നാലാം വ്യാവസായിക വിപ്ലവം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. അതിന്റെ അനുരണനമെന്നോണം തൊഴില്‍ രംഗത്ത് വരാനിരിക്കുന്ന വിപ്ലവം അത്ര എളുപ്പം പ്രവചിക്കാന്‍ കഴിയില്ല. ടെക്‌നോളജിയില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ മേഖലകളില്‍ അതിയന്ത്രവത്കരണം നടക്കുകയും, തൊഴിലിന്റെ സ്വഭാവം തന്നെ അടിമുടി മാറുകയും ചെയ്യുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്.
ഇന്ന് നടക്കുന്നതു പോലെ ഒരു വിഷയം പഠിച്ച് ആ മേഖലയില്‍ തന്നെ ജോലിയില്‍ പ്രവേശിച്ച് അടുത്തൂണ്‍ പറ്റി പിരിയാമെന്ന മോഹം ഇനി നടക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഒരാള്‍ തന്റെ തൊഴില്‍ ജീവിതത്തിനിടയില്‍ ഒന്നിലധികം തൊഴിലുകള്‍ ചെയ്യേണ്ടതായി വരും. തൊഴിലുകളിലെ ഈ മാറ്റത്തിനനുസരിച്ച് തൊഴിലിനൊപ്പം പഠനം തുടരേണ്ടിവരും. പുതിയ കഴിവുകള്‍ ആര്‍ജിക്കേണ്ടതായി വരും(up – skilling & re – skilling).
5G വ്യാപകമാകുന്നതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെ മാസ്മരിക ലോകമാണ് തുറക്കാന്‍ പോകുന്നത്. എല്ലാ മേഖലകളിലും എന്തു സംഭവിക്കുമെന്നത് ഇപ്പോള്‍ ഊഹിക്കാനേ കഴിയൂ, ഉറപ്പിക്കാനാവില്ല. സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ കരിയറിനെ കുറിച്ചും ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചുമെല്ലാം കൃത്യമായ അറിവും ആലോചനയുമില്ലെങ്കില്‍ അബദ്ധങ്ങള്‍ സംഭവിക്കാം. അത് ഭാവിയെ അപകടപ്പെടുത്തും. കരിയര്‍ മെന്റര്‍മാരുടെ പ്രാധാന്യം വര്‍ധിക്കുന്ന ഈ സാമൂഹ്യ സാഹചര്യത്തില്‍ വെഫി (വിസ്ഡം ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) നടത്തുന്ന ഇടപെടലുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകവും, പുതിയ സ്വപ്നങ്ങള്‍ക്കുള്ള പ്രചോദനവുമാണ്.
വെഫിക്ക് കീഴില്‍ ഈയടുത്ത് നടത്തിയ ചില പ്രോഗ്രാമുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ഫീഡ്ബാക്കുകളും വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനനുസരിച്ച് ഉയരാന്‍ വെഫിക്ക് കഴിയുന്നുമുണ്ട്.
സിവില്‍ സര്‍വീസ് ശില്പശാലയായ മാര്‍ച്ച് ടു മസൂറി, റേസ് ടു ഐ എ എസ്, സിവില്‍ സര്‍വീസ് പരീക്ഷ മലയാള ഭാഷ ശില്പശാല തുടങ്ങിയ പരിപാടികള്‍ ഈ ഗണത്തില്‍ പെട്ടവയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസിനെ പോലെയുള്ള പ്രഗത്ഭരും പ്രശസ്തരുമായവരുടെ ക്ലാസുകള്‍ കൂടി ഇത്തരം പ്രോഗ്രാമുകളിലൂടെ ലഭ്യമാക്കാനായത് വിദ്യാര്‍ഥികള്‍ക്ക് പുതിയ ദിശാബോധം സമ്മാനിക്കാന്‍ സഹായകമായിട്ടുണ്ട്. സമീപ സമയത്ത് നടന്ന എജ്യുപീഡിയ ഗ്ലോബല്‍ കരിയര്‍ എക്‌സ്‌പോ ഇവയില്‍ ശ്രദ്ധയാകര്‍ഷിച്ച മികച്ചൊരു സംരംഭമായിരുന്നു.
പഠന കാലത്ത് ഉണ്ടാക്കിയെടുക്കുന്ന സാമൂഹിക ശൃംഖലകളായിരിക്കും(net work) ഭാവിയിലെ തൊഴില്‍ ജീവിതത്തെ കൂടുതല്‍ സ്വാധീനിക്കുന്നതും സഹായിക്കുന്നതും. അതിനാല്‍ പ്ലസ്ടുവിനുശേഷം സാധ്യമായ ഏറ്റവും മികച്ച സ്ഥാപനത്തില്‍ തന്നെ ഉന്നത പഠനത്തിന് ചേരാനുള്ള ശ്രമം നേരത്തെ തന്നെ വിദ്യാര്‍ഥികളില്‍ ആരംഭിക്കേണ്ടതുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്ന കരിയര്‍ അവസരങ്ങള്‍ മറ്റുള്ളവരെക്കാള്‍ എത്രയോ കൂടുതലായിരിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപരിപഠന, തൊഴില്‍ സാധ്യതകളെ കുറിച്ചും സ്ഥാപനങ്ങളെ സംബന്ധിച്ചുമുള്ള ആധികാരിക അറിവുകള്‍ പകരാനായിരുന്നു വെഫിക്ക് കീഴില്‍ രണ്ടാഴ്ചയിലധികം നീണ്ടുനിന്ന എജ്യുപീഡിയ സംഘടിപ്പിച്ചത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രൊഫഷണല്‍ കോളജുകളിലെയും പ്രവേശന നടപടികള്‍, പഠന വിവരങ്ങള്‍, വിവിധ കോഴ്‌സുകളുടെ തൊഴിലവസരങ്ങള്‍, ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യത നല്‍കുന്ന മികച്ച കോഴ്‌സുകള്‍ എന്നിവയായിരുന്നു എജ്യുപീഡിയയിലെ പ്രധാന വിഭവങ്ങള്‍. ഓസ്‌ട്രേലിയ, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട പരിപൂര്‍ണ വിവരങ്ങള്‍, എഞ്ചിനീയറിംഗിനു ശേഷമുള്ള ഗവൺമെന്റ് സെക്ടറിലെ സാധ്യതകള്‍, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് ആന്‍ഡ് ഏവിയേഷന്‍, ഹിസ്റ്ററി, ഇക്കണോമിക്‌സ്, കെമിസ്ട്രി, സ്‌പോര്‍ട്‌സ്, ജേണലിസം& മാസ് കമ്മ്യൂണിക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, ആസ്‌ട്രോ ഫിസിക്‌സ്, മെഡിക്കല്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിലെ ട്രെന്‍ഡുകളും കരിയറും, ഹയര്‍സ്റ്റഡീസുമെല്ലാം ഉള്‍പ്പെടുത്തിയുള്ള പ്രത്യേക പഠനങ്ങള്‍ എജ്യുപീഡിയയുടെ ഉള്ളടക്കത്തെ സമ്പന്നമാക്കിയിരുന്നു.
വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള യൂണിവേഴ്‌സിറ്റികളിലെ പഠിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന അറിവും അനുഭവസമ്പത്തുമുള്ള മികച്ച ഫാക്കല്‍റ്റികളാണ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കാനുണ്ടായിരുന്നത്. അതോടൊപ്പം ഇന്ത്യയിലെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ളവരും ക്ലാസുകള്‍ നയിച്ചിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വിദഗ്ധരുമായി സംസാരിക്കാനും സംശയ നിവാരണത്തിനുമുള്ള അവസരവുമൊരുക്കിയിരുന്നു.
വിദേശത്തെ വിദ്യാഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ ജയ്പൂര്‍ അമിറ്റി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ: അഹ്മദ് ജുനൈദും, നെതര്‍ലന്‍ഡിലെ ഗ്രോണിംഗന്‍ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥി അശ്‌റഫ് നൂറാനിയുമാണ് ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കിയത്. ഓസ്‌ട്രേലിയയിലെയും തുര്‍ക്കിയിലെയും വിദ്യാഭ്യാസ അവസരങ്ങളെ സംബന്ധിച്ച് നടന്ന സെഷനില്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് ഡോ.അബ്ദുല്‍ കരീം, ആര്‍ എം ഐ ടി യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയയിലെ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥി അഹ്മദ് ആഷിഖ്, ജാഫര്‍ നിസാമി ബ്രിസ്ബണ്‍, കെ. റിയാസ് (ഡേകിന്‍ യൂണിവേഴ്‌സിറ്റി), ബി കെ ശമ്മാസ്, ഫൈസല്‍ നൂറാനി, സുഫൈല്‍ സഖാഫി എന്നിവരും സംസാരിച്ചു. സിവില്‍ സര്‍വീസ് എങ്ങനെ നേടാം എന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിന് ഐ പി എസ് നേടിയ ശഹീന്‍ കാസര്‍ഗോഡ് നേതൃത്വം നല്‍കി. ഹിസ്റ്ററി എജുക്കേഷന്‍ & കരിയര്‍ എന്ന വിഷയത്തില്‍ ഹൈദരാബാദ് മനു യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഖാലിദ്, എക്കണോമിക്‌സ് കരിയര്‍ & എജ്യുക്കേഷന്‍ ഓപ്പര്‍ച്യൂനിറ്റീസ് വിഷയത്തില്‍ എം ഇ എസ് കോളജ് പൊന്നാനിയിലെ എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റി ഡോ: എം പി നിസാര്‍, ഐ ഐ എം ബാംഗ്ലൂരിലെ അക്കാദമിക് അസോസിയേറ്റ് ശിഹാബ് അബ്ദുറസാഖ് എന്നിവരും ക്ലാസുകള്‍ നയിച്ചു. കരിയര്‍ ഓപ്പര്‍ച്യൂനിറ്റി ഇന്‍ കെമിസ്ട്രി, എജുക്കേഷന്‍ & കരിയര്‍ ഇൻ സ്പോര്‍ട്‌സ്, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍ കരിയര്‍ എന്നീ വിഷയങ്ങളിലെ സെമിനാറുകള്‍ ലണ്ടന്‍ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ആര്‍&ഡി സയന്റിസ്റ്റ് ഡോ: ഹംസ അന്ന, കമാല്‍ വരദൂര്‍, ജാമിയ മില്ലിയ്യ ഇസ്‌ലാമിയ ഗവേഷണ വിദ്യാര്‍ഥി എന്‍ എസ് അബ്ദുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് നയിച്ചു.
യു കെ, ജര്‍മനി എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് ഗോള്‍ഡന്‍ ഡ്രീംസ് ഇന്റര്‍ നാഷണല്‍ ബര്‍മിംഗ്ഹാം ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് കൊടക്കാട്ടില്‍, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി മുഹമ്മദ് മുനീബ് നൂറാനി, വെയില്‍സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി അബ്ദുറഹ്മാന്‍ നൂറാനി, ബദ്‌റുദീന്‍ നൂറാനി ഗോട്ടിംഗന്‍ യൂണിവേഴ്‌സിറ്റി ജര്‍മനി, ഫ്രൈ യൂണിവേഴ്‌സിറ്റി ബെര്‍ലിന്‍ പി എച്ച് ഡി വിദ്യാര്‍ഥി അശ്‌റഫ് നൂറാനി, ഗവേഷക വിദ്യാര്‍ഥി മുഹമ്മദലി പുത്തൂര്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പൊളിറ്റിക്കല്‍ സയന്‍സിലെ കരിയര്‍ സാധ്യതകള്‍, ആസ്‌ട്രോഫിസിക്‌സിലെ പുതിയ ട്രെന്‍ഡുകള്‍, മെഡിക്കല്‍ ഡിഗ്രിക്ക് ശേഷമുള്ള ഉന്നത പഠനം, ബി ടെകിന് ശേഷം ഗവ: സെക്ടറിലെ തൊഴിലവസരങ്ങള്‍ എന്നിവയെ കുറിച്ച് ജെ എന്‍ യു ഗവേഷണ വിദ്യാര്‍ഥി ശമീര്‍ നൂറാനി, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ് റിസര്‍ച്ച് ഫെലോ ഫസലുറഹ്മാന്‍, ഡോ: മുഹമ്മദ് സിറാജ്, ശബീറലി മഞ്ചേരി, എന്‍ ഐ ടി റിസര്‍ച്ച് സ്‌കോളര്‍ നിയാസ് കോഴിക്കോട് എന്നിവരും സംസാരിച്ചു.
വിവിധ സര്‍വകലാശാലകളുടെ ഭാഗമായ അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളുമായിരുന്നു അവതാരകരെന്നതിനാല്‍ അവരുടെ അനുഭവ ലോകത്തു നിന്നുള്ള വിവരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഹൃദ്യവും സഹായകവുമായി. സ്ഥാപനങ്ങളുടെ വ്യത്യസ്ത സംസ്‌കാരങ്ങള്‍, സ്‌കോളര്‍ഷിപ്പ് പോലെയുള്ളവയുടെ സമഗ്ര വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിഞ്ഞതും വിദ്യാര്‍ഥികളെ ഏറെ സന്തോഷിപ്പിച്ചു.
പത്താം ക്ലാസ് ജയിച്ചവര്‍ക്കായി ഈയടുത്ത ദിവസങ്ങളിലായി പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് സെല്‍ സംഘടിപ്പിച്ച “ഫോക്കസ് പോയിന്റ്’ എന്ന കൗണ്‍സിലിങ്ങ് പരിപാടിയില്‍ വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റമായിരുന്നു. സൂം പ്‌ളാറ്റ്‌ഫോമിലൂടെ നടത്താന്‍ നിശ്ചയിച്ച പരിപാടി വിദ്യാര്‍ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ യൂ ട്യൂബ് ലൈവാക്കി മാറ്റി. 28 മണിക്കൂര്‍ കൗണ്‍സിലിങ്ങിനിടെ 1.50 ലക്ഷം കുട്ടികളാണ് പങ്കെടുത്തത്. സംശയ പ്രവാഹത്താല്‍ ചാറ്റ് ബോക്‌സുകള്‍ നിറഞ്ഞു കവിഞ്ഞു. പത്താം ക്ലാസ് കഴിയുമ്പോള്‍ തന്നെ കരിയര്‍ അന്വേഷണങ്ങളുമായി കുട്ടികള്‍ സജീവമാണെന്നാണ് ഇത് തെളിയിക്കുന്നത്. മുമ്പ് പ്ലസ് ടുവും ബിരുദവുമൊക്കെ കഴിയുമ്പോള്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ പത്താം ക്ലാസ് കഴിയുമ്പോള്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ട്. അവിടെ കൃത്യമായ ഉത്തരങ്ങളുമായി, മാര്‍ഗനിര്‍ദേശങ്ങളുമായി ഉണ്ടാകേണ്ടത് വിദ്യാര്‍ഥികള്‍ ദിശ തെറ്റാതിരിക്കാന്‍ അനിവാര്യമാണ്. വെഫി പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും അതുകൊണ്ടാണ് വര്‍ധിക്കുന്നതും.
സയ്യിദ് ആശിഖ് കോയ
(സെക്രട്ടറി, എസ് എസ് എഫ് കേരള)
You must be logged in to post a comment Login