മോഹക്കെണികളിൽ തലവെക്കുംമുമ്പ്

മോഹക്കെണികളിൽ തലവെക്കുംമുമ്പ്

ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ ലോകത്ത് വര്‍ധിച്ചുവരികയാണ്. ധനസമ്പാധനത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് ആരംഭിക്കാമെന്ന് തോന്നുന്നു.

ജോലി ചെയ്തും അധ്വാനിച്ചും ന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുകയും അതിനെ സമൂഹത്തിന്റെ ഗുണത്തിനും നന്മക്കും വേണ്ടി ഉപയോഗിക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ പൊതുവായ കാഴ്ചപ്പാട്. കച്ചവടം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ മനുഷ്യന്‍ അധ്വാനിച്ച് പണം സമ്പാദിക്കണമെന്നാണ് ഇസ്‌ലാം പറയുന്നത്. കര്‍മശാസ്ത്രത്തില്‍ ഏറ്റവും നല്ല ജോലി ഏതാണെന്ന ഒരു ചര്‍ച്ചയുണ്ട്. കൃഷിയാണെന്നും കച്ചവടമാണെന്നും അഭിപ്രായമുണ്ട്. ഓരോ നാട്ടിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഈ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ഭക്ഷ്യക്ഷാമം അനുഭവിക്കുന്നിടത്ത് കൃഷിയാണ് ഏറ്റവും നല്ല ജോലി. സാമ്പത്തികമായി പ്രശ്‌നങ്ങളുള്ളിടത്ത് ബിസിനസാണ് നല്ല വഴി. ഉത്പന്നങ്ങള്‍ വേണ്ടിടത്ത് വ്യവസായവും. കാര്‍ഷികവൃത്തിയാണ് ഏറ്റവും നല്ല തൊഴിലെന്ന് ഇമാം നവവി(റ) വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ദീഖും(റ) ഉമറും(റ) അടങ്ങുന്ന റസൂലിന്റെ(സ്വ) ഏറ്റവും അടുത്ത സഹചാരികള്‍ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടവരാണ്. ഉമറിന്റെ(റ) ഭരണകാലത്ത് ഒരു പ്രശ്നത്തിന്റെ ഇസ്‌ലാമിക കാഴ്ചപ്പാട് ചെറുപ്പക്കാരായ പല സ്വഹാബികള്‍ അറിഞ്ഞിരുന്നിട്ടും ഉമര്‍(റ) അറിയാതെ പോയ ഒരു സംഭവം ബുഖാരിയിൽ കാണാം. കച്ചവടത്തില്‍ മുഴുകിയതുകൊണ്ടാണ് താനത് അറിയാതെപോയതെന്ന് ഉമര്‍(റ) പറയുന്നുണ്ട്.

പലായനം ചെയ്തുവന്ന മക്കക്കാരെ മദീനക്കാർ വലിയ തോതില്‍ സഹായിച്ചിരുന്നു. ചിലർ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനുപകരം മദീനയിലെ വിപണിയെ പരിചയപ്പെടുത്തിത്തരാനായിരുന്നു അഭ്യർത്ഥിച്ചത്. അവർക്ക് മാർക്കറ്റ് രീതി അറിഞ്ഞാൽ മതിയായിരുന്നു. മക്കക്കാരിൽ പ്രമുഖനായ അബ്ദുറഹ്മാന്‍ ഔഫ്(റ) അത്തരം ഒരാളായിരുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ ധനികരില്‍ ഒരാളായി അബ്ദുറഹ്മാന്‍ ഔഫ്(റ) വളര്‍ന്നു. റസൂലിന്റെ(സ്വ) നിര്യാണാനന്തരം നബിപത്നിമാരുടെ ചെലവുകളില്‍ വലിയൊരു വിഹിതവും ഏറ്റെടുത്തത് അബ്ദുറഹ്മാന്‍ ഔഫ്(റ) ആയിരുന്നു.

കച്ചവടം നടത്തുന്നവരെ റസൂൽ(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു. ഉര്‍വതുല്‍ ബാരി(റ) പറയുന്നു: “അല്ലാഹുവിന്റെ റസൂല്‍(സ്വ) എനിക്കൊരിക്കല്‍ ഉള്ഹിയത് അറുക്കാനുള്ള ഒരു മൃഗം വാങ്ങാന്‍ വേണ്ടി ദീനാര്‍ നല്‍കി. ഞാന്‍ അതുകൊണ്ട് രണ്ട് ആടിനെ വാങ്ങി. ഒന്നിനെ ഒരു ദീനാറിന് വില്‍ക്കുകയും ചെയ്തു. അങ്ങനെ റസൂലിന്റെ(സ്വ) അടുത്തേക്ക് ഒരു ദീനാറും ഒരു ആടുമായി ഞാന്‍ ചെന്നു. റസൂൽ(സ്വ) ഏറെ സന്തുഷ്ടനായി. എന്റെ കച്ചവടത്തില്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി പ്രാർഥിക്കുകയും ചെയ്തു. അതിനുശേഷം ഉര്‍വതുല്‍ ബാരി(റ) മണ്ണ് കച്ചവടം നടത്തിയാലും ലാഭം ലഭിക്കുമായിരുന്നു. ഇത്തരത്തില്‍ വ്യാപാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ റസൂൽ(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു.

നിക്ഷേപം
നിക്ഷേപങ്ങളുടെ സാധ്യത വര്‍ധിച്ചുവരികയാണ്. എന്താണ് നിക്ഷേപങ്ങളോടുള്ള കാഴ്ചപ്പാട്?

ഭാവിയില്‍ കൂടുതല്‍ പണം ലഭിക്കാന്‍ വേണ്ടി ധനം ചെലവഴിച്ച് ഒരു വസ്തുവോ ഉപകാരമോ ഉടമപ്പെടുത്തുന്ന രീതിയെയാണ് പൊതുവെ നിക്ഷേപം കൊണ്ടുദ്ദേശിക്കുന്നത്. ഭാവിയില്‍ നാഷണല്‍ ഹൈവേ വരുമെന്ന് മനസിലാക്കി അതിനടുത്ത് ഒരു സ്ഥലം വാങ്ങി വെക്കുന്നത് ഒരു നിക്ഷേപമാണ്. ഇത്തരത്തില്‍ അല്ലാഹു അനുവദിച്ച മാര്‍ഗങ്ങളില്‍, അനുവദനീയ വഴികളിലൂടെ നിക്ഷേപം നടത്താം. നിക്ഷേപങ്ങളുടെ രീതിയനുസരിച്ച് ഇസ്‌ലാം അനുയോജ്യമായ നിയമങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ലാഭക്കൂറ് കച്ചവടമാണെങ്കില്‍ ലാഭവിഹിതം മുന്‍കൂട്ടി അറിഞ്ഞിരിക്കണമെന്ന നിബന്ധനയുണ്ട്. എല്ലാ നിബന്ധനകളും പാലിച്ച് കച്ചവടം നടത്തുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യം തന്നെയാണ്. കൂറ് കച്ചവടം നടത്തുന്നവർക്ക്, വഞ്ചനയില്ലാത്ത കാലത്തോളം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും.

ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചരിച്ചു കൊണ്ടിരിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സംവിധാനമാണ് Q net. ഹോം ലിവിംഗ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, പഴ്സണല്‍ കെയര്‍ ആന്റ് ബ്യൂട്ടി, വാച്ചസ് & ജ്വല്ലറി വിഭാഗങ്ങളിലായി നാനൂറോളം ഉല്പന്നങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിപണനം നടത്തുന്നത്. ഈ ഉത്പന്നങ്ങള്‍ നമുക്കും വില്‍പ്പന നടത്തി ലാഭമുണ്ടാക്കാന്‍ പറ്റും. ഇതിനായി നമ്മള്‍ ട്രാക്കിങ് സെന്ററുകള്‍ വാങ്ങണം. ഈ വാങ്ങുന്നത് അല്ലെങ്കില്‍ വില്‍ക്കാനുള്ള അവകാശം ഉടമപ്പെടുത്തുന്നത് ഇസ്‌ലാമികമായി അനുവദനീയമാണോ?

ഒരു വലിയ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഉപയോഗിച്ച് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള അധികാരമാണ് ഒരു ഫ്രാഞ്ചൈസി ഉടമപ്പെടുത്തുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. അതിനുവേണ്ടി വലിയൊരു തുക കമ്പനിക്ക് നല്‍കേണ്ടിയും വരും. ഭാരത് പെട്രോളിയത്തിന്റെ ഔട്ട്‌ലെറ്റ് ഇല്ലാത്തൊരിടത്ത് പുതുതായി ഒരു ഔട്ട്‌ലെറ്റ് തുടങ്ങാന്‍ വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചെന്ന് കരുതുക. ജനങ്ങള്‍ക്ക് വേഗം എത്തിപ്പെടാന്‍ സാധിക്കുന്ന രൂപത്തില്‍ കമ്പനി ഉദ്ദേശിക്കുന്ന വിശേഷണങ്ങളൊക്കെ ഒത്തുവന്ന ഒരു സ്ഥലം നമുക്ക് സ്വന്തമായി ഉണ്ടാവുകയും, മറ്റു നിബന്ധനകള്‍ കൂടെ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ ഔട്ട്‌ലെറ്റ് ആരംഭിക്കാം. അതിനായി നാം ഒരു തുക നല്‍കേണ്ടി വരും. ഈ തുക ഒന്നുകില്‍ ഒരു സെക്യൂരിറ്റി എന്ന നിലക്ക് നല്‍കുന്ന ഡെപ്പോസിറ്റ് ആകാം. ഇടപാട് അവസാനിപ്പിക്കുന്ന സമയത്ത് ഈ പണം തിരികെ നല്‍കും. ഈ ഉപഭോക്താവിന്റെ ഇടപാടിലൂടെ കമ്പനിക്ക് സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ ഡെപ്പോസിറ്റ് തുകയില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്യും.

എന്നാല്‍, ഇത്തരത്തില്‍ അടച്ച തുക തിരിച്ചുനല്‍കാത്ത കമ്പനികളുമുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള ഒരു അവകാശമാണ് അവര്‍ ഈ തുകയ്ക്ക് പകരമായി നല്‍കുന്നത്. ഈ അവകാശം പൂര്‍ണമായും പണം നല്‍കിയ വ്യക്തിക്ക് നല്‍കുകയാണെങ്കില്‍ അതൊരു അവകാശ കൈമാറ്റമാണ്. ഇത്തരം അവകാശ കൈമാറ്റങ്ങള്‍ ആകാമെന്ന് ഇമാം ശര്‍വാനി(റ) പറയുന്നുണ്ട്. കമ്പനി ഉദ്ദേശിക്കുന്ന സമയത്ത് ഈ അവകാശം തിരിച്ചുനല്‍കേണ്ടി വരികയോ അല്ലെങ്കില്‍ നിബന്ധനകള്‍ ലംഘിച്ച കാരണത്താല്‍ അവകാശം തിരിച്ചെടുക്കുകയോ ചെയ്യുന്ന രീതിയിലാണെങ്കില്‍ അത് മതപരമായി പാടുള്ളതുമല്ല. ചോദ്യത്തില്‍ പ്രസ്താവിച്ച ബിസിനസ് സ്ഥാപനം ഏത് രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നു മനസിലാക്കി വേണം ഉത്തരം ബന്ധിപ്പിക്കാൻ.

കുടുങ്ങിയോ, പുതിയവരെ ചേർക്കൂ!
ഒരു ട്രാക്കിങ് സെന്റര്‍ ലഭിക്കാന്‍ വേണ്ടി നാം നല്‍കേണ്ട തുക 60000 രൂപയാണ് (കിട്ടിയ കണക്കുകള്‍ പ്രകാരം). അത് പിന്നീട് തിരിച്ചു നല്‍കുകയൊന്നുമില്ല. അവരുടെ ഉത്പന്നങ്ങള്‍ നമുക്ക് വില്‍ക്കാം. ഇത്തരത്തില്‍ ട്രാക്കിങ് സെന്റര്‍ വാങ്ങാന്‍ കൂടുതലാളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അവര്‍ ട്രാക്കിംഗ് സെന്റര്‍ എടുക്കുന്നതിലൂടെ നമുക്ക് പണം ലഭിക്കുകയും ചെയ്യും.

Q net അടക്കമുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തി ലാഭം ഉണ്ടാക്കുന്നവര്‍ വളരെ കുറവാണ്. ഇല്ലെന്നുതന്നെയാണ് മനസിലാകുന്നത്. പതിനായിരം രൂപയ്ക്ക് ലഭിക്കുന്ന വസ്തുക്കള്‍ കമ്പനിയുടെ ബ്രാന്‍ഡില്‍ അമ്പതിനായിരത്തിനു ന് മുകളിലാണ് വില പറയുന്നത്. ഇതെങ്ങനെ വില്‍ക്കാന്‍ സാധിക്കും? അതുകൊണ്ടുതന്നെ ട്രാക്കിങ് സെന്റര്‍ വാങ്ങിയ ആളുകളെല്ലാം പുതിയ ആളുകളെ ഇതിലേക്ക് ചേര്‍ക്കാനാണ് ശ്രമിക്കുന്നത്. ട്രാക്കിംഗ് സെന്റര്‍ വാങ്ങുന്നതിലൂടെ മോഹനവാഗ്ദാനങ്ങള്‍ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ട്രാക്കിങ് സെന്റര്‍ വാങ്ങാന്‍ വേണ്ടി നാം കൊടുക്കുന്ന പണത്തിലൂടെ ന്യായമായ ഒരു അവകാശവും നമുക്ക് ലഭിക്കുന്നില്ല/ നാം ഉടമപ്പെടുത്തുന്നില്ല. പ്രസ്തുത ഇടപാട് തന്നെ അസാധുവാകാന്‍ ഈ മോഹന വാഗ്ദാനങ്ങള്‍ കാരണമാകും.

വിയർക്കേണ്ട, പണംവരും
Q net-ല്‍ മറ്റൊരാളെ ചേര്‍ക്കുന്നതിലൂടെയല്ല, നമുക്ക് പണം ലഭിക്കുന്നത്. മറിച്ച്, നമ്മുടെ രണ്ട് ഭാഗങ്ങളിലായി ചേര്‍ക്കപ്പെട്ട ട്രാക്കിങ് സെന്ററുകളുടെ ബിസിനസ് വാല്യൂ 3000 മുതലുള്ള അക്കം കടക്കുമ്പോഴാണ് നമുക്ക് തുക ലഭിക്കുന്നത്.

ഇവിടെയും നമ്മുടെ നേരിട്ടുള്ള ജോലി മുഖേനയല്ല പണം ലഭിക്കുന്നത്. നമ്മുടെ ട്രാക്കിങ് സെന്ററിന്റെ രണ്ടു ഭാഗങ്ങളിലായി ട്രാക്കിങ് സെന്റര്‍ വാങ്ങിയ ആളുകള്‍ പുതിയ ആളുകളെ ചേര്‍ക്കുന്ന സമയത്ത്, നമ്മുടെ ഇടത് വലത് ഭാഗങ്ങളില്‍ ബിസിനസ് വാല്യൂ ഒത്തുവരുമ്പോഴാണ് പണം ലഭിക്കുന്നത്. ഇവിടെ നമ്മുടെ നേരിട്ടുള്ള അധ്വാനമില്ലെന്നത് വ്യക്തമാണല്ലോ.

ബിസിനസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ജോലി ഒരു പ്രതിഫലം നിശ്ചയിക്കാന്‍ മാത്രം മൂല്യമുള്ള ജോലി ആണെങ്കില്‍ മാത്രമേ പ്രസ്തുത ജോലിക്ക് കൂലി വാങ്ങാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ. കേവലമൊരു വിളിക്ക് വേണ്ടിയോ ഫോണ്‍ നമ്പര്‍ കൈമാറിയതിനോ റഫറന്‍സ് നമ്പര്‍/ലിങ്ക് അയച്ചതിനോ കൂലി വാങ്ങാന്‍ അര്‍ഹതയുണ്ടാവുകയില്ല.

ഈ ലഭിക്കുന്ന തുകയൊക്കെ ഒരു നിക്ഷേപത്തിന്റെ ലാഭമായി ലഭിക്കുന്നതാണ് എന്ന് പറയുന്നതുകേള്‍ക്കാറുണ്ട്. അങ്ങനെയാകുമ്പോള്‍ അനുവദനീയമാകുമോ?
ഒരാള്‍ ജോലി ചെയ്യുകയും മറ്റൊരാള്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്ന പാര്‍ട്ണര്‍ഷിപ് മോഡലിന് “ഖിറാള്’ എന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം വിശേഷിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഇടപാടുകളില്‍ കമ്പനിക്കുണ്ടാകുന്ന ലാഭത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന വിഹിതം നേരത്തെ പറഞ്ഞുറപ്പിക്കേണ്ടതുണ്ട്. ഒരു നിശ്ചിതസംഖ്യ കണക്കാക്കുന്നത് അനുവദനീയമല്ല. ചോദ്യത്തില്‍ പറഞ്ഞ Qnet ന്റെ ഘടനയില്‍ അത്തരമൊരു നിക്ഷേപം ഇല്ല. മാത്രവുമല്ല, ലഭിക്കുന്ന വിഹിതം ലാഭത്തിന്റെ ഇത്ര ശതമാനമാണെന്ന് മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചിട്ടുമില്ല. ഈ ന്യായം അപ്രസക്തമാണ്.
മുന്‍പും ഇതുപോലുള്ള ചതികളില്‍ കേരളീയസമൂഹം അകപ്പെട്ടു പോയിട്ടുണ്ട്. LR Trading എന്ന പേരില്‍ ഉപഭോക്താക്കള്‍ക്ക് മോഹനവാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം തട്ടിയെടുത്തത് ഇത്തരം തന്ത്രങ്ങളിലൂടെയായിരുന്നു. പുതുതായി ക്രിപ്‌റ്റോ കറന്‍സി അടക്കം രംഗത്തിറക്കുമെന്ന് അവര്‍ വ്യാജ വാഗ്ദാനം നല്‍കി. എല്ലാത്തിനും നിക്ഷേപമെന്ന പേരായിരുന്നു പ്രയോഗിച്ചിരുന്നത്. ഈ ബിസിനസ് ഒക്കെ ശുദ്ധതട്ടിപ്പാണെന്ന് പിന്നീടെല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും.
റസൂൽ(സ്വ) വഞ്ചനക്ക് സാധ്യതയുള്ള കച്ചവടങ്ങളെ വിലക്കിയിട്ടുണ്ട്. നമ്മുടെ ഭൗതികമായ സുരക്ഷ കൂടെ ഈ വാക്കിലൂടെ റസൂൽ(സ്വ) ഉറപ്പുവരുത്തുന്നുണ്ട്. ഇസ്‌ലാം നിര്‍ദേശിക്കുന്ന നിയമങ്ങളൊക്കെ പാലിച്ച് ഒരു ബിസിനസ് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതില്‍ വഞ്ചിക്കപ്പെടാനുള്ള വഴികളുണ്ടാവുകയില്ല.

പുതിയ സാധ്യതകൾ
Q net അടക്കം ഒരുപാട് കമ്പനികള്‍ ഡയറക്റ്റ് സെല്ലിങ്ങിന്റെ സാധ്യതകളെയാണ് മേന്മയായി പറയുന്നത്. ഈ സാധ്യതകളെ നമുക്ക് ഇസ്‌ലാം അനുവദിക്കുന്ന മാര്‍ഗത്തിലൂടെ പ്രയോഗവത്കരിക്കാനുള്ള വഴികള്‍ മുന്നിലുണ്ടോ?
അനുദിനം നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്. ചില നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ തലപ്പത്തിരിക്കുന്നവര്‍ ക്രിമിനലുകളും വിലാസമില്ലാത്തവരുമാണ്. അവരുടെ ഏജന്റ് ആയി ലാഭമൊന്നുമുണ്ടാക്കാന്‍ കഴിയാതെ വഞ്ചിക്കപ്പെടുന്നതിന് പകരം, ഇത്തരം നിക്ഷേപങ്ങളില്‍ ഉത്സാഹിക്കുന്നവര്‍, അധ്വാനിക്കാന്‍ തത്പരരായ ആളുകള്‍, ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതന്മാരുമായും മാര്‍ക്കറ്റ് നിലയറിയുന്ന സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചിച്ച് തീരുമാനത്തിലെത്തുകയാണ് വേണ്ടത്. അത്തരം കൂടിയാലോചനകള്‍ ഒരുപാട് സാധ്യതകളെ വെളിച്ചത്ത് കൊണ്ടുവരും.
ഇസ്‌ലാമിക് ബാങ്കിങ്ങിലെ നിരവധി മാര്‍ഗങ്ങള്‍ അത്തരം കൂടിയാലോചനകളുടെ ഭാഗമായി ഉണ്ടായിത്തീര്‍ന്നവയാണ്. Lease and Ownership ഒരു ഉദാഹരണമാണ്. വര്‍ഷങ്ങളായി വാടക നല്‍കുന്നതോടൊപ്പം തന്നെ ഇടപാട് അവസാനിപ്പിക്കുന്ന സമയത്ത് പ്രസ്തുത പ്രോപ്പര്‍ട്ടിയുടെ ഉടമാവകാശം കൂടെ ലഭിക്കുന്ന രീതിയാണത്. അതുപോലെ ലോണ്‍ എടുത്ത് പലിശ വരുന്ന രൂപമാണ് സാമ്പ്രദായിക ബാങ്കിങ് രീതിയിലുള്ളത്. ഇസ്‌ലാമിക് ബാങ്കിങ്ങില്‍ നമുക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ ബാങ്ക് വാങ്ങുകയും, അല്‍പം വലിയ വിലക്ക് അവധി നിര്‍ണയിച്ചുകൊണ്ട് നമുക്ക് വില്‍ക്കുകയും ചെയ്യുന്ന രൂപമാണുള്ളത്. ഇതില്‍ പലിശ വരുന്നില്ല. ഇത്തരത്തില്‍ ഡയറക്റ്റ് സെല്ലിങ്ങിന്റെ സാധ്യതകളെ കണ്ടെത്താനും പ്രയോഗവത്കരിക്കാനുമുള്ള കൂടിയാലോചനകളാണ് പ്രാഥമികമായി നടത്തേണ്ടത്.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ/ ശഫീഖ് നൂറാനി സഖാഫി

You must be logged in to post a comment Login