ജീവികളില്‍ ദുര്‍ബലനായി പിറന്നു വീഴുന്നത് മനുഷ്യനാണ്. മറ്റുജീവികള്‍ പ്രസവിക്കപ്പെട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ പരാശ്രയമില്ലാതെ സഞ്ചരിക്കാനും ഇരതേടാനും പ്രാപ്തരാകും. അവയുടെ ജൈവഘടന അങ്ങനെയാണ്. മനുഷ്യന് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ തന്നെ വര്‍ഷങ്ങളോളം മറ്റുള്ളവരെ ആശ്രയിക്കണം. വാര്‍ധക്യത്തില്‍ മനുഷ്യന്‍ വീണ്ടും പരാശ്രിതരായി മാറുന്നു. അതിനാല്‍, കുട്ടികളുടെയും പ്രായമായവരുടെയും സംരക്ഷണവും ഭദ്രതയും സംതൃപ്തിയുള്ള ജീവിതവുമാണ് ഒരു കുടുംബത്തിന്റെ പ്രധാനലക്ഷ്യം.
കുടുംബം സാമൂഹിക വളര്‍ച്ചയുടെ അടിസ്ഥാന ഘടകമാണ്. മനുഷ്യനോടൊപ്പമാണ് കുടുംബവും ഉത്ഭവിക്കുന്നത്. മനുഷ്യനെ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും ഇണകളായാണ് സൃഷ്ടിച്ചിട്ടുള്ളത്. ഖുര്‍ആന്‍ ഇക്കാര്യം പറയുന്നുണ്ട്. കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന് കുടുംബ സംവിധാനം ഭദ്രമാകണം. അതാണ് വ്യക്തിയുടെ ആദ്യ പാഠശാല. ദാമ്പത്യ ജീവിതമാണ് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനം. മനുഷ്യര്‍ക്ക് കനിഞ്ഞു കിട്ടിയിട്ടുള്ള വലിയ അനുഗ്രഹമായാണ് ദാമ്പത്യജീവിതത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. കുടുംബത്തിന്റെ ആദ്യ ചുവടുവെപ്പാണ് വിവാഹം. ഇതിന് ഇസ്‌ലാം വലിയ പ്രോത്സാഹനമാണ് നല്‍കിയത്. നബിചര്യ എന്ന നിലയില്‍ അതിന് പുണ്യമുള്ളതായി കണക്കാക്കുയും ചെയ്യുന്നു. സുരക്ഷിതമായ ദാമ്പത്യ ജീവിതമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഇണകളായി ജീവിക്കാനുള്ള മനുഷ്യ പ്രകൃതത്തിന്റെ പൂര്‍ത്തീകരണമാണ് വിവാഹത്തിലൂടെ സാധ്യമാകുന്നത്. കുടുംബത്തിന്റെ ആരംഭം ദാമ്പത്യജീവിതമായതിനാല്‍ സൗന്ദര്യവും കെട്ടുറപ്പുമുള്ള കുടുംബം പണിയേണ്ടത് ഇമ്പമുള്ള ഭാര്യ-ഭര്‍തൃജീവിതത്തില്‍ നിന്നാണ്.
ഓരോ വിവാഹവും ഓരോ കരാറാണ്. ഖുര്‍ആന്‍ സുശക്തമായ കരാര്‍ എന്നാണ് പറയുന്നത്. സ്ത്രീകളെ അനന്തര സ്വത്തായി സ്വീകരിക്കുന്ന സമ്പ്രദായം ഇസ്‌ലാം നിരോധിച്ചു. സ്ത്രീയുടെയും പുരുഷന്റെയും സമ്മതപ്രകാരമുള്ള സാമൂഹ്യ ഉടമ്പടിയാണ് വിവാഹം. അതിനാല്‍ ചില അവകാശങ്ങളും ബാധ്യതകളും പരസ്പരം നിറവേറ്റേണ്ടി വരുന്നു. പരസ്പരം പൊരുത്തപ്പെടാനാവാത്ത അവസ്ഥയില്‍ വിവാഹമോചനവും ഇസ്‌ലാം അനുവദിക്കുന്നു. പുനര്‍ വിവാഹവും അനുവദിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. വിവാഹ മുക്തയെയോ, വിധവയെയോ വിവാഹം കഴിക്കുന്നതിനും വിലക്കുകളില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ നാലില്‍ കൂടാത്ത ബഹുഭാര്യത്വവും അനുവദിക്കുന്നു.
കുടുംബത്തിന്റെ ധര്‍മം
ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷണമാണ് കുടുംബത്തിന്റെ പ്രധാന ധര്‍മം. ലൈംഗികതൃഷ്ണ സ്വാഭാവികവും സൃഷ്ടിപരവുമായ പ്രേരണയാണ്. എല്ലാ ജീവികള്‍ക്കും പൊതുവെയുള്ളതാണെങ്കിലും മനുഷ്യരുടെ കാര്യത്തില്‍ ചില സവിശേഷതകളുണ്ട്. ഇണചേരാനുള്ള വാസന ഇതര ജന്തുക്കളില്‍ ചില ഋതുക്കളില്‍ മാത്രമേ പ്രകടമാകുന്നുള്ളൂ. അവ ഇണചേരുന്നത് പ്രത്യുത്പാദനത്തിന് വേണ്ടിയാണ്. മനുഷ്യനില്‍ എല്ലാ ഋതുക്കളിലും ലൈംഗിക തൃഷ്ണ സജീവമായി നിലനില്‍ക്കുന്നു. പ്രത്യുത്പാദനത്തിനും ആനന്ദത്തിനും വേണ്ടി മനുഷ്യന്‍ ഇണചേരുന്നു. ഇതര ജീവജാലങ്ങളെപോലെ മനുഷ്യനെ പ്രകൃതി ഇക്കാര്യത്തില്‍ നിയന്ത്രിക്കുന്നില്ല. പക്ഷേ, മനുഷ്യകുലത്തിന്റെ ജൈവികമായ നിലനില്‍പിന് ചിട്ടയുള്ള ലൈംഗിക ബന്ധങ്ങളേ പാടുള്ളൂ. ഇവിടെയാണ് ധാര്‍മിക സദാചാര മര്യാദകളുടെ പ്രസക്തി. പ്രകൃതിക്കു പകരം ഈ സദാചാര ബോധമാണ് മനുഷ്യന്റെ ലൈംഗിക പ്രവൃത്തിയെ നിയന്ത്രിക്കുന്നത്. ലൈംഗിക വൃത്തിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്‌ലാം പറയുന്നില്ല. അതേസമയം ഭോഗപരതക്ക് അടിപ്പെടുകയുമരുത്. വിവാഹേതര ലൈംഗികതയെ കര്‍ശനമായി ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അതിനകത്ത് ജൈവികവും ധാര്‍മികവുമായ ഈ രണ്ട് യുക്തികളും അടങ്ങിയിരിക്കുന്നു. ദാമ്പത്യത്തെ ഖുര്‍ആന്‍ വിളിക്കുന്നത് ഹിസ്വ്്വൻ(കോട്ട) എന്നാണ്. അതായത് ഭോഗാസക്തമായ ജീവിതത്തില്‍ നിന്നുള്ളരക്ഷാകവചം.
സദാചാര സംരക്ഷണത്തിന് നിരവധി മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. മാതാക്കള്‍, പെണ്‍മക്കള്‍, സഹോദരിമാര്‍, മുലയൂട്ടിയ മാതാക്കള്‍, മുലകുടി ബന്ധത്തിലെ സഹോദരിമാര്‍, ഭാര്യമാരുടെ മാതാക്കള്‍, ദാമ്പത്യം പങ്കിട്ട സ്ത്രീകളില്‍ പിറന്നവര്‍ തുടങ്ങിയ വളരെ അടുത്ത ബന്ധത്തില്‍ പെട്ടവരുമായി വിവാഹ ബന്ധം വിലക്കിയത് ഉദാഹരണം. വിവാഹബാഹ്യമായ ലൈംഗികബന്ധം നിരോധിച്ചതാണ് മറ്റൊന്ന്. ഇണകളെ തിരഞ്ഞെടുക്കുമ്പോള്‍ ധാര്‍മിക ഗുണങ്ങള്‍ക്കും സ്വഭാവ വൈശിഷ്ട്യത്തിനും പ്രഥമ പരിഗണന നല്‍കണമെന്നും റസൂല്‍ നിര്‍ദേശിക്കുന്നുണ്ട്. “ദുര്‍വൃത്തരായ സ്ത്രീകള്‍ ദുര്‍വൃത്തരായ പുരുഷന്മാര്‍ക്കും ദുര്‍വൃത്തരായ പുരുഷന്മാര്‍ ദുര്‍വൃത്തരായ സ്ത്രീകള്‍ക്കുമാകുന്നു. ഉദാത്തരായ വനിതകള്‍ ഉദാത്തരായ പുരുഷന്മാര്‍ക്കും, ഉദാത്തരായ പുരുഷന്മാര്‍ ഉദാത്തരായ സ്ത്രീകള്‍ക്കുമാകുന്നു’ (ഖുര്‍ആന്‍ 24:26).
സ്ത്രീപുരുഷന്മാരുടെ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങള്‍ ഇസ്‌ലാം വ്യക്തമായി നിര്‍ണയിച്ചിട്ടുണ്ട്. മതപരവും സദാചാരപരവുമായ മേഖലകളില്‍ സ്ത്രീക്കും പുരുഷനും ഒരേ കടമകളും ഉത്തരവാദിത്വങ്ങളുമാണ് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ ജീവിതത്തിന്റെ ചില വ്യവഹാരങ്ങളില്‍ ഇരുവരുടെയും ചുമതലകളും കര്‍ത്തവ്യങ്ങളും ഭിന്നമാണ്. ഇരു വിഭാഗത്തിന്റെയും ജൈവപരമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. കുടുംബത്തിന്റെ ഉത്തരവാദിത്വം പുരുഷനാണ്. സ്ത്രീകളുടെ മേല്‍ നിയന്ത്രണാവകാശമുള്ളവരാണ് പുരുഷന്മാരെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇവിടെ ഖുര്‍ആന്‍ പ്രയോഗിച്ചത് “ഖവ്വാം’ എന്ന പദമാണ്. ഭാര്യയെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നാണ് വിവക്ഷ. അഥവാ, കുടുംബമെന്ന സ്ഥാപനത്തിന്റെ സംരക്ഷണവും മേല്‍നോട്ടവും ഇസ്‌ലാം ഏല്‍പിച്ചിരിക്കുന്നത് പുരുഷനെയാണ്. അതേറ്റെടുക്കാനുള്ള കഴിവും മനക്കരുത്തും പുരുഷന്മാര്‍ക്കുണ്ട് എന്നതാണ് കാരണം. സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക പ്രകൃതിയും മാനസികാവസ്ഥയും പരിഗണിച്ചാണ് ഇസ്‌ലാം അവര്‍ക്ക് അവരുടേതായ ബാധ്യതകളും അവകാശങ്ങളും ജോലികളും വേര്‍തിരിച്ച് നല്‍കിയത്. പുരുഷന്‍ അവന്റെ കൈവിരല്‍ തുമ്പുവരെ ആണും, സ്ത്രീ അവളുടെ കാല്‍വിരല്‍ തുമ്പു വരെ പെണ്ണുമാണ് എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനായ ഹാവേ ലോക് എല്ലിസിന്റെ അഭിപ്രായം കാണുക.
കുടുംബത്തിന്റെ ആരോഗ്യപരമായ നിലനില്‍പിന് ഭാര്യയും ഭര്‍ത്താവും ചില ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഭാര്യക്ക് വിവാഹമൂല്യം നല്‍കലാണ് ഭര്‍ത്താവിന്റെ പ്രഥമ ബാധ്യത. സ്ത്രീയെ ആദരിക്കുന്നതിന്റെയും പരിഗണിക്കുന്നതിന്റെയും പ്രതീകമാണത്. “നിങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം പാരിതോഷികമായി നല്‍കുക'(ഖുര്‍ആന്‍ 4:4). ജീവനാംശം നല്‍കല്‍ മറ്റൊരു ബാധ്യതയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കലാണത്. ഭാര്യമാരോട് മാന്യമായി വര്‍ത്തിക്കുക, അവരുടെ ഐഹികവും പാരത്രികവുമായ രക്ഷക്കും മോക്ഷത്തിനും ആവശ്യമായ ശിക്ഷണം നല്‍കുക തുടങ്ങിയവയും ഭര്‍ത്താക്കന്മാരുടെ ബാധ്യതകളാണ്.
ഭര്‍ത്താവിനെ അനുസരിക്കുക, രഹസ്യങ്ങള്‍ സൂക്ഷിക്കുക, സ്വജീവിതത്തിലും ധനപരമായ ഇടപാടുകളിലും വഞ്ചിക്കാതിരിക്കുക ഇവയാണ് ഭാര്യയുടെ ബാധ്യതകള്‍. “സദ്്വൃത്തകളായ സ്ത്രീകള്‍ അനുസരണ ശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (ഭര്‍ത്താക്കന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്'(ഖുര്‍ആന്‍ 4:34).
ഇസ്‌ലാം മുന്നോട്ടുവെച്ച പാവനമായ വിവാഹത്തെയും കുടുംബഘടനയെയുമൊക്കെ പിന്തിരിപ്പനെന്ന് കരുതുന്നവരുണ്ട്. അതിന്റെ സംരക്ഷണ കവചം ഊരിയെറിഞ്ഞു വരുന്നവര്‍ക്ക് പുരോഗമനവാദികള്‍ എന്ന നെറ്റിപ്പട്ടം ധരിപ്പിക്കുന്നവരുമുണ്ട്. ഇസ്‌ലാമിനെ കൈ വെടിഞ്ഞ് കൂട്ടംതെറ്റി മദംപൊട്ടി ജീവിക്കുന്ന അരാജകത്വമാണ് പരിഷ്‌കൃതം എന്ന് വിചാരിക്കുന്നവരെയും കാണാം. അവര്‍ ഒരു പെണ്ണു കെട്ടുന്നു. അവളുടെ “വിശ്വസ്ത ഇണ’യായി വേഷമിടുന്നു. അല്പം കഴിയുമ്പോള്‍ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന പെണ്ണിനെ ചതിക്കുന്നു. സുഹൃത്തിന്റെ കുടുംബത്തിന് പ്രണയം കൊണ്ട് “തുരങ്കം’ വെക്കുന്നു. ആ കുടുംബത്തിലെ പെണ്ണിന്റെ വിശ്വസ്തനാകുന്നു. ചതിക്കുന്നു. അവള്‍ നിരാലംബയായിക്കഴിയവേ അയാൾ മറ്റൊരുത്തിയുടെ വിശ്വസ്തനാകുന്നു. അവളുടെ ജ്യേഷ്ഠ സഹോദരി വിവാഹിതയാകാനിരിക്കേ അവള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കുന്നു. ഈ പുരോഗമനവാദിയായ പുരുഷന്‍ എവിടെ എത്തിയാലാണ് ഈ ജീവിതം അവസാനിപ്പിക്കുക. എത്ര പെണ്‍ ജീവിതമാണ് ഇയാള്‍ നശിപ്പിച്ചത്. ഈ “പുരുഷ മേല്‍ക്കോയ്മ’ നമ്മുടെ നാട്ടിലെ അതിപുരോഗമനവാദികള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. പുരുഷന്റെ പ്രണയത്തള്ളിച്ചകളിൽ ഇങ്ങനെ വഴിയാധാരമാക്കപ്പെട്ട പെൺകുട്ടികളെക്കുറിച്ച് ആര് സംസാരിക്കും? കാണുന്ന ഇലകളെല്ലാം കടിച്ച് പിന്നെയും മുന്നോട്ടു കുതിക്കുന്ന അജിത്തുമാരെ ആര് നിയന്ത്രിക്കും? അക്കാര്യത്തില്‍ ഇസ്‌ലാമിന് കൃത്യമായിത്തന്നെ ചിലത് ചെയ്യാനാകും. അനുപമക്കും അജിത്തിനും നസിയക്കും മറ്റൊട്ടേറെ പേര്‍ക്കും അര്‍ഹിച്ചത് വാങ്ങിക്കൊടുക്കാന്‍ ഇസ്‌ലാമിന് കഴിയും.
അൻവർ ബുഖാരി കാരേപറമ്പ്
You must be logged in to post a comment Login