സ്വഹാബികളായ സൈദ്ബ്നു ദസിനയുടെയും (റ) ഖുബൈബുബ്നു അദിയ്യിന്റെയും (റ) ചരിത്രം ഇസ്‌ലാമികലോകത്ത് വളരെ പ്രശസ്തമാണ്. ഖുർആൻ പഠിക്കാനെന്ന വ്യാജവിവരം നൽകി ശത്രുക്കൾ പത്തംഗ സംഘത്തെ മദീനയിൽ നിന്നും കൊണ്ടുപോവുകയും അവരിൽ എട്ടുപേരെയും വധിക്കുകയും ചെയ്തു. രണ്ടുപേർ മാത്രം ബാക്കിയായി. അവരായിരുന്നു സൈദ്ബ്നു ദസിനയും ഖുബൈബുബ്നു അദിയ്യും. ഇരുവരെയും മക്കയിലെ മുശ്‌രിക്കുകൾക്ക് അഥവാ റസൂലിന്റെ കൊടിയ ശത്രുക്കൾക്ക് വിൽക്കുകയാണ് ചെയ്തത്. ശത്രുക്കൾ ഇവരെ വാങ്ങിയത് അടിമകളായി ജോലിയെടുപ്പിക്കാനായിരുന്നില്ല. വളരെ ക്രൂരമായി കൊലപ്പെടുത്താനും അതുകണ്ട് ആസ്വദിക്കാനുമായിരുന്നു. സൈദിനോട് (റ) കൊലക്കയറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അബൂസുഫ്‌യാൻ പറയുന്നുണ്ട്, “നിന്നെ വെറുതെ വിടാം; നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ് നിൽക്കുന്നത് നിനക്കിഷ്ടമാണ് എന്നു മാത്രം സമ്മതിച്ചാൽ മതി.’ കേവലമൊരു സമ്മതം മാത്രമാണ് അബൂസുഫ്‌യാൻ ചോദിച്ചതെങ്കിലും കൂടിയിരിക്കുന്ന മുഴുവൻ ആളുകളെയും അതിലുപരി മനുഷ്യചരിത്രത്തെത്തന്നെയും എക്കാലവും ഞെട്ടിച്ചുകൊണ്ട് സൈദ്ബ്നു ദസിന(റ) ഇങ്ങനെ പ്രഖ്യാപിച്ചു: “”അല്ലാഹുവാണ് സാക്ഷി; എന്നെ വെറുതെ വിടുന്നതിനു പകരം മുഹമ്മദിന്റെ കാലിൽ ഒരു മുള്ള് തറക്കുന്നതുപോലും എനിക്കിഷ്ടമില്ല; അതിനു ഞാൻ സമ്മതിക്കുകയുമില്ല.” ഇതുകേട്ട അബൂസുഫ്‌യാന് നാണക്കേടു കാരണം തലതാഴ്ത്തി ഇങ്ങനെ പറയേണ്ടി വന്നു: “മുഹമ്മദിന്റെ ജനത മുഹമ്മദിനെ സ്നേഹിക്കുന്നതുപോലെ ലോകത്ത് ഒരാളും ഒരാളെയും സ്നേഹിക്കില്ല.’ ഖുബൈബുബ്നു അദിയ്യിനെ (റ) കഴുമരത്തിലേക്ക് കൊണ്ടുപോയപ്പോഴും സമാനമായ രംഗങ്ങൾ തന്നെയാണ് നടന്നത്.
കോടാനുകോടി മുസ്‌ലിംകൾ ലോകത്ത് ജീവിക്കുന്നു. ഇതിലും എത്രയോ ഇരട്ടിയാളുകൾ മരണപ്പെടുകയും ചെയ്തു. എല്ലാവരുടെയുമിടയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ഒരൊറ്റ മനുഷ്യനേ ഉണ്ടാകൂ-മുഹമ്മദ് നബി (സ്വ) മാത്രം. സ്വന്തത്തെക്കാളും മറ്റെന്തിനെക്കാളും ഓരോരുത്തരും മുഹമ്മദ് നബിയെ (സ്വ) സ്നേഹിക്കുന്നു, പുകഴ്ത്തുന്നു, അപദാനങ്ങൾ വാഴ്ത്തുന്നു, സന്തോഷിക്കുന്നു. സ്വന്തം പിതാമഹന്റെയോ അവരുടെ പിതാമഹന്റെയോ പേരുപോലുമറിയാത്തവരാണ് ഒട്ടുമിക്കയാളുകളും. സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും ജനനദിവസത്തെക്കുറിച്ച് വേണ്ടത്ര ബോധമില്ലാത്തവരാണ് പലരും. പക്ഷേ, പരിശുദ്ധ റസൂലിനെക്കുറിച്ച് മുസ്‌ലിംകൾക്ക് എല്ലാമറിയാം. ജനനവും മരണവും ഇരുപത് പിതാമഹന്മാരെയും മറ്റെല്ലാം അറിയാം. ലക്ഷോപലക്ഷം ഗ്രന്ഥങ്ങളിലാണ് പുണ്യനബിയുടെ ചരിത്രം മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. സ്വലാഹുദ്ദീൻ അൽ മുനജ്ജദ് ക്രമപ്പെടുത്തിയ “അൽ മുഅ്ജമു ഫീമാ ഉല്ലിഫ അൻ റസൂലില്ലാഹ്’ എന്ന എൻസൈക്ലോപീഡിയ നബിയെക്കുറിച്ചെഴുതിയ ഗ്രന്ഥങ്ങളുടെ പേരുകൾ മാത്രമായുള്ളതാണ്. 424 പേജുകളുള്ള ഗ്രന്ഥത്തിൽ അവസാനം അദ്ദേഹം തന്റെ അശക്തത രേഖപ്പെടുത്തുന്നു; പരിശുദ്ധ റസൂലിനെക്കുറിച്ചെഴുതിയ ഗ്രന്ഥങ്ങളെ ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്താനാവില്ലെന്ന സത്യവും സമ്മതിക്കുന്നു. ലക്ഷോപലക്ഷം കവിതാസമാഹാരങ്ങൾ; കോടിക്കണക്കിനു കവിതാ ശകലങ്ങൾ-എല്ലാം തിരുറസൂലിനെക്കുറിച്ച് വിരചിതമായി. കോടാനുകോടി മുസ്‌ലിംകൾ ഇന്നും എന്നും ഒരുപോള കണ്ണടയ്ക്കുന്നത്-അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുന്നത്- തിരുനബിയെ കിനാവിലെങ്കിലും ഒന്നു കാണണമെന്ന അതിയായ ആഗ്രഹം മനസിൽ സൂക്ഷിച്ചാണ്. ഓരോരുത്തരും ഉറങ്ങുമ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹവും അതുതന്നെയാണ്. എത്രയെത്ര ആശിഖീങ്ങളാണ് ഓരോ സെക്കന്റും നബിസ്നേഹത്തിലലിഞ്ഞ് കണ്ണുനീർ പൊഴിച്ചുകൊണ്ടിരിക്കുന്നത്! എത്രയെത്ര വിശ്വാസികളാണ് അവിടുത്തെയോർത്ത് മാത്രം ഓരോ നിമിഷവും ജീവിതം ആനന്ദകരമാക്കിക്കൊണ്ടിരിക്കുന്നത്!! മുഹമ്മദ് നബിയെക്കുറിച്ച് ചെറിയ തോതിലെങ്കിലും അപമര്യാദയായി സംസാരിച്ചാൽ കടുത്ത അമർഷം മുസ്‌ലിമിനുണ്ടാകും. കുറ്റം പറയണമെന്നില്ല; അപമര്യാദയായി സംസാരിച്ചാൽ തന്നെ ഒരു മുസ്‌ലിമിനും അത് ഉൾക്കൊള്ളാൻ പോലും സാധിക്കില്ല. കാരണം അത്രമാത്രം സ്നേഹവും പ്രേമവും ഉള്ളിൽ നിറച്ചാണ് ഓരോ മുസ്‌ലിമും ഓരോ നിമിഷവും ജീവിക്കുന്നത്.
മക്കയിലെ അബ്ദുല്ലയുടെയും ആമിനയുടെയും മകനായി ജനിച്ച്, മക്കയിൽ അമ്പത്തിമൂന്നു വർഷം ജീവിച്ചതിനുശേഷം മദീനയിലേക്ക് പലായനം ചെയ്ത്, അറുപത്തിമൂന്നാം വയസിൽ വഫാത്തായ ഒരു മനീഷി എന്തുകൊണ്ട് ഇങ്ങനെ സ്നേഹിക്കപ്പെടുന്നു; എന്തുകൊണ്ട് അനന്തകോടി ജനങ്ങൾക്ക് സർവസ്വമാകുന്നു; എന്തുകൊണ്ട് അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ റൗളാശരീഫ് ലോകത്തെ ഏറ്റവും വലിയ ആശ്രയ കേന്ദ്രമാകുന്നു; പതിനാലു നൂറ്റാണ്ടായി പതിനായിരങ്ങൾ ഓരോ ദിവസവും അവിടെ വന്നുപോകുന്നു. ഒരു വ്യക്തി ഒരു സമൂഹത്തിൽ കാലങ്ങളെ അതിജീവിച്ച്, ഭാഷ-ദേശ-വർണ-വർഗ വൈജാത്യമില്ലാതെ എന്നും എക്കാലവും ഒരുപോലെ ജീവിക്കുന്നുവെങ്കിൽ തീർച്ചയായും ആ വ്യക്തിയെക്കുറിച്ച് പഠിക്കപ്പെടേണ്ടതാണ്- നിഷ്പക്ഷമായ പഠനം. എന്തുകൊണ്ട് മുഹമ്മദ് നബി എന്ന ചോദ്യത്തിന് ഉത്തരം കൂടിയായിമാറും ഈ പഠനങ്ങളെല്ലാം.
കാലങ്ങളെ അതിജയിച്ച് ഒരാൾ ഇത്ര ലൈവായി നിലനിൽക്കണമെങ്കിൽ തീർച്ചയായും ആ വ്യക്തിയുടെ വൈശിഷ്ട്യങ്ങൾ, സന്ദേശങ്ങൾ, അധ്യാപനങ്ങൾ എല്ലാം അത്രമാത്രം സമ്പൂർണവും ലോകത്തെ സമ്പൂർണതയിലേക്ക് നയിക്കുന്നതുമായിരിക്കണം. അർഹതയില്ലാത്ത സ്നേഹം ആർക്കും ഒരു പരിധിക്കപ്പുറം; ഒരു കാലത്തിനപ്പുറവും വകവെച്ചുകൊടുക്കാൻ ലോകജനത ഒരിക്കലും സന്നദ്ധമായിട്ടില്ല. വിതച്ചതേ കൊയ്യൂ-അത് ലോകനിയമമാണ്. മനുഷ്യരാശിയുടെ എന്നേക്കുമുള്ള ചരിത്രത്തിലെ സമ്പൂർണ നേതാവായി റസൂൽ (സ്വ) മാറിയതിനുള്ള കാരണം ഇനിയെങ്ങനെ വിശദീകരിക്കാനാണ്? ഓരോ മനുഷ്യനും ജന്തുവിനും പ്രപഞ്ചത്തിനാകമാനവും കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിട്ടുള്ളതെന്ന ഖുർആനികപ്രസ്താവന ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. മനുഷ്യത്വം കിട്ടാക്കനിയായ ഒരു യുഗത്തിൽ ഉദയം ചെയ്ത്, മനുഷ്യത്വത്തിന്റെ മുഴുവൻ കാര്യങ്ങളും പഠിപ്പിച്ച്, സമഗ്രമായ ഒരു ജീവിതവ്യവസ്ഥിതി രൂപപ്പെടുത്തി, അറിവിന്റെയും പുരോഗതിയുടെയും മുഴുവൻ വാതായനങ്ങളും മലർക്കെത്തുറന്ന് മനുഷ്യകുലത്തോട് വിട ചോദിച്ചുവെന്നതാണ് ഈ സ്നേഹത്തിന്റെ മൂലകാരണം. അവകാശങ്ങൾ എന്ന പദം മനുഷ്യൻ ഉച്ചരിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഓരോ മനുഷ്യനും വേണ്ടി റസൂൽ ശബ്ദിച്ചത്. സ്ത്രീകൾ, കുട്ടികൾ, അടിമകൾ, വൃദ്ധർ, അശരണർ-ഇവർക്കെല്ലാംവേണ്ടി അവിടുന്ന് സംസാരിച്ചു. അവകാശങ്ങൾ പഠിപ്പിക്കുക മാത്രമല്ല ചെയ്‌തത്, അത് പ്രയോഗത്തിൽ കാണിക്കുക കൂടിചെയ്തു. ലോകം കണ്ട എക്കാലത്തെയും വലിയ മനുഷ്യാവകാശപ്രഖ്യാപനം നടത്തി. ഇതിലപ്പുറം, മനുഷ്യരായിപ്പിറന്നവർക്ക് ഈ മനീഷിയെ സ്നേഹിക്കാൻ എന്താണു വേണ്ടത്…!
മതങ്ങൾ പലതുമുണ്ടായിരുന്ന സമയത്ത് തന്നെയാണ് മുഹമ്മദ് നബി (സ്വ) ദൗത്യവാഹകനായെത്തുന്നത്. ആ മതങ്ങളൊക്കെയും പലർക്കും ചൂഷണോപാധി മാത്രമായിരുന്നു. ചൂഷിതവിഭാഗത്തോടൊപ്പം നിൽക്കാൻ ഒരു മതം ആവശ്യവുമായിരുന്നു. ഒരു വ്യക്തിയെപ്പോലും നേർവഴിയിലാക്കാനോ, സാമൂഹ്യപരമായ ചട്ടക്കൂട് സൃഷ്ടിക്കാനോ, ജനങ്ങളുടെ ആവശ്യങ്ങളെയും പ്രയാസങ്ങളെയും വേണ്ട രൂപത്തിൽ അഡ്രസ് ചെയ്യാനോ മറ്റു മതങ്ങൾക്ക് സാധിച്ചില്ല. കാരണം അത്തരമൊരു ദിവ്യവെളിച്ചമോ സമഗ്രസ്വഭാവമോ ഇവയ്ക്കൊന്നും ഇല്ലായിരുന്നു. അതിലുപരി മതം പറഞ്ഞും പറയാതെയും തോന്നിയപോലെ ജീവിക്കാനും അർമാദിക്കാനും താല്പര്യപ്പെട്ടവരായിരുന്നു അക്കാല ജനതയിൽ മിക്ക പേരും. ഇവർക്കിടയിൽ നേരിന്റെ പക്ഷംനിൽക്കുന്ന മതദർശനങ്ങൾ അനിവാര്യമായിരുന്നു. ആ അനിവാര്യത വളരെ സുന്ദരമായി നിർവഹിച്ചു മുഹമ്മദ് നബി (സ്വ). അല്ലാഹുവിന്റെ മതമായ ഇസ്‌ലാം ഒരു സമഗ്ര സ്വഭാവത്തിൽ ലോകത്തിന്റെ നന്മയിലും പുരോഗതിയിലും ധാർമികതയിലുമധിഷ്ഠിതമായി വന്നപ്പോൾ തീർച്ചയായും മറ്റു മതങ്ങളിൽ ആ സ്വാധീനമുണ്ടായിട്ടുണ്ടെന്നത് നേരാണ്. അതിജീവനത്തിന്റെ പാതയിൽ പല മതങ്ങളും ഇസ്‌ലാമിനെ നോക്കി മാറ്റിപ്പണിയാൻ വരെ തയാറായി. പക്ഷേ, എല്ലാം നൂറ്റാണ്ടുകൾക്കിപ്പുറമായിരുന്നു. എന്നാൽ ഇസ്‌ലാം തക്ക സമയത്ത് തന്നെ അല്ലാഹു അവതരിപ്പിക്കുകയും അത് ലോകത്ത് അനുസ്യൂതം വ്യാപിക്കുകയും ചെയ്തു. മനുഷ്യകുലത്തിന്റെ ഓരോ കാര്യങ്ങളെക്കുറിച്ചും ഇസ്‌ലാം സംസാരിച്ചു. ഓരോ ആവശ്യങ്ങളും പരിഗണിച്ചു. ഓരോ മനുഷ്യനെയും കൈപിടിച്ചുയർത്തി. ഓരോരുത്തർക്കും സ്വന്തം കാലിൽ അഭിമാന ബോധത്തോടെ നിൽക്കാനുള്ള ആത്മവിശ്വാസം പകർന്നു. പ്രതാപം തങ്ങൾക്കാണെന്ന് പറഞ്ഞുനടന്നിരുന്ന പ്രമാണിമാരെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നൽകി തിരുത്തി. പറയുക..! തീർച്ചയായും പ്രതാപവും ആത്മാഭിമാനവുമുള്ളത് അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികൾക്കും മാത്രമാണ് എന്ന് ഖുർആനിലൂടെ ബോധ്യപ്പെടുത്തുക മാത്രമല്ല ചെയ്തത്, വളരെ ചുരുങ്ങിയകാലം കൊണ്ട് ലോകം മൊത്തം കീഴടക്കാൻ പ്രാപ്തിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്തു.
അറിവിലും ശാസ്ത്രത്തിലും ഗവേഷണത്തിലും മറ്റെല്ലാ വിഷയത്തിലും ഇവർ ലോകം കീഴടക്കി. മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത അനുയായികളെക്കൂട്ടിയായിരുന്നു വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ഇത്രയും വലിയൊരു വിപ്ലവം സാധിച്ചെടുത്തത് എന്നത് ശ്രദ്ധേയമാണ്. കുടിയിറക്കപ്പെട്ട ജനതയ്ക്ക്, പീഡിത സമൂഹങ്ങൾക്ക്, പ്രമാണിവർഗത്തോട് പരാജയപ്പെട്ട വിഭാഗത്തിന് വിജയം വരാനിരിക്കുന്നുവന്ന സത്യം ബോധ്യപ്പെടുത്താൻ ഇതിലപ്പുറം മറ്റൊന്നും ആവശ്യമില്ലായിരുന്നു. എല്ലാം നേർക്കുനേർ കാണിച്ചാണ് അവിടുന്ന് വിടചോദിച്ചത്.
മനുഷ്യരെല്ലാം സമന്മാരാണെന്ന് ലോകം ആദ്യമായി കേട്ടത് പരിശുദ്ധ റസൂലിൽ (സ്വ) നിന്നുമാണ്. ലോകം അതിനുമുമ്പ് ചിന്തിക്കുക പോലും ചെയ്യാത്ത ആ വസ്തുത അക്കാലത്ത് വിളിച്ചുപറയാനും നടത്തിക്കാണിക്കാനും റസൂൽ എത്രമാത്രം അധ്വാനിച്ചിരിക്കും എന്നത് പിൽക്കാല ചരിത്രം പഠിച്ചാൽ മതി. ഇസ്‌ലാം ഇല്ലാത്ത നാടുകളിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എത്രകാലം പോരാടേണ്ടിവന്നു എന്നചോദ്യത്തിനുത്തരം തേടിപ്പോയാൽ ഇത് കൂടുതൽ തീവ്രതയോടെ ബോധ്യപ്പെടും. അടിമകൾ മനുഷ്യർ തന്നെയാണോ എന്ന് സംശയിച്ച ലോകം, സ്ത്രീകൾ പുരുഷന്മാർക്ക് ഭോഗത്തിന് മാത്രമായുള്ളതാണെന്ന് വിശ്വസിച്ച ലോകം; സ്ത്രീകളെ മനുഷ്യരായി കാണണോ എന്ന് തീരുമാനിക്കാൻ സമ്മേളനങ്ങൾ ചേർന്ന ലോകം -ഈ ലോകവ്യവസ്ഥിതിയെ തിരുത്തി ഒരു സുന്ദരമായ നാടും നഗരവും പണിത മനുഷ്യനെ, ആ സന്ദേശങ്ങൾ കൊണ്ട് ലോകത്തിന്റെ മുഖച്ഛായ മാറ്റിയ മനുഷ്യനെ ചരിത്രം സ്നേഹം നല്കിയല്ലാതെ എങ്ങനെ ആദരിക്കും..!
ഇസ്‌ലാമിനെ കേവലം ചില ആചാരങ്ങളായല്ല പുണ്യ റസൂൽ (സ്വ) പരിചയപ്പെടുത്തിയത്. ലോകത്തെ എക്കാലവും എല്ലാ നിലയിലും വഴിനടത്താൻ പറ്റിയ മുഴുവൻ ആശയങ്ങളും അതിലുണ്ടായിരുന്നു. ഒരേസമയം സമഗ്രവും എന്നാൽ വളരെ ലളിതവും. മുസ്‌ലിമായി ജീവിക്കുക വളരെ ലളിതമാണെന്ന് പഠിപ്പിച്ചു. എപ്പോഴും സമൂഹത്തിന് ലളിതമായ കാര്യങ്ങൾ മാത്രം നല്കണമെന്നും പഠിപ്പിച്ചു. “തീർച്ചയായും ഈ മതം വളരെ ലളിതമാണ്’ എന്ന് അവിടുന്ന് ഉണർത്തി. അരാജകത്വം, അധാർമികത, അലസജീവിതം തുടങ്ങിയവയൊന്നും ഇഷ്ടപ്പെടാത്തവർക്ക് ഏക തിരഞ്ഞെടുപ്പ് ഇസ്‌ലാം മാത്രമാകുന്ന രൂപത്തിൽ തീർത്തും അന്യൂനമായ സംവിധാനം ഒരുക്കി. മതമെന്നാൽ സ്രഷ്ടാവിനു ചെയ്യുന്ന ആരാധന മാത്രമല്ലെന്നും, സ്വന്തത്തോടും അപരനോടും പ്രപഞ്ചത്തോട് മുഴുക്കെയും ചെയ്യേണ്ട കാര്യങ്ങൾ മുറപ്രകാരം ചെയ്യലാണെന്നും നിരന്തരം ഉണർത്തുകയും അതുവഴി ലോകത്തിന്റെ, മനുഷ്യരുടെ, സമൂഹത്തിന്റെ വളർച്ചയും പുരോഗതിയും ഉറപ്പാക്കുകയും ചെയ്തു. ഇത് ലോകത്ത് മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരും അതിനു ശ്രമിച്ചിട്ട് പോലുമില്ല. ഒരു വ്യക്തിക്ക് കുറഞ്ഞകാലം കൊണ്ട് ഇതെങ്ങനെ സാധിച്ചുവെന്നതാണ് നബി (സ്വ) ആരായിരുന്നു എന്ന ചോദ്യത്തിനുത്തരം.
ചിലരൊക്കെ ഇപ്പോഴുമുണ്ട്; ലക്ഷോപലക്ഷം ചരിത്രഗ്രന്ഥങ്ങളിൽ വളരെ നിഷ്പക്ഷമായി വരച്ചുവെച്ച ഈ നേതാവിനെ വേണ്ടത്ര പഠിക്കാതെ, വ്യക്തിവൈശിഷ്ട്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരും കുറ്റം ചാർത്താൻ കാത്തിരിക്കുന്നവരും. പക്ഷേ ഇവരെല്ലാം മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്; നിങ്ങൾ പൂർണമായും എന്നെ പിൻപറ്റൂവെന്ന് ഉച്ചൈസ്തരം ആഹ്വാനം ചെയ്ത നേതാവാണ് -മുഹമ്മദ് നബി (സ്വ). ഊണിലും ഉറക്കിലും സ്വകാര്യ-പരസ്യ ജീവിതങ്ങളിലുമെല്ലാം നിങ്ങൾ എന്നെ പിൻപറ്റൂവെന്ന് പ്രഖ്യാപിക്കാൻ കാണിച്ച ധൈര്യം; ഓരോ നിമിഷവും ഒപ്പിയെടുക്കപ്പെട്ട ഏക വ്യക്തിത്വം; ഒപ്പിയെടുക്കപ്പെട്ടത് പതിനാലുനൂറ്റാണ്ട് കഴിഞ്ഞിട്ടും ആധികാരികമായി കൈമാറ്റപ്പെട്ട ചരിത്രമുള്ള ഏകവ്യക്തിത്വം; ആ മഹാനായ വ്യക്‌തി ജീവിച്ചതുപോലെ ഓരോ നിമിഷവും ജീവിക്കാൻ താൽപര്യപ്പെടുന്ന അനേകകോടി മനുഷ്യർ; ജീവിതത്തിലെ ഒരു സെക്കന്റ് അനുധാവനം നഷ്ടപ്പെട്ടാൽപോലും വിലപിക്കുന്ന, കണ്ണീർ പൊഴിക്കുന്ന പരകോടി മനുഷ്യർ; എന്നും പ്രഭാതത്തിലും പ്രദോഷത്തിലും അഞ്ചുവഖ്ത് നിസ്കാരങ്ങൾക്കുശേഷവും എപ്പോഴും ആ വ്യക്‌തിയെ പൂർണമായും പിന്തുടരാനുള്ള ഭാഗ്യത്തിനുവേണ്ടി പ്രാർഥിക്കുന്ന അനേകകോടി വിശ്വാസികൾ…!! ഇനിയാണ് പറയേണ്ടത്, ലോകത്ത് ഇത്രമാത്രം സംശുദ്ധജീവിതം ആർക്ക് നയിക്കാനാകുമെന്ന്? ഒരു പുരുഷായുസ്സ് ജീവിച്ചിട്ടും ഒരു ന്യൂനത ശത്രുക്കൾക്കുപോലും ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അത്യപൂർവ വ്യക്തിത്വം. നുബുവ്വത് ലഭിക്കുന്ന നാല്പതാം വയസ്സ് വരെ-തന്റെ യുവത്വ കാലഘട്ടത്തിൽ- അൽഅമീൻ അഥവാ നൂറിൽ നൂറുശതമാനം വിശ്വസ്തൻ എന്ന് ഒരു നാടും നഗരവും വിശേഷിപ്പിച്ച അതുല്യനായ വ്യക്തി. സ്വന്തം ജനത നാല്പതുവർഷം വിശ്വസ്തൻ, ഒരിക്കലും കള്ളം പറയാത്തവൻ എന്നെല്ലാം വിശേഷിപ്പിച്ച മറ്റൊരു വ്യക്തിയെ ലോകത്തിനറിയുമോ? പ്രവാചകത്വലബ്ധിക്കു ശേഷം, ശത്രുക്കൾ കൊല്ലാൻ പലപ്രാവശ്യം ശ്രമിച്ചിട്ടുണ്ട് തിരുനബിയെ. പക്ഷേ, വ്യക്തിഗുണങ്ങളിൽ ഒരല്പം പോലും ആരോപണം ഉന്നയിക്കാൻ അപ്പോഴും അവർക്ക് കഴിയുമായിരുന്നില്ല. അത്രയ്ക്ക് സുതാര്യവും സത്യസന്ധവുമായിരുന്നു തിരുജീവിതം. ഒരു കാര്യം ഉറപ്പിച്ചു പറയാം; സ്വന്തം ജനതയ്ക്ക് കണ്ടെത്താൻ കഴിയാത്തത് നൂറ്റാണ്ടുകൾ കഴിഞ്ഞ് ഗവേഷണം ചെയ്ത് കണ്ടെത്തുന്ന അല്പത്തരത്തിനു വിഡ്ഢിത്തം എന്നാണുപേര്. നൂറ്റാണ്ടുകൾ കടന്ന മനുഷ്യചരിത്രത്തിലെ അതുല്യനായ ഈ നേതാവിനോട് സ്നേഹം വരുന്നില്ലെങ്കിൽ ഹൃദയം മരവിച്ചുവെന്നേ പറയാനാകൂ. മനുഷ്യത്വം നശിക്കാത്തവർക്കും നിഷ്പക്ഷമായി അറിഞ്ഞവർക്കും മുഹമ്മദുർറസൂൽ (സ്വ) എന്നും നേതാവാണ്; സ്നേഹഭാജനമാണ്, എല്ലാമെല്ലാമാണ്. ഓ നബിയേ, അങ്ങേയ്ക്ക് സ്വലാത്തും സലാമും..
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login