നന്ദിയുള്ളവരായിരിക്കുക

നന്ദിയുള്ളവരായിരിക്കുക

സൂക്തം: 11- അങ്ങനെ സകരിയ്യ നബി തന്റെ ജനങ്ങളുടെ അടുത്തേക്ക് ചെന്നു. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്താന്‍ അവരോട് ആംഗ്യം കാണിച്ചു.
“വഹ്‌യ്’ എന്നതിന്റെ ഭാഷാര്‍ത്ഥം “അവ്യക്തമായ രീതിയില്‍ വിവരം കൈമാറുക’എന്നാണ്. “പ്രവാചകത്വം വാദിക്കുന്ന തന്റെ ദൂതന് അല്ലാഹു വിവരം നല്‍കുക’ എന്നാണ് സാങ്കേതികാര്‍ത്ഥം. ഭാഷാര്‍ത്ഥമാണ് ഇവിടെ വിവക്ഷിക്കുന്നത്. ഖുര്‍ആനില്‍ പല സൂക്തങ്ങളും “വഹ്‌യ്’ ഇങ്ങനെ ഭാഷാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതായി കാണാം. അവയില്‍ പ്രവാചകരല്ലാത്ത സാത്വികര്‍ക്ക് അല്ലാഹു നല്കിയ വിവരത്തെക്കുറിച്ചും മലക്കുകള്‍ക്കും ജന്തുക്കള്‍ക്കും അജൈവ പദാര്‍ത്ഥങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളെ കുറിച്ച് വരെ വഹ്‌യ് എന്ന് പ്രയോഗിച്ചതായി കാണാം. ചില ഉദാഹരണങ്ങള്‍:

സാത്വികര്‍ക്ക്
മൂസയുടെ മാതാവിന് നാം സന്ദേശം നല്‍കി: “അവനെ മുലയൂട്ടുക, അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലെറിയുക. പേടിക്കേണ്ട, ദുഃഖിക്കുകയും വേണ്ട, തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും(ഖസസ് 7).

മലക്കുകള്‍ക്ക്
നിന്റെ നാഥന്‍ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം ഓര്‍ക്കുക. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസകങ്ങളില്‍ ഞാന്‍ ഭീതിയുളവാക്കും. അവരുടെ കഴുത്തുകള്‍ക്ക് മീതെ വെട്ടുക. എല്ലാ വിരലുകളും വെട്ടിമാറ്റുക(അൻഫാൽ 12).

ജന്തുക്കള്‍ക്ക്
നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് ബോധനം നല്‍കി. മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും കൂടുണ്ടാക്കുക(നഹ്്ല് 68).

അജൈവ പദാര്‍ത്ഥങ്ങള്‍ക്ക്
നിന്റെ നാഥന്‍ അതിന് ബോധനം നല്‍കിയതിനാലാണത്(സൽസല 5).
പിശാചുക്കള്‍ പരസ്പരം വിവരം നല്‍കുന്നതിനെക്കുറിച്ചും അവര്‍ തങ്ങളുടെ സേവകര്‍ക്ക് വിവരം നല്‍കുന്നതിനെക്കുറിച്ചും ഖുര്‍ആന്‍ വഹ്‌യ് എന്ന് പ്രയോഗിച്ചിട്ടുണ്ട്.

സംസാര ശേഷി നഷ്ടപ്പെട്ടു എന്ന് കഴിഞ്ഞ സൂക്തത്തില്‍ വ്യക്തമാക്കിയത് കൊണ്ടുതന്നെ വാചികമല്ലാത്ത രൂപത്തിലൂടെ അറിയിച്ചതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ അപ്രസക്തമാവുന്നു.

പ്രാര്‍ത്ഥനക്കും അല്ലാഹുവിന്റെ സ്മരണകള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന സ്ഥലം എന്നാണ് “മിഹ്‌റാബ്’ എന്നതിന്റെ അടിസ്ഥാന വിവക്ഷ. നിസ്കാരത്തിൽ ഇമാം നില്‍ക്കുന്ന സ്ഥലത്തിനാണ് ഇപ്പോള്‍ ആ പദം ഉപയോഗിക്കുന്നത്. യുദ്ധം ചെയ്യുന്ന സ്ഥലം എന്നാണ് ഇതിന്റെ ഭാഷാപരമായ അര്‍ത്ഥം. പിശാചിനോട് യുദ്ധം ചെയ്യുന്ന സ്ഥലമാണല്ലോ മിഹ്റാബ്.

അനുഗ്രഹത്തിന് നന്ദി ചെയ്യണമെന്നത് ഖുര്‍ആന്റെ അധ്യാപനമാണ്. വ്യക്തമായ വിജയം ലഭിച്ചാല്‍ അല്ലാഹുവിന് സ്തുതി പറയാനും തസ്ബീഹ് ചൊല്ലാനും പാപമോചനം ചെയ്യാനുമാണ് സൂറതുല്‍ ഫത്ഹിലൂടെ അല്ലാഹു കല്‍പിക്കുന്നത്. ഈ സൂക്തത്തിലും “തസ്ബീഹ്’ ചൊല്ലാന്‍ പറഞ്ഞത് അനുഗ്രഹത്തിന് നന്ദി ചെയ്യാന്‍ വേണ്ടിയാണ്. സൂറ: ആലുഇംറാനില്‍ സകരിയ്യ നബിയോട് തസ്ബീഹ് ചൊല്ലാനുള്ള കല്‍പനയാണ് ഉള്ളത്. എന്നാല്‍ ജനങ്ങളോടുള്ള കല്‍പനയാണ് ഈ സൂറ:യിലുള്ളത്. തനിക്ക് ഒരു കുഞ്ഞ് ലഭിച്ചതില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അദ്ദേഹം തസ്ബീഹ് ചൊല്ലുന്നതിന്റെ സാംഗത്യം നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഒരാള്‍ക്ക് കുഞ്ഞ് ജനിച്ചതില്‍ മറ്റുള്ളവര്‍ എന്തിന് തസ്ബീഹ് ചൊല്ലണം?

മറുപടി: ബൈതുല്‍ മുഖദ്ദസിന്റെ പരിപാലനം അടക്കമുള്ള മതകീയ ചടങ്ങുകള്‍ നടത്തുന്ന ഒരു അനന്തരാവകാശിയെ ആവശ്യപ്പെട്ട് കിട്ടിയ കുട്ടിയായതു‌കൊണ്ട് ഈ ജനനം ഒരു സാമൂഹ്യ പ്രാധാന്യമുള്ളതാണ്. ജന്മം സമൂഹത്തിനൊന്നടങ്കം അനുഗ്രഹമായി മാറുമ്പോള്‍ സന്തോഷ, നന്ദി പ്രകടനങ്ങളില്‍ ജനങ്ങളും പങ്കെടുക്കണം. അതുകൊണ്ട് ജനങ്ങളോടും തസ്ബീഹ് ചൊല്ലാന്‍ പറഞ്ഞു.

തസ്ബീഹ് ചൊല്ലാൻ പറഞ്ഞ വിവരം അല്ലാഹു നമ്മോട് പറഞ്ഞതെന്തിനാണ്? ഒരു ചരിത്ര കഥനം എന്നതിനപ്പറം അതിന് പ്രാധാന്യമുണ്ടോ? ഉണ്ട്. അനുഗ്രഹത്തിന് നന്ദി ചെയ്യണമെന്നും തസ്ബീഹ് ചൊല്ലല്‍ വിശിഷ്യാ പ്രഭാത പ്രദോഷങ്ങളില്‍ ഏറെ ശ്രേഷ്ഠതയുള്ളതാണെന്നും പഠിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാവാം.
പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹിന് പ്രാധാന്യമുണ്ടെന്ന് ഹദീസുകളില്‍നിന്ന് വ്യക്തമാണ്. സ്വഹീഹുല്‍ ബുഖാരിയില്‍ തസ്ബീഹിന്റെ പ്രാധാന്യം പറയാന്‍ ഒരു അധ്യായം തന്നെ ഉണ്ട്. തസ്ബീഹിന്റെ പ്രാധാന്യം വിവരിക്കുന്ന ഹദീസുകളില്‍ ചിലത് താഴെ കൊടുക്കുന്നു:
റസൂൽ(സ്വ) അരുളി: “ആരെങ്കിലും ഒരു ദിവസം 100 പ്രാവശ്യം “സുബ്ഹാനല്ലാഹി വബിഹംദിഹി’ എന്ന് ചൊല്ലിയാല്‍ അവന്റെ ദോഷങ്ങള്‍ മായ്ക്കപ്പെടും; അത് സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും.’

നബി(സ്വ) പറയുന്നു: ഉച്ചാരണം സരളമായതും ത്രാസില്‍ വളരെ കനമേറിയതും രക്ഷിതാവിങ്കല്‍ ഏറെ പ്രിയപ്പെട്ടതുമായ രണ്ടു വചനങ്ങളാണ് “സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹിൽ അളീം’.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ഞാന്‍ പച്ചക്കറി കൃഷിയിൽ ഏർപെട്ടിരിക്കെ അതിലെ നടന്നുപോയ നബിതിരുമേനി എന്നോട് ചോദിച്ചു: ഇതിനേക്കാള്‍ പെട്ടെന്ന് വിളവുണ്ടാകുന്ന കൃഷി നിനക്ക് ഞാന്‍ പറഞ്ഞുതരട്ടേ? ഞാന്‍ പറഞ്ഞു: അതേ റസൂലെ. അവിടുന്ന് പ്രതിവചിച്ചു: അല്‍ ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്നതാണത്. ഇതാണ് ഖുര്‍ആനില്‍ പ്രതിപാദിച്ച ബാഖിയാതുസ്വാലിഹാത്. ഓരോ തസ്ബീഹിനും പകരം സ്വര്‍ഗത്തില്‍ ചെടികള്‍ നടും. ഒരു മാലാഖ ചെടി നട്ടു കൊണ്ടിരിക്കുന്നതിനിടെ കൂടെയുള്ള മാലാഖ കൃഷി നടത്താതിരിക്കുന്നത് കാണുന്നു. അപ്പോള്‍ കൃഷി ചെയ്യാതിരിക്കാനുള്ള കാരണം അന്വേഷിക്കും. അതിനു ആ മാലാഖ പറയും: എന്റെ കൂട്ടുകാരന്‍ ദുന്‍യാവില്‍ വെച്ച് തസ്ബീഹ് ചൊല്ലുന്നില്ല.

ആസുംകല്ലിന്റെ(ആട്ടുകല്ല്) ഉപയോഗം കരങ്ങള്‍ക്ക് തഴമ്പുണ്ടാക്കിയെന്ന് ആവലാതി ബോധിപ്പിക്കാനും സേവകനെ ആവശ്യപ്പെടാനും ഫാതിമ(റ) തിരുനബിയുടെ സവിധത്തിലേക്ക് ചെന്നു. നബി(സ്വ) ഇല്ലാത്തത് കൊണ്ട് ആഇശയെ(റ) കാര്യം ധരിപ്പിച്ച് മടങ്ങി. ഇതറിഞ്ഞ റസൂല്‍ (സ്വ) അവരുടെ അടുത്തേക്ക് വന്നപ്പോഴേക്കും കിടന്നിട്ടുണ്ടായിരുന്നു. അങ്ങനെ തിരുനബി ഞങ്ങള്‍ രണ്ടു പേരുടേയും ഇടയില്‍ ഇരുന്നു. അവിടുത്തെ പാദങ്ങളുടെ തണുപ്പ് എന്റെ നെഞ്ചത്തെത്തുന്നുണ്ടായിരുന്നു. ശേഷം തിരുമേനി പറഞ്ഞു: “ഒരു സേവകനെ വെക്കുന്നതിനെക്കാള്‍ നല്ല കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ കിടപ്പറയിലെത്തിയാല്‍ 33 പ്രാവശ്യം തസ്ബീഹും തഹ്്മീദും 34 പ്രാവശ്യം തക്ബീറും ചൊല്ലുക. അതാണ് നിങ്ങള്‍ക്ക് സേവകനേക്കാള്‍ ശ്രേഷ്ഠം.’

അല്ലാഹു നാലു വചനങ്ങൾ തിരഞ്ഞെടുത്തു. അവ സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബര്‍ എന്നിവയാണ്. വല്ലവരും സുബ്ഹാനല്ലാഹ് എന്നുച്ചരിച്ചാല്‍ 20 ഗുണം രേഖപ്പെടുത്തുകയും അവന്റെ 20 ദോഷം പൊറുക്കുകയും ചെയ്യും, “അല്ലാഹു അക്ബറും’ “ലാ ഇലാഹ ഇല്ലല്ലാഹുവും’ തഥൈവ. എന്നാല്‍ ആരെങ്കിലും അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ എന്ന് ചൊല്ലിയാല്‍ 30 ഗുണം രേഖപ്പെടുത്തുകയും 30 ദോഷം പൊറുക്കുകയും ചെയ്യും.
അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഭക്ഷണങ്ങളെ വര്‍ഗീകരിച്ചത് പോലെ സ്വഭാവത്തെയും വര്‍ഗീകരിച്ചു. അവന്‍ ഇഷ്ടജനങ്ങള്‍ക്കും അല്ലാത്തവര്‍ക്കും സമ്പത്ത് നല്‍കും. എന്നാല്‍ ഇഷ്ടജനങ്ങള്‍ക്ക് മാത്രമേ ഈമാന്‍- വിശ്വാസം നല്‍കുകയുള്ളു. ആരെങ്കിലും ശത്രുവിന്റെ അക്രമത്തെയോ രാത്രിയിലുള്ള പ്രയാസത്തെയോ ഭയപ്പെട്ടാല്‍ “സുബ്ഹാനല്ലാഹ് വല്‍ ഹംദുലില്ലാഹ് വലാ ഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബര്‍’ എന്ന വചനം വര്‍ദ്ധിപ്പിക്കട്ടെ. ഇത് നമ്മെ മുന്നോട്ട് ഗമിപ്പിക്കുകയും ദോഷങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും അവസാന നാളില്‍ പ്രതിഫലം വാങ്ങിത്തരുകയും ചെയ്യുന്നവയാണ്. ഇതിനെക്കുറിച്ചാണ് ഖുര്‍ആനില്‍ ബാഖിയാത്തു സ്വാലിഹാത്ത് എന്നു വിശേഷിപ്പിച്ചത്.

അല്ലാഹു സ്വര്‍ഗം പടച്ചപ്പോള്‍ “സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വലാ ഹൗല വ ലാഖുവ്വത ഇല്ലാ ബില്ലാഹ്’ എന്ന വചനത്തെ അവിടത്തെ കൃഷിയാക്കി. ശേഷം അല്ലാഹു പറഞ്ഞു : സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. സ്വര്‍ഗമേ നിനക്ക് പറയാനുള്ളത് പറയാം.
സ്വര്‍ഗം: നീയാണ് സര്‍വാധിപന്‍, എന്നില്‍ പ്രവേശിച്ചവർ വിജയിച്ചു.
അല്ലാഹു: എന്റെ പ്രതാപവും ഔന്നത്യവും മുന്‍നിര്‍ത്തി ഞാന്‍ പറയുന്നു, കള്ള് വാറ്റുന്നവനും ഏഷണിക്കാരനും വ്യഭിചരിച്ച് കൊണ്ടിരിക്കുന്നവനും സ്വര്‍ഗ പ്രവേശമില്ല.

ഓരോ സന്ധികള്‍ക്കും ദാനം കൊടുക്കാന്‍ ബാധ്യസ്ഥരായാണ് നിങ്ങള്‍ പുലരിയിലേക്ക് പ്രവേശിക്കുന്നത് (360 സന്ധികളാണ് മനുഷ്യ ശരീരത്തിലുള്ളത്). എല്ലാ തസ്ബീഹും സ്വദഖയാണ്, എല്ലാ ഹംദും സ്വദഖയാണ്, എല്ലാ തഹ്‌ലീലും ദാനമാണ്, എല്ലാ തക്ബീറും ദാനമാണ്, സുകൃതം കല്‍പിക്കലും തിന്മ വിരോധിക്കലും ദാനമാണ്, എന്നാല്‍ രണ്ടു റക്അത് ളുഹാ നിസ്‌കാരം ഇതിന്റെയെല്ലാം പകരം നില്‍ക്കുന്നതാണ്.

ജുവൈരിയയിൽനിന്ന്(റ) തൊട്ട് നിവേദനം: ജുവൈരിയയുടെ(റ) അടുത്തുനിന്ന് സുബ്ഹി നിസ്‌കാര സമയത്ത് റസൂൽ പുറത്തിറങ്ങി. “ളുഹാ’ സമയത്ത് മടങ്ങിവന്ന റസൂൽ ആരാധനാ സ്ഥലത്ത് തന്നെയുണ്ടായിരുന്ന മഹതിയോട് ചോദിച്ചു: ഞാന്‍ പോകുന്ന സമയത്തുള്ള ഇരുത്തമാണോ ഇത്? മഹതി പറഞ്ഞു: അതെ. അപ്പോള്‍ നബി (സ്വ) അരുളി: ഞാന്‍ ഇവിടെ നിന്ന് പോയ ശേഷം 4 വചനങ്ങള്‍ 3 പ്രാവശ്യം ചൊല്ലി. ആ വചനങ്ങളും നീ ഇതുവരെ ചൊല്ലിയതെല്ലാം തൂക്കിനോക്കിയാല്‍ കൂടുതല്‍ ഭാരം ആ വചനങ്ങള്‍ക്കായിരിക്കും. അവ സുബ്ഹാനല്ലാഹി വബിഹംദിഹി അദദ ഖൽഖിഹി വരിളാ നഫ്സിഹി വമിദാദ കലിമാതിഹി എന്നിവയാണ്.

അവസാന നാളില്‍ ദജ്ജാല്‍ സജ്ജനങ്ങളുടെ ഭക്ഷണം മുടക്കുമ്പോള്‍ അവര്‍ക്കുള്ള ഭക്ഷണം മലക്കുകളുടെ അന്നമായിരിക്കും. അതായത് തസ്ബീഹ് ആയിരിക്കും. ഓരോ ദിവസവും രാവിലെയും വൈകുന്നേരവും ചൊല്ലാന്‍ തിരുനബി നിര്‍ദ്ദേശിച്ച മന്ത്രങ്ങളില്‍ പ്രധാനപ്പെട്ടവ അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. അത് വിര്‍ദുല്ലത്തീഫ് എന്ന പേരില്‍ അറിയപ്പെടുന്നു. അത് പതിവാക്കുന്നത് ഏറെ നല്ലതാണ്. ഐഹിക പാരത്രിക ജീവിതത്തില്‍ സുഖവും സന്തോഷവും ലഭിക്കാന്‍ ഉത്തമ ഔഷധമാണത്

(തുടരും)

You must be logged in to post a comment Login