അകക്കാമ്പില്‍ അനുരാഗത്തെ ആഴ്ത്തിവെക്കുകയും അകക്കണ്ണുകൊണ്ട് ഇമ ചിമ്മാതെ സ്നേഹപാത്രത്തെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് സൂഫികള്‍. തിരുനബിക്ക്(സ്വ) സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ച അനുചരനാണല്ലോ അനസ് ബിന്‍ മാലിക്(റ). റസൂലിന്റെ വിയോഗാനന്തരം ചിലര്‍ ചോദിച്ചുവത്രെ; അല്ലയോ അനസ്, നബിയുടെ വിയോഗത്തില്‍ നിങ്ങളില്‍ വിരഹത്തിന്റെ വേദനയൊന്നും പ്രകടമല്ലല്ലോ. മറുപടിയുടെ സാരം ഇങ്ങനെയായിരുന്നു: “എല്ലാ രാത്രിയിലും ഞാന്‍ മുത്തുനബിയെ പ്രാപിക്കുന്നു. എന്റെ ആശകളും ആശങ്കകളും പങ്കുവയ്ക്കുന്നു. എനിക്കുണ്ടോ പിന്നെ വിരഹത്തിന്റെ നൊമ്പരം.’
വീടും നാടും അലങ്കരിച്ച് മീലാദിന്റെ ആനന്ദം ആഘോഷിക്കുന്ന നമ്മള്‍ പ്രണയത്തിന്റെ പ്രഥമപടിയില്‍നിന്ന് സ്റ്റേഹഗാനം ആലപിക്കുകയാണ്. അമരമായ അനുഭവത്തിന്റെ ലഹരിയില്‍ മീലാദില്‍ മനം ചേര്‍ത്ത് നൃത്തം വെക്കുകയാണ് സൂഫി മഹത്തുക്കള്‍. ഇമാം ബൂസ്വീരി ഒരുവേള ഗുരുവിനോട് പറഞ്ഞു: റസൂലിനെ കിനാവില്‍ കാണാന്‍ വേണ്ടിയൊന്ന് പ്രാർഥിക്കണം. ഗുരുവിന്റെ പ്രതികരണം സവിശേഷമായ ഒരു ചിരിയായിരുന്നു. “ഇനിയും കേവലം സ്വപ്‌നത്തില്‍ കാണാന്‍ എന്ന് പറഞ്ഞുനടക്കുകയാണോ?’ ഉണര്‍വില്‍ തന്നെ പ്രണയപാത്രത്തെ അനുഭവിക്കുന്ന വ്യക്തിത്വമായിരുന്നു ആ ഗുരു. അനുരാഗം കൊണ്ട് ഉയരങ്ങളിലെത്തിയ ആത്മാക്കളുടെ അനുഭവങ്ങളെ പകര്‍ത്താന്‍ അക്ഷരങ്ങള്‍ക്കാവില്ല. ആത്മാവിന്റെ വികാരങ്ങളെ എങ്ങനെ ഭാഷ പങ്കുവെക്കാനാണ്.
ഇമാം ശാഫിഈ(റ) നിരന്തരമായി നബിദര്‍ശനം അനുഭവിച്ചവരായിരുന്നുവത്രെ. സങ്കടങ്ങളും വേദനകളും തങ്ങളോട്(സ്വ) പങ്കുവെക്കും. അവിടുന്ന് ആശ്വസിപ്പിക്കും. ഭയപ്പെടേണ്ട, കൂടെയുണ്ട് എന്ന് ധൈര്യം പകര്‍ന്നു കൊടുക്കുകയും ചെയ്യുമായിരുന്നു. ഇറാഖിലെ ജയിലറയില്‍ പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവന്നു ഇമാം അഹ്മദ് ഇബ്‌നു ഹമ്പലിന്. ഭരണകൂട സ്വാധീനത്തില്‍ ഖുര്‍ആന്‍ സൃഷ്ടിവാദം പ്രചരിപ്പിച്ചതിനെതിരെ നിലപാടെടുത്തതായിരുന്നു കാരണം. തടവറയിലെ മർദനങ്ങള്‍ക്കിടയിലും മനക്കരുത്ത് നല്‍കിയതില്‍ മുത്തുനബിയുടെ ആത്മീയസമ്പർക്കത്തിന് പങ്കുണ്ടെന്നാണ് പണ്ഡിതപക്ഷം. ഗുരുവര്യന്‍ കൂടിയായ ഇമാം ശാഫിഈ അക്കാലത്ത് ഈജിപ്തിലായിരുന്നു. ഒരു രാത്രിയില്‍ മഹാനവര്‍ക്ക് നബിദര്‍ശനമുണ്ടായി. ഇമാം അഹ്മദിനെ എന്റെ സലാം അറിയിക്കണമെന്ന് മുത്തുനബി ഏല്‍പിച്ചു. ഉടനെ ഇമാം ശാഫിഈ ശിഷ്യന്‍ റബീഇനെ വിളിച്ചു. മുത്തുനബിയേല്പിച്ച സലാമും ചില അനുബന്ധ സന്ദേശങ്ങളുമടങ്ങിയ കത്ത് തയാറാക്കി ശിഷ്യനെ ഏല്‍പിച്ചു. കത്ത് തുറക്കരുതെന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു. ഈജിപ്തില്‍ നിന്ന് ഇറാഖിലെത്തിയ റബീഅ് കത്ത് നേരിട്ട് ഇമാം അഹ്മദ് ബിന്‍ ഹമ്പലിന് കൈമാറി. തന്റെ ഗുരുവര്യനും വിശ്വപ്രസിദ്ധ വിജ്ഞാനിയുമായ ശാഫിഈ ഇമാമിന്റെ കത്തെന്ന് കേട്ടപ്പോള്‍ തന്നെ കണ്ണുനിറഞ്ഞു. തുറന്നുവായിച്ചതില്‍പിന്നെ പുണ്യനബിയുടെ സലാമാണല്ലോ… ആനന്ദാശ്രുക്കളോടെ കത്തില്‍ മുഖമമര്‍ത്തി ചുംബിച്ചു. ഹൃദയത്തിലുണര്‍ന്ന പ്രണയം മുഖത്ത് പ്രഭ പരത്തി.
അനുരാഗികളുടെ സ്‌നേഹവ്യവഹാരങ്ങളില്‍ നിന്നൊരധ്യായമാണ് ഇപ്പറഞ്ഞത്. പ്രണയത്തിന്റെ ലോകം ശരീരത്തിന്റെ ലോകവും കടന്ന് ആത്മാക്കളുടെ ലോകത്തേക്ക് പടർന്നുകിടക്കുന്നതിന്റെ ഒരു ചിത്രീകരണമാണിത്. ആത്മാവിന്റെ ചെപ്പില്‍ മുത്തുനബി നിറഞ്ഞപ്പോള്‍ ആകാശവും ഭൂമിയും ചേര്‍ന്ന് അടക്കം പറഞ്ഞതിന്റെ കഥ.
സൂഫീമൂല്യങ്ങളുടെ ആദ്യകാല തലമുറയിലെ ഉന്നതശീർഷനാണ് ഇമാം മാലിക് ബിന്‍ അനസ്(റ). അറിവിന്റെയും ആത്മീയതയുടെയും അമരത്തിരുന്ന് അനുരാഗികളുടെ തലസ്ഥാനമായ മദീനയില്‍ നാലു പതിറ്റാണ്ടിലേറെ സാരഥ്യം വഹിച്ചവരായിരുന്നു ഇമാം. പരലക്ഷങ്ങള്‍ മദീനയില്‍ വന്ന് റൗള സന്ദര്‍ശിച്ചപ്പോള്‍ സ്വർഗത്തോപ്പില്‍ ഉണര്‍ന്നിരിക്കുന്ന നബിയെ അനുഭവിച്ചാസ്വദിക്കുകയായിരുന്നു ഇമാം മാലിക് (റ). മദീനാപളളിയിലിരുന്ന് തിരുമൊഴികള്‍ ഉദ്ധരിക്കുമ്പോള്‍ മുത്തുനബി കേള്‍ക്കുന്നു എന്ന ബോധ്യത്തോടെയായിരുന്നു അവ പകര്‍ന്നുകൊടുത്തത്. മുത്തുനബി പറഞ്ഞു എന്ന ആമുഖത്തോടെ ഹദീസ് വായിക്കാനൊരുങ്ങുമ്പോഴേക്കും ഹൃദയത്തില്‍ ഹബീബ് ഹാജരായിക്കഴിയും, ചിലപ്പോള്‍ പ്രണയലഹരിയില്‍, മറ്റു ചിലപ്പോള്‍ ആദരബഹുമാനങ്ങളുടെ ഉന്നതിയില്‍, മറ്റുചിലപ്പോള്‍ വചനസാരങ്ങളുടെ ആഴിയില്‍. ഇങ്ങനെയായിരുന്നു ഇമാമവര്‍കളുടെ സദസ്സുകള്‍.യൂസുഫ് നബിയുടെ സൗന്ദര്യത്തില്‍ കൈമുറിഞ്ഞതറിയാതെ പോയ ഈജിപ്തിലെ തരുണികളെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. അതുപോലെ ഹബീബിന്റെ വചനങ്ങളില്‍ ലയിച്ചുപോയപ്പോള്‍ നാല്‍പതിലേറെത്തവണ തേള്‍ കുത്തിയതറിയാതെ പോയ ഇമാം മാലികിന്റെ ജീവിതം മദീനക്കും പറയാനുണ്ട്. മദീനയുടെ അതിര്‍ത്തിക്കുള്ളില്‍ പാദമൂന്നുമ്പോഴേക്കും മുത്തുനബി വിശ്രമിക്കുന്ന മണ്ണാണല്ലോ എന്ന ബോധ്യം ഇമാമിനെ മഥിച്ചിരുന്നു. പിന്നെ വാഹനപ്പുറത്തിരിക്കാനോ ചെരുപ്പ് ധരിക്കാനോ ശബ്ദമുയര്‍ത്താനോ അവർ ക്കു സാധിച്ചില്ല. ഇതൊന്നും മതനിയമമോ കല്‍പനയോ അനുസരിക്കുന്നതിന്റെ ഭാഗമായിരുന്നില്ല. മറിച്ച്, മനസ്സില്‍ നിറഞ്ഞ പ്രണയത്തിന്റെയും ആദരവിന്റെയും പ്രകാശനമായിരുന്നു. ഇമാം എല്ലാ രാത്രിയിലും മുത്തുനബിയെ കനവില്‍ ദര്‍ശിച്ചിരുന്നു എന്ന ഉദ്ധരണി കൂടി വായിക്കുമ്പോള്‍ കാര്യം വ്യക്തമാകുന്നു.
നിയമങ്ങളുടെ കൂട്ടിക്കിഴിക്കലുകളിലൂടെയല്ല മുത്തുനബിയെ അവര്‍ വായിച്ചത്. സ്വന്തത്തെക്കാള്‍ വിശ്വാസികള്‍ക്ക് വേണ്ടപ്പെട്ടതാണ് മുത്തുനബിയെന്ന ഖുര്‍ആനിക ആശയത്തിന്റെ ആത്മാവില്‍ നിന്നുകൊണ്ടാണു ചേര്‍ത്തുപിടിച്ചത്.
ഇമാം ശാദുലീ(റ) മദീനയുടെ അതിര്‍ത്തിയില്‍ എത്തിയാല്‍ റസൂലിനോട് സമ്മതം ചോദിക്കുമായിരുന്നു. നാളുകള്‍ കാത്തുകിടന്നാലും സമ്മതം കിട്ടിയിട്ടേ മദീന പരിധിയിലേക്ക് കടക്കുമായിരുന്നുള്ളൂ. ശാദുലീ ആത്മീയമാര്‍ഗത്തിൽ സ്വലാത്തിനും നബി കീര്‍ത്തനത്തിനുമുള്ള പ്രാധാന്യം വലുതാണ്. മദീന അതിര്‍ത്തിയില്‍ വന്ന് നാളുകള്‍ കാത്തുകിടന്നതില്‍ പിന്നെ യമനില്‍ പോയി ചില മഹത്തുക്കളെ സന്ദര്‍ശിച്ചുവരാന്‍ നിർദേശം കിട്ടിയ പ്രകാരം മടങ്ങിപ്പോവുകയും പ്രസ്തുത സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയും ചെയ്ത സംഭവം ഇമാം അബ്ദുല്ലാ അല്‍യാഫിഈയുടെ ചരിത്രത്തില്‍ വായിക്കാന്‍ കഴിയും.
അല്ലാഹുവിനോടുള്ള പ്രണയം പറയുന്ന റൂമിയുടെ രണ്ട് വരികള്‍ ഇങ്ങനെയാണ്.
“ഏ കെ സ്വബ്‌റത് നേസ്ത് ഫര്‍ സന്‍ ദ് വൊ സിന്‍
സബ്‌റ് ചു ദാരീ സെ റബ് ദുല്‍ മിനന്‍’
(ഭാര്യസന്താനങ്ങളുടെ അസാന്നിധ്യത്തില്‍ അക്ഷമനാകുന്ന മനുഷ്യാ അത്യുദാരനായ അല്ലാഹുവിന്റെ സാന്നിധ്യമനുഭവിക്കാത്തതില്‍ അക്ഷമനാകാത്തതെന്തേ?)’
ഇതേ ചോദ്യം പ്രവാചകനുരാഗിയുടെ ഹൃദയത്തിലും ഉയര്‍ന്നുവരും. വേണ്ടപ്പെട്ട എല്ലാവരെക്കാളും എല്ലാത്തിനെക്കാളും സ്‌നേഹിക്കപ്പെടേണ്ടതാണ് മുത്തുനബി എന്ന ഖുര്‍ആന്‍ പാഠത്തെ സൂഫി വായിക്കുന്നത് ഈ അർഥത്തിലാണ്. അടുപ്പത്തിന് അടരുകള്‍ കണ്ടെത്തി ചിലത് അടര്‍ത്തിമാറ്റിയാലേ നീതികരിക്കപ്പെടാവുന്ന സ്‌നേഹമാവുകയുള്ളൂ എന്ന് ധരിച്ചുവശായ ചിലര്‍ നിയമത്തിന്റെ മുഴക്കോല്‍ കൊണ്ട് പ്രണയത്തെ അളക്കാന്‍ ഒരുങ്ങും. മിതമായി പറഞ്ഞാല്‍ അതൊരു അസംബന്ധമാണ്. സ്വഹാബിയായ ഖുബൈബിന്റെ(റ) ആത്മാവും സിദ്ദീഖിന്റെ(റ) ദാനവും നിരവധി സ്വഹാബികളുടെ ജീവാര്‍പ്പണവും അവരോട് കലഹിച്ചു കൊണ്ടേയിരിക്കും.
മദീനാസന്ദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുന്ന ഇമാം രിഫാഈ തിരുസവിധത്തില്‍ ചെന്ന് ചോദിച്ചു. “ഞാന്‍ നാട്ടിലേക്ക് പോവുകയാണ്, മദീനയില്‍നിന്ന് എന്തുകിട്ടി എന്നു ചോദിച്ചാല്‍ ഞാനെന്തുപറയും പ്രഭോ?’ എല്ലാം കിട്ടി എന്ന് പറഞ്ഞോളൂ.’ അനുവാചകന്റെ അനുഭവപരിധിയില്‍ നിന്നുകൊണ്ട്(പരിമിതിയിൽനിന്നുകൊണ്ടും) മാത്രം ആലോചിക്കുമ്പോള്‍ അത്യുക്തിയും അയുക്തിയും ഒക്കെ കടന്നുവന്നേക്കാം. പക്ഷേ ആത്മാവിന്റെ വ്യവഹാരവ്യാപ്തിയും അനുരാഗികളുടെ ഹൃദയസംവാദങ്ങളും അംഗീകരിച്ചുകൊണ്ട് സമീപിക്കുമ്പോള്‍ സമാനമായ നിമിഷങ്ങൾക്കുവേണ്ടി ആഗ്രഹിക്കുകയും കടാക്ഷങ്ങള്‍ ലഭിച്ചവരോട് ആദരവുണ്ടാവുകയും ചെയ്യും.
ബോധ്യങ്ങള്‍ക്കും അവബോധങ്ങള്‍ക്കും പ്രാധാന്യമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. അല്ലാഹുവിന്റെയും പ്രവാചകരുടെയും മഹത്വം ബോധ്യപ്പെട്ടതില്‍പിന്നെ പ്രണയവിചാരങ്ങളുടെ ലോകത്ത് വിലയം തേടാനാണ് ഭിക്ഷുവിന്റെ ആഗ്രഹം. വികസിതമായ ഒരു ലോകത്ത് സമ്പന്നനോ നേതാവോ കാര്യകര്‍ത്താവോ എന്ന നിലയിൽ ഒരു സമർഥനാകാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രവാചകരോടും അവിടുന്ന് വിശ്രമിക്കുന്ന മണ്ണിനോടും മനവും മേനിയും ചേര്‍ത്ത് ഒരു ഭ്രാന്തനാകാനാണ് (അതില്‍ ഉന്‍മത്തനായി ആത്മീയലഹരിയില്‍ കഴിഞ്ഞുകൂടാന്‍) സൂഫി പരിശ്രമിക്കുന്നത്. അങ്ങനെയാകുമ്പോള്‍ അവരുടെ സങ്കേതങ്ങളില്‍ നമ്മെ അലട്ടുന്ന ആകുലതകള്‍ കടന്നുവരില്ല. നമ്മുടെ ബൈനറികൾക്ക് അവിടെ പ്രസക്തിയുമില്ല. ഒരു കവിയും ശാസ്ത്രജ്ഞനും സോഷ്യലിസ്റ്റും പ്രകൃതിസ്‌നേഹിയും കോര്‍പറേറ്റും ഒരുപോലെയല്ല ഒരു പുഷ്പത്തെ നിരീക്ഷിക്കുന്നത്. ഒരാള്‍ കവിതയും മറ്റൊരാള്‍ പുതിയ ഒരു മരുന്നും മൂന്നാമത്തെയാള്‍ പുതിയ ഒരു തിയറിയും അടുത്തയാള്‍ ഒരു സംരക്ഷണവിചാരവും അവസാനത്തെയാള്‍ ബിസിനസ് സാധ്യതകളും ആലോചിക്കും. ആയിരത്തിഅഞ്ഞൂറ് കൊല്ലം പഴക്കമുള്ള ഒരു മരം കണ്ടപ്പോഴേക്കും ഒരു നബിസ്‌നേഹി പൊട്ടിക്കരഞ്ഞു. എന്റെ മുത്തുനബിയുടെ കാലത്ത് ജീവിക്കാന്‍ ഭാഗ്യം ലഭിച്ച മരമാണല്ലോ എന്ന വിചാരമാണ് അദ്ദേഹത്തെ മഥിച്ചത്. പ്രഭാതത്തിലെ കുഞ്ഞിളം കാറ്റ് തഴുകി കടന്നുപോയപ്പോള്‍ നബിയനുരാഗിയായ അലീ സൈനുല്‍ ആബിദീന്‍(റ) പാടിയത് വിശ്രുതമായ രണ്ടു വരി കവിതയായി മാറി.
“ഇന്‍ നില്‍തി യാ രീഹസ്സബാ യൗമന്‍ ഇലാ അര്‍ളില്‍ ഹറം
ബല്ലിഗ് സലാമീ റൗളതന്‍ ഫീഹന്നബിയ്യുല്‍ മുഹ്തറം’
ഇളംകാറ്റേ നീ ഹറമിന്റെ അന്തരീക്ഷത്തിലെത്തിയാല്‍ എന്റെ ഒരുസലാം റൗളയില്‍ എത്തിക്കണേ, അവിടെ എന്റെ പുണ്യനബിയുണ്ട്…
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി
You must be logged in to post a comment Login