വൈകാരികത നിറഞ്ഞതായിരുന്നു മഅ്ദനിയും ഉസ്താദും തമ്മിലുള്ള 45 മിനുട്ട് നേരത്തെ കൂടിക്കാഴ്ച. ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉസ്താദിനോട് മഅ്ദനി പറഞ്ഞു : ‘ഉസ്താദേ, ഈ പീഢനങ്ങളെല്ലാം പരലോകത്തെ വിചാരണയും കഷ്ടപ്പാടുകളും എളുപ്പമാക്കാനുള്ള കാരണമായിത്തീരാന്‍ ദുആ ചെയ്യണം. മറ്റു ആലിമീങ്ങളോടും സയ്യിദന്മാ രോടും ദുആ ചെയ്യാന്‍ ഏല്പിക്കുകയും വേണം.’
എന്‍ കെ എം ശാഫി സഅദി
‘നിങ്ങളൊക്കെ എന്റെ കൂടെയുണ്ടല്ലോ? ഈ പീഡനങ്ങളും വേദനകളും മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ ധാരാളം. ഈ വരവു തന്നെ എന്നെ ആഹ്ളാദഭരിതനാക്കുന്നു,ഇവിടെ വന്ന ശേഷം എനിക്കിത്രമേല്‍ സന്തോഷം തോന്നിയ നിമിഷമുണ്ടായിട്ടില്ല’. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ വീല്‍ചെയറിലിരുന്ന് കാന്തപുരം ഉസ്താദിന്റെ കയ്യില്‍ മുത്തിയിട്ട്, അബ്ദുല്‍ നാസര്‍ മഅ്ദനി വിതുമ്പി.
‘ഉസ്താദിന്റെ ഒരു രൂപം മാത്രമാണെന്റെ കണ്ണില്‍ പതിയുന്നത്. ഉസ്താദിനെ മുമ്പ് കണ്ടതു പോലെയൊന്നുമല്ല ഇപ്പോള്‍ കാണുന്നത്, കാഴ്ച പാടെ മങ്ങിയിരിക്കുകയാണ്.’ വീല്ചെയറിനടുത്ത് നില്‍ക്കുകയായിരുന്ന ഉസ്താദിനെ, തൊട്ടടുത്ത് പിടിച്ചിരുത്തി മഅ്ദനി. തന്റെ കണ്ണട കസേരയില്‍ അഴിച്ചുവച്ച മുഖം ഉസ്താദിന്റെ നേര്‍ക്ക് നീട്ടി. പിന്നെ ഉസ്താദ് രണ്ടു കണ്ണുകളും തടവി. ദീര്‍ഘനേരം ഖുര്‍ആനും, ദിക്റുകളും ഓതി മന്ത്രിച്ചു.
ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടി, നീതി നിര്‍വ്വഹണ സ്ഥാപനങ്ങളുടെ മുന്നില്‍ യാചിച്ചു നില്ക്കുന്ന ഒരു മനുഷ്യന് മുന്നില്‍ ന്യായത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ കാരുണ്യവാനായ അല്ലാഹുവിലേക്കല്ലാതെ മറ്റെങ്ങോട്ട് മുഖം തിരിക്കാനാണ്?
2008 ജൂലൈ 25ന് ബാംഗ്ളൂരില്‍ നടന്ന സ്ഫോടന പരമ്പരയില്‍, വിചാരണത്തടവുകാരനായി നരകിക്കുന്ന മഅ്ദനിക്ക് ചികിത്സ ഉറപ്പു വരുത്തണമെന്നും, ഭരണഘടനാപരമായി അവകാശപ്പെട്ട ജാമ്യം ലഭിക്കാനാവശ്യമായ പശ്ചാത്തലമൊരുക്കണമെന്നും കര്‍ണ്ണാടക സര്‍ക്കാറിനോട് നേരില്‍ കണ്ടാവശ്യപ്പെടാനാണ് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബാംഗ്ളൂരിലെത്തിയത്. എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് പൊ•ള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്, മര്‍കസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, രിസാല പത്രാധിപര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ്എസ്എഫ് ദേശീയ കണ്‍വീനര്‍ അബ്ദുല്‍ റഊഫ് ബാംഗ്ളൂര്‍, ബാംഗ്ളൂര്‍ ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ശരീഫ് എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബാബരി-മണ്ഡല് പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയെന്ന മതപണ്ഡിതന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവരായിരുന്നു കേരളത്തിലെ ഒട്ടുമിക്ക മത-രാഷ്ട്രീയ സംഘടനകളും. തങ്ങളുടെ ചെറിയ ചെറിയ രാഷ്ട്രീയലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചും വലിച്ചെറിഞ്ഞും മഅ്ദനിയുടെ അനുകൂലികളും പ്രതികൂലികളും ആ മതപണ്ഡിതനെ ഭരണകൂടത്തിന് കൊത്തിയെടുക്കാന്‍ പാകത്തിന് ഇരയാക്കി വച്ചു കൊടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. വൈകാരികത നിറഞ്ഞ മഅ്ദനിയുടെ ആദ്യകാല പ്രഭാഷണങ്ങള്‍ ഇരപിടുത്തത്തിന് ഒരു നിമിത്തമായെന്നേയുള്ളൂ.
മുസ്ലിം സംഘടകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഈ കയ്യൊഴിയല്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മഅ്ദനി വേട്ട കൂടുതല്‍ എളുപ്പമുള്ളതാക്കി എന്ന നിരീക്ഷണം തെറ്റല്ല.പക്ഷേ, രാഷ്ട്രീയമായ വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളും മാറ്റിവച്ച്, മഅ്ദനി നേരിടുന്ന പൌരാവകാശ ധ്വംസനങ്ങളെക്കുറിച്ച് ജാഗ്രതയോടെയും തുടര്‍ച്ചയായും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതില്‍ ഉസ്താദ് മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന കേരളയാത്രയുടെ കാസര്‍ക്കോട്ടെ ഉദ്ഘാടന സമ്മേളനത്തില്‍ ഉസ്താദ് ഉന്നയിച്ച ആദ്യത്തെ ആവശ്യം മഅ്ദനിയുടേതായിരുന്നു.
വൈകാരികത നിറഞ്ഞതായിരുന്നു മഅ്ദനിയും ഉസ്താദും തമ്മിലുള്ള 45 മിനുട്ട് നേരത്തെ കൂടിക്കാഴ്ച. ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉസ്താദിനോട് മഅ്ദനി പറഞ്ഞു : ‘ഉസ്താദേ, ഈ പീഢനങ്ങളെല്ലാം പരലോകത്തെ വിചാരണയും കഷ്ടപ്പാടുകളും എളുപ്പമാക്കാനുള്ള കാരണമായിത്തീരാന്‍ ദുആ ചെയ്യണം. മറ്റു ആലിമീങ്ങളോടും സയ്യിദന്മാ രോടും ദുആ ചെയ്യാന്‍ ഏല്പിക്കുകയും വേണം.’
ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെയെയും, എ കെ ആന്റണിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ട് ഉസ്താദ് നടത്തിയ നീക്കങ്ങളെല്ലാം പത്രങ്ങളിലൂടെയും സന്ദര്‍ശകരിലൂടെയും കേട്ടറിഞ്ഞ മഅ്ദനി, ബലം ക്ഷയിച്ചു കൊണ്ടിരിക്കുന്ന കൈ, ഉസ്താദിന്റെ കയ്യിനോട് ആവുന്നത്ര നിവര്‍ത്തിപ്പിടിച്ച് കൊണ്ട് വീണ്ടും പറഞ്ഞു: ‘കോടതി നിര്‍ദേശപ്രകാരമുള്ള ചികിത്സകള്‍ നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കാട്ടിക്കൂട്ടലുകളേ ജയിലധികൃതര്‍ ചെയ്യുന്നുള്ളൂ. ആശുപത്രിയില്‍ കൊണ്ടുപോയി, രജിസ്ററില്‍ പേരെഴുതിഒപ്പിടുവിച്ച് തിരിച്ചു കൊണ്ടുവരും. തുടര്‍ ചികിത്സയോ പരിശോധനയോ നടക്കാറില്ല.’
‘നോക്കൂ’ മുറിവ് വന്ന് വ്രണം വന്ന് തുടങ്ങിയ വലതു കൈ ഉസ്താദിനെ കാട്ടി മഅ്ദനി തുടര്‍ന്നു – ശരീരത്തിലാകമാനം മുറിവുകളാണ്. ഷുഗറും പ്രഷറും കാരണം മുറിവുണങ്ങുന്നില്ല. ഇന്സുലിനെടുക്കുന്നുണ്ടെങ്കിലും ശരീരമനങ്ങാതെയിരിക്കുന്നതിനാല് ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു. മൂക്കിലെ പഴുപ്പ്, ചികിത്സ കിട്ടാത്തതു കാരണം തലച്ചോറിനെയും ബാധിക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹം.’രാവിലെ കര്‍ണ്ണാടക മുഖ്യമന്ത്രിയെയും, ആഭ്യന്തര വകുപ്പ് മന്ത്രിയെയും കണ്ട വിവരം ഉസ്താദ് മഅ്ദനിയെ ധരിപ്പിച്ചു. ജാമ്യക്കാര്യത്തില്‍ നിയമത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് അനുകൂല നിലപാടെടുക്കാമെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിച്ച കാര്യം ഉസ്താദ് ഉണര്‍ത്തി.’ഈ വിഷയത്തില്‍ മനുഷ്യത്വപരമായ ഒരു നിലപാടെടുക്കണമെന്നാഗ്രഹമുള്ള വ്യക്തിയാണദ്ദേഹം’. മഅ്ദനിയും പറഞ്ഞു.പോരാനൊരുങ്ങവെ പ്രാര്‍ത്ഥിക്കണമെന്ന് കൈപിടിച്ചു കൊണ്ട് വീണ്ടും മഅ്ദനിയുടെ അപേക്ഷ. എഴുന്നേറ്റ് നിന്ന ഉസ്താദും സംഘവും അവിടെ തന്നെ ഇരുന്നു. ഉസ്താദ് ഫാതിഹ വിളിച്ചു. ഖുര്‍ആനോതി. പിന്നെ ദീര്‍ഘമായി തന്നെ പ്രാര്‍ത്ഥിച്ചു.മനുഷ്യ നിര്‍മിത നിയമങ്ങള്ക്കല്ലേ തെളിവും ഉപജാപങ്ങളുമൊക്കെയുള്ളൂ. അല്ലാഹുവിന്റെ നിയമത്തിനും കാരുണ്യത്തിനും പരിധികളില്ലല്ലോ.
ഉസ്താദ് ദുആ ചെയ്ത് തീരുമ്പോള്‍ മഅ്ദനിയുടെ കുപ്പായം നനഞ്ഞ് കുതിര്‍ന്നിട്ടുണ്ടായിരുന്നു. അബ്ദുല്‍ നാസര്‍ മഅ്ദനി ജയിലിലെത്തിയ ശേഷം കേരളത്തിലും, കര്‍ണ്ണാടകത്തിലുമായി നടന്ന നിരവധി ഇടപെടലുകളുടെ ഭാഗഭാക്കായോ, സാക്ഷിയായോ ഈ കുറിപ്പുകാരനും ഒപ്പമുണ്ടായിരുന്നു. പക്ഷേ, ഇത്രമേല്‍ വൈകാരികതയും, അതേ സമയം തന്നെ കണിശവും ജനകീയവുമായ ഒരിടപെടല്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പത്രപ്രസ്താവനകളിലും പ്രമേയങ്ങളിലും ഒതുങ്ങി നില്ക്കുന്ന പിന്തുണയല്ല മഅ്ദനിക്കാവശ്യം. സന്ദര്‍ശനത്തിനു ശേഷം ബാംഗ്ളൂരില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഉസ്താദ് തന്നെ അക്കാര്യം പറയുകയുണ്ടായി.
കഴിഞ്ഞ പത്തൊമ്പതാം തിയ്യതി രാവിലെ എട്ടുമണിക്ക് ബാംഗ്ളൂരിലെത്തിയ ഉസ്താദ് തന്റെ ദിനചര്യകളും ജോലിത്തിരക്കുകളും മാറ്റിവച്ച് സഹപ്രവര്‍ത്തകരെയും കൂട്ടി, വിധാന്‍ സൌധയിലും ആഭ്യന്തര വകുപ്പ് മന്ത്രിയുടെ സ്വകാര്യ വസതിയിലും ഒടുവില്‍ നഗര പ്രാന്തപ്രദേശത്തുള്ള പരപ്പന അഗ്രഹാര ജയിലിലും മടിയേതും കൂടാതെ കാത്തിരുന്നും, കാര്യങ്ങള്‍ വിശദീകരിച്ചും ഓടി നടക്കുകയായിരുന്നു. പ്രാതല്‍ കഴിച്ചാല്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്താന്‍ വൈകുമെന്നറിഞ്ഞപ്പോള്‍ ഉസ്താദ് പറഞ്ഞു: ‘എന്നാലത് പിന്നീടാകാം’. ഒടുവില്‍ ഭക്ഷണം കഴിക്കുമ്പോള്‍ സമയം 4 മണി. മര്‍കസ് സമ്മേളനത്തിരക്കിനിടയിലും, മഅ്ദനിയുടേത് പോലുള്ള പൌരാവകാശ പ്രശ്നത്തില്‍ ഇങ്ങിനെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ മാത്രം ജാഗ്രതയുള്ള എത്ര നേതാക്കളുണ്ട് നമുക്ക്?
മഅ്ദനിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയും ജാമ്യക്കാര്യവും ഉണര്ത്തിക്കഴിഞ്ഞ ശേഷം ഉസ്താദ്, ആഭ്യന്തര മന്ത്രിയോട് മര്കസിനെയും, മര്‍കസ് സമ്മേളനത്തെയും കുറിച്ചും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ രണ്ടാമത് പറഞ്ഞ കാര്യത്തിലേക്ക് മാത്രമായിപ്പോകുമോ എന്ന് വിചാരിച്ചാവണം ഇറങ്ങാന്‍ നേരത്തെ ഉസ്താദ് വീണ്ടും പറഞ്ഞു: Madani’s Issue is more important for me.
മഅ്ദനി നേരിടുന്ന പൌരാവകാശ ധ്വംസനങ്ങളെ ഫലപ്രദമായി നേരിടാനും, നീതിനിര്‍വ്വഹണ സ്ഥാപനങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യശോഷണത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനും, ഉസ്താദിന്റെ ഇടപെടലുകള്‍ നമുക്ക് പ്രചോദനമാകട്ടെ.
(കര്‍ണാടക വഖ്ഫ് ബോര്‍ഡ് വൈസ് ചെയര്‍മാനായ ലേഖകന്‍, എസ്എസ്എഫ് കര്‍ണ്ണാടക സംസ്ഥാന മുന്‍ പ്രസിഡന്റുമാണ്.)
You must be logged in to post a comment Login