മാലപ്പാട്ടുകളുടെ സാമൂഹികതയും സാംസ്കാരികതയും

മാലപ്പാട്ടുകളുടെ സാമൂഹികതയും സാംസ്കാരികതയും

കേരളത്തിലെ പാരമ്പര്യ മുസ്‌ലിം ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യരൂപമാണ് മാലപ്പാട്ടുകള്‍. മഹത്്വ്യക്തിത്വങ്ങളെ പ്രമേയമാക്കി, അവരുടെ ജീവിത ശുദ്ധിയും പ്രധാന സംഭവങ്ങളും കോര്‍ത്തിണക്കുന്ന ഈരടികളാണ് മാലകളുടേത്. അധ്യാത്മികവും സാംസ്‌കാരികവുമായ മുസ്‌ലിം വ്യവഹാരത്തോട് കെട്ടിപ്പിണഞ്ഞു കിടക്കുന്നതോടുകൂടെ മുസ്‌ലിമേതര ജീവിതത്തിലും മാലപ്പാട്ടുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുവായ സാമൂഹിക അന്തരീക്ഷത്തോട് സംവദിക്കുന്ന കലാരൂപമായി മാലപ്പാട്ടുകള്‍ ഇതിനകം മാറിയിട്ടുണ്ട്.
ബ്രാഹ്മണമേധാവിത്വം ഭാഷയിലും മേല്‍ക്കോയ്മ നേടിയിരുന്ന കാലഘട്ടത്തിലാണ് മുഹിയുദ്ദീന്‍ മാല രചിക്കപ്പെടുന്നത്. ഭാഷയിലെ വിവേചനങ്ങളെക്കൂടി തിരുത്തുകയാണ് മുഹ്്യുദ്ദീൻ മാല ചെയ്തത്. ഉപ്പ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ അവർണനെ കൊന്നുതള്ളിയ സംഭവം പോലും കേരളത്തിലുണ്ടായിട്ടുണ്ട്. എഴുത്തച്ഛന്റെ അധ്യാത്മിക രാമായണവും ഖാളി മുഹമ്മദിന്റെ മുഹ്്യുദ്ദീന്‍ മാലയും എങ്ങനെയാണ് സാധാരണ ജീവിതത്തെ സ്വാധീനിച്ചത് എന്നതില്‍ നിന്നു തന്നെ മനസിലാക്കാം മാലപ്പാട്ടുകളുടെ സ്വീകാര്യത. എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന്റെ ഭാഷ സാധാരണക്കാർക്ക് വഴങ്ങിയിരുന്നില്ല. എന്നാല്‍ മുഹ്്യുദ്ദീന്‍ മാല സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ക്രോഡീകരിക്കപ്പെട്ടത്. സ്ത്രീകളും പുരുഷന്മാരും പണ്ഡിതന്മാരും കുട്ടികളും ഒരുപോലെ മാലപ്പാട്ടുകളെ നെഞ്ചിലേറ്റി. ഈയൊരു ജനകീയത കേരളക്കരയിലെ ഒരു സാഹിത്യ രൂപത്തിനും അവകാശപ്പെടാനില്ലാത്തത്ര മഹത്തരമായിരുന്നു. പ്രശസ്ത ജര്‍മന്‍ ചിന്തകനായ ആൻമേരി ഷിമ്മൽ മാലപ്പാട്ടുകളെ വിലയിരുത്തിയത് “പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി ഉയര്‍ന്നുവരികയും സമൂഹത്തില്‍ വ്യവഹാരം സ്ഥാപിക്കുകയും ചെയ്ത സാഹിത്യരൂപമാണ് മാല’ എന്നാണ്. സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാനുള്ള മാധ്യമമായും ചിലർ മാലകളെ ഉപയോഗപ്പെടുത്തി. എം ബാവ കുട്ടി രചിച്ച “ലോകനീതി മാല’ ഇതിനൊരുദാഹരണമാണ്. വലിയവനും ചെറിയവനുമിടയിലെ അന്തരങ്ങളെ നിശിതമായി വിമര്‍ശിക്കുകയാണ് “ലോകനീതിമാല’യില്‍ ഗ്രന്ഥകര്‍ത്താവ് ചെയ്തിട്ടുള്ളത്.

മാലയിലെ നൈതിക വശങ്ങള്‍:
ഖാദിരിയ്യ ത്വരീഖത്തിന് (അധ്യാത്മിക) കേരളക്കരയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മുഹ്്യുദ്ദീന്‍ ശൈഖിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്ന മാലയ്ക്ക് ഇത്രയേറെ പ്രചാരം ലഭിച്ചതും അതുകൊണ്ട് തന്നെയാണ്. സൂഫി ജീവിതങ്ങളിലൂടെ കണ്ടറിഞ്ഞ ഇസ്‌ലാമിന്റെ പൊരുളന്വേഷണമായിരുന്നു അമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുഹ്്യുദ്ദീന്‍ മാല. സൗഹാർദവും, സ്‌നേഹവും ജീവിതവിശുദ്ധിയും വിശ്വാസ്യതയും ഉയര്‍ത്തിക്കാട്ടുന്നതാണ് മാലയിലെ ഓരോ വരികളും. ഖാളി മുഹമ്മദ് മാലയില്‍ അഭിസംബോധനത്തിന് വേണ്ടി ഉപയോഗിച്ച വാക്കുതന്നെ “ലോകരേ’ എന്നാണ്. ജാതിവ്യവസ്ഥയില്‍ ഞെരിഞ്ഞമര്‍ന്ന സമൂഹത്തില്‍ ഈ സംബോധനരീതി വലിയൊരു വിപ്ലവമാണ് വരുത്തിത്തീര്‍ത്ത്.

“മുത്തും മാണിക്യവും
ഒന്നായ് കോര്‍ത്ത പോലെ
മുഹിയുദ്ദീന്‍ മാലയെ
കോര്‍ത്തന്‍ ഞാന്‍ ലോകരേ’

സവർണ ഭാഷയില്‍ പ്രകടമായിരുന്ന അസമത്വവും, അതിലെ സങ്കീര്‍ണമായ രീതികളും യുക്തിരഹിതമാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ഭാഷ എല്ലാവര്‍ക്കും ഉള്ളതാണെന്നും അതിന്റെ അനുവാചകര്‍ക്കിടയില്‍ വർണത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് നീതി അല്ലെന്നും ഇവിടെ പറയാതെ പറയുന്നുണ്ട്. മാല വിരചിതമാകുന്ന കാലത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം തീര്‍ത്തും ശോചനീയമായിരുന്നു. പോര്‍ച്ചുഗീസ് അക്രമണങ്ങളില്‍ പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ പട്ടിണിയിലും പരിവട്ടത്തിലുമാണ് കഴിഞ്ഞുകൂടിയത്.

“കളവ് പറയല്ല
എന്നുമ്മ ചൊന്നാരെ
കള്ളന്റെ കയ്യില്‍
പൊന്ന് കൊടുത്തോവര്‍’

എന്ന വരികള്‍ ആ കാലവുമായി ചേർത്തുവായിക്കുമ്പോൾ വലിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നുണ്ട്. വിഷമഘട്ടത്തില്‍ പോലും കാണിക്കേണ്ട നീതിബോധത്തെയാണ് ഖാളി മുഹമ്മദ് വരികളിലൂടെ ഓർമിപ്പിക്കുന്നത്. ഗുരു-ശിഷ്യ ബന്ധങ്ങളുടെ മഹത്വവും, മഹത്തുക്കളോട് കാണിക്കേണ്ട ആദരവും ഇടയ്ക്കിടക്ക് മാലയില്‍ പ്രതിപാദ്യ വിഷയമായി കടന്നു വരുന്നുണ്ട്.

“കേള്‍പ്പാന്‍ വിശേഷം
നമുക്കവര്‍ പോരിശ
കേള്‍പ്പിനെ ലോകരെ
മുഹ്്യുദ്ദീനെന്നോവര്‍ ‘

ലോകസമൂഹത്തോട് മുഹ്്യുദ്ദീന്‍ ശൈഖിന്റെ ജീവിതം നോക്കി ഇസ്‌ലാമിനെ മനസിലാക്കാനാണ് ഖാളി മുഹമ്മദ് ആവശ്യപ്പെടുന്നത്. കളങ്കരഹിതമായ വിശ്വാസധാരയെ പ്രതിനിധീകരിക്കുന്ന ഇത്തരം മഹത്തുക്കളാണ് ഇസ്‌ലാമിന്റെ ശരിയായ വക്താക്കള്‍. ഇസ്‌ലാം മുന്നോട്ടുവെച്ച പരിപാവനമായ സാഹോദര്യവും ധാര്‍മിക ബോധവും താഴ്ന്ന ജാതിക്കാരെ സംബന്ധിച്ചിടത്തോളം ജാതിപീഡകളിൽ നിന്നുള്ള മോചനത്തിന്റെ എളുപ്പ വഴിയായിരുന്നു. വർണങ്ങള്‍ക്കനുസൃതമായി റോഡുകളും വിദ്യാലയങ്ങളും വേര്‍തിരിക്കപ്പെട്ടിരുന്ന കേരളീയ സാഹചര്യത്തില്‍, വലിയവനും ചെറിയവനും ഒരേപോലെ പ്രാപ്യമായിരുന്ന മാലകൾ സാഹിത്യാവിഷ്കാരം എന്നതിലുപരി സാമൂഹികമായ ചില ധർമങ്ങൾ നിർവഹിക്കുന്നതുകാണാം. മുഹ്്യുദ്ദീന്‍ മാലയിലും നഫീസത്ത് മാലയിലും രിഫാഈ മാലയിലും ഇത്തരം നൈതികമൂല്യങ്ങളെ ഫലവത്തായി ആവിഷ്‌കരിച്ചതായി കാണാം. “നാഗരികതയുടെ നീണ്ട ചരിത്രമുള്ള ഒരു ദേശവും വിദേശികള്‍ക്ക് എളുപ്പം വഴങ്ങിക്കൊടുക്കാറില്ല’ എന്ന് എം എന്‍ റോയ് തന്റെ “ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്‌ലാം’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കടല്‍കടന്നെത്തിയ “മാപ്പിള’മാരുടെ ജീവിതശുദ്ധിയിലൂടെയായിരുന്നു ഇസ്‌ലാം താഴ്ന്ന ജാതിക്കാരന്റെയും ഭരണാധികാരികളുടെയും മനസില്‍ ഒരുപോലെ ഇടംപിടിച്ചത്.

സൂഫികളും സാഹിത്യവും
പ്രബോധന രീതികള്‍ക്കുള്ള മാധ്യമമായാണ് സൂഫികള്‍ സാഹിത്യത്തെ മനസിലാക്കിയത്. പ്രവാചകകാലഘട്ടം മുതല്‍ തന്നെ ഇത്തരം കവിതകള്‍ക്കും രചനകള്‍ക്കും വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. “ബാനത് സുആദയും’ “ബുര്‍ദയും’ ഇന്നും വിശ്വാസികളുടെ സ്‌നേഹപ്രവാഹത്തിന്റെ കുളിര്‍കാറ്റായി നിലകൊള്ളുന്നു. പിന്നീട് അറബിയല്ലാത്ത മറ്റു തദ്ദേശീയ ഭാഷകളിലും ഇത്തരം കൃതികള്‍ വിരചിതമാകാന്‍ തുടങ്ങി. പേര്‍ഷ്യയിലും ടര്‍ക്കിഷിലും ഉറുദുവിലുമുള്ള ഗസലുകളും ദിക്‌റ്‌നാമകളും വളരെയേറെ പ്രശസ്തമാണ്. അറബിമലയാളവും പ്രബോധനത്തിന്റെ പുതിയ മാധ്യമമായാണ് കടന്നുവരുന്നത്. അറിവ് പഠിച്ചവന്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കട്ടെ എന്ന പുതു ഭാഷയോളം വളര്‍ന്ന സാഹസത്തിന് കേരള പണ്ഡിതന്മാരെ പ്രാപ്തരാക്കിയത്. സൂഫി ഗീതങ്ങളില്‍ ഇത്തരം പ്രബോധന ശ്രമങ്ങളെ പ്രശംസനീയമായി അവതരിപ്പിക്കുന്നതുകാണാം.

“നാല്‍ പതിറ്റാണ്ടോളം
വഅള് പറഞ്ഞോവര്‍
നന്നായി തൊണ്ണൂറ്
കാലം ഇരുന്നോവര്‍’

ത്വരീഖത്തിന്റെ കേന്ദ്രങ്ങളായ “സൂഫിഖാന’കള്‍ മത ജാതി വ്യത്യാസമില്ലാതെ എല്ലാവിധ ജനങ്ങള്‍ക്കും ആശാ കേന്ദ്രങ്ങളായിരുന്നു. രോഗശമനത്തിനും സുഖപ്രസവത്തിനും ഇത്തരം ഖാനകളെയും സൂഫി കൃതികളെയും ജനങ്ങള്‍ ആശ്രയിച്ചിരുന്നതായി കാണാം. നഫീസത്ത് മാല ആ കാലഘട്ടത്തിലെ സ്ത്രീകള്‍ക്കിടയില്‍ വളരെയേറെ പ്രചുരപ്രചാരം നേടിയിട്ടുണ്ടായിരുന്നു. കൂട്ടം കൂടിയിരുന്ന് മാലകള്‍ പാടിപ്പറയുന്ന സംഘങ്ങള്‍ സ്ത്രീകള്‍ക്കിടയിലെ സാധാരണ കാഴ്ചയായിരുന്നു. അക്ഷരങ്ങള്‍ വായിക്കാനും മാലകള്‍ രചിക്കാന്‍ പോലും പ്രാപ്തിയുള്ള സ്ത്രീകൾ അന്നുമുതലേയുണ്ട്.

ക്രിസ്തുവര്‍ഷം 1607 ലാണ് മുഹ്്യുദ്ദീന്‍ മാല രചിക്കപ്പെടുന്നതെങ്കിലും ഒമ്പതാം നൂറ്റാണ്ടു മുതല്‍ക്കുതന്നെ അറബിമലയാളവും അതിന്റെ സാഹിത്യരൂപങ്ങളും വികാസം പ്രാപിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്‍ ഒ ആബു നിരീക്ഷിക്കുന്നുണ്ട്. മാപ്പിളമാര്‍ക്കിടയില്‍ കത്തിനിന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ വികാരം കൂടി അറബി മലയാള ഭാഷയുടെ ഉല്പത്തിക്ക് കാരണമായതിനാല്‍ ഒട്ടനേകം കൃതികള്‍ പോര്‍ച്ചുഗീസുകാര്‍ അഗ്‌നിക്കിരയാക്കുകയാണുണ്ടായത്. അങ്ങനെ ഒട്ടേറെ കൃതികള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ആധുനിക മലയാള രൂപീകരണത്തിന് മുമ്പുതന്നെ അറബി മലയാള ഭാഷയില്‍ സാഹിത്യ കൃതികള്‍ പിറവി കൊണ്ടിട്ടുണ്ടെന്നും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.1889ല്‍ മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ രചിക്കപ്പെടുന്നതിന് മുമ്പ് 1884ല്‍ പേര്‍ഷ്യന്‍ നോവലായ ചാര്‍ ദര്‍വീഷ് അറബി മലയാളത്തില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇത്രയും ജനകീയമായ അറബി മാലയാളവും മാലപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും ആസ്വാദകരുടെ കയ്യടി നേടി എന്നതിനുമപ്പുറം അതൊരു സമൂഹത്തിന്റെ ആത്മാവിഷ്‌കാരം കൂടിയായിരുന്നു. പിന്നീട് വന്ന സ്വയംപ്രഖ്യാപിത പരിഷ്‌കരണവാദികൾ മാലകളെയും മാലപ്പാട്ടുകളുടെയും മുസ്‌ലിം സാമൂഹിക ധാരയിൽനിന്ന് മാറ്റിനിര്‍ത്താന്‍ ഗൂഢമായ നീക്കങ്ങള്‍ നടത്തിയിട്ടുമുണ്ട്. പക്ഷേ, അതിലവർക്ക് വിജയിക്കാനാവില്ല. കേരള മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരമായ മാലപ്പാട്ടുകളെയും മാപ്പിളപ്പാട്ടുകളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.

സിറാജുദ്ദീൻ റസാഖ്

You must be logged in to post a comment Login