കര്‍ഷകര്‍ പതറുന്നില്ല

കര്‍ഷകര്‍  പതറുന്നില്ല

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് 2020 ല്‍ കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. ഈ നിയമങ്ങള്‍ കര്‍ഷകസമൂഹത്തിന്റെ ക്ഷേമമാണ് ലക്ഷ്യം വെക്കുന്നതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും കര്‍ഷകര്‍ വിശ്വസിച്ചില്ല. ഈ വികാരം വളരുകയായിരുന്നു. ബിജെപിയുടെയും ഹരിയാനയിലെ ജെജെപിയുടെയും പ്രതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ഷകര്‍ സമരത്തില്‍ അണിനിരക്കാനുള്ള പ്രധാന കാരണമായി. സമരം പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെല്ലാം വിപരീതഫലമാണുണ്ടാക്കിയത്.

കര്‍ഷകസമരത്തിനു നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ണാലില്‍ മിനി സെക്രട്ടറിയേറ്റിനു മുന്നില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് അനിശ്ചിതകാല സമരമാരംഭിച്ചത്. മുസാഫര്‍നഗര്‍ മഹാപഞ്ചായത്തില്‍ ഒരുമിച്ചു കൂടിയത് അഞ്ചുലക്ഷത്തില്‍ പരം കര്‍ഷകരാണ്. പിന്നീടുള്ള പ്രതികരണങ്ങള്‍ കര്‍ഷകസമൂഹത്തിന് ലഭിക്കുന്ന വര്‍ധിച്ച പിന്തുണയെയാണ് അടയാളപ്പെടുത്തിയത്. കര്‍ണാലില്‍, അര്‍ധസൈനികര്‍ ഉള്‍പ്പെടെ 3,400 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും സമരക്കാരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.

അതിനിടയിലാണ് ഭാരതബന്ദ് ആഹ്വാനമുണ്ടായത്. സമരക്കാരുടെ ആത്മവീര്യം വർധിച്ചു. ബന്ദിനെ “ചരിത്രപരം’ എന്നു വിശേഷിപ്പിച്ച ഹരിയാന ബികെയു(ചദുനി) ആക്ടിംഗ് പ്രസിഡന്റ് കരം സിംഗ് മഥാന പറയുന്നത് ഇങ്ങനെയാണ്: “കഴിഞ്ഞ 28 വര്‍ഷമായി ബികെയുവിനു വേണ്ടി ഞാന്‍ സജീവമാണ്, എന്നാല്‍ ഇതിനുമുമ്പ് ഹരിയാനയില്‍ ഇത്രയും സ്വാധീനമുള്ള ബന്ദ് കണ്ടിട്ടില്ല.’ യമുനാനഗറില്‍ നിന്നുള്ള കര്‍ഷകനേതാവ് സുഭാഷ് ഗുര്‍ജാര്‍ അവകാശപ്പെടുന്നത്, ഹരിയാനയിലെ ഏകദേശം 70 ശതമാനം ഗ്രാമീണ ജനങ്ങളും ഏതെങ്കിലും തരത്തില്‍ സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ്.

നിലനില്‍പ്
ഡല്‍ഹിയിലെ അതിര്‍ത്തികളിലെ സ്ഥിരം മോര്‍ച്ചകള്‍ക്ക് പുറമെ, പഞ്ചാബിലെയും ഹരിയാനയിലെയും ഹൈവേകളിലെ ടോള്‍ പ്ലാസകളിലും തുടരുന്ന കര്‍ഷക ധര്‍ണകള്‍ പ്രക്ഷോഭത്തിന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളാണ്. ഒരു പ്രദേശത്തെ കര്‍ഷകര്‍ക്ക് ഭാരമാവാതിരിക്കാന്‍ ഓരോ ഇടങ്ങളിലും ഊഴമായാണ് ധര്‍ണകള്‍ തുടരുന്നത്. ഏതെങ്കിലും സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടായാല്‍ കര്‍ഷകര്‍ സമയം പാഴാക്കാതെ മറ്റിടങ്ങളിലേക്ക് നീങ്ങുന്നു. കുരുക്ഷേത്രയിലെ കര്‍ഷക നേതാവ് ജസ്ബീര്‍ മാമു മജ്ര പറയുന്നു: “ഞങ്ങളുടെ നേതാക്കളുടെ ആഹ്വാനത്തില്‍ സംസ്ഥാനത്തെ എല്ലാ റോഡുകളും മിനുറ്റുകള്‍ക്കുള്ളില്‍ ഉപരോധിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ഞങ്ങള്‍ വീഡിയോ അപ്്ലോഡ് ചെയ്യും, അതുവഴി 1500 -ലധികം കര്‍ഷകര്‍ ഉടന്‍ പ്രതിഷേധ സ്ഥലത്ത് എത്തിച്ചേരും.’

കര്‍ഷകര്‍ക്ക് അവരുടെ വ്യക്തിജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴും അവര്‍ പതറുന്നില്ല. ബികെയുവിലെ(Tikait) സുഭാഷ് ഗുര്‍ജാര്‍ വിശദീകരിക്കുന്നു: “പലപ്പോഴും, പ്രകൃതിദുരന്തങ്ങള്‍ കര്‍ഷകരുടെ വിളകളെ നശിപ്പിക്കുകയോ നാശമുണ്ടാക്കുകയോ ചെയ്യാറുണ്ട്. ചിലപ്പോള്‍, ഒരു വര്‍ഷത്തില്‍ രണ്ടുവിളകളും നഷ്ടപ്പെടും. എന്നിട്ടും, അവര്‍ പ്രതീക്ഷ കൈവിടുന്നില്ല, അതിജീവിക്കാന്‍ പ്രാപ്തരാണ്. അവര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ക്യാമ്പ് ചെയ്യാന്‍ തുടങ്ങിയിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. രാത്രി വയലില്‍ ജോലി ചെയ്യുന്ന കര്‍ഷകന്‍, അത് തന്റെ ഉപജീവനമാര്‍ഗമാണെന്നതിനാല്‍ പാമ്പുകളെയോ മറ്റോ ഭയപ്പെടുന്നില്ല. ഈ പ്രക്ഷോഭത്തിനിടയിലും അവര്‍ ഉപജീവനമാര്‍ഗം സംരക്ഷിക്കാന്‍ പോരാടുകയാണ്. ‘

ജയത്തിന്റെ ചെറുചലനങ്ങള്‍
കര്‍ഷകര്‍ സ്വന്തം പ്രാദേശിക ആവശ്യങ്ങള്‍ക്കു പോലും ഒറ്റക്കെട്ടായി പോരാടാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുമ്പോള്‍ അവര്‍ കൂടുതല്‍ കര്‍ഷകരെ സമരത്തില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഫത്തേഹാബാദ് ജില്ലയിലെ കര്‍ഷകര്‍ ഈ വര്‍ഷം ജൂണ്‍ 7 ന് തോഹാനയിലെ പൊലീസ് സ്റ്റേഷനിലേക്ക് പോയപ്പോള്‍ ഒരു സഹകര്‍ഷകന്റെ കാര്‍ മോഷ്ടിക്കപ്പെട്ടിരുന്നു. അത് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ അവര്‍ ധര്‍ണ നടത്തി.

ഫത്തേഹാബാദിലെ കര്‍ഷക നേതാവായ മന്‍ദീപ് നഥ്വാന്‍ പറയുന്നു: “ധര്‍ണയുടെ ഫലമായി പൊലീസ് ഈ കേസ് അന്വേഷിക്കുകയും നഷ്ടപ്പെട്ട കാര്‍ കണ്ടെടുക്കുകയും ചെയ്തു. ഇത് കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ വന്‍വിജയമാണ്.’
സുഭാഷ് ഗുര്‍ജാര്‍ പറയുന്നു: “”ഇപ്പോള്‍, സര്‍ക്കാര്‍ ഞങ്ങളുടെ ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു. അത് വൈദ്യുതിയുടെയോ ജലസേചനത്തിന്റെയോ എന്തിന്റെ പ്രശ്‌നമായാലും കേള്‍ക്കാന്‍ സന്നദ്ധമാവുന്നുണ്ട്. ഓരോ മണ്ടികള്‍ക്കും 25 അംഗ സമിതി രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവര്‍ അവിടത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. പ്രത്യേകിച്ച് “മെരി ഫസല്‍-മേരാ ബ്യോറ’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.”
ഗുര്‍ജര്‍ കൂട്ടിച്ചേര്‍ക്കുന്നു: “കര്‍ഷക പ്രക്ഷോഭത്തിന്റെ സമ്മര്‍ദമാണ് പൊലീസിന്റെ ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ ഒരു കര്‍ഷകന്റെ രണ്ട് കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പരിക്കേറ്റയാള്‍ പിന്നീട് മരണപ്പെട്ടു. മാത്രമല്ല, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനു പുറമേ, പ്രതിഷേധക്കാരുടെ തല തകര്‍ക്കാന്‍ ഉത്തരവിട്ട എസ്ഡിഎമ്മിനെ അവധിയിലയച്ചു.’

പ്രതീക്ഷകള്‍
കര്‍ഷകസമരത്തിലെ വന്‍പങ്കാളിത്തമാണ് അവരുടെ മനോവീര്യം ഉയര്‍ത്തുന്നത്. കര്‍ഷകസമരത്തിനിടെയുണ്ടായ പല കേസുകളുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ അറസ്റ്റ് തടയുന്നതില്‍ അവര്‍ വിജയിച്ചു.

ജസ്ബീര്‍ മാമു മജ്ര പറയുന്നു: “കര്‍ഷകര്‍ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് അവര്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ തലകുനിക്കുമെന്നും വളരെവേഗം ഈ കറുത്ത നിയമങ്ങള്‍ റദ്ദാക്കുമെന്നും അവര്‍ കരുതുന്നു. ഇപ്പോള്‍, സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍, പ്രത്യേകിച്ച് തൊഴിലാളികള്‍, ഞങ്ങളുടെ സമരത്തില്‍ പങ്കുചേരാന്‍ തുടങ്ങിയിട്ടുണ്ട്. കാരണം, ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കും ഇതേ ഗതിവരുമെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഇപ്പോള്‍, ഞങ്ങളുടെ സമരം ഒരു ബഹുജന പ്രസ്ഥാനമായി മാറിയിരിക്കുന്നു.’
ഇപ്പോഴും കര്‍ഷകസമരത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ നിലപാട് മാറ്റിയിട്ടില്ല. തുടക്കം മുതലേ, തുടര്‍ച്ചയായ സമരങ്ങള്‍ക്ക് ബിജെപി പ്രതിപക്ഷത്തെയാണ് കുറ്റപ്പെടുത്തിയത്. ഹരിയാന ബിജെപി വക്താവ് ഡോ. വീരേന്ദര്‍ സിംഗ് ചൗഹാന്‍ പറയുന്നു: “പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണത്തില്‍ ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന ഈ പ്രക്ഷോഭം ഇപ്പോള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. ധര്‍ണകളും ബന്ദുകളും കാരണം ജനങ്ങള്‍ അസ്വസ്ഥരാണ്. ഇത് പ്രതിഷേധക്കാരുടെ പ്രതിച്ഛായ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ബിജെപിയും കേന്ദ്ര സര്‍ക്കാരും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു.’
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു: “നിലവില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നത്. അവരുടെ എണ്ണം വളരെ കുറവാണ്. സാധാരണ കര്‍ഷകര്‍ക്ക് ഈ നിയമങ്ങളോടൊന്നും എതിര്‍പ്പില്ല.’

കടപ്പാട്: ദ ഇന്ത്യന്‍ എക്സ്പ്രസ്
ഇന്ത്യന്‍ എക്സ്പ്രസ് അസി. എഡിറ്ററാണ് ലേഖകന്‍.

വിവർത്തനം: എബി

You must be logged in to post a comment Login