ഇസ്‌ലാമിലെ ആത്മധാരയാണ് സൂഫിസം. ആ ധാരയില്‍ ജീവിക്കുന്നവരെ നാം സൂഫി എന്നു വിളിക്കുന്നു. ജീവിതം മുഴുക്കെയും ഈശ്വരോപാസനയായി ഗണിക്കുന്നവര്‍. ക്ഷണികമായ ഭൗതികലോകത്തിനു വേണ്ടി മറ്റൊരു ജീവിതം അവര്‍ക്കില്ല. എല്ലാ നിമിഷവും ഒരേ കൊതിയോടെയും ആഗ്രഹത്തോടെയും കഴിയുന്നവര്‍. ശാശ്വതമായ ഈശ്വരസാമീപ്യം മാത്രം തേടുന്നവര്‍.
റസൂലിന്റെ കാലത്ത് പള്ളിയില്‍ അറിവും(ഇല്‍മ്) ഇബാദയും ലക്ഷ്യമിട്ട് ജീവിച്ചിരുന്ന അനുചരന്മാരുണ്ടായിരുന്നു; അഹ്്ലുസ്സുഫ. ആ പേരുമായാണ് സൂഫി എന്ന വിളിപ്പേരിനു ബന്ധമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഉമര്‍(റ) ഉദ്ധരിക്കുന്ന നബി വചനത്തില്‍ കാണാം: റസൂലിന്റെ സമീപത്തെത്തി ജിബ്്രീല്‍ മാലാഖ ചോദിക്കുന്നു: “എന്താണ് ഇഹ്‌സാന്‍?’ റസൂലിന്റെ മറുപടി: സ്രഷ്ടാവിനെ കാണുന്ന പോലെ ആരാധന ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുമല്ലോ?’
ഇഹ്‌സാന്‍ എന്നതിന്റെ അര്‍ഥം ഗുണം, നന്മ എന്നൊക്കെയാവാം. അങ്ങനെയെങ്കില്‍ ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം പരമമായ ഗുണം/ നന്മ എന്ത് എന്നാവും. ജീവിതത്തിലെ പരമമായ നന്മ സ്രഷ്ടാവിനെ കണ്ട് ജീവിക്കണമെന്നാവും. അങ്ങനെ ജീവിക്കുന്നവരെയാണല്ലോ നാം സൂഫി എന്നു വിളിക്കുന്നത്. അവരുടെ കണ്ണിലും ഖല്‍ബിലും ഇലാഹിനു മാത്രമേ ഇടമുള്ളൂ.
സൂഫിയും റസൂലും
ആത്മീയതയുടെ ആര്‍ദ്രമായ രുചിയാണല്ലോ റസൂല്‍ സ്‌നേഹം. സൂഫിസത്തിന്റെ പരമോന്നതിയില്‍ ഇലാഹിന്റെ സമീപമിരിക്കുമ്പോള്‍, ഇലാഹില്‍ ലയിച്ചുപോയ ഹൃദയത്തില്‍ അവന്റെ പ്രിയനുമിരിക്കുന്നുണ്ട്. റസൂലിനോടൊപ്പം ചേരാതെ സൂഫിക്ക് ഇലാഹിനെ കണ്ടെത്താനാവില്ല. റസൂലില്ലാതെ ആത്മീയതയില്ല. ആത്മീയതയില്ലാതെ റസൂലുമില്ല. നബി സ്‌നേഹികളായ സാധകരാണ് ആധ്യാത്മികജ്ഞാനികള്‍. റസൂലിലൂടെയാണ് അവര്‍ ഇലാഹിനെ കണ്ടത്. അങ്ങനെ അവര്‍ റസൂലിനോടൊപ്പം ജീവിച്ചു. സഞ്ചരിച്ചു. റസൂലിന്റെ കാല്‍പാടുകള്‍ പിന്തുടരാത്ത ത്വരീഖത്തുകള്‍ അടഞ്ഞവഴികളാണെന്ന് ജുനൈദുല്‍ ബഗ്ദാദി(റ).
സൂഫീ മാര്‍ഗത്തിന്റെ അന്തഃസത്ത തന്നെ ലൗകിക പരിത്യാഗമാണ്. ഇതു തന്നെയാണ് റസൂലിന്റെ മാര്‍ഗവും. മനുഷ്യോത്പത്തി മുതല്‍ സന്മാര്‍ഗ ദര്‍ശനത്തിനായി നബിമാര്‍ ആഗതരായിടത്തെല്ലാം സുഖലോലുപവര്‍ഗം മുഖം തിരിച്ചാണു നിന്നത്.
“ഏതൊരു നാട്ടില്‍ താക്കീതുകാരനായ ദൂതനെ നാം നിയോഗിച്ചപ്പോഴും അവിടത്തെ സുഖലോലുപന്മാര്‍ ഇങ്ങനെ ജല്‍പിക്കാതിരുന്നിട്ടില്ല: ഏതൊരു ദര്‍ശനവുമായി നിങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നുവോ, അതിനെ ഞങ്ങള്‍ നിഷേധിക്കുന്നു, ഉറപ്പ്; ഞങ്ങള്‍ക്കാണ് കൂടുതല്‍ സ്വത്തും സന്താനങ്ങളുമുള്ളത്; ഞങ്ങള്‍ ശിക്ഷാവിധേയരാകുന്നതല്ല!’ (സൂറതുസബഅ് 34,35).
ആര്‍ഭാട ജീവിതത്തിന്റെ എതിര്‍ ദിശയിലേക്കാണ് നബിമാരൊക്കെ ജനത്തെ വിളിച്ചത്. അതുകൊണ്ടാണല്ലോ സുഖലോലുപന്മാര്‍ മുഖം തിരിച്ചത്. റസൂലിന്റെയും അനുചരരുടെയും ജീവിതം കണ്ടാലറിയാം, അവര്‍ എത്രമാത്രം ലളിതമായിരുന്നുവെന്ന്. റസൂലിന്റെ ഇതേവഴി തന്നെയാണ് സൂഫിമാര്‍ഗമെന്ന് മനസിലാക്കാന്‍ ഇഹ്്യാ ഉലൂമിദ്ദീനില്‍ ഇമാം ഗസാലി ഒരു സംഭവം പറയുന്നു. നബി പ്രണയിയായ സാധകന്‍ ഉവൈസിന്റെ(റ) കഥ. റസൂല്‍ പറഞ്ഞു: “”കാരുണ്യവാനായ അല്ലാഹുവിന്റെ ശ്വസനം എനിക്ക് യമനിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നു”. എന്നാല്‍, ഉവൈസിന്റെ പ്രത്യക്ഷ ജീവിതമോ? ഒരു ഭ്രാന്തനായി മാത്രമേ അദ്ദേഹത്തെ വീട്ടുകാരും നാട്ടുകാരും ഗണിച്ചിരുന്നുള്ളൂ. വീടിനു പുറത്തായിരുന്നു പാര്‍ത്തിരുന്നത്. തെരുവില്‍ നിന്ന് പെറുക്കിയെടുക്കുന്ന കീറത്തുണികള്‍ തുന്നിച്ചേര്‍ത്ത് വസ്ത്രം ധരിച്ചു. ഭ്രാന്തനെന്നു കരുതി കുട്ടികള്‍ കല്ലെടുത്തെറിയുമ്പോള്‍ അദ്ദേഹം ചെറിയ കല്ലെടുത്തെറിയാന്‍ പറയും. രക്തം വാര്‍ന്നാല്‍ നിസ്‌കരിക്കാന്‍ നേരമാകുമ്പോള്‍ കഴുകാന്‍ വെള്ളം കിട്ടിയില്ലെങ്കിലോ!
ഉമര്‍(റ) ഖലീഫയായിരുന്നപ്പോള്‍ പല നാടുകളില്‍നിന്നെത്തിയ ജനക്കൂട്ടത്തില്‍ ഖര്‍ന് നിവാസികളുമുണ്ടായിരുന്നു. അവരോട് ഖലീഫ ഉവൈസിനെ തിരക്കി. അവര്‍ ചോദിച്ചു: “”അങ്ങെന്തിനാ അമീറുല്‍ മുഅ്മിനീന്‍ അയാളെ അന്വേഷിക്കുന്നത്? ഞങ്ങളുടെ പ്രദേശത്ത് അയാളെപ്പോലെ കൊള്ളരുതാത്ത, വിവരമില്ലാത്ത, ഒറ്റപ്പെട്ട മറ്റൊരാളില്ല” എന്നായിരുന്നു അവരുടെ മറുപടി. ഉമര്‍(റ) ഇതുകേട്ട് കരഞ്ഞു. എന്നിട്ടു പറഞ്ഞു: “”അദ്ദേഹത്തിന്റെ ശിപാര്‍ശയില്‍ റബീഅ്, മുളര്‍ എന്നീ രണ്ടു വലിയ ഗോത്രങ്ങളിലുള്ളത്ര ആളുകളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന് റസൂല്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.”.
ഉമറിന്റെ(റ) സംസാരം കേട്ട ഹറമുബ്‌നു ഹയ്യാന്‍(റ) ഉവൈസിനെ തേടി ഇറങ്ങി. ഹറം ഉച്ച നേരത്താണവിടെ എത്തിയത്. ചെല്ലുമ്പോള്‍ യൂഫ്രട്ടീസ് നദിയുടെ കരയിലിരുന്ന് വസ്ത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു ഉവൈസ്. നേരത്തേ അറിഞ്ഞിരുന്ന ലക്ഷണങ്ങള്‍ കൊണ്ടദ്ദേഹം തിരിച്ചറിഞ്ഞു. തിങ്ങിവളര്‍ന്ന താടി, മുണ്ഡനം ചെയ്ത തല, തടിച്ച, വിരൂപമെങ്കിലും ഗാംഭീര്യമുള്ള മുഖം. ഹറമുബ്‌നു ഹയ്യാന്‍ സലാം പറഞ്ഞു. ഉവൈസ് സലാം മടക്കി. ഹസ്തദാനം ചെയ്യാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഉവൈസ് ഹറമുബ്‌നു ഹയ്യാനെ പേരു വിളിച്ച് അഭിസംബോധന ചെയ്യുന്നു; തന്നെ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത അദ്ദേഹത്തിനെങ്ങനെ തന്റെ പേരറിഞ്ഞുവെന്ന ചോദ്യത്തിന് “അല്ലാഹു അറിയിച്ചുകൊടുത്തു’വെന്ന് മറുപടി പറയുന്നു. തുടര്‍ന്ന് അവര്‍ തമ്മില്‍ നീണ്ട സംഭാഷണം നടക്കുന്നു. ഉവൈസ് ഖുര്‍ആന്‍ ഓതുന്നു.
പൂര്‍ണമായ സൂഫി ജീവിതമാണ് ഉവൈസിന്റേത്. സൂഫീ ജീവിതവും നബിധാരയും രണ്ടല്ലെന്നു സാരം.
സൂഫികളുടെ നബി സ്‌നേഹത്തിന്റെ ചരിത്രം വായിക്കുമ്പോള്‍ അബൂബകര്‍ സിദ്ദീഖില്‍ നിന്ന്(റ) തുടങ്ങണം. അവരാണല്ലോ റസൂലിന്റെ സമൂഹത്തിലെ ആദ്യ സൂഫി. പിന്നെ ഉമര്‍, ഉസ്മാന്‍, അലി(റ). അങ്ങനെ ലക്ഷക്കണക്കിന് നബിഅനുചരന്മാര്‍. ലോകം കണ്ട മഹാന്മാരായ സൂഫികള്‍. അവരെല്ലാം സഞ്ചരിച്ച പാതയാണ് സൂഫിസത്തിന്റെ പാത. ജീവിതവും ആരാധനയും ഒന്നായി ഒഴുകിയ ജീവിതഗാഥ.
ഇസ്‌ലാം വളര്‍ന്നു പന്തലിച്ചു. ഭൂതലങ്ങളും വികസിച്ചു. സമ്പത്ത് കുന്നുകൂടി. ജന മനസുകള്‍ ഭൗതികതയാല്‍ നിറഞ്ഞു. സുഖലോലുപത ആഴ്ന്നിറങ്ങി മനസ് അശുദ്ധമായി. ലാളിത്യം അകന്നു. തിരുത്താന്‍ ബോധമുള്ളവര്‍ ആവതു ശ്രമിച്ചു. പ്രതിഷേധിച്ചു. പക്ഷേ, എല്ലാ ശ്രമങ്ങളും പ്രതിഷേധങ്ങളും പരാജയപ്പെട്ടു. സമൂഹം സുഖവാസം ഇഷ്ടപ്പെട്ടു. ശ്രമങ്ങള്‍ വൃഥാവിലാവുന്നതുകണ്ട് പരമ്പരാഗത ഇസ്‌ലാമിക ജീവിതം നയിക്കാന്‍ സൂഫികള്‍ പലപ്പോഴും ലൗകിക സമൂഹത്തില്‍ നിന്ന് മാറിനടന്നു. ഇങ്ങനെ പരിത്യാഗത്തിന്റെ വഴി സ്വീകരിച്ചവരും അവര്‍ക്കിടയിലുണ്ട്, ധാരാളം. ഭൗതിക നിരാസമല്ല സൂഫിസത്തിന്റെ അടിസ്ഥാനം. ഭൗതികതയില്‍ വീഴില്ല, മയങ്ങില്ല- അത്ര തന്നെ.
ലൗകികതയെ വര്‍ജിക്കുന്നവരുടെ കൂട്ടമാണ് പിന്നീട് ഖാന്‍ഖാഹുകളായിത്തീര്‍ന്നത്. ഖാദിരി, സുഹ്‌റവര്‍ദി, ശാദുലി, ചിശ്തി, നഖ്ശബന്ദി ത്വരീഖത്തുകള്‍ പിറന്നത്. അപ്പോഴും സൂഫികളുടെ ജീവിതം ആരാധനാനിമഗ്നം തന്നെ. അത് ഇലാഹീ സ്‌നേഹത്തിന്റെ വഴിയില്‍ വേര്‍പെടാതെയിരുന്നു.
എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫീ വനിതയാണ് റാബിഅതുല്‍ അദവിയ്യ. സൂഫിസം ഒരു ധാരയായി രൂപപ്പെടുന്നതില്‍ മഹതിക്ക് വലിയ പങ്കുണ്ട്. പ്രതിഫലമോ സ്വര്‍ഗമോ പോലും അവരെ മോഹിപ്പിച്ചില്ല. നരകവും ശിക്ഷയും ഭയപ്പെടുത്തിയതുമില്ല. അനന്തമായ ഇലാഹീ പ്രണയത്തില്‍ സര്‍വവും സമര്‍പ്പിച്ചു. ഇസ്‌ലാമിക സാഹിത്യത്തില്‍ നിരവധി കവിതകള്‍ സംഭാവന ചെയ്ത സൂഫീ കവയിത്രി കൂടിയായിരുന്നു.
റാബിഅയുടെ ജനനം മുതലേ റസൂലുമായി ബന്ധിക്കുന്നതായി ചരിത്രത്തില്‍ കാണാം. ജനിക്കുമ്പോള്‍ കുടുംബം ദാരിദ്ര്യത്തിന്റെ പരമകോടിയിലായിരുന്നു. പ്രസവമടുത്തപ്പോള്‍ വീട്ടില്‍ വെളിച്ചം ആവശ്യമായതിനാല്‍ അല്‍പം എണ്ണ കിട്ടുമോയെന്നറിയാന്‍ പിതാവിനെ പുറത്തേക്കയച്ചു. അല്ലാഹുവിനോടു മാത്രമേ സഹായം ചോദിക്കാവൂ എന്നു ശട്ടം കെട്ടിയിരുന്നു. പക്ഷേ, വിളക്കിലൊഴിക്കാനുള്ള എണ്ണ കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. വെറും കൈയോടെ വീട്ടിലേക്ക് തിരിച്ചെത്തി. അന്നുരാത്രി പിതാവ് റസൂലിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. റസൂല്‍ പറഞ്ഞു: “നിങ്ങള്‍ പേടിക്കേണ്ട, നിങ്ങളുടെ മകള്‍ വിശുദ്ധയായിരിക്കും. അവള്‍ കാരണം ലോകം പ്രകാശിക്കും. ബസ്വറയിലെ അമീര്‍ രഹസ്യമായി തുടര്‍ന്നു പോന്നിരുന്ന ആരാധനയില്‍ ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അതിന്റെ നഷ്ടപരിഹാരത്തിന് 400 ദിര്‍ഹം തരണമെന്ന് അദ്ദേഹത്തിന് കത്തെഴുതണം.’
പിതാവ് ഉറക്കമുണര്‍ന്നു. കത്തെഴുതി. തന്റെ രഹസ്യമായ ആരാധനയിലെ കുറവുകള്‍ കണ്ട ഈ അപരിചിതന്‍ ചെറിയവനല്ലെന്ന് മനസിലാക്കിയ അമീര്‍ അദ്ദേഹത്തെ സ്വീകരിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു. കുറച്ചു ദിവസങ്ങളിലെ ദാരിദ്ര്യത്തിന് അത് അറുതിവരുത്തി.
പിന്നീട് റാബിഅക്ക് പരീക്ഷണങ്ങളുടെ കാലമായിരുന്നു. മാതാപിതാക്കള്‍ മരിച്ചു. രണ്ടു സഹോദരിമാരെയും നഷ്ടപ്പെട്ടു. ചെറിയ പ്രായത്തില്‍ തന്നെ ഒറ്റപ്പെട്ടു. മുഴുസമയവും ഇലാഹീ ചിന്തകളില്‍ അഭിരമിച്ചു. അറിവുകള്‍ തേടി അലഞ്ഞ് ധാരാളം സൂഫികളുടെ ശിഷ്യത്വം സ്വീകരിച്ചു. റസൂലിന്റെ നാട്ടിലെത്തി. മക്കയില്‍ ഹജ്ജ് കഴിഞ്ഞ് റസൂലിനെ സന്ദര്‍ശിക്കാന്‍ മദീനയിലെത്തി. കരഞ്ഞു കരഞ്ഞ് കണ്ണുകള്‍ തോര്‍ന്നു. ധാരാളം സമയം പ്രാര്‍ഥനയില്‍ മുഴുകി. സൂഫിസത്തിന്റെ കേന്ദ്രമായ റസൂലിനെ സന്ദര്‍ശിച്ച് സംതൃപ്തിയോടെ ആത്മീയതയുടെ ഗിരിശൃംഗങ്ങള്‍ താണ്ടി.
റൂമിയുടെ ജീവിതത്തിലും വരികളിലും റസൂലിനോടുള്ള അടങ്ങാത്ത അനുരാഗം മുഴച്ചു കാണാം. ഹിജ്‌റ 604 റബീഉല്‍ അവ്വലിലാണ് റൂമിയുടെ ജനനം. ഹബീബ് ജന്മം കൊണ്ട മാസം. ആറു പതിറ്റാണ്ടു കാലത്തെ ജീവിതം കൊണ്ട് ഇശ്ഖിനെ പരിപൂര്‍ണമായി നിര്‍വചിച്ചു. ഇലാഹീ പ്രണയത്തിന്റെ പൂന്തോട്ടത്തിലേക്ക് ജനങ്ങളെ നയിച്ചു. അസ്വസ്ഥമായ മനസില്‍ ഇലാഹീ പ്രണയത്തിന്റെ ജ്വാലകള്‍ നിറഞ്ഞു. ഭൗതികതയുടെ അതിപ്രസരത്തില്‍ ആഗോള മുസ്‌ലിംകളിലെ ചിന്തകളുടെ അപചയം റൂമിയെ വിവശനാക്കി. മസ്‌നവിയുടെ വരികള്‍ തത്വചിന്തയായി ജനമനസ്സുകളില്‍ ആഞ്ഞടിച്ചു.
മസ്‌നവി ഇശ്ഖിന്റെ ആഴങ്ങളാണ് അനാവരണം ചെയ്തത്. ഇശ്ഖ് ആത്മാവോളം ഉയര്‍ന്നു. അതില്ലാത്ത ജീവിതം അചിന്തനീയമായി. കത്തിപ്പടരുമ്പോള്‍ പ്രേമഭാജനമൊഴികെ കരിഞ്ഞുതീരുന്ന തീപൊരിയായാണ് മസ്‌നവി ഇശ്ഖിനെ കണ്ടത്. ഇശ്ഖ് കയ്പ്പുകളെ മധുരിപ്പിച്ചു. മുള്ളുകള്‍ പൂക്കളായി. വേദനകള്‍ സന്തോഷങ്ങളായി. കല്ലുകള്‍ മുത്തുകളായി. വിഷത്തിനും തേനിന്റെ രുചി. വിവരണാതീതമായ ഇശ്ഖിനെ പ്രതിഫലിപ്പിക്കാന്‍ റൂമിയുടെ വരികള്‍ മത്സരിച്ചു. പ്രണയം സമുദ്രജലസമാനം. ഏഴുകടലുകളും ചേര്‍ന്ന് ഒരൊറ്റ തുള്ളി. റൂമിയുടെ ആത്മാവിൽ ഇശ്ഖ് നിറയുന്നു. പ്രണയ സാമ്രാജ്യത്തില്‍ വെറുമൊരു അടിമയായി അദ്ദേഹം മാറുന്നു.
“രോഗം മാറണമെന്നാവും രോഗികള്‍ ആഗ്രഹിക്കാറ്. എന്നാല്‍, ഇശ്ഖ് രോഗം ബാധിച്ചവര്‍ ഇനിയും ഇരട്ടിയാവട്ടെ എന്ന പ്രാര്‍ഥനയിലാവും. അതിനെക്കാള്‍ മികച്ച മറ്റൊരു പാനീയമില്ല. ഈ രോഗമാവും നല്ല ലഹരി. ഇശ്ഖാണ് മറ്റെല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്ന്. ഇശ്ഖിനെ കുറിച്ചുള്ള വിവരണം ആരംഭിച്ചാല്‍ നൂറുകണക്കിന് ഖിയാമതുകള്‍ വന്നാലും സംസാരം അവസാനിപ്പിക്കില്ല. കാരണം, ഖിയാമതിന് സമയപരിധിയുണ്ട്, ഇശ്ഖിനതില്ല.’
അമൂര്‍ത്തമായ ഇശ്ഖിനെ മനോഹരമായി വര്‍ണിച്ചതിനുശേഷം അതിന്റെ മൂര്‍ത്തമായ രൂപമായാണ് റസൂലിനെ വരച്ചു കാണിക്കുന്നത്. “റസൂലില്‍ ഇശ്ഖ് നിറഞ്ഞിരിക്കുന്നു. അതിനാലാണ് “ലൗലാക ലൗലാക ലമാ ഖലഖ്തുല്‍ അഫ്‌ലാക്’ എന്ന് അല്ലാഹു പറഞ്ഞത്. റസൂലിനെ കേവല മനുഷ്യനായി കാണുന്നവരെ നിഷേധികളായാണ് റൂമി കാണുന്നത്.
സൂഫിസത്തിന്റെ അങ്ങേയറ്റമാണ് റസൂലിന്റെ സ്ഥാനം. ഏഴാകാശങ്ങളും താണ്ടി മിഅ്‌റാജിന്റെ മഹനീയ രാത്രിയില്‍ തനിക്കുവേണ്ടി ഖജാനകള്‍ തുറക്കപ്പെട്ടിട്ടും ഹൂറികള്‍ സ്വീകരിക്കാനായി അണിനിരന്നിട്ടും പ്രാണനാഥനായ അല്ലാഹുവിലേക്ക് മാത്രമായിരുന്നു റസൂലിന്റെ നോട്ടം. അവിടുത്തെ നോട്ടം മറ്റെവിടേക്കും തെറ്റിയിട്ടില്ലെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇലാഹില്‍ പൂര്‍ണമായി ലയിച്ചുചേര്‍ന്നൊരാള്‍ക്ക് ചുറ്റുഭാഗത്തുള്ള വര്‍ണങ്ങള്‍ എങ്ങനെ കാണാനാണ്? പേര്‍ഷ്യന്‍ സൂഫി കവി ഹാഫിളിന്റെ വാക്കുകള്‍ നോക്കൂ: “പലതും കാണണമെന്ന് മോഹമുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവേ, നിന്നെ കണ്ടപ്പോള്‍ മനസിന്റെ ആഗ്രഹങ്ങള്‍ മറന്നുപോയി.’ റസൂലിന്റെ പാദുകത്തിനു കീഴെയാണ് സമസ്തവുമെന്നും അതിന്റെ സേവനമാണ് എന്റെ പ്രീതിയെന്നും യൂസുഫുന്നബ്ഹാനി.
ലോകം റൂമിയുടെ കാഴ്ചയില്‍ രാത്രിയാണ്. രാത്രിയില്‍ സൂര്യനെ കാണാന്‍ കഴിയാത്തതു പോലെ, ഭൗതികലോകത്ത് അല്ലാഹുവിനെ കാണാനാവില്ല. ആ രാത്രിയിലും റസൂല്‍ സൂര്യനെ ദര്‍ശിക്കുന്നു. യാത്രയില്‍ പ്രകാശ സമാനനായ ജിബ്്രീലിനുപോലും അതിരുകള്‍ വരയ്ക്കപ്പെടുന്നു. അവിടെയാണ് ഇലാഹീ പ്രണയത്തില്‍ അതിരുകളില്ലാതെ റസൂലിന്റെ സഞ്ചാരം.
ശാഹിദ്(സാക്ഷി) എന്നാണ് ഖുര്‍ആന്‍ റസൂലിനെ പരിചയപ്പെടുത്തുന്നത്. നീതിയുടെ നിതാന്തമായ ജാഗ്രത കാണിക്കുന്ന സദസ്സില്‍ ഏറ്റവും മുഖവിലക്കെടുക്കുന്ന വാക്കുകള്‍ സാക്ഷിയുടേതായിരിക്കുമല്ലോ? സാക്ഷിയുടെ സാക്ഷ്യത്തിനു മുന്നില്‍ മറ്റു തെളിവുകള്‍ പത്തിമടക്കും. അല്ലാഹുവിന്റെ മഹോന്നതമായ കോടതിയിലെ പ്രധാന സാക്ഷിയാണ് റസൂല്‍. സദാസമയവും ഇലാഹിന്റെ സവിധത്തിലേക്ക് നയനമുയര്‍ത്തിയ റസൂലല്ലാതെ മറ്റാരാണ് അവിടെ സാക്ഷിയാവുക? അവിടുത്തെ മഹത്വം ഏറ്റവും ഉദാത്തമായി ആ വാക്ക് പ്രതിഫലിപ്പിക്കുന്നു.
റൂമിയുടെ കവിതകളില്‍ നുബുവ്വതും അമ്പിയാക്കളും നിറഞ്ഞുകിടപ്പുണ്ട്. “നമ്മുടെ ഹൃദയരോഗങ്ങളുടെ ചികിത്സകരത്രേ അമ്പിയാക്കള്‍. അമ്പിയാക്കളുടെ വിളികള്‍ക്ക് സമുദായം ഉത്തരം നല്‍കണം. കല്‍പനകള്‍ ശിരസ്സാവഹിച്ചു കൊള്ളണം. തെളിവന്വേഷണം വിഡ്ഢിത്തമാണ്. അവരുടെ വാദങ്ങള്‍ തന്നെയാണ് തെളിവുകള്‍.’ റൂമി ഉദാഹരണമായി പറയുന്നത് കേള്‍ക്കൂ: “ഉമ്മയുടെ അമ്മിഞ്ഞപ്പാലിന് തെളിവുകള്‍ അന്വേഷിക്കാറില്ല. ദാഹിച്ചുവലഞ്ഞവന്‍ ദാഹജലത്തിന് തെളിവുകള്‍ അന്വേഷിക്കാറില്ല. സമൂഹം ആത്മീയ ദാഹത്താല്‍ അവശമാവുമ്പോള്‍ ദാഹജലവുമായി വന്നവരാണ് അമ്പിയാക്കള്‍.’
അൻവർ ബുഖാരി കാരേപറമ്പ്
You must be logged in to post a comment Login