ബുർദ: അനുരാഗത്തിന്റെ ആരുറപ്പ്

ബുർദ:  അനുരാഗത്തിന്റെ  ആരുറപ്പ്

ആത്മാവിൽ വേരാഴ്ന്ന അനുരാഗത്തിന്റെ ആരാമമാണ് ഖസ്വീദതുൽ ബുർദ. ആരമ്പ നബിയോടുള്ള ഇമാം ബൂസ്വീരി (റ)യുടെ അദമ്യമായ അനുരാഗമാണത്. അതാണ് ഈ കാവ്യത്തിന്റെ കാതലും. നബിസ്നേഹത്തിന്റെ അകത്തളങ്ങളിലേക്കാണ് അനുവാചകരെ ഇമാം ബൂസ്വീരി ആനയിക്കുന്നത്.

വിശുദ്ധസ്നേഹത്തിന്റെ ആവിഷ്കാരം അവിടെ ആഘോഷമാകുന്നു. നബിസ്നേഹത്തിൽ നിന്നുറവയെടുത്ത ഗീതകങ്ങൾ പ്രണയാതുരന്റെ താളത്തിലും രാഗത്തിലും അനുസ്യൂതമായൊഴുകുന്ന അനുരാഗപ്പുഴയാകുന്നു.
പ്രേമത്താൽ തപിക്കുന്ന കവിമാനസത്തിലെ വിരഹവേദനയും വിലയനവിശ്വാസവും ഈ കാവ്യത്തിലലിഞ്ഞു ചേർന്നിട്ടുണ്ട്. ബുർദയിലെ പ്രണയപ്രമാണങ്ങൾ അനശ്വരതയിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇരുലോകങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണതിലെ കാവ്യദേശങ്ങൾ. പ്രവാചകാനുരാഗത്തിന്റെ ഭിന്നഭാവങ്ങളത്രേ അതിലെ ആദ്യ വരികൾ കോർത്തിണക്കുന്നത്.
സ്നേഹത്തെക്കുറിച്ച് ആമുഖമായി ചിലതു പറയട്ടെ. സ്നേഹത്തെ ഇന്നേവരെ ആരും നിർവചിച്ചിട്ടില്ല എന്നാണ് ഇമാം ഖുശൈരിയുടെ(റ) അഭിപ്രായം. എങ്കിലും പണ്ഡിതരും ആത്മജ്ഞാനികളും സ്നേഹത്തെ നിർവചിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, ആ നിർവചനങ്ങളത്രയും സ്നേഹത്തിന്റെ കാരണങ്ങൾ, അനന്തരഫലങ്ങൾ, കുറിമാനങ്ങൾ, സാക്ഷ്യങ്ങൾ, ഫലപ്രാപ്തി, അതിന്റെ നിയമങ്ങൾ എന്നിവയിലൊതുങ്ങുന്നതായിരുന്നു. “സ്നേഹത്തിന്റെ സത്തയെകുറിച്ചല്ല നിർവചിച്ചതത്രയും. മറിച്ച് വിശേഷണങ്ങൾ വെച്ച് മാത്രമാണ് സ്നേഹത്തെ ലോകത്തുള്ള സകലരും നിർവചിച്ചിട്ടുള്ളത് എന്ന് മുഹ്്യിദ്ദീൻ ഇബ്നു അറബി(റ) പറഞ്ഞുവെക്കുന്നുണ്ട്. ഇതിൽനിന്ന് മനസിലാവുന്നത് സ്നേഹത്തിന്റെ സത്തയെ കുറിച്ചുള്ള വീക്ഷണങ്ങളിൽ ഭിന്നാഭിപ്രായമേയില്ല എന്നാണ്. സ്നേഹത്തിന്റെ നിർവചനം സ്നേഹം എന്നതു തന്നെയാണ്. കവി പാടിയതുപോലെ
“സ്നേഹത്തിൻ ഫലം
സ്നേഹം മാത്രം
ജ്ഞാനത്തിൻ ഫലം
ജ്ഞാനം മാത്രം’
(സൂര്യകാന്തി – ജി ശങ്കരക്കുറുപ്പ്).

സ്നേഹം = സ്നേഹം എന്നതിനേക്കാൾ സുവിദിതമായ ഒരു നിർവചനവുമില്ല. ഇനി നിർവചിച്ചാൽ തന്നെ അത് അവ്യക്തതകൾക്കിട നൽകും. അതുകൊണ്ടു ഇമാംബൂസ്വീരിയുടെ സ്നേഹത്തെ നിർവചിക്കുകയല്ല ഇവിടെ ചെയ്യുന്നത്. ഖസീദതുൽ ബുർദയിലൂടെ ഇമാം ബൂസ്വീരി ആവിഷ്കരിക്കുന്ന പ്രണയാരാമത്തെ പ്രദർശിപ്പിക്കുക മാത്രമാണ്.

പ്രണയം/സ്നേഹം എന്നത് മനസിന്റെ വിശിഷ്ടമായ വികാരമാണല്ലോ. ഉറവയെടുക്കുന്നതും മനസിൽനിന്നു തന്നെ. മനസിൽ നിറഞ്ഞതുളുമ്പവേയാണ് തൂലികയിലൂടെ സ്നേഹം വഴിഞ്ഞൊഴുകുന്നത്. പിന്നെ അത് കഥയും കവിതയുമടങ്ങുന്ന സാഹിത്യമാവുന്നു, ചാരുചിത്രങ്ങളാകുന്നു. നഗ്നനേത്രങ്ങളിലൂടെ രക്തവർണമണിഞ്ഞ് ബാഷ്പകണങ്ങളായി കവിഞ്ഞൊഴുകുന്നു. അനുരാഗത്തിന്റെ അണമുറിയാത്ത പ്രവാഹമായി മാറുന്നു. ചുവന്ന കണ്ണുകൾ, കണ്ണുനീർ ചാലിച്ച കവിൾത്തടങ്ങൾ, വിരഹവേദനയാൽ രോഗാതുരമായ മേനി, കവിതകൾ, കഥകൾ, ചിത്രങ്ങൾ ഇതൊക്കെയാവും അഗാധമായ അനുരാഗത്തിന്റെ ആന്ദോളനങ്ങൾ.
സ്നേഹം മനസിൽ വസന്തമാവുമ്പോൾ അതിന്റെ പരിമളം പാരിലാകെ പരക്കണമല്ലോ. കവിത എന്നാൽ തന്നെ “പ്രശാന്തതയിൽ ഓർമ്മിക്കപ്പെടുന്ന അതിശക്തമായ വികാരങ്ങളുടെ കവിഞ്ഞൊഴുക്കാണ്.’ സ്നേഹം എന്ന വിശിഷ്ട വികാരം കവിഞ്ഞൊഴുകിയിട്ടാണ് പ്രണയകവിതകൾ കനകതൂലികയിൽ വഴിയുന്നത്. തിരുനബിപ്രണയം കവിതയായൊഴുകിയതാണ് ഖസീദതുൽ ബുർദ എന്ന ഖണ്ഡകാവ്യം. പ്രണയവും കവിതയും കൂട്ടുകാരികളാണെന്ന മൊഴി ഇവിടെ സ്മരണീയം.

ബുർദയിലെ ആദ്യവരികളിൽ നബിസ്നേഹത്തിന്റെ ആഴവും പരപ്പും വരച്ചുകാട്ടുകയാണ് കവി. അറബിസാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്നല്ലോ ഇമാം ബൂസ്വീരി(റ). രാജകൊട്ടാരത്തിലായിരുന്നുവത്രേ ജോലി. അങ്ങനെയിരിക്കേ ഒരുദിവസം കൊട്ടാരത്തിൽ നിന്നുള്ള മടക്കയാത്രയിൽ വഴിയിൽവെച്ച് ഒരു ശൈഖിനെ കണ്ടുമുട്ടി. ഇമാം ബൂസ്വീരിയെ കണ്ടപാടെ അദ്ദേഹം ചോദിച്ചു: “ഇന്നലെ രാത്രി നിങ്ങൾ തിരുനബിയെ(സ്വ) കിനാവിൽ കണ്ടിരുന്നോ?” “ഇല്ല, ഇന്നലെ രാത്രി ഞാൻ നബിയെ(സ) കണ്ടില്ലല്ലോ” അദ്ദേഹം മറുപടി നൽകി. പക്ഷേ, ഈ ചോദ്യം അദ്ദേഹത്തെ ഹഠാദാകർഷിച്ചു. ആ വാക്കുകൾ മനസിൽ നബിസ്നേഹം നിറച്ചു. അന്നുരാത്രി ഇമാം ബുസ്വീരി(റ) ഉറങ്ങാൻ കിടന്നു. താരകങ്ങൾക്കിടയിലെ സൂര്യനെപ്പോലെ തിരുനബിയെ അദ്ദേഹം സ്വപ്നം കണ്ടു. പെട്ടെന്ന് ഉണർന്നു. ഇമാം ബുസ്വീരി (റ) പറയുന്നു: “ആനന്ദവും സ്നേഹവും എന്റെ മനസിൽ കവിഞ്ഞൊഴുകി. ഇതിനുശേഷം നബിസ്നേഹം എന്നിൽ അണയാതെ ജ്വലിച്ചുകൊണ്ടേയിരുന്നു. ഞാൻ നബികീർത്തനങ്ങളായി ഒരുപാട് ഖണ്ഡകാവ്യങ്ങൾ രചിച്ചു. അങ്ങനെയിരിക്കേ പക്ഷാഘാതരോഗം ബാധിച്ച് ഞാൻ ശരീരം തളർന്നു കിടപ്പിലായി. എന്റെ ശരീരത്തിന്റെ പാതിഭാഗം ക്ഷയിക്കാൻ തുടങ്ങി. എനിക്ക് ശരീരത്തെ ചലിപ്പിക്കാൻവരെ പ്രയാസം തോന്നി. അപ്പോൾ തിരുനബിയുടെ സ്തുതികീർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു കാവ്യം രചിക്കുന്നതിനെക്കുറിച്ചാലോചിച്ചു. എന്നിട്ട് അതിനെ മുൻനിറുത്തി അല്ലാഹുവിനോട് രോഗശമനത്തിനായി പ്രാർഥിക്കാമെന്നും വിചാരിച്ചു. അങ്ങനെ ഞാനതു രചിച്ചു. അന്ന് ഉറങ്ങിയപ്പോൾ സ്വപനത്തിൽ തിരുനബിയെ (സ്വ) കണ്ടു. എഴുതിയ കവിത മുഴുവനും നബിക്കു മുമ്പാകെ വായിച്ചുകൊടുത്തു. തിരുകരങ്ങൾകൊണ്ട് എന്റെ ശരീരത്തിൽ തടവി. ഞാൻ ഉറക്കിൽ നിന്നുണർന്നത് പൂർണആരോഗ്യവാനായിട്ടായിരുന്നു.’ ഏതൊരു പ്രേമിയും തന്റെ പ്രശ്നങ്ങൾ/ പ്രതിസന്ധികൾ പറയാനാഗ്രഹിക്കുക തന്റെ പ്രേമഭാജനത്തോടാവും. അവനിൽനിന്നു കിട്ടുന്ന തലോടൽ മതിയാവും തന്റെ പ്രയാസങ്ങൾ അകലാൻ. ഇമാം ബൂസ്വീരി സ്നേഹഭാജനമായ തിരുനബിയെയാണ് തന്റെ രോഗശമനത്തിനുള്ള ഉപാധിയായി കാണുന്നത്. നബിയിലാണ് ബൂസ്വീരി (റ) യുടെ പ്രതീക്ഷ. മുഖദാവിൽ കണ്ട് വ്യഥകളോതണം. വേണ്ട, നബിയെ(സ്വ) കണ്ടാൽ തന്നെ മതിയാവും. പ്രേമിയുടെ വ്യഥകൾ പ്രേമഭാജനത്തിന് പറയാതെ തന്നെ അറിയാൻ കഴിയുമല്ലോ. അത്തരമൊരു സാന്ത്വനമാണ് ഇമാംബൂസ്വീരി കാത്തിരിക്കുന്നത്. അതിനുള്ള ശ്രമമാണീ കാവ്യത്തിൽ ഇമാം ബൂസ്വീരി ആവിഷ്കരിക്കുന്നത്. ഒരിക്കൽ നബിയെ(സ്വ) സ്വപ്നത്തിൽ കണ്ടിരുന്നു. സ്വപ്നത്തിൽനിന്നും ഉണർന്നപ്പോൾ നബിയുടെ മുഖം കാഴ്ചയിൽ നിന്നും മറഞ്ഞതിന്റെ ദുഃഖം മനസിൽ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. സ്നേഹിയുടെ ഏറ്റവും ആനന്ദം സ്നേഹഭാജനവുമായുളള വിലയനം / സമാഗമം (വിസ്വാൽ) ആണ്. അതാണ് ബുസ്വീരി (റ) ആഗ്രഹിക്കുന്നതും. തനിക്ക് സാധ്യമായ സംവേദനോപാധികൾ ഉപയോഗിച്ച് നബിയെ അന്വേഷിക്കാൻ തുടങ്ങി/ നബിയെ കണ്ടെത്താൻ തുടങ്ങി. അതിന് അദ്ദേഹം കണ്ണും കാതും ശരീരവും നാസികയും ഓർമ്മയുമെല്ലാം ഉപയോഗിച്ചു. അതിലൂടെയെല്ലാം നബിയെ അനുഭവിക്കാൻ ശ്രമിച്ചു. ആദ്യ രണ്ട് വരികളിൽ തന്നെയാണ് അദ്ദേഹം ഈ ശ്രമങ്ങളത്രയും നടത്തുന്നത്.

ആദ്യവരി വായിക്കൂ. . .
“ദീ സലം ദേശത്തുള്ള അയൽവാസികളെ ഓർത്തുകൊണ്ടാണോ നിൻ ബാഷ്പാർദ്രമായ നയനങ്ങളിൽ നീ രക്തവർണമണിയുന്നത്.’

ദീ സലമിലെ അയൽവാസികൾ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം സ്നേഹഭാജനമായ തിരുനബി(സ്വ)യാണ്. സ്വപ്നത്തിൽവന്ന നബിയുടെ രൂപം കവിക്ക് ഓർമ്മയുണ്ട്. ആ ഓർമ്മയെ ജീവിപ്പിച്ച് മനസിൽ കുടിയിരുത്തി ആ അനർഘ നിമിഷങ്ങൾക്ക് ജീവൻ പകരുകയാണ് കവി. അന്നത്തെ സമാഗമം മനസിന്റെ ദർപ്പണത്തിൽ വീണ്ടും വീണ്ടും പുന:പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് പോയ്മറഞ്ഞല്ലോ എന്നതാണ് കണ്ണുനീരിൽ രക്തം കലർത്തുന്നത്.

തുടർന്ന് രണ്ടാം വരിയിൽ :
“കാളിമയുടെ ഭാഗത്തു നിന്നും വീശുന്ന കാറ്റിനാലാണോ അതോ ഇളമിലെ ഇരുളിൽ കൊള്ളിയാൻ മിന്നിയതിനാലാണോ?”
ഈ വരിയിൽ അനാവൃതമാകുന്ന രണ്ട് ബിംബങ്ങളാണുള്ളത്.
1. കാളിമയിലെ കുളിർ തെന്നൽ.
2. ഇളമിലെ ഇരുളിൽ മിന്നുന്ന മിന്നൽപിണരുകൾ.
കാളിമ മദീനയുടെ മറ്റൊരു പേരാണ്. ഇവിടെ കാളിമ എന്ന പദത്തിന്റെ ഉദ്ദേശ്യം റൗളാശരീഫാണ്. മദീനയുടെ ഭാഗത്തുനിന്നും വീശുന്ന ഇളം തെന്നലുകൾ തിരുനബിയുടെ പരിമളത്തെയും വഹിച്ചാണ് വരിക. സ്നേഹഭാജനത്തിന്റെ ഭാഗത്തുനിന്നും വരുന്ന കാറ്റിൽ അദ്ദേഹത്തിന്റെ പരിമളവും ശബ്ദവും സ്നേഹി കണ്ടെത്തും. അതുപോലെ ഇമാം ബൂസ്വീരി(റ) കാളിമയിൽ നിന്ന് വീശുന്ന കാറ്റിൽ നബിയുടെ(സ്വ) പരിമളവും സുഗന്ധവും നബി യുടെ ശബ്ദവും തിരുമേനിയുടെ തലോടലും അനുഭവിക്കുന്നു. വിശുദ്ധ ഖുർആൻ ഇത്തരമൊരു അനുഭവത്തെ യഅ്ഖൂബ് നബിയെ(അ) ഉദ്ധരിച്ച് ആവിഷ്കരിക്കുന്നതിപ്രകാരമാണ്. ല അജിദു രീഹ യൂസുഫ(ഖുർആൻ) “യൂസുഫിന്റെ ഗന്ധമെനിക്കെത്തുന്നു”. തനിക്ക് നഷ്ടപ്പെട്ട വൽസലപുത്രൻ യൂസുഫ് നബിയുടെ(അ) ഖമീസ് (നീളക്കുപ്പായം ) മുഖത്തിട്ടുകൊടുത്ത സന്ദർഭത്തിലാണ് യഅ്ഖൂബ് നബി (അ) പറഞ്ഞത്. മകനെ കാണാതെ ദുഃഖിതനായി കരഞ്ഞു കരഞ്ഞു കാഴ്ച നഷ്ടപ്പെട്ടതായിരുന്നു. യൂസുഫിന്റെ ഖമീസിൽ നിന്നു യഅ്ഖൂബ് നബി യൂസുഫിന്റെ ഗന്ധം തിരിച്ചറിഞ്ഞുവല്ലോ.
മദീനയോടടുത്തു സ്ഥിതി ചെയ്യുന്ന പർവതമാണ് ഇളം. നബി(സ്വ) ഒത്തിരി സമയം അവിടെ ചെലവൊഴിക്കാറുണ്ടായിരുന്നു. അവിടെനിന്നും ഇരുളിൽ മിന്നൽപ്പിണരുകൾ തിളങ്ങുന്നത് / മിന്നുന്നത് പ്രവാചകപ്രകാശം പോലെയാണ് കവിക്കനുഭവപ്പെട്ടത്. ഈ ആശയത്തെ ബലപ്പെടുത്തുന്ന ഉദ്ധരണിയുണ്ട്: “ഹജ്ജുദ്ദേശിച്ചുവന്നവർ മദീനയോടടുക്കുമ്പോഴെല്ലാം ചില നിഷ്കളങ്കരായ (ഖുലസ്വാ) ഹാജിമാർക്ക് മദീനയിൽ നിന്നും നബിയൊളി വെളിപ്പെട്ടിരുന്നു. ഇമാം ബൂസ്വീരി നിഷ്കളങ്കനാണല്ലോ. പിന്നെങ്ങനെയാണദ്ദേഹത്തിനത് വെളിപ്പെടാതിരിക്കുക!’
ഇരുൾ എന്നർഥം വരുന്ന ളൽമാഅ, മിന്നലിന്റെ തിളക്കം എന്നർഥം വരുന്ന ഈമാളുൽബർഖ് എന്നിവ ഇമാം ബൂസ്വീരിയുടെ ജീവിതത്തിലെ രണ്ടവസ്ഥകളെയാണ് ദ്യോതിപ്പിക്കുന്നത്. 1. നബിസ്നേഹത്തിന്റെ പ്രാരംഭ ഘട്ടം, ജീവിതത്തിന്റെ പ്രതിസന്ധികളിൽ ഉഴറിമറിഞ്ഞ് യാഥാർത്ഥ്യമറിയാതെ ഇരുളിൽ തപ്പിത്തടയുന്ന സമയത്ത് ഒരു വെളിച്ചം പോലെയായിരുന്നു നബിസ്നേഹം. അല്ലെങ്കിൽ ഒരു പാശം പോലെ, ഒരിക്കലും അറ്റുപോവാത്ത പാശം! 2. പാരമ്യതയിലെത്തിയ സ്നേഹം. നബിസ്നേഹത്തിന്റെ കവിഞ്ഞൊഴുക്ക് കാരണം കവിക്ക് നബിയെ വഴികാട്ടിയായി കിട്ടി. ചുരുക്കത്തിൽ നബി സ്നേഹത്തിന്റെ പ്രാരംഭഘട്ടത്തെയും പാരമ്യത്തിലെത്തിയ അവസ്ഥയെയുമാണ് ഈ രണ്ടു വരികളും സൂചിപ്പിക്കുന്നത്. ഇതിന് ഉപോൽബലമായി ഒരു ഖുർആനികസൂക്തം തന്നെ കാണാം: “മിന്നൽ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നൽ) അവർക്ക് വെളിച്ചം നൽകുമ്പോഴെല്ലാം അവർ ആ വെളിച്ചത്തിൽ നടന്നുപോകും.’
സ്നേഹത്തിന്റെ ലോകത്ത് സ്നേഹിയും സ്നേഹഭാജനവും മാത്രമേ ഉണ്ടാവൂ. എല്ലാത്തിലും സ്നേഹി സ്നേഹഭാജനത്തെ കണ്ടെത്തും. ബൂസ്വീരി(റ) ദീ സലം ദേശത്തും കാളിമയിലെ കാറ്റിലും “ഇളം’ മലയിലെ മിന്നൽപിണരിലും കാണുന്നതത്രയും നബിയെ തന്നെ. അനുരാഗി എപ്പോഴും സമാഗമത്തിനായി ആഗ്രഹിച്ചിരിക്കും. ഇമാം ബൂസ്വീരിയും കൊതിക്കുന്നത് ആ സമാഗമത്തെയാണ്. ഖസ്വീദതുൽ ബുർദയിലൂടെ തേടുന്നതും അതുതന്നെ. ബുർദയിലൂടെ ആ ആഗ്രഹം അനശ്വരമാകുകയാണ്. പ്രണയത്തിന്റെ സ്മരണയായി, സ്മാരകമായി, സ്നേഹത്തിന്റെ ആരുറപ്പായി ബുർദ കാവ്യം നിലകൊള്ളുന്നു. ഇമാം ബൂസ്വീരി (റ) യുടെ കാലശേഷവും ബുർദയിലൂടെ ആ പ്രണയവസന്തത്തിന്റെ പരിമളം പരക്കുകയാണ്.

അവലംബങ്ങൾ
▶ വിശുദ്ധ ഖുർആൻ
▶ ഹദീസ്
▶ അസീദത്തുശ്ശഹ്ദ
▶ ബുർദ വ്യാഖ്യാനം, വിവർത്തനം – സി. ഹംസ
▶ മൈലാപ്പൂർ ഷൗക്കത്തലി മൗലവി
▶ പ്രവാചകപ്രേമത്തിന്റെ ഹൃദയഭാഷ – ഡോ. ഫൈസൽ അഹ്സനി ഉളിയിൽ

മുഹമ്മദ് സിനാൻ പടിഞ്ഞാറത്തറ

You must be logged in to post a comment Login