സൂക്തം 34 : “അതത്രെ മര്‍യമിന്റെ മകനായ ഈസ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നുവോ അതിനെ പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്.’
യഥാര്‍ത്ഥ വാക്ക്, “ഖൗലല്‍ ഹഖ്’ എന്നതിന് “നാഥന്റെ വചനം’ എന്നു വ്യാഖ്യാനം നല്‍കിയവരുമുണ്ട്. അപ്പോള്‍ “ഈസ നബിയുടെ കാര്യത്തില്‍ നാഥന്റെ വചനം’ എന്നോ “ഇത് നാഥന്റെ വചനമാണ്’ എന്നോ പരിഭാഷപ്പെടുത്താം.
സൂക്തം 35 : “ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.’
സൂക്തം 36 : “ഈസ(അ) പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.’
സൂക്തം 37 : “എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. തന്മൂലം, ആ സത്യനിഷേധികള്‍ക്ക് ഒരു ഭീകരദിനാഗമ വേളയില്‍ മഹാനാശം വരട്ടെ.’
ഭിന്നിച്ചുണ്ടായ കക്ഷികള്‍ നാലു വിഭാഗക്കാരായിരുന്നു.
1) ഈസ നബി ദൈവമാണെന്ന് പറയുന്നവര്‍. ഇവര്‍ “യാഖൂബിയ്യ’ എന്നറിയപ്പെടുന്നു.
2) മൂന്ന് ദൈവങ്ങളില്‍ ഒന്നാണെന്നാണ് മറ്റൊരു പക്ഷം. ഇവര്‍ “ഇസ്‌റാഈലിയ്യ’ എന്നറിയപ്പെടുന്നു.
3) ദൈവ പുത്രനാണെന്ന പക്ഷമാണ് മൂന്നാമത്തേത്. “നസ്തൂരിയ്യ’ എന്ന് ഇവര്‍ അറിയപ്പെടുന്നു.
4) പ്രവാചകനാണ്. ഇതാണ് മുസ്‌ലിം വിശ്വാസം.
കണ്ണും കാതും
തുറക്കുന്ന ദിവസം
സൂക്തം 38 : “അവര്‍ നമ്മുടെ അടുത്തു വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും! പക്ഷേ, ഇന്ന് ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാണ്.’
ഖുര്‍ആനില്‍ കേള്‍വിയും കാഴ്ചയും പരാമര്‍ശിക്കുന്ന മിക്കയിടങ്ങളിലും ആദ്യം കേള്‍വിയെയാണ് പ്രതിപാദിച്ചത്. ഇതിന് രണ്ടു കാരണങ്ങള്‍ പറയുന്നുണ്ട്.
1) ഭ്രൂണശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ ചെവിയാണ് കണ്ണിനു മുമ്പേ പ്രവര്‍ത്തന ക്ഷമമാകുന്നത്. ഇരുപത്തി രണ്ടാം ദിവസത്തോടെ ചെവി വളരുന്നതിന്റെ സൂചനകള്‍ ലഭിക്കും. എട്ടാമത്തെ ആഴ്ചയോടെ വളര്‍ച്ച ദശ പൂര്‍ത്തിയാകും. നാലാം മാസത്തോടെ ഭ്രൂണത്തിന്റെ ചെവികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. മാതാവിന്റെ താരാട്ടും പിതാവിന്റെ ശകാരങ്ങളുമെല്ലാം ഗര്‍ഭപാത്രത്തിനുള്ളിലെ കുഞ്ഞിനു കേള്‍ക്കാം. എന്നാല്‍ കണ്ണുകള്‍ ഏഴാമത്തെ ആഴ്ചയോടെ മാത്രമേ രൂപീകരണം ആരംഭിക്കൂ. മൂന്നാം മാസം കണ്‍പോളകള്‍ രൂപപ്പെടുന്നു. ഏഴാം മാസം തുറക്കുന്നു. പ്രവര്‍ത്തനം ആരംഭിക്കുന്നത് പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ്. (പ്രസവിച്ച ഉടനെ കുട്ടിയുടെ അടുത്തുവെച്ച് ശബ്ദിക്കുമ്പോള്‍ കുഞ്ഞ് നടുങ്ങുന്നത് കാണാം. പക്ഷേ, കണ്ണിനടുത്തേക്ക് കൈവിരല്‍ കൊണ്ടുപോകുമ്പോള്‍ അത് കണ്ണടക്കാറില്ല.)
2) ജീവിത വ്യവഹാരത്തില്‍ കണ്ണിനെക്കാള്‍ പ്രാധാന്യം ചെവിക്കാണ്. ജന്മനാ ബധിരനായ വ്യക്തിക്ക് മുമ്പില്‍ ലോകം നിശബ്ദമാണ്. ബധിരനായ ഒരുത്തന്‍ ഫലത്തില്‍ മൂകന്‍ കൂടിയാണ്. പക്ഷേ, മൂകനായ ഒരാള്‍ ബധിരനാകണമെന്ന് നിര്‍ബന്ധമില്ല. അതുപോലെ അന്ധന് വെളിച്ചം മാത്രമാണ് നഷ്ടമായിട്ടുള്ളത്. ശബ്ദത്തിന്റെ ശക്തി കൊണ്ടും കൈകാലുകളുടെ സഹായം കൊണ്ടും ധിഷണയുടെ മൂര്‍ച്ചകൊണ്ടും അവന് മനസിനെ അതിജയിക്കാനാവും.
ചുരുക്കത്തില്‍, കണ്ണുകളെക്കാള്‍ പ്രാധാന്യം ചെവിക്കാണെന്ന് ബോധ്യപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലെ പദവിന്യാസങ്ങളുടെ കൃത്യതയും, മുന്‍ഗണനാ ക്രമത്തില്‍ കാണിച്ച സൂക്ഷ്മതയുമാണ് ഇവിടെ പ്രകടമാകുന്നത്.
സൂക്തം 39 : “നഷ്ടബോധത്തിന്റെ ദിവസത്തെപ്പറ്റി അഥവാ കാര്യം തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലാണ്. വിശ്വസം സ്വീകരിക്കുന്നില്ല.’
ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റേ വിഭാഗം നരകത്തിലേക്കുമാണെന്ന് തീരുമാനിക്കപ്പെട്ടു. അല്ലാഹു ഒരാട്ടിന്‍ കുട്ടിയെ കൊണ്ടുവരും. എന്നിട്ട് അറുക്കാന്‍ കല്‍പിക്കും, ശേഷം സ്വര്‍ഗവാസികളോടും നരകവാസികളോടുമായി പറയും: ഇതെന്താണെന്നറിയുമോ? ഇത് മരണമാണ്. ഇനി മരണത്തിന് മരണമില്ല.
സൂക്തം 40 : “തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.’
ഏതൊരു മനുഷ്യനും എല്ലാം ഉപേക്ഷിച്ചുപോകേണ്ടിവരും. അഹങ്കാരത്തിന്റെ സോപാനത്തില്‍ വിരാജിച്ചവനാണെങ്കില്‍ പോലും. ലോകം മുഴുവന്‍ ഭരിച്ച രാജാവാണ് അലക്‌സാണ്ടര്‍. തന്റെ അമ്മ കാണാന്‍ വിളിക്കുമ്പോഴെല്ലാം അലക്‌സാണ്ടര്‍ പറയും “അമ്മേ, ഞാന്‍ ഒരു രാഷ്ട്രം കൂടി വെട്ടിപ്പിടിക്കട്ടെ…’ അങ്ങനെയിരിക്കെ അദ്ദേഹത്തിന് രോഗം പിടിപെട്ടു. 24 മണിക്കൂറേ ഇനി ആയുസുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആ സമയത്ത് അദ്ദേഹം ഡോക്ടര്‍മാരോട് കെഞ്ചി. “ഞാന്‍ വെട്ടിപ്പിടിച്ച രാഷ്ട്രങ്ങളും സമ്പത്തും തരാം, എനിക്ക് അമ്മയുടെ അടുത്തെത്താനുള്ള സമയം അനുവദിച്ചു തരൂ…’
അവര്‍ പറഞ്ഞു: “അത് നമ്മുടെ കയ്യിലല്ല.’
അമ്മയെ കാണാന്‍ പോകുന്ന വഴിമധ്യേ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരണാനന്തരമുള്ള വസ്വിയ്യത്ത് ഇങ്ങനെയായിരുന്നു: “ലോകത്ത് നിന്ന് ഒന്നും സമ്പാദിച്ചിട്ടില്ല എന്ന സൂചകമായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന സമയത്ത് രണ്ടു കൈകളും തൂക്കിയിടണം.’
അതേ, ദുഃഖത്തിന്റെ ദിനം വരിക തന്നെ ചെയ്യും. അന്ന് കാതും കണ്ണും തുറക്കും. ഭൂമി അന്ന് പടച്ചവന്‍ അനന്തരമെടുക്കും.
ഇബ്‌റാഹീം നബിയുടെ ദഅ്‌വ
സൂക്തം 41 : “വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റി അങ്ങ് പറയുക. തീര്‍ച്ചയായും അവിടുന്ന് സത്യവാനും പ്രവാചകനുമായിരുന്നു.’
സകരിയ്യ നബിയുടെയും യഹ്‌യ നബിയുടെയും ഈസ നബിയുടെയും മറിയം ബീവിയുടെയും അപദാനങ്ങള്‍ വാഴ്ത്തിയ ശേഷം ഇബ്‌റാഹീം നബിയുടെ അപദാനങ്ങളിലേക്കുള്ള പ്രവേശികയാണ് ഈ സൂക്തം. മഹാനവര്‍കള്‍ സത്യസന്ധനും സ്വിദ്ദീഖ് എന്ന പദവി എത്തിച്ച ആളുമായിരുന്നു. ഇബ്‌നുകസീര്‍ അടക്കുള്ള ചരിത്രഗ്രന്ഥങ്ങളില്‍ ക്രൈസ്തവ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇബ്‌റാഹീം നബിയുടെ പിതൃപരമ്പര നല്‍കിയിട്ടുള്ളത് ഇങ്ങനെ: താറഖ്, നാഹൂര്‍, സാനൂഹ്, റാഖൂബ്, ഫാലഹ്, ആബര്‍, അര്‍ഫഖഷത്, സാം, നൂഹ്.
ഇബ്‌റാഹീം നബിയുടെ ഉമ്മയുടെ പേര് അമീല/ഉമൈല. ഖലീലുല്ലാഹ് എന്നതിന് പുറമെ അബുല്ലിഫാന്‍ (അതിഥി സത്കാരക്കാരന്‍) എന്നും സ്ഥാനപ്പേരുണ്ട്. ഇബ്‌റാഹീം നബിയുടെ പിതാവ് താറഖിന് ഇബ്‌റാഹീം നബിയെ കൂടാതെ നാഹൂര്‍, ഹാറാന്‍ എന്നീ പുത്രന്മാരുമുണ്ടായിരുന്നു. ഇതില്‍ നാഹൂറിന്റെ മകനാണ് ലൂത്വ് നബി. അഥവാ സഹോദര പുത്രന്‍. ബാബിലോണിയയില്‍ താറഖിന്റെ 75 -ാം വയസിലാണ് ഇബ്‌റാഹീം നബി(അ) ജനിക്കുന്നതെന്നാണ് ചരിത്രം. മക്ക, ഹറാന്‍, ബൈതുല്‍ മുഖദ്ദസ്, ഈജിപ്ത് എന്നിവയടക്കം ധാരാളം സ്ഥലങ്ങളിലേക്ക് ഇബ്‌റാഹീം നബി(അ) ദഅ്‌വത്തിനുവേണ്ടി പോയിട്ടുണ്ട്. തന്റെ ജനതയോടും പിതാവിനോടും മറ്റും മഹാനവര്‍കള്‍ സംവാദം നടത്തിയിട്ടുണ്ട്. ഈ അധ്യായത്തില്‍ തന്റെ പിതാവിനോട് നടത്തിയ സംവാദമാണ് പരാമര്‍ശിക്കുന്നത്.
ഇബ്‌റാഹീം നബിയുടെ(അ) ഉപ്പയുടെ പേര് “താറഖ്’ എന്നാണല്ലോ നാം വിശദീകരിച്ചത്. അങ്ങനെയാണ് പല ചരിത്രകാരന്മാരും പറയുന്നത്. എന്നാല്‍ ഖുര്‍ആനില്‍ പല സ്ഥലത്തും ആസര്‍ എന്നാണ് കാണുന്നത്. ഇത് രണ്ടും തമ്മില്‍ വൈരുധ്യമല്ലേ? ഈ ചോദ്യത്തിന് പണ്ഡിതന്മാര്‍ പല മറുപടികള്‍ നല്‍കിയിട്ടുണ്ട്.
1) “ആസര്‍’ എന്നതാണ് ശരിയായ നാമം; താറഖ് എന്നത് ചരിത്രാബദ്ധമാണ്.
2) രണ്ടു പേരുണ്ട്
3) “ആസര്‍’ എന്നത് സ്ഥാനപ്പേരാണ്; യഥാര്‍ത്ഥനാമം താറഖ് തന്നെ.
എന്നാല്‍ ഇബ്‌നുഹജര്‍ ഹൈതമിയെ പോലോത്ത പണ്ഡിതന്മാര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്:
“താറഖ്’ എന്നാണ് പിതാവിന്റെ നാമം. “ആസര്‍’ പിതൃവ്യനാണ്. പിതാവല്ല. പിതൃവ്യനെക്കുറിച്ച് പിതാവ് എന്ന പ്രയോഗം അറബി ഭാഷയിലുണ്ട്. ഖുര്‍ആനില്‍ തന്നെയുണ്ട്. യഅ്ഖൂബ് നബിയുടെ പിതൃവ്യനായ ഇസ്മാഈലിനെ ആബാഇന്റെ(പിതാക്കളുടെ) കൂട്ടത്തില്‍ ഖുര്‍ആന്‍ എണ്ണുന്നു. തിരുനബിയുടെ പിതാമഹാന്മാരില്‍ മുശ്‌രിക്കുകളായി ആരുമില്ല എന്ന് ചില ആയത്തുകളുടെയും ഹദീസുകളുടെയും ബലത്തില്‍ മനസിലാകുന്നതുകൊണ്ടാണ് ഇങ്ങനെ വ്യഖ്യാനിക്കുന്നത്. തിരുനബിയുടെ മഹത്വത്തോട് ഏറ്റവും യോജിക്കുന്നത് ഈ വീക്ഷണമാണ്. പിതൃതുല്യനായ ഒരാളെ “ഉപ്പാ’ എന്ന് വിളിക്കുന്നത് തന്നെയാണല്ലോ ഏറെ കരണീയം. പ്രത്യേകിച്ചും പ്രബോധന പ്രധാനമായ ഒരു സന്ദര്‍ഭത്തില്‍; അപ്പോള്‍ ആ വിളി പ്രബോധകന്റെ ഭാഷയുടെയും ശൈലിയുടെയും ഗുണകാംക്ഷയും പ്രകാശനവും കൂടിയാകുന്നു. പ്രസ്തുത സംവാദമാണ് അടുത്ത സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നത്.
സൂക്തം 42 : “അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു?’
സൂക്തം 43 : “എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം.’
അല്ലാഹുവാണ് ഹിദായത് നല്‍കുന്നവന്‍. എന്നാല്‍ ഞാന്‍ നിങ്ങളെ ഹിദായത്താക്കാം എന്നാണ് ഇവിടെ ഇബ്റാഹീം നബി പറയുന്നത്. അല്ലാഹു അല്ലാത്തവരിലേക്ക് “ഹിദായത്തി’നെ ചേര്‍ത്താല്‍ അപ്പോള്‍ തന്നെ മുശ്്രിക്കാകും എന്ന വാദം ശരിയല്ല എന്നും കാരണക്കാരന്‍ എന്ന നിലക്ക് മറ്റുള്ളവരിലേക്ക് ചേര്‍ക്കാമെന്നും ഈ സൂക്തം വ്യക്തമാക്കുന്നുണ്ട്.
(തുടരും)
You must be logged in to post a comment Login