ഇടതുപക്ഷമേ, അത് തെറ്റാണെന്നറിയാം; പരിഹാരമാണ് പ്രതീക്ഷിക്കുന്നത്

ഇടതുപക്ഷമേ,  അത് തെറ്റാണെന്നറിയാം; പരിഹാരമാണ് പ്രതീക്ഷിക്കുന്നത്

“”അമുസ്‌ലിംകളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ, മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെ ആണ് നാര്‍ക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്ന് നമ്മള്‍ സാധാരണ പറയുന്നത്. വര്‍ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ. തീവ്രനിലപാടുകാരായ ജിഹാദികള്‍ നടത്തുന്ന ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു എന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.”
-പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഈ വാചകങ്ങള്‍ മാഞ്ഞുപോകാത്തവണ്ണം ഇവിടെ സൂക്ഷിക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ സുദീര്‍ഘമായ ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ പലരില്‍ നിന്നായി പുറപ്പെട്ട കൊടുംവാക്കുകളുടെ ഗണത്തില്‍ നമുക്കിത് ചേർത്തുവെക്കേണ്ടതുണ്ട്. കേരളം ജീവിക്കുന്ന ജീവിതത്തെ നെടുകെപ്പിളര്‍ത്താനുള്ള വമ്പന്‍ പദ്ധതികളുടെ ആമുഖം.

പോയവാരം ചൂണ്ടുവിരലിന്റെ ആമുഖം ഈ വരികളായിരുന്നു. കേരളത്തിന്റെ പൊതുജീവിതത്തില്‍ ഒരിക്കലും സംഭവിക്കരുതാത്ത ഒരു തെറ്റായിരുന്നല്ലോ ആ വാചകം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പാലാ ബിഷപ്പ് ഇണക്കിയെടുത്ത ഒരു വാക്ക് മാത്രമല്ലായിരുന്നു ആ വിഷലിപ്ത വാചകത്തിന്റെ കാമ്പ്. മറിച്ച് മുസ്‌ലിംകള്‍ അമുസ്‌ലിംകള്‍ എന്നുള്ള അപകടകരമായ പിളര്‍പ്പന്‍ യുക്തിയും തീവ്രനിലപാടുകാരായ ജിഹാദികള്‍ എന്ന പ്രയോഗവുമായിരുന്നു. മുസ്‌ലിംകള്‍ എന്ന പ്രമേയത്തിലേക്ക് ആഗോളമായി ഗൂഢതാല്‍പര്യത്തോടെ പ്രയോഗിക്കപ്പെടുന്ന മുന്‍വിധികളെ ഏറ്റെടുക്കല്‍. എല്ലാറ്റിലുമുപരി വ്യാപാരം എന്ന മനുഷ്യവ്യവഹാരത്തിലേക്ക് മതേതര കേരളത്തിലെ ഒരു മതമേലധ്യക്ഷന്‍ വംശീയതയുടെ ചാപ്പയുമായി നടത്തിയ തേര്‍വാഴ്ച. വ്യാപാരം എന്നത് വളരെ പ്രധാനമാണ്. അത് സാമ്പത്തിക പ്രവര്‍ത്തനമാണല്ലോ? സാമ്പത്തിക പ്രവര്‍ത്തനമെന്നാല്‍ ജീവസന്ധാരണത്തിനുള്ള വഴിയാണ്. ഇന്ത്യയിലാകട്ടെ അത് ഭരണഘടനാദത്തമായ അവകാശവുമാണ്. വംശഹത്യകളുടെ ആഗോളചരിത്രം നമ്മുടെ മുന്നിലുണ്ട്, ഗുജറാത്തിലേതുള്‍പ്പടെ. വിശ്വാസപരമായ പിളര്‍പ്പല്ല വംശഹത്യകളുടെ ഇന്ധനമെന്ന് ആ ചരിത്രമെല്ലാം പറഞ്ഞുതരുന്നുണ്ട്. വംശഹത്യകള്‍ക്ക് നിഷ്ഠൂരമായ ഒരു സാമ്പത്തിക യുക്തിയുണ്ട്. വ്യാപാരത്തിലൂടെ ഒരു സമൂഹം സ്വൈര്യമായ ജീവിതം കരുപ്പിടിപ്പിക്കുന്നതിലും സാമ്പത്തികാഭിവൃദ്ധി നേടുന്നതിലുമുള്ള അസഹിഷ്ണുതയാണ് വിശ്വാസത്തെക്കാള്‍ വംശഹത്യക്ക് വിത്തിടുന്നത്. വിശ്വാസപരമായി മറ്റൊരു കൂട്ടത്തില്‍ കഴിയുന്നവരുടെ സാമ്പത്തികജീവിതത്തെ, അവരുണ്ടാക്കിയെടുത്ത അഭിവൃദ്ധികളെ ചൂണ്ടി അഴിച്ചുവിടുന്ന നുണ പ്രചാരണങ്ങള്‍ മനുഷ്യരില്‍ അതിവേഗം പകയുടെ വിത്തുകള്‍ വിതറും. ഗുജറാത്തില്‍ സംഭവിച്ചത് അതുകൂടിയായിരുന്നു. അതിനാല്‍ വിശ്വാസി മുസ്‌ലിംകള്‍ അവരുടെ വിവിധങ്ങളായ വിശുദ്ധപദങ്ങളില്‍ ഒന്നായി പരിഗണിക്കുന്ന, ഇസ്‌ലാമിന്റെ യഥാർത്ഥ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള, ജിഹാദ് എന്ന പദത്തെ തികച്ചും അനിസ്‌ലാമികമായ, ഇസ്‌ലാമില്‍ പൊറുക്കാനാവാത്ത തെറ്റുകൂടിയായ നാര്‍ക്കോട്ടിക്കിനെ ചേര്‍ത്തുകെട്ടി എന്നതുപോലെ അതിപ്രധാനമാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് വംശീയവിഭജനത്തിന്റെ വിത്തുകള്‍ എറിഞ്ഞു എന്നതും. നാര്‍ക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗം നിലവിലെ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് മതനിന്ദയുടെ ഗണത്തില്‍ വരുന്നതാണ്. സമാനമാണ് സാമ്പത്തിക പ്രവര്‍ത്തനത്തിലെ വംശീയ പിളര്‍പ്പിന് ആഹ്വാനം ചെയ്യലും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-ാം വകുപ്പ് ഇങ്ങനെയാണ്. Wantonly giving provocation with intent to cause riot—if rioting be committed—if not committed.—Whoever malignantly, or wantonly, by doing anything which is illegal, gives provocation to any person intending or knowing it to be likely that such provocation will cause the offence of rioting to be committed, shall, if the offence of rioting be committed in consequence of such provocation, be punished with imprisonment of either de­scription for a term which may extend to one year, or with fine, or with both; and if the offence of rioting be not committed, with imprisonment of either description for a term which may extend to six months, or with fine, or with both. പറഞ്ഞുവെന്നേയുള്ളൂ.
153 ബി കുറച്ചുകൂടി കടുപ്പമാണ്. (1) Whoever, by words either spoken or written or by signs or by visible representations or otherwise,—

(a) makes or publishes any imputation that any class of persons cannot, by reason of their being members of any religious, ra­cial, language or regional group or caste or community, bear true faith and allegiance to the Constitution of India as by law established or uphold the sovereignty and integrity of India, or

(b) asserts, counsels, advises, propagates or publishes that any class of persons shall, by reason of their being members of any religious, racial, language or regional group or caste or commu­nity, be denied or deprived of their rights as citizens of India, or

(c) makes or publishes any assertion, counsel, plea or appeal concerning the obligation of any class of persons, by reason of their being members of any religious, racial, language or region­al group or caste or community, and such assertion, counsel, plea or appeal causes or is likely to cause disharmony or feelings of enmity or hatred or ill-will between such members and other persons, shall be punished with imprisonment which may extend to three years, or with fine, or with both.

(2) Whoever commits an offence specified in sub-section (1), in any place of worship or in any assembly engaged in the perform­ance of religious worship or religious ceremonies, shall be punished with imprisonment which may extend to five years and shall also be liable to fine.] അതും പറഞ്ഞുവെന്നേയുള്ളൂ.

ഇപ്പറഞ്ഞതിനര്‍ഥം കേരളത്തിലെ പ്രമുഖമായ ഒരു സഭയുടെ അധ്യക്ഷനെതിരില്‍ നിന്നനില്പില്‍ കേസെടുക്കണമെന്നോ വിചാരണ ചെയ്യണമെന്നോ അല്ല. അദ്ദേഹം പറഞ്ഞ വാക്കുകളുടെ നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തണമായിരുന്നു എന്നാണ്. കാരണം ബിഷപ്പിന്റെ നാവില്‍ നിന്നും ബിഷപ്പിന്റെ പരിസരങ്ങളില്‍ നിന്നും ആ വാക്കുകള്‍ അവയുടെ ക്രൂരസഞ്ചാരം തുടങ്ങിക്കഴിഞ്ഞു. അത്തരമൊരു ബോധ്യപ്പെടുത്തല്‍ നാളിതുവരെ സംഭവിക്കാത്തത് ആ സഞ്ചാരത്തിന്റെ ഗതിവേഗത്തെ വര്‍ധിപ്പിച്ചിട്ടുണ്ട് എന്നതുകൊണ്ടുകൂടിയാണ്.

ഈ തുടര്‍ക്കുറിപ്പ് തയാറാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ മുന്നിലുണ്ട്.

“”നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് നേരത്തേ പറഞ്ഞിരുന്നു. പൊതുസമൂഹം പ്രസ്താവനക്കൊപ്പമല്ല.” ഇത്രയുമാണ് ആ വാക്കുകളുടെ കാമ്പ്. പാലാ ബിഷപ്പിന്റെ പ്രസ്താവന പുറപ്പെട്ടിട്ട് രണ്ടാഴ്ച പൂര്‍ത്തിയാവുമ്പോഴാണ് മതനിന്ദ പ്രത്യക്ഷത്തില്‍ വഹിക്കുന്ന ആ കുറ്റകരമായ വാചകത്തിനെതിരെ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ നിലപാട് വരുന്നത്. മതിയോ?

മതിയോ എന്ന മൂന്നക്ഷരം മാത്രമുള്ള ഈ ചോദ്യത്തിന് പക്ഷേ, ഒറ്റവാക്കില്‍ അല്ല ഉത്തരം. കേരളത്തിലെ ന്യൂനപക്ഷങ്ങളോട്, മുസ്‌ലിം ജനതയോട് ഇടതുപക്ഷത്തിനുള്ള ധാര്‍മികവും ചരിത്രപരവുമായ ബാധ്യത നിറവേറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകള്‍ പോരാ. എന്താണ് ആ ചരിത്രപരമായ ബാധ്യത? നിശ്ചയമായും അത് ഇടതുപക്ഷത്തിന് വോട്ട് നല്‍കി എന്നതിന്റെ പേരിലല്ല. മറിച്ച് ഇന്ത്യന്‍ ഇടതുപക്ഷം പൊതുവിലും കേരളത്തിലെ സി.പി.എം പ്രത്യേകിച്ചും മുസ്‌ലിം പ്രശ്‌നങ്ങളില്‍ മുന്‍കാലങ്ങളില്‍ കൈക്കൊണ്ട നിലപാടുകളുടെ പേരിലാണ്.
ഇന്ത്യന്‍ മുസ്‌ലിമിന്റെ ജീവിതം രാഷ്ട്രീയമായ കയ്യേറ്റത്തിന് ഏറ്റവും രൂക്ഷമായി വിധേയമായത് ബാബരിക്കാലത്താണ്. അക്കാലം ഇന്ത്യന്‍ ഫാഷിസം അതിന്റെ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് തുടങ്ങിയതായി സൂചനകളില്ല. കാരണം നമ്മള്‍ ഇതേ താളുകളില്‍ മുന്‍പ് സംസാരിച്ചതുപോലെ ഫാഷിസം ഒരു മതപദ്ധതിയോ ഒരു കേവല രാഷ്ട്രീയപ്രയോഗമോ അല്ല. അതിന്റെ വേരുകള്‍ കോര്‍പറേറ്റിസത്തിലാണ്. കോര്‍പറേറ്റുകളുടെ അതിവേഗ മൂലധന സഞ്ചാരത്തിനുള്ള സുഗമപാത എന്ന നിലയിലാണ് ഫാഷിസം പിറവികൊള്ളുക. തീര്‍ച്ചയായും വംശീയതയും അത് സൃഷ്ടിക്കുന്ന പിളര്‍പ്പുകളും അതിന്റെ ഭാഗമായി രൂപം കൊള്ളുന്ന ഭൂരിപക്ഷ വംശത്തിന്റെ കരുത്തന്‍ സര്‍ക്കാരുമാണ് ഫാഷിസത്തിന്റെ മാര്‍ഗവും ലക്ഷ്യവും. തുടര്‍ച്ചയായി ഭരിക്കാന്‍ കഴിയുന്ന കരുത്തന്‍ സര്‍ക്കാരിനെ സൃഷ്ടിക്കാനുള്ള അരങ്ങാണ് വംശീയത. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കരുത്തന്‍സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ പാവ സര്‍ക്കാരായിരിക്കും. ബാബരിക്കാലത്ത് പക്ഷേ, ഹിന്ദുത്വയും കോര്‍പറേറ്റിസവും തമ്മില്‍ ഇന്ന് കാണുന്ന ബാന്ധവത്തിലേക്ക് സഞ്ചരിച്ചെത്തിയിട്ടില്ല. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അസ്തമയഘട്ടം ആയിരുന്നു. കോണ്‍ഗ്രസ് അന്തരാ ശുഷ്‌കിച്ച കാലം. എങ്കിലും അവര്‍ ഭരണത്തിലുണ്ട്. കോര്‍പറേറ്റുകള്‍ അവര്‍ക്കൊപ്പമുണ്ട്. ചങ്ങാത്ത മുതലാളിത്തം പീലിവിരിച്ചാടുന്നുമുണ്ട്. അക്കാലമാണ് ബാബരിക്കാലം. സൂക്ഷിച്ചു നോക്കിയാല്‍ ബാബരിത്തര്‍ക്കത്തില്‍ കോണ്‍ഗ്രസ് വലിയ ഇന്ധനമായിരുന്നു എന്നു കാണാം. ദേശീയ പ്രസ്ഥാനത്തിനുശേഷം ഗാന്ധിയാല്‍ പിരിച്ചുവിടപ്പെട്ട ഒന്നാണല്ലോ സ്വാതന്ത്ര്യസമരം നയിച്ച കോണ്‍ഗ്രസ്. ശേഷമുണ്ടായ കോണ്‍ഗ്രസില്‍ ഹിന്ദുത്വ വലിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ ഹിന്ദുത്വയുടെ ഇടപെടല്‍ ബാബരിക്കാലത്ത് കാണാം. മുസ്‌ലിംകള്‍ക്ക് ഒരു വിശ്വാസിസമൂഹമെന്ന നിലയില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നുമുണ്ട്. ശരീഅത് ഓര്‍ക്കുക.
മതരഹിത മതേതരത്വമായിരുന്നു അക്കാലത്ത് ഇടതുപക്ഷത്തിന്റെ നിലപാട്. അതില്‍പക്ഷേ, തരിമ്പും ഹിന്ദുത്വ പ്രവര്‍ത്തിച്ചതായി കാണാന്‍ കഴിയില്ല. മതത്തെ അക്കാലത്ത് പരിഗണിച്ചില്ല എന്നുപറയാം. പക്ഷേ, മതവിശ്വാസികളുടെ മൗലികാവകാശം അവരുടെ താല്പര്യമായിരുന്നുതാനും. ബാബരിപ്രശ്‌ന സമയത്ത് കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം ബാബരി മുസ്‌ലിംകളുടേതാണ് എന്ന ശരിയായ നിലപാട് സ്വീകരിച്ചിരുന്നില്ല എന്നും കാണാം. പക്ഷേ, കോണ്‍ഗ്രസിന്റെ ആന്തരികഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുഅനുകൂലതയും രാമജന്മഭൂമി ഉന്മുഖതയും സി പി എമ്മിന് ഇല്ലായിരുന്നു. അക്കാലത്ത് അവര്‍ക്ക് ബാബരി തര്‍ക്കമന്ദിരമായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെ ബാബരി തകര്‍ക്കപ്പെട്ടപ്പോള്‍ സി പി എം മുസ്‌ലിം താല്‍പര്യത്തെ ഗാഢമായി ഏറ്റെടുക്കുന്നതായി കാണാം. മതസഹിത മതേതരത്വത്തെക്കുറിച്ചുള്ള ശരിയായ ആലോചനകളും അവരില്‍ സംഭവിക്കുന്നുണ്ട്. അങ്ങനെ ഉപാധികളില്ലാതെ ഇടതുപക്ഷവും സി പി എമ്മും മുസ്‌ലിം വികാരത്തിനൊപ്പം നിന്നു. സമുദായത്തിന്റെ അന്നത്തെ അരക്ഷിതനിലയില്‍ ആ ചേർന്നുനില്‍ക്കലിന് വലിയ പ്രധാന്യമുണ്ടായിരുന്നു. കേരളത്തിലെ സി പി എമ്മിന്റെ രാഷ്ട്രീയവളര്‍ച്ചയില്‍ ആ നിലപാട് വലിയ പങ്കും വഹിച്ചു.

ബാബരി അനന്തര ഇന്ത്യ തീവ്രഭൂരിപക്ഷത്തിന്റെ പരീക്ഷണശാലയായി മാറിയല്ലോ? ഗുജറാത്ത് അതിന്റെ വലിയ വിളവെടുപ്പായിരുന്നു. ആസൂത്രിതവും സാമ്പത്തിക-വംശീയ ഗൂഢാലോചനകളാല്‍ തീവ്രവും ആയിരുന്ന വംശഹത്യ. അക്കാലത്ത് പലപാട് ശക്തിയില്‍ സി പി എമ്മും ഇടതുപക്ഷവും മുസ്‌ലിമിനോട് ചേർന്നുനിന്നു. പൊളിറ്റിക്കല്‍ ഇസ്‌ലാമിനോട് ദൂരം പ്രഖ്യാപിച്ചും വിശ്വാസിമുസ്‌ലിമിനോട് സലാം മടക്കിയും സവിശേഷമായ ഒരു സൗഹാര്‍ദാന്തരീക്ഷത്തെ അവര്‍ നിര്‍മിച്ചു. ചില്ലറ വീഴ്ചകളും മുറിവുകളും ഇല്ലെന്നല്ല. അതില്‍ ഉപ്പു പുരട്ടാനുള്ള പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ നീക്കങ്ങളെ പക്ഷേ, സമുദായവും തോല്‍പിച്ചു. ബാബരിക്കും ഗുജറാത്തിനും ശേഷം ഇന്ത്യന്‍ മുസ്‌ലിമിനെതിരില്‍ നടന്ന വമ്പന്‍ കയ്യേറ്റമായിരുന്നല്ലോ പൗരത്വനിയമ ഭേദഗതി. അക്കാലത്ത് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരും അതിന്റെ നായകനായ പിണറായി വിജയനും നടത്തിയ ചരിത്രപരമായ ഇടപെടല്‍ സമാനതകളില്ലാത്ത ഒന്നായിരുന്നു. അത് വിശ്വാസിജീവിതം പേറലേല്‍ക്കാതെ നയിക്കാന്‍ പെടാപ്പാട് പെടുന്ന ഒരു മുസ്‌ലിമിന് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. അത്തരം മുസ്‌ലിംപക്ഷത്ത് നിന്നുള്ള, ഭരണഘടനയുടെ സത്തയെ ഉയര്‍ത്തിയ, ഒട്ടും വൈകാതെ ഉള്ള ഇടതുപക്ഷത്തിന്റെ ഇടപെടലുകള്‍ സമുദായത്തിന്റെ സജീവ ഓര്‍മയുമാണ്. ആ ഓര്‍മകള്‍ കൂടിയാണ് അപ്രതിരോധ്യമായ ഒരു ഭരണശക്തിയായി ഇടതുപക്ഷത്തെയും സി പി എമ്മിനെയും മാറ്റിത്തീര്‍ത്തത്. ഈ ഇടപെടലുകള്‍ എല്ലാം തന്നെ കാലതാമസമില്ലാതെ സംശയരഹിതമായി നടത്തിയ ഒന്നാണെന്നും ഓര്‍മിക്കാം.

നിര്‍ഭാഗ്യവശാല്‍ ആ ജാഗ്രത ബിഷപ്പിന്റെ വിഷലിപ്ത പ്രസ്താവനയോടും ആ പ്രസ്താവന സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വംശീയ വേര്‍തിരിവുകളോടും പ്രതികരിക്കുന്നതില്‍ സി പി എമ്മിനും സര്‍ക്കാരിനും നഷ്ടപ്പെട്ടു. ഒറ്റക്കേള്‍വിയില്‍ ഭരണഘടനാ വിരുദ്ധവും കുറ്റകരവും വംശീയതയെ ഉള്‍വഹിക്കുന്നതുമായ ആ പ്രസ്താവനയോട് പ്രതികരിക്കാന്‍ സി പി എം തയാറായില്ല. സംശയ രഹിതമായ ഒരു തള്ളിക്കളയല്‍ ആ വംശീയ വിദ്വേഷ പ്രചാരണത്തിന്റെ മുന അന്നേ ഒടിച്ചേനെ. അത് സി.പി.എം ചെയ്തില്ല. വിശ്വാസിമുസ്‌ലിമിനെ, അവന്റെ ജീവസന്ധാരണത്തിനുള്ള വ്യാപാരങ്ങളെ ലഹരിയോട് നിഷ്‌കരുണവും നിര്‍ലജ്ജമായി കൂട്ടിക്കെട്ടിയ ബിഷപ്പ് പണ്ഡിതനാണെന്ന സര്‍ട്ടിഫിക്കറ്റ് പരസ്യമായി കൊടുത്ത് മന്ത്രി വി.എന്‍ വാസവനും അഴകൊഴമ്പന്‍ പ്രതികരണം നടത്തുക വഴി സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും ചെയ്തത് മുറിവേറ്റ ഒരു വിഭാഗത്തിന്റെ മുഖത്തടിക്കലാണ്. അത് ചെയ്യരുതായിരുന്നു.

വിശ്വാസികള്‍ക്ക് മുറിവേറ്റിരിക്കുന്നു. കേരളത്തിന്റെ മതേതരമനസില്‍ കാലുഷ്യത്തിന്റെ കാളകൂടം പതഞ്ഞൊഴുകുകയാണ്. ആ പ്രസ്താവന തെറ്റാണ് എന്നല്ല മുഖ്യമന്ത്രിയും ഭരിക്കുന്ന പാര്‍ട്ടിയും പറയേണ്ടത്. കുറ്റകരമായ ഒന്ന് ശരിയായിരിക്കില്ലല്ലോ? തെറ്റാണ് എന്ന സര്‍ട്ടിഫിക്കറ്റ് വെറുതേ നല്‍കുന്നത് എന്തിന്? പ്രസ്താവന പിന്‍വലിക്കാന്‍ ബിഷപ്പിനോട് ആവശ്യപ്പെടുക. അത്രയേ വേണ്ടൂ. ആ ആര്‍ജവം ഇടതുപക്ഷത്തില്‍ നിന്ന് വിശ്വാസി മുസ്‌ലിംകളും മതേതരകേരളവും പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് മുന്‍പ് കോണ്‍ഗ്രസ് ചെയ്ത തെറ്റ് നിങ്ങള്‍ ആവര്‍ത്തിക്കരുത്. ആ തെറ്റാണ് അവരെ അപ്രസക്തരാക്കിയത്. ഇടതുപക്ഷം അപ്രസക്തമാകരുതെന്ന് കേരളം ആഗ്രഹിക്കുന്നുണ്ട്.

കെ കെ ജോഷി

You must be logged in to post a comment Login