ഭൂമി പുറത്തുനിന്നും വന്നവര്‍ക്ക് നല്‍കുക എന്ന ബ്രിട്ടന്‍ ആശയത്തെ എതിര്‍ക്കുക എന്നതുമാത്രമാണ് ഫലസ്തീന്‍ ജനതക്കുമുന്നിലുണ്ടായിരുന്ന പോംവഴി. ഇതിനെ തുടര്‍ന്ന് ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടില്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ പലസ്തീന്‍ പരാജയപ്പെടുകയും ഗാസയും വെസ്റ്റ് ബാങ്കും ഒഴിച്ചുള്ള മറ്റെല്ലാ ഫലസ്തീന്‍ പ്രദേശങ്ങളും ഇസ്രയേലിന്റെ നിയന്ത്രണത്തിന് കീഴിലാകുകയും ചെയ്തു. ഈ സമയങ്ങളില്‍ നിരവധി അറബ് രാജ്യങ്ങളുടെ പിന്തുണ ഫലസ്തീന് ലഭ്യമായിരുന്നു. അന്ന് ഗാസ ഈജിപ്തിന് കീഴിലും വെസ്റ്റ്ബാങ്ക് ജോര്‍ദാനു കീഴിലും നിലനില്‍ക്കുകയായിരുന്നു. ഈ യുദ്ധാനന്തരം വഴിയൊരുങ്ങിയത് എണ്ണിയാലൊടുങ്ങാത്ത കലാപങ്ങള്‍ക്കുകൂടിയായിരുന്നു.ഇതേ വര്‍ഷം തന്നെ ഇസ്രയേല്‍ ഭരണത്തലവന്‍ ഏകപക്ഷീയമായി ഇസ്രായേല്‍ ഒരു രാഷ്ട്രമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമാകുകയായിരുന്നു. അമേരിക്കയുടെ കൂടെ പിന്തുണ നേടിയ ഇസ്രയേലിനെ സംബന്ധിച്ചു പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമുള്ളതായി. ഒപ്പം സയണിസ്റ്റ് ഭീകരര്‍ നടത്തിയ നാല്‍പ്പത്തി എട്ടിലെ കൂട്ടക്കൊലയും വംശഹത്യയും പേടിച്ചു ഓടിപ്പോകേണ്ടിവന്നത് ഏകദേശം ഏഴുലക്ഷത്തിലധികം ആളുകള്‍ക്കായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പലായനമായി കരുതിപ്പോരുന്നു നക്ബ കൂട്ടപ്പലായനം.
പിന്നീട് യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ നടത്തിപ്പോന്ന ഗറില്ലാ യുദ്ധങ്ങളും തുടര്‍ന്നുണ്ടായ സിക്‌സ്-ഡേ യുദ്ധവും വീണ്ടും ഫലസ്തീന്‍ ജനതക്കുമേല്‍ ദുരിതങ്ങളുടെ യുദ്ധമുഖം തുറന്നുവെച്ചു.
യാസര്‍ അറഫാത്തും കൂട്ടാളികളുമായുണ്ടായ കറാമ യുദ്ധാനന്തരം ജയിച്ചുവെങ്കില്‍കൂടിയും നിരവധി നാശനഷ്ടങ്ങളും പട്ടാളക്കാരും നഷ്ടപ്പെടേണ്ടി വന്ന ഇസ്രയേലിന് മുകളില്‍ ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷകള്‍കൂടി വളരുകയായിരുന്നു. തുടര്‍ന്നുണ്ടായ ബ്ലാക്ക് സെപ്തംബര്‍, പി എഫ് എല്‍ എഫ്- ജോര്‍ദാന്‍ സംഘര്‍ഷങ്ങള്‍ പക്ഷേ ഫലസ്തീനിയന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഒപ്പം ഇറാന്‍ യുദ്ധത്തില്‍ കുവൈത്തിനെ തഴഞ്ഞു സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിച്ചതും അറബുലോകത്തിന്റെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമായി. ഇന്ന് അറബ് ലോകത്തിനെന്നല്ല മറ്റാര്‍ക്കും എതിര്‍ക്കാന്‍ സാധ്യമല്ലാത്ത വിധം ശക്തമായ രാഷ്ട്രമായി ഇസ്രയേല്‍ മാറിയിരിക്കുന്നു. തനിക്കുനേരെ നടന്ന വധശ്രമങ്ങളുടെ പിന്തുടര്‍ച്ചയെന്നോണം സമാധാന പാതയിലേക്ക് നീങ്ങുകയായിരുന്നു അറഫാത്. ഇതിനിടയില്‍ ഫലസ്തീന്‍ ജനത തിങ്ങിപ്പാര്‍ത്തിരുന്ന വെസ്റ്റ് ബാങ്കിലേക്കുള്ള ജൂത കുടിയേറ്റങ്ങളും അത്തരം സെറ്റില്‍മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന ഇസ്രയേല്‍ നടപടികളും കടുത്ത പ്രതിഷേധങ്ങളിലേക്കു വഴിവെച്ചു. ഇത് ‘ഒന്നാം ഇന്‍തിഫാദ’ എന്ന പേരിലുള്ള ഫലസ്തീനി ജനതയുടെ ആക്രമണ പാതയിലൂടെയുള്ള സമരമാര്‍ഗമായിരുന്നു. കല്ലുകളും പെട്രോള്‍ ബോംബുകളുമുപയോഗിച്ചു പ്രതിഷേധിച്ചവര്‍ക്കു മറുപടി നല്‍കിയത് പട്ടാളത്തിന്റെ യന്ത്ര തോക്കുകളായിരുന്നു.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴുമുതല്‍ തൊണ്ണൂറ്റി മൂന്നുവരെ നിരവധി ജീവനുകളാണ് അവിടെ പൊലിഞ്ഞുതീര്‍ന്നത്. ഈ സമയങ്ങളിലെല്ലാം അറഫാത്ത് തുടര്‍ന്ന മൗനം പിന്നീട് ഹമാസ് രൂപീകരണത്തിന് വഴിയൊരുക്കുകയായിരുന്നു. തൊണ്ണൂറ്റി മൂന്നിലെ ഓസ്ലോ ആക്ക്‌കോര്‍ഡ് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്നതാണെങ്കിലും എതിര്‍പ്പുകള്‍ക്കും വെറുപ്പുകള്‍ക്കുമിടയില്‍ അതിനുള്ള പ്രസക്തിയും നഷ്ടപ്പെട്ടുപോകുകയായിരുന്നു.
പിന്നീടങ്ങോട്ടു നെതന്യാഹുവും ഹമാസും തമ്മിലുള്ള നിരന്തരമായ പോരാട്ടവും നിലക്കാത്ത വെടിവെപ്പുമാണ് ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്നുവരുന്നത്. തൊണ്ണൂറ്റി നാലില്‍ കുറച്ചു സ്റ്റേറ്റുകള്‍ ഫലസ്തീനികള്‍ക്ക് എന്ന രീതിയില്‍ ഒരുശ്രമം അറഫാത്തിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും ‘രണ്ടാം ഇന്‍തിഫാദ’ കൂടുതല്‍ കലുഷിതമായ പോര്‍മുഖമാക്കിമാറ്റിയിരിക്കുകയാണ് ഫലസ്തീന്‍ എന്ന വിശുദ്ധ നാടിനെ.
ഇന്ത്യന്‍ ജനതക്കുമുന്നില്‍ ഫലസ്തീന്‍ എന്ന കൊച്ചുരാജ്യം തുറന്നു കാണിക്കുന്നത് ഭരണകൂട ദുര്‍നടപടികള്‍ ഒരുജനവിഭാഗത്തെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതാണ്. സ്വന്തം നാടിനെ കോര്‍പറേറ്റ് ഭീമര്‍ക്ക് തീറെഴുതിക്കൊടുക്കുവാന്‍ ശ്രമിക്കുന്ന ഭരണകൂടം ജനങ്ങളുടെ, നാടിന്റെ, ഉടമകളുടെ സഹന സമരങ്ങളെ അടിച്ചമര്‍ത്തുകയാണ്. എതിര്‍പ്പുകള്‍ക്കൊടുവില്‍ ഇന്ന് വീണ്ടും പൗരത്വത്തിനായുള്ള നടപടികള്‍ തുടങ്ങാനുള്ള തുടര്‍ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കാണുന്നു. ലക്ഷദ്വീപ് ഒരു തുടര്‍ച്ച മാത്രമാണ്. ഒരുപാട് ജനങ്ങളുടെ സ്വന്തവും സ്വപ്നവുമായ മണ്ണാണ് അസമാധാനത്തിന്റെ അരക്ഷിത ഭൂമിയാകുന്നത്. ആ തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് കോടതിയുടെ താല്‍ക്കാലികപ്പൂട്ടുണ്ട്. അവിടെജനങ്ങള്‍ക്കാവശ്യമുള്ള സദ്ഭരണം നിലനില്‍ക്കട്ടെ. മറ്റനേകം സമരങ്ങളെ പോലെ ഫലപ്രാപ്തിയിലാകാതെ സമരം തളരാതിരിക്കട്ടേ.
ഉപസംഹാരം
പ്രൊക്രൂസ്റ്റസ് – എന്ന തന്റെ കവിതയുടെ അവസാനം വയലാര്‍ രാമവര്‍മ എഴുതിയത് ‘അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്റെ ആത്മാവെങ്കില്‍, അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്റെ കയ്യും കാലും. അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍,വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്റെ കയ്യും കാലും’ എന്നാണ്. ഫലസ്തീന്‍ ജനതയും റോഹിന്‍ഗ്യന്‍ ജനവിഭാഗവും ഒരുകാലത്ത് ഉയിഗൂറുകളും ഫലസ്തീനെ പൊറുതിമുട്ടിക്കുന്ന ജൂത ജനതയും പലവിധ ഭരണഗൂഢ വിധ്വംസക പ്രവര്‍ത്തികളുടെയും, മതഭ്രാന്തമാരുടെയും സ്വേച്ഛാധിപതികളുടെയും അധികാരമോഹികളുടെയും കോര്‍പറേറ്റ് ഭീകരന്മാരുടെയും കൈയിലെ കളിപ്പാവകളും ഇരകളുമായിരുന്നു.
യാതനകളുടെ, അനാഥത്വത്തിന്റെ, ബാലാരിഷ്ടതകള്‍ അവസാനിക്കും മുന്‍പേ പൊലിഞ്ഞു പോകുന്ന നിരവധി കുരുന്നുകളുടെ കൂടി ഭൂമിയാണിത്. വിധവകള്‍, ശാരീരികമായി, മാനസികമായി, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ജനത, ലൈംഗിക അടിമകളായി അരാജകത്വത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍, ഏതുനിമിഷവും മരിച്ചുപോകാമെന്ന ഭീതിയില്‍ ജീവിക്കുന്ന ജനങ്ങള്‍.തങ്ങളെപ്പോഴും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണെന്ന തിരിച്ചറിവ്. ഭൂമിയെന്നാല്‍ നരകമാണെന്നു കരുതുന്ന ജനങ്ങള്‍. സ്വസ്ഥതയും സമാധാനവും ഒരിക്കലുമിനി തിരികെ ലഭിക്കില്ല എന്നുറപ്പുള്ള അഭയാര്‍ഥികള്‍. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരകള്‍. ഇതുവരെ നാം പാഠപുസ്തകത്തില്‍മാത്രം വായിച്ചറിഞ്ഞ, പത്ര ദൃശ്യ മാധ്യമങ്ങളില്‍ കണ്ട, നമ്മെ നടുക്കിയ സംഭവങ്ങള്‍ നമുക്ക് കണ്മുന്നില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.അത്രമേല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. നിശബ്ദരാക്കപ്പെടുന്ന, നിഷ്‌കാസനം ചെയ്യപ്പെടുമോ എന്നറിയാത്ത രണ്ടാംകിട പൗരന്മാരാകേണ്ടിവരുമോ എന്നറിയാത്ത വലിയൊരു വിഭാഗം ജനങ്ങളുടേതുകൂടിയാണ് ഇന്ന് ഇന്ത്യ. പഴയ ഇന്ത്യ പുലര്‍ന്നുവരാന്‍ വേണ്ടി നാം സ്വയം സമര്‍പ്പിക്കേണ്ടിയിരിക്കുന്നു.
ജയശ്രീ കുനിയത്ത്
You must be logged in to post a comment Login