മര്‍കസ് അന്നവും വെള്ളവും കിട്ടാതായ മനുഷ്യര്‍ക്ക് കാരുണ്യത്തിന്റെ തെളിനീര് ഒഴിച്ചു കൊടുക്കുകയാണ്. ഇരുട്ടിനെ അറിവിന്റെ പ്രകാശം കൊണ്ട് തോല്പിക്കുകയാണ്. പണ്ഡിതരും പാമരരും സമ്പന്നരും ദരിദ്രരുമുണ്ട്, സ്ത്രീകളും കുട്ടികളുമുണ്ട്, യുവാക്കളും പ്രായം ചെന്നവരുമുണ്ട്. പക്ഷേ, വൈവിധ്യങ്ങള്ക്കിടയിലെല്ലാം മര്‍കസ് ഒരു പൊരുത്തം കാത്തു സൂക്ഷിക്കുന്നുണ്ട്; ‘സഹജീവി സ്നേഹം’ – മര്‍കസ് രൂപീകരിക്കുന്ന സംസ്കാരത്തിന്റെ അടിവേരില്‍ കാണുന്നത് ഈ സ്നേഹത്തിന്റെ ഊര്‍ജ്ജമാണ്. മര്‍കസ് പദ്ധതികളെ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ് മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. മര്‍കസിന്റെ ലക്ഷ്യങ്ങളെയും പുതിയ പദ്ധതികളെയും കുറിച്ച് സംസാരിക്കുകയാണ് ഈ അഭിമുഖത്തില്‍.
ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി / നൂറുദ്ദീന്‍ മുസ്തഫ
മര്‍കസ് മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ്. എന്തായിരുന്നു മര്‍കസിന്റെ ലക്ഷ്യം?.
മത ബോധവും ദേശീയ ബോധവുമുള്ള പൌര സമൂഹത്തിന്റെ സൃഷ്ടിപ്പാണ് മര്‍കസ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കേരളത്തിനു പുറത്തേക്ക് മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് തോന്നിയത് എപ്പോഴാണ്?.
നിമിത്തങ്ങളായിരുന്നു മര്‍കസിനെ കേരളത്തിന്റെ പുറത്തേക്ക് എത്തിച്ചത്. പലപ്പോഴും നടത്തിയ യാത്രകളില്‍ നിന്നും മറ്റുമായി ലഭിച്ച അനുഭവങ്ങള്‍ നല്കിയ പാഠമാണ് മര്‍കസ് കേരളത്തിന്റെ ചുരുങ്ങിയ പരിസരത്ത് ഒതുങ്ങിക്കൂടേണ്ട പ്രസ്ഥാനമല്ല എന്ന് മനസ്സിലാക്കിത്തന്നത്.
ഈയിടങ്ങളില്‍ ഏതു തരത്തിലുള്ള മാറ്റത്തിനാണ് മര്‍കസ് ശ്രമിക്കുന്നത്?.
സമ്പന്നമായ ബഹുസ്വര സമൂഹത്തിന്റെ സൃഷ്ടിപ്പാണ് എവിടെയും മര്‍കസിന്റെ ലക്ഷ്യം. പൊതുവെ, കേരളത്തിനു പുറത്തുള്ള പ്രദേശങ്ങളില്‍ മുസ്ലിംകള് മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെടുന്നു എന്ന് പറയാറുണ്ട്. അത് പൂര്‍ണ്ണമായും ശരിയല്ല. നല്ല രീതിയിലുള്ള വിദ്യാഭ്യാസവും ജീവിത സാഹചര്യവുമില്ലാത്തത് കൊണ്ട് പിറകോട്ട് പോവുന്നു എന്ന് മാത്രം. ഇത് പരിഹരിക്കാനാണ് മര്‍കസ് ശ്രമിക്കുന്നത്.
ഇന്ത്യയില്‍ എവിടെയൊക്കെയാണ് മര്‍കസിന് സ്ഥാപനങ്ങളും പദ്ധതികളും ഉള്ളത്?.
നിലവില്‍ ഗുജറാത്ത്, കശ്മീര്‍, ഉത്തര്‍പ്രദേശ്, ആസ്സാം, മണിപ്പൂര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടകം, മധ്യപ്രദേശ്, ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സമീപഭാവിയില്‍ തന്നെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ അസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഏതു തരത്തിലുള്ള പദ്ധതികളാണ് ഇവിടങ്ങളില്‍ നടപ്പിലാവുന്നത്?.
പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ഡിസ്പെന്‍സറികള്‍, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അനാഥ സംരക്ഷണം തുടങ്ങിയവയിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുസ്ലിംകള് മാത്രമാണോ ഈ പദ്ധതികളുടെ ഗുണഭോക്താക്കള്‍?.
അല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമാക്കിയിട്ടുള്ളതാണ്. മനുഷ്യന്നും, മൃഗങ്ങള്‍ക്കുമെല്ലാം ഇതിന്റെ പ്രയോജനമുണ്ട്. കേരളത്തിന് പുറത്ത് മിക്കയിടത്തും വെള്ളം ലഭിക്കണമെങ്കില്‍ കിലോമീറ്ററോളം നടക്കണം. ഇവിടെയാണ് മര്‍കസ് ‘സ്വീറ്റ് വാട്ടര്‍’ പദ്ധതികള്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ജാതി മതഭേദമന്യേ എല്ലാവര്ക്കും പ്രവേശനം നല്‍കാറുണ്ട്. എങ്കിലും മുസ്ലിംകള്ക്ക് മാത്രമായി മദ്റസകള്‍ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിവരുന്നു.
ഇവിടങ്ങളിലെ മദ്രസാ സമ്പ്രദായം ഏതു രൂപത്തിലുള്ളതാണ്?.
മലയാളി മുസ്ലിംകള് സാമ്പ്രദായികമായി സ്വീകരിച്ചു പോരുന്ന മതവിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് മറ്റിടങ്ങളിലും നടപ്പിലാക്കുന്നത്. മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ഇസ്ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
ദയൂബന്ദികള്‍ പോലുള്ളവരുടെ മദ്രസാ പ്രസ്ഥാനങ്ങളില്‍ നിന്ന് മര്‍കസിന്റെ മദ്രസകള്‍ എങ്ങനെയൊക്കെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?.
ദയൂബന്ദികളുടേതും മറ്റും നമ്മുടേത് പോലുള്ള മദ്റസകളല്ല. അറബിക് കോളജുകള്‍ പോലുള്ള സ്ഥാപനങ്ങളാണ്. നമുക്കുള്ളതു പോലെ, വ്യവസ്ഥാപിതവും ചിട്ടയോടെയുള്ളതുമായ പ്രാഥമിക തലത്തിലുള്ള മത വിജ്ഞാനത്തിനുള്ള മദ്റസകള്‍ ഇന്ത്യയില്‍ മറ്റാര്‍ക്കും എവിടെയുമില്ല.
മദ്റസകളെ ഭീകരതയുടെ കേന്ദ്രങ്ങളായാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കാറ്. ഇതെന്തുകൊണ്ടാണ്?.
തെറ്റിദ്ധാരണകളാണിത്തരം വിമര്‍ശനങ്ങളുടെ പ്രധാനകാരണം. മദ്റസകളുടെ ഗുണഭോക്താക്കള്‍ മുസ്ലിംകള് മാത്രമല്ല. ഒരു മുസ്ലിം പൂര്‍ണ്ണ വിശ്വാസിയാവുകയാണെങ്കില് അവന് തീവ്രവാദിയോ വര്‍ഗീയവാദിയോ ആവുകയില്ല. മനുഷ്യനെ പൂര്‍ണ്ണ വിശ്വാസിയാക്കാനുള്ള ശ്രമമാണ് മദ്റസകള്‍ നടത്തുന്നത്. അപ്പോള്‍ അതിന്റെ നേട്ടം മതത്തിനും രാഷ്ട്രത്തിനും ഒരു പോലെ ലഭിക്കും.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന മദ്റസാ മോഡണൈസേഷനോടുള്ള മര്‍കസിന്റെ സമീപനം എന്താണ്?
മദ്റസ സിലബസുകളില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കും മാനവിക വിഷയങ്ങള്‍ക്കും അവസരം ഒരുക്കുന്ന സമ്പ്രദായം സൃഷ്ടിക്കുകയാണ് മദ്റസാ മോഡണൈസേഷന്‍ ലക്ഷ്യമിടുന്നത്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മര്‍കസ് നടപ്പിലാക്കിയിട്ടുണ്ട്. മതഭൌതിക സമന്വയത്തിന്റെ ഗുണം സമൂഹത്തിന് പകര്‍ന്ന് നല്കാന് മര്‍കസിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം, അത്തരം ആധുനികവല്‍ക്കരണത്തിന്റെ ആവശ്യമില്ല. കാരണം, നിലവില്‍ കേരളത്തിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മദ്റസകളിലും സ്കൂളുകളിലും പോകുന്നവരാണ്. പക്ഷേ, കേരളത്തിന്റെ പുറത്ത് സ്ഥിതി തിരിച്ചാണ്. അവിടെയാണ് ഇത്തരം പദ്ധതികളുടെ ആവശ്യം.
ഏതൊക്കെ തരത്തിലുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവിടങ്ങളില്‍ മര്കസിന്റേതായിട്ടുള്ളത്?.
മദ്റസകള്‍, പ്രൈമറി, സെക്കണ്ടറി, ഹെയര്‍സെക്കണ്ടറി സ്കൂളുകള്‍, ടെക്നിക്കല്‍ കോളജുകള്‍ തുടങ്ങിയവയാണ് നിലവില്‍ ഉള്ളത്. ഓരോ സംസ്ഥാനത്തും മര്‍കസിന്റെ ഓരോ മോഡല്‍ കാമ്പസുകള്‍ കൂടി നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എല്‍കെജി മുതല്‍ പിജി വരെ പഠിക്കാനുള്ള സൌകര്യമാണിവിടെ ഉണ്ടാവുക.
ഇത്രയും വിശാലമായ പദ്ധതികള്‍ക്കുള്ള മാനവ വിഭവശേഷി എവിടെ നിന്നാണ് മര്‍കസ് കണ്ടെത്തുന്നത്?.
കേരളത്തിലെ മര്‍കസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ തന്നെയാണ് പുറംനാടുകളില്‍ ഇത്തരം പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പദ്ധതികളുമായി ഒരു നാട്ടിലേക്ക് കടന്ന് ചെല്ലുമ്പോള്‍ അവിടുത്തെ സാമൂഹ്യസ്ഥിതി, രാഷ്ട്രീയം എന്നിവയെല്ലാം അനുകൂലമാവാറുണ്ടോ?.
നിലവില്‍ മര്‍കസിന് ആവശ്യക്കാര്‍ ഏറെയാണ്. പലയിടത്ത് നിന്നും വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യ പ്രവര്‍ത്തകരും മര്‍കസിന്റെ സഹായം തേടി വരുന്നു. പക്ഷേ, നല്‍കാനുള്ള റിസോഴ്സ് വളരെ കുറവാണ്. അപേക്ഷകര്‍ക്ക് കഴിവിന്റെ പരമാവധി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. മോഡല്‍ കാമ്പസുകള്‍ വ്യവസ്ഥാപിതമായ സര്‍വ്വേയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും നടപ്പിലാക്കുക.
ഇതിനൊക്കെയുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ് എവിടുന്നാണ്?
സാധാരണക്കാരായ ജനങ്ങള്‍ നല്കുന്ന സംഭാവനകളാണ് പ്രധാന വരുമാനം
ദയൂബന്ദി മദ്രസകളുടെ വളര്‍ച്ചക്കു പിന്നില്‍ സാധാരണക്കാരില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളായിരുന്നു എന്ന് ചില പഠനങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പക്ഷേ, മര്‍കസിന്റെ സ്ഥിതി അതല്ല. ഗള്‍ഫ് പണവും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗള്‍ഫ് പണം നിലച്ചാല്‍ മര്‍കസ് എന്തു ചെയ്യും?.
നാഗരികതകള്‍ രൂപപ്പെടണമെങ്കില്‍ കുടിയേറ്റങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഗള്‍ഫ് കുടിയേറ്റം നമുക്കിടയില്‍ പുതിയ ഒരുപാട് ഇടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മര്‍കസിന് ലക്ഷക്കണക്കായ അനുയായികളും അഭ്യുദയകാംക്ഷികളുമുണ്ട്. ഗള്‍ഫ് പണം നിലച്ചാലും ഇത്തരം മനുഷ്യര്‍ മര്‍കസിനെ സഹായിക്കും. തീര്‍ച്ചയാണ്. ഈ സമ്മേളനത്തോട് അനുബന്ധിച്ച് മര്‍കസ് ‘വഖ്ഫ്’ സമ്പ്രദായം അവതരിപ്പിക്കുന്നുണ്ട്. പണ്ടുകാലങ്ങളില്‍ നമ്മുടെ നാടുകളിലെ പള്ളികളുടെ പ്രധാന വരുമാനം വഖ്ഫ് സ്വത്തായിരുന്നു. ഇന്ന്, ഇത്തരം രീതിക്ക് ശോഷണം സംഭവിച്ചിട്ടുണ്ട്. അത് തിരിച്ചെടുക്കുകയാണ് പ്രധാന ലക്ഷ്യം. പണക്കാരായവര്‍ക്ക് ‘തഥവ്വുഅ്’ എന്ന പേരില്‍ ഒരു വൊളണ്ടറി സമ്പ്രദായവും ഏര്‍പ്പെടുത്തുന്നുണ്ട്. ഇങ്ങിനെ നിരവധി ബദല്‍ സംവിധാനങ്ങള്‍ മുന്നിലുള്ളപ്പോള്‍, ഗള്‍ഫ് സഹായം നിലച്ചു പോകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
കോര്‍പ്പറേറ്റുകളുടെ സഹായം സ്വീകരിക്കാറുണ്ടോ?.
വന്‍കിട കമ്പനികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്ലൊരു സംഖ്യ നീക്കിവെക്കുന്നുണ്ട്. പല വിദേശ രാഷ്ട്രങ്ങളിലും ഇത് നിര്‍ബന്ധമാണ്. പല എന്‍ജിഒകളും ഇത് കൈപറ്റുന്നുണ്ട്. രാജ്യത്തിന്റെ നിയമങ്ങള്‍ അനുവദിക്കുന്നതും, മതത്തിന്റെ വിധിവിലക്കുകളെ മാനിക്കുന്നതുമായ സഹായങ്ങളേ മര്‍കസ് സ്വീകരിക്കാറുള്ളൂ.
ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പുതിയ മാതൃകയായിരുന്നല്ലോ ‘മര്‍കസ് കെയര്‍’. എന്താണിതിന്റെ പ്രവര്‍ത്തന രീതി?.
ഈ പദ്ധതിക്ക് പ്രധാനമായും രണ്ട് ഭാഗമാണുള്ളത്. മര്‍കസ് ഹോം കെയറും, മര്‍കസ് ഓര്‍ഫന്‍ കെയറും. രണ്ടും അനാഥരായവര്‍ക്കു വേണ്ടിയുള്ളതാണ്. അനാഥര്‍ക്ക് വിദ്യാഭ്യാസത്തിനും മറ്റുമുള്ള എല്ലാ സൌകര്യങ്ങളും ഉറപ്പുവരുത്തി, സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഹോം കെയര്‍ പദ്ധതികള്‍ പക്വതയെത്താത്ത അനാഥമക്കള്‍ക്ക് അവരുടെ വീടുകളിലേക്ക് നിശ്ചിത സൌകര്യങ്ങള്‍ എത്തിച്ചു കൊടുത്താണ് നടപ്പിലാക്കുന്നത്. ഓര്‍ഫന്‍ കെയറില്‍ ഇത്തരം അനാഥരായ, പക്വതയെത്തിയ വിദ്യാര്‍ത്ഥികളെ മര്‍കസിന്റെ കാമ്പസുകളില്‍ വച്ച് തന്നെ വളര്‍ത്തുന്ന രീതിയാണ്.
സ്വതന്ത്യ്ര ഇന്ത്യയുടെ മുറിവാണ് കാശ്മീര്‍. സംഘര്‍ഷവും അതിക്രമങ്ങളും ദൈനംദിന ജീവിതത്തെ താറുമാറാക്കിയ പ്രദേശം. മര്‍കസിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഏതാണ്ടിതിനു സമാനമാണ് അസമിന്റെ ഇപ്പോഴത്തെ അവസ്ഥ. അസമില്‍ മര്‍കസ് എങ്ങനെയാണ് ഇടപെട്ടത്?.
ഇപ്പോഴത്തെ പ്രശ്നം തുടങ്ങുന്നതിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മര്‍കസ് അസം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അസമിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിന്റെ സമാധാനാന്തരീക്ഷത്തില്‍ പഠിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണ്. കേരളത്തിലെ അസം തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൌകര്യം ചെയ്യുന്നതിനും പദ്ധതിയുണ്ട്. മര്‍കസില്‍ കേരളത്തിലെ അന്യനാട്ടുകാരായ തൊഴിലാളികളുടെ ഒരു സംഗമം തന്നെ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. അസമില്‍ മര്‍കസിന്റെ ഒരു മോഡല്‍ കാമ്പസ് തുടങ്ങാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മുസ്ലിം ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ, സുന്നി സ്റുസന്റ്സ് ഫെഡറേഷന്, അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ എന്നിവയുടെ പദ്ധതികള്‍ ആവിഷ്കരിക്കുന്നത് മര്‍കസാണ്. ആയിരം വീട് വച്ച് നല്കുന്ന പദ്ധതിയിലും, വസ്ത്ര-ഭക്ഷണ വിതരണം നടത്തുന്നതിലും മര്‍കസ് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
കേരളത്തിന് പുറത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെവിടെയാണ്?
മുസ്ലിംകള് കൂടുതല്‍ പിന്നാക്കം നില്ക്കുന്ന ബംഗാളും, ആസാം ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയിലും.
ഇന്ത്യയില്‍ മുസ്ലിംകളുടെ പ്രധാന വെല്ലുവിളി ഭരണതലത്തിലുള്ള പ്രാതിനിധ്യക്കുറവാണ്. പ്രത്യേകിച്ചും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള പ്രകാരം ബ്യൂറോക്രസിയിലെ മുസ്ലിം പ്രാതിനിധ്യം. മര്‍കസിന്റെ ചിന്തയില്‍ എപ്പോഴെങ്കിലും ഇത് കടന്ന് വന്നിട്ടുണ്ടോ?
മുസ്ലിം സമുദായം വിദ്യാഭ്യാസ പരമായി പിറകോട്ട് നിന്നിരുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രതിസന്ധികള്‍ നേരിട്ടിരുന്നത്. പക്ഷേ, ഇപ്പോള്‍ ഈ അവസ്ഥയില്‍ വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാവരും ഇന്ന് കുട്ടികളെ പഠിപ്പിക്കുന്നു. മര്‍കസിന്റെ കീഴില്‍ പലേടത്തും സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Morality With Modernity എന്നതാണല്ലോ മര്‍കസിന്റെ കാഴ്ചപ്പാട്. പക്ഷേ, മതഭൌതിക സമന്വയം എന്ന കാര്യത്തില്‍ മാനവിക വിഷയങ്ങള്‍ മാത്രമാണ് ഉള്കൊള്ളിച്ചുകാണുന്നത്. ശാസ്ത്ര വിഷയങ്ങള്‍ക്ക് വേണ്ടത്ര പരിഗണന മുസ്ലിം സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്നില്ല എന്ന് തോന്നുന്നു. ഇത് എന്തുകൊണ്ടാണ്?
മര്‍കസ് നോളജ് സിറ്റി പോലുള്ള ചിന്തകള്‍ കടന്ന് വരുന്നത് ഇത്തരം പ്രതിസന്ധികളില്‍ നിന്നാണ്. ചരിത്രത്തിന്റെ പ്രത്യേക സന്ധിയില്‍ വച്ച് തകര്‍ന്ന മുസ്ലിം നാഗരികതയുടെ പുനര്‍ നിര്‍മ്മിതിയാണ് നോളജ് സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. ഹെറിറ്റേജ് സിറ്റി, ശരീഅ സിറ്റി, കൊമേഴ്സ്യല്‍ സിറ്റി, മീഡിയ സിറ്റി എജുക്കേഷന്‍ സിറ്റി തുടങ്ങിയവയാണ് ഇതിലെ പ്രധാന സംരംഭങ്ങള്‍. ശാസ്ത്ര വിഷയങ്ങളെ മതവിഷയങ്ങളോട് സമന്വയപ്പെടുത്തി പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഇവിടെ ഉണ്ടാകും. ഇപ്പോള്‍ തന്നെ പല ദഅ്വാ കോളജുകളിലും മതപഠനത്തോടൊപ്പം തന്നെ ശാസ്ത്ര പഠനത്തിനും സൌകര്യം ലഭ്യമാകുന്നുണ്ട്. മുസ്ലിം നാഗരിക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരിക്കും മര്‍കസ് നോളജ് സിറ്റി എന്ന് പ്രതീക്ഷിക്കുന്നു.
മാനേജ്മെന്റ് പഠനരംഗത്തും മര്‍കസ് ഈയിടെയായി ശ്രദ്ധിക്കുന്നുണ്ടല്ലോ?
ആദ്യകാലത്ത് നമ്മുടെ നാടുകളില്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് രംഗത്തെ പഠനത്തിലേക്കാണ് ഏറെയും പോയത്. ഇപ്പോള്‍ മാനേജ്മെന്റ് പഠന രംഗത്തേക്കു ഇത്തരം ഒഴുക്ക് വ്യാപകമായിരിക്കുകയാണ്. ഈയൊരു ഘട്ടത്തിലാണ് മതബോധമുള്ള മാനേജ്മെന്റ് പ്രതിഭകളുടെ ആവശ്യകത മര്‍കസ് മനസ്സിലാക്കുന്നതും, പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതും. കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും ആത്മീയ ബോധമുള്ള പ്രഫഷണലുകള്‍ നിയന്ത്രിക്കുമ്പോള്‍ സാമൂഹിക സ്ഥിതി കൂടുതല്‍ ഭദ്രമാകും.
ഇത്തരത്തില്‍ എത്ര സ്ഥാപനങ്ങളുണ്ട്?
കോഴിക്കോട് ജില്ലയിലെ പൂനൂരില്‍ മാത്രമേ ഇപ്പോള്‍ ഇതിന് കാമ്പസ് ആരംഭിച്ചിട്ടുള്ളൂ. മര്‍കസ് ഇഹ്റാമാണ് മറ്റൊരു സംരംഭം.
എന്തൊക്കെയാണ് മര്‍കസിന്റെ സമീപഭാവിയിലുള്ള പദ്ധതികള്‍?
വിവിധങ്ങളായ വിഷയങ്ങള്‍ പഠിക്കാന്‍ സൌകര്യമുള്ള ഒരു വിശ്വ സര്‍വകലാശാലയായി മര്‍കസ് വളരേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു കാമ്പസ് നിര്‍മിക്കണം. ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ അനുയോജ്യമായ ഗവേഷണ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തണം. വിദേശികളായ ആളുകള്‍ക്ക് മര്‍കസില്‍ വന്ന് നേരിട്ട് പഠിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തണം. അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് പുതിയ ബൌദ്ധിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കണം.
ഒരുപാട് യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണല്ലോ. ആഴത്തില്‍ സ്പര്‍ശിച്ച ഒരനുഭവം പറയാമോ?
തുര്‍ക്കി, നല്ലൊരു പാഠമായിരുന്നു. അവിടെ സന്ദര്‍ശിച്ച സമയത്ത് നിസ്വാര്‍ത്ഥരായ ഒടുപാട് പ്രബോധകരെ കണ്ടെത്താന്‍ കഴിഞ്ഞു. പഠനത്തിനു ശേഷം ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും അവര്‍ പ്രബോധനം നടത്തുന്നു. സര്‍ക്കാറിന് ആറ് മാസം നിര്‍ബന്ധിത സൈനിക സേവനം പോലെയാണ് അവര്‍ക്കിടയില്‍ പ്രബോധനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ സമയത്താണ് ഇത്തരം കൂട്ടായ്മകളുടെ ആവശ്യകത ബോധ്യപ്പെട്ടത്. വീടും ഭക്ഷണവും മരുന്നും ലഭിക്കാത്ത ഇടങ്ങളില്‍ മതവിജ്ഞാനവും ധാര്‍മിക ബോധവും നഷ്ടപ്പെട്ട് സ്വന്തം അസ്തിത്വം പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരുപാട് മനുഷ്യ ജീവിതങ്ങളെ കാണാന്‍ കഴിഞ്ഞു. ഇത്തരം പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള പ്രബോധകര്‍ നമുക്കിടയില്‍ നിന്ന് ഇനിയും വളര്‍ന്ന് വരേണ്ടതുണ്ട്. വ്യക്തമായ പരിവര്‍ത്തനം ഇതിലൂടെ സാധിച്ചെടുക്കാന്‍ കഴിയും.
മുപ്പത്തഞ്ച് വര്‍ഷം പിന്നിടുന്ന അവസരത്തില്‍ മര്‍കസിന് സമൂഹത്തിന് നല്‍കാനുള്ള സന്ദേശം എന്താണ്?
നേരത്തെ സൂചിപ്പിച്ചത് പോലെ സാമൂഹ്യ സ്ഥിവിശേഷം രൂപപ്പെടുത്തി എടുക്കുകയാണ് മര്‍കസിന്റെ ലക്ഷ്യം. സമൂഹത്തിലെ എല്ലാത്തരം ആളുകളും ഉലമാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ അര്ത്ഥപൂര്ണമാവേണ്ടതുണ്ട്. ഉലമയുടെ ജ്ഞാനവും സമ്പന്നന്റെ പണവും ഒരുമിച്ച് ചേരുമ്പോള്‍ പ്രബോധനം കൂടുതല്‍ ഫലപ്രദവും എളുപ്പവുമാവും. പ്രവാചകന് (സ)യുടെ ജീവിതം നമുക്ക് പാഠമാണ്. മക്കയിലെ സമ്പന്നനായിരുന്ന അബൂബക്കര്‍ സിദ്ദീഖ്(റ), നബി(സ)യുടെ കൂടെ പ്രവര്‍ത്തിച്ചപ്പോള്‍ ഇസ്ലാമിക പ്രബോധനം കൂടുതല്‍ കാര്യക്ഷമമായി. ‘സ്വിന്‍ഫാനി മിന് ഉമ്മത്തി’ എന്നത് ഒരു വിശാലമായ സങ്കല്‍പ്പമാണ്. മര്‍കസ് എക്സലന്‍സി ക്ളബ്ബ് രൂപീകരണത്തിന്റെ പശ്ചാത്തലം ഇതാണ്. വിദേശ രാഷ്ട്രങ്ങളിലെ സര്‍വ്വകലാശാലകളിലും കമ്പനികളിലും പഠിച്ചും പ്രവര്‍ത്തിച്ചും പരിചയമുള്ള പ്രഫഷനലുകളും ഉലമയോടു ചേര്‍ന്ന് നില്‍ക്കണം. ഇപ്പോള്‍ മര്‍കസ് തന്നെ സ്വയം പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം കഴിവുകള്‍ സമുദായത്തിനും കൂടി ഉപയുക്തമാവുന്ന രീതിയില്‍ പരിവര്‍ത്തിപ്പിക്കാന്‍ നമുക്ക് സാധിക്കണം. മര്‍കസ് ഒരു തുറന്ന വാതിലാണ്. ഇത്തരം പ്രതിഭകള്‍ ഒന്നിച്ച് ചേരുമ്പോള്‍ സമീപ ഭാവിയില്‍ തന്നെ നിലവിലുള്ള തകര്‍ന്ന ധാരണകളെ മാറ്റിയെടുക്കാന്‍ സാധിക്കും, തീര്‍ച്ച!
You must be logged in to post a comment Login