17,18 നൂറ്റാണ്ടുകളില്‍ യൂറോപ്പ് കണ്ടെത്തി എന്ന് പറയുന്ന വെളിച്ചം മുസ്ലിം വിജ്ഞാന സാഗരത്തില്‍ നിന്നുള്ള ഏതാനും തുള്ളികള്‍ മാത്രമാണ്. ഇന്ന് കാണുന്ന പടിഞ്ഞാറ് മധ്യകാലത്തെ ഇസ്ലാമിക ധൈഷണിക ലോകത്തിന്റെ ഒരു നിഴല്‍ മാത്രവും. വഴിമധ്യേ കൈമോശം വന്നു പോയ മുത്ത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് നാം പണിയുന്ന ഓരോ ജ്ഞാന സൌധവും.
ശാഹിദ്
2010ല്‍ ജിദ്ദയില്‍ കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് എത്തിയ രാഷ്ട്രീയ നേതാക്കളെയും പണ്ഡിതരെയും ശാസ്ത്രജ്ഞരെയും വിദ്യാര്‍ത്ഥികളെയും അഭിസംബോദന ചെയ്യവെ, സഊദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു: “നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമുക്ക് നഷ്ടപ്പെട്ട വിലപ്പെട്ട ചിലത് വീണ്ടെടുക്കാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമാണീ സര്‍വകലാശാല. ഇന്നത്തെ പരിഷ്കൃത പടിഞ്ഞാറന്‍ ലോകം അധികാരത്തില്‍ നിമഗ്നമായിരുന്ന ഒരു കാലഘട്ടത്തില്‍ ടൈഗ്രീസിന്റെ തീരത്തുനിന്ന് ഭൂമുഖത്താകെ വെളിച്ചം പകര്‍ന്ന ബഗ്ദാദിലെ ‘ബൈത്തുല്‍ ഹിക്മ’ ചെങ്കടലിന്റെ ഓരത്ത് പുന:സൃഷ്ടിക്കാനുള്ള ഉദ്ക്കടമായ അഭിവാഞ്ഛയാണ് എനിക്ക് പ്രചോദനം. ശാസ്ത്രവും സാങ്കേതിക വിദ്യയും ചരിത്രവും സാഹിത്യവും കവിതയുമെല്ലാം മുസ്ലിം നാഗരികതയുടെ കരലാളനമേറ്റ് പുഷ്കലിച്ചുനിന്ന താരുണ്യകാലത്തിലേക്കുള്ള ഒരു മടക്കയാത്രയാണ് ലക്ഷ്യം”
മുസ്ലിം നാഗരികത കടന്നുവന്ന, പലരും മറന്നുകളഞ്ഞ ആ രാജവീഥിയുടെ മധുരോ•ാദം പകരുന്ന കഥ ജൊനാഥന്‍ ലെയ്സണ്‍ ദി ഹൌസ് ഓഫ് വിസ്ഡം (ഠവല വീൌലെ ീള ണശറീാെ) എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മുസ്ലിം ലോകത്ത് കൊടും ഭീകരരെമാത്രം പരതി നടന്ന പാശ്ചാത്യ സമൂഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 17, 18 നൂറ്റാണ്ടുകളില്‍ നിന്ന് യൂറോപ്പ് കരഗതമാക്കിയെന്ന് പറയുന്ന നവോത്ഥാനം മുസ്ലിം വിജ്ഞാന സാഗരത്തില്‍ നിന്നുള്ള ഏതാനും തുള്ളികള്‍ കടമെടുത്തത് മാത്രമാണെന്നും ഇന്നീ കാണുന്ന പടിഞ്ഞാറ് മധ്യകാലത്തെ ഇസ്ലാമിക ധൈഷണിക ലോകത്തിന്റെ ഒരു നിഴല്‍ മാത്രമാണെന്നും അദ്ദേഹം തുറന്നെഴുതാന്‍ ആര്‍ജവം കാണിച്ചു. ജൊനാഥന്‍ ലെയ്സന്റെ വാക്കുകള്‍ അപ്പടി പകര്‍ത്തട്ടെ: “അറബ് സയന്‍സും തത്വശാസ്ത്രവുമാണ് ക്രിസ്ത്യന്‍ ലോകത്തെ അജ്ഞയില്‍നിന്ന് രക്ഷിച്ചത്. പടിഞ്ഞാറ് എന്ന ആശയം തന്നെ സാക്ഷാത്കരിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ കടം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പോട്ടെ, നമ്മള്‍ എത്ര പേര്‍ നമ്മുടെ കടപ്പാട് അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട് ? ആധുനീക സാങ്കേതിക സംജ്ഞങ്ങളില്‍ അവര്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളെ നമ്മില്‍ എത്ര പേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ?”.
നാമിന്ന് കെട്ടിപ്പടുക്കുന്ന ഓരോ വിദ്യാലയവും വഴിവക്കില്‍ കളഞ്ഞുകുളിച്ച അനര്‍ഘങ്ങളായ പൈതൃകത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന ചോദ്യത്തില്‍ നിന്നാവട്ടെ നവോത്ഥാനത്തെ കുറിച്ചുള്ള ഏത് സംവാദവും തുടങ്ങാന്‍ ഘനാന്ധകാരത്തില്‍ കഴിഞ്ഞ യൂറോപ്പിന് പ്രകാശം ചൊരിയാനും ഇന്നീ കാണുന്ന ഔന്ന്യത്തിലേക്ക് ശാസ്ത്ര സാങ്കേതിക മേഖലയെ എത്തിക്കാനും മുസ്ലീംകള്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ട് അതുതിരിച്ചറിയാന്‍ വൈകി ? മുസ്ലിംകള്‍ മാത്രമായിരുന്നില്ല കുറ്റക്കാര്‍. അവരുടെ പൈതൃകം മറച്ചുപിടിക്കാനും കണ്‍കെട്ട് വിദ്യയിലൂടെ അവയുടെ പിതൃത്വം പിടിച്ചെടുക്കാനും ചില ആസൂത്രിക നീക്കങ്ങള്‍ നടന്നിരുന്നു എന്നതാണ് പൂര്‍ണ്ണ സത്യം. നഷ്ടപ്പെട്ട ആയിരം വര്‍ഷത്തെ ചരിത്രം (ഠവല ാശശിൈഴ വശീൃ്യ ീള 1000 ്യലമൃ) അന്വേഷിച്ചു കൊണ്ടുള്ള പ്രയാണം അടുത്ത കാലത്ത് ആരംഭിച്ചപ്പോള്‍ കുറേ മിഥ്യകള്‍ തകര്‍ന്നു, യാഥാര്‍ത്ഥ്യങ്ങളുടെ ഭാണ്ഡം കെട്ടഴിഞ്ഞു വീഴുകയും ചെയ്തു. പാശ്ചാത്യ ലോകം ആധുനിക ശാസ്ത്രങ്ങളില്‍ നേടിയ സര്‍വ്വ മുന്നേറ്റങ്ങളുടേയും നിദാനം മുസ്ലിംകളുടെ അറ്റമില്ലാത്ത ഗവേഷണ, പഠന, മനന ത്വരയുടെ സംഭാവനകളാണെന്നും ഏഴാം നൂറ്റാണ്ട് മുതല്‍ പതിനേഴാം നൂറ്റാണ്ട് വരെ അവര്‍ വിവിധ ശാസ്ത്ര ശാഖകളില്‍ കരഗതമാക്കിയ നേട്ടങ്ങളുടെ മേല്‍ കെട്ടിപ്പടുത്തതാണ് ഇന്നീ കാണുന്ന പടിഞ്ഞാറന്‍ ശാസ്ത്ര സാങ്കേതിക പുരോഗതിയെന്നും സാക്ഷ്യപ്പെടുത്തുന്നത് നിഷ്പക്ഷ ചരിത്രകാരന്‍മാരാണ്. യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ പ്രകാശത്തെകുറിച്ചുള്ള അടിസ്ഥാന പഠനം തുടങ്ങുന്നത് അല്‍ ഹസന്‍ ബിന്‍ അല്‍ ഹൈതം (965 – 1041) എഴുതിയ കിതാബുല്‍ മനാളിര്‍ ആധാരമാക്കിയാണ്. ഇബ്നു ഹൈതം എന്നറിയപ്പെടുന്ന ഈ ദിഷണാശാലി അബ്ബാസിയ ഭരണകാലത്ത് ബസറയില്‍ ജീവിച്ച് ഗവേഷണ പഠനങ്ങള്‍ക്ക ശേഷം ഈജിപ്തില്‍ കുടിയേറുകയായിരുന്നു. നൈല്‍നദിയില്‍ അണക്കെട്ട് പണിയുന്നതിനെ കുറിച്ച് അന്നത്തെ ഫാത്തിമിയ്യ ഭരണകൂടം വിദഗ്ധാഭിപ്രായം തേടിയപ്പോള്‍ അതിന്റെ അപ്രായോഗികതയെകുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അനഭിമതനായി കുറേ നാള്‍ ഒളിവില്‍ കഴിയേണ്ടി വന്നു. കിതാബുല്‍ മനാളലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതോടെയാണ് യൂറോപ്പിന് ഈ വിജ്ഞാന ശാഖയില്‍ പുതിയ അറിവുകള്‍ ലഭിക്കുന്നത്. കണ്ണുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇബ്നു ഹൈതം നല്‍കിയ വിവരങ്ങളാണ് ആറേഴ് നൂറ്റാണ്ടുകാലം ശാസ്ത്രജ്ഞരുടെ കൈയിലുള്ള ആധികാരിക വിജ്ഞാനം. ഖിതാബുല്‍ മനാളറിന്റെ ലാറ്റിന്‍ പരിഭാഷയായ (ഛുശേരമല വേലമൌൃൌെ) അവലംബിച്ചാണ് ഈ മേഖലയില്‍ വിശ്രുതരായ റോഗണ്‍ ബേക്കണ്‍, ജോണ്‍ പെയവര്‍ കൂടുതല്‍ ഗവേഷണം നടത്തിയത്. സങ്കടകരമെന്ന് പറയട്ടെ ന്യൂട്ടന്റേയും റോഗണ്‍ ബേക്കന്റേയും പേരുകള്‍ വിശ്രുതമായപ്പോള്‍ ഇബ്നു ഹൈതം അജ്ഞാത നാമാക്കളുടെ കൂട്ടത്തില്‍ വിസ്മൃതനായി.
അബ്ബാസിയ കാലഘട്ടത്തിലാണ് മുസ്ലീംകള്‍ ശാസ്ത്ര സാങ്കേതിക വിദ്യയിലും സാഹിത്യത്തിലും ഗണിത ശാസ്ത്രത്തിലുമെല്ലാം ഔന്നത്യത്തിന്റെ പുതിയ ചക്രവാളങ്ങള്‍ കീഴടക്കുന്നത്. ബഗ്ദാദ്. ഗൂഫ, ബസാറ തുടങ്ങിയ പട്ടണങ്ങള്‍ അന്ന് അചുംബിതങ്ങളായ ശാസ്ത്ര പഠനങ്ങളുടെ പറുദീസയായിരുന്നു. എത്രയെത്ര ലൈബ്രറികള്‍, എത്രയെത്ര പുതിയ പുതിയ പുസ്തകങ്ങള്‍ ! പുസ്തക പ്രസാധകനായ ഇബ്നു അല്‍ നദീം പറയുന്നത് 4300 ഗ്രന്ഥകര്‍ത്താക്കള്‍ ഒരു വേള ബഗ്ദാദിലുണ്ടായിരുന്നുവെന്നാണ്. ടൈഗ്രീസ് നദിക്കരയിലെ കൂറ്റന്‍ ലൈബ്രറിയില്‍ രാവിലെ നടന്നു തുടങ്ങിയാല്‍ രാവേറെയായാലും നടന്നു തീരില്ല. പ്രപഞ്ചത്തെയും ജീവജാലകങ്ങളേയും അവന്‍ ആര്‍ജിച്ച സര്‍വ്വ വിജ്ഞാനങ്ങളെയും സംബന്ധിച്ച അമൂല്യ അറിവുകള്‍ അന്ന് ലോകത്തിന് ലഭ്യമായിരുന്നത് ബഗ്ദാദില്‍ നിന്നായിരുന്നു. ഖലീഫ മഅ്മൂന്റെ കാലഘട്ടത്തില്‍ ധൈഷണിക രംഗത്ത് ഇസ്ലാമിക ലോകം എത്തിപ്പിടിച്ച നേട്ടങ്ങള്‍ വിവരണാതീതമാണ്. പള്ളിയുടെയും മദ്രസയുടെയും അകത്തളങ്ങളില്‍ ആരാധനയും പഠനവും മാത്രമല്ല, ഗവേഷണവും സംവാദങ്ങളും കണ്ടുപിടിത്തങ്ങളും അരങ്ങുതകര്‍ത്തു. ടെലസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തിയാണ് ആസ്ട്രോണമിയെ വളര്‍ത്തിയെടുത്തത്. സമയം അളക്കാന്‍ അക്കാലത്ത് ഘടികാരം വികസിപ്പിച്ചെടുത്തിരുന്നു. ജര്‍മന്‍ രാജാവിന് ഖലീഫ മഅ്മൂന്‍ ഒരു വാച്ച് സമ്മാനമായി കൊടുത്തയച്ചത്രെ. സൂചികള്‍ താനേ നടക്കുന്നത് കണ്ട് പരിഭ്രാന്തനായ രാജാവ് പിശാച് ആണെന്ന് ഭയന്ന് ആ സമ്മാനം ദൂരെ വലിച്ചെറിഞ്ഞുവെന്ന രസകരമായ കഥയുണ്ട്. ബഗ്ദാദിന്റെ ധൈഷണിക പ്രതാപം അതിന്റെ ഉത്തുംഗതയില്‍ കത്തി നില്‍ക്കുമ്പോഴാണ് ഇസ്ലാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം വന്നു ഭവിച്ചത്. 1258ല്‍ ഹുലാഗുഖാന്റെ നേതൃത്വത്തിലുള്ള മംഗോളിയന്‍ പട ഖലീഫയെയും പതിനായിരക്കണക്കിന് മനുഷ്യരേയും കൊന്നൊടുക്കിയ ശേഷം പ്രധാനപ്പെട്ട ഗ്രന്ഥാലയങ്ങള്‍ മുഴുവനും കത്തിച്ചാമ്പലാക്കുകയോ പുസ്തകങ്ങള്‍ ടൈഗ്രീസ് നദിയില്‍ വലിച്ചെറിയുകയോ ചെയ്തു. കുരിശുയുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങിയ ക്രിസ്ത്യ ഭരണാധികാരികളുടെ കറുത്ത കരങ്ങള്‍ താര്‍ത്താരികളുടെ ഈ നശീകരണ പ്രയാണത്തിലുണ്ടെന്നാണ് ചരിത്രപക്ഷം.
ബഗ്ദാദ് അസ്തമയ ശോഭയിലേക്ക് കടന്നപ്പോള്‍ കൊര്‍ദോവയും കെയ്റോയും ഡമസ്കസും ഡല്‍ഹിയുമെല്ലാം പുതിയ കൈത്തിരികളുമായി ലോകത്തിന് വഴികാട്ടുകയായിരുന്നു. തത്ത്വശാസ്ത്രവും ആരോഗ്യശാസ്ത്രവും ഗണിതവും ആല്‍ക്കെമിയും (രസതന്ത്രം) അന്ന് മുസ്ലിം പണ്ഡിത•ാരുടെ കുത്തകയായിരുന്നു. റോമ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയോടെ ക്രിസ്ത്യന്‍ ലോകം മോഹഭഗ്നരാവുകയും അലസതയിലേക്ക് വഴുതി വീഴുകയും ചെയ്തപ്പോള്‍ മുസ്ലിംകള്‍ വിജ്ഞാനത്തിന്റെ പുതിയ പുതിയ ചക്രവാളങ്ങള്‍ പണിത് നവംനവങ്ങളായ ആശയങ്ങളുമായി ഒരു നാഗരികതയുടെ ശോഭനമുഖം പുറത്തെടുത്തു. യൂറോപ്യന്‍ ലോകം ഉള്ളില്‍ ഭക്തി ആദരവോടെ മാത്രം ശ്രവിക്കുന്ന ചില പേരുകളുണ്ട്. ഇബ്നു സീന (980-1037), അല്‍റാസി (865-925), അല്‍ഫാറാബി (870-950), ഇമാം ഗസ്സാലി (1058-1111) ഇബ്നു റുഷ്ദ് (1126-1198) അല്‍കിന്‍ദി (801-873). തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ ബുദ്ധിയും വിവരവും കൊണ്ട് കൈകുമ്പിളില്‍ കീഴടക്കിയവരാണിവര്‍. ഏതെങ്കിലും ഒരു രംഗത്ത് ഒതുങ്ങുന്നതല്ല ഈ പ്രതിഭകളുടെ കര്‍മചൈതന്യം. മുഹമ്മദ് അബൂബക്കര്‍ ബിന്‍ സക്കറിയ അല്‍ റാസി ഇസ്ലാമിക് ഫിലോസഫിയില്‍ കുലപതിയാണെങ്കിലും മെഡിസിനാണ് അദ്ദേഹത്തിന്റെ കീര്‍ത്തിക്ക് നിദാനം. അദ്ദേഹത്തിന്റെ മാസ്റര്‍ പീസുകളായ ‘കിതാബ് അല്‍ മന്‍സൂരിയും കിതാബുല്‍ ഹാവിയും എത്ര ഭാഷകളിലേക്കാണ് തര്‍ജുമ ചെയ്തതെന്ന് തിട്ടപ്പെടുത്താനാവില്ല. മുസ്ലിം ലോകത്തു നിന്ന് തത്ത്വചിന്തകരായ അരിസ്റോട്ടിലിനോടും പ്ളാറ്റോയോടും ഉപമിക്കാന്‍ അര്‍ഹതയുള്ളത് അവിസെന്നയാണെന്ന് ചരിത്രകാര•ാര്‍ അഭിപ്രായപ്പെടാറുണ്ട്. പാണ്ഡിത്യവും ബുദ്ധിയും സര്‍ഗവൈഭവം കൊണ്ട് അനുഗ്രഹീതനായ അബൂ അല്‍ ഹുസൈന്‍ ഇബ്നു സീനയാണ് യൂറോപ്പിന്റെ അവിസെന്ന. അടുത്ത കാലം വരെ ഫ്രാന്‍സിലെയും ഇറ്റലിയിലെയും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ മാസ്റര്‍ പീസുകളായ ‘അല്‍ ഖാനൂന്‍ ഫീ ത്വിബ്’ ‘കിതാബ് അല്‍ ശിഫ എന്നിവയാണ് മുഖ്യമായും അവലംബിച്ചിരുന്നത്.
ജീവിച്ചിരുന്ന കാലഘട്ടത്തെ പിടിച്ചുകുലുക്കുകയും പടിഞ്ഞാറിന്റെയും കിഴക്കിന്റെയും ചിന്താമണ്ഡലങ്ങളില്‍ കൊടുങ്കാറ്റ് തുറന്നുവിടുകയും ചെയ്ത ഇമാം ഗസ്സാലിയെ പോലുള്ള ഒരു പണ്ഡിതനെ ചരിത്രത്തിലെവിടെയും നമുക്ക് ദര്‍ശിക്കാനാവില്ല. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും പ്രശസ്തമായ ‘ഇഹ്യാഉലൂമുദ്ദീന്‍’ ക്രിസ്ത്യന്‍ ലോകത്ത് പിരിമുറുക്കം സൃഷ്ടിച്ചപ്പോള്‍ തോമസ് അക്വിനാസിന് ടൌാാമ വേലീഹീഴശരമ രചിക്കേണ്ടി വന്നു പിടിച്ചു നില്‍ക്കാന്‍. ഇബ്നു റുഷ്ദിന്റെ അരിസ്റോട്ടിലിയന്‍ കാഴ്ചപ്പാട് ഇസ്ലാമിക ലോകത്ത് സൃഷ്ടിച്ച അസ്വാരസ്യങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമെല്ലാം ഇഹ്യാ ഉലൂമുദ്ദീനില്‍ പ്രതിവിധി ഉണ്ടായിരുന്നു.
കാലെടുത്തു വച്ച ഭൂപ്രദേശങ്ങളിലെല്ലാം പ്രതാപൈശ്വര്യങ്ങള്‍ ചൊരിയാനും സാംസ്കാരിക സ്വത്വം തീര്‍ക്കാന്‍ മാത്രമുള്ള ഭാവനാവിലാസവും ബുദ്ധികൂര്‍മതയും നയചാരുതയുമുള്ള ഒരു സംസ്കൃതിയാണ് ഇസ്ലാമിന്റേത്. വിജ്ഞാനത്തിനാണ് അത് എന്നും പ്രാമുഖ്യം കല്‍പിച്ചത്. മദീനയില്‍ നിന്ന് തുടങ്ങി, ദമാസ്കസിലൂടെ ബഗ്ദാദിലും ആന്തലൂസിയയിലും പിന്നീടങ്ങോട്ട് മൊസൂറിലും സമര്‍ഖന്തിലും ബുഖാറയിലും ഗസ്നിയിലും ദല്‍ഹിയിലും കയ്റോവിലും ഇസ്താംബൂളിലും അങ്കാറയിലുമെല്ലാം ധൈഷണിക മുന്നേറ്റത്തിന്റെ പതാക പാറിപ്പറപ്പിച്ച മുസ്ലിം നാഗരികത മാനവകുലത്തിന് നല്‍കിയ സംഭാവനകള്‍ കാലാന്തരേന്ത വിസ്മൃതിയില്‍ കുഴിച്ചിട്ടുമൂടിയപ്പോള്‍ അവ വീണ്ടെടുത്ത് മാനവരാശിക്ക് പുനരര്‍പ്പണം ചെയ്യാന്‍ മനീഷികള്‍ ആ സമുദായത്തില്‍നിന്ന് ജനിക്കാതെ പോയതാണ് ദൌര്‍ഭാഗ്യങ്ങളുടെയും പിന്നാക്കത്തിന്റെയും തുടക്കം. വിജ്ഞാനാര്‍ജന ഔല്‍സുക്യത്തെയും സംസ്കാര തൃഷ്ണയെയും ഉ•ിഷിത്താക്കിയ സഹസ്രശോഭിത മഹത്തുക്കളുടെ പിന്‍തലമുറയാണെന്ന ബോധം നഷ്ടപ്പെട്ടതാണ് പടിഞ്ഞാറിന്റെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കാനും സാമ്രാജ്യത്വ കുടിതലകളെ വിധിവിഹിതമായി ഏറ്റുവാങ്ങാനും മുസ്ലിം ലോകത്തെ അധഃപതിച്ചത്. മഹാകവി ഇഖ്ബാല്‍ വിലപിച്ചത് പോലെ യാത്രാമധ്യേ ചരക്കുകള്‍ മുഴുവനും നഷ്ടപ്പെട്ടിട്ടും ആ ബോധം പോലുമില്ലാത്ത സാര്‍ത്ഥകവാഹക സംഘത്തെപ്പോലെ ജഡാവസ്ഥയിലേക്ക് ഒരു സംകൃതി വലിച്ചെറിയപ്പെട്ടത് തങ്ങള്‍ ആരായിന്നുവെന്നും തങ്ങളുടെ പക്കല്‍ എന്തുണ്ടായിരുന്നുവെന്നും മനസ്സിലാക്കാനുള്ള ശേഷി കൈമോശം വന്നതു കൊണ്ടാണ്. പോയ നൂറ്റാണ്ടിന്റെ ഘനാന്ധകാരത്തെ കുറിച്ചുള്ള ആക്രന്ദനങ്ങള്‍ക്കിടയിലും ചക്രവാളത്തിലെവിടെയോ ഒരു വിദൂര നക്ഷത്രത്തിന്റെ വെളിച്ചം കാണാന്‍ കഴിയുന്നു എന്നതാണ് ഇനിയും പ്രയാണം തുടരാന്‍ ധൈര്യം പകരുന്നത്. നവോത്ഥാനത്തിന്റെ തുടികൊട്ട് ഏതെക്കൊയോ വിജനതയില്‍ നിന്ന് കേട്ട് തുടങ്ങിയിട്ടുണ്ട്. ബൈത്തു ഹിക്മയുടെയും ബൈത്തുല്‍ ഇല്‍മിന്റെയും സ്ഥാനത്ത് വിജ്ഞാനത്തിന്റെ പുതിയ മര്‍കസുകള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ നവോത്ഥാനത്തിന്റെ പാദപതനമാണ് കേള്‍ക്കാനാവുന്നത്. അല്‍ബിറൂനിയുടെയും ഖുവാറസ്മിയുടെയും ഇബ്നു ഖല്‍ദൂനിന്റെയുമൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രതിനിധികളെ സൃഷ്ടിക്കാന്‍ നമുക്ക് കെല്‍പുണ്ടോ എന്നാണ് കാലം പേര്‍ത്തും പേര്‍ത്തും ചോദിക്കുന്നത്.
You must be logged in to post a comment Login