ഖുര്‍ആനില്‍ അനേകം ഉദ്ധരണികള്‍ കാണാം. നൂഹ് നബിയും സമുദായവും, ഹൂദ് നബിയും സമുദായവും, മൂസാനബിയും ഫറോവയും ആശയവിനിമയം നടത്തിയതിന്റെ ഉദ്ധരണികള്‍ ഉദാഹരണം. ഫറോവ രാജവംശത്തിലെ വിശ്വാസിയായ മനുഷ്യന്റെ സംസാരവും ലുഖ്മാന്‍(അ) മകനോട് നടത്തിയ ഉപദേശവും ഉദാഹരണം. ഇത്തരം ഉദ്ധരണികള്‍ സൃഷ്ടികളുടെ സംസാരമല്ലേ? പിന്നെ ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന് പറയുന്നതിന്റെ ന്യായമെന്താണ്?
ആരോപണം പരിശോധിക്കാം. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണ് എന്നു പറയുമ്പോള്‍ ഖുര്‍ആനിലെ പദങ്ങളാണോ ആശയങ്ങളാണോ വിവക്ഷിക്കപ്പെടുന്നത്? ആശയങ്ങള്‍ മാത്രമാണെന്ന് പറയാന്‍ പറ്റില്ല. കാരണം അപ്പോള്‍ ഹദീസും ഖുര്‍ആനും ഒന്നുതന്നെയാണെന്ന് പറയേണ്ടിവരും. കാരണം ദൈവികസന്ദേശങ്ങളെ തുടര്‍ന്നു മാത്രമാണ് പ്രവാചക സംസാരം (മാനുഷിക സ്വത്വാപരമായ (ജിബില്ലിയ്യ) ചില കാര്യങ്ങള്‍ ഒഴികെ). ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പദങ്ങള്‍ പ്രവാചകരിലൂടെയാണല്ലോ നമുക്ക് ലഭിച്ചത്.
ഖുര്‍ആന്റെ പദങ്ങളും ആശയങ്ങളും അല്ലാഹുവില്‍ നിന്നു തന്നെയാണ്. മനുഷ്യസൃഷ്ടിയല്ല. ജിബ്്രീല്‍ മുഖേന നബിയുടെ(സ്വ) ഹൃദയത്തില്‍ അവതീര്‍ണമായതാണ്. നബി വചനങ്ങള്‍ ഉള്‍പ്പെടെയുള്ള മനുഷ്യസംസാരശൈലിയോട് തീരെ സാദൃശ്യമില്ലാത്ത സ്വതസിദ്ധമായ ഖുര്‍ആനിക ആഖ്യാനശൈലി അത് ദൈവികമാണെന്ന് അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ കേന്ദ്രീകരിച്ച് അറബി ഭാഷാ സാഹിത്യ പണ്ഡിതര്‍ക്കിടയില്‍ നടന്ന സാഹിത്യപരമായ ആലോചനകളും ഖുര്‍ആനിലെ ആശയങ്ങള്‍ പോലെ തന്നെ പദങ്ങളും ദൈവികമാണെന്ന് വ്യക്തമാക്കുന്നതാണ്.
അപ്പോള്‍ പൂര്‍വ സമുദായങ്ങളുടെയും മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെയും ഉദ്ധരണികളോ? ഉദ്ധരണികള്‍ ഉണ്ടെന്നതു ശരിതന്നെ. പക്ഷേ, മറ്റുള്ളവര്‍ പറഞ്ഞതിനെ നേരെ പകര്‍ത്തുകയല്ല ഖുര്‍ആന്‍ ചെയ്തത്. പലതും അറബിഭാഷയില്‍ പോലുമായിരുന്നില്ലല്ലോ. പ്രത്യുത, ആശയങ്ങളുടെ ദൈവികമായ പുനരാഖ്യാനമാണ് നടന്നത്. അപ്പോള്‍, നൂഹ് നബിയും സമുദായവും തിമ്മില്‍ നടന്ന സംസാരം- ഉദാഹരണത്തിന്- ഖുര്‍ആന്‍ ഉദ്ധരിക്കുമ്പോള്‍ ദൈവികമല്ലാതാകുന്നില്ല.
നമുക്കിടയില്‍ തന്നെ ഇതിന്റെ ഉദാഹരണങ്ങളുണ്ട്. “ഈ പുസ്തകം ….വ്യക്തി എഴുതിയതാണ്’ എന്ന് നാം പറയാറില്ലേ. എത്രമാത്രം ഉദ്ധരണികള്‍ ആ പുസ്തകം ഉള്‍ക്കൊള്ളുന്നുണ്ടാവും! ആ കാരണം കൊണ്ട് അതെഴുതിയത് അതിന്റെ ഗ്രന്ഥകര്‍ത്താവല്ലെന്ന് ആരെങ്കിലും പറയാറുണ്ടോ? മറ്റുള്ളവരുടെ ഉദ്ധരണികള്‍ വള്ളിപുള്ളി മാറാതെ എടുത്തുദ്ധരിച്ചാല്‍ പോലും കുഴപ്പമില്ല. എന്നാല്‍ ആശയങ്ങള്‍ പുനരാഖ്യാനം ചെയ്ത ഖുര്‍ആനിക ഉദ്ധരണികള്‍ എന്തിനു പ്രശ്‌നവല്‍ക്കരിക്കണം?
മറ്റൊരു കാര്യംകൂടെ ശ്രദ്ധേയമാണ്. പ്രവാചകന്മാരുടെ സംസാരങ്ങള്‍ വഹ്‌യ് (ദിവ്യസന്ദേശങ്ങള്‍) മുഖേനയാണ്. അപ്പോള്‍ പൂര്‍വ പ്രവാചകന്മാരുടെ ഖുര്‍ആനിക ഉദ്ധരണികളുടെ സ്രോതസ്സ് അല്ലാഹു തന്നെയാണെന്നു മനസിലാക്കാം.
ഉദ്ധൃത ആരോപണത്തോടു സമാനമായ മറ്റൊരു ആരോപണം കൂടെ കാണുക; ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അദൃശ്യസൂചകം (ളമീറുല്‍ ഗൈബ്) ഉപയോഗിച്ച് അല്ലാഹു സ്വന്തത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക; “മരണം ആസന്നമാകുന്നത് വരെ അവനെ ആരാധിക്കുകയും ചെയ്യുക'(ഹിജ്റ് 99/15).
“ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണ് എന്ന് താങ്കളുടെ നാഥന്‍ മലക്കുളോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്'(അല്‍ ബഖറ 30/2). “തനിക്കല്ലാതെ നിങ്ങള്‍ ആരാധനകളര്‍പ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചിരിക്കുന്നു'(ഇസ്‌റാഅ് 23/17). സംസാരിക്കുന്ന വ്യക്തിയും സംസാരിക്കപ്പെടുന്ന വ്യക്തിയും ഒരാള്‍ തന്നെ ആവാന്‍ പാടില്ലല്ലോ, രണ്ടു പേരാവണ്ടേ- എന്നതാണ് ആരോപണത്തിന്റെ മര്‍മം.
ഇതും യഥാര്‍ത്ഥത്തില്‍ പ്രശ്‌നവത്കരിക്കപ്പെടേണ്ട ഒരു കാര്യമല്ല. നമുക്കിടയില്‍ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. ഒരു വ്യക്തി അഭിസംബോധകനോട് എന്തെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാന്‍ വേണ്ടി കല്‍പ്പിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഇവിടെ, അഭിസംബോധിതന്‍ ആ കാര്യം ചെയ്തിരിക്കേണ്ട കാരണം സൂചിപ്പിച്ചു കൊണ്ടുള്ള സംസാരം കൂടുതല്‍ പ്രതിഫലനമുണ്ടാക്കും. ഉദാഹരണത്തിന് അഭിസംബോധിതന്‍ മകനാണെന്ന് സങ്കല്‍പ്പിക്കുക. “നിന്റെ വാപ്പയാണ് നിന്നോട് കല്‍പ്പിക്കുന്നത്’ എന്ന് കല്പിക്കുന്നയാള്‍ പറയുമ്പോള്‍ അത് ചെയ്യല്‍ അനിവാര്യമാണെന്ന ബോധം അഭിസംബോധിതനില്‍ രൂപപ്പെടും. “ഞാന്‍ കല്‍പ്പിക്കുന്നത് നീ ചെയ്യ്’ എന്ന് പറയുന്നതിലും കൂടുതല്‍ പ്രതിഫലം ഉണ്ടാക്കുക ആദ്യം പറഞ്ഞതാണ്. അത്തരത്തില്‍ പലപ്പോഴും നാം സംസാരിക്കാറുമുണ്ട്.
ഈ രൂപത്തിലാണ് ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങള്‍ വായിക്കേണ്ടത്. ഞാന്‍, നാം എന്നൊന്നും പറയാതെ അല്ലാഹു, റബ്ബുക എന്നൊക്കെ പ്രയോഗിക്കുന്ന സ്ഥലങ്ങളില്‍ ഈ രൂപത്തിലാണ് മനസിലാക്കേണ്ടത്.
നിലനില്‍പ്പില്ലാത്ത മേലുദ്ധരിച്ച കേവല തെറ്റിദ്ധാരണ ഖുര്‍ആന്‍ തന്നെ നീക്കിത്തരുന്നുണ്ട്. “ഞാനാണ് സത്യദൈവം; ഞാനല്ലാതെ ഒരു ദൈവമില്ല. അതുകൊണ്ട് എന്നെ ആരാധിക്കുക'(ത്വാഹാ 14/20). “ഞാന്‍ നിങ്ങളുടെ നാഥനുമാകുന്നു, അതുകൊണ്ട് എന്നെ നിങ്ങള്‍ ആരാധിക്കണം'(അമ്പിയാഅ് 92/21).
നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്; നാം തന്നെ അത് കാത്തുരക്ഷിച്ചുകൊള്ളുകയും ചെയ്യുന്നതാണ്(ഹിജ്റ 9/15).
ചുരുക്കത്തില്‍ ഖുര്‍ആനില്‍ വൈരുധ്യമില്ല. വസ്തുതാവിരുദ്ധമായ പ്രയോഗങ്ങളും ഇല്ല. അവ കൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
സഈദ് റമളാൻ ബൂത്വി
വിവ. സിനാന്‍ ബഷീര്‍ നൂറാനി
You must be logged in to post a comment Login