ഫലസ്തീന്‍ കുട്ടികളുടെ ജീവിതം എത്രത്തോളം ദുസ്സഹമാണെന്ന് പലര്‍ക്കുമറിയില്ല. ഇസ്രയേല്‍ അധിനിവേശം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ചെറുതൊന്നുമല്ല.
അധിനിവേശ വെസ്റ്റ് ബാങ്കിലെ നബി സാലിഹ് ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് ഏഴു വയസുള്ളപ്പോള്‍, എന്റെ മാതാവിന്റെ മൊബൈല്‍ ഫോണില്‍ ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും പങ്കുവയ്ക്കാന്‍ ഞാന്‍ ചെറിയ വീഡിയോകള്‍ നിര്‍മിക്കുമായിരുന്നു.
ഞങ്ങളുടെ ദൈനംദിന ജീവിതം പകര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. രാത്രി സഞ്ചാരങ്ങള്‍, പുലര്‍ച്ചെ മൂന്നു മണിക്ക് പൊട്ടിത്തെറിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ ശബ്ദം, ജനാലയ്ക്കു സമീപമുള്ള ബോംബാക്രമണം, അല്ലെങ്കില്‍ വീട്ടില്‍ അതിക്രമിച്ച് കയറാനുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ ശ്രമങ്ങള്‍.
ഈ ആഴ്ച, ലോകനേതാക്കള്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര പൊതുസഭയില്‍ യോഗം ചേര്‍ന്നിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ജനീവയിലും നടക്കുന്നു. ഫലസ്തീന്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം മൗനം അവസാനിപ്പിക്കേണ്ട സമയമാണിത്. ഇസ്രയേല്‍ ഞങ്ങളുടെ അവകാശങ്ങളെ അവഗണിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു.
ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം ഉൾപ്പടെ അടിസ്ഥാനപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലംഘിക്കപ്പെടുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍ എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ മൂലമുണ്ടാകുന്ന ദുഃഖം, സമ്മര്‍ദം, ഏകാന്തത, ഭയം എന്നിവയെ മറികടക്കാന്‍ ഞങ്ങള്‍ പലപ്പോഴും പാടുപെടുന്നുണ്ട്. ഗസ്സയിലെ എന്റെ സുഹൃത്തുക്കള്‍ എല്ലാ ദിവസവും ഇസ്രയേലിന്റെ ബോംബുകള്‍ തങ്ങളെ ലക്ഷ്യം വെക്കുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്.
ഈ വര്‍ഷം പെരുന്നാളിന്റെ അവസാനദിവസമാണ് എന്റെ കസിന്‍ മുഹമ്മദ് മുനീര്‍ അല്‍ തമീമി കൊല്ലപ്പെട്ടത്. ഇസ്രയേലി പട്ടാളക്കാര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു. അവര്‍ തെരുവുകളില്‍ കാണുന്നവരെയെല്ലാം വെടിവെക്കുന്നു. സഹോദരനെ തേടി മുഹമ്മദ് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഒരു സൈനികന്‍ അവന്റെ വയറ് ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. അവന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
സുഹൃത്തുക്കളും ബന്ധുക്കളും നഷ്ടപ്പെടുന്നത് ഞങ്ങളെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ ശക്തരാണ്. ഉതിര്‍ത്തിട്ടും ശരീരത്തിലേല്‍ക്കാതെ പോകുന്ന ഓരോ വെടിയുണ്ടകളും ഞങ്ങൾക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. അധിനിവേശ ശക്തികളെ ചെറുക്കാനുള്ള ദൃഢനിശ്ചയം നല്‍കുകയും ചെയ്യുന്നു.
ഒരു സൈനിക കോടതി സംവിധാനത്തില്‍ കുട്ടികളെ പതിവായി അറസ്റ്റുചെയ്യുകയും തടവിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇസ്രയേലാണ്.
എന്റെ കസിന്‍, അഹദ് തമീമി, വെറും 16 വയസ്സുള്ളപ്പോള്‍ എട്ടു മാസം ഇസ്രയേലി ജയിലില്‍ കിടന്നു. ചിലര്‍ “അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍’ ആയിരുന്നു, അതായത് വര്‍ഷങ്ങളോളം യാതൊരു ചാര്‍ജോ ഔദ്യോഗിക കുറ്റവിചാരണയോ കൂടാതെ ജയിലില്‍ കഴിയേണ്ടിവരും.
ഇസ്രയേലി ജയിലുകളില്‍ തടവിലാക്കപ്പെട്ട ഫലസ്തീന്‍ കുട്ടികള്‍ വലിയ ആഘാതം നേരിടുന്നു. ജയില്‍ മോചിതരായാലും അവര്‍ക്ക് നഷ്ടപ്പെട്ട ബാല്യം തിരികെ ലഭിക്കില്ലല്ലോ?
എനിക്ക് 12 വയസ്സുള്ളപ്പോള്‍, ജോര്‍ദാനില്‍ നിന്ന് മടങ്ങിവരുന്ന അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം എന്നെ തടയുകയും മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തു. എന്റെ കൂടെ രക്ഷിതാവോ അഭിഭാഷകനോ ഇല്ലായിരുന്നു. അതിനാല്‍ ചോദ്യം ചെയ്യല്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്. പക്ഷേ, അവര്‍ കാര്യമാക്കിയില്ല.
ഈ സംഭവത്തിനുശേഷം, ഒരു പത്രപ്രവര്‍ത്തകയായി രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് കാര്‍ഡ് വഹിക്കുന്ന പത്രപ്രവര്‍ത്തകയായി. ആ അംഗീകാരം എനിക്ക് കുറച്ചു സംരക്ഷണം നല്‍കി. പക്ഷേ, മാധ്യമപ്രവര്‍ത്തകരും അധിനിവേശ ഫലസ്തീനില്‍ പതിവായി അറസ്റ്റു ചെയ്യപ്പെടുകയും പരിക്കേൽപിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
ആക്ഷന്‍ എയ്ഡ്, അല്‍-ഹഖ് എന്നീ സന്നദ്ധ സംഘടനകള്‍ സംഘടിപ്പിച്ച പൊതുവേദിയില്‍ ഇന്ന് ഞാന്‍ പങ്കെടുക്കും. ഫലസ്തീന്‍ കുട്ടികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അന്താരാഷ്ട്ര നിയമ ലംഘനങ്ങളെയും കുറിച്ച് ഞാന്‍ സംസാരിക്കും. അല്‍ ജസീറ അറബിക് ജേണലിസ്റ്റ് ഗിവാറ ബുദൈരി, ജൂണില്‍ ഇസ്രയേല്‍ സൈന്യം അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ സമാധാനപരമായ പ്രകടനം നടത്തുന്നതിനിടെ അക്രമാസക്തമായി അറസ്റ്റു ചെയ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളെക്കുറിച്ചും സംസാരിക്കും. ഷെയ്ഖ് ജര്‍റയില്‍ നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിച്ചതിനെക്കുറിച്ചും ജോര്‍ദാന്‍ താഴ്്വരയിലെ ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും മോഷണത്തെക്കുറിച്ചും സാക്ഷ്യപ്പെടുത്തും.
അതേസമയം, അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണ കമ്മീഷനുമായി പൂര്‍ണമായി സഹകരിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ക്കു നേരെ അന്താരാഷ്ട്ര സമൂഹത്തിന് കണ്ണടയ്ക്കുന്നത് തുടരാനാവില്ല.
എല്ലാ കുട്ടികളെയും പോലെ ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ വീടുകളിലും സ്‌കൂളുകളിലും സുരക്ഷിതമായിരിക്കാന്‍ അവകാശമുണ്ട്. പീഡനം, അക്രമം, ഏകപക്ഷീയമായ അറസ്റ്റ്, ഇസ്രയേല്‍ പട്ടാളക്കാരില്‍ നിന്നും കുടിയേറ്റക്കാരില്‍ നിന്നും ആക്രമണം ഇതില്‍ നിന്നെല്ലാം മുക്തരാകാന്‍ അവര്‍ക്ക് അവകാശമുണ്ട്.
പക്ഷേ, ഞങ്ങള്‍ ഇത്രത്തോളം ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്. ഫലസ്തീനെ സ്വതന്ത്രമാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മാറ്റത്തിന്റെ തലമുറയാണിത്. ഞങ്ങള്‍ ഫലസ്തീനെ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റും. അടിമവേലയോ കോളനിവത്കരണമോ ഇല്ലാത്ത, എല്ലാവരും തുല്യരായ, ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായും അന്തസ്സോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു ഇടം. എന്നാല്‍ ഞങ്ങൾക്കിത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. അന്താരാഷ്ട്ര സമൂഹം നിശബ്ദത അവസാനിപ്പിക്കുകയും അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ ഞങ്ങളുടെ പക്ഷത്ത് നില്‍ക്കുകയും വേണം.
(പതിനഞ്ചുകാരിയായ ഫലസ്തീനീ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകയുമാണ് ലേഖിക).
കടപ്പാട്: അൽജസീറ ഡോട് കോം
വിവർത്തനം: എബി
You must be logged in to post a comment Login