‘സ്റ്റാന്‍ സ്വാമി പലര്‍ക്കും അലോസരമായിരുന്നു. അവര്‍ സ്റ്റാന്‍ സ്വാമിയില്ലാത്ത ഭൂമി സ്വപ്നം കണ്ടു. അവര്‍ കാത്തു. യു എ പി എ, ജയില്‍, രോഗം, ചികിത്സാനിഷേധം തുടങ്ങിയവയിലൂടെ അവര്‍ ആ ഭൂപടം വരച്ചു തുടങ്ങി. ഇന്നലെ വരച്ചെത്തി. കൊന്നതാണെന്ന് തോന്നാത്തൊരു കൊല നടപ്പായി. വധശിക്ഷയാണെന്ന് തോന്നാത്തൊരു വധശിക്ഷ. എന്നും ഏറ്റവും നല്ല കൊലയാളി ഫാഷിസ്റ്റ് സ്റ്റേറ്റ് തന്നെ. അവര്‍ തിടുക്കം കാട്ടിയില്ല. സംസ്‌കാരത്തില്‍ നിന്ന് ദയ കുറച്ചെങ്കിലും മായണമായിരുന്നു. നിയമവ്യവസ്ഥയില്‍ നിന്ന് നീതി അല്പാല്പം ദ്രവിച്ചടരണമായിരുന്നു. കോവിഡ് മരണ മരവിപ്പ് കടുപ്പിക്കണമായിരുന്നു. പ്രതിരോധ ജാഗ്രത മയപ്പെടണമായിരുന്നു. ഏറ്റുമുട്ടല്‍ മരണത്തിന് പാകമല്ലായിരുന്നു വാക്കല്ലാതെ മാവോയോ തോക്കോ ഒന്നുമില്ലാത്ത സ്വാമിയുടെ പ്രസിദ്ധ നിരായുധത്വം. അതിനാല്‍ മെല്ലെ മാത്രമേ കോശം കോശമായി ആ വൃദ്ധശരീരത്തില്‍ അവര്‍ക്ക് മരണത്തെ പ്രവേശിപ്പിക്കാനായുള്ളൂ.
എവിടെയാണ് നാം, എന്തുതരം ജീവിതമാണ് നാം ജിവിക്കുന്നതെന്ന് സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രായം കൂടുംതോറും കുറയുന്നതല്ല മനുഷ്യന്റെ പ്രതിരോധം എന്നും.
ഇതിലും നീചമായത് സംഭവിക്കാനില്ലെന്ന് ഇപ്പോള്‍ തോന്നും.
സ്വാമി പവിത്രത ബാക്കിവെച്ചു. ജനാധിപത്യരാജ്യത്തിന്റെ സ്നേഹാദരങ്ങള്‍ നേടി.’
– കവി കെ ജി എസ്
സംവിധാനങ്ങള്‍ ആസൂത്രിതമായി നടത്തിയ അരുംകൊലയാണ് സ്റ്റാനിസ്ലോസ് ലൂര്‍ദ് സ്വാമിയുടേത്. മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും അക്കാദമികമായും ആനുഭവികമായും താന്‍ ആര്‍ജിച്ച ജ്ഞാനത്തെ മനുഷ്യര്‍ക്കിടയില്‍ പ്രയോഗിക്കാനും അധികാരം അതിന്റെ പ്രജകളോട് കാട്ടുന്ന കൊടിയ അനീതികള്‍ക്ക് അല്‍പശമനം സൃഷ്ടിക്കുവാനും ശ്രമിച്ചു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും മനുഷ്യരോട് സംസാരിക്കുകയും മനുഷ്യരുടെ വിശ്വാസമാര്‍ജിക്കുകയും ചെയ്യുന്നവരെ അധികാരത്തിന് ഭയമാണ്. സ്വാമിയെ അധികാരം ഭയപ്പെട്ടു. സ്വാമി അധികാരത്തെ തരിമ്പും ഭയപ്പെട്ടില്ല. നിര്‍ഭയരായ മനുഷ്യരെ അധികാരം കൂടുതല്‍ പേടിക്കും.
തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയാണ് സ്വാമിയുടെ ജന്മനാട്. പഠിക്കാന്‍ മിടുക്കനായിരുന്നു. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ് സ്‌കൂളിലെ ജസ്യൂട്ട് പുരോഹിതന്‍മാരുമായുള്ള പരിചയം സ്റ്റാനിസ്ലോവിനെ വൈദിക ജീവിതത്തിലേക്ക് ആകര്‍ഷിച്ചു. ജെസ്യൂട്ട് എന്നാല്‍ ജീസസിന്റെ സമൂഹം. പ്രവര്‍ത്തിക്കുന്ന വൈദികര്‍. സ്വാമി ദൈവശാസ്ത്രം പഠിക്കാന്‍ തുടങ്ങി. മതപഠനത്തിന്റെ ഭാഗമായ യാത്രകള്‍ ബിഹാര്‍ ഉള്‍പ്പടെയുള്ള ദേശങ്ങളിലൂടെ ആയിരുന്നു. ഇന്ത്യയിലെ പ്രബലമായ ആദിവാസി ഇടനാഴിയാണ് അക്കാല ബിഹാര്‍. ആദിവാസി ജീവിതങ്ങളെ അടുത്തറിഞ്ഞു. അക്കാലത്തെക്കുറിച്ച് പില്‍ക്കാലത്ത് സ്വാമി ഓര്‍ക്കുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗോത്രജീവിതത്തിന്റെ ജീവചരിത്ര രേഖയായി വായിക്കാം. അക്കാല ആദിവാസി ജീവിതത്തിന്റെ പ്രശ്നം നാം ഇന്ന് കങ്കാണി പോലുള്ള വാക്കുകള്‍ കൊണ്ട് മനസിലാക്കുന്ന ഇടനിലക്കാരുടെയും ചെറുകിട ഭൂവുടമകളുടെയും ചൂഷണം ആയിരുന്നു. ചൂഷണം എന്ന വാക്കിന്റെ ഏറ്റവും ക്രൂരമായ പ്രത്യക്ഷരൂപങ്ങള്‍ ആദിവാസിശരീരങ്ങളില്‍ സ്വാമി കണ്ടു. അക്കാലം പക്ഷേ, സ്വതന്ത്രാനന്തര ഇന്ത്യയുടെ ശൈശവമായിരുന്നു. ആദിവാസിജനതയ്ക്ക് ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചും തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്ന വഴികളെക്കുറിച്ചും പറഞ്ഞുകൊടുക്കാനാണ് ആ പഠന, യാത്രാകാലം സ്വാമി വിനിയോഗിക്കുന്നത്. അന്നത്തെ ആദിവാസി പ്രശ്നത്തിന് ഇപ്പോള്‍ നമുക്ക് അതിലളിതമെന്ന് തോന്നുന്ന പരിഹാരങ്ങള്‍ ഉണ്ടായിരുന്നു. സ്വാമിക്ക് ഭരണഘടന അറിയാമായിരുന്നു. ഇന്ത്യന്‍ ആദിവാസിജീവിതത്തിന് അവര്‍ കൂടി പങ്കാളികളായി നിര്‍മിച്ച ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ എന്തെല്ലാമെന്ന് സ്വാമി അവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു.
വൈദികപഠനത്തിന്റെ ഭാഗമായ ഇത്തരം യാത്രകള്‍ക്ക് തുടര്‍ച്ചയൊന്നും സാധ്യമല്ലല്ലോ? സഭ അനുവദിച്ചുകൊടുത്ത കാലം കഴിഞ്ഞപ്പോള്‍ സ്വാമി അവിടം വിട്ടു. വലിയ മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന അധസ്ഥിതരോടുള്ള തീവ്രമായ ഐക്യപ്പെടല്‍ പക്ഷേ ഈ യാത്രാകാലത്ത് സ്വാമിയില്‍ സംഭവിച്ചു. പിന്നീട് അദ്ദേഹം ഫിലിപ്പൈന്‍സിലേക്ക് പോയി. ദൈവശാസ്ത്രവും സാമൂഹികശാസ്ത്രവും പഠിക്കാനുള്ള യാത്രയായിരുന്നു അത്. അറുപതുകള്‍ ആണല്ലോ? ലോകമാകെ തദ്ദേശീയ ജനതയുടെ ഉണര്‍ച്ച സംഭവിക്കുന്ന കാലമാണ്. രണ്ടാം ലോകയുദ്ധം അവസാനിക്കുകയും കൊളോണിയലിസം കടപുഴകുകയും ചെയ്ത കാലം. ഒട്ടുമിക്ക രാഷ്ട്രങ്ങളും ജനാധിപത്യത്തിലേക്കും പരിമിത ജനാധിപത്യത്തിലേക്കും ഒട്ടൊക്കെ സ്വയം ഭരണത്തിലേക്കും മാറിയ കാലം. വൈദേശികവാഴ്ച അവസാനിച്ച കാലം. സ്വദേശികള്‍ ഭരിക്കാന്‍ തുടങ്ങുകയാണ്. സ്വാഭാവികമായും വൈദേശികരുടെ ഇടനിലക്കാരായിരുന്ന സ്വദേശികള്‍ അധികാരം പിടിക്കാന്‍ പയറ്റുമല്ലോ? അത് സംഭവിച്ചു. ഫിലിപ്പൈന്‍സ് ഉള്‍പ്പടെയുള്ള ദേശങ്ങളില്‍ പുത്തന്‍ അധികാരിവര്‍ഗത്തിന്റെ ചൂഷണങ്ങള്‍ക്കെതിരില്‍ തദ്ദേശീയ ജനതകള്‍ പ്രക്ഷോഭം നടത്തുന്ന കാലമാണ്. ബിഹാര്‍ അനുഭവം ചൂഷണം എന്ന ആശയത്തെ രാഷ്ട്രീയമായും ആത്മീയമായും സ്വാമിയില്‍ പതിപ്പിച്ചിരുന്നു. ഫിലിപ്പൈന്‍സില്‍ അഭിമുഖം നിന്ന യാഥാര്‍ത്ഥ്യങ്ങള്‍ അത് ആഴത്തിലാക്കി. കൊടും ചൂഷണങ്ങളുടെ വന്‍കരയായിരുന്നു അക്കാല ലാറ്റിന്‍ അമേരിക്ക. പ്രത്യേകിച്ച് ബ്രസീല്‍. അവിടെ ബ്രസീല്‍ തദ്ദേശീയ ജനതയുടെ സമരനായകനായിരുന്നു ആര്‍ച്ച് ബിഷപ്പ് ഹെല്‍ദര്‍ കാമറ. ബിഷപ്പില്‍ സ്വാമി ആകൃഷ്ടനായി. യഥാര്‍ത്ഥ ദൈവവേല എന്നാല്‍ ചൂഷിതര്‍ക്കായുള്ള സമര്‍പ്പണമാണെന്ന് സ്വാമി മനസിലാക്കി. ഹെല്‍ദര്‍ കാമറെയെ സ്വാമി മാര്‍ഗദര്‍ശിയായി സ്വീകരിച്ചു. കാമറയുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി പഠിച്ചു. ബ്രസീലിലെ ആദിവാസി ജനതക്കായുള്ള അവിരാമമായ സമരമായിരുന്നു ബിഷപ്പിന്റെ ജീവിതം.
പഠനവും യാത്രകളും കഴിഞ്ഞ് സ്വാമി ഇന്ത്യയില്‍ മടങ്ങിയെത്തി. ഈശോസഭയുടെ മതപ്രബോധകന്റെ ചുമതലയായിരുന്നു സ്വാമിയെ കാത്തിരുന്നത്. മതബോധനമെന്നാല്‍ വേദമുരുവിടല്‍ മാത്രമല്ല എന്നും കാമറയെപ്പോലെ മനുഷ്യരുടെ അതിജീവനസമരങ്ങളില്‍ കൂടെനില്‍ക്കലാണെന്നും സ്വാമി മനസിലാക്കി. ജീവിതത്തെ അങ്ങനെ രൂപപ്പെടുത്തി.
ആത്മീയതയുടെ, ആത്മാന്വേഷണത്തിന്റെ കഠിനമായ ചിട്ടകള്‍ പാലിക്കുകയും ശീലിക്കുകയും ചെയ്ത സ്വാമി ആ അച്ചടക്കത്തെ സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് നിക്ഷേപിച്ചു. ആദിവാസിമേഖലകളില്‍ അന്ന് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനം ശക്തവും വ്യാപകവുമാണ്. അതെല്ലാം പക്ഷേ മതബോധനവും മത ദുരിതാശ്വാസങ്ങളും മാത്രമായിരുന്നു. അന്നവസ്ത്രാദികളുടെ വിതരണം. കാമറയെ മാതൃകയാക്കിയ സ്വാമി അതില്‍ മാത്രം ഒതുങ്ങിയില്ല. വിശക്കുന്നവന് അന്നമെത്തിക്കുന്നത് മിഷണറി പ്രവര്‍ത്തനം, വിശപ്പിന്റെ കാരണം കണ്ടെത്തി പരിഹാരം സൃഷ്ടിക്കുന്നത് കമ്യൂണിസം എന്നൊരു പ്രഖ്യാതമായ പറച്ചില്‍ ഉണ്ടല്ലോ? സ്വാമി കമ്യൂണിസ്റ്റായില്ല. പരമ്പരാഗത കത്തോലിക്കനുമായില്ല. മധ്യമാര്‍ഗം സ്വീകരിച്ചു. വിശപ്പിന്റെ കാരണങ്ങള്‍, ഇല്ലായ്മയുടെ കാരണങ്ങള്‍ പഠിച്ചു. ലോകമെമ്പാടും ഇല്ലായ്മക്ക് ഒരു കാരണമേയുള്ളൂ. ചൂഷണം അഥവാ വിഭവങ്ങളുടെ നീതിപൂര്‍വമല്ലാത്ത വിതരണം. ചൂഷണം തഴക്കാന്‍ ഒരേയൊരു കാരണമേയുള്ളൂ, ചൂഷണം നടക്കുന്നു എന്ന് ചൂഷിതര്‍ക്ക് മനസിലാവാതിരിക്കുക. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന ബോധം സൃഷ്ടിക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ. അവകാശങ്ങളെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കല്‍. സ്വാമി ബിഹാറിലെ ആദിവാസിലോകത്ത് അത് ഗംഭീരമായി ചെയ്തു. അന്ന് ആദിവാസി കോറിഡോറുകളില്‍ മാവോയിസ്റ്റുകള്‍ എന്ന് ഇന്ന് നാം ഏകപദമായി വിവക്ഷിക്കുന്ന ശക്തികള്‍ ഇല്ല.
സഭാമനുഷ്യനായിരുന്നല്ലോ സ്വാമി. വിപ്ലവം നടത്തലോ ജനതയെ വിമോചിപ്പിക്കലോ ലോകത്തൊരിടത്തും സഭകളുടെ പണിയല്ല. ചൂഷണം നടത്തുന്ന സംവിധാനങ്ങളെ വലതുകൈകൊണ്ട് പോറ്റുകയും ദുര്‍ബലമായ ഇടതുകൈകൊണ്ട് ചൂഷിതര്‍ക്ക് ദുരിതാശ്വാസം എത്തിക്കുകയുമാണല്ലോ അവ ചെയ്തുപോരുന്നത്. അക്കാര്യം സ്വാമിക്ക് അറിയാമായിരുന്നെങ്കിലും സഭാമനുഷ്യനെന്ന നിലയില്‍ പരിമിതികള്‍ ധാരാളമായിരുന്നു. സഭ ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ബാംഗ്ലൂരിലെ ജസ്യൂട്ട് കേന്ദ്രത്തിലേക്ക് മടങ്ങി. 1975 മുതല്‍ പതിനൊന്ന് വര്‍ഷം അവിടെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. അക്കാലത്തെക്കുറിച്ചുള്ള സ്വാമിയുടെ ഓര്‍മകള്‍ ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. സാമൂഹികശാസ്ത്രത്തെ അക്കാദമിക് അക്ഷരക്കൂട്ടമായി മാത്രം കാണാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മധ്യേന്ത്യന്‍ ആദിവാസിമനുഷ്യരിലേക്ക് സ്വാമി മടങ്ങിയെത്തി. അക്കാലത്തെ ബിഹാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയാണ്. ആദിവാസി മേഖലകളും രാഷ്ട്രീയമായി ശാക്തീകരിക്കപ്പെടുന്ന കാലം. ഇടത്-സോഷ്യലിസ്റ്റ് ആശയങ്ങള്‍ വേരുപിടിച്ച ഭൂമി. സ്വാമി അവിടെ വീണ്ടും നിറഞ്ഞു. സ്വാഭാവികമായും അക്കാല ബിഹാറിലെ രാഷ്ട്രീയമനുഷ്യരുമായി സ്വാമിക്ക് ബന്ധങ്ങള്‍ ഉണ്ടായി. കത്തോലിക്കാസഭക്കും കമ്യൂണിസത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സ്വാമി വിദഗ്ധമായി നടന്നു.
തൊണ്ണൂറുകള്‍ ഉദാരവത്കരണത്തിന്റെ കാലമാണല്ലോ? സാമ്പത്തികപരിഷ്‌കാരങ്ങളുടെ ആദ്യ ഇന്ത്യന്‍ ഇരകള്‍ ഗോത്രജനതയാണ്. അവരുടെ മണ്ണും ജീവിതവും മൂലധനശക്തികള്‍ കയ്യേറാന്‍ തുടങ്ങി. ആ മനുഷ്യര്‍ കുടിയൊഴിക്കപ്പെട്ടു. ചോരയും കണ്ണീരും കുലംകുത്തിയൊഴുകിയ ചരിത്രമാണത്. ഇതുവരെ രേഖപ്പെട്ടിട്ടില്ല. പുറത്താക്കപ്പെടുന്ന മനുഷ്യര്‍ക്കൊപ്പം സ്വാമി നിന്നു. കുടിയൊഴിക്കപ്പെടുന്നവരുടെ സമരങ്ങളില്‍ പങ്കാളിയായി. വനഭൂമിയുടെ അവകാശികളെ വനത്തില്‍ നിന്ന് പുറത്താക്കരുത് എന്ന് നിരന്തരം വാദിച്ചു. സ്വാമി അധികാരത്തിന്റെ നോട്ടപ്പുള്ളിയായി. സ്വാമി കമ്യൂണിസ്റ്റോ മാവോയിസ്റ്റോ ആക്ടിവിസ്റ്റോ പരിസ്ഥിതിപ്രവര്‍ത്തകനോ സമരനായകനോ ഒന്നുമായിരുന്നില്ല. സ്വാമി ഉടനീളം പുരോഹിതന്‍ മാത്രമായിരുന്നു. ജ്ഞാനിയായ പുരോഹിതന്‍. അക്കാലത്ത് ആദിവാസികള്‍ക്കിടയില്‍ നിന്ന് നിരവധി പോരാളികള്‍ ഉയര്‍ന്നുവന്നു. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിവുള്ളവര്‍. അധികാരം അവരോട് യുദ്ധത്തിനിറങ്ങി. മാവോയിസ്റ്റെന്നും ദേശദ്രോഹികളെന്നും മുദ്രകുത്തി ജയിലില്‍ അടക്കാന്‍ തുടങ്ങി. ആദിവാസികള്‍ കൂട്ടത്തോടെ കേസുകളില്‍പെട്ടു. നിയമത്തിന്റെ സങ്കീര്‍ണവഴികള്‍ അവര്‍ക്ക് അജ്ഞാതമായിരുന്നു. ജാമ്യം അവകാശമാണെന്നും വിചാരണത്തടവ് അവകാശ ലംഘനമാണെന്നും അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. സ്വാമി അവര്‍ക്കുവേണ്ടി കോടതി കയറി. നൂറ് കണക്കിന് ജീവിതങ്ങളെ നിയമക്കുരുക്കുകളില്‍ നിന്ന് മോചിപ്പിച്ചു. സ്വാമിയെ അധികാരികള്‍ ഭയക്കാന്‍ തുടങ്ങി.
അതിനിടെ രാജ്യം വലിയ രാഷ്ട്രീയമാറ്റത്തിലേക്ക് മൂക്കുകുത്തി വീണു. വലതു ഹിന്ദുത്വ അധികാരമാര്‍ജിച്ചു. കോര്‍പറേറ്റുകളുടെ മാനസഭരണകൂടം സംജാതമായി. ആദിവാസി കോറിഡോറുകള്‍ കീഴടക്കാന്‍ കോര്‍പറേറ്റ് പട മൂലധനബോംബുകളുമായി കുതിച്ചെത്തിയ കാലം. ചെറുത്തുനില്‍പുകളും രൂക്ഷമായി. അപ്പോഴും സ്വാമി നിരാലംബരായ മനുഷ്യരുടെ നീതിക്കുവേണ്ടി വാദിക്കുകയും കോടതികള്‍ കയറിയിറങ്ങുകയും ചെയ്തു.
ഇന്ത്യന്‍ ഫാഷിസം ശക്തി പ്രാപിക്കാന്‍ തുടങ്ങി. രണ്ടാം തിരഞ്ഞെടുപ്പ് വിജയം അവരെ മത്തരാക്കി. അതോടൊപ്പം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ സമരങ്ങള്‍ പ്രവഹിക്കാനും തുടങ്ങി. ഫാഷിസത്തിന്റെ ലോകചരിത്രം ശ്രദ്ധിച്ചാല്‍ അതിനെതിരെയുള്ള സമരങ്ങളില്‍ ഒരു പാറ്റേണ്‍ തെളിഞ്ഞുകിട്ടും. എല്ലായിടങ്ങളിലും ഏറിയും കുറഞ്ഞും ഇതിന് സമാനതകളുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ രൂപം കൊള്ളുന്ന വിസമ്മതമാണ് ആ പാറ്റേണിന്റെ ഒരു സവിശേഷത. നിങ്ങള്‍ ജര്‍മന്‍ ഫാഷിസത്തിനെതിരില്‍ ഉയര്‍ന്ന വിദ്യാര്‍ഥിമുന്നേറ്റത്തെ ഓര്‍ക്കുക. വെളുത്ത പനിനീര്‍പ്പൂക്കളെന്ന് പേരിട്ട ലഘുലേഖകളെ ഓര്‍ക്കുക. ഇന്ത്യന്‍ ഫാഷിസത്തിനെതിരിലും ആദ്യമുയര്‍ന്ന വിസമ്മതം വിദ്യാര്‍ഥികളുടേതായിരുന്നു. ജെ എന്‍ യു അതിന്റെ ഒരു പ്രഭവസ്ഥാനമായിരുന്നു. പിന്നീടത് നഗരകേന്ദ്രിത ബുദ്ധിജീവികളിലേക്കും ആക്ടിവിസ്റ്റുകളിലേക്കും പടരും. പിന്നീടത് കര്‍ഷകരിലേക്കും തദ്ദേശജനതയിലേക്കും പടരും. ഈ പടര്‍ച്ചകളെ തുടര്‍ച്ചകളാക്കാന്‍ കഴിഞ്ഞാല്‍ ഫാഷിസത്തിനെതിരായ സമരം വിജയം കാണും.
ഇന്ത്യയില്‍ ആ തുടര്‍ച്ചകള്‍ ഉണ്ടായില്ല. വിദ്യാര്‍ഥികലാപം അടിച്ചമര്‍ത്തപ്പെട്ടു. ബുദ്ധിജീവികള്‍ വേട്ടയാടപ്പെട്ടു. കര്‍ഷകരുടെ ഐതിഹാസികസമരത്തിനുമേല്‍ കോവിഡ് കരിമ്പടമിട്ടു. പൗരത്വ ഭേദഗതിക്കെതിരില്‍ നടന്ന മുന്നേറ്റത്തിനും അതേ ഗതിയായി. ഇന്ത്യന്‍ വിസമ്മതത്തിന്റെ പാറ്റേണ്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യന്‍ ഫാഷിസത്തിന് കഴിഞ്ഞു. ആ പാറ്റേണ്‍ തിരിച്ചറിയുന്നതിലും പടര്‍ത്തുന്നതിലും ഇന്ത്യന്‍ പ്രതിപക്ഷം പരാജയപ്പെട്ടു. ആ പരാജയത്തിന്റെ രക്തസാക്ഷിയാണ് സ്റ്റാന്‍ സ്വാമി.
വിദ്യാര്‍ഥി ഉണര്‍ച്ച സമര്‍ഥമായി തുടച്ചു നീക്കപ്പെട്ടത് നാം കണ്ടു. പൗരത്വസമരത്തെ വരെ അതിനു വേദിയാക്കി. ബുദ്ധിജീവി ഉണര്‍ച്ചകളെ അറുത്തുമാറ്റാന്‍ അവര്‍ കണ്ടെത്തിയ വഴി ആയിരുന്നു ഭീമ കൊറേഗാവ്. മറാത്തയിലെ അധസ്ഥിതരുടെ യുദ്ധവിജയത്തിന്റെ ഓര്‍മദിനമാണല്ലോ അത്. എല്ലാകാലത്തും അധസ്ഥിത മുന്നേറ്റത്തിന്റെ ഓര്‍മകളെ ഹിന്ദുത്വ ഭയപ്പെട്ടിരുന്നു. അതിനാല്‍ ഭീമ കൊറേഗാവിനെ അവര്‍ നേരിട്ടു. പേഷ്വ ഭരണത്തിനെതിരെ ദളിതര്‍ നേടിയ യുദ്ധവിജയം ആഘോഷിച്ച എല്‍ഗാര്‍ പരിഷത്ത് സംഘാടനത്തിനെതിരെ ഭരണകൂടം നിലയെടുത്തു. ബുദ്ധിജീവി ഉണര്‍ച്ചയുടെ പാറ്റേണ്‍ തകര്‍ക്കാനുള്ള അവസരമായി അവരതിനെ കണ്ടു. ഒന്നര വര്‍ഷത്തിനിടെ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ള 16 പേരെ ഭരണകൂടം അറസ്റ്റ് ചെയ്തു. അമിതാധികാരത്തെ അരക്കിട്ടുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ എന്‍.ഐ.എ ഈ വേട്ടയ്ക്ക് നേതൃത്വം നല്‍കി. വരവരറാവു, റോണ വില്‍സണ്‍, ആനന്ദ് തെല്‍തുംബ്ദേ, മഹേഷ് റാവത്ത്, സുരേന്ദ്ര ഗാഡ്ലിംഗ്, ഗൗതം നവ്ലാഖ, ഹാനി ബാബു, സുധ ഭരദ്വാജ്, ഷോമ സെന്‍, സാഗര്‍ ഗോര്‍ഖെ, രമേശ് ഗെയ്ചൂര്‍, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിങ്ങനെ അറസ്റ്റുകള്‍ പെരുകി. അക്കൂട്ടത്തില്‍ വൃദ്ധപുരോഹിതനായ സ്റ്റാന്‍ സ്വാമിയും.
സ്റ്റാന്‍ സ്വാമി നിയമവിരുദ്ധവും നീതിരഹിതവുമായ കസ്റ്റഡിയില്‍ അനുഭവിച്ച ക്രൂരതകള്‍ ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പൗരനിന്ദ. ഫാഷിസം പരിഷ്‌കൃതിയുടെ വിപരീതപദമാണ്. ജുഡീഷ്യറി കൂട്ടുചേര്‍ന്ന കൊലയാണെന്ന് നാം കണ്ടല്ലോ? ജുഡീഷ്യറി മൊത്തത്തില്‍ എന്ന് നിരാശപ്പെടാന്‍ വരട്ടെ. സംവിധാനത്തിന് സ്വന്തം താല്‍പര്യങ്ങള്‍ നിര്‍വഹിക്കാനായി വരുതിയിലാക്കാന്‍ പാകത്തിന് പഴുതുകളുണ്ട് നമ്മുടെ നിയമസംവിധാനത്തില്‍. ആ പഴുതുകള്‍ അവര്‍ സമര്‍ഥമായി ഉപയോഗിച്ചു. നാശത്തിന്റെ മുനമ്പില്‍ അതിസമര്‍ഥരാണ് ഫാഷിസം.
രണ്ടുപാഠങ്ങള്‍ കൂടി ചൂണ്ടിക്കാട്ടാം. ഒന്ന് കെ ജി എസിന്റെ വരികളില്‍ നിങ്ങള്‍ ആദ്യം വായിച്ചതാണ്. ഇങ്ങനെ ആയിരിക്കും ഇനി കൊലകള്‍. കോശം കോശമായി. കാത്തിരുന്ന് കാലമൊക്കുമ്പോള്‍ മരിക്കാന്‍ വിടും. ജയിലില്‍ ബാക്കിയുണ്ട് നൂറ് കണക്കിനുപേര്‍ ഇതുപോലുള്ള മരണം കാത്ത്. കണ്ണുവെച്ചിട്ടുണ്ട് ആയിരക്കണക്കിന് വിസമ്മതരെ. മരിച്ച ശേഷം ഉയര്‍ത്താന്‍ മുഷ്ടികള്‍ കാത്തുവെക്കുന്ന ശീലം നാം മാറ്റേണ്ടതുണ്ട്. ആദരാഞ്ജലികളല്ല ഐക്യദാര്‍ഢ്യങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. സ്റ്റാന്‍ സ്വാമിക്ക് അത് ലഭിച്ചില്ല, ജീവിച്ചിരുന്നപ്പോള്‍. മറ്റുള്ളവര്‍ക്ക് അത് ലഭിക്കണം. യു എ പി എ യിലെ ജാമ്യനിഷേധം ഭരണഘടനാ വിരുദ്ധമാണ്. അത് നാം വിളിച്ചുപറയണം. സാധ്യമായ എല്ലാ വഴിയിലും. അങ്ങനെയാവണം നമ്മുടെ കയ്യിലും പറ്റിയ ആ പുരോഹിതന്റെ ചോര കഴുകിക്കളയേണ്ടത്.
രണ്ട്, ഫാഷിസവുമായി നീക്കുപോക്കാകാം; അവ്വിധം തടി കാക്കാം എന്ന് കരുതുന്ന ഒരു പ്രബലവിഭാഗം ഇന്ന് ക്രിസ്തുമത വിശ്വാസികളില്‍ തഴച്ചുവളരുന്നുണ്ട്. സംഘപരിവാറിനെ തൃപ്തിപ്പെടുത്താന്‍ നാവാട്ടം നടത്തുന്നവര്‍. മരിക്കും വരെ ക്രിസ്ത്യാനിയും പുരോഹിതനുമായിരുന്നു സ്റ്റാന്‍ സ്വാമി എന്നോര്‍ക്കുക.
കെ കെ ജോഷി
You must be logged in to post a comment Login