ചെകുത്താൻ മനുഷ്യന്റെ ആധ്യാത്മിക പരിശ്രമങ്ങളെ തോല്പിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. രസകരമായ സംഗതി, ഗുണകാംക്ഷിയായി ആവും പിശാച് ചില നേരങ്ങളിൽ പ്രത്യക്ഷപ്പെടുക എന്നതാണ്. മസ്നവിയുടെ രണ്ടാം ഭാഗത്തിലെ പ്രസിദ്ധമായ ഒരു കഥ അതാണ്. പ്രഭാത നിസ്കാരത്തിന്റെ സമയം ആയതറിയാതെ മുആവിയ ഉറങ്ങിപ്പോവുന്നു. ആരോ അദ്ദേഹത്തെ തൊട്ടുവിളിച്ചു പ്രാർഥനയുടെ സമയം കഴിയാറായി എന്ന് ഓർമിപ്പിക്കുന്നു. ആരാണ് തന്റെ ഉറക്കത്തിന് ഭംഗം സൃഷ്ടിച്ചത് എന്ന ദേഷ്യത്തോടെ മുആവിയ നാലുപാടും തിരയുന്നു. മുറിയിൽ ഒരാൾ ഒളിച്ചിരിക്കുന്നതു കണ്ടു. ചോദിച്ചപ്പോൾ ആള് ചെകുത്താനാണ്. മുആവിയക്ക് അതിശയമായി. കള്ളൻ കാവൽ നിൽക്കുകയോ? ഇതെന്തുകഥ! പക്ഷേ ചെകുത്താൻ പറയുന്നത് താൻ പണ്ട് മാലാഖയായിരുന്നു, അതിന്റെ നന്മ തന്നിൽ കാണാതിരിക്കുമോ എന്നാണ്. എന്നാൽ മുആവിയക്കത് വിശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ അവർ തമ്മിൽ ദീർഘമായ സംഭാഷണം നടക്കുന്നു. ഒടുവിൽ ചെകുത്താൻ മുആവിയയെ പ്രാർഥനയ്ക്ക് വിളിച്ചുണർത്തിയതിലെ ദുരുദ്ദേശം വെളിപ്പെടുത്തുന്നതിങ്ങനെയാണ്: “താങ്കൾ വൈകി ഉണരുകയും തെറ്റിൽ പശ്ചാത്തപിക്കുകയും ചെയ്യുന്നത് താങ്കളെ ആത്മീയമായി കൂടുതൽ ബലവാനാക്കും. അതെനിക്ക് ഇഷ്ടമല്ല. നേരത്തെ ഉണർന്നു പ്രാർത്ഥിച്ചാൽ താങ്കൾക്ക് കുറ്റബോധം ഉണ്ടാവുകയോ കൂടുതൽ നന്നാവാൻ താങ്കൾ ജാഗ്രതപ്പെടുകയോ ഇല്ലല്ലോ!”
അറിവിനെ യുക്തിപരമായി മാത്രം സമീപിക്കുന്നത് വ്യർഥമാണെന്ന് “മസ്നവി’യിൽ റൂമി നിരീക്ഷിക്കുന്നു. പ്രവാചകന്മാരുടെ ആധ്യാത്മികസാരം ഗ്രഹിക്കുന്നതിന് യുക്തി മാത്രം മതിയാവുകയില്ല. യുക്തിക്ക് അപഗ്രഥിച്ചു മനസിലാക്കാനാവാത്ത വിധമാണ് മനുഷ്യ ജീവിതത്തിലെ ദൈവിക ഇടപെടൽ. പ്രത്യക്ഷത്തിൽ ഗ്രഹിക്കാനാവാത്ത നിഗൂഢതകൾ നിറഞ്ഞതാണ് മനുഷ്യരുടെ ജീവിതാനുഭവങ്ങൾ. വടി പാമ്പാവുക എന്നത് മനുഷ്യ യുക്തിക്ക് മനസിലാക്കാനാവാത്ത കാര്യമാണ്. മനുഷ്യന് തനിക്കറിയാവുന്ന കാര്യങ്ങളേ അറിയൂ എന്ന പരിമിതി ഉണ്ട്. അവന് അറിയാത്ത കാര്യങ്ങളാണ് പ്രപഞ്ചത്തിന്റെ രഹസ്യം. കാര്യ കാരണങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ മനുഷ്യന് കഴിയാത്തത് അവന്റെ സംവേദന- ബോധേന്ദ്രിയങ്ങൾക്ക് പിടികൊടുക്കാത്ത വസ്തുതകളുടെ സാന്നിധ്യമാണ്. ദാവൂദ് നബിയുടെ(അ) കാലത്തെ ഒരു കഥയിലൂടെ മസ്നവിയുടെ മൂന്നാം ഭാഗത്തിൽ റൂമി ഈ പ്രഹേളികയ്ക്ക് ഉദാഹരണം നൽകുന്നു:
ഒരാൾ ഇങ്ങനെ പ്രാർഥിക്കുകയാണ്: “ദൈവമേ, എനിക്ക് അധ്വാനിക്കാതെ നിയമ വിധേയമായ ഭക്ഷണം നൽകേണമേ!’ കേൾക്കുമ്പോൾ അസംബന്ധം എന്നു സാമാന്യ യുക്തിക്ക് തോന്നാവുന്നതാണീ പ്രാർഥന. ദൈവത്തോട് ഇങ്ങനെ പ്രാർഥിക്കാൻ ഇയാൾക്കൊരു ന്യായമുണ്ട്. ദൈവം തന്നെ മടിയനായാണ് സൃഷ്ടിച്ചിരിക്കുന്നത്. മടിയന് അധ്വാനിക്കാനാവില്ല. അതിനാൽ തനിക്ക് അധ്വാനിക്കാതെ ഭക്ഷണം തരേണ്ടത് ദൈവത്തിന്റെ ബാധ്യതയാണ്! നടക്കാനായിട്ടില്ലാത്ത പൈതങ്ങൾക്ക് അമ്മമാർ മുലയൂട്ടുന്നുണ്ടല്ലോ. അതേപോലെ ദൈവം തന്നെയും ഊട്ടണം!
പക്ഷേ, ഈ മനുഷ്യന്റെ ഉറക്കെയുള്ള പ്രാർഥന കേട്ട് ആളുകൾ പരിഹസിച്ചു ചിരിച്ചു. “എന്തു മണ്ടത്തരമാണ് ഇവൻ പ്രാർത്ഥിക്കുന്നത്? കഞ്ചാവടിച്ച് പിരിയിളകിപ്പോയതാവുമോ?’ എന്നായിരുന്നു അവരുടെ പ്രതികരണം. പക്ഷേ നേരം പുലരുവോളം അയാൾ തന്റെ ആത്മാർഥമായ പ്രാർഥന തുടർന്നു. ഒടുവിൽ അത്ഭുതം സംഭവിച്ചു. ഒരു പശു അയാളുടെ വീട്ടിലേക്ക് നടന്നുവന്നു. ദൈവം തന്റെ പ്രാർഥന സ്വീകരിച്ചതായി സന്തോഷത്തോടെ അയാൾ മനസ്സിലാക്കി. ഒട്ടും സംശയിക്കാതെ അയാൾ പശുവിനെ അറുത്ത് ആഹാരമാക്കി. ദൈവത്തിന് നന്ദി പറഞ്ഞു. ഇത്രയും വായിക്കുമ്പോൾ പശുവിന്റെ ഉടമയോട് നമുക്ക് സഹതാപം തോന്നും. അവിടെയാണ് കഥയുടെ ട്വിസ്റ്റ്. പശുവിന്റെ ഉടമ സ്വാഭാവികമായും ക്ഷോഭിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യുമല്ലോ. അത്രയും യുക്തിസഹം. ഇനിയാണ് ആ നാട്ടുകാർക്കെന്നപോലെ നമുക്കും ഊഹിക്കാൻ പറ്റാത്ത കാര്യം സംഭവത്തിൽ ഇടപെടുന്ന പ്രവാചകൻ ദാവൂദിലൂടെ(അ) വെളിപ്പെടുന്നത്. പശുവിനെ ആഹാരമാക്കിയ ആളുടെ പൂർവികരിൽനിന്ന് ഉടമ മോഷ്ടിച്ചതാണ് ആ പശുവിനെ എന്ന് ദൈവം ദാവൂദ് നബിയെ വെളിപാടിലൂടെ അറിയിക്കുന്നു. അതിനാൽ പശുവിന്റെ യഥാർത്ഥ അവകാശി അതിനെ അറുത്തുതിന്ന ആൾ തന്നെയാണ്. വിചാരണയിൽ “ഉടമ’ കുറ്റം സമ്മതിച്ചു. ഇതാണ് മനുഷ്യജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന അറിയാ പൊരുളുകളുടെ മായാജാലം. ഖിള്ർ നബിയിലൂടെ മൂസാനബിക്ക് ഈ മായാജാലം അല്ലാഹു കാണിച്ചുകൊടുത്തത് ഖുർആൻ കഹ്ഫ് അധ്യായത്തിൽ വിവരിച്ചിട്ടുണ്ട്.
റൂമിയുടെ കാഴ്ചപ്പാടിൽ ദൈവത്തിൽനിന്ന് സാധാരണ മാർഗങ്ങളിലൂടെയല്ലാതെ സവിശേഷ ജ്ഞാനം ലഭിക്കുന്നവരാണ് ആത്മജ്ഞാനികൾ. മസ്നവിയെക്കുറിച്ച് റൂമി പറയുന്നത് പ്രവാചകന് ഖുർആൻ എന്നപോലെ തനിക്ക് ദൈവത്തിൽ നിന്ന് കിട്ടിയ സമ്മാനമാണ് അത് എന്നാണ്. ഖുർആന് ബാഹ്യരൂപവും അന്തരാർഥവും അതിനുള്ളിൽ സാധാരണ ബുദ്ധിക്ക് ഗ്രഹിക്കാനാവാത്ത മൂന്നാമതൊരു തലവും ദൈവമല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത നാലാമതൊരു അടരും ഉണ്ടെന്ന് റൂമി പറയുന്നുണ്ട്. അതിനാൽ “ആദം നബിയെ വെറും മൺകൂടായി കണ്ട ഇബ്്ലീസിനെ പോലെ’ ഖുർആൻ എന്നാൽ അതിന്റെ ബാഹ്യ രൂപം മാത്രമാണെന്ന് ധരിക്കരുത് എന്ന് മസ്നവിയിൽ റൂമി ഓർമിപ്പിക്കുന്നു. നിങ്ങളുടെ അടുത്ത് ഒരാൾ നിൽക്കുമ്പോൾ നിങ്ങൾ കാണുന്നത് അയാളുടെ ദേഹം അഥവാ ബാഹ്യരൂപം മാത്രമാണ്. അയാളുടെ ഉള്ളിൽ എന്താണുള്ളതെന്ന് നിങ്ങൾ അറിയുന്നില്ല’ എന്നു പറഞ്ഞുകൊണ്ട് ഖുർആന്റെ ഉൾസാരം ഗ്രഹിക്കേണ്ടതിന്റെ പ്രാധാന്യം റൂമി ചുണ്ടിക്കാണിക്കുന്നു.
ജ്ഞാനികൾ, റൂമിയുടെ വിശദീകരണ പ്രകാരം, ദൈവത്തിന്റെ ഭടന്മാരാണ്. ജ്ഞാനമാണ് ദൈവം അവർക്ക് നൽകുന്ന ആയുധം. അജ്ഞത പുരളാത്ത അവൻ അവരുടെ ജ്ഞാനത്തെ സംരക്ഷിക്കുന്നു. ദൈവിക ജ്ഞാനത്തെ സൂര്യനോട് ഉപമിക്കുന്ന റൂമി സൂര്യകിരണങ്ങളെ അജ്ഞാനത്തെ ഗളഛേദം ചെയ്യുന്ന വാളുകളായി സങ്കല്പിക്കുന്നു. മനുഷ്യൻ താൻ അറിഞ്ഞതിന്റെ പരിമിതികളിൽനിന്ന് ബന്ധനവിമുക്തനായെങ്കിലേ ശരിയായ ജ്ഞാനത്തിലേക്ക് പ്രവേശിക്കാനാകൂ. അതിലേക്ക് വഴികാണിക്കുന്ന മെഴുകുതിരി വെട്ടമാണ് മതനിയമങ്ങൾ. മുമ്പിലെ വഴി തെളിയണമെങ്കിൽ ഈ വെട്ടം കൈയിൽ വേണം. താണതരം ലോഹങ്ങളെ സ്വർണമാക്കി മാറ്റുന്ന ആൽക്കെമിയാണ് മതാധ്യാപനങ്ങൾ. ആത്മജ്ഞാനത്തിലേക്ക് അന്വേഷകനെ സ്ഫുടം ചെയ്തെടുക്കുക എന്നതാണ് മതനിയമങ്ങളുടെ ധർമം. ഓരോ നക്ഷത്രത്തിനും അതിന്റേതായ ഭ്രമണപഥവും അതിന്റെ പ്രകാശത്തിന് എത്താൻ കഴിയുന്ന പരിധിയും ഉള്ളതുപോലെ, ഓരോ ഭരണാധികാരിക്കും തന്റെ അധികാരം നടക്കുന്ന ഭൂപ്രദേശത്തിന് അതിരുകൾ ഉള്ളതുപോലെ ഓരോ വ്യക്തിക്കും തന്റെ ബുദ്ധിയും അനുഭവവും കൊണ്ട് പ്രാപിക്കാൻ കഴിയുന്ന ജ്ഞാനത്തിന് ദൈവം പരിധി കല്പിച്ചിട്ടുണ്ട്. അതിരുകൾ വിശാലമാക്കിക്കിട്ടുന്നതിനും അറിവിന്റെ അറിയാഗ്രഹങ്ങളിലേക്ക് ഉയരുന്നതിനും നിരന്തരം സാധന ആവശ്യമാണ്. അതിനുള്ള വഴികാട്ടിയാണ് മസ്നവി.
ഉള്ളടക്കം പരിശോധിച്ചാൽ “പേർഷ്യൻ ഖുർആൻ’ എന്ന മസ്നവിയുടെ വിശേഷണം അത്യുക്തിയല്ല എന്ന് പ്രഥമവായനയിൽ തന്നെ ബോധ്യപ്പെടുന്നതാണ്. ഖുർആനിക തത്വങ്ങളെ പല ആഴങ്ങളിൽ കാവ്യാത്മകമായി വ്യാഖ്യാനിക്കുകയാണ് റൂമി മസ്നവിയിൽ ചെയ്യുന്നത്. ആദം(അ), മൂസ(അ), ഇബ്റാഹീം(അ), ഈസ(അ) തുടങ്ങിയ പൂർവ പ്രവാചകന്മാരെ കുറിച്ച് ഖുർആനിൽ വന്ന പരാമർശങ്ങൾ മസ്നവിയിൽ പ്രധാന പ്രമേയമായി വരുന്നു. മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചുള്ള ഖുർആൻ അധ്യാപനങ്ങളും ഹാബീൽ-ഖാബീൽ, ഫറോവ-ഹാമാൻ മുതലായ കഥകളും മസ്നവിയിലുണ്ട്.
ജലാലുദ്ദീൻ റൂമിയെ അമേരിക്കക്കാർക്ക് പ്രിയങ്കരനാക്കിയ കവി കോൾമാൻ ബാർക്സ് മസ്നവിയെ അമേരിക്കൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ സംഭവിച്ചത് റൂമിയിൽനിന്നും മസ്നവിയിൽനിന്നുമുള്ള ഇസ്‌ലാമിന്റെ തമസ്കരണമാണ്. “മതേതര’വത്കരിക്കപ്പെട്ട റൂമി സോഷ്യൽമീഡിയയിൽ നിറഞ്ഞാടാൻ റൂമിയുടെ അയഥാർത്ഥ പരിഭാഷ ഹേതുവായി. “നിഷേധിയായ റൂമി’(റൂമി ദ ഹെറട്ടിക്) എന്ന ശീർഷകത്തിലുള്ള പുസ്തകങ്ങൾ പോലും ഉണ്ടായി! ഉമർ ഖയ്യാമിനോട് ഫിറ്റ്സ് ജെറാൾഡ് ചെയ്ത അപരാധമാണ് ബാർക്സ് റൂമിയോട് ചെയ്തത്. റൂമി കവിതകളിൽനിന്ന് ഇസ്‌ലാമിനെ കൊല ചെയ്ത് പരിഭാഷകൻ പഴഞ്ചൊല്ലിലെ കൊലയാളിയായി മാറി. കോൾമാൻ റൂമിയെ വല്ലാതെ കൊച്ചാക്കിക്കളഞ്ഞു എന്ന് പേർഷ്യൻ പണ്ഡിതന്മാർ പരാതിപ്പെട്ടിട്ടുണ്ട്. “മതത്തിന്റെ വേരുകളുടെ വേരുകളുടെ വേരുകൾ’ എന്ന് റൂമി വിശേഷിപ്പിച്ച മസ്നവിയിൽനിന്നാണ് അതിന്റെ മതപരമായ ഉള്ളടക്കം അമേരിക്കൻ “പരിഭാഷകൻ’ അശേഷം മനസ്താപമില്ലാതെ ബാഷ്പീകരിച്ചുകളഞ്ഞത്.
സൂഫി കവിതകളെ അവയുടെ ഇസ്‌ലാമിക വേരുകളിൽനിന്ന് അറുത്തുമാറ്റുന്നതിനുള്ള ശ്രമങ്ങൾ യൂറോപ്യർ വിക്ടോറിയൻ യുഗം മുതൽ തുടർന്നുവരുന്നതാണെന്ന് ഇവ്വിഷയകമായി ഗവേഷണം നടത്തിയ ഒമിദ് സാഫി(പ്രഫസർ, ഡ്യൂക്ക് യൂണിവേഴ്സിറ്റി, വടക്കൻ കരോലിന) ചൂണ്ടിക്കാണിക്കുന്നു. “മരുഭൂമിയിലെ മതം’ എന്ന് മുൻവിധിക്കാരായ തങ്ങൾ വിളിച്ച ഇസ്‌ലാമിൽനിന്ന് എങ്ങനെ ഖയ്യാമും റൂമിയും ഹാഫിസും ഉണ്ടാവും എന്നായിരുന്നു പാശ്ചാത്യരുടെ അത്ഭുതം. ഈ ദഹനക്കേടാണ് മസ്നവി ഉൾപ്പടെയുള്ള സൂഫി കവിതകളെ ധാർഷ്ട്യപൂർവം തെറ്റായി പരിഭാഷപ്പെടുത്താൻ അവരെ പ്രേരിപ്പിച്ചത്.
(തുടരും)
എ കെ അബ്ദുൽമജീദ്
You must be logged in to post a comment Login