ആഫ്രിക്ക നൊബേൽ വാങ്ങുമ്പോൾ

ആഫ്രിക്ക  നൊബേൽ  വാങ്ങുമ്പോൾ

അബ്ദുല്‍ റസാഖ് ഗുര്‍ണ എന്ന നാമം ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ അത്ര പരിചിതമല്ല. 2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അബ്ദുല്‍ റസാഖ് ഗുര്‍ണ സ്വീകരിക്കുമ്പോള്‍, കഴിഞ്ഞ മൂന്നു ദശകങ്ങളായി അദ്ദേഹത്തിന്റെ സാഹിത്യരചനകളെയും നിരൂപണ പഠനങ്ങളെയും പിന്തുടര്‍ന്നിരുന്ന ചുരുക്കം ചിലരെങ്കിലും ആഹ്ലാദഭരിതരാണ്. അത് തീര്‍ത്തും അദ്ദേഹം അര്‍ഹിക്കുന്ന ഒരു അംഗീകാരം കൂടിയാണ്.

ഗുര്‍ണയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അദ്ദേഹത്തിന്റെ നോവലുകള്‍ വായിക്കുന്നതിനുമുള്ള ധൃതിയിലാണ് പലരും. ഈ തിരക്കിട്ട ശ്രമങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചില സാഹിത്യപഠനങ്ങള്‍ കൂടി പരിഗണിക്കുമ്പോഴാണ് അത് അര്‍ഥപൂര്‍ണമാകുക. അദ്ദേഹം എഡിറ്റ് ചെയ്ത് 1993ല്‍ പുറത്തിറക്കിയ ആഫ്രിക്കന്‍ സാഹിത്യത്തെ സംബന്ധിച്ച പഠന പ്രബന്ധങ്ങളും 2007ല്‍ പ്രസിദ്ധീകരിച്ച “The Cambridge companion to salman Rushdie’ യും വ്യക്തമായ രാഷ്ട്രീയവും സൂക്ഷ്മമായ പോസ്റ്റ് കൊളോണിയല്‍ സാംസ്‌കാരിക വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഇതേ വിമര്‍ശനസ്വഭാവം അദ്ദേഹത്തിന്റെ സര്‍ഗാത്മക രചനകളും ഉള്‍വഹിക്കുന്നുണ്ട്.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാക്കളെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലയുള്ള സ്വീഡിഷ് അക്കാദമി ഗുര്‍ണയെ സമ്മാനത്തിനായി പ്രഖ്യാപിച്ചുകൊണ്ട് ഇപ്രകാരം വ്യക്തമാക്കി: “Uncompromising and compassionate penetration of the effects of colonialism’. “കരുണാര്‍ദ്രമായ നുഴഞ്ഞുകയറ്റം’ എന്നതിനെക്കാള്‍ മികച്ച മറ്റൊരു ഇഡിയം കണ്ടെത്താവുന്നതാണ് എന്നത് അദ്ദേഹം ആജീവനാന്തം അനുഭവിച്ച കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും വെള്ള മേധാവിത്വത്തിന്റെയും (white supremacy) ആസുരതയ്ക്ക് വിധേയപ്പെട്ടതിന്റെ അനന്തരഫലമാണ്. ഇത്തരം പ്രമേയപരമായ സവിശേഷതകള്‍ അദ്ദേഹത്തിന്റെ ഫിക്ഷന്‍ കൃതികളുടെ ഘടനയെ നിര്‍വചിക്കുന്നുണ്ടെങ്കിലും, അതി അദ്ദേഹത്തിന്റെ സാഹിത്യരചനകളില്‍ സ്വയമേ പ്രാധാന്യം നല്‍കുന്നുമില്ല. ആയതുകൊണ്ടു തന്നെ നാമിപ്പോള്‍ ഒരു കരുത്തുറ്റ സര്‍ഗാത്മക സാഹിത്യകാരന്റെ സാന്നിധ്യം അറിയുന്നുണ്ട്, അതൊരു പ്രച്ഛന്ന സാഹിത്യകാരനായ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റിന്റെ സാന്നിധ്യം പോലെയല്ല.
1948ല്‍ സാന്‍സിബാറില്‍ (ഇപ്പോള്‍ ടാന്‍സാനിയയുടെ ഭാഗം) ജനിച്ച് 1960കളില്‍ യു കെയിലേക്ക് അഭയാര്‍ഥിയായി കുടിയേറിയതാണ് ഗുർണ. അദ്ദേഹത്തിന്റെ ശരീരത്തിലും ആത്മാവിലും ബോധ്യത്തിലും പദ്യത്തിലും ഗദ്യത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോസ്‌മോപൊളിറ്റന്‍ പ്രഭവകേന്ദ്രത്തില്‍ ഒരു “കറുത്ത മനുഷ്യന്‍’ എന്ന കൊളോണിയല്‍ അധിനിവേശത്തിന്റെയും പോസ്റ്റ് കൊളോണിയല്‍ സംഭ്രമത്തിന്റെയും ചരിത്ര യാഥാർഥ്യത്തെ ഉള്‍വഹിക്കുന്നു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ കൊളോണിയലിസത്തിന്റെ പീഡയില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഫിക്ഷന്‍ ആരംഭിക്കുന്നത്, പക്ഷേ, അതവിടെ അവസാനിക്കുന്നുമില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപില്‍ ഗുര്‍ണ ജനിക്കുമ്പോള്‍, ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിന്റെ കൊടിക്കൂറയ്ക്കു മേല്‍ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. ബ്രിട്ടന്‍ അവരുടെ കൊളോണിയല്‍ സ്വത്തുക്കളും ആയുധങ്ങളും യൂനിയന്‍ ജാക്കും പായ്ക്ക് ചെയ്ത് ഇന്ത്യ വിടുകയായിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചരിത്രത്തെ തന്റെ സാഹിത്യ ജീവിതത്തില്‍ ഉള്‍വഹിച്ചുകൊണ്ടാണ് ഗുര്‍ണ വളരുന്നത്. ആഫ്രിക്കയെ വലയം ചെയ്ത കൊളോണിയലിസത്തിന്റെ നിരവധി അടരുകളെ വികസിപ്പിച്ചു കൊണ്ട് അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഫിക്ഷന്‍ യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള വെറുമൊരു സാഹിത്യ വ്യാഖ്യാനമല്ല. അതിലുപരി, യൂറോപ്യന്‍ കൊളോണിയല്‍ അതിക്രമങ്ങളുടെ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ തിയേറ്ററുകള്‍ക്കപ്പുറം ആഗോളാനുഭവങ്ങളുടെ ആഖ്യാനമായി ചരിത്രത്തെ ലയിപ്പിക്കുന്നു.
അബ്ദുല്‍ റസാഖ് ഗുര്‍ണയെ നിരൂപണാത്മകമായി സമീപിക്കുമ്പോള്‍, ഗുര്‍ണ കൊളോണിയലിസത്തിന്റെ ഇരയാണ്. അതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ഫിക്ഷനിലെ ആത്മപരമായ ഊന്നല്‍. അദ്ദേഹത്തിന്റെ ജന്മസ്ഥലം മുതല്‍ യുണൈറ്റഡ് കിങ്ഡം വരെയും, കെന്റ് കേന്ദ്രസര്‍വകലാശാലയില്‍ ഇംഗ്ലീഷ് പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തില്‍ പ്രൊഫസറായതും ഇങ്ങനെ തുടങ്ങി ആഫ്രിക്കക്കാരുടെ തലമുറകള്‍ അവരുടെ മാതൃരാജ്യത്തിന്റെ നിരാശയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയില്‍ കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങളുണ്ട്. കൊളോണിയല്‍ ഇരകളായ നമ്മള്‍ എന്തുകൊണ്ടാണ് നമ്മുടെ കൊളോണിയല്‍ പീഡകരുടെ പ്രഭവകേന്ദ്രങ്ങളിലേക്ക് ഇങ്ങനെ ആകര്‍ഷിക്കപ്പെടുന്നത്?

കൊളോണിയല്‍ രാഷ്ട്രീയവും പോസ്റ്റ് കൊളോണിയല്‍ ഗദ്യവും
1913ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പ്രൈസ് ബംഗാളിയായ രബീന്ദ്രനാഥ് ടാഗോറും 1982ല്‍ കൊളമ്പിയന്‍ നോവലിസ്റ്റായ ഗബ്രിയേല്‍ ഗാർസ്യ മാർക്വേസും 1986ല്‍ നൈജീരിയന്‍ നാടകകൃത്തും നോവലിസ്റ്റും കവിയും ഉപന്യാസകാരനുമായ വോള്‍സോയിങ്കയും നേടുകയുണ്ടായി. ഈ അംഗീകാരങ്ങള്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ ജീവിതാനുഭവങ്ങളെ പുറംലോകത്തെത്തിച്ചു. ഒരുപക്ഷേ, അതിലേറെ പ്രാധാന്യം, ഈ എഴുത്തുകാര്‍ പ്രതിനിധീകരിക്കുന്ന സാഹിത്യ പാരമ്പര്യങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതാണ്.
അബ്ദുല്‍ റസാഖ് ഗുര്‍ണയെ വംശീയവത്കരിച്ച് “നോണ്‍-വൈറ്റ്’ അല്ലെങ്കില്‍ “സബ്-സഹാറന്‍ ആഫ്രിക്കന്‍’ എന്നിങ്ങനെ പ്രാദേശികവത്കരിക്കാന്‍ ശ്രമിക്കുന്നത് അര്‍ഥശൂന്യമാണ്. ഇത് ഒരു സാഹിത്യ കലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം കുറക്കുന്നുണ്ട്. ഗുന്തര്‍ ഗ്രാസും ഡോറിസ് ലെസിംഗയും ഇതേ സമ്മാനം നേടിയപ്പോള്‍ അവര്‍ വെളുത്തവരായതിനാല്‍ ആളുകള്‍ അവരെ വായിക്കാന്‍ തുനിഞ്ഞില്ല. അതിനാല്‍ അതേ അംഗീകാരം ലഭിച്ചതിനുശേഷം ഗുര്‍ണ കറുത്തവനായതിനാല്‍ മാത്രം അവര്‍ അദ്ദേഹത്തെ വായിക്കാന്‍ തുടങ്ങുകയുമരുത്.
1993ല്‍ നൊബേല്‍ നേടിയ ആഫ്രോ-അമേരിക്കന്‍ നോവലിസ്റ്റ് ടോണി മോറിസണ്‍, വോള്‍ സോയിങ്ക, ഗുര്‍ണ എന്നിവരെ പോലുള്ള എഴുത്തുകാര്‍ അവരുടെ കലാസൃഷ്ടികളില്‍ പ്രശ്‌നവത്കരിച്ച പ്രമേയങ്ങളെ വെറുമൊരു രാഷ്ട്രീയപ്രശ്‌നമെന്ന നിലയില്‍ സങ്കുചിതമായി സമീപിക്കാന്‍ ശ്രമിക്കരുത്. നൈജീരിയയിലെ പ്രമുഖ നോവലിസ്റ്റും ഉപന്യാസകനും നിരൂപകനുമായ ചിനുവ അച്ചേബെ അമേരിക്കന്‍ എഴുത്തുകാരനായ മോറിസണെ സ്വാധീനിച്ചത് അദ്ദേഹം കൊളോണിയലിസത്തെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ എഴുതുന്ന ഒരു ആഫ്രിക്കന്‍ എഴുത്തുകാരനായതു കൊണ്ടല്ല, മറിച്ച്, അദ്ദേഹം ഉദാത്തമായ ഫിക്ഷന്‍ സൃഷ്ടികള്‍ നിര്‍മിച്ചതു കൊണ്ടാണ്. മാർക്വേസ് ലാറ്റിനമേരിക്കന്‍ സ്വേച്ഛാധിപത്യത്തെ കുറിച്ച് എഴുതിയതുകൊണ്ടല്ല, മറിച്ച് തന്റെ ഫിക്ഷനില്‍ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഒരു പുതിയ മാന്ത്രിക മാര്‍ഗം സൃഷ്ടിച്ചെടുത്തു കൊണ്ടാണ് സാഹിത്യലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയത്.

വന്‍കര വിഭജനങ്ങള്‍ക്കപ്പുറം ഫിക്ഷന്‍ രചനയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് ആലോചിക്കേണ്ടതുണ്ട്. വിശേഷിച്ചും, ഒരു ആഫ്രിക്കന്‍ അല്ലെങ്കില്‍ ബ്രിട്ടീഷ് നോവലിസ്റ്റ് എന്ന ദേശീയ സാഹിത്യ സങ്കല്പങ്ങള്‍ തന്നെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തരാധുനിക സാംസ്‌കാരിക സന്ദര്‍ഭത്തില്‍ ഈ ചിന്തയ്ക്ക് പ്രാധാന്യമേറെയുണ്ട്. മാത്രവുമല്ല, സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നോ അക്രമത്തില്‍ നിന്നോ രക്ഷപ്പെടാനുള്ള കുടിയേറ്റത്തിന്റെ ദീര്‍ഘവും ആഘാതകരവുമായ അനുഭവങ്ങള്‍ സാഹിത്യപരവും കലാപരവുമായ ആവിഷ്‌കാരാനുഭവങ്ങള്‍ക്ക് അനുഗുണമായ പുതിയൊരു സന്ദര്‍ഭം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. കുര്‍ദിഷ്-ഇറാനിയന്‍ പത്രപ്രവര്‍ത്തകന്‍ ബെഹ്‌റൂസ് ബൂച്ചാനി തന്റെ പ്രശസ്തമായ ആത്മകഥ “No Friend But the Mountains: Writing from Manus Prison(2018)’ മനുസ് ദ്വീപിലെ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയില്‍ അഞ്ചുവര്‍ഷത്തിലേറെയായി തടവിലിരിക്കുമ്പോള്‍ ഐഫോണില്‍ സ്വന്തമായി എഴുതി തന്റെ ഒരു സുഹൃത്തിനു അയച്ചുകൊടുത്തതാണ്്. സ്വത്വരാഷ്ട്രീയം കേവല ദേശത്തിന്റെയും പ്രവാസത്തിന്റെയും സാങ്കല്പിക അതിര്‍വരമ്പുകളെ അതിലംഘിക്കുന്ന കാഴ്ച ഇതിനും മുമ്പേ സാഹിത്യമണ്ഡലത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.

പ്രവാസം, ബഹിഷ്‌കൃതത്വം, സ്ഥാനഭ്രഷ്ട്, അന്യവത്കരണം, സാമൂഹിക വിഭ്രാന്തി എന്നിവയാണ് ഗുര്‍ണയുടെ 10 നോവലുകളുടെയും കേന്ദ്രപ്രമേയം. ഈ അര്‍ഥത്തില്‍ തന്നെ ഗുര്‍ണയുടെ സാഹിത്യസൃഷ്ടികള്‍ നാലു നിലയില്‍ വായിച്ചെടുക്കാനാവും. ആദ്യത്തേത് Memory of departure(1988). സ്വേച്ഛാധിപത്യത്തിലും വിഷാദത്തിലും വളര്‍ന്നുവരുന്ന ഒരു ആഫ്രിക്കന്‍ യുവാവിന്റെ പോരാട്ടങ്ങളെ കുറിച്ചാണ് ഇതിലുള്ളത്. മറ്റൊന്ന് അദ്ദേഹത്തിന്റെ വിഖ്യാത പുസ്തകമായ Paradise (1994) ആണ്. ഒരു ഭൂഖണ്ഡത്തിന്റെ വിസ്തൃതമായ ഭൂപ്രകൃതിയില്‍ വളരുന്ന 12 വയസുള്ള യൂസഫിന്റെ ജീവിതത്തെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഉടന്‍ തന്നെ രചയിതാവിന് ഈ ഭൂപ്രകൃതി ഉപേക്ഷിക്കേണ്ടിവന്നുവെന്നത് യാദൃച്ഛികമല്ല. Admiring silence (1996)ല്‍, എത്തുമ്പോഴേക്കും ഈ യുവാവ് ഇംഗ്ലണ്ടിലേക്ക് മാറി വിവാഹം കഴിച്ച് തന്റെ ഇരട്ട പാര്‍ശ്വലോകത്തില്‍ (Dual marginality) സ്ഥിര താമസമാക്കുന്നു. By the sea (2001)യില്‍, കുടിയേറ്റക്കാരനായ ഈ എഴുത്തുകാരന്‍ താന്‍ മാറിത്താമസിച്ച രാജ്യത്തിന്റെ രോഗാതുരമായ വംശീയതയുമായി പൊരുത്തപ്പെടാനുള്ള ബദ്ധപ്പാടിലാണ്. ഗുര്‍ണയ്ക്ക് മുമ്പും, ആഫ്രിക്കന്‍ നോവലിസ്റ്റുകളായ തയേബ് സലേഹ് തന്റെ Migration to the North-ലും(1966) അദ്ദേഹത്തിനു മുമ്പ് The pillar of salt-ൽ(1955) ആല്‍ബര്‍ട്ട് മെമ്മിയും സമാനമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍, പ്രതിപാദ്യങ്ങള്‍ (Themes) സുസ്ഥിരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും, ഫിക്ഷന്‍ നിര്‍മിതിയുടെ ആത്മാവ് നിരന്തരമായ പരിണാമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.

ഇംഗ്ലീഷ്; ഒരു ആഫ്രിക്കന്‍ ഭാഷ
മാതൃഭാഷ സ്വാഹിലിയാണെങ്കിലും ഗുര്‍ണ ഇംഗ്ലീഷിലാണ് എഴുതുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍ കുടിയേറ്റങ്ങളുടെയും പ്രവാസങ്ങളുടെയും അനുഭവങ്ങള്‍ ഇംഗ്ലീഷ് ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കുകയും വലിയ വഴിത്തിരിവിലെത്തിക്കുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുകയോ വായിക്കുകയോ എഴുതുകയോ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും ബ്രിട്ടീഷുകാരല്ല എന്നത് കൗതുകകരമാണ്. ഇത് ഇംഗ്ലീഷില്‍ മാത്രം കാണുന്ന പ്രവണതയല്ല, ലോകത്തെ കോളനിയാക്കി ഭരിച്ച ബ്രിട്ടന്റെ ആധിപത്യത്തില്‍ വേരൂന്നിയ ഇംഗ്ലീഷ് ഭാഷയുടെയും സാഹിത്യത്തിന്റെയും അപാരമായ വിപുലീകരണമാണ് ആഫ്രിക്കന്‍ അല്ലെങ്കില്‍ ഏഷ്യന്‍ എഴുത്തുകാരെ പോലും ഇംഗ്ലീഷിലെ വ്യക്തമായ കാനോനുകളായി പ്രതിഷ്ഠിച്ചത്. ഗുര്‍ണയെപ്പോലുള്ള എഴുത്തുകാരെ ഡയസ്‌പോറിക്, എക്‌സിലിക് അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റേതെങ്കിലും സ്വയം അന്യവത്കരിക്കുന്ന പദങ്ങളിലൂടെ അഭിസംബോധന ചെയ്യുമ്പോള്‍ ഇംഗ്ലണ്ടില്‍ കാലു കുത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് ഇംഗ്ലീഷ് സ്വായത്തമായിരുന്നു എന്ന വസ്തുത നാം മറന്നുപോകുന്നു. കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ ഇംഗ്ലീഷ് ഭാഷയെ കോളനി ജനതയുടെ വീട്ടുപടിക്കലേക്ക് കൊണ്ടുവന്നു കൊടുത്തു.

സ്വാഹിലി തന്റെ ആദ്യ ഭാഷ ആയതിനാല്‍ ഗുര്‍ണയ്ക്ക് അറബിക്, പേര്‍ഷ്യന്‍ സാഹിത്യത്തിലും അവഗാഹമുണ്ടെന്നത് തീര്‍ച്ചയാണ്. നൂറ്റാണ്ടുകളായി സമുദ്രവാണിജ്യം നടത്തിയിരുന്ന അറേബ്യ, പേര്‍ഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പല്‍ യാത്രികരുമായി പ്രാദേശികര്‍ ഇടകലര്‍ന്നതിന്റെ ഉപോല്പന്നമാണ് സ്വാഹിലി ഭാഷ. സാഹില്‍/ തീരം ( shael /coast) എന്നതാണ് സ്വാഹിലി എന്ന പദത്തിന്റെ നിഷ്പത്തി. സാന്‍സിബാര്‍, മാലിന്ദി, മൊംബാസ, സോഫാല തുടങ്ങിയ ബഹുസ്വര ദേശങ്ങള്‍ ഈ സമ്പന്നമായ ചരിത്രത്തിന്റെ ശേഷിപ്പു ചിഹ്നങ്ങളെ പേറുന്നുണ്ട്. തന്മൂലം അറബി സാഹിത്യം, പേര്‍ഷ്യന്‍ കവിതകള്‍, ഇന്ത്യന്‍ തത്വചിന്ത എന്നിവ ആഫ്രിക്കയിലേക്ക് കടന്നുവന്നു.

സാഹിത്യ നൊബേലിന്റെ ലൗകികതയെ സമ്പുഷ്ടമാക്കുന്നത് മുന്‍കാല അനുഭവങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോഴാണല്ലോ. രണ്ടുവര്‍ഷം മുമ്പ്, സാഹിത്യത്തിനുള്ള നൊബേല്‍ ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് നല്‍കുകയുണ്ടായി. ഇതുവഴി സ്‌ലോബോഡന്‍ മിലോസെവിച്ചിന്റെ നേതൃത്വത്തിലുള്ള വംശഹത്യയും സെര്‍ബിയന്‍ ഭരണകൂടത്തിനുള്ള പിന്തുണയും യൂഗോസ്‌ലാവിയയില്‍ 1990-കളില്‍ ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്കു മേല്‍ സെര്‍ബുകള്‍ അടിച്ചേൽപിച്ച ഭീകരരുടെ വ്യാപ്തിയെയും നിഷേധിക്കുകയാണ് അക്കാദമി ചെയ്തത്.

ഇത്തരം അനീതികള്‍ക്കപ്പുറം, സാഹിത്യത്തിനുള്ള നൊബേല്‍ ഇപ്പോഴും വെളുത്തതും ആനുപാതികമില്ലാത്തതുമായ യൂറോ-അമേരിക്കന്‍ ആയി തുടരുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് ഈ പട്ടികയില്‍ ഒരു ടോക്കണ്‍ പ്രാതിനിധ്യം മാത്രമേയുള്ളൂ. എന്നാല്‍, ഗുര്‍ണ ഇതില്‍ കൂടുതല്‍ പ്രതീകാത്മകമായ ഒരു പാതയെ പ്രതിനിധീകരിക്കുന്നു. അത് കുടിയേറ്റക്കാരുടെ സാഹിത്യ പ്രതിനിധീകരണമാണ്. ഗുര്‍ണയെ പോലെ ആഫ്രിക്കയില്‍ ജനിച്ചവരും എന്നാല്‍ കൊളോണിയല്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവരുമായ അനേകം മനുഷ്യരുടെ പ്രതിനിധി. ഇവിടെ ഓര്‍ക്കേണ്ടതായ മറ്റൊരു വസ്തുത ടാന്‍സാനിയയുടെ കീഴിലുള്ള പ്രദേശങ്ങള്‍ ജര്‍മനിയും ബ്രിട്ടനും ഇപ്പോഴും കോളനിയാക്കി ഭരിക്കുന്നുണ്ട് എന്നത് കൂടിയാണ്.
ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള നമ്മളില്‍ പലരും നമ്മുടെ ചരിത്രപരമായ പീഡനങ്ങളുടെ ഉറവിടമായ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതുപോലെ, ഗുര്‍ണ യു കെയിലേക്ക് കുടിയേറുകയും തന്നെ ദത്തെടുത്ത രാജ്യത്തെയും ഇംഗ്ലീഷ് ഭാഷയെ തന്നെയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഈ ആകര്‍ഷണം ഒരു സൈക്കോ- പാത്തോളജിക്കല്‍ നിഗൂഢതയായി ആരംഭിക്കുകയും അത് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തില്‍ ചെന്നവസാനിക്കുകയും ചെയ്തു

ഹാമിദ് ദബാശി

വിവര്‍ത്തനം: മുശ്താഖ് അഹ്മദ് പരപ്പനങ്ങാടി

You must be logged in to post a comment Login