2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുകയും പിന്നീടിങ്ങോട്ട് തീര്‍ത്തും ഏകപക്ഷീയമായും ഒരു പരിധിവരെ ഏകാധിപത്യപരമായും ഭരിക്കുകയും ചെയ്ത, ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പരാജയത്തിന്റെ രുചിയറിഞ്ഞ വര്‍ഷമാണ് കടന്നുപോയത്. ഇതിനിടെ, പല സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ബി ജെ പി പരാജയം രുചിച്ചിരുന്നുവെങ്കിലും അതൊന്നും നരേന്ദ്രമോഡിയുടെയോ രണ്ടാമനായ അമിത് ഷായുടെയോ പരാജയമായി വിലയിരുത്തപ്പെട്ടില്ല. അതേസമയം ഇക്കാലത്തിനിടെ ബി ജെ പി നേടിയ എല്ലാ തിരഞ്ഞെടുപ്പ് വിജയങ്ങളുടെയും ക്രെഡിറ്റ് നല്‍കപ്പെട്ടത് ഇവര്‍ക്കിരുവര്‍ക്കുമായിരുന്നു താനും. തിരഞ്ഞെടുപ്പ് തോല്‍വികളല്ലാതെ, മറ്റൊരു വേദിയിലും വലിയ പരാജയം രുചിക്കേണ്ടിവന്നിരുന്നില്ല നരേന്ദ്രമോഡിക്കും അദ്ദേഹം നേതൃത്വം നല്‍കിയ സര്‍ക്കാരിനും. എടുത്ത തീരുമാനങ്ങള്‍, അതെത്ര വിവേകശൂന്യമായതായാലും അതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഭരണകൂടം. ജനത്തെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുകയും സമ്പദ്്വ്യവസ്ഥയെ ഇപ്പോഴും തിരിച്ചുവരാന്‍ കഴിയാത്ത വിധം തളര്‍ത്തുകയും ചെയ്ത, പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യങ്ങളിലൊന്നുപോലും കൈവരിക്കാന്‍ സാധിക്കാതെ പോയ നോട്ടുപിന്‍വലിക്കലിന്റെ പേരില്‍ ഏതെങ്കിലും വിധത്തിലുള്ള പശ്ചാത്താപം തീരുമാനമെടുത്ത പ്രധാനമന്ത്രിയോ അതിനെ സര്‍വാത്മനാ പിന്തുണച്ച സംഘപരിവാരമോ പ്രകടിപ്പിച്ചിട്ടുമില്ല.
കരാര്‍ തിരുത്തുന്നതില്‍ അനാവശ്യധൃതി കാണിച്ച്, രാജ്യത്തിന് കൈവരുമായിരുന്ന സാങ്കേതികവിദ്യ വേണ്ടെന്നുവെച്ച്, അനില്‍ അംബാനിയുടെ മുന്‍പരിചയമൊന്നുമില്ലാത്ത തട്ടിക്കൂട്ട് കമ്പനിക്ക് പങ്കാളിത്തമനുവദിക്കാന്‍ തീരുമാനിച്ച റഫാല്‍ ഇടപാടില്‍ അന്വേഷണം നടത്താന്‍ പാകത്തിലൊന്നും കണ്ടെത്താതിരുന്ന കോടതിയും കരാറില്‍ അഴിമതിയുടെ സാധ്യതയൊന്നും കണ്ടെത്താതിരുന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ എണ്ണം പോലും കുറച്ച് കേന്ദ്ര സര്‍ക്കാരിനെ തുണയ്ക്കാന്‍ സി ആന്‍ഡ് എ ജി മടിച്ചിട്ടില്ല) സര്‍വാധികാരിയുടെ ഇംഗിതാനുസാരികളാണ് തങ്ങളെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പെടെയുള്ള ഇതര ഭരണഘടനാ സ്ഥാപനങ്ങളുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. വര്‍ഗീയ ഫാഷിസ്റ്റ് ഭരണകൂടവും അതിനെ ചലിപ്പിക്കുന്ന സംഘപരിവാരവും അത് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്ര സ്ഥാപനവുമാണ് മറ്റെല്ലാറ്റിനെക്കാളും എതിര്‍ക്കപ്പെടേണ്ടത് എന്ന് തിരിച്ചറിഞ്ഞ് യോജിച്ചുനില്‍ക്കാന്‍ തയാറാകാതിരുന്ന പ്രതിപക്ഷവും ഫലത്തില്‍ പരാജയമില്ലാത്ത നാളുകള്‍ സമ്മാനിച്ചുകൊടുക്കുകയാണ് ചെയ്തത്. മഹാമാരിയുടെ വ്യാപനകാലത്ത് ആശുപത്രികളില്‍ ഇടവും ജീവവായുവും തേടി ജനം തെരുവുകളിലലഞ്ഞപ്പോഴും അത് അതാത് സംസ്ഥാന ഭരണകൂടങ്ങളുടെ പരാജയക്കണക്കിലാണ് എഴുതപ്പെട്ടത്. പി എം കെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ചെലവിട്ട് വാങ്ങി സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ നോക്കുകുത്തികളായി നിന്നപ്പോള്‍ പോലും പരാജയത്തിന്റെ ഉത്തരവാദിയാരെന്ന ചോദ്യമുയര്‍ന്നതേയില്ല. ഉയര്‍ന്ന ചോദ്യങ്ങളാകട്ടെ എവിടെയും മാറ്റൊലികൊണ്ടതുമില്ല. എവിടെയെങ്കിലും അല്പം പാളിയെങ്കില്‍ അത് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് എന്‍ വി രമണ വന്നതിനുശേഷമുള്ള കോടതിമുറികളാണ്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്നും മഹാമാരി മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ തള്ളിക്കൊണ്ടായിരുന്നു. അതുപോലും സര്‍ക്കാര്‍ നയങ്ങളില്‍ നീതിന്യായ സംവിധാനം വരുത്തിയ തിരുത്തെന്ന നിലയില്‍ മാത്രമേ വിലയിരുത്തപ്പെട്ടുള്ളൂ.
അവ്വിധമുള്ള ജൈത്രയാത്രയ്ക്കാണ്, ഒരു വര്‍ഷം നീണ്ട സമരത്തിലൂടെ രാജ്യത്തെ കര്‍ഷകര്‍ തടയിട്ടത്. വന്‍കിട കമ്പനികള്‍ക്ക് പൂഴ്ത്തിവെപ്പിന് യഥേഷ്ടം അവസരം നല്‍കുന്ന അവശ്യവസ്തു നിയമ ഭേദഗതി, കാര്‍ഷികോത്പന്നം രാജ്യത്തെവിടെ വേണമെങ്കിലും വില്‍ക്കാന്‍ അനുവദിക്കുന്ന കാര്‍ഷികോത്പന്ന വ്യാപാര – വാണിജ്യ പ്രോത്സാഹന നിയമം, കര്‍ഷകരുടെ സംരക്ഷണ- ശാക്തീകരണ- ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പാക്കൽ നിയമം എന്നിവയാണ് പതിവുപോലെ പാര്‍ലിമെന്റിനകത്തോ പുറത്തോ വേണ്ട ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവന്നത്. രാജ്യത്തെ കാര്‍ഷികമേഖലയെയാകെ മാറ്റിമറിക്കുമെന്നും ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കുന്നതിന് അവസരം തുറക്കുമെന്നും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാകുമെന്നുമൊക്കെയായിരുന്നു സര്‍ക്കാരിന്റെയും പിന്തുണയ്ക്കുന്ന സംഘപരിവാരത്തിന്റെയും അവകാശവാദം. ഈ അവകാശവാദത്തിന്റെ പൊള്ളത്തരം വേഗം മനസിലാക്കിയ കര്‍ഷകര്‍, ഇത് തങ്ങളുടെ ഉപജീവനമാര്‍ഗത്തെ മാത്രമല്ല, ഭൂമിക്കുമേല്‍ തങ്ങള്‍ക്കുള്ള അവകാശത്തെപ്പോലും ഇല്ലാതാക്കിയേക്കുമെന്ന തിരിച്ചറിവിലാണ് സമരരംഗത്തിറങ്ങിയത്. നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധമായിരുന്നില്ല. സമരക്കാരെ വഴിയില്‍ തടഞ്ഞ്, ചര്‍ച്ചയ്ക്ക് സന്നദ്ധമാകാതെ സമരം നീട്ടിക്കൊണ്ടുപോയി ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച്, പ്രതിഷേധത്തിനിറങ്ങിയവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച്, അവര്‍ക്കിടയില്‍ വിഘടനവാദികളും നഗര മാവോയിസ്റ്റുകളുമുണ്ടെന്ന് പ്രചരിപ്പിച്ച് പതിനെട്ടടവും പയറ്റിയ ശേഷമാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തീരുമാനിച്ചത്. നിയമനിര്‍മാണത്തിലെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ഒരു വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതില്‍ മാപ്പുചോദിച്ചത്. അപ്പോഴും സമരവേദിയില്‍ എണ്ണൂറോളം കര്‍ഷകരുടെ ജീവന്‍ പൊലിഞ്ഞതിലോ, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ മകന്‍ കാറോടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയതിലോ ഖേദമുണ്ടായില്ല നമ്മുടെ പ്രധാനമന്ത്രിക്ക്.
എങ്ങനെയാണ് ഇത്രയും ദിവസം നീണ്ട സമരം, ആസൂത്രിതമായി നടത്താനും പങ്കെടുക്കുന്നവരുടെ ആത്മവിശ്വാസം ചോരാതെ കാക്കാനും കര്‍ഷകര്‍ക്കും അവരുടെ സംഘടനകള്‍ക്കും സാധിച്ചത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പലമുഖങ്ങളിലായി ഇനിയും തുടരേണ്ട സമരങ്ങളിലേക്കുള്ള ഊര്‍ജം ഒരുപക്ഷേ, അവിടെനിന്ന് കണ്ടെത്താന്‍ സാധിച്ചേക്കും. രാജ്യത്തെ കര്‍ഷകര്‍ ഇതാദ്യമായല്ല ദിവസങ്ങള്‍ നീണ്ട സമരത്തിനിറങ്ങുന്നത് എന്നതാണ് അതിലൊന്ന്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമൊക്കെ ദിവസങ്ങള്‍ നീണ്ട സമരങ്ങള്‍ നേരത്തെത്തന്നെ കര്‍ഷകര്‍ നടത്തിയിരുന്നു. ഉല്പന്നങ്ങൾക്കു ന്യായമായ വില ആവശ്യപ്പെട്ടും സംഭരണവില വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമൊക്കെ വിണ്ടുകീറിയ പാദങ്ങളുമായി അവര്‍ നടന്നുനീങ്ങിയിരുന്നു. തുടക്കത്തില്‍ ശുഷ്‌കമായിരുന്ന ആ പദയാത്രകളിലേക്ക് പിന്നീട് നൂറുകണക്കിന് പാദങ്ങള്‍ യോജിക്കുന്നതും നമ്മള്‍ കണ്ടു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും (പിന്നീട് കുതിരക്കച്ചവടത്തിലൂടെ ബി ജെ പി തിരികെപ്പിടിച്ചു) ബി ജെ പി ഭരണത്തില്‍ നിന്ന് പുറത്താകാനുള്ള ഒരു കാരണം കര്‍ഷകരുടെ ഈ സമരവീര്യമായിരുന്നു. അത് അക്കാലം ആരും വകവെച്ചുകൊടുത്തില്ലെന്ന് മാത്രം.
നേതൃത്വം വികേന്ദ്രീകൃതമായി തുടരട്ടെ എന്നതായിരുന്നു സമരസംഘാടനത്തിനിറങ്ങിയ സംഘടനകളുടെ തീരുമാനം. നേതൃത്വം കേന്ദ്രീകൃതമാകുമ്പോഴുണ്ടാകാന്‍ ഇടയുള്ള ആശയക്കുഴപ്പങ്ങളൊഴിവാക്കാന്‍ ഇതിലൂടെ സാധിച്ചു. ഓരോ സമയത്തും വിവിധ സംഘടനകളുടെ നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനങ്ങളെടുത്തു. ആ തീരുമാനങ്ങള്‍ താഴെത്തട്ടിലേക്ക് കൃത്യമായി എത്തിക്കുകയും ചെയ്തു. ഭരണകൂടത്തിനൊപ്പം അവരുടെ മെഗാഫോണുകള്‍ മാത്രമായ മുഖ്യധാരാ മാധ്യമങ്ങളെക്കൂടി നേരിടേണ്ടിവരുമെന്ന് സമരം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഈ സംഘടനകള്‍ തിരിച്ചറിഞ്ഞു. അതിനവര്‍ സമൂഹ മാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും ഫലപ്രദമായി വിനിയോഗിച്ചു. ആശയവിനിമയത്തിന് സ്വന്തം യൂ ട്യൂബ് ചാനലുകള്‍ ആരംഭിച്ചു. ട്രോളി ടൈംസ് എന്ന പത്രത്തിന്റെ പ്രസിദ്ധീകരണവും തുടങ്ങി. കൃത്യമായ വിവരങ്ങള്‍ മാത്രമേ ഇതിലൂടെ പ്രസാരണം ചെയ്യപ്പെടുന്നുള്ളൂ എന്ന് ഉറപ്പാക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമവും അതിന്റെ ആഘാതസാധ്യതകളും കര്‍ഷകരെ പഠിപ്പിക്കാനുള്ള ശ്രമവും തുടക്കം മുതലുണ്ടായിരുന്നു. സമരം ചെയ്യുന്നത് ഇടനിലക്കാരാണ്, നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ ഇടനിലക്കാര്‍ ഇല്ലാതാകും, മണ്ഡികളെന്ന പ്രാദേശിക സംഭരണ കേന്ദ്രങ്ങളില്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ എവിടെയും വില്‍ക്കാനാകുമെന്നും അതോടെ താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഉല്പന്നങ്ങള്‍ വിറ്റുപോകുമെന്നുമൊക്കെയുള്ള പ്രചണ്ഡമായ പ്രചാരണം സര്‍ക്കാരും അതിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും സംഘപരിവാരവും നടത്തുമ്പോള്‍ വസ്തുതകള്‍ കര്‍ഷകരെ പഠിപ്പിക്കുക എന്നത് പ്രധാനമാണെന്ന് സമരത്തിന്റെ ആദ്യനാളുകളില്‍ തന്നെ സംഘടനകളുടെ നേതാക്കള്‍ ഉറപ്പിച്ചിരുന്നു. അതിന് പാകത്തിലായിരുന്നു പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് രാജ്യതലസ്ഥാനത്തിന്റെ അതിരിലേക്ക് എത്തുന്ന ആയിരങ്ങള്‍ക്കു താമസത്തിനും ഭക്ഷണത്തിനുമൊക്കെ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാന്‍ പാകത്തിലുള്ള വസ്ത്രങ്ങള്‍ വേണം, അതു കഴുകാന്‍ സംവിധാനം വേണം, അടിയന്തര വൈദ്യസഹായത്തിന് സൗകര്യമൊരുക്കണം, വിശ്രമിക്കാനുള്ള മുറികള്‍ വേണം എന്നുവേണ്ട ആവശ്യങ്ങളുടെ വലിയ പട്ടികയുണ്ടായിരുന്നു സംഘാടകരുടെ മുന്നില്‍. ഒരുപക്ഷേ, ഓരോദിവസവും വലുതായിക്കൊണ്ടിരുന്ന ആവശ്യങ്ങളുടെ പട്ടിക. ഇതിനൊക്കെ പുറമെയാണ് ഇങ്ങനെ സമരം ചെയ്യുന്നവരെ മുഷിപ്പിക്കാതെയും അവരുടെ മനോവീര്യം തകരാതെ നോക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വം. ഇതിനൊക്കെ വഴികളുണ്ടാക്കി കര്‍ഷകര്‍. യുദ്ധമുഖത്തേക്ക് അണമുറിയാതെ സാമഗ്രികള്‍ എത്താന്‍ ഒരുക്കുന്നതുപോലുള്ള വിതരണ ശൃംഖല. ആ ശൃംഖലയില്‍ പഴുതുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ പാകത്തില്‍ പണം. അകന്നുനിന്ന മുഖ്യധാരാ മാധ്യമങ്ങൾക്കു പോലും അവഗണിക്കാന്‍ കഴിയാത്തവിധത്തില്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും സമരത്തിന് പിന്തുണ ഉറപ്പാക്കാനും സംഘടനകള്‍ ശ്രദ്ധിച്ചു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍, സര്‍ക്കാര്‍ വിളമ്പിയ ഭക്ഷണം വേണ്ടെന്നു പറഞ്ഞും കൈയില്‍ കരുതിയ ഭക്ഷണം വെറും നിലത്തിരുന്ന് കഴിച്ചും സമരത്തിനു വേണ്ട മാധ്യമശ്രദ്ധ (അത്തരം നടപടികളെ വിമര്‍ശിക്കാനാണെങ്കിലും അത് ഭരണാനുകൂല മാധ്യമങ്ങള്‍ക്കു കൈകാര്യംചെയ്യേണ്ടിവന്നു) ഉറപ്പാക്കാനുള്ള ബുദ്ധികാണിച്ചു നേതാക്കള്‍. ഒപ്പം കരുത്തേറിയതെന്ന് സ്വയം അവകാശപ്പെട്ട ഭരണകൂടത്തെ നിസ്സാരരാക്കുകയും ചെയ്തു.
സമരം ചെയ്യുന്നവരുടെ ഭാഗത്തുനിന്നൊരു അബദ്ധമുണ്ടാകാന്‍ കാത്തിരിക്കുക എന്നതായിരുന്നു ഭരണകൂടം ആദ്യം സ്വീകരിച്ച തന്ത്രം. ജനുവരി 26ന് നടത്തിയ ഡല്‍ഹി മാര്‍ച്ചിനിടെയുണ്ടായ സംഭവങ്ങളും ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയതുമാണ് ഭരണകൂടത്തിന് ലഭിച്ച ആദ്യത്തെ അവസരം. അവരത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും സമരരംഗത്തുണ്ടായിരുന്നവരില്‍ നിരവധിപേര്‍ നിരാശരായി മടങ്ങുകയും ചെയ്ത ആ സമയത്താണ് രാകേഷ് ടികായത്ത്, നേതൃത്വത്തില്‍ കൂടുതല്‍ സജീവമായത്. അദ്ദേഹം ആ ദിവസം നടത്തിയ വൈകാരികമായ അഭ്യർഥന കര്‍ഷകരെ അവരുടെ ലക്ഷ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായകമായി. തലസ്ഥാന അതിര്‍ത്തിയിലെ സമരം തുടരുമ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ച്, കര്‍ഷകരുടെ ശക്തിബോധ്യപ്പെടുത്തുക എന്ന തന്ത്രവും ഫലം കണ്ടു. മഹാപഞ്ചായത്തുകള്‍ക്ക് അനുമതി നിഷേധിച്ചും പഞ്ചായത്തുകളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തും പോരാട്ടവീര്യത്തെ ദുര്‍ബലമാക്കാനുള്ള ശ്രമം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, അതൊക്കെ ബി ജെ പിക്കും ഭരണകൂടത്തിനും പ്രതികൂലമായി മാറുന്ന കാഴ്ചയാണ് കണ്ടത്.
കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ നിന്ന്, സമരം തുടങ്ങിയ നാള്‍ മുതല്‍ അതവസാനിപ്പിക്കുന്ന നിമിഷം വരെ ഒരിഞ്ചു പിന്മാറാന്‍ ഈ സംഘടനകള്‍ തയാറായില്ല എന്നതും പ്രധാനമാണ്. ഏതുസമരവും ഒത്തുതീര്‍ക്കുന്നതിന് ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യുക എന്ന പതിവുരീതികള്‍ക്ക് തങ്ങളില്ലെന്ന് തീര്‍ത്തുപറഞ്ഞു കര്‍ഷകര്‍. എന്തുകൊണ്ട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് സമരവീഥിയിലെ ഓരോ അംഗത്തെയും ബോധ്യപ്പെടുത്തുകയും ചെയ്തു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയതിനുശേഷം തലസ്ഥാനാതിര്‍ത്തിയിലെ സമരം അവസാനിപ്പിക്കുമ്പോഴും തെളിഞ്ഞുനിന്നത് അവരുടെ നിശ്ചയദാര്‍ഢ്യമായിരുന്നു. കര്‍ഷകരുന്നയിച്ച മറ്റാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരം തുടരുമെന്ന നിശ്ചയം. ഏകപക്ഷീയമായി മാത്രം പെരുമാറുന്ന സര്‍വാധികാരത്തോട് നിലപാടുകളില്‍ വിട്ടുവീഴ്ചചെയ്യാതെ ജനാധിപത്യരീതിയിലുള്ള സമരം മാത്രമേ മാര്‍ഗമുള്ളൂവെന്നാണ് കര്‍ഷക സംഘടനകള്‍ രാജ്യത്തോട് പറയുന്നത്. ഇടയ്ക്കും വഴിയ്ക്കുമുള്ള ആളിക്കത്തലുകള്‍ കൊണ്ടോ തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴുള്ള പടയൊരുക്കം കൊണ്ടോ വിജയങ്ങളുണ്ടാവില്ലെന്ന് പലരെയും ഓര്‍മിപ്പിക്കുന്നുണ്ട് കര്‍ഷകര്‍.
ആര്‍ വിജയലക്ഷ്മി
You must be logged in to post a comment Login