ജമാഅത്തിന്റെ ചുവടുമാറ്റങ്ങള്‍

ജമാഅത്തിന്റെ ചുവടുമാറ്റങ്ങള്‍

മൗദൂദി സാഹിബിന്റെ മരണശേഷം നിര്‍ണായകമായ ചുവടുമാറ്റങ്ങള്‍ ജമാഅത്തെ ഇസ്ലാമി കൈകൊണ്ടു. തങ്ങളുടെ ലക്ഷ്യമായ ദൈവരാജ്യം നേരെ ചൊവ്വേ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തല്കാലം നിലവിലുള്ള വ്യവസ്ഥിതിയുമായി രാജിയാകാനായിരുന്നു തീരുമാനം. അതിന് മൗദൂദി സാഹിബിന്റെ ആശയങ്ങളെ തല്‍ക്കാലത്തേക്ക് അലമാരയിലടച്ചു. രാമരാജ്യം സ്ഥാപിക്കാന്‍ സന്ദര്‍ഭം ഒത്തു വരുന്നതുവരെ നിലവിലുള്ള മതേതര ജനാധിപത്യവുമായി സമരസപ്പെട്ടു പോകണമെന്ന ആര്‍ എസ് എസ് നിലപാടാണ് ജമാഅത്തെ ഇസ്ലാമിയും സ്വീകരിച്ചത്. തങ്ങളുടെ ദൈവരാജ്യം (ഹുകൂമതേ ഇലാഹി) സ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ തല്‍ക്കാലം ‘പൈശാചിക വ്യവസ്ഥിതി’യായ സെക്കുലറിസവും ജനാധിപത്യവും അംഗീകരിച്ചു മുന്നോട്ടു പോവുക തന്നെ.
ജമാഅത്ത് റാംപൂരിലും അലിഗഡിലും സ്വന്തമായ സ്ഥാപനങ്ങള്‍ നടത്തി ദൈവികമെന്ന് തങ്ങള്‍ വിശ്വസിച്ച ആശയങ്ങള്‍ പഠിപ്പിക്കാനുള്ള സംവിധാനം കൊണ്ടുവന്നു. ആദ്യം ജമാഅത്തുകാരല്ലാത്തവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ പ്രവേശം നല്കിയിരുന്നില്ല. മാത്രമല്ല; അലിഗഡ് പോലുള്ള മതേതര സ്ഥാപനങ്ങളെ മൗദൂദി സാഹിബ് തന്നെ അറവുശാലകള്‍ എന്ന് മുദ്രകുത്തിയതിനാല്‍ ആദ്യ കാലത്ത് അങ്ങോട്ടും തങ്ങളുടെ മക്കളെ വിട്ടിരുന്നില്ല. ഈ നിലപാടുകളില്‍ അയവ് വരുത്താന്‍ പിന്നീട് ജമാഅത്ത് നിര്‍ബന്ധിതമായി. കാരണം പ്രായോഗികമായ മാര്‍ഗങ്ങളല്ല മൗദൂദി സാഹിബിന്റേത് എന്നതുകൊണ്ടുതന്നെ. നയങ്ങളില്‍ മാറ്റം വരുത്താതെ ദൈവരാജ്യം സ്ഥാപിക്കാനാവില്ലെന്നും കുറേ ജമാഅത്തു നേതാക്കള്‍ക്കെങ്കിലും ബോധ്യപ്പെട്ടു. എന്തായാലും ജമാഅത്ത് അനുഭാവികള്‍ക്ക് മക്കളെ അലിഗഡ് സര്‍വകലാശാലയില്‍ പറഞ്ഞയക്കാന്‍ അനുവാദം കിട്ടി. എന്നാല്‍ ജമാഅത്ത് അംഗങ്ങള്‍ക്ക് പാടില്ല. പിന്നീട് ഈ തീരുമാനത്തിലും വെള്ളം ചേര്‍ത്തു. അലിഗഡ് പട്ടണത്തില്‍ ജമാഅത്ത് സ്ഥാപിച്ച ഗ്രീന്‍ സ്‌കൂള്‍ പുതിയ തീരുമാനങ്ങളുമായി വന്നു. ജമാഅത്തിലെ ഒരു വിഭാഗം എതിര്‍ത്തെങ്കിലും ഗ്രീന്‍ സ്‌കൂളിന് അലിഗഡ് സര്‍വകലാശാലയുടെ അംഗീകാരം വാങ്ങി. അങ്ങനെ അലിഗഡ് സര്‍വകലാശാലയെ അറവുശാലയെന്ന വിശേഷണം തിരുത്തി. സ്‌കൂളിന് സര്‍ക്കാരിന്റെ അംഗീകാരം വാങ്ങുന്നത് ബഹുദൈവത്വത്തെ അംഗീകരിക്കലാണെന്ന് പറഞ്ഞ ജമാഅത്തുകാര്‍ തന്നെ തങ്ങളുടെ സ്‌കൂളിന് സര്‍ക്കാരില്‍ നിന്ന് അംഗീകാരം സമ്പാദിച്ചെടുത്തു. പല തലമുതിര്‍ന്ന നേതാക്കളുടെയും എതിര്‍പ്പോടെയാണ് ഇത് നേടിയെടുത്തത്. സര്‍ക്കാര്‍ സ്ഥാപനവുമായി അഫിലിയേഷന്‍ പാടില്ല എന്ന് പറയുന്നവരെ ജനങ്ങള്‍ പരിഹസിച്ചു. സര്‍ക്കാരും അതിന്റെ സ്ഥാപനങ്ങളും ബഹുദൈവത്വമാണെങ്കില്‍ (താഗൂത്) എങ്ങനെയാണ് ജമാഅത്തുകാര്‍ സര്‍ക്കാരിന്റെ തീവണ്ടിയില്‍ യാത്ര ചെയ്യുക; എങ്ങനെയാണ് പോസ്റ്റോഫീസ് ഉപയോഗപ്പെടുത്തുക; വൈദ്യുതി ഉപയോഗിക്കുക? ഈ ചോദ്യങ്ങള്‍ക്കൊക്കെ നേതാക്കള്‍ക്ക് ഉത്തരം മുട്ടിക്കൊണ്ടിരുന്നു. പള്ളികളില്‍ പോലും സര്‍ക്കാരല്ലേ വൈദ്യുതി തരുന്നത്? എങ്ങനെയാണ് താഗൂതി വൈദ്യുതിയെ അംഗീകരിക്കുക? മൗദൂദിയുടെ അത്തരം നിലപാടുകള്‍ നിരന്തരം പരിഹസിക്കപ്പെട്ടു. ഇതൊക്കെ വികാരപരമായ സമീപനത്തിന്റെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ മൗദൂദിക്ക് ഒരു കാരണവും ലക്ഷ്യവും കാണിക്കാനില്ലെന്നും പാരമ്പര്യ ഉലമകള്‍ വെല്ലുവിളിച്ചു. മൗദൂദി ദൈവമല്ലെന്നും മനുഷ്യന്‍ മാത്രമാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ തെറ്റുകള്‍ അനുയായികളെങ്കിലും തിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സെക്കുലറിസത്തോടും ജനാധിപത്യത്തോടും മൗദൂദി എടുത്ത നിലപാട് പരിഹാസജനകവും നാണക്കേടുമാണെന്ന് സംഘടനക്കകത്ത് തന്നെ വിമര്‍ശമുയര്‍ന്നു.

സഹിക്കാനാവാതെ സിമി
ജമാഅത്ത് നേതൃത്വം മൗദൂദിയില്‍ നിന്ന് വ്യതിചലിക്കുകയാണെന്നുപറഞ്ഞ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പരസ്യമായി രംഗത്തുവന്നു. ഇവര്‍ ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമിയോട് (സ്സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) ആഭിമുഖ്യമുള്ളവരായിരുന്നു. ജമാഅത്തിന്റെ ഗ്രീന്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ മുന്നിട്ടാണ് 1977ല്‍ സിമിക്ക് രൂപം കൊടുക്കുന്നത്. അമേരിക്കയിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന മുഹമ്മദ് അബ്ദുല്ലാ സിദ്ദീഖിയാണ് സ്ഥാപകന്‍. ജമാഅത്തിന്റെ വിദ്യാര്‍ഥി വിഭാഗമായാണ് ഇത് പ്രവര്‍ത്തിച്ചത്. 1981ല്‍ യാസര്‍ അറഫാതിന്റെ ഇന്ത്യാ സന്ദര്‍ശന സമയത്ത് അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിച്ച കാരണത്താലാണ് ജമാഅത്ത് സിമിയെ ഉപേക്ഷിക്കാന്‍ തുടങ്ങിയത്. അറഫാത് പാശ്ചാത്യന്‍ പാവയാണെന്ന സിമി വാദം ജമാഅത്ത് നേതാക്കള്‍ അംഗീകരിച്ചില്ല. നേതൃത്വത്തിനെതിരെയുള്ള വിമര്‍ശന രീതിയും നേതാക്കള്‍ക്ക് രസിച്ചില്ല. സിമിയെ ഉപേക്ഷിച്ച ശേഷം നേതാക്കള്‍ തങ്ങള്‍ക്ക് കീഴ്‌പെടുന്ന വിധം എസ് ഐ ഒ (സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) എന്ന വിദ്യാര്‍ഥി സംഘടനക്ക് 1982ല്‍ രൂപം നല്കി. ജമാഅത്തെ ഇസ്ലാമി നേതൃത്വം മൗദൂദിയുടെ ഹുകൂമതേ ഇലാഹിയിലേക്ക് (ദൈവ രാജ്യം) തിരിച്ചു വരണമെന്നും ഇസ്ലാമിക വിപ്ലവത്തിലൂടെ (ഇസ്ലാമി ഇന്‍ക്വിലാബ്) ഇസ്ലാം രാജ്യം സ്ഥാപിക്കാന്‍ രംഗത്തിറങ്ങണമെന്നും സിമി ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സമയമായില്ലെന്നും ഇനിയും കാത്തിരിക്കണമെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയോട് അകന്നെങ്കിലും പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ശാഖകളുമായി അവര്‍ ബന്ധം പുലര്‍ത്തിപ്പോന്നു. ഭീകരസംഘടനയെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ ഗവണ്‍മെന്റ് 2001ല്‍ സിമിയെ നിരോധിക്കുകയായിരുന്നു.
ഇന്ധിരാ ഗാന്ധി തുടങ്ങിവച്ച ഹിന്ദു വര്‍ഗീയ പ്രീണനം രാജീവ് ഗാന്ധിയുടെ കാലത്തും തുടരുകയായിരുന്നു. ഇത് സിമിയെ കൂടുതല്‍ ഭരണഘടനാവിരുദ്ധ നിലപാടിലെത്തിച്ചു. രാജീവ് ഗാന്ധിയുടെ കാലത്ത് ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വേണ്ടി തുറന്നുകൊടുത്തതും, വിശ്വ ഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് വഴി തുറന്നതും, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം ബാബരി മസ്ജിദിന്റെ പട്ടണമായ ഫൈസാബാദില്‍ നിന്ന് തുടങ്ങിയതും രാജ്യത്തെ ഹിന്ദു മുസ്ലിം ധ്രുവീകരണം വര്‍ധിപ്പിച്ചു. രാമരാജ്യം എന്ന പദം ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ നിരന്തരം ആവര്‍ത്തിച്ചു. മുസ്ലിം വിരുദ്ധ ലേഖനങ്ങളും പ്രസംഗങ്ങളും കൊണ്ട് ഹിന്ദു വര്‍ഗീയതയെ കയറൂരി വിട്ടു. അയോധ്യാ ക്ഷേത്രം നിര്‍മിക്കുക മാത്രമല്ല; രാജ്യത്ത് നിന്ന് മുസ്ലിം സംസ്‌കാരം തന്നെ ഉന്മൂലനം ചെയ്യുമെന്ന് ചില ആര്‍ എസ് എസ് നേതാക്കള്‍ പ്രസ്താവിച്ചു കളഞ്ഞു. ഈ പ്രസ്താവങ്ങള്‍ ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യയില്‍ വെണ്ടയ്ക്ക നിരത്തി. ഈ സന്ദര്‍ഭം മുതലെടുത്ത് മുസ്ലിം ചെറുപ്പക്കാരെ സിമി ഹൈജാക്ക് ചെയ്തു വന്നു. ഇസ്ലാമിക് മൂവ്മെന്റ് എന്ന തങ്ങളുടെ പത്രത്തിലൂടെ ആര്‍ എസ് എസ് പ്രസ്താവനകളെ ഖണ്ഡിച്ചു കൊണ്ടിരുന്നു. പത്രത്തിന് നല്ല ഡിമാന്റുണ്ടായി. ഹിന്ദുക്കള്‍ക്ക് രാമരാജ്യം ആവശ്യപ്പെടാമെങ്കില്‍ എന്തുകൊണ്ട് മുസ്ലിംകള്‍ക്ക് ഒരു ഇസ്ലാമിക ഭരണം (നിസാമേ മുസ്തഫ) ആയിക്കൂടാ. ഇസ്ലാമിക ഖിലാഫത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ സിമി മുസ്ലിംകളോട് ആഹ്വാനം ചെയ്തു. ബാബരി പള്ളി പ്രശ്നത്തെ ഇസ്ലാമും ശിര്‍ക്കും തമ്മിലുള്ള തര്‍ക്കമായി വ്യഖ്യാനിച്ചു. ബാബരി മസ്ജിദ് കരയുന്ന തരത്തിലുള്ള ചിത്രങ്ങള്‍ നല്കി യുവാക്കളുടെ വികാരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമുണ്ടായി.

ജമാഅത്തിനെതിരായ നിലപാട് സിമി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മൗദൂദി വിഭാവനം ചെയ്ത ഖിലാഫതിന് വേണ്ടിയാണ് തങ്ങള്‍ നില കൊള്ളുന്നതെന്നും എന്നാല്‍ ജമാഅത്ത് ഹുകൂമതേ ഇലാഹിയില്‍ നിന്ന് പുറകോട്ടു പോയെന്നും സിമി കുറ്റപ്പെടുത്തി. ജമാഅത്താവട്ടെ, മൗദൂദിയന്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ സമയമായില്ലെന്ന് പറഞ്ഞ് ‘കുഫ്രിയ്യത്തു’മായി (ദൈവനിഷേധം) രാജിയാവുകയാണ് ചെയ്തത്. ഇതാവട്ടെ, സിമിക്കും ആദ്യ കാല ജമാഅത്തുകാര്‍ക്കും ബോധിച്ചതുമില്ല. ഹൂകൂമതേ ഇലാഹി എന്ന മുദ്രാവാക്യം അരോചകമായി തോന്നിയതിനാല്‍ പകരം ഇഖാമതു ദ്ദീന്‍ (മതത്തെ നില നിറുത്തല്‍) എന്നാക്കിയതാണെന്നും ജമാഅത്ത് നേതൃത്വം ന്യായീകരിച്ചു. ഇങ്ങനെ മാറ്റിയതിനാല്‍ സിമി, അമീര്‍ അബുല്ലൈസ് നദ്വിയെ പരിഹസിച്ചു. ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ ആശയങ്ങളെയും ശരീഅത്തിനെയും കൈയൊഴിച്ചിരിക്കയാണെന്ന് സിമി മുഖ പ്രസംഗമെഴുതി. മാറ്റത്തെ ന്യായീകരിക്കാനാവാതെ ജമാഅത്ത് നേതാക്കള്‍ കുഴങ്ങി. തങ്ങള്‍ ഹുകൂമതേ ഇലാഹി കൈവിട്ടിട്ടില്ലെന്നും ജനങ്ങളിലെ തെറ്റിദ്ധാരണ മാറ്റാന്‍ മറ്റൊരു പദം സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമൊക്കെ അമീറും മറ്റു നേതാക്കളും അണികളില്‍ പ്രചാരണം നടത്തി. ജമാഅത്ത് വേദികളില്‍ നിന്ന് മൗദൂദിയന്‍ ആശയങ്ങള്‍ പിന്നെ തീരെ കേള്‍ക്കാതായി. മെല്ലെ മെല്ലെ സെക്കുലറിസത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്ന വിരോധാഭാസമാണ് പിന്നെ കണ്ടത്. എന്നാല്‍ തങ്ങളുടെ ലക്ഷ്യം മൗദൂദിയുടേത് തന്നെയാണെന്നും പുതിയ നിലപാട് നിര്‍ബന്ധിത സാഹചര്യത്തില്‍ താല്കാലികമായുള്ള ഒരു നീക്കുപോക്ക് മാത്രമാണെന്നും അണികളെ ധരിപ്പിച്ചു കൊണ്ടിരുന്നു. പുതിയ തലമുറയിലെ ജമാഅത്തുകാരാവട്ടെ മൗദൂദിയന്‍ ആശയങ്ങളെ മറക്കാനും തുടങ്ങി. മൗദൂദിയന്‍ കൃതികള്‍ പലതും പ്രസാധനം നിറുത്തി. ചിലത് മാറ്റങ്ങള്‍ വരുത്തി പുനഃപ്രസിദ്ധീകരിച്ചു. ജമാഅത്ത് മൗദൂദിയുടെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന് വിമര്‍ശം വന്നു.

ബാബരി മസ്ജിദ്
ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കൂടുതല്‍ തീവ്ര നിലപാടിലേക്ക് സിമി നീങ്ങുകയായിരുന്നു. അവര്‍ ശക്തമായ പല പ്രമേയങ്ങളും പാസാക്കി. സെക്കുലറിസവും ജനാധിപത്യവും തകര്‍ന്നിരിക്കുന്നുവെന്നും ഇനി അവയുമായി ഒരു ബന്ധവുമില്ലെന്നും സിമി പ്രഖ്യാപിച്ചു. മുസ്ലിംകളെ വിഡ്ഢികളാക്കാന്‍ ഹിന്ദുക്കള്‍ ആവിഷ്‌കരിച്ച വഞ്ചനയാണ് സെക്കുലറിസമെന്ന് സിമി പ്രസിഡണ്ടിന്റെ പ്രസ്താവം വന്നു. ബാബരി മസ്ജിദ് പൊളിച്ചു മാറ്റുന്നതില്‍ കോണ്‍ഗ്രസ് കാണിച്ച കുറ്റകൃത്യം സയണിസത്തിന് തുല്യമാണെന്ന് സംഘടന കുറ്റപ്പെടുത്തി. മുസ്ലിംകളെ വഞ്ചിക്കാനുള്ള സെക്കുലര്‍ സര്‍ക്കസാണ് ബിജെപിയെ പോലെ ഇടതുപക്ഷവും ജനതാദളും തെലുഗു ദേശവും കോണ്‍ഗ്രസും എല്ലാം കൂടി നടത്തുന്നതെന്നും മുഖപത്രമായ ഇസ്ലാമിക് മൂവ്മെന്റ് എഡിറ്റോറിയലില്‍ കുറിച്ചു. അറബികളുടെ ബഹുദൈവത്വത്തെക്കാള്‍ മാരകമാണ് സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍. മുസ്ലിംകള്‍ക്ക് ഒരു രക്ഷയും ഈ രാജ്യത്ത് ഇല്ലാതായിരിക്കുന്നു. അതിനാല്‍ ഇന്ത്യ യുദ്ധഭൂമിയായി (ദാറുല്‍ ഹര്‍ബ്) മാറിയിരിക്കുന്നു. സിമി മൗദൂദിയുടെ ആശയമംഗീകരിച്ചു തന്നെ 2004ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പില്‍ സജീവമായി. ബി ജെ പിക്കെതിരെ സെക്കുലറിസത്തെയും ജനാധിപത്യത്തെയും വിജയിപ്പിക്കാന്‍ വേണ്ടി രംഗത്തിറങ്ങാനാണ് ജമാഅത്തിന്റെ ആഹ്വാനമുണ്ടായത്. അതേസമയം വിശുദ്ധ യുദ്ധത്തിലൂടെ ദാറുല്‍ ഇസ്ലാം സ്ഥാപിക്കാന്‍ മുന്നിടേണ്ടത് ഓരോ മുസല്‍മാന്റെയും കടമയാണെന്ന് ഖുര്‍ആന്‍ വാക്യങ്ങളുടെ അകമ്പടിയോടെ സിമി നേതാക്കള്‍ പ്രചാരണം നടത്തി. ജനാധിപത്യവും സെക്കുലറിസവും മഹാ പാപമാണെന്നാണ് സിമി വാദിച്ചത്. ഖിലാഫത് ഉണ്ടെങ്കിലേ നിസ്‌കാരവും സകാത്തും നിര്‍വഹിക്കുന്നതിലര്‍ഥമുള്ളൂ. ഖിലാഫത് ഇല്ലാത്ത ഒരു ഭൂമികയില്‍ വെള്ളിയാഴ്ച നിസ്‌കാരം നിര്‍വഹിക്കേണ്ടതില്ല എന്നുവരെ പ്രസ്താവിച്ചു കളഞ്ഞു (ഇസ്ലാമിക് മൂവ്മെന്റ്, 1996, നവംബര്‍- ഡിസംബര്‍, 73).

ജമാഅത്തിനവകാശമില്ലെന്ന്
ഖിലാഫതിനെപ്പറ്റി മൗനം പാലിച്ച് ജമാഅത്തെ ഇസ്ലാമി മൗദൂദിസാഹിബിന്റെ ആശയങ്ങളില്‍ നിന്ന് ബഹുദൂരം അകന്നുപോയതായി സിമി ആരോപിച്ചു. മൗദൂദിയുടെ പേരുച്ചരിക്കാന്‍ ജമാഅത്ത് നേതാക്കള്‍ക്ക് അവകാശമില്ലെന്നാണ് സിമി പറഞ്ഞത്. അതേസമയം പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജമാഅത്തുകാരെ പോലെ ഭീരുക്കളല്ലെന്നും എഴുതി. ദൈവരാജ്യം തല്ക്കാലത്തേക്കാണ് മാറ്റി വച്ചതെന്നും നല്ലൊരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് ജമാഅത്ത് നേതാക്കള്‍ അവകാശപ്പെട്ടത്. ഈ കാത്തിരിപ്പിനെ നൂഹ് നബിയുടെ ദഅ്വത്തിനോടാണ് അവര്‍ ഉപമിച്ചത്. സിമി ഈ വാദമൊന്നും അംഗീകരിച്ചില്ല. കേവലം 23 വര്‍ഷം കൊണ്ട് മുഹമ്മദ് നബി ഒരു സ്റ്റേറ്റ് സ്ഥാപിച്ചത് എന്തുകൊണ്ടാണ് ജമാഅത്ത് നേതാക്കള്‍ കാണാത്തത്? ഖിലാഫത് സ്ഥാപിക്കാന്‍ ജിഹാദ് അനിവാര്യമാണെന്ന് സിമി വിശ്വസിച്ചു. തങ്ങളുടെ തീവ്രവാദത്തിനനുകൂലമായി ഇസ്ലാമിനെ വ്യാഖ്യാനിക്കാനും സിമി മറന്നില്ല. മുഹമ്മദ് നബി യുദ്ധങ്ങളുടെ പ്രവാചകനാണെന്ന് അവര്‍ സമര്‍ഥിച്ചു കളഞ്ഞു. ജിഹാദ് യുദ്ധം തന്നെയാണെന്നും അതിന്റെ പ്രാധാന്യം കുറച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഉലമകളാണെന്നും സിമി ആരോപിച്ചു. കൊളോണിയലിസത്തിനെതിരെ നിരന്തരം സമരങ്ങളുണ്ടായപ്പോള്‍ ബ്രിട്ടീഷുകാര്‍ ചില ഉലമകളെ കൈക്കൂലി കൊടുത്തു വശത്താക്കി അവരാണ് ഇസ്ലാമില്‍ ജിഹാദിന് സ്ഥാനമില്ലാതാക്കിയത് തുടങ്ങിയ വാദങ്ങളും സിമി ഉന്നയിച്ചു. മുഹമ്മദ് നബി ഇസ്ലാമിന്റെ സൈനിക കമാന്‍ഡറാണത്രേ. പ്രകൃതിയുടെ വിളിക്ക് പോവുമ്പോള്‍ പോലും അദ്ദേഹം ഒരു കുന്തം കൈയില്‍ കരുതാറുണ്ടായിരുന്നു. മരണസമയത്ത് ഏഴു വാളുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ യുദ്ധത്തിന്റെ പ്രവാചകനാണ് മുഹമ്മദ് നബി എന്നാണ് ചില സിമി നേതാക്കള്‍ സമര്‍ഥിച്ചെടുത്തത്. ഹിന്ദുത്വവാദികള്‍ ശ്രീരാമനെ യുദ്ധത്തിന് തയാറായി നില്ക്കുന്ന ഒരു യോദ്ധാവായി അവതരിപ്പിച്ചപ്പോള്‍ മുഹമ്മദ് നബിയെയും ഒരു യുദ്ധനേതാവായി അവതരിപ്പിക്കുകയെന്ന തന്ത്രമാണ് ഇവര്‍ സ്വീകരിച്ചത്.

ജമാഅത്തെ ഇസ്ലാമി തങ്ങളുടെ നേതാവ് നിഷിദ്ധമാക്കിയ സെക്കുലറിസത്തിനും ജനാധിപത്യത്തിനും അനുകൂലമായി രംഗത്തിറങ്ങിയത് വിരോധാഭാസമായി മുസ്ലിം നേതാക്കള്‍ അവതരിപ്പിച്ചു. ഒന്നുകില്‍ ജമാഅത്ത് മൗദൂദിയെ തള്ളിപ്പറയണം; അല്ലെങ്കില്‍ തങ്ങളുടെ ലക്ഷ്യമെന്താണെന്ന് തുറന്ന് പറയണം. ഇത് രണ്ടുമുണ്ടായില്ല. ബി ജെ പിക്കെതിരായ മുന്നേറ്റം ലക്ഷ്യമാക്കിയതു കൊണ്ട് ഭൂരിപക്ഷം ജമാഅത്ത് നേതാക്കളും ഈ ചുവടുമാറ്റത്തെ പിന്തുണച്ചു. ഏതാനും പേര്‍ വിട്ടുനിന്നു. സിമിയുടെ പഴിയും ജമാഅത്തിന് കേള്‍ക്കേണ്ടി വന്നു.

2001ല്‍ സിമി നിരോധിക്കപ്പെട്ടത് വലിയ നേട്ടമായി ബി ജെ പി അവതരിപ്പിച്ചിരുന്നു. 2002ല്‍ നടന്ന യു പി ഇലക്ഷനില്‍, സിമി പാകിസ്ഥാന്‍ ചാര സംഘമാണെന്നും, അതിനെ നിരോധിക്കുക വഴി മുസ്ലിം തീവ്രവാദത്തെ തങ്ങള്‍ ഇല്ലാതാക്കിയെന്നും ഹിന്ദു അണികളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഈ ഇലക്ഷനില്‍ ജമാഅത്ത് ഒരു പ്രത്യേക പാര്‍ട്ടിയെ പിന്തുണച്ചില്ല. വോട്ടു ചെയ്യാന്‍ വേണ്ടി ബി ജെ പിക്കാരല്ലാത്ത ഏതാനും സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടു. അതില്‍ ഹിന്ദുക്കളും ഉണ്ടായിരുന്നു. മൂല്യം നോക്കി സ്ഥാനാര്‍ഥിയെ സ്വീകരിക്കുന്ന നിലപാട് അങ്ങനെ യു പിയില്‍ പരീക്ഷിച്ചു. ഇത് വിജയം കണ്ടതൊന്നുമില്ല. തങ്ങള്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെട്ടിരുന്നു. തങ്ങള്‍ അടിസ്ഥാനപരമായി സെക്കുലറിസവും ജനാധിപത്യവും അംഗീകരിക്കുന്നില്ലെങ്കിലും താല്ക്കാലികമായ ഒരു ചുവടുമാറ്റം മാത്രമാണതെന്ന് ജമാഅത്ത് നേതാക്കള്‍ തങ്ങളുടെ സമ്മേളനങ്ങളില്‍ പറഞ്ഞു കൊണ്ടിരുന്നു. സെക്കുലറിസവും ജനാധിപത്യവും അമുസ്ലിം ഭരണവും ശിര്‍ക്കും കുഫ്റും ജാഹിലിയ്യത്തുമാണെന്ന് ആണയിട്ടുപറഞ്ഞവര്‍ക്ക് അവയൊക്കെ എങ്ങനെ ഹലാലായി (അനുവദനീയം) എന്ന ചോദ്യം അപ്പോഴും നേതാക്കളെ ഉത്തരം മുട്ടിച്ചു കൊണ്ടിരുന്നു. കുഫ്രിയ്യത്തിനെയും ജാഹിലിയ്യത്തിനെയും ജമാഅത്ത് ദൈവികമാക്കിയിരിക്കുന്നു എന്ന പരിഹാസം വേറെ.

മൗദൂദിയെ മാറ്റിയത്
ജമാഅത്തിന് മൗദൂദി സാഹിബിനെ തല്ക്കാലത്തേക്കെങ്കിലും മൂലക്കിരുത്തേണ്ടി വന്നത് മൗദൂദിയന്‍ ദൈവരാജ്യത്തെ മുസ്ലിം ഉലമകളും സമുദായവും അംഗീകരിച്ചില്ല എന്നതുകൊണ്ട് കൂടിയാണ്. രണ്ടാമത്, മൗദൂദി വ്യക്തിപരമായി നടത്തിയ പരിചിന്തനകള്‍ വിശാലമായ ഇസ്ലാമിക ബഹുസ്വരതയെ സങ്കുചിതമാക്കി എന്നതും. മൗദൂദി ഇസ്ലാമിക ചരിത്രത്തിലെ മതേതര വശങ്ങള്‍ ആര്‍ക്കോവേണ്ടി അവഗണിച്ചു. മൗദൂദിയെ മാറ്റി നിറുത്തിയ സ്ഥിതിക്ക് ജമാഅത്ത് സംഘത്തെ പിരിച്ചു വിടേണ്ടതല്ലേ എന്ന ചോദ്യം വന്നപ്പോള്‍, തങ്ങള്‍ മൗദൂദിയെ കെവിടുന്നില്ല എന്ന മറുപടിയാണ് നേതാക്കള്‍ ആവര്‍ത്തിച്ചത്. മൗദൂദി അവതരിപ്പിച്ച കുഫ്രിയ്യത്തുകളെ ഇസ്ലാമികമാക്കി അവതരിപ്പിക്കുക എന്ന സൂത്രമാണ് ജമാഅത്ത് പ്രയോഗിച്ചത്. ഇന്ത്യയിലെ ഫാഷിസ്റ്റ് സാഹചര്യം കുഫ്രിയ്യത്തിനോടും ജാഹിലിയ്യത്തിനോടും രാജിയാവാനുള്ള വഴി തുറന്നുകൊടുത്തു. മുഖ്യ ലക്ഷ്യം ദൈവരാജ്യം തന്നെ. അതിനു സമയമാവുമ്പോള്‍ മൗദൂദിയെ ഉയര്‍ത്തെഴുന്നേല്പിക്കാമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. അപ്പോള്‍ ജമാഅത്തിനെ എങ്ങനെ വിശ്വസിക്കും എന്നാണ് മതേതരവാദികള്‍ ചോദിക്കുന്നത്. മൗദൂദിസാഹിബിന്റെ ആശയങ്ങള്‍ നടപ്പാവാന്‍ പോവുന്നില്ല എന്ന് പല നേതാക്കള്‍ക്കും അറിയാമായിരുന്നു. 1948ല്‍ തന്നെ ബനാറസിലെ ജമാഅത്ത് നേതാവ് ഹാഫിസ് ഇമാമുദ്ദീന്‍ രാംനഗറി, മൗദൂദിയുടെ നടക്കാത്ത സ്വപ്നങ്ങള്‍ ജമാഅത്തിന്റെ ഭരണഘടനയില്‍ നിന്നൊഴിവാക്കി കാലത്തിനൊത്തു സഞ്ചരിക്കാന്‍ ജമാഅത്തിനെ ഉപദേശിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് പിരിഞ്ഞുപോകുന്നവര്‍ പാപികളാണെന്ന മൗദൂദിയുടെ പ്രഖ്യാപനം പിന്‍വലിക്കണമെന്നും അഭിപ്രായപ്പെട്ടു(അബുല്ലൈസ് നദ്വി, തശ്കിലാതേ ജമാഅത്തെ ഇസ്ലാമി ഹിന്ദ്, 1990, 21-24). ഇദ്ദേഹത്തെ അമീര്‍ അബുല്ലൈസ് നദ്വി പുറത്താക്കി. ലക്ഷ്യങ്ങളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോവില്ലെന്ന് നദ്വി പുറത്താക്കിയത് സംബന്ധിച്ച കുറിപ്പില്‍ പറയുകയും ചെയ്തു. അങ്ങനെ മാറ്റം വരുത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു (അതേ കൃതി, 61). താന്‍ പുറത്താണെങ്കിലും നമ്മുടെ സൗഹൃദം തുടര്‍ന്നുകൂടേ എന്ന് രാം നഗറി അബുല്ലൈസിന് എഴുതിയിരുന്നു. തങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ സൗഹൃദമേ തങ്ങള്‍ക്ക് ആവശ്യമുള്ളൂവെന്നും താങ്കളുമായി അതിന് സാധ്യമല്ലെന്നും അമീര്‍ മറുപടി എഴുതി.

ഹിന്ദു ഭരിച്ചോട്ടെ
1949ല്‍ അബുല്ലൈസ് ഒരു ലഘുലേഖ പുറത്തിറക്കി; ‘ക്യാ ഹിന്ദുസ്ഥാന്‍ ദുന്‍യാ കാ റാഹ്നുമാ ബന്‍ സക്താഹെ’ (ഇന്ത്യക്കെന്താ ലോകനേതൃത്വത്തിലേക്ക് വന്നു കൂടേ?) എന്ന പേരില്‍. ഇത് 1947ല്‍ മൗദൂദി ഹിന്ദുക്കള്‍ക്ക് നല്കിയ ഒരു പ്രസ്താവനയെ അധികരിച്ചായിരുന്നു. ദൈവസമര്‍പ്പണം, ദൈവത്തിന്റെ ഭരണം, മാനവികത എന്നീ മൂന്ന് ആശയങ്ങളില്‍ നിന്നുകൊണ്ട് ഹിന്ദുക്കള്‍ ഭരിക്കാന്‍ തയാറായാല്‍ മുസ്ലിംകള്‍ അവരെ സഹായിക്കാമെന്ന് മൗദൂദി വെച്ച വ്യവസ്ഥയായിരുന്നു ഇത്. യൂറോപ്യന്‍ ജനാധിപത്യത്തിനും റഷ്യന്‍ കമ്മ്യൂണിസത്തിനും എതിരെ ഹിന്ദുക്കള്‍ പൊരുതുന്ന സ്ഥിതിക്ക് ഇസ്ലാമിക ഭരണം അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോയാല്‍ ലോകത്തിന്റെ നേതൃത്വം ഹിന്ദുക്കള്‍ക്ക് കൈവരും എന്നതായിരുന്നു അബുല്ലൈസിന്റെ ലഘുലേഖയുടെ ആകെത്തുക. ഹിന്ദുക്കള്‍ സ്വാഭാവികമായും അമീറിന്റെ പ്രസ്താവം ശ്രദ്ധിച്ചതേയില്ല. ഇസ്ലാമിക വ്യവസ്ഥ ഹിന്ദുക്കള്‍ അംഗീകരിക്കാന്‍ തയാറല്ലെങ്കില്‍ ഒരു ഹിന്ദുഭരണം ഏര്‍പ്പെടുത്താന്‍ അമീര്‍ 1950ല്‍ അഭ്യര്‍ഥിച്ചു. അത് മുസ്ലിംകളെ എങ്ങനെ ഗണിച്ചാലും മുസ്ലിംകളത് സഹിക്കാന്‍ തയാറാണെന്നും എന്നാലും സെക്കുലറിസത്തെ അംഗീകരിക്കരുതെന്നും അമീര്‍ പറഞ്ഞു (റുദാദേ ഇജ്തിമാ റാം പൂര്‍, 1951, 60-61). ഹിന്ദുക്കള്‍ക്ക് അവരുടെ ഹിന്ദുരാജ്യം അനുവദിച്ചാല്‍ ഭരിക്കാന്‍ ആശയങ്ങളില്ലാതെ അവര്‍ ഇസ്ലാംഭരണം അംഗീകരിക്കുമെന്ന മൗദൂദിയുടെ കണക്കുകൂട്ടലുകളാണ് അമീറിനെ ഇത്തരം പ്രസ്താവങ്ങളുമായി വരാന്‍ പ്രേരിപ്പിച്ചത്. ‘ഹിന്ദു ഭരണത്തില്‍ തങ്ങളെപ്പോലുള്ള മുസ്ലിംകള്‍ക്ക് മരണമാണ് വിധിക്കുന്നതെങ്കിലും അതനുസരിക്കാന്‍ ഞങ്ങള്‍ തയാറാണ്’ (റുദാദേ…..,61-2).

ഭരണം ഹിന്ദുക്കള്‍ നടത്തിക്കൊള്ളട്ടെ; പക്ഷേ, അവര്‍ ഇസ്ലാമിക തത്വങ്ങള്‍ സ്വീകരിക്കണമെന്ന് മൗദൂദി സാഹിബ് ഹിന്ദുക്കളോട് അഭ്യര്‍ഥിച്ചിരുന്നു. 1947 മെയില്‍ മൗദൂദി എഴുതി: നമ്മുടെ ലക്ഷ്യം ഇന്നത്തെ വ്യവസ്ഥിതി നടത്തുന്നവരെ മാറ്റുകയല്ല; വ്യവസ്ഥിതി തന്നെ മാറ്റുകയാണ്. ഇന്നത്തെ ഈ വ്യവസ്ഥ തുടരാന്‍ പാടില്ല. ഒരു പാശ്ചാത്യന് പകരം പൗരസ്ത്യന്‍ വന്നതുകൊണ്ടോ, ബ്രിട്ടീഷുകാരന് പകരം ഇന്ത്യക്കാരന്‍ വന്നതുകൊണ്ടോ ഹിന്ദുവിന് പകരം മുസ്ലിം വന്നതുകൊണ്ടോ വ്യവസ്ഥ മാറില്ല. നടപ്പാക്കുന്ന കൈകളെ മാറ്റുകയല്ല നമ്മുടെ ലക്ഷ്യം. വ്യവസ്ഥ തന്നെ മാറണം. പന്നിയിറച്ചി മുസല്‍മാന്‍ പാകം ചെയ്താലും ഹിന്ദു പാകം ചെയ്താലും നിഷിദ്ധം തന്നെയാണ്. മുസല്‍മാനാണെങ്കില്‍ എരിവു കൂടുകയും ചെയ്യും (മൗദൂദി, ജമാഅത്തെ ഇസ്ലാമി കീ ദഅ്വത്, റാം പൂര്‍, 1951, 6-7). ഇവിടെ മുസ്ലിം എന്നതുകൊണ്ട് മൗദൂദി ലക്ഷ്യമാക്കുന്നത് മുസ്ലിം ലീഗിനെയാണ്. കാരണം ജമാഅത്തിന്റെ ശരീഅത് മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല. പാകിസ്ഥാനിലെ മുസ്ലിം ലീഗിനെയും മൗദൂദി ശക്തമായി എതിര്‍ക്കുന്നുണ്ട്. അവിടെയും കാഫിര്‍ വ്യവസ്ഥയാണ് (കാഫിറാനാ നിസാം) ലീഗ് പിന്തുടര്‍ന്നത്. രാം പ്രസാദിന് പകരം അബ്ദുല്ല വന്നുവെന്ന് മാത്രം. ദൈവിക വ്യവസ്ഥിതി അംഗീകരിക്കുന്നുവെങ്കില്‍ ഹിന്ദുവിനും ഭരണം നടത്താം എന്നാണ് ഇന്ത്യന്‍ ജമാഅത്ത് വ്യാഖ്യാനിച്ചത്. അതിന് ഹിന്ദുക്കള്‍ മതം മാറേണ്ടതില്ല. അവര്‍ ഇസ്ലാമിക വ്യവസ്ഥ അനുസരിച്ച് രാജ്യം ഭരിച്ചാല്‍ മതി. മൗദൂദിയുടെ ഇത്തരം അപ്രായോഗിക ചിന്തകളെ അനുയായികള്‍ കണ്ണടച്ചു അംഗീകരിച്ചു.

കമ്മ്യൂണിസ്റ്റ്
കമ്മ്യൂണിസ്റ്റുകാരായിട്ട് ഇന്ത്യയില്‍ ഒരു ശതമാനം പോലും ജനങ്ങള്‍ ഇല്ല. എന്നിട്ടും അവര്‍ ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. എന്നാല്‍ മുസ്ലിംകള്‍ നാല്‍പത്തഞ്ച് മില്യന്‍ ഉണ്ട്. ഇവരില്‍ പകുതി പേര്‍ മാത്രം വിചാരിച്ചാല്‍ മതി, കമ്മ്യൂണിസ്റ്റുകാരെക്കാള്‍ ആയിരം ഇരട്ടി ചാന്‍സ് മുസ്ലിംകള്‍ക്കുണ്ട്. ലോകത്തെ മുഴുവന്‍ ജനസംഖ്യയും പരിഗണിക്കുമ്പോള്‍ ആറിലൊന്നു പേര്‍ മുസ്ലിംകളാണ്. എന്നാല്‍ മുന്നൂറിലൊരാള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റുകാരുള്ളത്. പക്ഷേ ആ ചെറിയ എണ്ണം ആളുകള്‍ ലോകത്തിന്റെ നാലിലൊന്ന് ഭാഗത്ത് സ്വാധീനമുറപ്പിച്ചിരിക്കുന്നു. വന്‍ശക്തികളില്‍ അവര്‍ ഉള്‍പ്പെടുകയും ചെയ്യുന്നു (സിന്ദഗി, 1955, ജൂലൈ -ആഗസ്ത്, 66). ഭൂരിപക്ഷം, ന്യൂനപക്ഷം എന്നിങ്ങനെയുള്ള വേര്‍തിരിവ് അസംബന്ധമാണ്. ഒരു പ്രസ്ഥാനം വിജയിക്കുന്നത് അതിന്റെ പ്രവര്‍ത്തനവും പ്രവര്‍ത്തകന്മാര്‍ നടത്തുന്ന ത്യാഗവും ആശ്രയിച്ചാണ് (67). കമ്മ്യൂണിസം ഇസ്ലാമിന്റെ ശത്രുവാണെന്ന് ജമാഅത്ത് നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരുന്നു. 1950കളില്‍ കമ്മ്യൂണിസത്തിനെതിരെ മൂന്ന് ഉര്‍ദു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

ജമാഅത്തിന്റെ താഗൂതി (പൈശാചിക) വ്യവസ്ഥകളില്‍ സെക്കുലറിസവും, ജനാധിപത്യവും മാത്രമല്ല; അതിനോടനുബന്ധിച്ചുള്ള എല്ലാം നിഷിദ്ധമായിരുന്നു. നീതിന്യായം, സൈന്യം, ബാങ്കിങ്ങ്, വിദ്യാഭ്യാസ സമ്പ്രദായം, തിരഞ്ഞെടുപ്പ് എല്ലാം ഹറാം തന്നെ. ഏറ്റവും പൈശാചികമാണ് നീതിന്യായ വ്യവസ്ഥ. കേസുകള്‍ കോടതിയലേക്കെടുക്കുന്നതും രാജ്യത്തെ നീതിന്യായ രംഗത്ത് ജോലി ചെയ്യുന്നതും ജമാഅത്ത് നേതാക്കള്‍ വിലക്കി. 1954ല്‍ അബുല്ലൈസ് നദ്വിയും ജമാഅത്ത് നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ കോടതിയില്‍ വാദിക്കാന്‍ പോയില്ല. സൈന്യത്തില്‍ പങ്കെടുക്കുന്നതും നിഷിദ്ധമാക്കി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടപ്പ് 1951-52ലായിരുന്നു. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്നു പറഞ്ഞ് അബുല്ലൈസ് നദ്വിയും നേതാക്കളും പ്രചാരണം നടത്തുകയും ചെയ്തല്ലോ. ‘ഇന്ത്യന്‍ മുസ്ലിംകളും തിരഞ്ഞെടുപ്പും’ എന്ന പേരില്‍ വിവിധ ഭാഷകളില്‍ ലഘുലേഖ പുറത്തിറക്കി. നദ്വി ഇപ്രകാരം വാദിച്ചു: ‘അല്ലാഹുവിന്റെ ആധിപത്യത്തിലാണ് മുസ്ലിം വിശ്വസിക്കുന്നത്. അത് അവന്റെ സത്യസാക്ഷ്യത്തിന്റെ (കലിമ) അടിസ്ഥാനമാണ്. തിരഞ്ഞെടുപ്പിന്റെ ഈ ബഹളം മുഴുവന്‍ ജനങ്ങളുടെ ആധിപത്യവുമായി ബന്ധപ്പെട്ടതാണ്. അത് എങ്ങനെ വലിച്ചു നീട്ടിയാലും ദൈവത്തിന്റെ ആധിപത്യത്തിലേക്കെത്തില്ല. (മസാഇലേ ഇന്‍തിഖാബാത് ഔര്‍ മുസല്‍മാനാനേ ഹിന്ദ്, റാംപൂര്‍, 1951, 63) ‘വിശദീകരണത്തിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും; നിങ്ങള്‍ ഓരോ പാദത്തിലും അല്ലാഹുവിന്റെ ശരീഅത്തിനെ കാറ്റില്‍ പറത്തുകയാണ്’ (63). പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അദ്ദേഹം വിലക്കി.
മുസ്ലിം സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഭീകരമായ അപരാധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. 1950ല്‍ സഹീറുല്‍ ഹസന്‍ ലാഹോരി മുസ്ലിംകളുടെ സംരക്ഷണത്തിനു വേണ്ടി ഐക്യപ്പെടാന്‍ ലക്നോവില്‍ ഒരു മുസ്ലിം സമ്മേളനം വിളിച്ചു. അബുല്ലൈസ് നദ്വിയെയും ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ആ സംഘടന യഥാര്‍ത്ഥ ശരീഅത്ത് പ്രകാരമുള്ള വ്യവസ്ഥ അംഗീകരിക്കാത്തവരുടെ കൂട്ടായ്മയാണ് എന്നതായിരുന്നു കാരണം. ഇതേ കാരണം കൊണ്ടു തന്നെ ജോന്‍പൂരില്‍ സംഘടിപ്പിച്ച മുസ്ലിം ഐക്യ സമ്മേളനത്തിലും ജമാഅത്ത് നേതാക്കള്‍ പങ്കെടുത്തില്ല. 1961ലെ മുസ്ലിം സമ്മേളനത്തിലും അവര്‍ പങ്കെടുത്തില്ല. 1957ലെ തിരഞ്ഞെടുപ്പും ജമാഅത്ത് ബഹിഷ്‌കരിച്ചു. തിരഞ്ഞെടുപ്പിലൂടെ ശരീഅത്തല്ലാത്ത ഒരു ഭരണവ്യവസ്ഥയിലേക്ക് മെമ്പറെ തിരഞ്ഞെടുക്കുന്നത് കടുത്ത പാപമാണെന്ന് അമീര്‍ പറഞ്ഞു: ‘ഇന്ത്യ സെക്കുലറിസത്തെ അംഗീകരിച്ചത് വലിയ തെറ്റാണെന്ന് ഞങ്ങള്‍ ഗണിക്കുന്നു,’ എന്നാല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ഇക്കുറി ആവശ്യപ്പെട്ടില്ല. അതിനു വേണ്ടി പ്രചാരണവും നടത്തിയില്ല. ജമാഅത്തിലെ വലിയൊരു വിഭാഗം ഭരണഘടനയുമായി രാജിയാവണമെന്ന അഭിപ്രായക്കാരായിരുന്നു. ബഹുദൈവത്വമായി മുദ്രകുത്തിയ ഒരു വ്യവസ്ഥയുമായി രാജിയാവുക എന്നത് ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തും എന്നതായിരുന്നു പ്രശ്നം. അതിന് സാവകാശം വേണം. ജമാഅത്ത് അവരുടെ സാഹിത്യങ്ങളിലും പ്രസംഗങ്ങളിലും അതിനുള്ള ന്യായങ്ങള്‍ പടച്ചു കൊണ്ടിരുന്നു. 1962ലെ തിരഞ്ഞെടുപ്പു വേളയില്‍ ഒരു കരണംമറിച്ചിലിലൂടെ ജമാഅത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പസ് ഛെ ബയദ് കര്‍ദ് (എന്താണ് ചെയ്യേണ്ടത്?) എന്നൊരു ലഘുലേഖ നാടു നീളെ വിതരണം ചെയ്തു. ‘തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്ക്കുന്നത് ആത്മഹത്യാപരമാണെന്നും അതിനാല്‍ എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് അബുല്ലൈസ് നദ്്വി ഈ ലഘുലേഖയില്‍ അഭ്യര്‍ഥിച്ചത്. തങ്ങളിതുവരെ അനുവര്‍ത്തിച്ച നയം തെറ്റായിരുന്നുവെന്ന് അദ്ദേഹം എവിടെയും പറഞ്ഞില്ല. മൗദൂദിയുടെ ന്യായങ്ങളെ വിമര്‍ശിച്ചതുമില്ല. എന്നാല്‍ ജമാഅത്തിന്റെ ഒരു രഹസ്യ അജണ്ടയായാണ് ഇതിനെ പലരും വിലയിരുത്തിയത്. ദൈവരാജ്യത്തിലേക്കുള്ള ഒരു താല്‍ക്കാലിക വഴി എന്ന നിലക്ക് മാത്രമാണ് തങ്ങള്‍ ജനാധിപത്യത്തെയും സെക്കുലറിസത്തെയും അംഗീകരിക്കുന്നതെന്ന് അവര്‍ രഹസ്യമായി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. മൗദൂദി സാഹിബിന്റെ ദൈവരാജ്യം ജമാഅത്തിന്റെ ലക്ഷ്യമാണോ എന്ന ചോദ്യത്തിനും ജമാഅത്ത് പൊതുവില്‍ മറുപടി പറഞ്ഞില്ല. ചുരുക്കത്തില്‍ ഈ ചുവടുമാറ്റം മുസ്ലിംകളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ഉയര്‍ന്ന കടുത്ത വിമര്‍ശത്തെ തടയിടാന്‍ മാത്രമായിരുന്നു.

ഉലമാ ഹിന്ദ്
ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ശക്തമായി തന്നെ ജമാഅത്തിനെ വിമര്‍ശിച്ചു കൊണ്ടിരുന്നു. 1951ല്‍ ഉലമാ ഹിന്ദ് ജമാഅത്തെ ഇസ്ലാമിക്കെതിരെ നിരന്തരം മതവിധികള്‍ (ഫത്വ) പ്രഖ്യാപിച്ചു: ‘മൗദൂദി എന്ന കുഴപ്പക്കാരനെ (ഫിത്ന) തുടച്ചു മാറ്റുക, മൗദൂദി പ്രസ്ഥാനം കടുത്ത വിഷമാണ്, മൗദൂദിയുടെ ആളുകള്‍ പിഴച്ചവരാണ്, മൗദൂദികളുടെ കൂടെ നിസ്‌കരിക്കരുത്’ തുടങ്ങി കടുത്തവിമര്‍ശനങ്ങളാണ് ഫത്വകളില്‍ ഉലമാ ഹിന്ദ് ഉയര്‍ത്തിയത്. മൗദൂദി ആശയമുള്ളവരെ പാരമ്പര്യ (അഹ്ലുസ്സുന്ന) സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കാനും ആഹ്വാനമുണ്ടായി. അതിന്റെ അലയൊലി ഇങ്ങ് കേരളത്തില്‍ വരെ ശക്തമായി. പൊതുജനങ്ങളുടെ വിമര്‍ശങ്ങളും പ്രതികരണവും ജമാഅത്തിനെ തളര്‍ത്തിയെന്നുവേണം പറയാന്‍. തല്കാലം മുഖം രക്ഷപ്പെടുത്താന്‍ കൂടിയായിരുന്നു തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള തീരുമാനം. അതോടൊപ്പം ഹിന്ദുത്വര്‍ ശക്തി പ്രാപിക്കുന്ന സന്ദര്‍ഭമായതിനാല്‍ ജമാഅത്തിനകത്ത് നിന്നു തന്നെ തിരഞ്ഞെടുപ്പില്‍ പങ്കു കൊള്ളാനുള്ള ശക്തമായ സമ്മര്‍ദമുണ്ടായി. തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്ക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പലരും മുന്നറിയിപ്പ് നല്കുകയും ചെയ്തു.
1962ലെ തിരഞ്ഞെടുപ്പു കാലത്ത് നദ്വിയും ജമാഅത്തും ഒരു പടി കൂടി മുന്നോട്ടുപോയി. മുമ്പ് മുസ്ലിംകളുടെ കൂട്ടായ്മകളില്‍ നിന്ന് വിട്ടുനിന്ന ഇതേ അമീര്‍ എല്ലാ മുസ്ലിം സംഘടനകളുടെയും ഒരു യോഗം വിളിക്കാന്‍ നിശ്ചയിച്ചു. 1964 ലക്നോവിലെ നദ്വത് കോളജില്‍ അബുല്‍ ഹസന്‍ അലി നദ്വിയുടെ നേതൃത്വത്തില്‍ ആള്‍ ഇന്ത്യാ മജ്ലിസെ മുശാവറത് രൂപീകരിച്ചപ്പോള്‍ ജമാഅത്ത് അതിന് പിന്തുണ നല്കുകയും ചെയ്തു. അതോടെ ജമാഅത്ത് പരസ്യമായി തന്നെ ഭരണ ഘടനയെയും ജനാധിപത്യത്തെയും സെക്കുലറിസത്തെയും തങ്ങള്‍ പിന്തുണക്കുന്നതായി ജനങ്ങളെ ബോധ്യപ്പെടുത്തി. തങ്ങളുടെ നയം വ്യക്തമാക്കിയത് ഇങ്ങനെ: ഒന്ന്: ദൈവ വിരുദ്ധമായ ഒരു വ്യവസ്ഥിതിയെ നില നിറുത്താനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എങ്കില്‍ അത് നിയമവിരുദ്ധമാണ്. രണ്ട്: ഇന്ത്യന്‍ ഭരണഘടനയെ ഇസ്ലാമിക വത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം.(ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഔര്‍ മസ്അലായേ ഇന്‍തിഖാബാത്). ദൈവരാജ്യമെന്ന തങ്ങളുടെ ലക്ഷ്യം വീണ്ടും ഉറപ്പിക്കുകയായിരുന്നു ജമാഅത്ത്. സെക്കുലറിസവും ജനാധിപത്യവും അംഗീകരിക്കുന്നത് താല്‍ക്കാലികമാണെന്നും വ്യക്തം. സമയം വരുമ്പോള്‍ ദൈവരാജ്യം സ്ഥാപിക്കുമെന്ന് സിദ്ധം. 1961ലെ ശൂറയിലാണ് (കേന്ദ്ര നേതൃത്വം) ഇക്കാര്യം വ്യക്തമാക്കിയത്. ഈ യോഗത്തില്‍ തന്നെ ജമാഅത്ത് അംഗങ്ങള്‍ നേരിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി. വോട്ടുചെയ്യുന്നത് ചില ഉപാധികളോടെ മാത്രമേ പാടുള്ളൂവെന്നും നിശ്ചയിച്ചു. വോട്ട് ചെയ്യുന്നത് ‘ഇസ്ലാമികമല്ലാത്ത പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയല്ലെങ്കില്‍’ അവര്‍ക്ക് വോട്ട് ചെയ്യുന്നത് നിയമ വിധേയമാണെന്നും തീരുമാനമുണ്ടായി. (അതേ കൃതി). സ്ഥാനാര്‍ഥി ഇസ്ലാമികപാര്‍ട്ടിയില്‍ നിന്നാവണം എന്ന് പറയേണ്ടിടത്താണ് ഇങ്ങനെ വളച്ചു തിരിച്ച് തീരുമാനിച്ചത്. മനസ്സിലാക്കാനും പ്രയാസം. എന്നാല്‍ അതൊരു ശൈലിയാണെന്നുവച്ച് സമാധാനിക്കാം. 1966ല്‍ ശൂറയുടെ തീരുമാനത്തില്‍ പിന്നെയും മാറ്റങ്ങള്‍ വന്നു: സത്യത്തിനെതിരെയുള്ള ഒരു ഇസ്ലാമിക വിരുദ്ധ സര്‍ക്കാരാണെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ ഇസ്ലാമിന്റെയും മുസ്ലിമിന്റെയും താല്പര്യത്തിനുവേണ്ടി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. അതോടൊപ്പം ജമാഅത്തുകാര്‍ ആരും സ്ഥാനാര്‍ഥിയാവരുതെന്നും അംഗങ്ങള്‍ വോട്ടു ചെയ്യരുതെന്നും തീരുമാനിച്ചു. 1967ല്‍ വോട്ട് നിരോധം പൂര്‍ണമായും നീക്കി. തീരുമാനം അമീറിന്റേതായിരുന്നു. പക്ഷേ 1968ലെ ശൂറാ യോഗത്തില്‍ ഭൂരിപക്ഷം പേരും സ്ഥിരമായി വോട്ട് ചെയ്യാനുള്ള തീരുമാനത്തെ എതിര്‍ത്തു. ജമാഅത്തില്‍ നല്ലൊരു വിഭാഗം അമീറിനെതിരായി മാറിയിരുന്നു. ശൂറയുടെ ഉപരി സംഘടനയായ മജ്ലിസേ നുമാഇന്‍ദഗാനിലും അമീറിന്റെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല. ഇതോടെ നദ്വിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. പകരം മൗലാനാ യൂസുഫ് നദ്വി 1972ല്‍ അമീറായി സ്ഥാനമേറ്റു. യൂസുഫ് നദ്്വി ഭൗതികവിദ്യാഭ്യാസം നേടിയ ആളാണ്. കോടതി ജീവനക്കാരനുമായിരുന്നു. പിന്നീട് മൗദൂദിയില്‍ ആകൃഷ്ടനായി ജോലി രാജി വച്ചതാണ്.

അടിയന്തരാവസ്ഥയില്‍
1975ല്‍ ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഭരണഘടനയുടെ നാല്പത്തിരണ്ടാം ഭേദഗതി ഉപയോഗിച്ച് അവര്‍ പ്രതിപക്ഷ പാര്‍ട്ടികളെ നിരോധിച്ചു. ആര്‍ എസ് എസിനോടൊപ്പം ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചു. 1977ല്‍ അവര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തീരുമാനമില്ലാതെ തന്നെ ജമാഅത്ത് അംഗങ്ങള്‍ ഇന്ദിരാഗാന്ധിക്കെതിരെ വോട്ട് ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ വച്ച് ആര്‍ എസ് എസുമായി സന്ധിയാവുകയും ചെയ്തു. 1977ല്‍ ശൂറ വീണ്ടും കൂടി. അതില്‍ രണ്ടായിരത്തോളം വരുന്ന ജമാഅത്ത് അംഗങ്ങള്‍ക്ക് ഒരു ചോദ്യാവലി അയച്ചു. വോട്ടിന്റെ കാര്യത്തില്‍ അംഗങ്ങളുടെ തീരുമാനമറിയുകയായിരുന്നു ലക്ഷ്യം. 1046 പേര്‍ വോട്ടിനനുകൂലമായി പ്രതികരിച്ചു. 277 പേര്‍ എതിര്‍ത്തു. ശൂറാ യോഗത്തില്‍ 17ല്‍ ഒമ്പത് പേര്‍ വോട്ടിനെ അനുകൂലിച്ചു. ഉപരിസമിതിയിലും ഭൂരിപക്ഷം പേരും വോട്ട് ചെയ്യുന്നതിനനുകൂലമായി പ്രതികരിച്ചു. അതോടെ 1977ലെ തിരഞ്ഞെടുപ്പില്‍ ജമാഅത്ത് അംഗങ്ങള്‍ സംശയമന്യേ വോട്ടു ചെയ്തു. വോട്ട് ചെയ്യുന്ന സ്ഥാനാര്‍ഥികള്‍ മുസ്ലിമാവണമെന്ന നിബന്ധനയും വേണ്ടെന്നുവച്ചു. ജനാധിപത്യം സംരക്ഷിക്കുന്നവര്‍ക്ക് വോട്ടു ചെയ്യുക എന്ന തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചത്. വിരോധാഭാസം 1978ല്‍ വീണ്ടും തലപൊക്കി. വോട്ടു നിരോധം എര്‍പ്പെടുത്താന്‍ പ്രമേയം കൊണ്ടുവന്നെങ്കിലും അത് പാസായില്ല. വോട്ടു നിരോധം പൂര്‍ണമായും ഒഴിവാക്കണമെന്ന് പല പ്രാദേശിക ഘടകങ്ങളും ശൂറയോടഭ്യര്‍ഥിച്ചു. ഹൈദരാബാദ് യൂണിറ്റ് വോട്ടു നിരോധം നീക്കണമെന്നാശ്യപ്പെട്ട് പ്രമേയം പാസാക്കി അയച്ചു. നേതൃത്വത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര അമീര്‍ പീര്‍ സാദാ രാജിവച്ചു. സംഘടന സങ്കുചിതത്വത്തിന്റെ പിന്നാലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അംഗങ്ങള്‍ രാജിവച്ച് പുറത്തു വന്നു. എസ് ഐ ഒയില്‍ നിന്നും ഇപ്രകാരം രാജിയുണ്ടായി. നിരോധം നീക്കുന്നതിന് മുഖ്യമായും തടസ്സം അമീര്‍ യൂസുഫ് തന്നെ. 1980ല്‍ യൂസുഫിനെ മാറ്റി അബുല്ലൈസ് നദ്വിയെ തന്നെ അമീറാക്കി. വോട്ട് നിരോധം ശൂറയുടെ 8/11ന്റെ ഭൂരിപക്ഷ പ്രകാരം നീക്കി. കുപിതനായ മുന്‍ അമീര്‍ തീരുമാനത്തെ ബിംബങ്ങളുമായി സഹകരിക്കുന്നതിന് തുല്യമാക്കി വ്യാഖ്യാനിച്ചു. അത് താഗൂത്തിനോട് സഹകരിക്കലാണ്. അല്ലാഹുവിനെ ധിക്കരിക്കലാണ്. ബഹുദൈവത്വമാണ്. പലരും രാജിവയ്ക്കാനൊരുങ്ങി. വോട്ട് നിരോധം നീക്കാനുള്ള തീരുമാനം ഏകദൈവത്വത്തില്‍ വെള്ളം ചേര്‍ക്കലാണെന്ന് അവര്‍ ആരോപിച്ചു. ജമാഅത്ത് ഒരു പിളര്‍പ്പിന്റെ വക്കോളമെത്തി. എന്നാല്‍ വോട്ട് നിരോധം നീക്കിയത് തീരുമാനമായി തന്നെ തുടര്‍ന്നു. 1985ല്‍ വോട്ടിങ്ങിന് ചില നിബന്ധനകളുമായി ശൂറ മുന്നോട്ടു വന്നു. മൂല്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക എന്ന ആശയം വീണ്ടും പരീക്ഷിക്കുകയാണ്. സ്ഥാനാര്‍ഥി മുസ്ലിമാവണമെന്ന നിബന്ധനയും വേണ്ട. മൂല്യം എത്രയാണെന്ന് ജമാഅത്ത് നേതാക്കള്‍ തന്നെ അളന്നു കൊള്ളും! ഒരു പൈശാചികത്വത്തിന് (താഗൂത്) ദൈവികതയുടെ മൂടുപടമിടാനുള്ള ജോലി അതികഠിനം തന്നെ. ഇതിന് 25 വര്‍ഷം വേണ്ടി വന്നു ജമാഅത്തെ ഇസ്ലാമിക്ക്. അതേസമയം നേരത്തെ ഉലമകളെടുത്ത തീരുമാനത്തെ അംഗീകരിച്ചിരുന്നെങ്കില്‍ ഈ സംഘം ബഹുദൂരം മുന്നോട്ടു പോയേനെ. നേതാവ് ചെയ്ത അബദ്ധം അണികള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതാണ് ഈ പ്രസ്ഥാനത്തെ ഒന്നാകെ ഒന്നുമല്ലാതാക്കിയത്. അതിനിടക്ക് ഹുകൂമതേ ഇലാഹിയെയും ഇഖാമത്തുദ്ദീനിനെയും ഒളിപ്പിച്ചു വച്ചു. ബേജാറാവേണ്ട; എല്ലാം സമയമാവുമ്പോള്‍ തിരിച്ചു കൊണ്ടു വരും. അങ്ങനെയാണ് തങ്ങളുടെ ‘അന്യായ’ങ്ങളെ ന്യായീകരിച്ച് അണികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചത്. ഒരേസമയം ഇസ്ലാമിനെയും ജാഹിലിയ്യത്തിനെയും (അജ്ഞത) താലോലിച്ചപ്പോള്‍ രണ്ട് തോണിയിലും കാലിട്ട അനുഭവമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടായത്. ജമാഅത്ത് നേതാക്കളുടെ ഈ നിറംമാറ്റത്തോട് ശക്തമായ എതിര്‍പ്പുള്ള തീവ്രമൗദൂദിസ്റ്റുകള്‍ അപ്പോഴുമുണ്ടായിരുന്നു. ഹുകൂമതേ ഇലാഹിയില്‍ നിന്ന് വ്യതിചലിച്ചതു മാത്രമല്ല അവര്‍ക്ക് പറയാനുള്ളത്; പച്ചയായി ശിര്‍ക്കിനെ അംഗീകരിച്ചു എന്നതാണ്. മൗദൂദി നിഷിദ്ധമാക്കിയ ഫോട്ടോ എടുക്കല്‍ പോലും ജമാഅത്തുകാര്‍ കാറ്റില്‍ പറത്തി എന്ന് യാഥാസ്ഥിതിക ജമാഅത്തുകാര്‍ ആരോപിച്ചു (ഇര്‍ഫാന്‍ അഹ്മദ്, 208). അതുപോലെ സംഗീതം കേള്‍ക്കുന്നത് മൗദൂദി നിഷിദ്ധമാക്കിയതാണ്. എന്നാല്‍ വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒയുടെ വേദികളില്‍ നിന്ന് സംഗീതം ഉയര്‍ന്നു കേട്ടത് തല മുതിര്‍ന്ന നേതാക്കള്‍ക്ക് സഹിച്ചില്ല.

മൗദൂദിയെ പരസ്യമായി തന്നെ മാറ്റിനിറുത്തുകയായിരുന്നു ജമാഅത്ത്. ഇന്ത്യ ദാറുല്‍ ഹര്‍ബാണെന്ന (യുദ്ധഭൂമി) മൗദൂദിയുടെ പ്രഖ്യാപനം അവര്‍ തിരുത്തി. ‘പൈശാചികതയുടെ’ മുദ്രകളായ ഭരണ ഘടന, ജനാധിപത്യം, സെക്കുലറിസം, തിരഞ്ഞെടുപ്പ് എന്നിവയെല്ലാം അനുവദിച്ചു. ഇന്ത്യന്‍ ഭരണഘടന ലോകത്ത് ഏറ്റവും മികച്ചതാണെന്ന് വരെ പ്രഖ്യാപിച്ചു കൊടുത്തു. നിഷിദ്ധമാക്കിയിരുന്ന സര്‍ക്കാര്‍ ജോലിക്ക് അനുവാദം നല്കി. ഇന്‍കം ടാക്സിലും കോടതിയിലും ബാങ്കിലും ജോലി ചെയ്യുന്നവര്‍ക്കെല്ലാം ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വം നല്കി. ലോ കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആദ്യം എസ് ഐ ഒയില്‍ അംഗത്വം നല്കിയിരുന്നില്ല. അതും അനുവദിച്ചു. എന്തിനധികം, മൗദൂദിയുടെ തഫ്ഹീമാതുല്‍ ഖുര്‍ആനും ഖുതുബാതും മറ്റ് പുസ്തകങ്ങളും അച്ചടിക്കുന്നതും വായിക്കുന്നതും നിറുത്തി. പല പുസ്തകങ്ങളും മാറ്റി മറിച്ച് പ്രസിദ്ധീകരിച്ചു. ആര്‍ എസ് എസിനെ പോലെ ജമാഅത്തെ ഇസ്ലാമി ആദ്യ കാലത്ത് സ്വാതന്ത്ര്യദിനമോ റിപ്പബ്ലിക് ദിനമോ ആഘോഷിച്ചിരുന്നില്ല. പതാക ഉയര്‍ത്തിയിരുന്നില്ല. ദേശീയഗാനം ആലപിച്ചിരുന്നുമില്ല. കാരണം അതെല്ലാം ജാഹിലിയ്യത്തിന്റെ മുദ്രകളായിരുന്നു. പിന്നെപ്പൊഴോ ഇതൊക്കെ അനുവദനീയവും ദൈവികവുമായി. അപ്പോഴും അതൊക്കെ ഇഷ്ടപ്പെടാത്ത ജമാഅത്തുകാരുണ്ടായിരുന്നു. 2002ലെ ജമാഅത്ത് ഇജ്തിമാഇല്‍ (സമ്മേളനം) ഹിന്ദു സ്വാമിമാര്‍ ഹാജരായതും ശ്രദ്ധേയമായി. അവര്‍ ശംഖ് വിളിച്ചും ഓം ചൊല്ലിയും ജമാഅത്ത് വേദിയില്‍ ഉപവിഷ്ടരായതിനെ ജമാഅത്ത് അമീറായിരുന്ന ഖാലിദ് ഹാമിദ് വിമര്‍ശിക്കുന്നുണ്ട്. ജമാഅത്തിന്റെ നേതൃത്വത്തില്‍ ഫോറം ഫോര്‍ ഡെമോക്രസി & കമ്മ്യൂണല്‍ അമിറ്റി (എഫ് ഡി സി എ) എന്നൊരു സംഘടന രൂപീകരിച്ചിരുന്നു. ഫാഷിസത്തെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളെയും ഒരേ വേദിയില്‍ കൊണ്ടു വരികയായിരുന്നു ലക്ഷ്യം. അതിന്റെ യോഗങ്ങളില്‍ ദേശീയ ഗാനം ആലപിക്കുമായിരുന്നു. അതില്‍ ജമാഅത്ത് നേതാവ് ഷാഫി മൂനിസ് ദേശീയ ഗാനം ചൊല്ലിയതിനെ ചില ജമാഅത്തുകാര്‍ വിമര്‍ശിച്ചു. ചിലര്‍ എഫ് ഡി സി ഐയെത്തന്നെ വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ജമാഅത്തില്‍ നിന്ന് രാജിവച്ച മാലികിന്റെ അഭിപ്രായം: ‘ബഹുദൈവത്വത്തിന് വോട്ടുചെയ്യാന്‍ എങ്ങനെയാണ് ഇസ്ലാം അനുവദിക്കുക? ഞാന്‍ ജമാഅത്തില്‍ ചേര്‍ന്നപ്പോള്‍ എന്നോട് സെക്കുലറിസത്തെയും ജനാധിപത്യത്തെയും താഗൂത്തി സര്‍ക്കാരിനെയും അവഗണിക്കാനാണ് പറഞ്ഞത്. അതെല്ലാം ഖുര്‍ആന് എതിരാണ്. ഞങ്ങള്‍ ഇഖാമതുദ്ദീനിന് (മത സംസ്ഥാപനം) വേണ്ടിയാണ് ജമാഅത്തില്‍ അംഗമായത്. ഇപ്പോള്‍ ഇഖാമത് സെക്കുലര്‍ ഡെമോക്രസിക്ക് (സെക്കുലര്‍ ഡെമോക്രസിയുടെ സ്ഥാപനം) വേണ്ടിയാണ് ജമാഅത്ത് നില കൊള്ളുന്നത്. പറയൂ, സെക്കുലറിസത്തിന് ഇസ്ലാമുമായി എന്ത് ബന്ധമാണുള്ളത്? എവിടെപ്പോയി യഥാര്‍ത്ഥ ആശയങ്ങള്‍?’ (ഇര്‍ഫാന്‍ അഹ്മദ്, 213). നിങ്ങള്‍ എന്തു കൊണ്ടാണ് ജമാഅത്തില്‍ നിന്ന് രാജിവച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ‘ജമാഅത്ത് സെക്കുലറിസം സ്വീകരിച്ചിരിക്കുന്നു. സെക്കുലറിസമാണ് ലക്ഷ്യമെങ്കില്‍ അതിന് ജമാഅത്തിനെക്കാള്‍ എത്രയോ നല്ല സംഘടനകളുണ്ട്.’ അദ്ദേഹം പിന്നീട് യുണൈറ്റഡ് മുസ്ലിംസ് ഓഫ് ഇന്ത്യ എന്ന സംഘടനയില്‍ ചേര്‍ന്നു.

സൂഫിസം കറുപ്പ്
മൗദൂദിയുടെ ചില ആശയങ്ങള്‍ വഹാബീ ആശയങ്ങളോട് സാമ്യം പുലര്‍ത്തിയിരുന്നു. ഈ ആശയങ്ങള്‍ ജമാഅത്തെ ഇസ്ലാമി പൊതുവേ സ്വീകരിച്ചുപോന്നു. സൂഫിസം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസ്റ്റ് രീതിയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഉലമകളുടെ അനുകരണ (തഖ്ലീദ്) സമ്പ്രദായത്തെയും എതിര്‍ത്തു. അതുകൊണ്ടാണ് മദ്ഹബുകള്‍ക്കപ്പുറമുള്ള(കര്‍മ ശാസ്ത്ര വിഭാഗം) ഒരു പുത്തന്‍ ഇസ്ലാമിനെ മൗദൂദി അവതരിപ്പിച്ചത്. അദ്ദേഹം മത പരിത്യാഗിയാണെന്ന് (മുര്‍തദ്ദ്) പ്രഖ്യാപിക്കാന്‍ ഉലമകള്‍ക്ക് ഇക്കാര്യങ്ങള്‍ മാത്രം മതിയായിരുന്നു. കമ്മ്യൂണിസം പഠിച്ച മൗദൂദി കമ്മ്യൂണിസ്റ്റ് മാതൃകയിലാണ് തന്റെ പാര്‍ട്ടിയെ സംഘടിപ്പിച്ചതെന്നും ചിലരഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചപ്പോള്‍ മൗദൂദി മുസ്ലിംകള്‍ക്ക് നല്കിയ സന്ദേശം ഒന്നുകില്‍ ജമാഅത്തില്‍ ചേര്‍ന്ന് ജാഹിലിയ്യത്തിനെതിരായി നില്ക്കുക, അല്ലാത്തവര്‍ യഹൂദന്മാരെപ്പോലെ ഇസ്ലാമിനെ തള്ളിയവരായി ഗണിക്കപ്പെടും എന്നാണ്. ജമാഅത്തില്‍ ചേരാത്തവരെ മതപരിത്യാഗികളായി (മുര്‍തദ്ദ്) കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റു മതക്കാരുമായി കൂടിയാലോചിക്കുന്നതും അവരോടൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതും പാപമായാണ് മൗദൂദി ഗണിച്ചത്. ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിനോടും പ്രത്യേകിച്ചും അബുല്‍ കലാം ആസാദിനോടും മൗദൂദി സാഹിബിനുള്ള വിരോധം അതുകൊണ്ട് കൂടിയായിരുന്നു. ഹിന്ദുക്കളുമായി ചേരുന്ന ആസാദിനെയും മൗദൂദി മതത്തിന് പുറത്തുനിറുത്തിയിരുന്നു. ഹിന്ദുക്കളോട് ഒരു തരത്തിലും രാഷ്ട്രീയത്തിലും ആചാരത്തിലും കൂട്ടാവരുതെന്ന് മൗദൂദി നിഷ്‌കര്‍ഷിച്ചിരുന്നു. ഇതു സംബന്ധിച്ച് ജമാഅത്ത് പാഠപുസ്തകങ്ങളിലുണ്ടായിരുന്ന ചില ഭാഗങ്ങള്‍ പിന്നീട് നീക്കം ചെയ്തു.

ജമാഅത്തെ ഇസ്ലാമിയും മൗദൂദി സാഹിബും സൈദ്ധാന്തികമായി ദൈവരാജ്യവും ഇസ്ലാമിക വിപ്ലവവും ആവര്‍ത്തിച്ചുവെങ്കിലും അവര്‍ യുദ്ധരംഗത്ത് പ്രവര്‍ത്തിച്ചില്ല. എവിടെയും അവര്‍ മുഷ്ടി ചുരുട്ടിയിട്ടുമില്ല. അവരുടെ വിപ്ലവം കടലാസിലൊതുക്കിയിരുന്നു. ജിഹാദിന്റെ ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ആയുധ വിപ്ലവത്തിനു തുനിഞ്ഞില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ അവര്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഇന്ത്യയില്‍ ആ രീതി സ്വീകരിക്കാത്തതിനാലാണ് സിമിയും ജമാഅത്തും പിണങ്ങിയത്. ജമാഅത്തിനെ പല തവണ നിരോധിക്കപ്പെട്ടതും, അക്രമം പ്രവര്‍ത്തിച്ചതിന്റെ പേരിലല്ല; മറിച്ച് ഭരണഘടനക്കെതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ്. അപ്പേരില്‍ ഒരു സംഘടനയെ നിരോധിക്കാന്‍ വകുപ്പുണ്ടോ എന്നത് വേറെ കാര്യം. പലരും ജമാഅത്തില്‍ ചേര്‍ന്നത് മൗദൂദിയുടെ ആശയങ്ങളെ കുറിച്ച് പഠിച്ചിട്ടല്ല. അത് ശുദ്ധമായ ഒരു ഇസ്ലാമിക സംഘടനയാണെന്ന് ധരിച്ചതിനാലാണ്. ഇതിന്റെ നേതാക്കളെ നിരോധന വേളകളില്‍ അറസ്റ്റ് ചെയ്തപ്പോള്‍ പലരും വിഷമിച്ചിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ വേളയില്‍ പ്രതിപക്ഷത്തെയൊന്നാകെ ഇന്ദിരാഗാന്ധി നിരോധിച്ചല്ലോ. കൂട്ടത്തില്‍ ആര്‍ എസ് എസിനെയും ജമാഅത്തിനെയും ഉള്‍പ്പെടുത്തി. ആര്‍ എസ് എസ് പലേടത്തും അക്രമം വിതച്ചതുകൊണ്ട് അവരെ നിരോധിക്കുന്നതില്‍ ന്യായമുണ്ടാവാം. എന്തിനാണ് ജമാഅത്തിനെ നിരോധിക്കുന്നത് എന്ന് അവരോട് ഒരു മുസ്ലിം സ്റ്റാഫ് ചോദിച്ചപ്പോള്‍ അത് തൂക്കമൊപ്പിക്കാന്‍ വേണ്ടിയാണെന്ന് ഇന്ദിരാഗാന്ധി പറഞ്ഞത്രേ. 1992ല്‍ ബാബ്രി മസ്ജിദ് പൊളിച്ചപ്പോഴും ജമാഅത്തിനെ ഇതേ രീതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരോധിച്ചു.

ജമാഅത്തെ ഇസ്ലാമി സത്യത്തില്‍ എന്താണ് എന്നതിന് പരസ്യമായ ഒരു ഉത്തരം അവരുടെ പക്കല്‍ ഉണ്ടാവില്ല. ഉത്തരം പറയുക ഒരു ഹിഡന്‍ അജണ്ട പോലെയാണ്. സ്ഥാപകന്‍ മൗദൂദി സാഹിബിനെ അവര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഒരു ചോദ്യം. ഉണ്ടെങ്കില്‍ മൗദൂദിയുടെ ലക്ഷ്യ സംസ്ഥാപനത്തിനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പരസ്യമായി പറയണം. മൗദൂദിയെ അംഗീകരിക്കുന്നില്ല എന്നാണെങ്കില്‍ അത് പറയണം. എന്തിനാണ് അദ്ദേഹം പ്രത്യേക ലക്ഷ്യത്തോടെ ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയെ ഇങ്ങനെ വെടക്കാക്കി തനിക്കാക്കുന്നത്? ഇന്ത്യന്‍ സെക്കുലറിസവും ഭരണഘടനയും ജനാധിപത്യവും ആധുനിക വിദ്യാഭ്യാസവും തിരഞ്ഞെടുപ്പും എല്ലാം ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നുവെങ്കില്‍ മൗദൂദിയെ തള്ളിപ്പറഞ്ഞ് ജമാഅത്തെ ഇസ്ലാമി പിരിച്ചു വിടുകയോ അതില്‍നിന്ന് രാജിവച്ച് മതേതര പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയോ ആണ് അവര്‍ ചെയ്യേണ്ടത്. പക്ഷേ, അതല്ല ജമാഅത്ത് ചെയ്തത്. തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു പാര്‍ട്ടിയെ പടച്ചിരിക്കയാണ്. അതുകൊണ്ട് തന്നെ ആ പാര്‍ട്ടി ജമാഅത്തിന്റെ ഭാഗമാണ്. ദൈവരാജ്യത്തിലേക്കുള്ള താല്‍ക്കാലികമായ ഒരു മാര്‍ഗം. തങ്ങളുടെ ലക്ഷ്യം മൗദൂദിയുടെ ദൈവരാജ്യമാണെന്ന കാര്യം എന്തിനാണ് ജമാഅത്ത് ഇനിയും മറച്ചു വയ്ക്കുന്നത്? ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി തന്നെ ജമാഅത്തിന്റെ സൃഷ്ടിയും അവരുടെ ഹിതത്തിനൊത്തു പ്രവര്‍ത്തിക്കുന്നവരുമാണ്. അതിനാല്‍ ഇവരും ജമാഅത്തിനെയോ മൗദൂദി സാഹിബിനെയോ തള്ളിപ്പറയില്ല. മൗദൂദിയെ വേണ്ടാ എന്ന് പരസ്യപ്പെടുത്താന്‍ തയാറാണെങ്കില്‍ ജമാഅത്തിന് ഇന്ത്യന്‍ ഭരണഘടനയും സെക്കുലറിസവും ആത്മാര്‍ഥമായി അംഗീകരിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്താം. സ്വന്തമായി ഒരു പാര്‍ട്ടി വേണമെന്നുണ്ടെങ്കില്‍ അങ്ങനെയും ചെയ്യാം. എന്തായാലും ഈ അന്തര്‍ നാടകങ്ങളും അജണ്ടകളും കുറേ കാലം കൊണ്ടു നടക്കാനാവില്ല. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയുമായി ഈ നിലയ്ക്ക് ഒരു രാഷ്ട്രീയ സഖ്യം സൃഷ്ടിക്കുന്നത് ജനാധിപത്യത്തിനും സെക്കുലറിസത്തിനും വിന വരുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login