ഹലാൽ ആവണം യൂട്യൂബ് വരുമാനം

ഹലാൽ ആവണം യൂട്യൂബ് വരുമാനം

ഖുർആനിൽ അല്ലാഹു പറയുന്നു: “വിശ്വാസിനികളോട് കണ്ണുകൾ താഴ്ത്താനും അവരുടെ സ്വകാര്യ ഭാഗങ്ങൾ കാത്തുസൂക്ഷിക്കാനും വെളിവാക്കാകുന്നതൊഴിച്ചുള്ള ആകർഷണീയത പരസ്യപ്പെടുത്താതിരിക്കാനും അവരുടെ നെഞ്ചിന്മേൽ മറയിടാനും പറയുക’(24:31).

രണ്ടുതരം അലങ്കാരങ്ങളുണ്ട്: പ്രകൃതിദത്തവും സ്വായത്തമാക്കിയതും. പ്രകൃതിദത്തമായ അലങ്കാരം സ്ത്രീയുടെ മുഖമാണ്. അലങ്കാരത്തിന്റെയും സൗന്ദര്യത്തിന്റെയും ഉത്ഭവമാണ്. സ്വായത്തമാക്കിയ അലങ്കാരം വസ്ത്രം, ആഭരണം തുടങ്ങിയവയാണ്. അത് സൗന്ദര്യത്തിനായി സ്ത്രീ ശരീരത്തിൽ അണിയിക്കുന്നതാണ്. “അല്ലാഹുവും അവന്റെ ദൂതനും ഒരുകാര്യം തീരുമാനിച്ചുകഴിഞ്ഞാൽ, ഒരു വിശ്വാസിയായ പുരുഷനും സ്ത്രീക്കും സ്വേഷ്ടപ്രകാരം തീരുമാനമെടുക്കാവതല്ല. അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവർ തീർച്ചയായും വ്യക്തമായ പിഴവിലേക്ക് തെറ്റിപ്പോയി'(33:36).

ഓൺലൈനിൽ നമുക്ക് തോന്നിയ നിലയാണ്. മതവിരുദ്ധമായ കളങ്കങ്ങൾ പറ്റിക്കൊണ്ട് നാമെന്ത് നേട്ടങ്ങളുണ്ടാക്കിയാലും അത് വിപരീത ഫലങ്ങൾ ചെയ്യും. യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം പലരെയും കൊതിപ്പിക്കുന്ന കാലമാണിത്. ശരിയാണോ അത്?
ഇമാം നവവിയുടെ(റ) തിരഞ്ഞെടുത്ത പത്ത് ഹദീസുകളിൽ ഒരു ഹദീസ് കാണാം:
“നിയമാനുസൃതമായത് (ഹലാൽ) വ്യക്തമാണ്. നിയമവിരുദ്ധമായത്(ഹറാം) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ പലർക്കും അറിയാത്ത സംശയകരമായ കാര്യങ്ങളുണ്ട്. ആ സംശയാസ്പദമായ കാര്യങ്ങളെ ഒഴിവാക്കുന്നവർ അവരുടെ മതത്തെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയിരിക്കുന്നു. എന്നാൽ സംശയാസ്പദമായ കാര്യങ്ങളിൽ വീഴുന്നവർ നിയമവിരുദ്ധമായതിലേക്ക് വീഴുന്നു. നിരോധിത മേഖലക്ക് ചുറ്റും മൃഗത്തെ മേയ്ക്കുന്ന ഇടയനെപ്പോലെയാണവർ. അവർ ആ നിരോധിത ഭാഗത്തേക്ക് നീങ്ങിപ്പോയേക്കാം. ഓരോ രാജാവിനും ഓരോ നിരോധിത മേഖലയുണ്ട്. അല്ലാഹുവിനുമുണ്ട്. അവന്റെ നിരോധിത മേഖല അവന്റെ വിലക്കുകളാണ്. അറിയുക, ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവനും നന്നായി. അത് മോശമാണെങ്കിൽ ശരീരം മുഴുവൻ മോശമാണ്. അത് ഹൃദയമാണ്.’

യൂട്യൂബിൽ നിങ്ങൾ ഏതുതരത്തിലുള്ള സേവനമാണ് നൽകുന്നതെന്ന് നിങ്ങൾക്കറിയാം. അത് ശരീഅതിന് അനുസൃതമാണെങ്കിൽ, അനുവദനീയമാണ്. അനുവദനീയമാണെന്നറിയില്ലെങ്കിൽ അത് നിഷിദ്ധ കാര്യങ്ങളിലേക്കുള്ള വീഴ്ചയാണ്.
അത് വിപണനം ചെയ്യുന്നത് ശരീഅതിന് അനുസൃതമായാണോ? ആണെങ്കിൽ തുടരാം. ആദർശത്തിന് പ്രയോജനം നൽകുമോ? ഉണ്ടെങ്കിൽ തുടരാം. അത് ആർക്കെങ്കിലും ദോഷം വരുത്തുമോ? ഇല്ലെങ്കിൽ തുടരാം. മുസ്‌ലിം വ്യക്തമല്ലാത്ത പ്രവൃത്തിയിലോ സംശയാസ്പദമായ പ്രവൃത്തിയിലോ ഏർപ്പെടില്ല. ഉണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ച് അവർ ബോധമുള്ളവരായിരിക്കും. അങ്ങനെയുള്ള ബോധ്യം മുസ്‌ലിംകൾക്ക് ഉണ്ടാകണം. അത്തരം അപകടസാധ്യതകളുള്ളത് ഒഴിവാക്കണം. അത് ഇസ്‌ലാമിൽ നിരോധിക്കപ്പെട്ടതിലേക്ക് പോകാനിടയാക്കും.
യൂട്യൂബിലെ പണം എവിടെനിന്നാണ് വരുന്നതെന്ന് മനസിലാക്കണം. നിങ്ങൾ ഒരു വീഡിയോ അപ്്ലോഡ് ചെയ്യുമ്പോൾ ആളുകൾ അത് കാണും.

വീഡിയോയ്ക്കിടയിൽ യൂട്യൂബ് പരസ്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെയാണ് യൂട്യൂബ് പ്രധാനമായും സമ്പാദിക്കുന്നത്. ആ പണത്തിന്റെ ചെറിയ ശതമാനം നിങ്ങൾക്കു ലഭിക്കും. ആ പരസ്യങ്ങളിൽ ഇസ്‌ലാമികമല്ലാത്തവ ഉണ്ടാകും. നിരോധിത കാര്യങ്ങളുണ്ടാകും. അങ്ങനെ വന്നാൽ, നിങ്ങൾക്ക് ലഭിക്കുന്ന പണം ഹലാൽ അല്ല. മിക്ക പരസ്യങ്ങളിലും നിരോധിത സംഗീതമോ അശ്ലീലമോ അടങ്ങിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ യൂട്യൂബ് അക്കൗണ്ട് വഴിയുള്ള സമ്പാദനം ഹലാൽ അല്ല, തെറ്റാണ്. പകരം നിങ്ങൾക്ക് ഗുണമേന്മയുള്ള സ്പോൺസർഷിപ്പിനായി അന്വേഷിക്കാം. ശരീഅത്ത് നിലനിർത്തിത്തന്നെ നിങ്ങളുടെ ജ്ഞാനപ്രചരണവും ധനസമ്പാദനവും നടത്തിക്കൊണ്ടുപോകാൻ കഴിയും.

അമിതമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് ഇസ്‌ലാം ബുദ്ധിമുട്ടിക്കുന്നു എന്നു ചിലരെങ്കിലും അഭിപ്രായപ്പെടാറുണ്ട്. കർശനവും പരുഷവുമായ വ്യാഖ്യാനം സംഘർഷങ്ങളിലേക്ക് നയിക്കുന്നു എന്നാണ് അവരുടെ വാദം.
ദൈവികനിയമങ്ങൾ നമ്മെ ഉപദ്രവിക്കാനല്ല, സംരക്ഷിക്കാനാണ് എന്നോർക്കുക. ദൈവിക നിയമങ്ങളോടുള്ള അസംതൃപ്തിയും നിരോധിത കാര്യങ്ങൾ അനുവദിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നതും ഇസ്‌ലാമികം അല്ല. ആ മനോഭാവം നിങ്ങളെ തെറ്റിലേക്ക് നയിക്കും. അല്ലാഹു നിങ്ങൾക്ക് എന്തുചെയ്തുതരും എന്നതിന് പകരം, അല്ലാഹുവിനെ പ്രീതിപ്പെടുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് സ്വയം ചോദിക്കണം. നമുക്ക് ചുറ്റുമുള്ള ജൈവലോകം മുഴുവൻ അല്ലാഹുവിനെ ആരാധിക്കുന്നതാണ്.

“എന്നെ ആരാധിക്കാനല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല’(ഖുർആൻ 51:56).

ആസക്തികളുടെ പിടിയിലാണ് നാം. അതുകൊണ്ട് ഇത്തരം ദുരാഗ്രഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കുക. അമിതഭാരം ഇല്ലാത്ത ഒരു മിതമായ പാതയിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പാക്കുക. വിജയത്തിനായി ഹ്രസ്വ- ദീർഘകാല ലക്ഷ്യങ്ങൾ സജ്ജമാക്കുക. സോഷ്യൽമീഡിയ/ ഗെയ്മിംഗ് ആപ്പുകളിൽനിന്ന് വിമുക്തരാകുക. യഥാർത്ഥ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുക, പ്രാർഥനയും ഖുർആൻ ഗ്രഹിക്കുന്നതും തുടരുക, ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുക, പ്രായപൂർത്തിയാകുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, നിങ്ങൾക്ക് ചോദ്യങ്ങളുണ്ടാകുമ്പോൾ പരിഭ്രാന്തരാകരുത്. പകരം അവ നിങ്ങളുടെ ധാരണയും അവബോധവും വികസിപ്പിക്കുന്ന അനുഗ്രഹങ്ങളായി കാണുക. ഇസ്‌ലാമിനെക്കുറിച്ചുള്ള വർധിച്ച അറിവും ലക്ഷ്യക്രമീകരണ പെരുമാറ്റങ്ങളും നിങ്ങൾക്ക് ഗുണം ചെയ്യും.
റബ്ബ് തന്ന വിരലും ബുദ്ധിയും സൗകര്യങ്ങളും ഉപയോഗിച്ച് നമ്മൾ ഷെയർ ചെയ്യുന്നതെല്ലാം നന്മയായിരിക്കണം. ഒരു കാലത്തും അവ ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ മറ്റു പടപ്പുകൾക്കോ മുറിവോ ദോഷമോ ഉണ്ടാക്കരുത്. ചെലവഴിക്കുന്ന സമയം ഇസ്‌ലാമിക അറിവുകൾ പഠിക്കാനും നമുക്ക് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും കൂടി സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയാൽ അതൊരു നന്മതന്നെയാണ്. എന്നാൽ കൈമാറ്റം ചെയ്യപ്പെടുന്ന കാര്യങ്ങളിൽ നല്ലൊരു ശതമാനവും സമയം കളയുന്നതും ദൈവിക സ്മരണയിൽനിന്ന് മാറ്റുന്നതും അതോടൊപ്പം ആർക്കും പ്രത്യേകിച്ച് ഉപകാരങ്ങൾ ഇല്ലാത്തതുമാണ്.

മനുഷ്യന്റെ വിലപ്പെട്ട സമയം അനാവശ്യ കാര്യങ്ങളിൽ തളച്ചിടുന്നത് അല്ലാഹു നൽകിയ അനുഗ്രഹത്തോടുള്ള നന്ദികേടാണ്. വിശ്വാസം സമ്പൂർണമാകുന്നതിന്റെ ലക്ഷണമാണ് അനാവശ്യ കാര്യങ്ങൾ ഒഴിവാക്കുന്ന ശീലം. അബൂഹുറൈറയുടെ നിവേദനമുണ്ട്; റസൂൽ(സ്വ) പറഞ്ഞു: ആവശ്യമില്ലാത്ത കാര്യങ്ങൾ വിട്ടുകളയുന്നത് ഇസ്‌ലാമിക മേന്മയിൽപെട്ടതാണ് (തിർമുദി).

ഡോ. ഫാദില

You must be logged in to post a comment Login