ഓര്‍മിക്കുകയാണ് ഖുര്‍ആന്‍

ഓര്‍മിക്കുകയാണ്  ഖുര്‍ആന്‍

“നിന്റെ നാഥന്‍ അടിമയായ സകരിയ്യക്ക്(അ) നല്‍കിയ അനുഗ്രഹത്തെ അനുസ്മരിക്കുകയാണ്’ (മര്‍യം 2). സകരിയ്യ നബിക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ കുറിച്ചാണ് ഈ അധ്യായത്തിന്റെ പ്രാരംഭത്തില്‍ പറയുന്നത്. അനുഗ്രഹങ്ങളെ ഓരോന്നായി വിശദീകരിക്കുന്നതിന്റെ മുമ്പെ “ഇത് അനുസ്മരണമാണ്’ എന്നാണ് ഖുർആൻ പറയുന്നത്. ഇത് ശ്രദ്ധേയമാണ്. സകരിയ്യ(അ) മാത്രമല്ല, വേറെയും ധാരാളം പ്രവാചകന്മാരെ ഈ സൂക്തത്തില്‍ ഓര്‍ക്കുന്നുണ്ട്. പലതിന്റെയും തുടക്കത്തില്‍ “അനുസ്മരിക്കൂ’ എന്ന് നിർദേശിക്കുന്നുമുണ്ട്. അല്ലാഹു ആദരിച്ചവരെ അനുസ്മരിക്കുന്നതിന് ഇസ്‌ലാമിലുള്ള പ്രാധാന്യമാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്.

അനുസ്മരിക്കാന്‍ പ്രേരിപ്പിക്കുന്ന ചില സൂക്തങ്ങള്‍ കൂടി ശ്രദ്ധിക്കാം.
സൂക്തം 16: വേദഗ്രന്ഥത്തില്‍ മര്‍യം ബീവിയെ കുറിച്ച് പറഞ്ഞു കൊടുക്കുക. അവര്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം.

സൂക്തം 41: വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീം നബിയെ കുറിച്ച് പറഞ്ഞു കൊടുക്കുക. അദ്ദേഹം സത്യവാനും പ്രവാചകനും തന്നെയായിരുന്നു.
സൂക്തം 51: വേദഗ്രന്ഥത്തില്‍ മൂസ നബിയെ കുറിച്ച് പറഞ്ഞുകൊടുക്കുക. ഉറപ്പ്, അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.
സൂക്തം 54: വേദഗ്രന്ഥത്തില്‍ ഇസ്മാഈല്‍ നബിയെ കുറിച്ച് പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവന്‍ തന്നെയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.

സൂക്തം 65: വേദഗ്രന്ഥത്തില്‍ ഇദ്‌രീസ് നബിയെ കുറിച്ച് പറഞ്ഞുകൊടുക്കുക. അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു (സൂക്തങ്ങളുടെ ആശയാംശമാണ് ഇവിടെ നല്‍കിയിരിക്കുന്നത്).

അനുഗ്രഹീതരുടെ മഹത്വം വിശദീകരിക്കുന്ന അധ്യായങ്ങള്‍ക്ക് അവരുടെത്തന്നെ പേരിട്ടത് പ്രത്യേകം ശ്രദ്ധിക്കുക. ‘അല്‍ അന്‍ബിയാഅ്'(പ്രവാചകന്മാര്‍) എന്ന പേരില്‍ ഖുര്‍ആനില്‍ ഒരു അധ്യായമുണ്ട്. അതിനു പുറമെ, ഇബ്‌റാഹീം, യൂസുഫ്, യൂനുസ് എന്നിങ്ങനെ പ്രവാചകന്മാരുടെ പേരില്‍ വേറെയും അധ്യായങ്ങളുണ്ട്. പ്രവാചകന്മാരല്ലാത്ത മര്‍യം, ലുഖ്മാന്‍ എന്നിവരുടെ പേരിലും അധ്യായങ്ങളുണ്ട്.
അനുഗ്രഹീതരുടെ മഹത്വം പഠിപ്പിക്കുകയാണ് ഖുര്‍ആന്‍. അതോടൊപ്പം ആ മഹത്വങ്ങള്‍ പറയുന്നത് ഇബാദ(ദേവോപാസന) കൂടിയാണെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. ‘പ്രവാചകന്മാരെ അനുസ്മരിക്കുന്നത് ആരാധനയും സജ്ജനങ്ങളെ(ഔലിയാഅ്) അനുസ്മരിക്കുന്നത് ദോഷങ്ങളെ പൊറുപ്പിക്കുന്നതുമാണെന്ന് ഹദീസില്‍ കാണാം.

അടിമത്തം ആര്‍ഭാടമാകുന്നതെങ്ങനെ?
സകരിയ്യ നബിക്ക് നല്‍കുന്ന വിശേഷണം “അല്ലാഹുവിന്റെ അടിമ’ എന്നതാണ്. ഒരാളുടെ മഹത്വം പറയുമ്പോള്‍ അയാള്‍ അടിമയാണ് എന്നു പറയുന്നത് ശരിയാണോ? അടിമത്തം മോശം വിശേഷണമല്ലേ? അതെ, അടിമത്തം മോശമാണ്. പക്ഷേ, അത് സൃഷ്ടികളുടെ അടിമയാകുമ്പോള്‍ മാത്രം. എല്ലാവരും സ്രഷ്ടാവിന്റെ അടിമകളാണല്ലോ. “എന്റെ അടിമ’ എന്ന് സ്രഷ്ടാവ് തന്നെ വിശേഷിപ്പിക്കുമ്പോള്‍ അതൊരു വലിയ അടുപ്പമാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് അടിമത്തത്തിന്റെ അടയാളങ്ങള്‍ എത്രയുണ്ടായാലും അയാളുടെ പദവികള്‍ ഉയരുകയാണ്.
ആ അടിമത്തം അതിന്റെ പരിപൂര്‍ണതയോടെ പ്രശോഭിച്ചത് റസൂലിലായിരുന്നല്ലോ? അവിടുത്തെ അടിമത്തത്തെ കുറിച്ച് പറയുമ്പോള്‍ മറ്റു സൂചകങ്ങള്‍ ആവശ്യമില്ലായിരുന്നു. “അല്ലാഹുവിന്റെ അടിമ’ എന്ന് മാത്രം പറയുമ്പോള്‍ അത് റസൂലിനെ ഉദ്ദേശിച്ചാകുന്നത് അങ്ങനെയാണ്. ഇനി റസൂല്‍(സ) ഉത്തുംഗതയിലേക്ക് ഉഡ്ഢയനം നടത്തിയതിനെ കുറിച്ചുള്ള ഖുര്‍ആനിക സൂക്തം ഓതി നോക്കൂ:
തന്റെ അടിമ മുഹമ്മദ് നബിയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് – അതിന്റെ ചുറ്റുപാടും നാം അനുഗ്രഹ പൂര്‍ണമാക്കിയിട്ടുണ്ട്- ഒരു രാത്രിയില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രേ. നബിക്ക് നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാനായിരുന്നു അത്. നിശ്ചയം, എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് അല്ലാഹു (സൂറ: ഇസ്‌റാഅ് 1 ആശയാംശം).
റസൂലിനെ കുറിച്ച് പറയുന്ന ചില സൂക്തങ്ങള്‍ കാണുക.
സൂറഃ അലഖ്: നിസ്‌കരിക്കുന്ന തന്റെ അടിമയെ തടയുന്നവനെ അങ്ങ് കണ്ടില്ലേ…(9, 10).

സൂറഃ ജിന്ന്: അല്ലാഹുവിന്റെ അടിമ പ്രാര്‍ഥനക്കായി നിന്നപ്പോള്‍ ശത്രുക്കള്‍ ചുറ്റും തിങ്ങിക്കൂടി (19).

ഇതെല്ലാം മുഹമ്മദ് റസൂലിനെ(സ്വ) കുറിച്ച് പറഞ്ഞതാണ്. ഇവിടെയൊന്നും തിരുനാമമോ മറ്റു സൂചകങ്ങളോ കൊടുത്തിട്ടില്ല. എന്നാല്‍ മറ്റുള്ളവരെ കുറിച്ച് പറയുമ്പോള്‍ ശൈലി മാറുന്നതും കാണാം. ചിലത് നോക്കാം.
സൂറഃ മര്‍യം 30: കുട്ടി സംസാരിച്ചു. ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ എനിക്ക് വേദം തരികയും പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
സൂറഃ മര്‍യം 2: നിന്റെ നാഥന്‍ തന്റെ അടിമയായ സകരിയ്യക്ക്(അ) നല്‍കിയ അനുഗ്രഹത്തെ അനുസ്മരിക്കുകയാണ്.
ഇതില്‍ ആദ്യത്തെ സൂക്തത്തില്‍ “ഈസ’നബി(അ) പറഞ്ഞു എന്ന് ആദ്യം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ സൂക്തത്തില്‍ “സകരിയ്യ’ എന്നും പേര് പരാമര്‍ശിച്ചിട്ടുണ്ട്.

സകരിയ്യ നബി(അ)
സകരിയ്യ നബിയെ കുറിച്ച് ഖുര്‍ആനില്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. മര്‍യം അധ്യായത്തിലും ആലു ഇംറാനിലുമാണ് കൂടുതല്‍ പറഞ്ഞത്. ഈ അധ്യായത്തില്‍ അവരുടെ പ്രാര്‍ഥനയും ഉത്തരവുമാണ് പറയുന്നത്. എന്നാല്‍ സകരിയ്യയുടെ(അ) മുഴുവന്‍ ചരിത്രവും ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. അതുപോലെ തന്നെ അവിടുത്തെ വിയോഗവും ഖുര്‍ആനിലില്ല. ചില ഗ്രന്ഥങ്ങളില്‍ നിന്ന് മനസിലാകുന്നത് അന്നത്തെ രാജാവിന്റെ ക്രൂരതക്ക് ഇരയായി കൊല്ലപ്പെട്ടുവെന്നാണ്. അത് ഒരു ഇസ്രയേലി കഥയാകാനും സാധ്യതയുണ്ട്. ഇസ്രയേല്‍ സന്തതികളുടെ നിവേദനങ്ങളെ തള്ളുകയോ കൊള്ളുകയോ വേണ്ടന്നാണ് തിരുവരുള്‍.
പുരുഷ സ്പര്‍ശമില്ലാതെ ഗര്‍ഭിണിയായ മറിയം ബീവിയുടെ ചരിത്രത്തിന്റെ ആമുഖമാണിത്. വൃദ്ധനായ ഭര്‍ത്താവില്‍ നിന്ന് വന്ധ്യയായ ഭാര്യ ഗര്‍ഭിണിയാകുന്ന സംഭവത്തിന്റെ കഥ പറഞ്ഞാണ് പുരുഷ സ്പര്‍ശമേല്‍ക്കാതെ പ്രസവിച്ച മര്‍യമിന്റെ(അ) കഥ ഖുര്‍ആന്‍ പറയുന്നത്. ഇത് ശ്രോതാവിനെ മാനസികമായി പാകപ്പെടുത്താനാണ് എന്ന് ഖുര്‍ആന്‍ പണ്ഡിതന്മാര്‍ പറയുന്നുണ്ട്.

ഫൈസല്‍ അഹ്സനി രണ്ടത്താണി

You must be logged in to post a comment Login