“വഴിവെട്ടുന്ന നേതാവും നിയമനിർമാതാവുമായി’ സംഘ്പരിവാറും അതിനെ പിന്തുണയ്ക്കുന്നവരും വ്യാപകമായി അംഗീകരിക്കുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ നിയന്ത്രിക്കാൻ നിർദയമായ ഒരു നിയമത്തിന്റെ കരടുമായി വന്നിട്ടുണ്ട്. ഇതും അനുകരണീയമായ ഒന്നായി മറ്റുള്ളവർ അംഗീകരിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമായിരിക്കും.
ഉത്തര്‍പ്രദേശിലെ നിയമകമ്മീഷൻ ജൂലൈ 7 ന് പൊതുവായനയ്ക്കു ലഭ്യമാക്കിയ ഈ കരട് മോശമായി തയാറാക്കപ്പെട്ടതും സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനു പകരം നിരവധി ദരിദ്രകുടുംബങ്ങളെ ഉപദ്രവിക്കുന്ന ഭീഷണികളാൽ സമ്പന്നവുമാണ്. എല്ലാ സമുദായങ്ങളിലും സാമൂഹ്യവിഭാഗങ്ങളിലും പെട്ടവരെ ഇതു പ്രതികൂലമായി ബാധിക്കും. അവരെയിത് മോശം ആരോഗ്യാവസ്ഥക്കും സാമൂഹ്യ ഭ്രഷ്ടിനും അക്രമത്തിനും വിധേയരാക്കും.
ഈ നിയമത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ “ജനസംഖ്യാ നയം 2021-30′ കൊണ്ടുവരുന്നത് ഉത്തര്‍പ്രദേശിലെ മൊത്തം പ്രത്യുല്പാദന നിരക്ക് ഒരു ദശകം കൊണ്ട് 2.8 ല്‍നിന്ന് 2.1 ലേക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ ലക്ഷ്യമാകട്ടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലപ്രയോഗം കൂടാതെ തന്നെ നേടിയതുമാണ്. നിര്‍ഭാഗ്യവശാൽ ഉത്തര്‍പ്രദേശിലെ സര്‍ക്കാർ മറ്റുള്ളവരില്‍നിന്നും യാതൊന്നും പഠിക്കാൻ തയാറല്ല.
ജനസംഖ്യയെ ബലപ്രയോഗത്താൽ നിയന്ത്രിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും സ്ത്രീകളുടെ അവകശങ്ങളുടെയും ലംഘനം മാത്രമല്ല, അത് ലക്ഷ്യം കൈവരിക്കാൻ പൂർണമായും ഫലശൂന്യവും കാര്യക്ഷമതയില്ലാത്തതുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഈ കരടുനിയമത്തിൽ അഞ്ച് അധ്യായങ്ങളുണ്ട്. രണ്ടാമത്തെ അധ്യായത്തില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ആനുകൂല്യങ്ങളും ശിക്ഷകളുമാണുള്ളത്. ആനുകൂല്യങ്ങൾ മിക്കവാറും സര്‍ക്കാര്‍ജോലിയുള്ളവര്‍ക്കുള്ളതാണ്. സര്‍ക്കാര്‍ജോലിക്കാരനോ അയാളുടെ ഭാര്യയോ രണ്ടു കുട്ടികളുടെ ജനനത്തിനുശേഷം വന്ധ്യംകരണം നടത്തിയാൽ അയാള്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവർധനവും ആരോഗ്യരക്ഷയും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും പോലുളള നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഒരു കുട്ടിയുടെ ജനനശേഷമാണ് വന്ധ്യകരണം നടത്തുന്നതെങ്കിൽ ആനുകൂല്യങ്ങൾ ഇരട്ടിയാകും. ഇതെല്ലാം അഴിമതിക്കും നടത്തിപ്പിലെ അപാകതകള്‍ക്കും കാരണമാകുമെന്ന് വിമര്‍ശകർ കരുതുന്നു. കൂടാതെ ചുകപ്പുനാടയും മറ്റനുബന്ധ പ്രശ്‌നങ്ങളും കടന്നുവരും.
പുരുഷകേന്ദ്രീകൃതമായ നമ്മുടെ സാമൂഹിക വ്യവസ്ഥയിൽ വന്ധ്യംകരണത്തിനുള്ള ചുമതല സ്ത്രീകളുടെ മുകളിൽ വന്നുവീഴും. ആനുകൂല്യങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ആദ്യത്തെ കുട്ടിയുടെ ജനനശേഷം പ്രസവം നിർത്തുകയും ആ കുട്ടി പെണ്‍കുട്ടിയായിരിക്കുകയോ മരിച്ചുപോകുകയോ ചെയ്താൽ ആ സ്ത്രീയെ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. ആ പുരുഷനാകട്ടെ വീണ്ടും വിവാഹം കഴിക്കാൻ കഴിയും. പ്രസവം നിര്‍ത്തിയ സ്ത്രീക്ക് അതിനാകില്ലല്ലോ. ദരിദ്ര കുടുംബാംഗങ്ങൾ ആദ്യത്തെ കുട്ടിയുടെ ജനനത്തിനുശേഷം വന്ധ്യംകരണം ചെയ്താൽ പെണ്‍കുട്ടിയാണെങ്കിൽ ഒരു ലക്ഷവും ആണ്‍കുട്ടിയാണെങ്കിൽ എണ്‍പതിനായിരവും കിട്ടും. ഇവിടെയും സ്ത്രീകളുടെ മുകളില്‍തന്നെ ഉത്തരവാദിത്വം ചെന്നുവീഴും.
രണ്ടു കുട്ടികൾ എന്ന നിയമം തെറ്റിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിൽ ഗുണഭോക്താക്കളാകാൻ കഴിയില്ല. ന്യായവിലയ്ക്കു കിട്ടുന്ന റേഷൻ ഒരു വീട്ടിൽ നാലു പേര്‍ക്കായി ചുരുക്കപ്പെടും. അവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
സാമൂഹികവും സാമ്പത്തികവുമായി താഴ്ന്നവര്‍ക്കിടയിലാണ് രണ്ടു കുട്ടികളിലധികം കാണുന്നതെന്ന് ദേശീയ കുടുംബാരോഗ്യ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരിലധികവും ദളിതുകളും ആദിവാസികളും മറ്റു പിന്നാക്കവിഭാഗങ്ങളും ന്യൂനപക്ഷങ്ങളുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ആശുപത്രിയിലെ പ്രസവം തുടങ്ങിയ അവസരങ്ങൾ കിട്ടാത്തതു കൊണ്ട് ഇവർക്കിടയില്‍ പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണവും ശിശുമരണ നിരക്കും കൂടുതലാണ്. അവർ ഉത്തരവാദികളല്ലാത്ത കാരണങ്ങള്‍കൊണ്ടാണ് അവര്‍ക്ക് കുട്ടികൾ കൂടുന്നത്. അവരെ അക്കാര്യത്തിനു ശിക്ഷിക്കുന്നത് ദാരിദ്യത്തെ കുറ്റമായി കാണുന്നതിനു തുല്യമാണ്. അവര്‍ക്ക് സാമൂഹ്യക്ഷേമ പദ്ധതികൾ നിരസിക്കുന്നത് അവരെ കൂടുതൽ ദരിദ്രരാക്കും. അവര്‍ക്കിടയിൽ കൂടുതൽ വിശപ്പും പോഷകാഹാരക്കുറവും പരക്കും. കൂടുതൽ കുട്ടികളുമുണ്ടാകും.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെയും വികസനത്തെയും ദരിദ്രരിലേക്കും അവസരങ്ങൾ നിഷേധിക്കപ്പെട്ടവരിലേക്കും കൊണ്ടുവരാനുള്ളതാണ്. തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാൻ ദരിദ്രര്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണു വേണ്ടത്. ഈ നിയമം നടപ്പിലാക്കിയാൽ ദരിദ്രവിഭാഗത്തില്‍നിന്നുള്ള സ്ഥാനാർഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ജനാധിപത്യത്തിന് മങ്ങലേല്‍ക്കുകയും ചെയ്യും.
രണ്ടുകുട്ടികളിൽ കൂടുതലുള്ളവർ സര്‍ക്കാർ ജോലികളില്‍നിന്ന് വിലക്കപ്പെടുമത്രേ. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കാന്‍പോകുന്നത് പട്ടികജാതി, പട്ടികവർഗങ്ങളിലുള്ളവരെയാണ്. അവരുടെ സര്‍ക്കാര്‍ജോലിയിലെ പ്രാതിനിധ്യം ഇടിയും. ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നവരുടെ ആശകളിൽ ഈ നിയമം ആഞ്ഞടിക്കും.
രണ്ടുകുട്ടികളിൽ കൂടുതലുള്ളവര്‍ക്ക് എല്ലാ സര്‍ക്കാര്‍സബ്‌സിഡികളും നഷ്ടപ്പെടും. കൊറോണ നാശം വിതയ്ക്കുന്ന ഈ കാലത്ത് അതാലോചിക്കാനേ വയ്യ. ദശലക്ഷക്കണക്കിനു ദരിദ്രരെ അത് കൂടുതൽ ദരിദ്രരാക്കും. വീടില്ലാത്തവർ വീടില്ലാത്തവരായി തന്നെയിരിക്കും.
കൂടുതൽ ശിക്ഷകൾ ഏര്‍പ്പെടുത്താൻ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഭാഗമാണ് ഈ കരടു നിയമത്തിൽ ഏറ്റവും ക്രൂരമായിട്ടുള്ളത്. പൗരന്മാര്‍ക്കെതിരെ ക്രൂരമായ ശിക്ഷകൾ ഏര്‍പ്പെടുത്താൻ ഏതു സര്‍ക്കാരിനാണ് ഇതുപോലൊരു അനുമതി കിട്ടുന്നത്? പൗരന്മാരുടെ അവകാശങ്ങളാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
നമ്മുടെ പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ആണ്‍കുട്ടികള്‍ക്കുള്ള മേല്‍ക്കൈയുടെ ദോഷവശങ്ങൾ പരിഗണിക്കാതെയാണ് ഈ കരട് തയാറാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആൺ പെൺ അനുപാതം 789 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാരാണ്. ഈ നയം നടപ്പിലാക്കിയാൽ പെൺ ഭ്രൂണഹത്യ വർധിക്കുമെന്നുറപ്പാണ്. അത് സ്ത്രീകളുടെ അവസ്ഥയെയും സാമൂഹ്യബന്ധങ്ങളെയും ബാധിക്കും.
കേരളത്തിന്റെ ഉദാഹരണം ഉത്തര്‍പ്രദേശ് പഠിക്കേണ്ടതുണ്ട്. കേരളത്തിൽ മൊത്തം പ്രത്യുല്പാദന നിരക്ക് 1.7 ആണ്. സ്ത്രീകളുടെ സാക്ഷരതാനിരക്ക് 91 ശതമാനവും. അത് ഉത്തര്‍പ്രേദശില്‍ 61 ശതമാനം മാത്രമാണ്. ആശുപത്രിയിലെ പ്രസവങ്ങള്‍ കേരളത്തില്‍ 99 ശതമാനമാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ 67 ശതമാനം ആണ്. ശിശുമരണനിരക്ക് പതിനായിരം കുട്ടികള്‍ക്ക് 7 ആണെങ്കിൽ ഉത്തര്‍പ്രേദശില്‍ 47 ആണ്. ഇത്തരം സൂചികകളാണ് കേരളത്തിൽ ജനനനിരക്ക് കുറച്ചത്.
കേരളത്തെയും തമിഴ്‌നാടിനെയും പോലുള്ള സംസ്ഥാനങ്ങൾ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും പ്രസവത്തിനു മുമ്പും പിമ്പുമുള്ള പരിചരണരംഗത്തും മറ്റു സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും സ്ഥിരമായി പണം ചെലവഴിച്ചിട്ടുണ്ട്. വികസനലക്ഷ്യങ്ങൾ നേടണമെങ്കില്‍ ഉത്തർപ്രദേശ് ഇതെല്ലാമാണ് ചെയ്യേണ്ടത്.
നിർഭാഗ്യവശാൽ യു പിയുടെ മുഖ്യമന്ത്രി കരുത്തനായ നേതാവായി സ്വയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് കര്‍ക്കശവും നിര്‍ദ്ദയവുമായ നീക്കങ്ങളിലൂടെയാണ്. ഏറ്റവും ക്രൂരമായ അക്രമവും വിവേചനവും അനീതിയും അനുഭവിക്കുന്ന സ്ത്രീകളെയും അവശവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ആഞ്ഞടിച്ചുകൊണ്ടാണ് യോഗി സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നോക്കുന്നതെന്നത് എത്ര കഷ്ടമാണ്!
കടപ്പാട്:ദി വയർ
വിവ. കെ സി
You must be logged in to post a comment Login