” Even today, Savarkar remains the first, and most original, prophet of extremism in India’
– Jyothirmaya Sharma
വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഇന്ന് രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഇടയ്ക്കിടെ കടന്നുവരുന്ന പേരാണ്. ‘വീര്‍ സവര്‍ക്കര്‍’ എന്നോ വി.ഡി. സവര്‍ക്കര്‍ എന്നോ വിളിക്കപ്പെടുന്ന അദ്ദേഹം ആധുനിക ഇന്ത്യയുടെ ഭാഗധേയം മാറ്റാൻ പുറപ്പെട്ടവരില്‍ ഒരാളാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയാടിത്തറയായ ഹിന്ദുത്വ കരുപ്പിടിപ്പിച്ചെടുത്തതും അതിനെ നിര്‍വചിച്ചതും സവര്‍ക്കറാണ്. ഹിന്ദുത്വയുടെ വിവിധ ധാരകളെ പരിചയപ്പെടുത്തിയ ജ്യോതിര്‍മയ ശര്‍മ ( Hindutwa-Exploring the idea of Hindu Nationlism) സവര്‍ക്കറെ വിശേഷിപ്പിക്കുന്നത് തീവ്രവാദത്തിന്റെ ആദ്യത്തെ, ഒറിജിനല്‍ പ്രവാചകന്‍ എന്നാണ്. സവര്‍ക്കര്‍ സമീപകാലത്ത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദേശീയതലത്തില്‍ ചൂടുപിടിച്ച ചില സംവാദങ്ങളുടെ ചുവടുപിടിച്ചാണ്. കണ്ണൂര്‍ സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദ സിലബസില്‍ സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും ഇടം പിടിച്ചത് കുഴപ്പങ്ങൾക്കിടയാക്കി. മതനിരപേക്ഷ സങ്കല്‍പങ്ങള്‍ക്ക് നിരക്കാത്ത ആശയഗതികളെ പഠനപദ്ധതിയുടെ ഭാഗമാക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന വ്യക്തമായ നിലപാടിലൂടെ യൂനിവേഴ്സിറ്റി സവര്‍ക്കറെ സിലബസിന് പുറത്താക്കി. സ്വാതന്ത്ര്യസമരവും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവയിലൊന്നും ഭാഗഭാക്കാകാന്‍ താല്‍പര്യം കാണിക്കാതിരുന്ന ഹിന്ദു വലതുപക്ഷ തീവ്രചിന്താഗതിക്കാരെ തുറന്നുകാട്ടുമ്പോള്‍ സവര്‍ക്കറുടെ ‘ദേശസ്നേഹവും’ ചർച്ചയാകാറുണ്ട്. ആന്‍ഡമാന്‍ ദ്വീപിലെ കാലാപാനി ജയിലില്‍ കഴിയവേ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയില്‍മോചനം നേടിയെടുത്ത സവർക്കർ ദേശസ്നേഹത്തെക്കുറിച്ചുള്ള പതിവ് സംവാദങ്ങളില്‍ അപഹാസ്യനായാണ് കയറിവരാറ്. എന്നാല്‍, ഇക്കുറി പുതിയൊരു വിവരവുമായാണ് കേന്ദ്രമന്ത്രി ശ്രീ രാജ്നാഥ് സിംഗ് വന്നത്. മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടതു പ്രകാരമാണത്രെ സവർക്കർ മാപ്പ് എഴുതിനല്‍കിയത്! പ്രതിരോധമന്ത്രിയുടെ വിശദീകരണം വിവാദത്തിന് വഴിമരുന്നിട്ടു. അക്കാദമിഷ്യന്മാർ, പണ്ഡിതന്മാര്‍ തെളിവുകള്‍ നിരത്തിയപ്പോൾ രാജ്നാഥ് സിംഗ് പറയുന്നത് കള്ളമാണെന്ന് ബോധ്യപ്പെട്ടു. ചരിത്രത്തിന്റെ വക്രീകരണവും വളച്ചൊടിക്കലും സംഘ്പരിവാറിന് ഇനിയുമിനിയും അനിവാര്യമായി വരുന്നു എന്നതിന്റെ ഒടുവിലെ ഉദാഹരണമായി മാറി ഇവ്വിഷയത്തിലുള്ള തര്‍ക്കം. രാഷ്ട്രപിതാവിനെ തള്ളിപ്പറയാന്‍ സവര്‍ക്കറുടെ പൗത്രന്‍ രഞ്ജിത് സവര്‍ക്കര്‍ മുന്നോട്ടുവന്നതും ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ത്യ കണ്ടു. ‘ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവല്ല. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. അത് അംഗീകരിക്കുന്നുമില്ല’ എന്നാണ് രഞ്ജിത് തുറന്നടിച്ചത്. 5000 വര്‍ഷം മുമ്പ് പിറവിയെടുത്ത ഇന്ത്യാ മഹാരാജ്യത്തിന്റെ പിതാവാകാന്‍ 1869ല്‍ ജനിച്ച ഗാന്ധിജിക്ക് എങ്ങനെ സാധിക്കുമെന്ന ബാലിശമായ വാദം അദ്ദേഹം മുന്നോട്ടുവെക്കുകയുണ്ടായി. ഈ വാദങ്ങളുടെ പൊള്ളത്തരം അന്വേഷിച്ചിറങ്ങുന്നതിനു മുമ്പ് സവര്‍ക്കര്‍ വിഭാവന ചെയ്യുന്ന തീവ്രവലതുപക്ഷ ദേശീയത എന്തുമാത്രം മാരകമാണെന്നും സംഘ്പരിവാര്‍ ആശയാടിത്തറയായി നെഞ്ചിലേറ്റി നടക്കുന്ന സവര്‍ക്കറിസത്തിന്റെ വിസ്ഫോടന ശേഷി എത്രമാത്രമാണെന്നും മനസിലാക്കുകയാണ് വേണ്ടത്. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ഹെഡ്ഗേവാറിന്റെയും പേരുകള്‍ ഇടയ്ക്കിടെ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും ഇവരുടെ ചിന്തകളോ രാഷ്ട്രീയ കാഴ്ചപ്പാടോ പ്രവര്‍ത്തന അജണ്ടയോ ഒരിക്കലും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. മതേതര ജനാധിപത്യ ഇന്ത്യക്കു മുന്നിലെ വലിയ വെല്ലുവിളി ആഭ്യന്തരമായി കൊടുംഭ്രാന്ത് പരത്തുന്ന സവര്‍ക്കറിസമാണെന്ന് വെട്ടിത്തുറന്നുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യ എന്ന ആശയത്തെ കുഴിച്ചുമൂടി വര്‍ഗീയതയില്‍ ചാലിച്ചെടുത്ത വികലവും ഹിംസാത്മകവുമായ സിദ്ധാന്തത്തിനുമേല്‍ കെട്ടിപ്പടുക്കുന്ന ഒരു ഹിന്ദുരാഷ്ട്രമായിരുന്നു സവര്‍ക്കറുടെ സ്വപ്നം. 1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ കോള്‍ഡ് സ്റ്റോറേജില്‍ വെച്ച ആ സ്വപ്നം ഇപ്പോഴും ആര്‍.എസ്.എസുകാരെ മഥിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആര്‍ എസ് എസിന് നൂറുവര്‍ഷം തികയുന്ന 2024ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് അവർ വിചാരിക്കുന്നു. അപ്പോൾ ഗാന്ധിജിയെ രാഷ്ട്രപിതാവിന്റെ പീഠത്തില്‍നിന്നിറക്കി സവര്‍ക്കറെയോ അല്ലെങ്കില്‍ ഗോള്‍വാള്‍ക്കറെയോ അവിടെ പ്രതിഷ്ഠിക്കുക എന്നതാവാം ഹിന്ദുത്വവാദികളുടെ ആഗ്രഹം. അതിനിടയില്‍ തള്ളിപ്പറച്ചിലും നിന്ദയും പരിഹാസവും പെരുത്തും കേള്‍ക്കേണ്ടിവരും മഹാത്മജിയുടെ ആത്മാവിന്.
ഗോള്‍വാള്‍ക്കര്‍ കടമെടുത്ത സവര്‍ക്കറിസം
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം ഹിന്ദുത്വയില്‍ അധിഷ്ഠിതമാണ്. എന്താണ് ഹിന്ദുത്വയെന്നും ആരെയൊക്കെയാണ് ആ ആശയധാരയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും 1924ല്‍ തന്നെ ഹിന്ദുമഹാസഭ നേതാവായ വി.ഡി സവര്‍ക്കര്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മറ്റേത് സംഘ്പരിവാര്‍ കുടുംബാംഗത്തിനും മാര്‍ഗദര്‍ശനം നല്‍കുന്നത് ഹിന്ദുത്വ എന്ന ചിന്താധാരയാണ്. ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിർത്തി പ്രതികാരദാഹത്തോടെ, ഹിംസാത്മകമായ രീതി നടപ്പാക്കുക എന്നതാണ് അതിന്റെ കാതല്‍. ശത്രു -മിത്രം, ഹിന്ദു -മുസ്‌ലിം , ദേശസ്നേഹി-ദേശദ്രോഹി എന്ന ദ്വന്ദ സങ്കല്‍പമാണ് ഹിന്ദുത്വയുടെ അടിസ്ഥാന ശൈലി. ഇറ്റാലിയന്‍ ഫാഷിസ്റ്റുകളുടെയും ജര്‍മന്‍ നാസികളുടെയും രാഷ്ട്രീയ കാഴ്ചപ്പാടും ഭരണരീതിയും ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റവുമാണ് സവര്‍ക്കുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഊടും പാവും നല്‍കിയത്. ഇതിനെ ആര്‍ എസ് എസിന്റെ കര്‍മപദ്ധതിയായും പ്രത്യയശാസ്ത്രമായും മാറ്റിയെടുത്തിടത്താണ് ഗുരുജി എന്ന് അനുയായികള്‍ അഭിസംബോധന ചെയ്യാള്ള മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ ആർ എസ് എസിന് ചരിത്രപ്രസിദ്ധനാകുന്നത്. 1940തൊട്ട് 73ല്‍ മരിക്കുന്നതുവരെ, രണ്ടാം സര്‍സംഘ്ചാലകായി ഗോള്‍വാള്‍ക്കര്‍ അമരത്തിരുന്നു. 1939ല്‍ : We or Our Nationhood Defined “(നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു) എന്ന രചന പുറത്തിറക്കുന്നതോടെയാണ് ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസിന്റെ നേതൃപദവിയിലേക്ക് അവരോധിക്കപ്പെടുന്നത്. ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ച ദേശീയത ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്്ലറും നടപ്പാക്കിയ വംശീയവും വിഭാഗീയവും അക്രമാസക്തവുമായ ദേശീയതയാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ന്യൂനപക്ഷങ്ങളെ നാസികള്‍ ജൂതരെ കൈകാര്യം ചെയ്ത പ്രകാരം ഒന്നുകില്‍ സ്വാംശീകരിച്ച് ഭൂരിപക്ഷ സമൂഹത്തില്‍ ലയിപ്പിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യുകയോ ആണ് വേണ്ടതെന്നും ഗോള്‍വാള്‍ക്കര്‍ ആ ക്ഷുദ്ര കൃതിയിലുടെ പഠിപ്പിക്കുന്നുണ്ട്. ഇതിനെ ഹിന്ദുത്വയുടെ ബൈബിളായാണ് ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ഈ ചിന്താവൈകൃതങ്ങള്‍ക്ക് സവര്‍ക്കര്‍ സഹോദരങ്ങളോടാണ് കടപ്പാടെന്ന് പലര്‍ക്കുമറിയില്ല. ചിന്താപരമായി ഗോള്‍വാള്‍ക്കര്‍ പൂജ്യമാണ്. മൂന്നു സവര്‍ക്കര്‍ സഹോദരങ്ങളാണ് അദ്ദേഹത്തിന്റെ ധൈഷണിക സ്രോതസ്സ്. ജര്‍മനിയില്‍ നാസികള്‍ എന്ത് പരീക്ഷണമാണോ നടത്തിയത് അത് പിന്തുടര്‍ന്ന് “മുസ്‌ലിം പ്രശ്ന’ങ്ങള്‍ക്ക് ‘ശാശ്വത പരിഹാരം’ കാണുക എന്ന സവര്‍ക്കര്‍ ചിന്തകളുടെ അതിമാരകമായ വൈറസുകളാണ് ഗോള്‍വാള്‍ക്കര്‍ തന്റെ രചനയിലൂടെ പ്രസാരണം ചെയ്തത്. ആ കൃതിയിലെ ആശയങ്ങള്‍ 1934ല്‍ വി ഡി സവര്‍ക്കറുടെ സഹോദരനും ആര്‍ എസ് എസിന്റെ അഞ്ച് സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഗണേശ് സവര്‍ക്കറുടെ ‘രാഷ്ട്രമീമാംസ വ ഹിന്ദുസ്ഥാന്‍ചെ രാഷ്ട്രസ്വരൂപ് ’ എന്ന മറാത്തി കൃതിയുടെ സംഗ്രഹ രൂപമാണെന്ന് ഗോള്‍വാള്‍ക്കര്‍ തന്നെ സമ്മതിക്കുന്നുണ്ട്. വി ഡി സവര്‍ക്കറുടെ ‘ഹിന്ദുത്വ’യിലൂടെ ഹൈന്ദവമനസ്സുകളിലേക്ക് കുത്തിവെച്ച വിഷവും ഒന്ന് തന്നെയായിരുന്നു. രാഷ്ട്രമീംമാസയിലൂടെ ഗോള്‍വാള്‍ക്കര്‍ പ്രസരിപ്പിച്ച ആശയങ്ങളാണ് സംഘ്പരിവാരത്തെ തീവ്രചിന്താഗതിക്കാരും അപകടകാരികളുമാക്കി മാറ്റുന്നത്. ആര്‍.എസ്.എസിന് ശാസ്ത്രീയമായ രാഷ്ട്രീയ അടിത്തറ പാകാന്‍ ഗോള്‍വാള്‍ക്കര്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ് പ്രഥമ സംഘ്ചാലക് ഡോ. ഹെഡ്ഗേവാര്‍ അദ്ദേഹത്തിലേക്ക് ആകൃഷ്ടനാവുന്നതും തന്റെ പിന്‍ഗാമിയായി നിയമിക്കാനുള്ള തീരുമാനത്തിലെത്തുന്നതും. ചുരുങ്ങിയത് അഞ്ച് മാസത്തെ ബന്ധമേ അവര്‍ തമ്മിലുണ്ടായിരുന്നുള്ളൂ. എന്നിട്ടും സംഘ്പരിവാറിനെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം ഏല്‍പിക്കുന്നത് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളുടെ വിസ്ഫോടന ശേഷിയിൽ വിശ്വാസമുള്ളതു കൊണ്ടാണ്. മുസ്‌ലിം വിരുദ്ധതയിലൂന്നിയ, യൂറോപ്യന്‍ സെമിറ്റിക് വിരുദ്ധ വിചാരഗതിയെ അനുധാവനം ചെയ്യാനുള്ള ആഹ്വാനങ്ങളിലൂന്നിയ പാഠങ്ങള്‍, ഹിന്ദുഇന്ത്യ കെട്ടിപ്പടുക്കാന്‍ മതിയാവുന്ന വെടിമരുന്നാണെന്ന് ഹെഡ്ഗേവാര്‍ കണ്ടെത്തുകയായിരുന്നു.
സവര്‍ക്കറിസത്തിന്റെ മാരക ശേഷി ഇതുവരെ യഥാവിധി വിശകലനം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് നടമാടുന്ന ന്യുനപക്ഷവിരുദ്ധ നീക്കങ്ങളൊന്നും ആകസ്മികമല്ലെന്നും ഹിന്ദുത്വയുടെ കുടിലമായ ആശയഗതിയുടെ പ്രയോഗവത്കരണം മാത്രമാണതെന്നും മനസ്സിലാക്കുന്നതില്‍ ഇന്ത്യന്‍ മതേതരപക്ഷം പരാജയപ്പെടുകയാണോ? ഒരു മുസ്‌ലിമോ ക്രിസ്ത്യാനിയോ അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍, ആര്‍ എസ് എസ് മനസ്സുകളില്‍ ആഹ്ളാദം വിരിയുന്നത് ഗുരു വിഭാവന ചെയ്തതുപോലെ കാര്യങ്ങൾ നടപ്പാക്കപ്പെടുന്നു എന്ന വിചാരമുള്ളതുകൊണ്ടാണ്. സംഘ് ചിന്താമണ്ഡലത്തില്‍ രൂഢമൂലമായ ന്യൂനപക്ഷവിരുദ്ധത ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ആത്യന്തിക രീതിശാസ്ത്രത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള മതേതര പക്ഷം വിസ്മരിച്ചുപോകുന്നു. മോഡിയുടെയോ അമിത് ഷായുടെയോ ഏതെങ്കിലും ചെയ്തി ചൂണ്ടിക്കാട്ടി അതിലെ ജനാധിപത്യവിരുദ്ധതയും മതേതര നിരാസവും തൊട്ടുകാണിക്കുന്നത് നിരര്‍ഥകമാണ്. “ഗുരുമുഖത്തുനിന്ന്’ പഠിച്ചതാണ് അവര്‍ നടപ്പാക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റ കുടുംബത്തിന് ചില്ലിക്കാശിന് കൈമാറുമ്പോള്‍ അതിലടങ്ങിയ ഹിന്ദുത്വ അജണ്ട കാണാതെ പോകുന്നത് സവര്‍ക്കറിസത്തിന്റെ സാമ്പത്തിക മാനങ്ങളെ അറിയാത്തതുകൊണ്ടാണ്. ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും മുസ്‌ലിംകള്‍ ഒന്നുകില്‍ പൂര്‍ണമായും കീഴടങ്ങി ഒന്നും ചോദിക്കാതെ ഭൂരിപക്ഷത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ തയാറാവുക, അല്ലെങ്കില്‍ സമ്പൂര്‍ണ ഉന്മൂലനത്തിന് നിന്നുകൊടുക്കുക എന്നതാണ് ‘വീ ഓർ ഔവർ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’ എന്ന ഹിന്ദുത്വയുടെ വേദപുസ്തകത്തിലൂടെ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബാബുറാവു എന്ന് അനുയായികള്‍ വിളിക്കുന്ന ഗണേശ് ദാമോദര്‍ സവര്‍ക്കര്‍, ‘രാഷ്ട്രമീമാംസ’യില്‍ എവിടെയും നാസികളെ കുറിച്ചോ ഹിറ്റ്്ലറെ കുറിച്ചോ പറയുന്നില്ല. വി ഡി സവര്‍ക്കര്‍ നിര്‍വചിച്ച ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗവത്കരണമാണ് ഇതിലെ പ്രതിപാദ്യം. 1933ല്‍ ഹിറ്റ്്ലര്‍ അധികാരത്തിലേറിയ പിറ്റേവര്‍ഷമാണ് ‘രാഷ്ട്രമീമാംസ’ പുറത്തുവരുന്നത്. ആസ്ട്രിയയിലും ചെക്കോസ്ളാവാക്യയിലും ഹിറ്റ്്ലര്‍ നടത്തിയ ഇരച്ചുകയറ്റവും സൈനിക ഉത്തേജനവും പ്രസിഡന്റിന്റെയും ചാൻസ്്ലറുടെയും പദവികള്‍ സമന്വയിപ്പിച്ച് ആത്മീയ ഗുരുവായി ( Fuhrer) സ്വയം അവരോധിതനായതുമെല്ലാം അന്നത്തെ ഏറ്റവും വലിയ ലോകവര്‍ത്തമാനമായിരുന്നു. 1933ലെ ന്യൂറെന്‍ ബെര്‍ഗ് നിയമങ്ങളിലൂടെ യഹൂദരോടുള്ള വിവേചനം നിയമാനുസൃതമാക്കിയതും ജൂത കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം പരസ്യമായി പുറത്തുവന്നതും ഈ കാലഘട്ടത്തിലാണ്. വംശവിശുദ്ധിയുടെ റോമക്കഥകള്‍ പറഞ്ഞ് , യഹൂദരെ അപരവത്കരിക്കാനും അവര്‍ക്കെതിരെ നടക്കുന്ന കിരാത പീഢനങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനും ഗോള്‍വാള്‍ക്കര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയിലെ മുസ്‌ലിംകളെയും ഇതേ വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന വ്യക്തമായ സൂചനയുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയസ്വത്വം തീരുമാനിക്കാനുള്ള പൂര്‍ണാധികാരം ഹിന്ദുക്കളുടേതാണ് എന്ന് ആര്‍ എസ് എസ് ഊന്നിപ്പറയുന്നത് സവര്‍ക്കറിസത്തില്‍നിന്ന് പഠിച്ചതാണ്. രണ്ടാം ലോകയുദ്ധ കാലത്ത് സ്വേച്ഛാധിപതികളുടെ പക്ഷത്താണ് ആര്‍ എസ് എസ് മനസ്സുറപ്പിച്ചുനിറുത്തിയത്. ജര്‍മനിയിലും റഷ്യയിലും നടമാടുന്ന സംഭവവികാസങ്ങളെ സാകൂതം വീക്ഷിച്ചത് ഇന്ത്യക്ക് അത് മാതൃകയാവുമെന്ന പ്രതീക്ഷയിലാണ്. മറാത്തി പത്രങ്ങള്‍ അവ വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ആര്‍ എസ് എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ ഉപദേശകനും ഹിന്ദുമഹാസഭ നേതാവുമായിരുന്ന ബി എസ് മുന്‍ജെ, ഇറ്റലി വരെ യാത്ര ചെയ്തു 1931ല്‍ ബെനിറ്റോ മുസ്സോളിനിയെ നേരില്‍ കണ്ട് ഇന്ത്യക്ക് എങ്ങനെ ഇറ്റലിയുടെ വഴിയിലൂടെ സഞ്ചരിക്കാനാവുമെന്ന് ഉപദേശം തേടുകയുണ്ടായി. അതിനു ശേഷമാണ് ഫാഷിസ്റ്റ് പ്രചാരണ ശൈലി ആര്‍.എസ്.എസ് പിന്തുടരുന്നത്. ശാഖകളില്‍ കുഞ്ഞുങ്ങളെ പരിവാര്‍ മൂശയില്‍ വാര്‍ത്തെടുക്കുന്ന പദ്ധതി തുടങ്ങുന്നതും ഹൈന്ദസമൂഹത്തിന്റെ സൈനികവത്കരണത്തിന് കായിക പരിശീലനവും മെയ്യഭ്യാസങ്ങളും ജീവിതരീതിയായി അംഗീകരിക്കുന്നതും അന്നുതൊട്ടാണ്. തനിക്കും ഹിറ്റ്്ലറെ പോലെ ചോദ്യം ചെയ്യപ്പെടാത്ത ‘ഫ്യുറര്‍’ (ഗുരു) ആയി മാറണമെന്ന് ഗോള്‍വാള്‍ക്കര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. മുസ്‌ലിം വിദ്വേഷം പരമാവധി ഒഴുക്കിവിട്ട്, സാമുദായിക ധ്രുവീകരണം പൂര്‍ത്തീകരിച്ചാല്‍ അത് സാധ്യമാവുമെന്നാണ് ആര്‍ എസ് എസും ഹിന്ദുമഹാസഭയും കണക്കുകൂട്ടിയത്. രണ്ടുപേരിലാണെങ്കിലും ഇരു സംഘടനകളും ഒരേ ലക്ഷ്യത്തിലാണ് പ്രവര്‍ത്തിച്ചത്. വി ഡി സവര്‍ക്കറുടെ ചിന്തയും തീവ്രആശയങ്ങളുമാണ് സംഘ്പരിവാറിന്റെ ചിന്തകളെ നിയന്ത്രിച്ചതും അനുയായികളെ നയിച്ചതും. അങ്ങനെയാണ് ഗാന്ധിവധത്തില്‍ ഗോഡ്സെയോടൊപ്പം വി ഡി സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഒരുപോലെ പ്രതികളാവുന്നത്. ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന വിഖ്യാത കൃതിയില്‍ ഡൊമിനിക് ലാപിയറും ലാരി കോളിന്‍സും ഗാന്ധിവധത്തില്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഏതെല്ലാം തലത്തില്‍ ഭാഗഭാക്കായി എന്ന് തെളിവ് സഹിതം നിരത്തുന്നുണ്ട്. എന്നിട്ടും അവര്‍ ശിക്ഷിക്കപ്പെടാതെ പോയതിന്റെ കാരണം ദുരൂഹമാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് ഇരുവരുടെയും സാന്നിധ്യം അനിവാര്യമാണെന്ന് വിശ്വസിച്ച ഗോഡ്സെ കോടതിയില്‍ എല്ലാ കുറ്റവും സ്വയം ഏറ്റെടുത്ത് ഹിന്ദുത്വ പ്രസ്ഥാനത്തെയും അമരത്തിരിക്കുന്നവരെയും സംരക്ഷിക്കുകയായിരുന്നു.
വര്‍ഗീയതയുടെ സമാന്തരരേഖ
1940ല്‍ സ്വാതന്ത്ര്യപ്രാപ്തിയിലേക്ക് അടുക്കുംതോറും മൂന്ന് രാഷ്ട്രീയധാരകളാണ് ഇന്ത്യന്‍ മനസ്സുകളെ സ്വാധീനിച്ചത്. ബഹുസ്വരതയിലൂന്നിയ രാഷ്ട്രീയ അജണ്ടയുമായി ഒന്നാമതായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. രണ്ടാമത്തേത് കോണ്‍ഗ്രസിന് സമാന്തരമായി, ന്യൂനപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച് 1905തൊട്ട് നീങ്ങിയ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റേത്. മൂന്നാമതായി സവര്‍ക്കറും അനുയായികളും ആദ്യം ഹിന്ദുമഹാസഭയിലൂടെയും തുടര്‍ന്ന് ആര്‍.എസ്.എസിലൂടെയും ജനാധിപത്യ-മതേതര പാത അട്ടിമറിക്കാന്‍ പരസ്യമായും രഹസ്യമായും നടത്തിയ വര്‍ഗീയമായ നീക്കങ്ങള്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ വേരുകള്‍ അന്വേഷിച്ചിറങ്ങിയാല്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന വ്യക്തി വി.ഡി സവര്‍ക്കര്‍ തന്നെയായിരിക്കും. ബഹുസ്വരവും പാരസ്പര്യത്തിലധിഷ്ഠിതവുമായ ഇന്ത്യന്‍ നാഗരിക സമൂഹത്തിന്റെ നിലനില്‍പിനെ കുറിച്ച് ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ചിന്തിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പോലും അതിന്റെ എല്ലാ സാധ്യതകളും തള്ളിക്കളഞ്ഞുകൊണ്ട്, ഹൈന്ദവ അധീശത്വത്തിലും വംശമേന്മയിലും ഊന്നിക്കൊണ്ട്, ഹൈന്ദവേതര സമൂഹത്തെ ശത്രുപക്ഷത്ത് നിർത്തി രാഷ്ട്രീയം കളിച്ചത് മതവിശ്വാസിയല്ലാത്ത സവര്‍ക്കറാണ്. 12ാം നൂറ്റാണ്ടുതൊട്ട് ഇവിടെ വളര്‍ന്നുവികസിച്ച ‘ഹിന്ദുസ്ഥാന്‍’ എന്ന മനോഹര ആശയത്തെ മതം, ഭൂമിശാസ്ത്രം എന്നിവയുടെ അതിർവരമ്പുകള്‍ക്കുള്ളില്‍ ദുര്‍വ്യാഖ്യാനം ചെയ്തു സഹവര്‍ത്തിത്വത്തിന്റെ ജീവിതം അസാധ്യമാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ച വിട്ടുവീഴ്ചയില്ലാത്ത വര്‍ഗീയവാദിയാണ് സവർക്കർ. മഹാകവി ഇഖ്ബാല്‍ ‘സാരെ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന് പാടിയ അതേ കാലഘട്ടത്തില്‍ ഇന്ത്യ മനോഹരമാണെങ്കിലും ഇവിടെയുള്ള മ്ലേച്ഛന്മാരായ ബ്രിട്ടീഷുകാരെയും മുസ്‌ലിംകളെയും വെച്ചുപൊറുപ്പിക്കാന്‍ സാധ്യമല്ലെന്ന് ‘അമുച്ചാ പ്രിയകാര്‍ ഹിന്ദുസ്ഥാന്‍'(എന്റെ പ്രിയപ്പെട്ട ഹിന്ദുസ്ഥാന്‍) എന്ന കവിതയിലൂടെ 1908ൽതന്നെ പറഞ്ഞുവെച്ച ആളാണ് സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ 1857ലെ യോജിച്ച പോരാട്ടത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിളിച്ച് അപ്പേരില്‍ പുസ്തകമെഴുതിയ അതേ സവര്‍ക്കറാണ് വര്‍ഗീയതയുടെ അപ്പോസ്തലനായി പിന്നീട് വരുന്നത്. ഇന്ത്യയിലേക്ക് കടന്നുവന്ന എല്ലാവരും അധിനിവേശകരാണെന്നും ഹിന്ദുസ്ഥാനില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നും ആ പേര് പോലും ആഭ്യന്തരമായി കോയിന്‍ ചെയ്തെടുത്തതാണെന്നും വരെ സവര്‍ക്കര്‍ വാദിച്ചു. ഹിന്ദുസ്ഥാന്‍, ഹിന്ദ് എന്നീ പദങ്ങള്‍ വിദേശികള്‍ വികസിപ്പിച്ചെടുത്തതാണെന്ന യൂറോപ്യന്‍ ചരിത്രകാരന്മാരുടെ നിഗമനത്തെ അദ്ദേഹം ഖണ്ഠിക്കാന്‍ വിഫലശ്രമം നടത്തി. ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരാണ് ഹിന്ദുക്കള്‍ എന്നും അറബികള്‍ക്ക് എത്രയോ മുമ്പേ ആ പേര് നിലവിലുണ്ടായിരുന്നുവെന്നും വേദത്തില്‍ പരാമര്‍ശിക്കുന്ന സിന്ധി എന്ന പ്രയോഗം പോലും പിന്നീട് വന്നതാണെന്നും വരെ സമര്‍ഥിക്കാന്‍ ശ്രമിച്ചത് മുഗിള കാലഘട്ടത്തില്‍ വളര്‍ന്നുവികസിച്ചുവന്ന ഗംഗ-യമുന സംസ്കാരത്തെ തള്ളിപ്പറയാനാണ്. ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനായ മഹാകവി അമീര്‍ ഖുസ്റുവാണ് ഹിന്ദി ഭാഷ ഉപയോഗിച്ച് ഹിന്ദുസ്ഥാന്‍ എന്ന പേര് സുപരിചിതമാക്കിയതെന്ന ചരിത്രസത്യത്തെ സവര്‍ക്കറുടെ വര്‍ഗീയ മനസ്സ് അംഗീകരിച്ചില്ല. മുസ്‌ലിംകള്‍ ഒന്നുകില്‍ വിദേശികളാവാം, അല്ലെങ്കില്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാവാം. എന്തായാലും അവര്‍ പ്രാര്‍ഥിക്കുന്നത് മക്കയും ഫലസ്തീനും നോക്കിയാണ്. അതുകൊണ്ട് അവരുടെ കൂറ് രാജ്യത്തിനു പുറത്താണ് . അതുകൊണ്ട് വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സിദ്ധാന്തം സവര്‍ക്കര്‍ കരുപ്പിടിപ്പിച്ചെടുത്തു. ‘ഹിന്ദു പാദ് പാദ്ഷാഹി ’ എന്ന ആദ്യരചനയില്‍ തന്നെ ഈ ആശയം വിശദീകരിക്കുന്നുണ്ട്. 1923ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുത്വയുടെ അനിവാര്യഘടകങ്ങള്‍ (Essentials of Hindutwa) എന്ന വിഷമയമായ സൃഷ്ടിയിലൂടെ ആര്‍.എസ്.എസ് ഇന്ന് കൊണ്ടുനടക്കുന്ന വര്‍ഗീയസിദ്ധാന്തത്തിന് അദ്ദേഹം പൂര്‍ണരൂപം നല്‍കുകയായിരുന്നു.
വി.ഡി സവര്‍ക്കറെ സംബന്ധിച്ചിടത്തോളം ഇന്ത്യ 5000വര്‍ഷം പഴക്കമുള്ള , വംശീയമേന്മ കൊണ്ട് അനുഗ്രഹിക്കപ്പെട്ട മഹത്തായ ഒരു ദേശീയതയാണ്. ഈ രാജ്യത്തെ ആക്രമിക്കാന്‍ വന്ന അലക്സാണ്ടര്‍ മുതല്‍ എല്ലാവരെയും പ്രതിരോധിച്ചിട്ടുണ്ട്. ഗസ്നിയിലെ മഹ്്മൂദ് മുതല്‍ മുഗിള രാജാക്കന്മാരെവരെ പരാജയപ്പെടുത്തിയവര്‍ക്ക് മ്ലേച്ഛന്മാരായ മുസ്‌ലിംകളുമായോ ക്രിസ്ത്യാനികളുമായോ ഒത്തുപോകാന്‍ പറ്റില്ല. അവര്‍ ഈ രാജ്യത്തെ പിതൃഭൂമിയായി കാണുന്നില്ല. അവരുടെ അടുപ്പം മക്കയോടും മദീനയോടും റോമിനോടുമാണ്. അതുകൊണ്ട് തന്നെ ഇന്നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടേണ്ടവരോ ഉന്മൂലനം ചെയ്യേണ്ടവരോ ആണ്. ഇന്ത്യയിലും പ്രയോഗിക്കണം ‘അന്തിമ പരിഹാരം’, ജര്‍മനിയില്‍ യഹൂദര്‍ക്കെതിരെ പ്രയോഗിച്ച രീതിയില്‍. ഇറ്റലിയിലേക്കും ജര്‍മനിയിലേക്കും നോക്കി രാഷ്ട്രീയം രൂപപ്പെടുത്തിയ, സവര്‍ക്കറെ പോലെ മറ്റൊരാളെ കാണില്ല. സവര്‍ക്കര്‍ രൂപപ്പെടുത്തിയ ചിന്താമൂശയിലാണ് സംഘ്പരിവാരം ഇന്ന് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. എ ബി വാജ്പേയി പ്രധാനമന്ത്രിയായിരിക്കേയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തത്. അവിടെനിന്ന് നരേന്ദ്രമോഡിയും അമിത് ഷായും രാജ് നാഥ് സിംഗും വളരെ മുന്നോട്ടുപോയി. മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്‍കി തിളക്കം കൂട്ടാന്‍ അണിയറയില്‍ ചില ശ്രമങ്ങള്‍ നടന്നു. അപ്പോഴെല്ലാം ബ്രിട്ടീഷുകാരുടെ മുന്നില്‍ നമ്രശിരസ്കനായി, മാപ്പ് എഴുതിക്കൊടുത്ത് ജയില്‍മോചനം നേടിയ ഭീരു എന്ന അപഖ്യാതിയുടെ ചരിത്രം സവര്‍ക്കറെ വേട്ടയാടി. ആ പേരുദോഷത്തില്‍നിന്ന് കഴുകി വൃത്തിയാക്കാനാണ് രാജ്നാഥ് സിംഗ് പുതിയ ചരിത്രവുമായി ഇറങ്ങിത്തിരിച്ചത്, ഗാന്ധിജി ഉപദേശിച്ച പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ക്ഷമാപണം എഴുതിക്കൊടുത്തതെന്ന്. യാഥാർത്ഥ്യങ്ങള്‍ രാജ് നാഥ് സിംഗിനെ തള്ളിപ്പറയുന്നുണ്ട്. 1910 മാര്‍ച്ച് 13ന് അറസ്റ്റിലായ സവര്‍ക്കറെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ (കാലാപാനി) അടച്ചുപൂട്ടുന്നത് 1911ജൂലൈ 4നാണ്. അന്നത്തെ നാസിക് ജില്ലാ മജിസ്ട്രേറ്റ് എ എം ടി ജാക്സണ്‍ കൊല്ലപ്പെട്ട കേസിലെ പ്രതി എന്ന നിലക്കാണ് അറസ്റ്റ്. അന്ന് ലണ്ടനിലായിരുന്ന സവര്‍ക്കര്‍, ജാക്സണെ കൊല്ലാന്‍ പിസ്റ്റള്‍ നല്‍കിയതാണ് കുറ്റം. സവര്‍ക്കറും സഹോദരന്‍ ഗണേശ് ദാമോദര്‍ സവര്‍ക്കറും (രാഷ്ട്രമീമാംസയുടെ രചയിതാവ്) ചേര്‍ന്ന് രൂപീകരിച്ച രഹസ്യ വിപ്ലവ കൂട്ടായ്മയായ മിത്ര മേള (അഭിനവ് ഭാരത്) ആണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞിരുന്നു. (കൊലപാതക രാഷ്ട്രീയം സവര്‍ക്കര്‍ സഹോദരങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നുവെന്ന് ചുരുക്കം). ഗണേശ് സവര്‍ക്കര്‍ മറ്റൊരു ബ്രിട്ടീഷ് ഓഫീസറുടെ കൊലയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായിരുന്നു. 1911 ആഗസ്ത് 30ന് ആണ് ആദ്യമായി വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ മുന്നില്‍ മാപ്പപേക്ഷ സമര്‍പ്പിക്കുന്നത്. ആ സമയത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു. 1913ല്‍ രണ്ടാമത്തെ അപേക്ഷയും നല്‍കി. അപ്പോഴും ഗാന്ധിജി തിരിച്ചുവന്നിട്ടില്ല. ഒരുവര്‍ഷം കഴിഞ്ഞാണ് ഗാന്ധിജി നാടണയുന്നത്. അപ്പോള്‍ ഗാന്ധിജി പറഞ്ഞിട്ടാണ് മാപ്പപേക്ഷ നല്‍കിയതെന്ന രാജ്നാഥ് സിംഗിന്റെ വാദം പച്ചപ്പൊള്ളാണ്. 1920ല്‍ സവര്‍ക്കറുടെ മോചനവിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ ഇളയ സഹോദരന്‍ നാരായണ്‍ സവര്‍ക്കര്‍ ഗാന്ധിജിയുടെ സഹായം തേടിയപ്പോള്‍, വി.ഡി സവര്‍ക്കര്‍ക്കെതിരെയുള്ള കേസ് പൂര്‍ണമായും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നതിനാല്‍ നിയമപരമായി നേരിടാമെന്ന് ഉപദേശിച്ചതാണത്രെ ഇപ്പോള്‍ മറ്റൊരു തരത്തില്‍ അവതരിപ്പിക്കുന്നത്. നാരായണ്‍ സവര്‍ക്കര്‍ ഈ വിഷയത്തില്‍ ഗാന്ധിജിക്ക് ആറ് കത്തെഴുതിയിട്ടുണ്ട് എന്നാണ് രേഖകള്‍ പറയുന്നത്. മറ്റു പല ജയില്‍പുള്ളികളെയും വിട്ടയച്ച സ്ഥിതിക്ക് തന്നെയും അനുജനെയും ജയില്‍ മോചിതരാക്കണമെന്ന് 1920 മാര്‍ച്ച് 30ന് സവർക്കർ അപേക്ഷ നല്‍കുന്നു. ബ്രിട്ടീഷ് ബന്ധത്തില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടണമെന്ന് തങ്ങളിരുവരും ആഗ്രഹിക്കുന്നില്ലെന്ന് മാപ്പപേക്ഷയില്‍ വ്യക്തമായി പറയുന്നുണ്ട്. ബ്രിട്ടനുമായി യോജിച്ചാണ് ഇന്ത്യയുടെ ഭാഗധേയം തീരുമാനിക്കേണ്ടതെന്ന വഞ്ചനയുടെ നിലപാട് എഴുതിക്കൊടുത്തിട്ടുമുണ്ട്. അങ്ങനെ ആ മാപ്പപേക്ഷ സ്വീകരിച്ച്, 1921മെയില്‍ രത്നഗിരി ജില്ലാ ജയിലിലേക്ക് ആന്‍ഡമാനില്‍ നിന്ന് സവര്‍ക്കര്‍മാരെ കൊണ്ടുവരുകയായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്ന് പ്രതിമാസം 60രൂപ ആജീവനാന്ത പെന്‍ഷന്‍ കൂടി തരപ്പെടുത്തിയായിരുന്നു സവര്‍ക്കറുടെ ജയില്‍വാസത്തിലൂടെയുള്ള രാജ്യസേവനം. അക്കാലത്ത് ജില്ലാ കളക്ടര്‍മാരുടെ ശമ്പളം അത്രത്തോളം വരില്ലത്രെ. 1939വരെ സവര്‍ക്കര്‍ രത്നഗിരി ജയിലില്‍ തുടര്‍ന്നു. പുറത്തുവന്ന സവര്‍ക്കര്‍, ഗോള്‍വാള്‍ക്കറുമായും നാഥുറാം ഗോഡ്സെയുമായും നാരായണ്‍ ആപ്തെയുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. ‘ഹിന്ദുരാഷ്ട്ര’ എന്ന പൂനെ പത്രത്തിലൂടെ കോണ്‍ഗ്രസിനും ഗാന്ധിജിക്കുമെതിരെ നിരന്തരം വിദ്വേഷമെഴുതി. ആര്‍ എസ് എസിലുടെ രാഷ്ട്രീയ ലക്ഷ്യപ്രാപ്തി സ്വപ്നം കണ്ട സവര്‍ക്കര്‍ ‘ഹിന്ദുരാഷ്ട്ര ദള്‍’ എന്ന രഹസ്യകൂട്ടായ്മ 1942 മെയ് 15ന് രൂപം കൊടുത്തു. ഇവര്‍ എല്ലാവരും ചിത്പാവന്‍ ബ്രാഹ്മണന്മാരാണ്. എല്ലാം തീരുമാനിക്കുന്നത് വീര്‍ സവര്‍ക്കര്‍! പലരും രഹസ്യമായി ആസൂത്രണം ചെയ്തു. അതില്‍ പ്രധാനപ്പെട്ടത് ഗാന്ധിജിയുടെ കൊലയായിരുന്നു. അതിന്റെ മുന്നൊരുക്കങ്ങള്‍ ഒരു രാഷ്ട്ര നിര്‍മാണത്തിന്റെ ഒരുക്കത്തിന് സമാനമായിരുന്നു. ഗാന്ധിജിയെ ഉന്മുലനം ചെയ്യുന്നതോടെ, മുസ്‌ലിംകളോട് പ്രതികാരം വീട്ടാനാവുമെന്നും അതോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാവുമെന്നും കണക്കുകൂട്ടി. അന്ന് തെറ്റിയ കണക്ക് ബാബരി മസ്ജിദിന്റെ ധ്വംസനത്തോടെ ശരിയായി വന്നതോടെയാണ് ആര്‍ എസ് എസിന് അധികാരസോപാനത്തില്‍ കയറ്റിപ്പറ്റാന്‍ അവസരം കൈവന്നത്. ഹിന്ദുത്വ ഭരണം യാഥാർത്ഥ്യമായ സ്ഥിതിക്ക് പുതിയൊരു രാഷ്ട്രപിതാവിനെ അവരോധിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. വീര സവര്‍ക്കര്‍ എന്ന ഭീരുവിനെ 138കോടി ജനങ്ങളുടെ തലക്കുമുകളില്‍ അവരോധിക്കുകയാണ് ആര്‍ എസ് എസിന്റെ വലിയ സ്വപ്നം. സവര്‍ക്കറിസം വിസ്ഫോടന ശേഷിയുള്ള ഒരു പ്രഹേളികയാണ്. അതൊരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള പരികല്പനകളടങ്ങിയ കൊച്ചുരാഷ്ട്രീയമല്ലെന്ന് മനസിലാക്കുക!
കാസിം ഇരിക്കൂർ
You must be logged in to post a comment Login