അസൂയ തോന്നുന്നുണ്ടോ?

അസൂയ തോന്നുന്നുണ്ടോ?

അറബി ഭാഷയിൽ ഹസദ് എന്നറിയപ്പെടുന്ന അസൂയ, മറ്റൊരാൾക്ക് അവകാശപ്പെട്ട ഒരു കാര്യം നാം ആഗ്രഹിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേക നീരസമാണ്. അവർക്ക് അത് ഉണ്ടെന്നതും ഇല്ലെന്നതും നമ്മുടെ അസൂയക്ക് കാരണമാണ്.
മനുഷ്യനെ  അല്ലാഹുവിൽ  നിന്ന് അകറ്റുന്നതാണ് അസൂയ. അതൊരു വിനാശകരമായ വികാരമാണ്.

അസൂയയെ ഹൃദയത്തിന്റെയും ആത്മാവിന്റെയും രോഗമെന്നും വിശ്വാസത്തിന്റെ ശോഷണം എന്നും പറയാം. അസൂയയുടെ വഞ്ചനാപരമായ സ്വഭാവത്തെക്കുറിച്ച് റസൂൽ(സ്വ) പലപ്പോഴും സംസാരിച്ചു. അതിന്റെ വിനാശത്തെക്കുറിച്ച് സഹയാത്രികർക്ക് താക്കീത് നൽകി, തീ വിറകിനെ തിന്നുന്നപോലെ അസൂയ സൽകർമങ്ങളെ കരിച്ചുകളയും.

മിക്കവരും അവരുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിലെങ്കിലും അസൂയയിൽ പെടുന്നു. തിരിച്ചറിഞ്ഞ് ചെറുത്തില്ലെങ്കിൽ ബന്ധങ്ങളെ അത് പ്രതികൂലമായി ബാധിക്കും. യുക്തിരഹിതമായ ദുഃസ്വഭാവമാണത്. കടുത്താൽ അവിശ്വാസം, ഭ്രാന്ത്, ശാരീരികമായ അക്രമം എന്നിവയിലേക്ക് നയിച്ചേക്കാം. മാനസികവും ധാർമികവും സാമൂഹികവുമായ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം.
അസൂയയുള്ളയാൾ മറ്റൊരാൾക്കുള്ള അനുഗ്രഹം, കഴിവ് അല്ലെങ്കിൽ യോഗ്യത എന്നിവ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്ന പ്രത്യേക മാനസികാവസ്ഥയിലായിരിക്കും.

കാരണങ്ങളും പ്രേരണകളും
ചില ബൗദ്ധികവും ആത്മീയവും ധാർമികവുമായ ഗുണങ്ങൾ, അല്ലെങ്കിൽ നല്ലതും പുണ്യമുള്ളതുമായ പ്രവൃത്തികൾ, അല്ലെങ്കിൽ ബഹുമാനം, അന്തസ്സ്, സമ്പത്ത് തുടങ്ങിയ ബാഹ്യ ഘടകങ്ങൾ അസൂയക്കിരയാകാനുള്ള കാരണങ്ങളാകാം. കൂടാതെ, ഗുണങ്ങളായി സമൂഹം സങ്കൽപ്പിക്കുന്ന അധാർമികമോ നിഷേധാത്മകമോ ആയ സ്വഭാവങ്ങളും അസൂയക്ക് കാരണമാകാം. അസൂയ അപകർഷതാബോധത്തിന്റെയും നിരാശയുടെയും ഉൽപന്നമാണ്. ഒരു വ്യക്തി മറ്റുള്ളവരെ തന്നേക്കാൾ തികഞ്ഞവരായി കാണുമ്പോൾ, അപകർഷതാബോധം അയാളെ പിടികൂടുന്നു, അത് ബാഹ്യ ഘടകങ്ങളുടെയും ആന്തരിക പ്രവണതകളുടെയും സഹായത്തോടെ ഹൃദയത്തിൽ തെറ്റായ വികാരം സൃഷ്ടിക്കുന്നു.

അസൂയയുള്ള മനുഷ്യൻ തന്റെ പ്രിയപ്പെട്ട ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന ഒരു നേട്ടമോ കഴിവോ യോഗ്യതയോ മറ്റാർക്കെങ്കിലും ഉണ്ടാകുന്നത് ഭയപ്പെടുന്നു. മറ്റുള്ളവരുടെ മേൽ അധികാരം നേടുന്നതിനോ സംരക്ഷിക്കുന്നതിനോ അവരുടെ നേട്ടങ്ങളോ ഗുണങ്ങളോ ആരും പങ്കിടരുതെന്ന് ആഗ്രഹിക്കുന്നു. അതിനുവേണ്ടി യത്നിക്കുന്നു. ഉദാഹരണത്തിന്, ഒരു ഓർഗനൈസേഷന്റെ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾ, മറ്റേതൊരു അംഗവും തന്നേക്കാൾ മുന്നോട്ട് പോകരുതെന്ന് ആഗ്രഹിച്ചേക്കാം,
ദുഷിച്ച സ്വഭാവമുള്ളവർ മറ്റുള്ളവർ ഏതെങ്കിലും തരത്തിലുള്ള നന്മ ആസ്വദിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നില്ല. അത്തരമൊരു വ്യക്തി എപ്പോഴും മറ്റൊരാളുടെ നിർഭാഗ്യ വാർത്തയെ കാത്തുനിൽക്കുന്നു.

ഹൃദയത്തിന്റെ ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് അസൂയ. അത് മനുഷ്യന്റെ ഹൃദയത്തെ വളരെ ഇടുങ്ങിയതും ഇരുണ്ടതുമാക്കുന്നു. അയാൾക്ക് താൻ അസൂയപ്പെടുന്നവരുടെ വളർച്ചയെക്കുറിച്ചോർത്ത് ഭയം വരുന്നു. പുരോഗതിയെ ഓർത്ത് സങ്കടവും തോന്നുന്നു.

തനിക്ക് അസൂയ ഉള്ളവരിൽ അനേകം സദ്ഗുണങ്ങൾ ഉണ്ടാകും. അതൊന്നും ഇദ്ദേഹത്തിന് കാണാനാകില്ല. ഇരുൾമൂടിയ ഹൃദയമാകും അദ്ദേഹത്തിനുണ്ടാകുക. അസൂയക്കാർ ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ  അസന്തുഷ്ടരാകുന്നു. ലോകത്തിലെ മറ്റെന്തിനേക്കാളും മനുഷ്യഹൃദയത്തെ മഹത്തരമാക്കുന്ന ആത്മീയ വെളിച്ചത്തിനും വിശ്വാസത്തിന്റെ ദൈവിക തീപ്പൊരിയ്ക്കും അസൂയയോടൊപ്പം പോകാൻ കഴിയില്ല. ഹൃദയം ദുഃഖിക്കുകയും വിഷാദിക്കുകയും ചെയ്യുന്നു. നെഞ്ച് ഇടുങ്ങിയതും, മുഖം മ്ലാനവും നെറ്റി ചുക്കിച്ചുളിഞ്ഞതുമാകുന്നു. ഈ അവസ്ഥ എത്രയധികം ശക്തി പ്രാപിക്കുന്നുവോ അത്രയധികം അത് വിശ്വാസത്തിന്റെ തെളിച്ചം കുറയ്ക്കുന്നു.
റസൂൽ(സ) പറഞ്ഞു: “സൂക്ഷിക്കുക! അല്ലാഹുവിന്റെ അനുഗ്രഹത്തെപ്രതി ശത്രുത പുലർത്തരുത്.” അല്ലാഹുവിന്റെ അനുഗ്രഹത്താൽ ശത്രുത പുലർത്തുന്ന ആളുകളെക്കുറിച്ച് ചോദിച്ചപ്പോൾ റസൂൽ  മറുപടി പറഞ്ഞു: “അസൂയയുള്ളവർ.’
നിങ്ങൾ ഈ മാരകമായ രോഗത്തിനടിമയാണെങ്കിൽ നിരാശപ്പെടേണ്ട. ഹൃദയത്തിൽ നിന്ന് അത് കഴുകിക്കളയാൻ വഴിയുണ്ട്.

ആദ്യം, നമുക്ക്  അസൂയ തോന്നുന്ന വ്യക്തിയുടെ സദ്ഗുണങ്ങൾ സ്വയം കാണാൻ ശ്രമിക്കുക. ഇവയെല്ലാം ആ വ്യക്തിക്കുള്ള  അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണെന്ന് കരുതുക. അവരെ പ്രകീർത്തിച്ച് സംസാരിക്കുക. അയാളുടെ നല്ല ഗുണങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുക. തുടക്കത്തിൽ നിങ്ങളുടെ പെരുമാറ്റം അസ്വാഭാവികമാകുമെങ്കിലും, നിങ്ങളുടെ ലക്ഷ്യം സ്വയം തിരുത്തലാണ് എന്നതിനാൽ, ക്രമേണ അത് നല്ല ശീലമായി മാറും. അയാളുടെ സദ്ഗുണങ്ങളെ വിലമതിക്കാൻ നിങ്ങളുടെ ഹൃദയം നിങ്ങളുടെ നാവിനെ പിന്തുടരും.
നിഷേധാത്മകമായ(Negative) വികാരങ്ങൾ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുമ്പോൾ, ധ്യാനം പരിശീലിക്കാൻ ശ്രമിക്കുക.

വിശ്വാസിയായ/ ധനാത്മകമായ(Positive) ചിന്തകളുള്ള ഒരു തെറാപ്പിസ്റ്റുമായി സംസാരിക്കുന്നത് നിങ്ങളെ ഏറെ സഹായിക്കും.
വിശ്വാസവും, ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമവും കൊണ്ട്, അത് സുഖപ്പെടുത്താവുന്നതാണ്. വിശ്വാസിയായ ഒരു വ്യക്തി ശുഭാപ്തിവിശ്വാസമുള്ളയാളാണ്. അയാൾക്ക് അല്ലാഹുവിനോട്  പ്രത്യാശാഭരിതമായ സമീപനമായിരിക്കും. അവൻ തന്റെ ഔദാര്യങ്ങൾ തന്റെ സൃഷ്ടികൾക്കിടയിൽ വിഭജിച്ചതിൽ അയാൾ സംതൃപ്തനായിരിക്കും.
കൂടുതൽ നീതിമാനായിരിക്കുക, കൂടുതൽ ഉദാരത പുലർത്തുക, അല്ലാഹുവിനെ  കൂടുതൽ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുക, മറ്റുള്ളവരെ സേവിക്കുക, ഇലാഹീ  കൽപ്പനകൾ പിന്തുടരുക,  പ്രാർത്ഥിക്കുക, നിങ്ങളുടെ ലക്ഷ്യത്തിലെത്തുക. സ്വവികാരങ്ങളെ നിരന്തരമായി നിരീക്ഷിക്കുക. നിഷേധാത്മകമാണെങ്കിൽ തിരിച്ചുനടക്കുക. തിരുത്തുക. ധനാത്മകമാണെങ്കിൽ അല്ലാഹുവിനെ സ്തുതിച്ച് മുന്നോട്ടുപോകുക.

ഡോ. ഫാദില

You must be logged in to post a comment Login