സാക്ഷരലോകത്തുനിന്ന് നിരക്ഷരലോകത്തേക്കാണ് സൂഫിയുടെ സഞ്ചാരം. ഉമ്മിയ്യായ പ്രവാചകരെ തിരിച്ചറിഞ്ഞപ്പോഴാണ് ആ സഞ്ചാരം ആരംഭിച്ചത്. ഉമ്മിയ്യ് എന്നതിന് നിരക്ഷരൻ എന്നാണ് പരിഭാഷ. എന്നാൽ റസൂൽ ഉമ്മിയായിരുന്നു എന്നതിന്റെ അർഥം അങ്ങനെയല്ല. ക്ഷരങ്ങളുടെ ലോകത്ത് പരിമിതപ്പെടുന്ന വിജ്ഞാനത്തിന്റെ ഉടമയല്ല. മറിച്ച് അക്ഷരങ്ങളുടെ സ്രഷ്ടാവായ അല്ലാഹു അക്ഷരങ്ങളുടെയും അപ്പുറത്തുള്ള ജ്ഞാനത്തെ സാമ്പ്രദായിക അക്ഷരജ്ഞാനത്തിലൂടെയല്ലാതെ തന്നെ റസൂലിന് നൽകിയിരിക്കുന്നു. സൂറതു നിസാഇലെ 113-ാം സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കിയതിങ്ങനെയാണ്: “അറിവില്ലാത്തതെല്ലാം അങ്ങേയ്ക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു: അല്ലാഹു അവിടുത്തേക്ക് ചെയ്ത അനുഗ്രഹം എത്ര മഹത്തരമാണ്. “ഉമ്മിയായ പ്രവാചകരുടെ വിജ്ഞാന വ്യാപ്തി സ്വല്ലൽ ഇലാഹു എന്ന കവിതയിൽ ഉമറുൽ ഖാളി ആഖ്യാനിച്ചതിങ്ങനെയാണ്: “അഹ്ബബ്തു ഉമ്മിയ്യയ്യകൂനു അലീമാ …
(ഹൃദയാവരിച്ചു ഞാൻ
നിരക്ഷര ജ്ഞാനിയെ
ജ്ഞാനേസരികൾക്കുമേൽ
വിജ്ഞാനിയായവർ).
പ്രവാചകാനുരാഗത്തിൽ വിലയം നേടുന്ന സാത്വികർ അധ്യാത്മികതയിൽനിന്ന് ലഭിക്കുന്ന പ്രഭയാകുന്ന വിജ്ഞാനലോകത്തിനാണ് പ്രാധാന്യം നൽകുന്നത്. ജ്ഞാനം അക്ഷരങ്ങളോ ആവിഷ്കാരങ്ങളോ അല്ല, ഹൃദയത്തിൽ ലഭിക്കുന്ന പ്രഭയാണെന്ന് പരിചയപ്പെടുത്തിയ ഏറെ മഹത്തുക്കളുണ്ട്. ഇമാം ശാഫിഈയോട് ഗുരുവര്യൻ വകീഅ് പറഞ്ഞ വാക്കുകൾ വിശ്രുതമാണ്. “വഅഖ്ബറനീ ബി അന്നൽ ഇൽമ നൂറുൻ- വനൂറുല്ലാഹി ലായുഅ്ത്വി ലി ആസ്വീ…”- അഥവാ പാപികൾക്ക് ലഭിക്കാത്ത ദൈവീകപ്രഭയാണ് വിജ്ഞാനം. അതിനാൽ പാപമുക്തനായി ജീവിച്ചോളൂ, വിജ്ഞാനിയാകാം. ആത്മീയ അനുശീലനങ്ങൾ വഴി എത്തിച്ചേരുന്ന പദവികളും ആർജിക്കുന്ന അവബോധങ്ങളും അക്ഷരങ്ങൾക്കുമപ്പുറത്തെ അറിവുകളുടെ ലോകമാണ്. ഈ സത്യത്തെ അറിഞ്ഞവരാണ് സാക്ഷരലോകത്തുനിന്ന് നിരക്ഷരലോകത്തേക്ക് സഞ്ചരിക്കുന്നത്. യഥാർത്ഥത്തിൽ അത് സാധാരണ മനുഷ്യാവസ്ഥയിൽനിന്ന് സമ്പൂർണ മനുഷ്യന്റെ (അൽ ഇൻസാനുൽ കാമിൽ ) പദവിയിലേക്കുള്ള പ്രയാണമാണ്. അഥവാ റസൂലിൽ വിലയം തേടുന്ന യാൾ അക്ഷരങ്ങൾക്കപ്പുറത്തെ അറിവിന്റെ പ്രപഞ്ചത്തിലേക്ക് എത്തിച്ചേരുകയാണ്.
തെളിഞ്ഞ ഹൃദയത്തിൽ ലോകം മുഴുവൻ പ്രതിബിംബിക്കുന്നതും അത്തരം ഹൃദയത്തിന്റെ ഉടമകൾ ബോധ്യ ജ്ഞാനത്തിന്റെ പദവി അനുഭവിക്കുന്നതും ഇമാം റാസി ഫാതിഹയുടെ വ്യാഖ്യാനത്തിൽ എഴുതിയിട്ടുണ്ട്. ആധ്യാത്മികവെളിച്ചം ലഭിച്ചവർ ആത്മാവുള്ള അറിവ് പകർന്നു നൽകുന്നു. നബി കീർത്തനങ്ങൾ എഴുതിയ ആത്മീയ പണ്ഡിതർ വരികൾക്കകത്ത് പ്രകാശകുംഭങ്ങളെ നിറച്ചുവെച്ചു. കേവല സാഹിത്യമായി മാത്രമല്ല അവ വായിക്കപ്പെടേണ്ടത്. ഇമാം ബൂസ്വീരി ബുർദ രചിച്ചത് ഒരു കാവ്യ സമ്മാനമായിട്ടല്ല. മറിച്ച് അനുരാഗപാത്രത്തെയോർത്ത് വിങ്ങിനിറഞ്ഞ ഹൃദയത്തെ പകർത്തുകയായിരുന്നു. എന്നാൽ ബുർദക്ക് സമാനകാവ്യമെഴുതാൻ ശ്രമിച്ച ഈജിപ്തിന്റെ കുയിലും ദേശീയ കവിയുമായ അഹ്മദ് ശൗഖി ബുർദയുടെ മുമ്പിൽ പരാജയം സമ്മതിക്കുകയായിരുന്നു. ഒന്നാമത്തേത് ആത്മാവിൽനിന്നും രണ്ടാമത്തേത് കാവ്യശേഷിയിൽ നിന്നും ബഹിർഗമിച്ചതായിരുന്നു. മുത്ത്നബിയെ വായിച്ചപ്പോഴും ഈ വ്യത്യാസങ്ങളുണ്ടായി. ഇമാം അഹ്മദ് രിളാഖാൻ പ്രപഞ്ചത്തെയും പ്രപഞ്ചത്തിന്റെ കാരുണ്യം റസൂലിനെയും ചേർത്തു വായിച്ചു. അകക്കണ്ണ് കൊണ്ട് നിരീക്ഷിച്ചു കൊണ്ടായിരുന്നു വായന . അത് കവിതയായി വിരിഞ്ഞു. ചില വരികൾ ഇങ്ങനെ വായിക്കാം.’
“ധാരെ ചൽ തെ ഹെ
അതാ കെ വൊ ഹെ ഖത് റാ തേരാ …
താരെ ഖിൽതെഹെ സഖാ
കെ വൊ ഹെ ദർ റാ തേരാ
കാരുണ്യത്തിന്റെ തീർഥങ്ങൾ മുഴുവൻ അവിടുത്തെ ഒരു തുള്ളിയിൽ നിന്നത്രെ.
നക്ഷത്രങ്ങളുടെ പ്രഭാവങ്ങൾ മുഴുവൻ അവിടുത്തെ ഒരു കണികയിൽ നിന്നത്രെ…’
“ഫൈസ് ഹെ യാ ശഹെ
തസ്നീം നീരാലാ തേരാ
ആപ് പ്യാസോം കെ
തജസ്സുസ് മെ ഹെ ദര്യാ തേരാ …
സ്വർഗീയ ഉറവയായ തസ്നീമിന്റെ രാജാവേ… അവിടുന്ന് ഔദാര്യത്തിന്റെ അതുല്യഭാവമാണ്,
അവിടുന്ന് ദാഹിക്കുന്നവർക്ക് ഉറവയും അരുവിയുമാണ്.’
നബിജീവിതത്തിൽനിന്നുള്ള പകർപ്പുകളെ ജീവിതത്തിൽ പരിപാലിക്കണം എന്ന് നാം പറയുന്നു, പ്രചോദിപ്പിക്കുന്നു. എന്നാൽ പ്രണയപൂർവം നബിയെ( സ്വ) ഏറ്റെടുത്തവർ പ്രണയപ്രമത്തരായി നബിയിൽ സംലയിച്ചിരിക്കുന്നു. അത്തരമൊരു ആത്മീയാവസ്ഥയിലായിരിക്കണം ഇച്ച മസ്താൻ ഇങ്ങനെ പാടിയത്.
ബിസ്മില്ലാഹി റഹ്മാനി റഹീമുമേ നാം
“ബാ, ക്ക് പുള്ളിയിൽ
വള്ളിയും കീഴ് മദീന
ഫദ് കർ റബ്ബക്ക
ഫീ നഫ്സിക ആയത്തെ ടീ
ഫർദ വൻ ഖുദ്ദൂസിൽ സഖാ മല്ലെടീ. ലോകത്തുള്ളതെല്ലാം തിരിച്ചറിയുന്നത് നാമങ്ങളിലൂടെയാണ് എന്ന ആശയം ബസ്മലയിൽ അഥവാ ബിസ്മിയിൽ അടങ്ങിയിട്ടുണ്ട്. ബാ ആകുന്നു പ്രപഞ്ചത്തിന്റെ മുഴുവൻ നിലനിൽപ്.
“യതീം’ എന്നാൽ പ്രായപൂർത്തിക്കുമുമ്പ് പിതാവ് മരണപ്പെട്ട അനാഥൻ എന്നർഥം. ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ടു പോയ കുഞ്ഞ് എന്ന നിലയിൽ മുത്തുനബിയെ കുറിച്ച് ജന്മനാ യതീം എന്ന് പ്രയോഗിക്കാറുണ്ട്.
എന്നാൽ പൊതുവേ അനാഥത്വം എന്നത് ഒരു പരിമിതിയും പരാധീനതയുമായി ഗണിക്കപ്പെടുന്നു. ഒരു പിതാവിന്റെ ലാളനയും സംരക്ഷണവും രക്ഷാകർതൃത്വവും ലഭിക്കാതെ പോകുമല്ലോ എന്നതിനാലാണ്. ഇവിടെ പ്രവാചകർക്ക് അനാഥത്വം ഒരു പരാധീനതയോ പരിമിതിയോ ദൗർഭാഗ്യമോ അല്ല. പ്രപഞ്ചപരിപാലകനായ അല്ലാഹുവിന്റെ സവിശേഷമായ ലാളനയിലും പരിചരണത്തിലുമാണ് മുത്തുനബി പരിപാലിക്കപ്പെട്ടത്. അത് അവിടുന്നു തന്നെ പ്രസ്താവിച്ചു. അള്ളുഹാ എന്ന ഖുർആൻ അധ്യായം ഈ വസ്തുതയുടെ നാനാവശങ്ങളും വിശദീകരിക്കുന്നുമുണ്ട്. യഥാർത്ഥത്തിൽ യതീം പലമാനങ്ങളാലും മുത്ത് നബിക്ക് പവിത്രതയുടെ വിലാസമാണ്.
മാതാപിതാക്കൾ സംബന്ധിയായ ചർച്ചകൾ സൈദ്ധാന്തികതയെക്കാൾ വൈകാരികമായതു തന്നെയാണ്. മുത്ത് നബിയെ ഹൃദയത്തിൽ ഏറ്റെടുത്തവർ ആ നാമം പ്രയോഗിക്കുമ്പോഴും താവഴിയെ കുറിച്ച് സംസാരിക്കുമ്പോഴും പവിത്രതയും സ്നേഹവും നിഴലിച്ചു നിൽക്കും. ഉമ്മയെയും ഉപ്പയെയും അത്്ലറ്റിക് യോഗ്യതകൾ വച്ച് മൂല്യനിർണയും നടത്തുന്നതു പോലെയാണ് ചിലർ മുത്തുനബിയുടെ മാതാപിതാക്കളെ കുറിച്ച് ചർച്ച നടത്തുന്നത്. മുത്ത് നബിയെ കുറിച്ചുള്ള പഠനവും സിദ്ധാന്തത്തിലെ പ്രവാചകനെ കുറിച്ചുള്ള പഠനവും രണ്ട് മാനങ്ങളിൽനിന്നു തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.
എല്ലാ പവിത്രതയും നൽകി ആദരിക്കപ്പെട്ട തിരുദൂതർ അവിശുദ്ധ പാരമ്പര്യത്തിൽ നിന്നാണെന്ന ചർച്ചയ്ക്ക് എന്ത് സ്ഥാനമാണു ള്ളത്.
സ്വഹാബികൾ ആത്മപരിശോധന നടത്തി; നാളെ രക്ഷപ്പെടാൻ എന്താണ് മാർഗം. കർമാനുഷ്ഠാനങ്ങൾ കുറച്ചൊക്കെ ഉണ്ടെങ്കിലും ആത്മവിശ്വാസം പോരാ. ഇനി ഒന്നേ ഉള്ളൂ. മുത്ത് നബിയുമായുള്ള പാരസ്പര്യത്തിൽ എന്തെങ്കിലും ഒന്ന് ലഭിച്ചേക്കും. ഉമർ (റ) ചിന്തിച്ചു. അവസാനം ചോദിച്ചു. ഓ അബൂബക്കർ, നിങ്ങളുടെ ഒരു രാത്രി എനിക്ക് തരാമോ? പകരം എന്റെ ജീവിതം മുഴുക്കെ നിങ്ങൾക്ക് തരാം. ചോദ്യം കേട്ടപ്പോൾ അബൂബക്കർ(റ) തിരിച്ചുചോദിച്ചു: ഏതു രാത്രിയാണ്? പുണ്യ നബിയോടൊപ്പം സൗർ ഗുഹയിൽ കഴിച്ചുകൂട്ടിയ ആ രാത്രി. ഉമർ (റ) എന്ന പ്രമുഖനായ സ്വഹാബി എങ്ങനെയാണ് ജീവിത വിജയം പ്രതീക്ഷിച്ചത്? മറ്റൊരിക്കൽ ഉമർ(റ) തന്നെ പറഞ്ഞു. ഞാൻ അബൂബക്കർ സിദ്ദീഖിന്റെ(റ) മാറിടത്തിലെ ഒരു രോമമായിരുന്നെങ്കിൽ… നബി വായനയുടെ ഏത് മാനത്തിൽ നിന്നാണ് ഉമർ സംസാരിച്ചത്. സൈദ്ധാന്തിക നിയാമക തലത്തിൽ നിന്നല്ലെന്ന് തീർച്ച.
ഉമർ (റ) മരണശയ്യയിലാണ്. ആത്മവിചാരണയുടെ നിമിഷങ്ങൾ. അല്ലാഹുവിന്റെ വിചാരണ ഭയക്കുന്ന ഒരു ദാസൻ പ്രത്യാശയെക്കാൾ ആശങ്കയിലാണ്. രക്ഷിതാവിന്റെ മഹത്വം അറിയുന്ന അടിമ സ്വയം ഒന്നുമല്ലെന്ന് ചിന്തിക്കുന്ന നിമിഷം. അലി(റ) അങ്ങോട്ട് കടന്നുവന്നു. ഉമറിന്റെ വാക്കുകൾ കേട്ടു. ആശ്വസിപ്പിക്കാൻ അലി(റ) തിരഞ്ഞെടുത്ത വാക്കുകൾ ഇങ്ങനെ സംഗ്രഹിക്കാം: “ഉമർ, നിങ്ങൾ എന്തിന് ഭയക്കണം. നിങ്ങൾ മുത്ത്നബിയോടൊപ്പം ജീവിച്ചു. അവിടുന്ന് വിയോഗം തേടുമ്പോൾ നിങ്ങളെക്കുറിച്ചു തൃപ്തിയായിരുന്നല്ലോ! നിങ്ങൾ സിദ്ദീഖിനോടൊപ്പം(റ) പ്രവർത്തിച്ചു. അവിടുന്നും വിയോഗം തേടുമ്പോൾ നിങ്ങളിൽ തൃപ്തനായിരുന്നല്ലോ? ‘(പിന്നെന്തിനു ഭയക്കണം എന്ന്). നോക്കൂ, ആരാധനയുടെ വലിപ്പമോ സമരമുന്നേറ്റങ്ങളുടെ എണ്ണമോ അല്ല അലി(റ) കാണുന്നത്. മാനസികമായ പൊരുത്തവും അംഗീകാരവുമാണ്. അന്ത്യനാൾ എപ്പോഴാണെന്ന് ചോദിച്ച അനുയായിയോട് മുത്തുനബി നടത്തിയ സംഭാഷണം കൂടി ഇവിടെയൊന്ന് ചേർത്ത് വായിച്ചുനോക്കൂ.
ഇത്തരമൊരു സംഹിതയെയും റസൂലിനെ കേവലം അക്ഷരങ്ങളിൽ വായിക്കേണ്ടതല്ല. ആത്മാന്തരങ്ങൾ ചേർത്ത് വെച്ച് കൈമാറേണ്ടതാണ്. അന്ത്യനാൾ വരെ നിലനിൽക്കാനുള്ള വിശുദ്ധ ഖുർആൻ, പ്രിന്റിംഗ് പ്രസ്സിലോ ഹാർഡ് ഡിസ്കിലോ ഏൽപിക്കാതെ, പരിശോധിച്ച് പരിശുദ്ധി ഉറപ്പിച്ച ഹൃദയങ്ങളിലാണ് മുത്ത്നബി വച്ചിട്ട് പോയത്. അതിന്റെ പ്രയോഗവും പാരായണവും നീതി മാന്മാരായ വ്യക്തികളെയാണ് ഏൽപിച്ചിട്ടു പോയത്. ആത്മാവും ജീവനും വിചാരവും വികാരവും സ്നേഹവും ദുഃഖവും എല്ലാം സമ്മേളിച്ച ഒരു വ്യവസ്ഥിതിയാണ് പുണ്യ നബി തന്നേച്ചുപോയത്.
അനുരാഗത്തോടെ മനം ചേർത്ത് പകർന്നെടുക്കുമ്പോഴാണ് ജീവനുള്ള ഇസ്‌ലാം നമ്മിലേക്ക് സന്നിവേശിക്കുന്നത്. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് സൂഫി അക്ഷരങ്ങൾക്കപ്പുറത്തെ ആത്മാവിലേക്ക് സഞ്ചരിച്ചത്. വാചകങ്ങൾക്കപ്പുറത്തെ ധമനികളിലേക്ക് പ്രയാണം നടത്തിയത്.
ഇവിടെ മുത്ത്നബി ജീവിക്കുകയാണ്,
റൂഹീ ഫിദാക യാ റസൂലല്ലാഹ് ….
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി
You must be logged in to post a comment Login