ഒരര്‍ഥത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ നരേന്ദ്രമോഡിക്ക് നന്ദി പറയേണ്ട ദിനമാണ് ഇക്കഴിഞ്ഞ ആഗസ്ത് 14. വിഭജനത്തിന്റെ ഭയാനക സ്മൃതി ദിനമായി ആഗസ്ത് 14 പ്രധാനമന്ത്രിയാല്‍ പ്രഖ്യാപിക്കപ്പെട്ടത് അന്നാണല്ലോ? നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അത് ഔദ്യോഗികമായി രേഖയാക്കുകയും ചെയ്തു. ഇനിമുതല്‍ എല്ലാ ആഗസ്ത് പതിനാലും നമുക്ക് വിഭജനത്തിന്റെ താരതമ്യങ്ങളില്ലാത്ത കൊടും കെടുതികളെ ഓര്‍ക്കാനുള്ള ദിവസമാണ്. ഓര്‍ക്കുക എന്നാല്‍ ചരിത്രത്തില്‍, സാഹിത്യത്തില്‍, സാമൂഹിക ശാസ്ത്ര പഠനങ്ങളില്‍, ൈകമാറിക്കിട്ടിയ സ്മരണകളില്‍ ഏറെയേറെ നിറഞ്ഞു കിടക്കുന്ന ആ അഭിശപ്ത ദിനങ്ങളുടെ ഓര്‍മകളെ പുനരാനയിക്കുക എന്നാണല്ലോ? അങ്ങനെ വരുമ്പോള്‍ വിഭജനം ഓര്‍ക്കാതെ തരമില്ലെന്നാവും. വിഭജനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പങ്കുവെക്കപ്പെടും. എന്തിനു വിഭജിച്ചു എന്ന ഇന്നും തീര്‍പ്പായിട്ടില്ലാത്ത ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരും. വിഭജന നാളുകളില്‍ മരിച്ചുവീണ മനുഷ്യരുടെ എണ്ണം ഓര്‍ക്കേണ്ടി വരും. വിഭജനം കീറിപ്പറിച്ചു കളഞ്ഞ സ്ത്രീകളെ ഓര്‍ക്കേണ്ടി വരും. കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ വന്ന് “ഞങ്ങളെ എന്തിനുകൊന്നു?’ എന്ന് വിലപിക്കും. അങ്ങനെ മറക്കല്‍ ക്ലേശകരവും ഓര്‍മിക്കല്‍ ദാരുണവുമായ വിഭജനം എല്ലാ ആണ്ടിലും നാം ചര്‍ച്ചക്കെടുക്കും. ദ്വിരാഷ്ട്ര വാദം ഈ നാടിന്റെ നെഞ്ചില്‍ കുത്തിയിറക്കിയതാരെന്ന ചോദ്യത്തിന്, അതെന്തിനെന്ന ചോദ്യത്തിന് ചരിത്രത്തില്‍ നിന്ന് ഉത്തരങ്ങള്‍ പാഞ്ഞുവരും. “”മുസല്‍മാന്മാരെ ഹിന്ദു ആധിപത്യത്തിന് കീഴിലാക്കാനുള്ള വാള്‍ സിദ്ധാന്തത്തിന്റെ വക്താക്കളാണ് ഡോ. മൂണ്‍ജേ, സവര്‍ക്കര്‍ എന്നീ ഹിന്ദുക്കള്‍. ഞാന്‍ അവരില്‍ പെട്ടവനല്ല” എന്ന, ഗാന്ധിയുടെ എഴുതപ്പെട്ട വാക്കുകള്‍ ആഞ്ഞുകൊത്തും. അങ്ങനെ പരമ്പരകളായി ഇന്ത്യന്‍ മുസല്‍മാന്‍ പേറുന്ന വിഭജനത്തിന്റെ ഭാരം അവനില്‍ നിന്ന് ഇറങ്ങിപ്പോവുകയും അതിന്റെ യഥാര്‍ത്ഥ പ്രയോക്താക്കളെ തിരയുകയും ചെയ്യും. സംഘപരിവാരം വീണ്ടും പ്രതിക്കൂട്ടിലാവും. അതിനാലാണ് ആ അബദ്ധ തന്ത്രത്തിന് മുസ്‌ലിംകള്‍ നരേന്ദ്രമോഡിയോട് നന്ദിപറയേണ്ടവരാകുന്നത്.
വാസ്തവത്തില്‍ എന്തിനായിരിക്കണം വിഭജനം പോലെ ഒന്നിനെ, ഒരു ദേശരാഷ്ട്രം തലമുറകളെടുത്ത് മറന്നുകളഞ്ഞ ഒന്നിനെ, പ്രധാനമന്ത്രി ഇത്തരത്തില്‍ പുനരാനയിച്ചത%