ഭാര്യയോടുള്ള സാമ്പത്തിക ബാധ്യതകൾ

ഭാര്യയോടുള്ള  സാമ്പത്തിക ബാധ്യതകൾ

കുടുംബത്തിലെ പ്രഥമ വനിതയാണ് ഭാര്യ. വീടിന്റെ ഭരണാധികാരി. ഒരു വീട്ടിലെ ചെലവുകൾ കണക്കാക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നവൾ. അതുകൊണ്ട് തന്നെ കുടുംബ ധനകാര്യ ആസൂത്രണങ്ങളിൽ ഭാര്യയോടുള്ള കടമകൾ പ്രഥമ ഗണനീയ സ്ഥാനമർഹിക്കുന്നു.

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: “മുലകൊടുക്കുന്ന ഉമ്മമാർക്ക് ഗുണാത്മകമായി ഭക്ഷണവും വസ്ത്രവും നൽകേണ്ടത് പിതാവിന്റെ ബാധ്യതയാണ്’ (അൽബഖറ:233). ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിലും ഈ നിർബന്ധ ബാധ്യതയെക്കുറിച്ച് സൂചനയുണ്ട്. ഖുർആനിൽ മറ്റൊരിടത്ത് ഇങ്ങനെ കാണാം. “കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്നും സാധ്യമായത് ചെലവിനു കൊടുക്കട്ടെ. ആർക്കെങ്കിലും ഉപജീവനം പ്രയാസമായാൽ, അല്ലാഹു അവന് കൊടുത്തതില്‍ നിന്നും ചെലവിന്‌ കൊടുക്കട്ടെ'(ത്വലാഖ്-7). എന്നാൽ ഭാര്യക്ക് ചെലവു കൊടുക്കുന്നതിൽ കഴിവുണ്ടായാലും ഇല്ലെങ്കിലും ഭർത്താവിന് നിർബന്ധ ബാധ്യതയുണ്ട്. അതുകൊണ്ടാണ് തന്റെ ശരീരത്തിന് ആവശ്യമായ തുക കഴിച്ച് മിച്ചമുണ്ടെങ്കിൽ അത് ഭാര്യക്കുവേണ്ടി ചെലവഴിക്കണമെന്ന് പണ്ഡിതർ നിർദേശിക്കുന്നത്.
ഹജ്ജത്തുൽ വദാഇലെ വിടവാങ്ങൽ പ്രസംഗത്തിൽ തിരുനബി (സ്വ) തങ്ങൾ പറഞ്ഞു: “സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അവർ നിങ്ങളുടെ തണലിൽ ജീവിക്കുന്നവരാണ്. അല്ലാഹുവിൽ നിന്നുള്ള അമാനത്തെന്നോണമാണ് നിങ്ങളവരെ സ്വീകരിച്ചിട്ടുള്ളത്. അവന്റെ നാമം ചൊല്ലിയാണ് അവരെ നിങ്ങൾക്ക് അനുവദനീയമാക്കിയിട്ടുള്ളത്. അതിനാൽ അവർക്ക് അനുയോജ്യമായ ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങളുടെ ബാധ്യതയാണ്’. ഇമാം തിർമുദി ഉദ്ധരിക്കുന്ന ഹദീസിൽ ഭാര്യമാരോട് ഭർത്താക്കന്മാർക്കുള്ള ബാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. ഭക്ഷണവും വസ്ത്രവും നൽകണമെന്നാണ് പ്രസ്തുത ഹദീസിലുമുള്ളത്. ഈ ഹദീസുകളിൽ നിന്നും തെളിവ് പിടിച്ചു കൊണ്ട് ഭാര്യമാരോടുള്ള കടമകൾ കർമശാസ്ത്ര പണ്ഡിതർ എണ്ണിപ്പറഞ്ഞതായി കാണാം.

ഭക്ഷണമാണ് പ്രധാനപ്പെട്ട ചെലവ്. ജീവന്റെ ഏറ്റവും വലിയ സ്രോതസ്സാണ് ഭക്ഷണം. ഭർത്താവ് സമ്പന്നനാണെങ്കിൽ ദിവസവും രണ്ട് മുദ്ദ് ഭക്ഷണം നൽകണം. ഏകദേശം 1.3 കിലോ. മിതമായ സമ്പത്തുണ്ടെങ്കിൽ ഒന്നര മുദ്ദ് നൽകണം. അതായത് 1 കിലോ. ദരിദ്രനാണെങ്കിൽ ഒരു മുദ്ദെങ്കിലും നിർബന്ധമായും നൽകണം. ഏകദേശം 650 ഗ്രാം വരുമത് (മിൻഹാജ്). ഭാര്യയുടെ നാട്ടിൽ പൊതുവേ കഴിക്കുന്ന ഭക്ഷണമാണ് നൽകേണ്ടത്. അങ്ങനെയൊരു ശീലമില്ലെങ്കിൽ ഭർത്താവിന്റെ കഴിവിന് അനുസരിച്ചുള്ള നല്ല ഭക്ഷണം നൽകണം(തുഹ്ഫ). അവൾക്ക് തൃപ്തിയില്ലാത്ത ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചാൽ, ഭർത്താവിന്റെ നിർബന്ധ ബാധ്യത ഒഴിവാകുകയില്ല.

പ്രധാന വിഭവങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കറിക്ക് ആവശ്യമായ വസ്‌തുക്കൾ ഭർത്താവ് നൽകണം. ഉദാഹരണത്തിന് വെളിച്ചെണ്ണ. ഭാര്യയുടെ നാട്ടിൽ പൊതുവേ ഉപയോഗിക്കുന്ന കറിക്കുള്ള വസ്‌തുക്കളാണ് നൽകേണ്ടത്. ഇറച്ചി മാത്രം കൂട്ടുന്ന നാടാണെങ്കിൽ അത് മാത്രം മതിയാകുമെന്ന ചർച്ച ഇമാം അസ്റഈ(റ) മുന്നോട്ടുവെക്കുന്നുണ്ട് (തുഹ്ഫ). ഇതോടൊപ്പം കുടിവെള്ളം നൽകലും നിർബന്ധ ബാധ്യതയാണ്.

ഭർത്താവിന്റെ കഴിവിന് അനുയോജ്യമായ മാംസവും വാങ്ങിച്ചു കൊടുക്കണം. ഒരു നാട്ടിൽ ദിവസവും മാംസം ഭക്ഷിക്കുന്നുണ്ടെങ്കിൽ, ഭർത്താവിന് കഴിവുമുണ്ടെങ്കിൽ, ദിനേന മാംസം വാങ്ങിച്ചുകൊടുക്കൽ നിർബന്ധമാണ്(മുഅ്നി).
വസ്ത്രമാണ് രണ്ടാമത്തെ ബാധ്യത. ഭാര്യക്ക് മതിയാവുന്ന രൂപത്തിൽ വിശേഷണങ്ങളൊത്ത വസ്ത്രം വാങ്ങിച്ചു കൊടുക്കണം(തുഹ്ഫ). ഓരോ ആറു മാസം കൂടുമ്പോഴും ശരീരം മുഴുവൻ മറക്കുന്ന വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കണം. കൂടാതെ തല മറക്കാനുള്ള തട്ടവും കാലിൽ ധരിക്കാനുള്ള ചെരുപ്പും നൽകണം(മുഅ്നി).
ഉറങ്ങാനുള്ള വിരിപ്പും ഇരിക്കാനുള്ള ഇരിപ്പിടവും സംവിധാനിക്കൽ നിർബന്ധമാണ്. തണുപ്പുകാലത്ത് പുതപ്പും തലയിണയുമൊക്കെ നൽകണം(തുഹ്ഫ). ഓരോ നാട്ടിലും പൊതുവേ സ്വീകരിക്കുന്ന ശൈലിയെ അവലംബിച്ചു കൊണ്ടാണ് ഇത്തരം വസ്തുക്കൾ നൽകേണ്ടത്.

ഭംഗിയാകാനുള്ള വസ്തുക്കളും വാങ്ങികൊടുക്കൽ നിർബന്ധമാണ്. ചീർപ്പ്, എണ്ണ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വസ്ത്രം അലക്കാനുള്ള സോപ്പ് വാങ്ങിക്കൊടുക്കൽ ഭർത്താവിന് നിർബന്ധമാണെന്ന് ഇമാം ബഅ്വി(റ) പറയുന്നുണ്ട്. സുറുമയും മൈലാഞ്ചിയും വാങ്ങൽ നിർബന്ധമില്ലെങ്കിലും നല്ലതാണ്. മൈലാഞ്ചിയും സുറുമയും ഇടുന്നതിനെ തിരുനബി(സ്വ) തങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

കുടിക്കാനും ഭക്ഷിക്കാനുമുള്ള പാത്രവും ഗ്ലാസും നൽകണം. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രവും മറ്റു ഉപകരണങ്ങളും നിർബന്ധബാധ്യത തന്നെയാണ്. കുളിക്കാനും ശുദ്ധിയാക്കാനുമുള്ള പാത്രങ്ങളും ഇതിൽ ഉൾപ്പെടും.
താമസിക്കാനുള്ള വീടാണ് മറ്റൊന്ന്. ഭാര്യക്ക് യോജിച്ച താമസസൗകര്യം ഒരുക്കിക്കൊടുക്കണം. വീട് സ്വന്തം ഉടമസ്ഥതയിൽ ആവണമെന്നില്ല. വാടകക്കെടുത്തതായാലും മതിയാകും(മിൻഹാജ്). അല്ലാഹു പറയുന്നു : “നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു പ്രയാസമുണ്ടാക്കാന്‍ നിങ്ങള്‍ അവരെ ദ്രോഹിക്കരുത്‌'(65/6).
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പുറപ്പെടീച്ച കോടതി വിധിയിൽ ഭാര്യക്ക് താമസിക്കാനുള്ള ഇടം ഒരുക്കിക്കൊടുക്കൽ ഭർത്താവിന്റെ ബാധ്യതയാണെന്ന് പറയുന്നുണ്ട്. അത് വാടകവീടാണെങ്കിലും കുഴപ്പമില്ലെന്ന് വിധിയിൽ പറയുന്നുണ്ട്.

വീട്ടുജോലിക്ക് ആളെ ആവശ്യമുള്ള ഭാര്യയാണെങ്കിൽ ജോലിക്ക് ആളെ നിയോഗിക്കലും, ഭർത്താവിന്റെ കഴിവനുസരിച്ച് നിർബന്ധമാണ്. മുകളിൽ പറയപ്പെട്ട കാര്യങ്ങൾ ഭാര്യക്ക് നൽകിയില്ലെങ്കിൽ അതൊരു കടമായി ബാക്കിയാകുമെന്ന് ഇമാം ഇബ്നു ഹജർ(റ) പറയുന്നുണ്ട്(തുഹ്ഫ).

ഇന്ത്യൻ നിയമം സി ആർ പി സി 125 പ്രകാരം അടിസ്ഥാന ആവശ്യങ്ങൾക്കുള്ള(Maintenance) പണം ഭാര്യക്ക് ഭർത്താവിൽ നിന്നും നിയമപരമായി ചോദിച്ചു വാങ്ങാം. പണം നൽകാത്തപക്ഷം ഭർത്താവിന്റെ സാലറിയിൽ നിന്നും എടുക്കപ്പെടും. അതും സാധിച്ചില്ലെങ്കിൽ പണമടക്കും വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

ഭാര്യ പിണങ്ങിപ്പോയാൽ ഭർത്താവിന് മുകളിലെ ചെലവുകളൊന്നും നിർബന്ധമില്ല. രാത്രി പിണങ്ങിയതാണെങ്കിൽ പോലും അന്നത്തെ ദിവസത്തെ ചെലവ് നിർബന്ധമില്ല(മിൻഹാജ്).

ഭാര്യയുടെയോ മറ്റൊരാളുടെയോ ആവശ്യത്തിനുവേണ്ടി ഭർത്താവിന്റെ അനുമതിയോടെ ഭർത്താവിന്റെ കൂടെ യാത്ര ചെയ്യുന്നതോ ഭർത്താവിന്റെ ആവശ്യത്തിന് വേണ്ടി അദ്ദേഹത്തിന്റെ അനുമതിയോടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതോ ചെലവ് കൊടുക്കാതിരിക്കാനുള്ള കാരണമല്ല. എന്നാൽ, സ്വന്തം ആവശ്യത്തിനുവേണ്ടി ഒരു ഭാര്യ ഭർത്താവിന്റെ കൂടെയല്ലാതെ യാത്ര ചെയ്തതാണെങ്കിൽ ചെലവ് കൊടുക്കൽ നിർബന്ധമില്ല.

ഭർത്താവ് നാട്ടിലില്ലാത്ത സമയം, കുടുംബക്കാരെ(വിവാഹബന്ധം അനുവദനീയമല്ലാത്തവർ) സന്ദർശിക്കാൻ വേണ്ടി ഭർത്താവിന്റെ അനുമതിയില്ലാതെ യാത്ര ചെയ്തതാണെങ്കിലും ചെലവ് കൊടുക്കൽ നിർബന്ധമാണ്. പ്രസ്തുത സന്ദർശനം പിണക്കമായി പരിഗണിക്കാത്തതാണ് അതിനു കാരണം. ഭർത്താവിന് വേണമെങ്കിൽ ഭാര്യയോട് സുന്നത്ത് നോമ്പ് എടുക്കാതിരിക്കാൻ കൽപ്പിക്കാം. അവൾ അനുസരിച്ചില്ലെങ്കിൽ ചെലവ് കൊടുക്കലും നിർബന്ധമില്ല(തുഹ്ഫ).
ഇന്ത്യൻ നിയമം സി ആർ പി സി 125 പ്രകാരം ഭർത്താവിൽ നിന്നും അകാരണമായി പിണങ്ങി പോയ ഭാര്യക്ക് ചെലവ് കൊടുക്കൽ നിർബന്ധ ബാധ്യതയല്ലെന്ന് പറയുന്നുണ്ട്.

ഇത്രയും ചെലവുകൾ ഭർത്താവിന് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ കടമായി നിലനിൽക്കുമെന്നാണ് ശാഫി മദ്ഹബിലെ അഭിപ്രായം. അയാൾക്ക് കഴിവ് ഉണ്ടാകുന്ന സമയം അത് തിരിച്ചുകൊടുക്കണം(തുഹ്ഫ). അല്ലാഹു പറയുന്നു: “ഇനി (കടം വാങ്ങിയവരില്‍) വല്ല പ്രയാസമുള്ളവരുമുണ്ടെങ്കിൽ അവർക്ക് കഴിവുണ്ടാകുന്നത് വരെ അവധി നൽകേണ്ടതാണ്’(2/280). ഇത്തരത്തിൽ ചെലവ് കൊടുക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ ഭാര്യക്ക് വേണമെങ്കിൽ ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്.

കുടുംബജീവിതത്തിൽ സാമ്പത്തികമായി ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് ഭാര്യയോടാണ്. അതിനൊരുപാട് കാരണങ്ങളുണ്ട്. കുടുംബജീവിതത്തിലെ സന്തോഷമാണ് അതിൽ ഏറെ പ്രധാനം. മുകളിൽ പരാമർശിച്ച കാര്യങ്ങൾ വീട്ടിലെത്തിക്കാൻ നമുക്ക് പ്രത്യേക ശ്രദ്ധയുണ്ടാകണം. അതിനുള്ള പണം ആദ്യമേ മാറ്റിവെക്കണം. ഭാര്യമാരെ സന്തോഷിപ്പിക്കുന്നത് പുണ്യമാണ്.
കുടുംബ ധനകാര്യ ആസൂത്രണവുമായി ബന്ധപ്പെട്ട് ഒരു ഗൃഹനാഥനുള്ള നിർബന്ധ ബാധ്യതകളെ കുറിച്ചാണ് കഴിഞ്ഞ രണ്ട് ലക്കങ്ങളിലുമായി ചർച്ച ചെയ്തത്. പ്രസ്തുത ഇടപെടലുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വരുംലക്കങ്ങളിൽ സംസാരിക്കാം.

സി എം ശഫീഖ് നൂറാനി അസ്സഖാഫി

(തുടരും)

You must be logged in to post a comment Login