കണ്ണിന്റെ അഴക് കാഴ്ചകളിലെ അഴുക്ക്

കണ്ണിന്റെ അഴക് കാഴ്ചകളിലെ അഴുക്ക്

ചുറ്റും എന്തെല്ലാം കാഴ്ചകളാണ്! പ്രഭാതവും പ്രദോഷവും മാറി മാറി വരുന്ന വര്‍ണാഭമായ ചിത്രപ്പണികള്‍. നയനാനന്ദകരമായ ദൃശ്യങ്ങള്‍. പ്രപഞ്ചത്തിന്റെ ബാഹ്യമായ കാഴ്ചകള്‍ക്കപ്പുറവും കാണാനാവും വിധം നാള്‍ക്കുനാള്‍ വികസിക്കുന്ന അതിനൂതനമായ സാങ്കേതിക വിദ്യകള്‍, താഴെ കടലാഴിക്കകത്തും മേലെ വിഹായസ്സിനപ്പുറവും നമ്മുടെ കാഴ്ചകളെ വിശാലമാക്കി കൊണ്ടുപോകുന്നു. സൂക്ഷ്മാണുക്കളെപ്പോലും നമുക്ക് കാണാനാവുന്നു. വൈദ്യ-സമുദ്ര-ഭൗമ-വാന-ജ്യോതിര്‍ ശാസ്ത്രങ്ങള്‍ സൂക്ഷ്മനിരീക്ഷണങ്ങളുടെ പുതിയ ലോകങ്ങള്‍ തുറന്നിടുന്നു. തീരെ ചെറിയ കണ്ണുകള്‍കൊണ്ട് നമ്മള്‍ ഒത്തിരി കാണുന്നുണ്ട്.

നമ്മളെപ്പോഴെങ്കിലും ഈ കണ്ണുകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? മസ്തിഷ്‌കം കഴിഞ്ഞാല്‍ മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണവും അതി മനോഹരവുമായ അവയവമാണ് കണ്ണ്, ഏകദേശം 28 ഗ്രാം ഭാരമാണുള്ളത്. കണ്ണും മസ്തിഷ്‌കവും തമ്മില്‍ കൂടിച്ചേരുമ്പോഴാണ് കാഴ്ചയുണ്ടാകുന്നത്.

ഒരു മിനുട്ടില്‍ 17 തവണ നമ്മള്‍ കണ്ണു ചിമ്മുന്നുണ്ട്. കണ്ണിനെ വൃത്തിയായി സൂക്ഷിക്കാനും നനവുള്ളതാക്കി നിലനിര്‍ത്താനും ശക്തമായ പ്രകാശത്തില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു.

കണ്ണിനു ലഭിക്കുന്ന ഏറ്റവും ഉത്തമമായ തുള്ളി മരുന്നാണ് കണ്ണുനീര്‍. കണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനും അണുവിമുക്തമായി സൂക്ഷിക്കാനും അത് സഹായിക്കുന്നു. ഒരു ദിവസം മുക്കാല്‍ ഗ്രാമോളം കണ്ണുനീര്‍ ഒരാളുടെ കണ്ണില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. കണ്ണുനീരില്‍ അടങ്ങിയ “ലൈസോസോം'(Lysosome) എന്ന എന്‍സൈം ശക്തമായ അണുനാശിനിയാണ്. കണ്ണില്‍ പൊടിയോ മറ്റോ പോകുമ്പോള്‍ കണ്ണുനീരിന്റെ ഉല്പാദനം വർധിപ്പിച്ച് അത് പുറംതള്ളുന്നു. പൊടിപടലങ്ങള്‍ കാരണമായി കണ്ണിന്റെ കോര്‍ണിയയില്‍ ഉണ്ടാകുന്ന മുറിവുകളും കലകളെയും സുഖപ്പെടുത്താന്‍ കണ്ണിനു വെറും 48 മണിക്കൂര്‍ സമയം മതി. കണ്ണുനീരിന് വ്യത്യസ്ത ഘടനയാണത്രെ. ഉള്ളി അരിയുമ്പോള്‍ വരുന്ന കണ്ണീരും കരഞ്ഞു വരുന്ന കണ്ണീരും ചിരിച്ചു വരുന്ന കണ്ണീരുമെല്ലാം മൈക്രോസ്‌കോപിലൂടെ പരിശോധിച്ചാല്‍ വ്യത്യസ്ത ഘടനകളാണെന്ന് ഗവേഷകര്‍ പറയുന്നുണ്ട്. Topography of Tears എന്ന് ഗൂഗിള്‍ ചെയ്താല്‍ അതിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ കാണാന്‍ സാധിക്കും.

ഒരു ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിനു ഏറ്റവും സമയമെടുക്കാറ് ചിത്രം ഫോക്കസ് ചെയ്യാനാണ്. എന്നാല്‍ കണ്ണുകൊണ്ട് ഒരു വസ്തു കാണുമ്പോള്‍ നാം അറിയാതെ കണ്ണിലെ ലെന്‍സ് ഫോക്കസ് ചെയ്യുന്നുണ്ട്. ക്യാമറയില്‍ നാം ലെന്‍സ് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ നമ്മുടെ കണ്ണില്‍ ലെന്‍സിന്റെ സ്ഥാനം മാറുന്നില്ല, മറിച്ച് അതിന്റെ വക്രത (CURVATURE) മാറുന്നു. ഉദാഹരണത്തിനു നാം അകലെയുള്ള ഒരു വസ്തുവിനെ കാണുമ്പോള്‍ ലെന്‍സിനു ചുറ്റുമുള്ള പേശികള്‍ (Ciliary muscle) ചുരുങ്ങി വാസ്തുവിന്റെ അകലത്തിനനുസരിച്ച് ലെന്‍സ് കൂടുതല്‍ ഗോളാകൃതി പ്രാപിക്കുന്നു. വസ്തുവിന്റെ ദൂരത്തിന് അനുസൃതമായി സീലിയറി പേശികള്‍ എത്ര സങ്കോചിക്കണമെന്ന് നിര്‍ദേശം ലഭിക്കുന്നത് തലച്ചോറില്‍ നിന്നാണ്. മസ്തിഷ്‌കത്തിന്റെ ഈ നിര്‍ദേശത്തിനനുസരിച്ച് പേശികള്‍ സങ്കോചിപ്പിച്ച് ലെന്‍സിന്റെ വക്രത വേണ്ട അളവില്‍ മാറ്റം വരുത്തുന്നതിനാല്‍ നമുക്ക് കൃത്യമായി ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നു. ക്യാമറയില്‍ ഡയഫ്രം(Diaphragm) പ്രകാശത്തിന്റെ തീവ്രതക്കനുസരിച്ച് വിസ്തീര്‍ണത്തില്‍ മാറ്റം വരുത്തുമ്പോള്‍ കണ്ണില്‍ അതേ പ്രവര്‍ത്തനം ചെയ്യുന്നത് കൃഷ്ണമണിയാണ്. പ്രകാശത്തിന്റെ തീവ്രതക്കനുസരിച്ച് കൃഷ്ണമണിയുടെ വലിപ്പം വ്യത്യാസപ്പെടുന്നു. വലിയ വെളിച്ചത്തില്‍ ചുരുങ്ങുകയും ചെറിയ വെളിച്ചത്തില്‍ അവ കൂടുതല്‍ വികസിക്കുകയും ചെയ്യുന്നു. (ഇതിനാലാണ് പ്രകാശം കൂടിയ സ്ഥലത്ത് നിന്ന് പ്രകാശം കുറഞ്ഞ സ്ഥലത്തേക്ക് പെട്ടെന്നു കയറുമ്പോള്‍ നമുക്ക് കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുന്നത്).

കണ്ണ് ഒരു ക്യാമറയായിരുന്നെങ്കില്‍ അതിന്റെ റെസൊല്യൂഷന്‍(Resolution) 576 മെഗാപിക്സൽ ആയിരിക്കുമത്രേ. കണ്ണിനുള്ളില്‍ 20 ലക്ഷത്തോളം പ്രവര്‍ത്തന ഘടകങ്ങളുണ്ട്(Working parts). ഓരോ മണിക്കൂറിലും 36,000 വിവരങ്ങള്‍ ശേഖരിക്കാന്‍ നമ്മുടെ കണ്ണിനു സാധിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
കണ്ണിലെ റെറ്റിനയില്‍ 107 മില്ല്യണ്‍ പ്രകാശസംവേദിയായ(Photosensitive) കോശങ്ങളുണ്ട്. ഇവ കണ്ണില്‍ വരുന്ന പ്രകാശത്തെ വൈദ്യുത സ്പന്ദനങ്ങളാക്കി മാറ്റുന്നു. (രണ്ടു തരം കോശങ്ങളാണിവ, റോഡ് കോശങ്ങളും കോണ്‍ കോശങ്ങളും. ബ്ലാക്ക് & വൈറ്റ് കാഴ്ച സാധ്യമാക്കുന്നത് റോഡ് കോശങ്ങളാണ്. നിറങ്ങള്‍ കാണാന്‍ സാധിക്കുന്നത് കോണ്‍ കോശങ്ങളുള്ളതിനാലാണ്. ആകെ 107 ല്‍ 100 മില്ല്യണ്‍ റോഡ് കോശങ്ങളും ബാക്കി 7 മില്ല്യണ്‍ കോണ്‍ കോശങ്ങളുമാണ്). ഒരു കോടിയോളം വ്യത്യസ്ത വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ കണ്ണിന് കഴിയുമത്രെ.

നാം സ്ഥിരമായി കേള്‍ക്കാറുള്ള നേത്രദാനവും മറ്റും കോര്‍ണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയാണ് (Corneal transplantation). എന്നാല്‍ കണ്ണ് പൂര്‍ണമായും മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്നും നമുക്ക് വിജയകരമായി നടത്താന്‍ സാധിച്ചിട്ടില്ല. പ്രകാശ നാഡിയുടെ (Optic nerve) അതിസങ്കീര്‍ണതയാണ് കാരണം. നാം കാണുന്ന കാഴ്ചയുടെ വിവരങ്ങള്‍ കണ്ണിലെ കോശങ്ങള്‍ വൈദ്യുതസ്പന്ദനങ്ങളാക്കി മാറ്റി അവ മസ്തിഷ്‌കത്തിലെത്തുന്നത് ഈ പ്രകാശനാഡിയിലൂടെയാണ്. 50 മില്ലീമീറ്റര്‍ മാത്രം വലുപ്പമുള്ള ഇവയ്ക്കുള്ളില്‍ പത്തു ലക്ഷത്തിലേറെ അതിസൂക്ഷ്മമായ നാഡീ ശൃംഖലകളുണ്ട്. ഇവ ഒരിക്കല്‍ മുറിച്ചാല്‍ പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ സാധ്യമല്ല! അതിനാല്‍ മുഴുവന്‍ കണ്ണും മാറ്റി വെക്കുന്ന ശാസ്ത്രക്രിയ ഇന്നും നമുക്ക് സാധ്യമായിട്ടില്ല.

കണ്ണു കൊണ്ട് മാത്രമാണ് നാം ഈ ലോകം കാണുന്നതെങ്കില്‍ തലതിരിഞ്ഞ ഒരു ദ്വിമാന ചിത്രമാകും (2D) നാം അനുഭവിക്കുക. വസ്തുവിന്റെ അകലവും ആഴവുമൊന്നും നമുക്ക് ഒരിക്കലും തിരിച്ചറിയാന്‍ സാധ്യമാകുമായിരുന്നില്ല. ഇരു കണ്ണുകളിലൂടെയും നാം കാണുന്ന തലതിരിഞ്ഞ ദ്വിമാന ചിത്രങ്ങള്‍ വൈദ്യുത സിഗ്നല്‍ ആക്കി മാറ്റി (ഒരു വോള്‍ട്ടിന്റെ പത്തു ലക്ഷത്തില്‍ ഒരംശം മാത്രമാണ് ഈ സിഗ്നല്‍) പ്രകാശനാഡിയിലൂടെ തലച്ചോറിലെ വിഷ്വല്‍ കോര്‍ട്ടെക്‌സ് (Visual cortex) എന്ന ഭാഗത്തെത്തുന്നു. അവിടെ ഈ ചിത്രങ്ങളെ പ്രൊസസ് ചെയ്യപ്പെട്ട് വസ്തുവിന്റെ ആഴവും ദൂരവും വ്യക്തമാകുന്ന രൂപത്തില്‍ 3D ചിത്രങ്ങളാക്കി മാറ്റുന്നു. ഇത്രയും പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത് സെക്കന്റിന്റെ പത്തിലൊന്ന് സമയത്താണെന്ന് ഓര്‍ക്കണം.

നാം കാണുന്ന ഓരോ കാഴ്ചയും മസ്തിഷ്‌കത്തിന്റെ ചെറിയ ഒരു ഭാഗത്ത് സൂക്ഷിച്ചു വെക്കുന്നു. ഇതിനാലാണ് നാം വീണ്ടും ആ കാഴ്ച കാണുമ്പോള്‍ പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്നത്. മസ്തിഷ്‌കത്തിന്റെ കുഴപ്പംമൂലമുണ്ടാകുന്ന Prosopagnosia അഥവാ face blindness എന്ന അപൂര്‍വ രോഗം ബാധിച്ചവര്‍ക്ക് നാം സ്ഥിരം കാണുന്ന മുഖങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നു. എന്നാല്‍ അയാളുടെ കാഴ്ചയ്ക്ക് ഒരു തകരാറുമുണ്ടാകില്ല! മറ്റൊരു രോഗമാണ് Akinetopsia അഥവാ Motion blindness. ഈ രോഗം ബാധിച്ചവരുടെ കാഴ്ചയ്ക്ക് യാതൊരു തകരാറുമുണ്ടാകില്ല എന്നാല്‍ കാണുന്ന ചിത്രങ്ങള്‍ ഇടയ്ക്കിടെ നിശ്ചലമാകുന്നു! അതായത് ഒരാള്‍ ഓടി വരുന്നത് ഇവര്‍ കാണുന്നതിനിടയിൽ ഇടയ്ക്കിടെ സ്റ്റക്ക് ആകും. അയാള്‍ ഒരുപക്ഷേ ഓടിത്തീര്‍ന്നാലും ഇവര്‍ അവരുടെ സ്റ്റില്‍ ഇമേജുകള്‍ കണ്ടു കൊണ്ടിരിക്കും. നാം കാണുന്ന ചിത്രങ്ങളെ കൂട്ടിചേര്‍ക്കാന്‍ തലച്ചോറിനു കഴിയാതെ വരുമ്പോഴാണ് ഈ വിചിത്ര രോഗം സംഭവിക്കുന്നത്.

Visual agnosia എന്ന രോഗമുള്ളയാള്‍ കാണുന്നതൊന്നും മസ്തിഷ്‌കം നല്‍കുന്ന ചിത്രം മറ്റൊന്നുമാവും. അതായത് ഒരു വടിയെ അയാള്‍ ഒരു കെട്ടിടമായി കാണുന്നു. നമ്മുടെ കണ്ണുകള്‍ ഉറക്കത്തിലും ചലിച്ചുകൊണ്ടിരിക്കുന്നുണ്ട് (Rapid eye movement sleep). സ്‌കീസോഫ്രീനിയ എന്ന രോഗത്തിന്റെ 98% കൃത്യമായ നിര്‍ണയത്തിന് കണ്ണുകളുടെ ചലനമാണ് പരിശോധിക്കപ്പെടുന്നത്.

ഓരോ മനുഷ്യരുടെ കണ്ണുകളും അവരുടെ വിരലടയാളം പോലെ വ്യത്യസ്തമാണ്. ശരീരത്തിലെ ഇത്തരം അതുല്യമായ സവിശേഷതകള്‍ (Unique Characteristics) സുരക്ഷാസംവിധാനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ ഫോണുകളില്‍ പോലും ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് വരുന്നു. ഇത്തരത്തില്‍ മനുഷ്യന്റെ സ്വന്തമായ സവിശേഷതകള്‍ ഉപയോഗിച്ച് സുരക്ഷാസംവിധാനമൊരുക്കുന്ന പുതിയ ശാസ്ത്ര സംവിധാനമാണ് ബയോമെട്രിക്സ് (Biometrics). ഈ രംഗത്ത് മനുഷ്യന്റെ വിരലടയാളത്തെക്കാള്‍ സുരക്ഷിതമാണ് കണ്ണുകള്‍ എന്നത് ഏറെ അദ്ഭുതപ്പെടുത്തുന്നതാണ്. ഒരാളുടെ വിരലടയാളത്തില്‍ 40 അതുല്യമായ (Unique) സവിശേഷതകള്‍ ഉണ്ടെങ്കില്‍ കണ്ണില്‍ 256 ഓളം അതുല്യമായ സവിശേഷതകള്‍ ഉണ്ടത്രേ (രണ്ടു തരം സ്‌കാനിംഗുകള്‍ ഉണ്ട്; Retinal scanning, Iris scanning. ഇതില്‍ റെറ്റിനല്‍ സ്‌കാനിംഗില്‍ കണ്ണിലെ രക്തധമനികളുടെ പാറ്റേണ്‍ ആണ് സ്‌കാന്‍ ചെയ്യുന്നത്. ലോകത്തെ കോടാനുകോടി മനുഷ്യരുടെയും കണ്ണിലെ രക്തധമനികളുടെ പാറ്റേണ്‍ വിരലടയാളം പോലെ തികച്ചും വിഭിന്നമാണ്. അതിനാലാണ് ഏറ്റവും നല്ല സുരക്ഷാ സംവിധാനമായി ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നത്.(1)

വിശദമായി അറിയാനും പഠിക്കാനും വിശാലമായ സംവിധാനങ്ങള്‍ നമ്മുടെ വിരല്‍ തുമ്പിലുണ്ട്. സ്രഷ്ടാവായ അല്ലാഹുവിന്റെ ഈ നിര്‍മിതി എത്ര അതിശയകരമാണ്! മികവുറ്റ ക്രമീകരണത്തോടെ ഗംഭീരമായി സംവിധാനിച്ച ഈ കാഴ്ച വ്യവസ്ഥ നമുക്ക് സമ്മാനിച്ചത് എന്തിനാവും?

അതേക്കുറിച്ച് സ്രഷ്ടാവ് തന്നെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ചുറ്റും നമ്മളെന്തു നോക്കണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ വേണ്ട വിധം കണ്ണിലണിയുമ്പോള്‍ വസ്തുതാപരമായ ചില തിരിച്ചറിവുകള്‍ ലഭിക്കും. അതു വഴി സന്മാര്‍ഗത്തെ പുല്‍കാനാവും. അവസാനം കണ്‍കുളിര്‍ക്കുന്ന ദൈവിക ദര്‍ശനം(ലിഖാഅ്) കൂടിയാവുമ്പോള്‍ കണ്ണിന്റെ ധര്‍മം സഫലമാവുന്നു.
സൂക്ഷ്മമായി ഉപയോഗിക്കേണ്ട അവയവമാണ് കണ്ണ്. ആത്മാവ് സഞ്ചരിക്കുന്ന ശരീരത്തിന്റെ ജാലകമാണത്. അതിലൂടെ കടന്നെത്തുന്നത് മുഴുവന്‍ ശരീരത്തെയും ഒപ്പം ആത്മാവിനെയും സ്വാധീനിക്കും. കണ്ണിലൂടെ ഹൃദയത്തിലെത്തുന്ന കാഴ്ചകള്‍ ആലോചനകളെ നിര്‍മിക്കുന്നു. ദൃശ്യപ്പെടുന്ന കാഴ്ചക്കനുസരിച്ച് ആലോചന ശ്ലീലാശ്ലീലങ്ങളായ് വേര്‍തിരിയും. നല്ല കാഴ്ചകള്‍ വ്യക്തിയെ ശുദ്ധീകരിക്കുകയും ചീത്ത കാഴ്ചകള്‍ മലിനമാക്കുകയും ചെയ്യും.

കണ്ണടച്ചു വെക്കാന്‍ പഠിക്കണം
ഒരു ചരിത്രം പറയാം. ഇസ്‌റാഈല്‍ ജനത ഒരു തുള്ളി വെള്ളം കിട്ടാതെ വലഞ്ഞുപോയൊരു കാലമുണ്ടായിരുന്നു. വേവലാതിയുമായി അവര്‍ ഈസാ നബിക്കരികിലെത്തി. അങ്ങനെ ജനങ്ങളെ മുഴുവന്‍ നബി വിളിച്ചു കൂട്ടി പ്രാര്‍ഥിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈസാ നബിക്ക്(അ) വഹ്‌യ് (ദൈവികസന്ദേശം) ലഭിക്കുന്നത്: “നബിയേ.. നിങ്ങള്‍ക്കൊപ്പം തെറ്റുകാരായ വല്ലവരുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മഴ ലഭിക്കുന്നതല്ല’

ഈ വിവരം നബി മറ്റുള്ളവരെ അറിയിച്ചു. ഒരാളൊഴികെ എല്ലാവരും പിരിഞ്ഞു പോയി. അയാള്‍ക്ക് വലതു വശത്തെ കണ്ണില്ലായിരുന്നു.
“നിങ്ങളെന്താണ് പോകാതിരുന്നത്?’ ഈസാ നബി അദ്ദേഹത്തോട് ചോദിച്ചു
“നബിയേ.. ഒരു കണ്ണിമ വെട്ടും നേരം പോലും ഒരു തെറ്റും ചെയ്തില്ലെന്നുറപ്പാണ്. പക്ഷേ, ഒരു വേള, ഒരു സ്ത്രീയുടെ കാല് കണ്ടു പോയി. ഈ കുഴി കണ്ടോ… അരുതാത്തത് കണ്ടപ്പോള്‍ വലത്തേ കണ്ണ് ഞാന്‍ ചൂഴ്‌ന്നെറിഞ്ഞു. ഇടത്തേ കണ്ണും ആ കാഴ്ച കണ്ടിരുന്നെങ്കില്‍ എനിക്കീ കണ്ണും ഉണ്ടാവില്ലായിരുന്നു.’ അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഈസാ നബിയുടെ കണ്ണുകള്‍ ഒഴുകി താടിരോമങ്ങള്‍ നനഞ്ഞു കുതിര്‍ന്നു.

“നിങ്ങള്‍ ദുആ ചെയ്യണം, എന്നെക്കാള്‍ നിങ്ങളാണതിനര്‍ഹന്‍, എനിക്ക് നബിയാണെന്നതിനാല്‍ പാപസുരക്ഷയുണ്ട്. നിങ്ങളോ തെറ്റൊന്നും ചെയ്തിട്ടുമില്ല’.
ഈസാ നബിയുടെ നിര്‍ദേശം അയാള്‍ അനുസരിച്ചു. കൈ ഉയര്‍ത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഹൃദയം വിങ്ങുന്ന വിളിയാളത്തിനൊപ്പം ആകാശം കറുത്തിരുണ്ടു. മഴക്കോളുമായ്… (തിരുനബി(സ) പറഞ്ഞ ഈ സംഭവം ഇബ്‌നു അബ്ബാസ്(റ) ആണ് രേഖപ്പെടുത്തിയത്). യുവാവായിരിക്കേ ഏതോ ഒരു നിമിഷം അരുതാത്തത് കണ്ടുപോയ വേദനയില്‍ “എനിക്കീ കാഴ്ചശക്തിയുണ്ടായതില്‍ സന്തോഷമില്ലെന്ന്’ അടക്കം പറഞ്ഞുകൊണ്ടിരുന്ന അംറുബ്‌നു മുറയെയും(റ) വായിക്കേണ്ടതാണ്. നിഷിദ്ധമായതൊന്നും കാണരുതെന്ന ശാഠ്യത്തില്‍ പള്ളിയില്‍ കഴിഞ്ഞു കൂടി അനിവാര്യതയില്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു അന്യസ്ത്രീയെ കണ്ട ദുഖത്തില്‍ കരളുരുകി മരിച്ച താബിഇയുടെ ചരിത്രം നമ്മള്‍ കേട്ടതാണ്. “രക്ഷിതാവേ നീയെനിക്ക് ഉപകാരമായി തന്ന ഈ നേത്രങ്ങളെ ഞാന്‍ ഉപദ്രവത്തിന് ഉപയോഗിച്ച് പോകുമോ?’ എന്ന ആകുലത പേറി നടന്ന ഭക്തനായ യൂനുസ് ബ്‌നു യൂസുഫിന്റെ ചരിത്രവും വലിയ പാഠമാണ്.

“നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ ചെയ്ത് കൂട്ടുന്ന സര്‍വം അവനറിയുന്നുണ്ട്'(ഖുര്‍ആന്‍ ആശയം) എന്ന വാക്കുകളാണ് അവരെ ബേജാറിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
അരുതാത്ത കാഴ്ചകള്‍ക്കു നേരെ കണ്ണടച്ചിരിക്കണമെന്ന്(സൂറ:നൂര്‍ 30, 31) സ്ത്രീയോടും പുരുഷനോടും മാറി മാറി ഉപദേശിക്കാന്‍ തിരുനബിക്ക് അല്ലാഹു നല്‍കിയ നിര്‍ദേശമാണ്.

സ്വര്‍ഗപ്രവേശം നേടാന്‍ അനുഷ്ഠിച്ചിരിക്കേണ്ട ആറു കാര്യങ്ങളില്‍ ഒന്ന് തെറ്റുകള്‍ക്കു നേരെ കണ്ണടക്കാനാണ്. ഏതെങ്കിലും സ്ത്രീകള്‍ അടുത്തു കൂടെ നടക്കുന്നുവെങ്കില്‍ റബീഉ ബ്‌നു ഹുസൈം എന്ന മഹാന്‍ കണ്ണ് പൂട്ടി വെക്കാറുണ്ടായിരുന്നുവെന്ന് സുഫ്‌യാനു സൗരി (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കണ്ടാല്‍ ബധിരനാണോ എന്നുവരെ തോന്നിപ്പോകുമായിരുന്നു.
എത്രയെത്ര സന്ദര്‍ഭങ്ങള്‍! അതിസൂക്ഷ്മജീവിതങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളാണ് നമ്മളിത്ര നേരം വായിച്ചത്. നന്മകളേ കാണാവൂ എന്ന നിര്‍ദേശത്തോടെ തന്ന ഈ സമ്മാനത്തെ അഴുക്കിൽമുക്കുന്നവര്‍ എത്ര പരാജിതരാണ്! കാഴ്ചയെ വെറുതെ വിട്ടാല്‍ വീഴ്ചകളേറുമെന്ന ഹസന്‍(റ)ന്റെ വാക്കുകള്‍ ഉള്‍കൊണ്ടേ പറ്റൂ. എന്തും കാണാനുള്ളതല്ല ഈ കണ്ണ്. കണ്ണെത്തേണ്ട ഇടങ്ങള്‍ക്ക് ചില പരിധികളുണ്ട്. ആ പരിധി ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ അത്യാനന്ദ കാഴ്ചയായ ദൈവിക ദര്‍ശനം സാധ്യമാവില്ല. അതിനെക്കാള്‍ വേറെന്തു പരാജയമാണ് ഭവിക്കാനുള്ളത്? (നഊദു ബില്ലാഹ്).

പുതിയ കാലം കാഴ്ചകളുടെ പുത്തന്‍ സാധ്യതകള്‍ ദിനേന തുറന്നിട്ടു കൊണ്ടിരിക്കുന്നുണ്ട്. സാങ്കേതിക വിദ്യകളുടെ പുരോഗതിക്കനുസരിച്ച് നമ്മുടെ ജാഗ്രതയും വികസിച്ചു കൊണ്ടിരിക്കണം. പരസ്യമായും റിയാലിറ്റി ഷോകളായും ഡോക്യുമെന്ററികളായും വൈവിധ്യങ്ങളായ ദൃശ്യമാധ്യമങ്ങള്‍ നാള്‍ക്കുനാള്‍ വിശ്വാസിക്കു മുമ്പില്‍ പരീക്ഷണങ്ങളായി വന്നുകൊണ്ടിരിക്കുന്നുണ്ട്. ഈസാ നബി(അ) പറഞ്ഞത് കേള്‍ക്കൂ: “കാഴ്ചകള്‍ ഹൃദയത്തില്‍ ദുര്‍വികാരത്തെ നട്ടുവളര്‍ത്തും. നമ്മെ നശിപ്പിക്കാനതുമതി.’

മോശമായ കാഴ്ചകള്‍ നമ്മുടെ വിശ്വാസത്തെ പോലും പതിയെ അരിച്ചു തുടങ്ങും. ആരാധനയുടെ ആനന്ദങ്ങള്‍ ഇല്ലാതാക്കും. മനസ് അസ്വസ്ഥതകള്‍ കൊണ്ടു നിറയും. തുടരെത്തുടരെ അശ്ലീലതയുടെ അടിമയായി മാറും. മൂല്യമിടിയും. ജനങ്ങള്‍ അവഗണിക്കും. പാര്‍ശ്വവത്കരിക്കപ്പെടും. ഈ നില ദുനിയാവില്‍ മാത്രമല്ല ആഖിറത്തിലും തുടരും. മോശം കാഴ്ചകള്‍ക്കെതിരെ കണ്ണടച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ അബൂബക്കര്‍ ശീറാസി(റ) എണ്ണുന്നുണ്ട്.
1. യുക്തിഭദ്രമായ സംസാരം അവന് നല്‍കും.
2. ശ്രോതാക്കളെ നന്മയിലേക്ക് നയിക്കാനുള്ള ശേഷി കൈവരും.
3. ഹൃദയത്തില്‍ സന്‍മാര്‍ഗത്തിന്റെ തിരിനാളങ്ങള്‍ കത്തും.
4. സ്വര്‍ഗത്തില്‍ സ്തുത്യര്‍ഹമായ ഇടം ലഭ്യമാവും.
ഹൃദയത്തെ ഗ്രസിക്കുന്നതാണ് കാഴ്ച. അന്ത്യനാളില്‍ നാം കണ്ട കാര്യങ്ങള്‍ മുഴുവന്‍ കണ്ണുകള്‍ തന്നെ വിളിച്ചു പറയും; ഒന്നും ഒളിച്ചുവെക്കാനാവില്ല. അന്ന് സന്തോഷമായിരിക്കുന്ന കണ്ണുകളെക്കുറിച്ച് തിരു നബി(സ) പറഞ്ഞിട്ടുണ്ട്: “എല്ലാ കണ്ണും അന്ത്യനാളില്‍ കരയുന്നുണ്ടാവും; മൂന്നാളുകളൊഴിച്ച്,
1. അല്ലാഹു നിഷിദ്ധമാക്കിയ കാഴ്ചകള്‍ക്കു നേരെ ചിമ്മി കളഞ്ഞ കണ്ണ്.
2. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറക്കമിളച്ച കണ്ണ്.
3. അല്ലാഹുവെ പേടിച്ച് ഈച്ചയുടെ കണ്ണ് പോലെ ചുറ്റും അതീവ ശ്രദ്ധയോടെ വീക്ഷിച്ച കണ്ണ്’ (ഹില്‍യതുല്‍ ഔലിയ 3/163).
കണ്ണേ കരയുക/കണ്ട കാഴ്ചകളെ ഓര്‍ത്ത്/കണ്ണീര് വറ്റും വരെ എന്നത് മഹാന്മാരുടെ നിത്യ വാചകമായിരുന്നു. ഏറ്റവും സന്തോഷമുള്ള ദിനമേതാണെന്ന ചോദ്യത്തിന് പണ്ഡിതന്മാര്‍ നല്‍കുന്ന ഉത്തരം “തെറ്റായ കാഴ്ചകള്‍ സംഭവിക്കാത്ത ദിനങ്ങളാണ്’ എന്ന ബോധം നമ്മെ വീണ്ടും വീണ്ടും കഴുകി വെടിപ്പാക്കും. വീടും പരിസരവും വസ്ത്രവും വെടിപ്പാക്കും പോലെ നമ്മുടെ ഓരോ അവയവവും ആ പ്രക്രിയക്ക് വിധേയമാവണം. കണ്ണുകള്‍ നിറഞ്ഞൊഴുകണം. കണ്ഠമിടറും വരെ രക്ഷിതാവിനുമുമ്പില്‍ പാപഭാരത്തിന്റെ കെട്ടഴിച്ചു വെക്കണം. കാണരുതാത്തതു കണ്ട് ചീര്‍ത്തു പോയ കണ്‍തടത്തിലൂടെ പാപങ്ങള്‍ ഒഴുകിത്തീരട്ടെ. കണ്‍കുളിര്‍പ്പിക്കുന്ന നല്ല കാഴ്ചകളേ… സ്വാഗതം.

(1) മനുഷ്യ ശരീരം ഒരു മഹാത്ഭുതം / ഡോ. ബി പത്മകുമാർ (അഡീ.പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളജ്), The health magazine, മനുഷ്യ ശരീരം എന്ന മഹായന്ത്രം/ഡോ. പി കെ സുകുമാരൻ, മനുഷ്യ യന്ത്രം/ഉണ്ണികൃഷ്ണൻ കിഴുത്താനി എന്നീ ഗ്രന്ഥങ്ങളിലുള്ള വിവരങ്ങളുടെ സംഗ്രഹം.

ഫള്‌ലുറഹ്മാന്‍ സുറൈജ് സഖാഫി തിരുവോട്

You must be logged in to post a comment Login