മുഹമ്മദ് റസൂലിന്റെ(സ) ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന ആര്‍ക്കും നിരാശരാവേണ്ടി വരില്ല. അത്രയും സമ്പന്നമായ വ്യക്തിത്വമാണ് റസൂൽ ജീവിതം കൊണ്ട് നെയ്തുവെച്ചത്. അജ്ഞതയും അവിവേകവും മുഖമുദ്രയായ ഒരു സാംസ്‌കാരിക പരിസരത്തു നിന്ന് അല്‍ അമീന്‍ എന്ന് അപരാഭിധാനം സിദ്ധിച്ച വ്യക്തിത്വമാണ് റസൂലിന്റേത്. പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം വൈജ്ഞാനിക, സാംസ്‌കാരിക, നാഗരിക, സാമൂഹിക രംഗങ്ങളിലഖിലവും പ്രഭ നിറച്ചുകൊണ്ട് അരങ്ങൊഴിഞ്ഞ മഹാവ്യക്തിത്വം ഇന്നും സജീവ ചര്‍ച്ചയ്ക്ക് പാത്രീഭൂതമാവുന്നു. ഗ്രീക്ക് ക്ലാസിക്കുകളിലെ പോലെ ചരിത്രപരതയില്ലാത്ത വീരപുരുഷന്റെ കഥയല്ല റസൂലിന്റേത്. ആധുനിക മനുഷ്യര്‍ക്ക് ജീവിതം പഠിപ്പിച്ച, കോമണ്‍ ഇറ- എ ഡി 571 ല്‍ ജനിച്ച് 632 ല്‍ മണ്മറഞ്ഞ ആ ചരിത്രപുരുഷനെ കുറിച്ചുളള വസ്തുതാപരമായ കാര്യങ്ങളാണ് അന്വേഷകനു മുന്നില്‍ തുറക്കപ്പെടുന്നത്.
വ്യക്തിത്വം
സമഗ്രമായി വിശകലനം നടത്താന്‍ ശേഷിയുള്ളവര്‍ക്ക് മുന്നില്‍ ഒരു തുറന്ന പുസ്തകമാണ് നബി ജീവിതം. ഈ ലോകത്തിനു സര്‍വതല സ്പര്‍ശിയായ വികസനപാഠങ്ങള്‍ അവിടുന്നു നല്‍കി. അതില്‍ നിന്നും ഏതെങ്കിലും അടരുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി തെറ്റിദ്ധരിപ്പിച്ച് അവരവരുടെ അജണ്ടകള്‍ നിര്‍മിക്കുന്നവര്‍ക്കു മാത്രമേ റസൂലിനെ അധിക്ഷേപിക്കാനും ആക്ഷേപിക്കാനും കഴിയൂ.
കുട്ടിക്കാലം
സാങ്കേതികമായി അനാഥമാണ് റസൂലിന്റെ ബാല്യകാല ജീവിതം. ജനിച്ചു വീഴും മുന്നേ ഉപ്പ അബ്ദുല്ല മരണപ്പെട്ടിരുന്നു. ആറു വയസ്സില്‍ റസൂലിന്റെ ഉമ്മയും വിട പറഞ്ഞു. ഹലീമ ബീവിയുടെ മടിയിലാണ് ശൈശവം. ഉമ്മു അയ്മന്‍ മറ്റൊരു പോറ്റുമ്മയായിരുന്നു. ഇടപെട്ടവരെല്ലാം റസൂലിനെ അതിരറ്റു സ്‌നേഹിച്ചിരുന്നു. സ്‌നേഹം കൊടുത്തവര്‍ക്ക് അതിലേറെ സ്‌നേഹം തിരിച്ചു കൊടുത്തിട്ടുണ്ട് തിരുനബി.
അനാഥത്വം നല്‍കിയ സമ്പാദ്യം
റസൂലിന്റെ ജീവിതം അനാഥമായത് യാദൃഛികമായല്ല. അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി അന്ത്യപ്രവാചക പദവിക്കുവേണ്ടിയുള്ള ചിട്ടപ്പെടുത്തല്‍ അതിലുണ്ട്. അനാഥത്വം യഥാര്‍ത്ഥത്തില്‍ ലോകര്‍ക്ക് പകര്‍ന്നുകൊടുക്കേണ്ട സ്‌നേഹത്തിന്റെയും കരുണയുടെയും വിത്തായിരുന്നു.
തൊഴിലെടുത്തു തുടങ്ങിയ യൗവനം
അധ്വാനഫലം കൊണ്ടു തന്നെയാണ് ജീവിതം കരുപ്പിടിപ്പിച്ചത്. റസൂൽ തൊഴിലെടുത്താണ് ജീവിച്ചത്. ആടു മേയ്ക്കലായിരുന്നു ആദ്യ ജോലി. ആടു മേയ്ക്കാത്ത നബിമാർ ഉണ്ടാവില്ല എന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. ക്ഷമ പരിശീലിക്കാന്‍ ഇതിലും നല്ല തൊഴിലുണ്ടാവില്ല. സമൂഹത്തെ നയിക്കാന്‍ ആവശ്യമായ നിരവധി ഗുണഗണങ്ങള്‍ ഇതുവഴി പരിശീലിക്കാമെന്നതുകൊണ്ടായിരിക്കും നബിമാര്‍ക്കൊക്കെയും ആടു മേയ്ക്കേണ്ടി വന്നത്.
കച്ചവടം
പന്ത്രണ്ടാം വയസ്സില്‍ കച്ചവടം തുടങ്ങിയിരുന്നു. ജനസമ്പര്‍ക്കത്തിന്റെ രീതിശാസ്ത്രം പഠിക്കാന്‍ കച്ചവടത്തോളം വലിയ അവസരമില്ല. പിതൃസഹോദരന്‍ അബൂത്വാലിബുമൊത്തായിരുന്നു ശാമിലേക്ക് കച്ചവടത്തിനു പോയത്. ആ പ്രദേശത്തുകാരില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. അവരുടെ മക്കളെക്കാള്‍ അവര്‍ക്കറിയുന്നത് ബൈബിളിലെ വാഗ്ദത്ത പ്രവാചകന്റെ അടയാളങ്ങളായിരുന്നു. ബഹീറ എന്ന ക്രിസ്ത്യന്‍ പുരോഹിതനെ കണ്ട കാര്യം എടുത്തുപറയണം. അദ്ദേഹം ജൂത കുതന്ത്രത്തെ കുറിച്ച് റസൂലിന്റെ പിതൃസഹോദരനെ ഓര്‍മപ്പെടുത്തി. അവർ ഇദ്ദേഹത്തെ അപായപ്പെടുത്തിയേക്കാം. അതിനാൽ വൈകാതെ റസൂലിനെ മക്കയിലേക്ക് തിരിച്ചെത്തിക്കാനായിരുന്നു ബഹീറയുടെ മുന്നറിയിപ്പ്. അബൂത്വാലിബ് വൈകാതെ തന്നെ നബിയെ മക്കയിലേക്ക് തിരിച്ചെത്തിച്ചു. ഇരുപതാം വയസ്സില്‍ മക്കയിലെ അതിസമ്പന്നയായ ഖദീജ ബീവിയുടെ കച്ചവടം ഏറ്റെടുക്കാന്‍ മാത്രം കഴിവിലും മികവിലും വിശ്വസ്തതയിലും റസൂൽ പ്രസിദ്ധി ആര്‍ജ്ജിച്ചിരുന്നു. ഖദീജ ബീവി തന്റെ ഭൃത്യന്‍ മൈസറതിനോടൊപ്പം നബിയെ വീണ്ടും ശാമിലേക്ക് കച്ചവടത്തിനയച്ചു.
ഭര്‍ത്താവ്
റസൂലിന് ഇരുപത്തിയഞ്ചു വയസ്സായപ്പോള്‍ അന്നാട്ടിലെ ഏറ്റവും കുലീനയായ ഖദീജ ബീവി ദാമ്പത്യം ആഗ്രഹിക്കുന്നുണ്ടെന്ന് തോഴിമാര്‍ മുഖേന അറിയിച്ചു. റസൂൽ വയസ്സിലെ വ്യത്യാസമൊന്നും തടസ്സമായി ഉന്നയിക്കാതെ അതു സ്വീകരിച്ചു. നബിക്ക് (സ്വ) ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യയായിരുന്നു ഖദീജ ബീവി(റ). ഇബ്റാഹീം എന്ന കുട്ടി ഒഴിച്ചുള്ള എല്ലാ സന്താനങ്ങളും ഖദീജയിലാണ് പിറന്നത്.
റസൂലിന്റെ ദൗത്യബാഹുല്യം മാതൃകായോഗ്യനായ ഒരു ഭര്‍ത്താവാകുന്നതില്‍ നിന്നും തടഞ്ഞില്ല. ദാമ്പത്യ ജീവിതത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചാല്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്ന എല്ലാ കാല്പനിക ഭാവങ്ങളിലൂടെയും അവരെ കൊണ്ടുപോയിട്ടുണ്ടായിരുന്നു റസൂലെന്നു കാണാം. അവര്‍ക്കു വേണ്ട സ്‌നേഹവും കരുതലും ആവോളം നല്കിയിട്ടുണ്ടായിരുന്നു. ആര്‍ത്തവ കാലത്തു പോലും ഖദീജ ബീവിയുമായി അടുത്തിടപഴകി. ആ സമയം വെള്ളം കുടിക്കുമ്പോള്‍ ബീവി വായ വെച്ച ഇടത്തു തന്നെ നബി തങ്ങളും വായവെച്ചു. ബീവിയുടെ വിയര്‍പ്പ് തുടയ്ക്കാന്‍ മടി കാണിച്ചില്ല. എല്ലില്‍ നിന്ന് മാംസം കടിക്കുമ്പോള്‍ ബീവി കഴിച്ച അതേ ഭാഗത്തു നിന്നു തന്നെ പ്രവാചകനും മാംസം കടിച്ചെടുത്തിരുന്നു.
അനസ്(റ) ഉദ്ധരിക്കുന്നുണ്ട്: ഒരിക്കൽ മദീനയിലേക്ക് ഇറങ്ങിയപ്പോള്‍ അവിടെ ഒരു ഒട്ടകത്തിന്റെ അടുത്ത് റസൂൽ ഇരിക്കുന്നു. തന്റെ ഭാര്യ സ്വഫിയ്യയെ ഒട്ടകപ്പുറത്ത് കയറ്റാന്‍ വേണ്ടി തന്റെ മുട്ടുകാല്‍ പാകപ്പെടുത്തിക്കൊടുക്കാനാണ് നബി(സ്വ) ഇരുന്നത്. മുട്ടില്‍ ചവിട്ടി ഒട്ടകത്തിലേക്ക് കയറുന്ന സ്വഫിയ്യ ബീവിയുമായി സ്‌നേഹം പങ്കുവെക്കുന്ന റസൂലിനെ, അനുചരന്മാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം തല്കാലത്തേക്ക് തന്നെയെങ്കിലും അവിടുന്ന് വിസ്മരിക്കുന്നുണ്ട്. ഇത്തരം നിരവധി കാല്പനിക സന്ദര്‍ഭങ്ങള്‍ ആ ദാമ്പത്യ ജീവിതത്തിലുടനീളം കാണാന്‍ കഴിയും.
സത്യസന്ധന്‍
ഹിറഖിൽ ചക്രവര്‍ത്തി റസൂലിനെ കുറിച്ച് ചോദിച്ചറിഞ്ഞത് ശത്രുപക്ഷത്തുള്ള ചിലരോടായിരുന്നു. നബിയുടെ സത്യസന്ധതയെപ്പറ്റി ചോദിച്ചപ്പോള്‍, അല്‍അമീന്‍ എന്ന അപരനാമം ചെറുപ്പത്തിലേ സമ്പാദിച്ച പ്രവാചകനെ ഇകഴ്ത്താന്‍ തന്നെയെങ്കിലും മുഹമ്മദ് ഒരു നുണയാനാണ് എന്നവര്‍ക്ക് പറയാന്‍ സാധിച്ചില്ല. അത്രയധികം സത്യസന്ധത പുലര്‍ത്തിപ്പോന്ന ജീവിതമായിരുന്നു റസൂലിന്റേത്.
ദാര്‍ശനികൻ
പ്രബുദ്ധതയുടെ പ്രകാശനമായിരുന്നു റസൂലിന്റെ ജീവിതദര്‍ശനങ്ങള്‍. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും പ്രകാശം പരത്തുന്ന ജീവിതമായിരുന്നു നബി(സ്വ) ജീവിച്ചുകാണിച്ചു കൊടുത്തത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ക്വാറന്റയ്ന്‍ നടപ്പിലാക്കിയപ്പോള്‍ ഇത് നബി ദര്‍ശനങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ ഈ നിർദേശമുണ്ടെന്ന് ലോകം കണ്ടെത്തിയല്ലോ. സർവകാലത്തേക്കും സ്വീകാര്യമാകുന്ന ദർശനങ്ങളാണ് റസൂലിന്റേത്.
സാമൂഹിക പരിഷ്‌കര്‍ത്താവ്
ചരിത്രം കണ്ട ഏറ്റവും വലിയ പരിഷ്‌കര്‍ത്താവും രാഷ്ട്ര നിര്‍മാതാവും റസൂൽ തന്നെയാണ്. വൈവിധ്യമാര്‍ന്ന ചിന്താപദ്ധതികള്‍ അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന, കുടിപ്പകകള്‍ തീര്‍ക്കാന്‍ പരസ്പരം കലഹിച്ചും നൂറ്റാണ്ടുകളോളം യുദ്ധം ചെയ്തും ജീവിതം രക്തപങ്കിലമാക്കിയ നിരവധി ഗോത്രവര്‍ഗങ്ങളെ വിശ്വാസത്തിന്റെ കണ്ണിയിലേക്ക് ഏകോപിപ്പിക്കുകയും അവര്‍ക്ക് വികസനോന്മുഖമായ ഭരണഘടനയുള്ള ഒരു രാഷ്ട്രവും പണിതു കൊടുക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ ദാർശനികരും ചക്രവര്‍ത്തിമാരും അവരില്‍ നിന്നാണ് പിന്നീട് ഉയിര്‍കൊണ്ടത്.
സ്ത്രീവിമോചകന്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ യൂറോപ്പില്‍ സ്ത്രീകളുടെ സ്ഥാനം രേഖീയമാണ്. റസൂൽ പഠിപ്പിച്ചത് “ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു’ എന്നാണ്. കായികക്ഷമത ആപേക്ഷികമായി കുറഞ്ഞ സ്ത്രീസമൂഹത്തെ പുരുഷനോളം ഉയര്‍ത്തുന്ന പ്രായോഗിക നിലപാടുകളാണ് റസൂലിന്റെ സ്ത്രീ വിമോചന പദ്ധതികളുടെ അന്തഃസത്ത. സ്ത്രീയെയും പുരുഷനെയും ഇരുധ്രുവങ്ങളിലേക്ക് അകറ്റുന്ന പദ്ധതികളല്ല, സ്ത്രീ പുരുഷ പാരസ്പര്യമാണ് റസൂൽ ഉദ്ഘോഷിച്ചത്. സ്ത്രീക്കും പുരുഷനും ഏറ്റവും നന്നായി ചെയ്യാവുന്ന കാര്യങ്ങളില്‍ അവരുടെ ബാധ്യതകള്‍ നിര്‍ണയിക്കുന്ന സമീപനമാണ് നബി(സ്വ) കൈകൊണ്ടത്. ഒരു സമൂഹമെന്ന നിലയില്‍ അതാണ് ഏറ്റവും പുരോഗമനപരമെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള വിമോചന മാതൃകകളാണ് റസൂൽ പഠിപ്പിച്ചത്. താനാരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കേണ്ടതെന്ന അനുചരന്റെ ചോദ്യത്തോട് റസൂലിന്റെ പ്രതികരണം നിന്റെ ഉമ്മയെ എന്നായിരുന്നു. ഇതേ ചോദ്യത്തിന് രണ്ടാം തവണയും മൂന്നാം തവണയും ഉമ്മയെന്ന ഉത്തരമാണ് കൊടുത്തത്. ഉമ്മയുടെ കാലിന്‍ ചുവട്ടിലാണ് നിന്റെ സ്വര്‍ഗമെന്നരുളിക്കൊണ്ട് സ്ത്രീയുടെ മഹത്വം വാനോളം ഉയര്‍ത്തി. പുരുഷന്മാര്‍ സാമൂഹിക സുരക്ഷ ഒരുക്കാനും സ്ത്രീകള്‍ ആ സുരക്ഷിതത്വം ആസ്വദിക്കാനും പറ്റിയ പ്രകൃതിയിലാണ് സൃഷ്ടിക്കപ്പെട്ടത്. അതടിസ്ഥാനപ്പെടുത്തിയ നിയമ നിര്‍മാണമാണ് തിരുനബി അധ്യാപനങ്ങളിലുള്ളത്.
അനാഥസംരക്ഷകൻ
“ഞാനും യതീമിനെ സംരക്ഷിക്കുന്നവനും ഇങ്ങനെ’ എന്നരുളി രണ്ടു വിരലുകള്‍ ചേര്‍ത്തുവെച്ച് ഉയർത്തിപ്പിടിച്ചു തിരുനബി (സ്വ). അഥവാ അനാഥ സംരക്ഷകന്റെ സ്ഥാനം തനിക്കൊപ്പമെന്ന് പഠിപ്പിക്കുകയായിരുന്നു റസൂൽ.
അഗതികള്‍ക്കാശ്രയം
റസൂൽ മിച്ചമുള്ളതൊന്നും എടുത്തു വെച്ചില്ല. എല്ലാം പാവപ്പെട്ടവര്‍ക്കു കൊടുക്കുന്നതായിരുന്നു ശൈലി. ധനാഢ്യരായ അനുചരവൃന്ദത്തോട് പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിനെപ്പറ്റിയും അവര്‍ക്കു ദാനം കൊടുക്കുന്നതിനെ സംബന്ധിച്ചും ഇടയ്ക്കിടെ ഓര്‍മപ്പെടുത്തി.
മനുഷ്യാവകാശങ്ങൾക്കുവേണ്ടി
മനുഷ്യന്റെ ജീവനും അഭിമാനവും വിലമതിപ്പുള്ളതാണെന്നും അക്രമത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും സമ്പൂര്‍ണ മോചനം സര്‍വമനുഷ്യരുടെയും അവകാശമാണെന്നും തിരുനബി പഠിപ്പിച്ചു. തിരുനബിയുടെ വിടവാങ്ങല്‍ പ്രഭാഷണം മനുഷ്യാവകാശ സംരക്ഷണത്തിന്റെ തുല്യതയില്ലാത്ത പ്രഖ്യാപനങ്ങള്‍ നിറഞ്ഞതായിരുന്നു. “മനുഷ്യരേ, നിങ്ങളുടെ ഈ നാടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങള്‍ ആദരവ് കല്‍പ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേയ്ക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങള്‍ക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു.
അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്‌നിമാര്‍ക്കുള്ള പോലെ തന്നെ, നിങ്ങള്‍ക്ക് അവരോടും ചില ബാധ്യതകള്‍ ഉണ്ട്. സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അല്ലാഹു നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച ആസ്തിയാണ് (അമാനത്) നിങ്ങളുടെ പത്‌നിമാര്‍. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നതുതന്നെ അവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുക.’
അടിമവിമോചകന്‍
അടിമത്തം സ്ഥാപിതമാവുന്ന സാമ്പ്രദായിക രീതികൾ ഭൂരിഭാഗവും റസൂൽ നിയമം മൂലം നിര്‍മാര്‍ജ്ജനം ചെയ്തു. ദാരിദ്ര്യത്തെ പ്പോലെ സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് രൂപപ്പെടുന്ന അടിമത്തം അനിവാര്യമായപ്പോള്‍ അടിമ- ഉടമ ബന്ധത്തെ ഉദാത്ത രീതിയില്‍ സമുദ്ധരിച്ചു. അടിമയ്ക്ക് താന്‍ ധരിക്കുന്ന വസ്ത്രവും, ഭക്ഷിക്കുന്ന ഭക്ഷണവും കൊടുക്കാന്‍ ഉടമയോട് നിര്‍ദേശിച്ചു. ഭാരമുള്ള ഒരു ജോലി അവനോട് എടുക്കാന്‍ പറയുകയാണ് എങ്കില്‍ നിങ്ങളും ആ ജോലിയില്‍ അവനോടു പങ്കു ചേരണമെന്നു പഠിപ്പിച്ചു. അടിമ മോചനത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചു. തെറ്റുകള്‍ ചെയ്യുമ്പോള്‍ പ്രായശ്ചിത്തമായി, അടിമമോചനത്തെ നിശ്ചയിച്ചു.
അഭയാര്‍ഥികൾക്കുവേണ്ടി
മുശ്്രിക്കുകള്‍ ശത്രുതാപരമായി പെരുമാറിയ കാലത്തു പോലും അവര്‍ക്ക് ആവശ്യപ്പെടുന്ന മുറക്ക് അഭയം കൊടുക്കണമെന്നും അവരെ തിരിച്ചു സുരക്ഷിതമായ സ്ഥലത്തെത്തിക്കണമെന്നും ഖുര്‍ആനുദ്ധരിച്ചു റസൂൽ അനുചരന്മാരെ പഠിപ്പിച്ചു. ഭയം, ദുര്‍ബലത, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ മത ഭേദമന്യേ എല്ലാവരെയും ചേര്‍ത്തുപിടിക്കാന്‍ പഠിപ്പിച്ചു.
നബി ജീവിതത്തിലെ എണ്ണിയാലൊടുങ്ങാത്ത അടരുകള്‍ വേറെയും പറയാനാവും. എല്ലാം മനുഷ്യര്‍ക്ക് ഉത്തമ മാതൃകയും മാര്‍ഗ ദര്‍ശനവും നല്‍കുന്ന അധ്യാപനങ്ങളാണ്. തിരുനബിയില്‍, കൊച്ചുമക്കളെ ലാളിച്ചു വളര്‍ത്തുന്ന ഒരു പിതാമഹാനെക്കാണാന്‍, നിസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ തോളില്‍ കയറികളിക്കുന്ന ഹസന്‍ ഹുസൈന്‍ സഹോദരന്മാരെ വീഴാതെ ശ്രദ്ധിക്കുന്ന പ്രവാചകനെ കണ്ടാല്‍ മതി. അവര്‍ ഇടയ്ക്ക് ഒട്ടകം കളിക്കുന്നത് റസൂലിന്റെ മുതുകിലാണ്. ഖുത്ബ നിര്‍വഹിക്കുമ്പോള്‍ പോലും കൊച്ചുമക്കളുടെ കാര്യം ശ്രദ്ധിക്കാന്‍ മിമ്പറില്‍ നിന്നിറങ്ങി വന്ന റസൂലിനെ കാണാം.
ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായ നബിക്ക് ആദ്യ വഹ്്യ് വന്നപ്പോള്‍ ഉണ്ടായ പരിഭ്രമം മാറ്റാന്‍, ഭാര്യയില്‍ എന്തുമാത്രം ആത്മ വിശ്വാസത്തോടെയാണ് റസൂൽ അഭയം പ്രാപിക്കുന്നത്. ആശ്വാസം പകര്‍ന്നുള്ള ഖദീജ ബീവിയുടെ വാക്കുകള്‍ ആ ദാമ്പത്യ ജീവിതം എന്തുമാത്രം മാധുര്യത്തോടെയാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നുണ്ട് “പടച്ചോന്‍ അങ്ങയെ ഒരിക്കലും നൊമ്പരപ്പെടുത്തില്ല; അല്ലാഹുവാണ, അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു, സത്യം സംസാരിക്കുന്നു, പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നു, ഇല്ലാത്തവർക്കുവേണ്ടി കഷ്ടപ്പെടുന്നു, അതിഥികളെ സത്കരിക്കുന്നു, സദ്്വൃത്തികൾക്ക് സഹായമേകുന്നു’.
കുടുംബ ജീവിതത്തില്‍ ഏറ്റവും മാന്യത പുലര്‍ത്തി. ഓരോ ഭാര്യക്കും നബിയെ കുറിച്ച് പറയാന്‍ നൂറു നാക്കായിരിക്കും. വിവാഹം കഴിച്ചത് മുഴുവനും ഇസ്‌ലാമിനുവേണ്ടി, ചിലര്‍ക്ക് യോഗ്യമായ സംരക്ഷണം കൊടുക്കാന്‍, ചില രാഷ്ട്ര ലക്ഷ്യങ്ങള്‍ പൂവണിയാന്‍, സ്ത്രീകളെ ബാധിക്കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഇങ്ങനെ നിരവധി ഉന്നത ലക്ഷ്യങ്ങള്‍ക്കു വേണ്ടി അല്ലാഹു അനുവദിച്ചതായിരുന്നു പ്രവാചകരുടെ ബഹുഭാര്യത്വം.
രാഷ്ട്രീയത്തിലേക്ക് വന്നാല്‍, തിരുനബി, യുദ്ധമുഖത്ത് അടരാടുന്ന സൈനികനായി പ്രവര്‍ത്തിച്ചിട്ടുണ്ട്, സൈന്യത്തെ വിജയത്തിലെത്തിക്കുന്ന സര്‍വ സൈന്യാധിപനായും. മറ്റൊരു രാഷ്ട്രസംവിധാനത്തോട് ബന്ധം സ്ഥാപിക്കേണ്ടി വരുമ്പോള്‍ ഏറ്റവും നല്ല നയതന്ത്രജ്ഞനായിരുന്നു. തര്‍ക്കവും വാഗ്വാദവും അവസാനിപ്പിക്കാന്‍ ഏറ്റവും നല്ല ന്യായാധിപനായി. പ്രജകളുടെ ക്ഷേമം തൊട്ടറിഞ്ഞ ഏറ്റവും നല്ല ഭരണാധികാരിയായി. നിയമ നിര്‍മാണ രംഗത്ത് ഏറ്റവും നല്ല നിയമജ്ഞനായി മാറി.
അംഗീകാരം
ലോക രക്ഷിതാവായ അല്ലാഹുവിന്റെ വാക്കുകള്‍ പ്രവാചകര്‍ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. “തീര്‍ച്ചയായും നിങ്ങള്‍ മഹത്തായ സല്‍സ്വഭാവത്തിനു മേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നു.’
മറ്റൊരിടത്ത്, നിങ്ങള്‍ക്ക് റസൂലിൽ ഉത്തമ മാതൃകയുണ്ടെന്ന് അല്ലാഹു മനുഷ്യരോടായി പറഞ്ഞു(അഹ്‌സാബ് 12).
മനുഷ്യന്റെ അകവും പുറവും ധന്യമാക്കാന്‍ അവതീര്‍ണമായ ഖുര്‍ആന്റെ മനുഷ്യരൂപമാണ് റസൂൽ എന്നാണ് സ്വന്തം പത്‌നി ആയിശ ബീവി(റ) വിലയിരുത്തിയത്.
മോണ്ട്ഗോമറി വാട്ടും തോമസ് കാർലൈലുമൊക്കെ വസ്തുനിഷ്ഠമായി നബി ചരിത്രത്തെ അപഗ്രഥിച്ചിട്ടുള്ള പടിഞ്ഞാറിന്റെ ചിന്തകരാണ്. അവര്‍ പ്രവാചകരെ കുറിച്ചെഴുതി വെച്ചത് അത്യത്ഭുതത്തോടെയല്ലാതെ ആര്‍ക്കും വായിച്ചവസാനിപ്പിക്കാനാകില്ല.
റസൂൽ സാധിച്ച വിപ്ലവം
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവനായകനായി ഓറിയന്റലിസ്റ്റുകള്‍ പോലും സമ്മതിച്ചുകൊടുക്കേണ്ടിവന്ന വ്യക്തിത്വത്തിനുടമ. മനുഷ്യന്റെ അകവും പുറവും ഒരേ പോലെ ശുദ്ധീകരിക്കുകയും മാറ്റിമറിക്കുകയും ചെയ്ത ഒരു ദര്‍ശനം റസൂലിന്റേതല്ലാതെയില്ല. ഒരു പൂര്‍ണ മനുഷ്യനെന്ന് ചൂണ്ടാന്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഒരാളേ ഉള്ളൂ. അതാണ് മുഹമ്മദുർറസൂൽ(സ്വ). ആധുനിക നാഗരിക, സംസ്‌കാര, ശാസ്ത്ര ചരിത്രത്തിലെല്ലാം ആ ധന്യജീവിത ദര്‍ശനത്തിന്റെ കൈയൊപ്പുണ്ടെന്ന് നിക്ഷ്പക്ഷമായി ചരിത്രം അപഗ്രഥിക്കുന്ന ആരും സാക്ഷ്യം പറയും.
അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം
You must be logged in to post a comment Login