സ്നേഹിക്കാന്‍ ഒരു കാരണം പോലും കണ്ടെത്താന്‍ കഴിയാത്തവരുടെ ലോകമാണിതെന്ന് പലപ്പോഴും തോന്നാറുണ്ട്. ദിനംപ്രതി കാണുന്നതും കേള്‍ക്കുന്നതും അത്തരം പ്രവര്‍ത്തികളാണ്. തമ്മിലടിക്കാന്‍ നൂറുനൂറ് കാരണം കണ്ടെത്തുന്നവര്‍ക്ക് സ്നേഹിക്കാന്‍ ഒരു കാരണം പോലും കണ്ടെത്താനാവുന്നില്ലല്ലോ എന്നതാണ് അതിശയം. മനസ്സുകൊണ്ട് യോജിക്കാനാവാത്ത വിധം അകന്നുപോയ വ്യക്തികളെ വിവാഹംകഴിച്ചു എന്നതിന്റെ പേരില്‍ മാത്രം നിത്യനരകത്തില്‍ കഴിയാന്‍ വിധിക്കുന്നത് ന്യായമാണോ? ദാമ്പത്യം തകര്‍ന്നു പോകുന്നതിനു പുരുഷന്‍ മാത്രമല്ല കാരണമാകുന്നത്, പലപ്പോഴും സ്ത്രീകളും കാരണമാവാറുണ്ട്. ഭര്‍ത്താവിന്റെ മാതാവിനെ അധിക്ഷേപിച്ചും തെറിവിളിച്ചും ആനന്ദം കണ്ടെത്തുന്ന ഭാര്യമാരെ കണ്ടിട്ടുണ്ട്. “ഞാന്‍ നിങ്ങള്‍ക്ക് ആരാണ്? എനിക്ക് നിങ്ങളുടെ ജീവിതത്തില്‍ എന്താണു സ്ഥാനം? നമുക്കിടയില്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ സ്ഥാനമില്ല. ഞാനും നിങ്ങളും മക്കളും മാത്രം’ തുടങ്ങിയ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് പുരുഷന്മാരുടെ സ്വസ്ഥത കളഞ്ഞ് ദാമ്പത്യം ശിഥിലമാക്കുന്ന സ്ത്രീകളെയും ഒരുപാട് കണ്ടിട്ടുണ്ട്. ഭാര്യയെ അടിമയെപ്പോലെ കണ്ടു ഉപദ്രവിക്കുന്ന ബന്ധുക്കളുടെയും വീട്ടുകാരുടെയും മുന്നില്‍ കണ്ണടച്ച് നില്‍ക്കുന്ന ഭര്‍ത്താക്കന്മാരുമുണ്ട്.
എന്റെ മുന്നിലെത്തി കൗണ്‍സിലിംഗിന് വിധേയരായ പലരില്‍ നിന്നും മനസിലാവുന്നത്; പലരും വിവാഹത്തിനു മുന്‍പ് തന്റെ ഇണയുടെ കൂടെയുള്ള ജീവിതവും ഇടപെടലുകളും മനസില്‍ സങ്കല്‍പിക്കുന്നു. വിവാഹശേഷം തന്റെ ഇണ അങ്ങനെ അല്ല എന്നു മനസ്സിലാക്കുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പിന്നെ, സ്വന്തം ഇഷ്ടങ്ങള്‍ക്കൊത്ത് ഇണയെ കൊണ്ടുവരാനുള്ള മല്‍പ്പിടുത്തം ആരംഭിക്കുന്നു. സ്വന്തം താല്പര്യം ത്യജിച്ച് ഇണകളില്‍ ഒരാള്‍ വിട്ടുകൊടുക്കാന്‍ തയാറായാല്‍ ആ ദാമ്പത്യം, വിട്ടുകൊടുത്ത ആള്‍ക്ക് മാനസിക പ്രയാസം ഉണ്ടാക്കുമെങ്കിലും, വലിയ കുഴപ്പങ്ങളില്ലാതെ ഇഴഞ്ഞു നീങ്ങും. ആരും വിട്ടുകൊടുക്കാന്‍ സന്നദ്ധരല്ലെങ്കില്‍ ദാമ്പത്യം തകര്‍ന്നു പോവുന്നു. ഇതിനൊരു പരിഹാരമെന്താണ്?
മനുഷ്യന്റെ സ്വഭാവം രൂപീകൃതമാകുന്നതില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്കും കുടുംബപശ്ചാത്തലത്തിനും ചെറുതല്ലാത്ത സ്വാധീനമുണ്ട്. അവയ്ക്കനുസരിച്ചു മനസിന്റെ അവസ്ഥയിലും വ്യത്യാസം വരും. നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ പെരുമാറണം എന്നു വാശി പിടിക്കുന്നത് അബദ്ധമാണ്. അവന്റെ/അവളുടെ സ്വഭാവമോ, അവസ്ഥയോ അതേ രീതിയില്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ ഒരുവിധം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരസ്പരം ഇണയും തുണയുമാണ് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. ഇരുഹൃദയങ്ങളും കോര്‍ത്തുപിടിച്ച് പുറത്തു നിന്ന് ഒരാള്‍ക്ക് അനാവശ്യ പ്രവേശനമോ പ്രാധാന്യമോ നല്‍കാതെ ജീവിക്കാന്‍ കഴിയണം. ഇരുവരും ചേര്‍ന്നു ജീവിതത്തിലെ സുഖ-ദുഃഖങ്ങള്‍ പങ്കുവെക്കുകയും ജീവിത പ്രതിസന്ധികളെ ഇരുകൈകളും ചേര്‍ത്തുപിടിച്ച് നേരിടാനും മനസുണ്ടാകണം. പക്ഷേ, മനുഷ്യന്റെ മനസിന് അത്രയും ഹൃദയവിശാലത ഇല്ലാത്തതു കൊണ്ടാവാം ഇത്തരം വിവാഹമോചനങ്ങളും ഗാര്‍ഹിക പീഡനങ്ങളും നടക്കുന്നതും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും കാരണം. സ്നേഹിക്കേണ്ടവരുടെ കൈകള്‍ തന്നെയാണ് ആ കൊലക്കത്തിക്കു പിറകിലെന്നറിയുമ്പോള്‍ സമൂഹത്തെ ഭയക്കേണ്ടിയിരിക്കുന്നു. അനിഷ്ട സംഭവം ഉണ്ടാകുന്നതിനു മുമ്പേ ആ ബന്ധം ഉപേക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നുവെങ്കില്‍ മരണത്തിന് ഇരയാക്കാതെ പല ജീവനുകളും രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ? അവരെ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എല്ലാ ദുഃഖങ്ങളില്‍ നിന്നും കരകയറി സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നയിച്ച് നമ്മോടൊപ്പം ഇന്നും അവര്‍ ഉണ്ടാകുമായിരുന്നില്ലേ? പക്ഷേ, സമൂഹം മറ്റൊരു വിധി നല്‍കുന്നു.
വിവാഹമോചനം നേടിയ സ്ത്രീയെ സ്വീകരിക്കാന്‍ പലപ്പോഴും സ്വന്തം വീട്ടുകാര്‍ പോലും തയാറാകുന്നില്ല. വിദ്യാഭ്യാസമോ ജോലിയോ ഇല്ലെങ്കില്‍ വീട്ടുകാരുടെ സഹായവുമില്ലാതെ അക്രമകാരിയായ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെ ഉപദ്രവം സഹിച്ച് ജീവിതം തള്ളിനീക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്ത്രീയുടെ ജീവന് യാതൊരു വിലയുമില്ലേ? ഇത്തരം സാഹചര്യത്തില്‍ പെടുന്ന സ്ത്രീയെ സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ അകറ്റി നിര്‍ത്തുന്നു. ആ ജീവിതത്തില്‍ നിന്നും രക്ഷനേടി പുതിയ മേച്ചില്‍പുറങ്ങള്‍ തേടാനുള്ള തീരുമാനങ്ങളില്‍ നിന്ന് അവര്‍ പിന്‍വലിയുന്നു. ഭര്‍ത്താവില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ ഏല്‍ക്കേണ്ടി വരുന്ന കുത്തുവാക്കുകള്‍ പോലും പലരേയും ആത്മഹത്യയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതും കുറ്റവാളി രക്ഷപ്പെടുന്ന ഒരു കൊലപാതകമല്ലേ? ഇങ്ങനെ സ്വയം ഉരുകിത്തീരുന്ന സ്ത്രീകള്‍ നിരവധിയുണ്ട്. ലൈംഗിക പീഡനങ്ങളോ, മറ്റു ഉപദ്രവമോ എന്തുമാകട്ടെ അതെല്ലാം മൂടിവെച്ച്, കുടുംബക്കാര്‍ മാത്രം ചേര്‍ന്ന് ഒത്തുതീര്‍പ്പിലെത്തിക്കുന്ന ബന്ധങ്ങളുമുണ്ട്. ആ ഒത്തുതീര്‍പ്പില്‍ അസ്തമിക്കുന്നത് ഒരു ജീവനാണെന്നു മറക്കരുത്. ആ സ്ത്രീയുടെ ജീവനേക്കാള്‍ കുടുംബാഭിമാനമാണ് വലുതായി കാണുന്നത്. അക്രമിയെ മുന്നില്‍ക്കണ്ട് ജീവിതകാലം മുഴുവന്‍ ഭയന്നു ജീവിക്കുന്ന ആ സ്ത്രീയുടെ മാനസികാവസ്ഥ ദയനീയമാണ്. കുടുംബത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കപ്പെടാന്‍ മാത്രം അവള്‍ ബലിയാടാകുന്നു. തകര്‍ന്നടിയുന്നത് ഒരു ജീവിതമാണ്. ഇത്തരം പീഡനങ്ങളില്‍ നിന്ന് എങ്ങനെ രക്ഷനേടാനാവും? എന്താണ് ഇതിനൊരു പ്രതിവിധി?
സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാണെങ്കില്‍ മാനസികമായും ശാരീരികമായും വേദന നല്‍കുന്ന ബന്ധങ്ങളില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും. മതപരമായ അറിവു നേടുന്നതിനോടൊപ്പം തന്നെ സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കാനും ആവശ്യമായ വിദ്യാഭാസം നേടുന്ന രീതിയിലുള്ള സ്ഥാപനങ്ങള്‍ ഇന്ന് മുസ്‌ലിം സംഘടനകള്‍ സ്ത്രീകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാവും മുമ്പ് പെണ്‍കുട്ടികളുടെ സുരക്ഷ കണക്കാക്കി വിവാഹം അനിവാര്യമാണെന്ന സാഹചര്യത്തില്‍ സമുദായത്തെയും ഭാവിയെയും കുടുംബത്തെയും മാനിച്ചു കൊണ്ട് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയണം എന്ന് വിവാഹ കരാറില്‍ മാതാപിതാക്കള്‍ ഉറപ്പിച്ചാല്‍ ഭാവി ജീവിതം ഭദ്രമാക്കാന്‍ സഹായിക്കും. ഇത്തരം സാഹചര്യം വരുമ്പോള്‍ മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത ആദ്യം വെടിയണം. വീട്ടുകാരെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. എന്നിട്ടും അതില്‍ തുടരാനാണ് ഉപദേശമെങ്കില്‍ ആത്മധൈര്യം സംഭരിച്ച് സത്യം ഉള്‍ക്കൊണ്ട് സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക. ജീവിതത്തിനായി പോരാടുക. ആക്ഷേപിക്കുന്ന സമൂഹത്തില്‍ മാന്യതയോടെ തലയുയര്‍ത്തി ജീവിക്കുക.
സ്വന്തമായി ജോലിയോ വിദ്യാഭ്യാസമോ നേടാന്‍ കഴിയാത്ത സ്ത്രീകളുണ്ട്. പലപ്പോഴും അത്തരക്കാരാണ് കൂടുതല്‍ പീഡനത്തിന് ഇരയാവുന്നത്. ഇത്തരക്കാര്‍ക്ക് ഒരുപാട് സുരക്ഷാ സംഘടനകള്‍ ഇന്ന് നാട്ടിലുണ്ട്. ജീവിത ചുറ്റുപാടുകള്‍ കൊണ്ട് മറ്റുള്ളവരുടെ ക്രൂരതകള്‍ക്ക് ഇരയാകേണ്ടവരല്ല നമ്മളെന്ന് ബോധ്യം ഉണ്ടാവണം. വേദനകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ബന്ധത്തില്‍ എന്തിന്റെ പേരിലാണെങ്കിലും തുടരാന്‍ കുടുംബക്കാര്‍ നിര്‍ബന്ധിക്കരുത്. മരണത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമാണത്.
കുട്ടികളെ ഓര്‍ത്ത് ഞങ്ങള്‍ ഈ ബന്ധം തുടര്‍ന്നു പോകുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ മനസ്സ് അകന്ന മാതാപിതാക്കളോടൊപ്പം കഴിയുന്ന കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും? കുഞ്ഞുമക്കളുടെ വികാരങ്ങള്‍ക്ക് വിവാഹമോചനത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലേ? ഒരുപക്ഷേ അനാഥത്വത്തെക്കാള്‍ വേദനപേറുന്നത് ആ കുരുന്നുകളാണ്. പലതരം കാരണങ്ങള്‍ സൃഷ്ടിച്ച് അകലുന്നവര്‍ അറിയാതെ പോകുന്ന ജീവിതങ്ങളാണ് ആ കുരുന്നുകളുടേത്. രണ്ടുപേരുടെയും സ്നേഹത്തിനും സാമീപ്യത്തിനും ഒരുപോലെ അര്‍ഹരാണെന്ന്, വിവാഹമോചനത്തിലൂടെ സ്വാതന്ത്ര്യം നേടി രക്ഷപെട്ടു പോകുന്ന മാതാപിതാക്കള്‍ മറന്നു പോയേക്കാം. എന്നാല്‍ കുഞ്ഞിന്റെ ആവശ്യങ്ങളും സ്വാതന്ത്ര്യങ്ങളും താല്‍പര്യങ്ങളും ഇഷ്ടങ്ങളും സ്നേഹങ്ങളും ബലി കഴിക്കുകയാണ് എന്നുകൂടി ഓര്‍മിക്കണം. കുഞ്ഞിന്റെ മേലുള്ള അവകാശങ്ങള്‍ ലഭിക്കാന്‍ കുഞ്ഞിന്റെ മനസ്സിലേക്ക് വെറുപ്പും വിദ്വേഷവും മറ്റു ചിന്തകളും കടത്തിവിടാന്‍ ശ്രമിക്കുന്നത് എത്ര നീചമായ പ്രവര്‍ത്തിയാണ്! ഇത്തരം ദാമ്പത്യജീവിതം കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ നാളെ സമൂഹത്തില്‍ നല്ല ജീവിതം തുടരാന്‍ സാധ്യത കുറവാണ്. ഈ തെറ്റു തന്നെ അവരും ആവര്‍ത്തിക്കാന്‍ ഇടയാകുന്നു. കുട്ടികള്‍ക്കു വേണ്ടി ഉപദ്രവകാരിയായ ഭര്‍ത്താവിനോടൊപ്പം ജീവിതകാലം മുന്നോട്ട് കൊണ്ടുപോവുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങള്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. കാലങ്ങള്‍ക്കു മുമ്പ് ഒരു അമ്മ പറഞ്ഞു: ഞാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ നാളെ എന്റെ മക്കള്‍ എന്നെ വെറുക്കില്ലേ എന്ന്. ഉപദ്രവിക്കുന്ന ഭര്‍ത്താവിനെക്കുറിച്ച് ബോധ്യപ്പെടുത്തിയാല്‍ അവര്‍ ഒരിക്കലും കുറ്റം പറയില്ല. എല്ലാം അതിജീവിച്ച് അവരുടെ നല്ല ജീവിതത്തിനുവേണ്ടി പരിശ്രമിക്കുന്ന അമ്മയെ കുറ്റംപറയാനും വെറുക്കാനും ഒരു മക്കള്‍ക്കും കഴിയില്ല. പകരം ആ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചു നാളെ സമൂഹത്തില്‍ നന്മയുള്ളവരാവാനുള്ള മക്കളായി വളര്‍ത്തിയെടുക്കാനും കഴിയും.
എത്രയോ നിസ്സാരമായ കാര്യങ്ങള്‍ക്കാണ് പലരും ദാമ്പത്യബന്ധം മുറിച്ചുകളയുന്നത്. അത്തരം ഒരു സംഭവം അടുത്തിടെ അറിഞ്ഞു. രോഗം വരുന്നതിന് ഒരു മനുഷ്യനെ ഇങ്ങനെ ശിക്ഷിക്കാന്‍ പാടുണ്ടോ? വിവാഹം കഴിഞ്ഞയുടന്‍ കുഞ്ഞിനെ കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഉപേക്ഷിച്ചുപോയ ഭര്‍ത്താവ്. അതും അവര്‍ക്കു വന്ന രോഗം താല്‍ക്കാലികം മാത്രമാണ്. ഒന്ന് ക്ഷമിച്ചിരുന്നെങ്കില്‍ അവര്‍ക്കൊരു നല്ല ജീവിതം സാധ്യമാകുമായിരുന്നു. ഇത്തരം സ്വഭാവക്കാര്‍ക്ക് നാളെ റബ്ബിന്റെ മുമ്പില്‍ എന്തു നന്മയാണ് അവകാശപ്പെടാനുണ്ടാകുക? രോഗം ആര്‍ക്കും ഏതുസമയത്തും വരാം. സുഖപ്പെടുത്താന്‍ കഴിയുന്നതാണെങ്കില്‍ അതുവരെയെങ്കിലും കാത്തുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മനുഷ്യ മനസ്സുകള്‍ ദുഷിച്ചു പോയോ? വളരെ എളുപ്പത്തില്‍ വിവാഹമോചനം നേടി രക്ഷപെട്ടു പോകുന്നു. പക്ഷേ, ഒരു വിവാഹമോചിതയായ സ്ത്രീ സമൂഹത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഒരു പുരുഷന് നേരിടേണ്ടി വരുന്നില്ല. അതെന്തുകൊണ്ടാണ്? വിവാഹമോചനം നേടിയ ഒരു പുരുഷനും സമൂഹത്തില്‍ നിന്ന് കുത്തുവാക്കുകള്‍ നേരിടേണ്ടി വരുന്നില്ല. അവരുടെ സ്വീകാര്യതയ്ക്ക് സമൂഹത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നുമില്ല. എന്നാല്‍ സമൂഹത്തിലെയും കുടുംബക്കാരുടെയും ഇടയിലെ കുത്തുവാക്കുകള്‍ സഹിച്ചു ഉരുകി കഴിയുന്ന സ്ത്രീയുടെ ഹൃദയം കാണാന്‍ റബ്ബിനല്ലാതെ മറ്റാര്‍ക്കുമാവില്ല.
ഭര്‍ത്താവിന്റെ പെട്ടെന്നുള്ള പ്രകോപനത്തില്‍ അടി വാങ്ങുന്ന ധാരാളം സ്ത്രീകളുണ്ട്. അച്ചടക്കം ഇല്ലാത്ത സ്ത്രീയെ ആദ്യം ശാസിക്കുകയാണു വേണ്ടത്. ശാസിക്കുന്നതിനു മുമ്പ് അവരുടെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തികള്‍ക്കു താനോ തന്റെ വീട്ടുകാരോ ബന്ധുക്കളോ ഒരു തരത്തിലും കാരണമല്ലെന്നും തന്റെ ഭാഗത്തു പൂര്‍ണമായും ന്യായം ഉണ്ടെന്നും ബോധ്യം വരുത്തണം. അവളുടെ പ്രവര്‍ത്തികള്‍ കൊണ്ട് ഇഹത്തിലും പരത്തിലും ഉണ്ടാവുന്ന ഫലങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കുക. പെണ്ണിന്റെ പ്രത്യേക സ്വഭാവങ്ങളാല്‍ സംഭവിച്ചുപോയ തെറ്റുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കൗണ്‍സിലിംഗുകൾ കൊണ്ട് സാധിക്കും. അതുപോലെ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകൾക്ക് എടുത്തുചാടാതെ തിരുത്താനുള്ള മാര്‍ഗങ്ങള്‍ തേടി കുടുംബ ജീവിതം സംരക്ഷിക്കാന്‍ സ്ത്രീകളും ശ്രമിക്കണം. തെറ്റുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യര്‍ വിരളമാണ്. ഭര്‍ത്താവിന്റെ സ്നേഹവായ്പുകളും ശാസനകളും ലഭിക്കാതെ പോകുന്നത് പലപ്പോഴും അഹങ്കാരം കൊണ്ടു മാത്രമായിരിക്കും. അതൊരുപക്ഷേ, സൗന്ദര്യമോ വിദ്യാഭ്യാസമോ സമ്പത്തോ കുടുംബ മഹിമയോ ആയിരിക്കാം അഹന്തയില്‍ നിന്ന് താഴെയിറങ്ങി വരാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത്. ശാസനയും ഉപദേശവും ബഹിഷ്‌കരണവും കഴിഞ്ഞാല്‍ മൂന്നാമതായാണ് ചെറിയ ശിക്ഷകള്‍ എന്ന രീതിയില്‍ ഖുര്‍ആന്‍ പ്രഹരം നിര്‍ദേശിക്കുന്നത്. “ഭാര്യയെ അടിക്കുന്നവന്‍ മാന്യനല്ല’ എന്നാണ് റസൂൽ (സ്വ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്. “നിങ്ങളില്‍ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ലവന്‍'(ബുഖാരി, തിര്‍മുദി). ഈ മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ അവസാന മാര്‍ഗമായാണ് ഖുര്‍ആന്‍ പ്രഹരം നിര്‍ദേശിക്കുന്നത്. അതും ഒരു സ്ത്രീക്ക് അഭിമാനക്ഷതം ഉണ്ടാക്കുന്ന രീതിയില്‍ മുഖത്തോ മറ്റു ഭാഗങ്ങളിലോ ആവരുതെന്ന് റസൂൽ പ്രത്യേകം നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇതൊരിക്കലും ഒരു സ്ത്രീയെ അപമാനിക്കാനല്ല. എപ്പോഴും സ്നേഹം നല്‍കുകയും തന്റെ സ്നേഹപ്രകടനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്യുന്ന തന്റെ ഇണയുടെ പ്രഹരം അവളെ വീണ്ടുവിചാരത്തിനും ഖേദ പ്രകടനത്തിനും തെറ്റുതിരുത്തലിനും വഴിയൊരുക്കുന്നു. ഈ ശിക്ഷണത്തിന്റെ ലക്ഷ്യം ഒരു കുടുംബത്തെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിനാണ്. അല്ലാതെ സ്വയം ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളിലെല്ലാം ഭാര്യമാര്‍ക്കെതിരെ പ്രയോഗിക്കാന്‍ വേണ്ടിയുള്ളതല്ല. കുടുംബ ബന്ധങ്ങളില്‍ വിളളലുകള്‍ ഉണ്ടാകുമ്പോള്‍ സമാധാനപരമായും യുക്തിപരമായും ആലോചിച്ച് തീരുമാനങ്ങളെടുത്താല്‍ ഇത്തരം പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ ഓരോ സ്ത്രീക്കും പുരുഷനും കഴിയും.
ഡോ. ഫാദില
You must be logged in to post a comment Login