തിരിച്ചുകിട്ടിയ ജീവിതവുമായി, ദുരിതക്കടല്‍ താണ്ടി ബംഗ്ലാദേശിന്റെ ഷാ പൊരീര്‍ ദ്വീപില്‍ വന്നടിഞ്ഞപ്പോള്‍, കരയിലേക്കു കയറും മുമ്പ്, ആ റോഹിംഗ്യന്‍ വനിത ഒന്നു നിന്നു. തീരത്തെ ഉപ്പുരസമുള്ള മണലിനെ തൊട്ടു വണങ്ങി. ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യമുള്‍ക്കൊണ്ട് മനസ്സുകൊണ്ട് കരയെ വാരിപ്പുണര്‍ന്നിട്ടുണ്ടാവും ആ പാവം. ആശ്വാസത്തിന്റെ, സമാധാനത്തിന്റെ, ഒരര്‍ഥത്തില്‍ പുനര്‍ജനിയുടെ, ആ നിമിഷത്തെ ക്യാമറയുടെ ശബ്ദം കൊണ്ടുപോലും മുറിപ്പെടുത്താതെയാണ് താന്‍ ആ ചിത്രം പകര്‍ത്തിയതെന്ന് ഡാനിഷ് സിദ്ദീഖി പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പത്തെ ആ ഫോട്ടോയായാണ് ഡാനിഷിന് വിഖ്യാതമായ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിക്കൊടുത്തത്.
മ്യാന്‍മറില്‍ വംശീയാക്രമണത്തിനും കൂട്ടക്കൊലയ്ക്കും ഇരകളാക്കപ്പെടുന്ന റോഹിംഗ്യകളുടെ പലായനവും ദുരിതജീവിതവും ലോകത്തെയറിയിച്ചത് ഡാനിഷിന്റെ ക്യാമറക്കണ്ണുകളാണ്. കൊവിഡ് രണ്ടാം തരംഗം പിടിമുറിക്കിയപ്പോള്‍ പ്രാണവായുവിനായി പിടഞ്ഞ ഡല്‍ഹിയുടെ ദയനീയാവസ്ഥയും എരിയുന്ന കൂട്ടച്ചിതകളും ഒപ്പിയെടുത്തത് ഡാനിഷാണ്. ജെ എന്‍ യു, ജാമിഅ സമരങ്ങള്‍, സി എ എ വിരുദ്ധ പ്രക്ഷോഭം, ഡല്‍ഹി കലാപം, കര്‍ഷക സമരം… സത്യാനന്തരലോകത്തില്‍ മറച്ചുവെക്കപ്പെടുന്ന, വളച്ചൊടിക്കപ്പെടുന്ന വാസ്തവങ്ങള്‍ക്ക് ഡാനിഷ് തന്റെ ചിത്രങ്ങളിലൂടെ പ്രതിരോധം തീര്‍ത്തു. ഇറാഖിലും സിറിയയിലും ശ്രീലങ്കയിലും മരണം മുന്നില്‍ക്കണ്ട് ആ യുവാവ് ക്യാമറയുമായെത്തി. ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില്‍ ജൂലൈ 15ന് താലിബാന്‍ ആക്രമണത്തില്‍ ആ ഫോട്ടോ ജേണലിസ്റ്റ് കൊല്ലപ്പെട്ടപ്പോള്‍ അടഞ്ഞുപോയത് മരണമില്ലാത്ത എത്രയോ അധികം നിമിഷങ്ങള്‍ക്കു ദൃക്സാക്ഷിത്വം വഹിച്ച ഒരു ക്യാമറയുടെ കണ്ണുകള്‍ കൂടിയാണ്.
ഡാനിഷ് സിദ്ദീഖിയുടെ കണ്ണുകള്‍ എപ്പോഴും മനുഷ്യരെയാണ് തേടിയത്. രാഷ്ട്രത്തലവന്മാരുടെയും കായികതാരങ്ങളുടെയും ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും സാധാരണ മനുഷ്യരെ പകര്‍ത്തുന്നതിലാണ് സന്തോഷം കണ്ടെത്തിയതെന്ന് ഡാനിഷ് പറഞ്ഞിട്ടുണ്ട്. ചൈനയെ പിടിച്ചു കുലുക്കിയ ഹോങ്കോങ്ങ് പ്രക്ഷോഭത്തിന്റെ കരുത്തും നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിന്റെ രൗദ്രവും അവിടത്തെ മനുഷ്യരുടെ ഭാവങ്ങളിലൂടെയാണ് ഡാനിഷ് പകര്‍ത്തിയത്. യു എസ് സൈന്യം പിന്‍വാങ്ങുന്നതോടെ വീണ്ടും താലിബാന്റെ കൈകളിലമരാന്‍പോകുന്ന അഫ്ഗാനിസ്ഥാനാണ് അടുത്ത ദുരന്തമുഖം എന്ന് ഡാനിഷിന് അറിയാമായിരുന്നു. അഫ്ഗാന്‍ പ്രതിസന്ധിയുടെ ചിത്രങ്ങളെടുക്കാന്‍ അഫ്ഗാന്‍ സൈന്യത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ മള്‍ട്ടി മീഡിയ സംഘത്തലനായ ഡാനിഷിന് താലിബാന്‍ ഭീകരരുടെ വെടിയേറ്റത്. തങ്ങള്‍ക്കുപകരം മറ്റാരൊക്കെയോ കൊല്ലപ്പെടുന്നതുകൊണ്ടാണ് യുദ്ധമുഖത്തുനിന്ന് ചിലര്‍ തിരിച്ചെത്തുന്നത് എന്നു പറയാറുണ്ട്. ഇത്തവണ ഊഴം ഈ മുപ്പത്തെട്ടുകാരന്റേതായിരുന്നു.
ഡല്‍ഹിയില്‍ ജനിച്ച്, ഏറക്കാലം മുംബൈയില്‍ ജീവിച്ച ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഖബറടക്കിയത് ജാമിഅ മില്ലിയയിലാണ്. ഈ സര്‍വകലാശാലയാണ് തന്നെ വാര്‍ത്തെടുത്തതെന്ന് ഡാനിഷ് പറഞ്ഞിട്ടുണ്ട്. ബി എ ഇക്കണോമിക്‌സും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദവും നേടിയ ഡാനിഷ് ഫോട്ടോഗ്രാഫി ഔപചാരികമായി പഠിച്ചിട്ടില്ല. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെയും ടി വി ടുഡേ നെറ്റ്്വര്‍ക്കിന്റെയും റിപ്പോര്‍ട്ടറായാണ് ജോലി ആരംഭിക്കുന്നത്. ആ ജോലിക്കിടെയാണ് ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം വര്‍ധിച്ചത്. മൊബൈലിലും സുഹൃത്തുക്കളുടെ ക്യാമറയിലുമായിരുന്നു പരീക്ഷണങ്ങള്‍. സുഹ്യത്തുക്കളുടെ സഹായത്തോടെ സ്വന്തമായി ക്യാമറ വാങ്ങി രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ യാത്ര ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തി. ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടമാണ് റിപ്പോര്‍ട്ടര്‍ ജോലി രാജിവെച്ച് റോയിട്ടേഴ്‌സില്‍ പരിശീലനത്തിനു ചേരാന്‍ പ്രേരണയായത്. 2010ല്‍ അവിടെ മുഴുവന്‍ സമയ ഫോട്ടോഗ്രാഫറായി. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക് ടൈംസ്, ദ ഗാര്‍ഡിയന്‍, ടൈം, വാള്‍ സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലും മലയാളമുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാ പത്രങ്ങളിലും ഡാനിഷിന്റെ എത്രയോ ചിത്രങ്ങള്‍ അച്ചടിച്ചു വന്നു.
വാര്‍ത്തയുടെ മർമമറിയുമായിരുന്ന ഡാനിഷിന് റോയിട്ടേഴ്‌സില്‍ സുപ്രധാന ചുമതലകളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഭൂകമ്പത്തിന്റെ കെടുതികള്‍ പകര്‍ത്താന്‍ 2015ല്‍ നേപ്പാളിലേക്ക്, മൊസൂളിലെ യുദ്ധം പകര്‍ത്താന്‍ 2016ല്‍ ഇറാഖിലേക്ക്, ജനാധിപത്യ പ്രക്ഷോഭം ചിത്രീകരിക്കാന്‍ 2019ല്‍ ഹോങ്കോങ്ങിലേക്ക്. മോഡിസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ തന്റെ മാതൃവിദ്യാലയമായ ജാമിഅ മില്ലിയയില്‍ സമരം തുടങ്ങിയപ്പോള്‍ ഡാനിഷ് ഡല്‍ഹിയിലുണ്ടായിരുന്നു. ആസൂത്രിതമായി ചിലരതിനെ കലാപമായി വളര്‍ത്തിയപ്പോള്‍ അയാള്‍ ഇരകള്‍ക്കൊപ്പമുണ്ടായിരുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ ഒരു മുസ്‌ലിമിനെ തല്ലിച്ചതയ്ക്കുന്ന ചിത്രമാണ് ഡല്‍ഹി കലാപത്തിന്റെ പ്രതീകമായി മാറിയത്. അതെടുത്തത് ഡാനിഷാണ്. നിരായുധരായ സമരക്കാര്‍ക്കു നേരെ തോക്കുചൂണ്ടി ചീറിയടുക്കുന്ന ഹിന്ദു യുവാവിന്റെ ചിത്രവും ഡാനിഷിന്റേതായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ എന്താണ് യഥാർത്ഥത്തില്‍ നടന്നതെന്ന് ലോകം അറിഞ്ഞത് ഈ ചിത്രങ്ങളിലൂടെയാണ്. വംശഹത്യയുടെ നടുക്കം ലോകം അനുഭവിച്ചത് ഡാനിഷിന്റെ ക്യാമറയിലൂടെയാണ്.
അതിനു മുമ്പ് 2017ലാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളെത്തേടി ഡാനിഷ് മ്യാന്മറിലേക്ക് പോകുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള കോക്‌സ് ബസാറിലെത്തിയെങ്കിലും അവിടെ നിന്ന് മ്യാന്മറിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. മണിക്കൂറുകളോളം കാല്‍നടയായി പോയാണ് പല ചിത്രങ്ങളും പകര്‍ത്തിയത്. ബംഗ്ലാദേശിലെ അവസാനത്തെ ദ്വീപായ ഷാ പൊരിറിലാണ് മ്യാന്മറില്‍ നിന്നു ബോട്ടില്‍ അഭയാർഥികള്‍ കടല്‍ കടന്ന് എത്തിയിരുന്നത്. അങ്ങനെ അഭയാർഥികളുമായി കരയ്ക്ക് എത്തിയ ബോട്ടില്‍ നിന്നാണ് ആ ചിത്രം ലഭിച്ചത്. ആയിരം വാക്കുകളെക്കാള്‍ തീക്ഷ്ണമായിരുന്നു ഒരൊറ്റ ക്ലിക്ക്. സഹപ്രവര്‍ത്തകനായ അഡ്നാന്‍ അബിദിയ്‌ക്കൊപ്പം ഡാനിഷ് 2018ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം പങ്കുവെച്ചു. പത്രപ്രവര്‍ത്തക മികവിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഡല്‍ഹി പിടയുമ്പോള്‍ മഹാമാരിയെ ഭയക്കാതെ ആശുപത്രികളിലും മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും അയാള്‍ കയറിയിറങ്ങി. ഡല്‍ഹിയിലെ ശ്മശാനത്തില്‍ കൂട്ട ശവസംസ്‌കാരത്തില്‍ ചിതകള്‍ എരിഞ്ഞടങ്ങുന്നതിന്റെ ആകാശദൃശ്യം ഡാനിഷാണ് പകര്‍ത്തിയത്. എത്രയെഴുതിയാലും മനസിലാക്കാനാകാത്ത മഹാദുരന്തം കൂട്ടശവസംസ്‌കാരത്തിന്റെ ഒരൊറ്റ ദൃശ്യത്തിലൂടെ അയാള്‍ ലോകത്തിനു മുന്നിലെത്തിച്ചു. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഗംഗാ നദീതീരത്തെ പാതിവെന്ത ശവക്കൂമ്പാരങ്ങളുടെ ചിത്രവും ഡാനിഷാണ് പകര്‍ത്തിയത്. അവിടെ നിന്നാണ് ജൂലൈ മാസത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ജർമന്‍കാരിയായ ഭാര്യക്കൊപ്പം അല്പനാള്‍ അവരുടെ നാട്ടില്‍ കഴിച്ചുകൂട്ടി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു, അഫ്ഗാന്‍ യാത്ര. അഫ്ഗാന്‍ സൈന്യത്തിന്റെ കൂടെ സഞ്ചരിച്ച്, താലിബാനുമായുള്ള യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ലക്ഷ്യം. അത് ആ യുവാവിന്റെ അവസാനത്തെ ദൗത്യമായിരുന്നു.
ജീവിതത്തിനും മരണത്തിനുമിടയില്‍ തുറന്നുപിടിച്ച കണ്ണായിരുന്നു ഡാനിഷ് സിദ്ദീഖിയുടെ ക്യാമറ. ഒര്‍ക്കുമ്പോള്‍ അതിശയം തോന്നും, ഈ ദശകങ്ങളെ നമ്മള്‍ ഓര്‍ക്കുന്നത് ഈ യുവാവ് എടുത്ത ചിത്രങ്ങളിലൂടെയാണ്. സാധാരണക്കാരന്റെ പക്ഷത്ത്, ധാർമികതയുടെയും മാനവികതയുടെയും പക്ഷത്ത് അയാളുടെ ക്യാമറ ചേര്‍ന്നുനിന്നു. അതുകൊണ്ടുതന്നെ, താലിബാന്‍ തീവ്രവാദികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് കേവലം ഒരു മനുഷ്യനല്ല. മനുഷ്യത്വത്തിന്റെ കെടാത്ത മിഴിയാണ് അണഞ്ഞത്. ഡാനിഷിനെ കൊന്നത് തങ്ങളല്ലെന്ന് താലിബാന്‍ പറയുന്നുണ്ട്. നീതിനിഷേധത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും എതിര്‍പക്ഷത്ത് നിലയുറപ്പിച്ച് സത്യത്തിനുനേരേ ക്യാമറ തുറന്നുപിടിച്ച ഡാനിഷിനെ ഇല്ലാതാക്കണമെന്നാഗ്രഹിച്ച പലരുമുണ്ടാകും. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുള്‍പ്പെടെയുള്ളവര്‍ ഡാനിഷിന്റെ മരണത്തില്‍ അനുശോചിച്ചെങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിലെ ഉന്നതര്‍ ഔപചാരികമായ അനുശോചനപ്രകടനംപോലും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
എസ് കുമാര്‍
You must be logged in to post a comment Login