മഞ്ഞുവീഴ്ചയുടെ കുഞ്ഞൊച്ച കേള്‍ക്കാതെ

KASHMIR
വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ വേണ്ടാതീനങ്ങള്‍ക്ക് പോവുകയില്ലെന്നതാണ് മര്‍കസിന്റെയും അതിന്റെ നേതൃത്വത്തിന്റെയും കണക്കു കൂട്ടല്‍. ആകയാല്‍ അശാന്തി വിളയും നാടുകളിലെ കുട്ടികളെ പഠിപ്പും വേകവുമുള്ളവരാക്കി വളര്‍ത്തുക തങ്ങളുടെ ലക്ഷ്യമായിക്കണ്ട് ആവിഷ്കരിച്ച പദ്ധതിയിലാണ് മര്‍കസിലെ കാശ്മീരീ ഹോം.
കെ അബൂബക്കര്‍

    ആസഫ് അശ്റഫിന്റെ കുഞ്ഞുമനസ്സില്‍ മഞ്ഞു പെയ്യുകയാണ്. ആണ്ടൊടുങ്ങുകയും തുടങ്ങുകയും പെയ്യുന്ന മാസങ്ങള്‍ കാശ്മീരില്‍ കൊടും തണുപ്പിന്റെ കാലമാണ്. കാറ്റുകടക്കാത്ത മുറിയില്‍ പോലും റജായി പുതച്ച് ഉറങ്ങേണ്ട രാവുകള്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പുലരികള്‍. കുര്‍ത്തയും പൈജാമയും ധരിച്ച് സ്വെറ്ററിട്ട് രോമത്തൊപ്പിയും ഷൂസും ധരിച്ച് പശ്മീനാ ഷാളിന്റെ പ്രൌഢിയും പുതച്ചുമാത്രം പുറത്തിറങ്ങാവുന്ന പകലുകള്‍. തണുപ്പ് അതിന്റെ പാരമ്യതയിലെത്തുന്ന ഡിസംബര്‍ മാസമായിട്ടു പോലും ഒരു ഹാഫ് സ്വെറ്റര്‍ പോലും ധരിക്കാതെയാണ് ആസഫ് അശ്റഫും കൂട്ടുകാരും കഴിഞ്ഞു കൂടുന്നത്. അതൊക്കെയും അപ്രസക്തമായ ഒരിടത്താണ് അവര്‍ കുടിപാര്‍ക്കുന്നത് എന്നതു തന്നെ കാരണം. ഇന്ത്യാ മഹാരാജ്യത്തിന്റെ വടക്കേ അതിരില്‍ കിടക്കുന്ന കശ്മീര്‍ താഴ്വരയിലാണ് അവര്‍ പിറന്നത്. അവിടെ നിന്ന് അല്ലാഹുവിന്റെ വിധി അവരെ കൊണ്ടെത്തിച്ചതാകട്ടെ ഈ മഹാരാജ്യത്തിന്റെ തെക്കേ മൂലയിലുള്ള കേരളത്തിന്റെ മണ്ണിലും. ഇവിടെയും ഇപ്പോള്‍ തണുപ്പുകാലമാണ്. എങ്കിലും മകരമാസക്കുളിരില്‍ നിന്ന് രക്ഷനേടാന്‍ ഒരു ഹാഫ് സ്വെറ്ററിന്റെ പോലും ആവശ്യമില്ല. അപകടകരമല്ലാത്ത, ആവേശകരമായ തണുപ്പ്. അപായ സാധ്യത ഏറിയതെങ്കിലും കാശ്മീരിലെ മഞ്ഞുകാലത്തെ അവരിന്നും മനസ്സില്‍ താലോലിക്കുന്നുണ്ട്. മഞ്ഞു വീഴുന്ന കുഞ്ഞുശബ്ദം കേള്‍ക്കാന്‍ അവര്‍ കൊതിക്കുന്നു. അത് അവരുടെ നാടിന്റെ മുദ്രയാണ്. കാശ്മീരി ഭാഷപോലെ, റൊട്ടിയും സബ്ദിയും പോലെ അവര്‍ക്ക് പ്രിയപ്പെട്ടതാണ് ആ കാലാവസ്ഥയും.

    നാടിനെയും നാട്ടുകാരെയും വെടിഞ്ഞ്, കൂട്ടും കുടുംബവും വിട്ടൊഴിഞ്ഞ് വേഷവും ഭാഷയുമിണങ്ങാത്ത, ആഹാരവും ആചാരവും രുചിക്കാത്ത കേരളത്തില്‍ ആസിഫ് അശ്റഫും കൂട്ടരും വന്നുപെട്ടതെങ്ങനെ എന്നറിയാന്‍ കൌതുകം കൊള്ളുന്നുണ്ടാകും ഹൃദയം. അക്കഥയാണ് കൌമാരക്കാരനായ ആസഫലി വികാരനിര്‍ഭരനായി വിവരിക്കുന്നത്. ‘ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, അതിതാണ്, അതിതാണ്’ എന്ന് പ്രഥമ പ്രധാനമന്ത്രി കാശ്മീരിനെ നോക്കി അതിശയപ്പെട്ടത് അമ്പതാണ്ടു മുമ്പാണ്. ഇക്കഴിഞ്ഞ പതിറ്റാണ്ടിലായിരുന്നു തന്റെ പൂര്‍വ്വികരുടെ നാടായ കശ്മീര്‍ ജവഹര്‍ലാല്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ ആ എഴുത്തുകാരന്റെ വാക്കുകള്‍ ‘ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അതിതാണ്, അതിതാണ്, അതിതാണ്’ എന്നാകുമായിരുന്നു. അത്രമേല്‍ അപായകരമായ ഒരവസ്ഥയാണ് കുറേകാലമായി കാശ്മീരിലുള്ളത്. രാഷ്ട്രീയക്കാരും പട്ടാളവും തീവ്രവാദികളും കൂടി പലഭാഗത്തേക്കായി പിടിച്ചു വലിക്കയാല്‍ പിഞ്ഞിക്കീറിപ്പോവുകയായിരുന്നു കാശ്മീരിന്റെ സമാധാനാന്തരീക്ഷം. പഠിച്ചും കളിച്ചും മുതിരേണ്ട പൈതങ്ങളുടെ ജീവിത വഴിയില്‍ മൈനുകള്‍ വിതറിയതവരാണ്. കര്‍ഫ്യൂ കാരണം പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതി; പിന്നെയല്ലേ സ്കൂളും മദ്രസയും. വീട്ടിന്നകത്ത് അടച്ചു കെട്ടിയിരുന്നാലും പട്ടാളോദ്യോഗസ്ഥര്‍ വരും. കതകില്‍ മുട്ടി വിളിക്കും. കുട്ടികളെയടക്കം പുറത്തിറക്കി നിര്‍ത്തും. ദേഹം പരിശോധിക്കും. വീടരിച്ചു പൊറുക്കും. ഇത്രയും കൊണ്ടു തന്നെ കുട്ടികള്‍ വിരണ്ടു പോകും.

   കര്‍ഫ്യൂവോ നിരോധനാജ്ഞയോ ഇല്ലാത്ത നേരങ്ങളില്‍ പോലും പഠിക്കാന്‍ പോകുന്ന കൊച്ചു കുട്ടികളെ വരെ ‘ഐഡന്റിറ്റി കാര്‍ഡ്’ ചോദിച്ച് വിരട്ടും. ചിലപ്പോള്‍ ചെറിയ കുട്ടികളെ പിടിച്ചു കൊണ്ടു പോകും. അവരെ പരിചയാക്കി നിറുത്തി തീവ്രവാദി ക്യാമ്പുകള്‍ക്കു നേരെ നീങ്ങും. അകത്തു നിന്ന് അവരുതിര്‍ക്കുന്ന വെടിയേറ്റ് പിടഞ്ഞു മരിക്കും. ഈ നിലയില്‍ പഠിക്കുന്നതെങ്ങനെ? അങ്ങനെ പാഠശാലകള്‍ നിഷേധിക്കപ്പെട്ട അനേകായിരം കൌമാരങ്ങളില്‍ ചിലരാണ് കാരന്തൂര്‍ മര്‍കസിലുള്ളത്. ശാന്തിയും വിദ്യയും കൊതിച്ച്, വിരണ്ടു കഴിഞ്ഞു കൂടിയിരുന്ന കാലത്ത് ചുരുക്കം ചില കരങ്ങള്‍ മാത്രമാണ് കശ്മീര്‍ താഴ്വരയിലെ കുഞ്ഞുങ്ങള്‍ക്ക് താങ്ങായി നീണ്ടത്. അവയില്‍ എടുത്തു പറയേണ്ടതാണ് മര്‍കസിന്റെയും അതിന്റെ നായകന്‍ ശൈഖ് അബൂബക്കറിന്റെയും സഹായ ഹസ്തം. ആ വിരലുകള്‍ പിടിച്ചാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം കേരളത്തിലെ കാരന്തൂരില്‍ ആസിഫ് അശ്റഫും കൂട്ടുകാരും പഠിക്കാനെത്തുന്നത്.

   വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ വേണ്ടാതീനങ്ങള്‍ക്ക് പോവുകയില്ലെന്നതാണ് മര്‍കസിന്റെയും അതിന്റെ നേതൃത്വത്തിന്റെയും കണക്കു കൂട്ടല്‍. ആകയാല്‍ അശാന്തി വിളയും നാടുകളിലെ കുട്ടികളെ പഠിപ്പും വിവേകവുമുള്ളവരാക്കി വളര്‍ത്തുക തങ്ങളുടെ ലക്ഷ്യമായിക്കണ്ട് ആവിഷ്കരിച്ച പദ്ധതിയിലാണ് മര്‍കസില്‍ കശ്മീരിക്കുട്ടികള്‍ക്കായി ഒരു ഹോസ്റല്‍. അവിടെ താമസിക്കാനും പഠിക്കാനും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കഥയാണ് ആസഫ് അശ്റഫും അനാവരണം ചെയ്യുന്നത്.

   നാട് നരകമായിത്തീര്‍ന്നുവെങ്കിലും കൂട്ടും കുടുംബവും വിട്ട് പഠിക്കാനായി കേരളത്തിലെത്തിയപ്പോള്‍ ആകെ അങ്കലാപ്പായിരുന്നു. ഉരിയാടുന്ന ഒരു വാക്കുപോലും തിരിച്ചറിയാനാവാത്ത ഭാഷ. മറിച്ചൊരു വാക്കുപോലും ഉച്ചരിക്കാന്‍ കഴിയാത്ത അവസ്ഥ. അന്നോളം രുചിച്ചിട്ടേയില്ലാത്ത അന്നപാനീയങ്ങള്‍. അതിരസങ്ങളുടെ മസാലക്കൂട്ട്. എരിവും പുളിയുമേറെ. സുഖകരമെങ്കിലും ഒട്ടും പരിചയമില്ലാത്ത കാലാവസ്ഥ. ഈ വക പൊരുത്തക്കേടുകളോട് ഇണങ്ങിച്ചേരാന്‍ കഴിയുമാറ് മുതിര്‍ന്നിട്ടില്ലാത്ത ഇളം പ്രായം. എന്തായിത്തീരുമെന്നോ എവിടെച്ചെന്നെത്തുമെന്നോ ഒരു നിശ്ചയവുമില്ലാത്ത സ്ഥിതി.

    ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരുടെ ചുമതലാബോധം കാര്യങ്ങളെ പതുക്കെ അനുകൂലമാക്കിക്കൊണ്ടിരുന്നു. വേട്ടയാടപ്പെട്ടവരോടുള്ള സഹാനുഭൂതി ഇടപഴകുന്നവരിലൊക്കെ കാണാമായിരുന്നു. കാശ്മീരിന്റെ കദനകഥ മലയാളികള്‍ക്കെല്ലാം അറിയാമായിരുന്നുവെന്നതാകാം കാരണം. ആര്‍ദ്രമനസ്സുകളുടെ ഇടപെടല്‍ ഭാഷാതീതമായ ആശയവിനിമയം സാധ്യമാക്കി. അതിനിടയില്‍ ഉറുദു പഠിച്ചവരുടെ ഇടനില ആശയവിനിമയത്തിനുള്ള ആദ്യപാലമായി. ആംഗലത്തിലുള്ള അധ്യയനം പതുക്കെപ്പതുക്കെ വിനിമയത്തിന്നൊരു ഭാഷ നല്‍കി. പിന്നെ പിന്നെ കണ്ടും കേട്ടും പഠിച്ച മലയാളം കേട്ടാല്‍ തിരിയുമെന്ന മട്ടായി. അങ്ങനെ ജ•ം കൊണ്ട് കാശ്മീരിയെങ്കിലും ജീവിതം കൊണ്ട് അര്‍ധമലയാളിയായി മാറിയിരിക്കുന്ന ആസിഫും സംഘവും.

   പത്താം തരത്തില്‍ പഠിക്കുന്നവരെയാണ് ഞങ്ങള്‍ കണ്ടത്. ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് പൂട്ടുന്നതോടെ അവര്‍ തിരിച്ചു പോകും. കാശ്മീരില്‍ തന്നെ താമസിച്ച് ഉപരിപഠനം തുടരാനുള്ള സംവിധാനങ്ങള്‍ മര്‍കസ് ചെയ്തു കൊടുക്കും. അനാഥകള്‍ക്ക് ഉപരിപഠനത്തിനുള്ള സൌകര്യങ്ങള്‍ മര്‍കസില്‍ തന്നെയുണ്ട്. അങ്ങനെ യാത്ര പറഞ്ഞ് പോകുന്നവരുടെ ഒഴിവിലേക്ക് പുതുമുറക്കാര്‍ വരും. പതുക്കെപ്പതുക്കെ സാധാരണ നിലയിലേക്ക് തിരിച്ചു പോകുന്ന കശ്മീരില്‍ പഠനാന്തരീക്ഷം മെച്ചപ്പെടുന്നുണ്ട്. കുട്ടികള്‍ ഓത്തിനും എഴുത്തിനും പോയിത്തുടങ്ങിയിട്ടുണ്ട്. കാലം കരഞ്ഞു വിളിച്ച വേളയില്‍ അത് കേള്‍ക്കാന്‍ ആളുണ്ടായോ എന്നതാണ് കാര്യം. കാശ്മീരില്‍ കലാപം കത്തിനിന്ന കാലത്ത് ഭാവിയിരുണ്ടുപോയത് എണ്ണമറ്റയാളുകളുടേതാണ്. കൂട്ടത്തില്‍ ഏറ്റവും കഷ്ടകരമായത് അറിവും തുറവിയും നിഷേധിക്കപ്പെട്ട ബാല കൌമാരങ്ങളുടെ കാര്യമായിരുന്നു. പ്രായപരിഗണനയില്ലാതെ, ലിംഗ വ്യത്യാസം നോക്കാതെ മുഴുവന്‍ കശ്മീരികളും സംശയിക്കപ്പെട്ട കാലം. അന്ന് ചരിത്രം മാനവിക ബോധമുള്ളവരുടെ മനസ്സാക്ഷിയോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി; നിഷ്കളങ്കരായ ഈ കുഞ്ഞോമനകളുടെ കൈപിടിക്കാനാരുണ്ട്? അവര്‍ക്ക് അഭയം കൊടുക്കാന്‍, ആഹാരം കൊടുക്കാന്‍, അറിവ് പകര്‍ന്നു കൊടുക്കാന്‍ ആരുണ്ട് എന്നായിരുന്നു ആ ചോദ്യം. അതുള്‍കൊള്ളാനും അതിനോട് അനുകൂലമായി പ്രതികരിക്കാനും വളരെ വളരെ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ. ആ ധീരകൃത്യമാണ് മര്‍കസിനെ മഹത്തരമാക്കുന്നത്.

   ഇങ്ങനെയൊന്നും ആലോചിക്കാവുന്നത്ര വളര്‍ന്നതിന്നു ശേഷമല്ല, ആസിഫ് അശ്റഫും കൂട്ടരും മര്‍കസില്‍ എത്തിപ്പെട്ടത്. കാലാന്തരത്തില്‍ കാര്യബോധത്തോടെ വിചാരപ്പെടാന്‍ പാകമായപ്പോള്‍ തിരിച്ചറിയുകയായിരുന്നു ഇതെല്ലാം. അതിനാല്‍ ഈ വിദ്യാഭ്യാസ വര്‍ഷാവസാനം, ബോര്‍ഡ് പരീക്ഷയും കഴിഞ്ഞ് കശ്മീരിലേക്കുള്ള തിരിച്ചു പോക്ക് വേദനാജനകമാണ്. നാട്ടിന്റെ വിളി വിസ്മരിക്കാനാവില്ല. പോറ്റി വളര്‍ത്തിയ നാടിനെ പിരിയാനുമാവുന്നില്ല. അങ്ങനെ പിളര്‍ക്കപ്പെട്ട മനസ്സുമായാണ് വേര്‍പാടിന്റെ ദിവസങ്ങളെണ്ണിക്കഴിയുന്നത്. എന്തായാലും തിരിച്ചു പോകാതെ വയ്യല്ലോ. ആകയാല്‍ അവര്‍ തിരിച്ചു പോകും; കനത്ത ഹൃദയഭാരത്തോടെ. അതിലേറെ കനത്ത കൃത്ജ്ഞതാ ബോധത്തോടെയും. സസ്യശ്യാമള കോമളമായ ഈ നാടിനെ അവരോര്‍ക്കും. അവിടെ മര്‍കസ് പോലെ ഒരഭയകേന്ദ്രം പണിതവരെ പ്രത്യേകമോര്‍ക്കും. അതിലേക്ക് തങ്ങളെ ആനയിച്ചവരെയും മുറിവേറ്റ മനസ്സില്‍ വാക്കുകൊണ്ടും സമീപനം കൊണ്ടും തൈലമായിത്തീര്‍ന്നവരെയും അവര്‍ ഓര്‍ക്കും. അന്നം കൊടുത്തവരെയും ദീന്‍ പകര്‍ന്നവരെയും അറിവു നല്‍കിയവരേയും അവരോര്‍ക്കും. ആ ഓര്‍മയില്‍ മനസ്സ് വികാരതളിതമാകുമ്പോള്‍ അവര്‍ പ്രാര്‍ത്ഥിക്കും. അവ മാലാഖമാര്‍ മാലികുല്‍ മുലൂക്കിന്റെ മുമ്പിലെത്തിച്ചേക്കും. അവരിലൂടെയല്ലാതെയും അവനതറിയും. വിദൂരതയില്‍ നിന്നുള്ള ആ പ്രാര്‍ത്ഥന. ഗുണഭോക്താക്കളുടെ അഭാവത്തില്‍ നടത്തപ്പെടുന്ന ആ തേട്ടം സ്വീകരിക്കപ്പെടുമ്പോള്‍ ആരാരൊക്കെയാകും രക്ഷപ്പെടുന്നത്! ശരീരം കൊണ്ട് പരിശ്രമിക്കുമ്പോള്‍, സമ്പാദ്യം കൊണ്ട് ചെലവഴിക്കുമ്പോള്‍, ചിന്താശേഷി വിനിയോഗിക്കുമ്പോള്‍ ഒരിക്കലും അരുതായ്മകള്‍ ആഗ്രഹിക്കാതെ ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന്റെ പ്രീതി കൊതിച്ചവര്‍, അവരുടെ പ്രാര്‍ത്ഥന കൊതിച്ചവര്‍, മുഴുക്കെ രക്ഷപ്പെട്ടേക്കാം. നാമേവരെയും അല്ലാഹു ആത്യന്തിക വിജയികളില്‍ പെടുത്തുമാറാകട്ടേ ആമീന്‍.

You must be logged in to post a comment Login