കല്‍ക്കത്ത ബിഷപ്പ് ജെ ഇ വെല്‍ഡണ്‍ 1915ല്‍ ഒരു പ്രവചനം നടത്തി: ‘‘ ഇപ്പോള്‍, അല്ലെങ്കില്‍ കുറെ നാളുകൾക്കുശേഷം, ബ്രിട്ടീഷ് രാജ് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവുക എന്നത് ചിന്തിക്കാനാവാത്തതാണ്. ബ്രിട്ടീഷ് രാജിന് പകരം ഒരു ഗവണ്‍മെന്റ് അല്ലെങ്കില്‍ ഗവണ്‍മെന്റുകള്‍ വരുക എന്നത് വിദൂരസാധ്യത പോലുമില്ലാത്ത സ്വപ്നമാണ്. അവസാനത്തെ ബ്രിട്ടീഷ് ഭടന്‍ ബോംബെയോ കറാച്ചിയോ വിടുന്നതോടെ ഇവിടുത്തെ പരസ്പര വൈരികളായ മത-വംശീയ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ യുദ്ധക്കളമായി ഇന്ത്യ മാറും. ഗ്രേറ്റ് ബ്രിട്ടന്‍, പയ്യെപ്പയ്യെ സമാധാനപരമായി ഇവിടെ കൊണ്ടുവന്ന ശാന്തവും പുരോഗമനപരവുമായ നാഗരികത ഒറ്റരാത്രി കൊണ്ട് തകര്‍ന്നടിയാതിരിക്കില്ല.’’
ബിഷപ്പിന്റെ പ്രവചനം തെറ്റി. പൂര്‍ണമായും എന്ന് അവകാശപ്പെടാനാവില്ല. ബ്രിട്ടീഷ് കപ്പലുകള്‍ നമ്മുടെ തുറമുഖങ്ങളില്‍നിന്ന് യാത്ര പറഞ്ഞപ്പോള്‍ ഇന്ത്യ ഛിന്നഭിന്നമായില്ല. വിഭജനം കാലേക്കൂട്ടി ബ്രിട്ടീഷ് സാമ്രാജ്യത്വം തയാറാക്കിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു. സ്വതന്ത്രഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി, ആധുനിക മതേതര ജനാധിപത്യ രാഷ്ട്രമാക്കാതിരിക്കാനുള്ള കുതന്ത്രങ്ങളെയും നാം അതിജീവിച്ചു. ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യത്തിന്റെ മാതൃക എന്ന പേരില്‍ മികച്ചൊരു വ്യവസ്ഥിതി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്ക് സാധിച്ചു. നിര്‍ഭാഗ്യവശാല്‍ രാജ്യം മുന്നോട്ടുപോകുന്തോറും ആ വ്യവസ്ഥിതി മൂല്യപരമായി കരുത്താര്‍ജിച്ചില്ല എന്നല്ല, കൂടുതല്‍ പ്രതിലോമപരമായി മാറിക്കൊണ്ടിരുന്നു. ബ്രിട്ടീഷുകാരും മറ്റു യൂറോപ്യന്‍ ചിന്തകരും രാഷ്ട്രീയ മനീഷികളും പ്രവചിച്ചത് എല്ലാ അര്‍ഥത്തിലും സംഭവിക്കാന്‍ പോവുകയാണോ? അതിന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് കാണുമ്പോള്‍ അവയൊന്നും ഒറ്റപ്പെട്ട ദുരന്തങ്ങളല്ല എന്ന് അനുഭവങ്ങള്‍ വിളിച്ചുപറയുകയാണ്.
ഗുഡ്ഗാവില്‍ സംഭവിക്കുന്നത്
ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍നിന്ന് പുറത്തുവന്ന മതമൈത്രിയുടെയും പാരസ്പര്യത്തിന്റെയും രണ്ടു വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല എന്നുവേണം കാണാൻ. സെപ്തംബര്‍ 17 മുതൽ ഗുഡ്ഗാവിലെ തുറന്ന സ്ഥലത്ത് മുസ്‌ലിംകളുടെ ജുമുഅ നിസ്കാരം തടഞ്ഞുകൊണ്ട് സംയുക്ത ഹിന്ദു സംഘര്‍ഷ സമിതി എന്ന പേരില്‍ 22 തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന കിരാത ചെയ്തികള്‍ക്കെതിരെ പ്രദേശത്തെ ഗുരുദ്വാര പരിപാലന കമ്മിറ്റി രംഗത്തുവരുകയും നിസ്കാരത്തിന് സിഖ് ആരാധനാലയം തുറന്നുകൊടുക്കാന്‍ മുന്നോട്ടുവരികയും ചെയ്തത് ഘനാന്ധകാരത്തിലെ വെള്ളിവെളിച്ചമായിരുന്നു. അതിനു മുമ്പ് 40കാരനായ അക്ഷയ് യാദവ് എന്ന ഹിന്ദുവ്യാപാരി തന്റെ വീടും കടയും പരിസരവും മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനക്കായി തുറന്നുകൊടുത്തതും സംഘര്‍ഷഭരിതമായ ചുറ്റുപാടില്‍ സഹവര്‍ത്തിത്വത്തിന്റെ വലിയൊരു മാതൃകയായി അനുഭവപ്പെട്ടു. ഈ പ്രദേശത്ത് നടക്കുന്നത് മൂകസാക്ഷികളായി നോക്കിനില്‍ക്കാന്‍ തങ്ങള്‍ക്ക് സാധ്യമല്ല എന്ന് പറഞ്ഞാണ് ഗുരുദ്വാരാ ശ്രീ ഗുരു സിങ് സഭ പ്രസിഡന്റ് സദര്‍ ബസാര്‍ ഗുരുദ്വാരയുടെ കവാടങ്ങള്‍ എല്ലാ നേരവും നിസ്കരിക്കാന്‍ മുസ്‌ലിംകള്‍ക്ക് തുറന്നുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തത്. തങ്ങളുടെ അധീനതയിലുള്ള അഞ്ച് ഗുരുദ്വാരകളും അങ്ങനെ മുസ്‌ലിംകളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയത് ഈ കെട്ടകാലത്ത് വലിയ സംഭവമായി. പക്ഷേ, സഹവര്‍ത്തിത്വത്തിന്റെ ആ പ്രതീകാത്മക ചുവടുവെപ്പിനെതിരെ, വര്‍ഗീയവാദികള്‍ രംഗത്തുവരുന്നതും നമുക്ക് കാണേണ്ടിവന്നു. സിഖ് ഗുരുക്കന്മാരോട് മുഗള രാജാക്കന്മാര്‍ ചെയ്ത ക്രൂരതകള്‍ മറന്നുപോകരുതെന്നും ഗുരുദ്വാരകളില്‍ നിസ്കരിക്കാന്‍ സൗകര്യം ചെയ്തുതരാമെന്ന വാഗ്ദാനം പിന്‍വലിക്കണമെന്നും ഹിന്ദുത്വവാദികള്‍ സിഖ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനക്ക് അനുമതി നല്‍കിയ ഗുരുദ്വാര കമ്മിറ്റി ഭാരവാഹികളെ പദവികളില്‍നിന്ന് പുറത്താക്കണമെന്ന് സിഖ് സമുദായത്തോട് ആവശ്യപ്പെടാന്‍ ഇക്കൂട്ടര്‍ ഉദ്യുക്തരായി. ഹിന്ദുത്വവാദികള്‍ ഗുരുദ്വാരയുടെ പുറത്ത് കുഴപ്പമുണ്ടാക്കാന്‍ തയാറായി നില്‍ക്കുന്നതുകണ്ട് മുസ്‌ലിംകള്‍ ജുമുഅ നിര്‍വഹിക്കാതെ തിരിച്ചുപോവുകയായിരുന്നു. മുസ്‌ലിംവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംയുക്ത ഹിന്ദുസംഘര്‍ഷ സമിതി നേതാക്കള്‍ ഗരുദ്വാരകളിലെത്തിയത് ഒമ്പതാമത്തെ ഗുരു തേജ്ബഹാദൂറിനെ കുറിച്ചുള്ള പുസ്തകത്തിന്റെ 2500 കോപ്പികളുമായാണത്രെ. 1675ല്‍ മുഗിള ഭരണാധികാരികള്‍ വധശിക്ഷ നടപ്പാക്കിയ ഗുരു തേജ് ബഹാദൂറിന്റെ കഥ പറഞ്ഞാണ് ഇക്കാലമത്രയും ആര്‍ എസ് എസുകാര്‍ മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കുമിടയില്‍ വിരോധം നിലനിര്‍ത്തിയത്. 1990ല്‍ അമൃത്്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചപ്പോള്‍, ക്ഷേത്രത്തിനകത്ത് പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മുഗിള-മുസ്‌ലിം വിരുദ്ധമാണെന്ന് കാണാന്‍ കഴിഞ്ഞു. യഥാർത്ഥത്തില്‍ ഗുരുനാനാക്ക് ഏറ്റവും കൂടുതല്‍ കടമെടുത്തത് ഇസ്‌ലാമിക വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഭാഷയും ശൈലിയുമായിരുന്നു. ഹിന്ദുമതത്തെക്കാള്‍ സിഖുകാര്‍ക്ക് അടുപ്പം മുസ്‌ലിംകളോടാണ്. പക്ഷേ, സിഖുകാര്‍ ഹിന്ദുക്കളാണെന്ന വിതണ്ഡവാദവുമായി ആ മതത്തെത്തന്നെ നശിപ്പിക്കാനാണ് ഹിന്ദുത്വവാദികള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ഇന്ദിരയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ളൂസ്റ്റാറും ഇന്ദിരയുടെ വധത്തിനുശേഷം ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപങ്ങളുമാണ് സിഖ് വിശ്വാസികള്‍ക്ക് അവരുടെ സ്വത്വബോധത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രചോദനമായത്.
രാജ്യത്തിന്റെ നിലനില്‍പിലും മുന്നോട്ടുള്ള പ്രയാണത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും നോക്കിനില്‍ക്കാന്‍ സാധ്യമല്ലാത്ത, സാമുദായികമായി അത്യന്തം വഷളായ ഒരവസ്ഥയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ പ്രതീകാത്മകമായ മാതൃകകള്‍ക്ക് വലിയ വാര്‍ത്താമൂല്യമുണ്ട്. ഗുരുദ്വാരകള്‍ ശാശ്വത പ്രാര്‍ഥന കേന്ദ്രമാക്കി ഉപയോഗിക്കാന്‍ സാധ്യമല്ലെന്ന് എല്ലാവര്‍ക്കുമറിയം. പക്ഷേ, വിദ്വേഷഭരിതമായ അന്തരീക്ഷത്തില്‍ നിസ്സാരമായ ചുവടുവെയ്പിനും പ്രതീകാത്മക മൂല്യമൂണ്ടെന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നു. ഡല്‍ഹിയും പ്രാന്തപ്രദേശങ്ങളും വിഭജനാനന്തകാലത്തെ സാമൂഹിക പ്രക്ഷുബ്ധതയിലൂടെയാണ് കടന്നുപോകുന്നത്. 1857ല്‍ അവസാനത്തെ മുഗിള രാജാവ് ബഹദൂര്‍ ഷാ സഫറിനെ ബ്രിട്ടീഷുകാര്‍ റങ്കൂണിലേക്ക് നാടുകടത്തിയ ശേഷം രാജ്യതലസ്ഥാനത്ത് കെട്ടഴിഞ്ഞുവീണ മുസ്‌ലിം വിരുദ്ധ കാപാലികതയെക്കുറിച്ച് ചരിത്രകാരനായ വില്യം ഡാല്‍റിംപ്ള്‍ (The Last Mughal) അവതരിപ്പിക്കുന്ന നടുക്കുന്ന ഓര്‍മകളെ തിരിച്ചുകൊണ്ടുവരുന്നതാണ് ഇന്നത്തെ അവസ്ഥ. ഡല്‍ഹിയില്‍നിന്ന് കി മീറ്ററുകള്‍ മാത്രം അകലെ, വ്യവസായ മേഖലയായ ഗുഡ്ഗാവില്‍ സമീപകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വര്‍ഗീയ നാടകങ്ങള്‍ തീവ്രവലതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. രാജ്യത്താകമാനം സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്ന മുസ്‌ലിം വിരുദ്ധ, വര്‍ഗീയാഗ്നിയുടെ തീക്ഷ്ണതയാണ് ഇത് അടയാളപ്പെടുത്തുന്നത്. മുസ്‌ലിംകളുടെ ആരാധനസ്വാതന്ത്ര്യത്തിന്മേലുള്ള പരസ്യമായ വെല്ലുവിളിയാണ് ഗുഡ്ഗാവില്‍ ഉയരുന്നത്. 2018 മുതല്‍ക്കാണ് ഒഴിഞ്ഞ സ്ഥലങ്ങളില്‍ ജുമുഅ നിസ്കാരം നടത്തുന്നതിനെതിരെ തീവ്രവലതുപക്ഷം രംഗത്തുവരുന്നത്. വ്യവസായ മേഖലയായ ഗുഡ്ഗാവില്‍ പല ഭാഗങ്ങളില്‍നിന്നും ജോലിയാര്‍ഥവും കച്ചവടാര്‍ഥവും എത്തുന്ന വിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ ഇടമില്ല എന്നത് ദുഃഖകരമായ അവസ്ഥയാണ്. 37 ഇടങ്ങളില്‍ ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ മധ്യാഹ്ന പ്രാര്‍ഥന നടത്തി, പരമാവധി 20 മിനുട്ട് കൊണ്ട് പിരിഞ്ഞുപോകുമെന്നിരിക്കേ, എന്തിനു ഭൂരിപക്ഷ വർഗീയത ഇമ്മട്ടില്‍ അസഹിഷ്ണുത പ്രകടിപ്പിക്കണം എന്ന ചോദ്യം രാജ്യത്തിന്റെ മനഃസാക്ഷിക്കു മുന്നിലാണ്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 17 തൊട്ടാണ് വെള്ളിയാഴ്ച ജുമുഅ നിസ്കാരം തടസ്സപ്പെടുത്താന്‍ സെക്ടര്‍ 47ല്‍ ദിനേശ് ഭാരതി എന്നയാളുടെ നേതൃത്വത്തില്‍ ഭാരത് മാതാ വാഹിനി എന്ന പ്രാദേശിക സംഘടനയുടെ ബാനറില്‍ രംഗത്തെത്തുന്നത്. പിന്നീടത് മറ്റു സെക്ടറുകളിലേക്കും വര്‍ഗീയ കാട്ടുതീയായി പടര്‍ന്നു. അപ്പോഴേക്കും 22 പ്രാദേശിക തീവ്രസംഘടനകള്‍ ചേര്‍ന്ന് സംയുക്ത ഹിന്ദു സംഘര്‍ഷ സമിതിയുണ്ടാക്കി തുറന്ന സ്ഥലത്ത് വെച്ചുള്ള നിസ്കാരം തടയാന്‍, ജില്ലാഭരണകൂടത്തെ കൂട്ടുപിടിച്ച് ആസൂത്രിത നീക്കങ്ങള്‍ ആരംഭിച്ചു. ഗുഡ്ഗാവ് ജില്ലാ അധികൃതരുടെ അനുമതിയോടെയായിരുന്നു ഇതുവരെ വെള്ളിയാഴ്ച നിസ്കാരം നിര്‍വഹിച്ചിരുന്നത്. ഒക്ടോബര്‍ 26ന് സമിതി നിസ്കാരം തടയാന്‍ ജില്ലാ പൊലീസ് അധികൃതരെ സമീപിച്ചു. പ്രകോപനാന്തരീക്ഷം സൃഷ്ടിക്കാന്‍ നവംബര്‍ 5ന് മുസ്‌ലിംകള്‍ ധാരാളമായി പ്രാര്‍ഥനക്കെത്തുന്ന സെക്ടര്‍ 12എയില്‍ ഗോവര്‍ധന്‍ പൂജ നടത്തി. ബി ജെ പിയുടെ വിവാദനായകനും ഡല്‍ഹി കലാപത്തിന്റെ സൂത്രധാകരകനുമായ കപില്‍ ശര്‍മയും പൂജക്കെത്തിയിരുന്നു. അതോടെ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും രംഗത്തെത്തി. പ്രാര്‍ഥനകള്‍ നടത്തേണ്ടത് ആരാധനാലയങ്ങളിലാണെന്നും തുറന്നസ്ഥലത്തല്ലെന്നും അദ്ദേഹം തുറന്നടിച്ചു. അടുത്ത വെള്ളിയാഴ്ച, നവംബര്‍ 12ന് ഹിന്ദുപ്രക്ഷോഭകർ നിസ്കാരം തടയാന്‍ വീണ്ടും സംഘടിച്ചുവെന്ന് മാത്രമല്ല, സ്ഥലത്ത് വോളിബോള്‍ കോര്‍ട്ട് പണിയുകയാണെന്ന് പ്രഖ്യാപിക്കുകയും വൈകുന്നേരമാകുമ്പോഴേക്കും ചാണകം നിറക്കുകയും ചെയ്തു.
ത്രിപുരയില്‍നിന്ന് ആവേശം കൊണ്ടവര്‍
‘‘യഥാർത്ഥ ദീപാവലി ത്രിപുരയില്‍ കൊണ്ടാടിക്കഴിഞ്ഞു. ദീപാവലി എന്നാല്‍ യഥാർത്ഥത്തില്‍ ഇതാണ്. ത്രിപുരയിലേതുപോലെ മുഴുവന്‍ ഹിന്ദുക്കളും ഉണരുന്നത് ഒന്ന് സങ്കല്‍പിച്ചുനോക്കൂ. അതോടെ എന്തായിരിക്കും നിങ്ങളുടെ വിധിയെന്ന് ആലോചിച്ചിട്ടുണ്ടോ?’’ തീവ്രവര്‍ഗീയവാദിയും യതി നിര്‍സിംഗാനന്ദിന്റെ ശിഷ്യനുമായ സുരേഷ് രാജ്പുത് യൂട്യൂബിലുടെ ഒഴുക്കിവിട്ട ഇമ്മട്ടിലുള്ള ആക്രോശങ്ങള്‍ക്കിടയിലാണ് ഒക്ടോബര്‍ 26ന് ത്രിപുരയിൽ നടമാടിയ മുസ്‌ലിംവിരുദ്ധ കലാപത്തെ മഹത്വവത്കരിച്ചുകൊണ്ട് ഭീഷണി മുഴക്കുന്നത്. മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി കീഴടക്കുമെന്നും അവരെ ഒന്നിനു പിറകെ മറ്റൊന്നായി ബലാല്‍സംഗം ചെയ്തു ജാരസന്തതികളെ പടച്ചുവിടുമെന്നും ആക്രോശിക്കുന്ന 46മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോവിലെ പ്രധാന ഭാഗങ്ങള്‍ കേള്‍ക്കാനോ കൈമാറാനോ കൊള്ളരുതാത്തത്ര വര്‍ഗീയവും തെറിയഭിഷേകവുമാണ്. ‘‘…….നിങ്ങളുടെ അമ്മമാരും പെങ്ങന്മാരും ഷഹീന്‍ബാഗില്‍ വന്ന് വേണ്ടത്ര വ്യഭിചാരം നടത്തി. അവരുടെ പെങ്ങന്മാരെ കല്യാണം കഴിപ്പിക്കാനാണ് ഇവിടെ വന്നത്. എന്നാല്‍ കല്യാണം കഴിക്കാതെ ഗര്‍ഭിണികളായാണ് അവര്‍ ജയിലിലേക്ക് പോയത്’’-ഇമ്മട്ടിലുള്ള കേട്ടാലറക്കുന്ന ആക്രോശങ്ങള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരന്നൊഴുകുമ്പോള്‍ അവ നിയന്ത്രിക്കുന്ന മേലാളന്മാര്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് അതിന് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നതാണ് ‘പുതിയ ’ ഇന്ത്യയുടെ ദുരവസ്ഥ. ട്വിറ്റര്‍ അധികാരികള്‍ നിസ്സഹായത പറഞ്ഞ് കൈമലര്‍ത്തുമ്പോള്‍, സോഷ്യല്‍ മീഡിയയിലൂടെ പരന്നൊഴുകുന്ന ഇസ്‌ലാം ഭർത്സനം എല്ലാ അതിരുകളും കടന്ന്, നാസി ജര്‍മനിയെയും മറികടക്കുന്ന ഭീദിതമായൊരവസ്ഥ. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഭീഷണിയും കുല്‍സിത പദ്ധതികളുമാണ് ഹിന്ദുത്വ തീവ്രവാദികള്‍ സാമൂഹിക മാധ്യമങ്ങളിലുടെ കാര്യമായും മുന്നോട്ടുവെക്കുന്നത്. സവര്‍ണമേല്‍ക്കോയ്മയുടെ അധീശത്വം മുസ്‌ലിം സ്ത്രീകളുടെ മേല്‍ സ്ഥാപിച്ചെടുക്കുക എന്നത് സംഘ്പരിവാറിന്റെ മനോഘടനയിലെ മുഴച്ചുനില്‍ക്കുന്ന വൈകൃതമാണ്. ഗുജറാത്തിലും ഡല്‍ഹിയിലും മറ്റു കലാപബാധിത മേഖലകളിലും അത് നാം മുമ്പ് കണ്ടതാണ്.
എന്നാല്‍ നിജസ്ഥിതി ജനങ്ങളിലെത്തിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാഭവികമായ ശ്രമങ്ങളെ പോലും സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു എന്ന് മാത്രമല്ല, സത്യം മറച്ചുപിടിക്കാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുന്ന നടുക്കുന്ന കാഴ്ചകളാണ് ത്രിപുരയില്‍ കാണാന്‍ കഴിഞ്ഞത്. ദീര്‍ഘകാലം ഇടതുപക്ഷം ഭരിച്ച ഒരു സംസ്ഥാനം എങ്ങനെ ഇമ്മട്ടില്‍ വര്‍ഗീയവാദികളുടെ താവളമായി മാറി എന്ന ചോദ്യത്തിന് ഉത്തരം പലതുമാവാം. വസ്തുതാന്വേഷണത്തിനായി ഡല്‍ഹിയില്‍നിന്നെത്തിയ രണ്ടു അഭിഭാഷകര്‍ക്ക് എതിരെ യു എ പി എ ചുമത്തിയ ബി ജെ പി ഭരണകൂടം, ഫേസ്ബുക്കിലൂടെ ത്രിപുരയുടെ ദുരന്തമുഖത്തെക്കുറിച്ച് കമന്റിട്ട 102 പേര്‍ക്കെതിരെയും, (ബഹുഭൂരിഭാഗവും മുസ്‌ലിംകളാണ്) യു എ പി എ ചുമത്തി നാവുകള്‍ വരിഞ്ഞുകെട്ടി. വിഷയം ഇപ്പോള്‍ സുപ്രീംകോടതിയിലെത്തിയിരിക്കയാണ്. ഡല്‍ഹില്‍നിന്നെത്തിയ HW Newsന്റെ രണ്ടു വനിതാ മാധ്യമപ്രവര്‍ത്തകരെ (സമൃദ്ധി സുകന്യയെയും സ്വര്‍ണ ഝായെയും) പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റുചെയ്തത് ആഗോള മാധ്യമസമൂഹത്തെ ഞെട്ടിച്ചു. സാമുദായിക അനൈക്യം വിതയ്ക്കാനും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണിവര്‍ എന്നാണ് പൊലീസ് ഭാഷ്യം. വര്‍ഗീയകലാപം റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെയാണ് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമായി ചിത്രീകരിക്കപ്പെടുക. പൊലീസ് നല്‍കുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായി കലാപത്തിന്റെ ഇരകളും ദൃക്സാക്ഷികളും കൈമാറുന്ന സത്യങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുമ്പോള്‍ ‘വ്യാജവാര്‍ത്ത’ എന്ന് ചാപ്പ കുത്തി യാഥാർത്ഥ്യങ്ങള്‍ തമസ്കരിക്കുകയാണ്. ഒരു ഡസനിലധികം പള്ളികള്‍ തകര്‍ക്കുകയോ തീവെച്ച് നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട് ത്രിപുരയില്‍. ദര്‍ഗാബസാര്‍ പള്ളിക്ക് ഒരു പോറലുമേറ്റിട്ടില്ല എന്ന് സംസ്ഥാന ഭരണകൂടത്തിന്റെ ഭാഷ്യം ഡല്‍ഹിയിലും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ നവംബര്‍ 11ന് സ്ഥലം സന്ദര്‍ശിച്ച് കത്തിക്കരിഞ്ഞ പള്ളിയുടെ അകത്തളത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ട സുകന്യ, കള്ളം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ത്രിപുര സാധാരണ നിലയില്‍ ശാന്തം, സമാധാനപരം എന്ന പൊലീസ് ഭാഷ്യം ചോദ്യം ചെയ്തവരെയാണ് കരിനിയമം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്. വര്‍ഗീയവാദികള്‍ക്ക് ഇത്രമാത്രം സുരക്ഷിതതാവളം ഒരുക്കിയ ഒരു കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. നിയമപാലകള്‍ ആര്‍.എസ്.എസുകാരുടെ സഹായികളും കാവലാളുകളുമായി അധഃപതിച്ചപ്പോള്‍, പലരും ഭയപ്പെട്ടതുപോലെ ഭൂരിപക്ഷ അധീശത്വത്തിന്റെ താണ്ഡവങ്ങള്‍ ഏറ്റുവാങ്ങുന്ന നിരാലംബരും നിസ്സഹായരുമായ ഇരകളായി മുസ്‌ലിംകള്‍ മാറിക്കഴിഞ്ഞു. പൗരസമത്വം കേവലസങ്കല്‍പമായി ചുരുങ്ങുമ്പോള്‍ രാഷ്ട്രശില്‍പികളുടെ കിനാക്കളാണ് കുഴിച്ചുമൂടപ്പെടുന്നത്.
വിദ്വേഷവിഷം നാടാകെ കുത്തിയൊലിക്കുമ്പോള്‍
മുസ്‌ലിംവിരുദ്ധത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇന്നലത്തെ ഗുജറാത്ത് ഇന്ന് അസമിലും ത്രിപുരയിലും ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു. മുസ്‌ലിംകള്‍ ഇത്രമാത്രം അരക്ഷിതത്വം അനുഭവിച്ച ഒരു കാലഘട്ടം സമീപകാലത്തൊന്നുമുണ്ടായിട്ടില്ല. വിഭജനത്തിന്റെ നാളുകളില്‍ രണ്ടുദശലക്ഷം മനുഷ്യര്‍ കൊല്ലപ്പെടുകയും രണ്ടുകോടി ജനത അഭയാര്‍ഥികളായി ചുഴറ്റിയെറിയപ്പെടുകയും ചെയ്തിട്ടും ഒന്നിച്ചുള്ള ജീവിതം അസാധ്യമാണെന്ന് വിധിയെഴുതാന്‍ ആരും ധൈര്യം കാണിച്ചിരുന്നില്ല. ബഹുസ്വര സമൂഹത്തിന്റെ പാരസ്പര്യവും കൊണ്ടുകൊടുപ്പും അനവരതം നിലനില്‍ക്കുമെന്നാണ് ഗാന്ധിജിയും നെഹ്റുവും അബുല്‍ കലാം ആസാദുമൊക്കെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയത്. എഴുപത് വര്‍ഷം ഒരുമിച്ചു ജീവിച്ചിട്ടും ബഹുസ്വരത വളര്‍ന്നു പുഷ്കലിച്ചില്ല എന്നല്ല, വര്‍ഗീയതയും വിഭാഗീയതയും ദിനേന കൂടിക്കൂടി വരുന്ന മോശമായ സാമൂഹികപരിസരം ജനാധിപത്യവ്യവസ്ഥയുടെ അന്തസ്സത്തയെ തന്നെ നിരര്‍ഥകമാക്കുന്നു. മതമൈത്രിക്കും സാമുദായിക സൗഹാദര്‍ത്തിനും കേളി കേട്ട കേരളത്തിന്റെ ഏറ്റവുമൊടുവിലത്തെ സാമൂഹികാവസ്ഥ എന്തുമാത്രം ലജ്ജാവഹവും ഉത്കണ്ഠാകുലവുമാണ്. ഈ കുറിപ്പെഴുതുമ്പോള്‍, ഹലാല്‍ വിവാദം സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തിലും മുസ്‌ലിംവിരുദ്ധ പ്രചാരണത്തിന് അന്തരീക്ഷമൊരുക്കിക്കൊടുത്തിരിക്കയാണ്. ‘അനുവദനീയം’ എന്നര്‍ഥം വരുന്ന ഒരു അറബിപദം, എത്ര മ്ലേച്ഛമായ രീതിയിലാണ് ഇസ്‌ലാമോഫോബിയ പടര്‍ത്താന്‍ ഉപയോഗിക്കുന്നതെന്ന് ഇപ്പോഴത്തെ വിവാദത്തിന്റെ തുടക്കം പരിശോധിച്ചാല്‍ മനസിലാക്കാം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തീര്‍ത്തും നിരുത്തരവാദപരവും വിഷമയവുമായ ചില അഭിപ്രായപ്രകടനങ്ങളാണ് വിവാദത്തിന് നിദാനം. ‘‘തീവ്രവാദികള്‍ പലേടങ്ങളിലും ഭക്ഷണത്തിലും വസ്ത്രത്തിലും അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഹലാല്‍ ഹോട്ടലുകള്‍ എന്നു പറഞ്ഞു മുല്ലാക്കമാരെക്കൊണ്ട് തുപ്പിച്ച് സാധാരണക്കാര്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിലെ പല സ്ഥാപനങ്ങളും വര്‍ഗീയവത്കരിച്ചുകൊണ്ടിരിക്കയാണ്. ഹലാല്‍ ഹോട്ടലുകള്‍, ഹലാല്‍ ബേക്കറികള്‍, എന്തിന് ശബരിമലയില്‍ പോലും ഹലാല്‍ ശര്‍ക്കര ഉപയോഗിക്കേണ്ട ഗതികേട് കേരളത്തില്‍ ഉണ്ടാവുന്നു. ആരാണ് ഹലാല്‍ സംസ്കാരം ഇവിടെ കൊണ്ടുവരുന്നത്?’’ സുരേന്ദ്രന്റെ വിഷലിപ്തമായ ഈ മൊഴിയുടെ പശ്ചാത്തലമറിയുമ്പോഴാണ് ജനം അമ്പരക്കുക. പാലക്കാട്ട് ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നവംബര്‍ 17ന് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഹലാലിനെക്കുറിച്ച് ഇമ്മട്ടില്‍ ആകോശങ്ങള്‍ വിളമ്പിയിരിക്കുന്നത്. “മുസ്‌ലിം മൊയ്ല്യാര്‍മാര്‍ തുപ്പുന്ന ഭക്ഷണമാണോ നിങ്ങള്‍ കഴിക്കാന്‍ പോകുന്നത്’ എന്ന ചോദ്യമാണ് മതഭ്രാന്തന്മാര്‍ പരസ്യമായി ഇപ്പോള്‍ ചോദിക്കുന്നത്. മുസ്‌ലിംവിദ്വേഷം പ്രചരിപ്പിക്കുക എന്നതില്‍ കവിഞ്ഞു ലക്ഷ്യം ഇതില്‍ കാണാന്‍ കഴിയില്ല. ചാനലുകള്‍ ഇതേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടത്തി അന്തരീക്ഷം കൂടുതല്‍ കലുഷമാക്കി. ദൈവനാമത്തില്‍ അറുക്കപ്പെട്ട ഉരുവിന്റെ ഇറച്ചിയാണ് ഇവിടെ വിളമ്പുക എന്നതില്‍ കവിഞ്ഞ് ഹലാല്‍ ട്രേഡ് മാര്‍ക്ക് കൊണ്ട് മറ്റൊന്ന് ഉദ്ദേശിക്കുന്നില്ല എന്ന് അറിയാഞ്ഞിട്ടല്ല കോഴിക്കോട്ടുകാരനായ സുരേന്ദ്രന്‍ ഇത്രമാത്രം വര്‍ഗീയത ചുരത്തുന്നത്.
ചെയ്യാത്ത അപരാധങ്ങള്‍ക്കാണ് മുസ്‌ലിം ന്യൂനപക്ഷം ഇവിടെ ശിക്ഷിക്കപ്പെടുന്നത്. അവരുടെ ജീവനും ധനമാനാദികള്‍ക്കും ആര് സംരക്ഷണം നല്‍കുമെന്ന ചോദ്യം വിഭജന കാലത്തും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈടുറപ്പുള്ള മതേതര ജനാധിപത്യ ഭരണഘടനയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളും അന്ന് ദുരന്തമുഖത്തുനിന്ന് രാഷ്ട്രത്തെ രക്ഷിച്ചെടുക്കാന്‍ പ്രാപ്തരായിരുന്നു. കാലക്രമേണ നമ്മുടെ ജനായത്ത വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംഭവിച്ചത്, പല പടിഞ്ഞാറന്‍ ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കിയതുപോലെ, ഈ മണ്ണില്‍ ലീനമായി കിടന്ന ഭൂരിപക്ഷ വര്‍ഗീയത അവസരം കിട്ടിയപ്പോള്‍ അതിന്റെ ബീഭല്‍സ മുഖം തുറന്നുകാട്ടുകയും ന്യൂനപക്ഷങ്ങളോട് പ്രതികാരബുദ്ധിയോടെ പെരുമാറാന്‍ മനസിനെ പാകപ്പെടുത്തി എടുക്കുകയും ചെയ്തു. 2024ഓടെ , അതായത് അടുത്ത പൊതുതിരഞ്ഞെടുപ്പോടെ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആര്‍ എസ് എസിന്റെ ഗൂഢപദ്ധതിക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകുന്ന സാമൂഹിക പശ്ചാത്തലമൊരുക്കാനാണീ വര്‍ഗീയ വിഷധൂളികള്‍ രാജ്യമൊട്ടുക്കും വിതച്ചു വെള്ളവും വളവുമിടുന്നത്. ഒരു മഹത്തായ രാജ്യത്തിന്റെ മരണമണി മുഴങ്ങുമ്പോള്‍ ‘സേവ് ഔര്‍ സോള്‍’ (SOS ) വിളിക്കാന്‍ സമയമായിരിക്കുന്നുവെന്ന് ഓര്‍മപ്പെടുത്തുകയേ നിര്‍വാഹമുള്ളൂ.
Kasim Irikkoor
You must be logged in to post a comment Login