ചരിത്രം സ്തംഭിച്ചുപോയ ഗ്രാമങ്ങൾ

ചരിത്രം സ്തംഭിച്ചുപോയ  ഗ്രാമങ്ങൾ

കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം തീവണ്ടികൾ ഓടിത്തുടങ്ങിയതേയുള്ളൂ. കൊൽക്കത്ത കാണാനുള്ള, നേരത്തെ നാമ്പിടുകയും സന്ദർഭം ഒത്തുകിട്ടാത്തതിനാൽ മാറ്റിവെക്കുകയും ചെയ്ത ആഗ്രഹത്തിനു ചിറകു മുളച്ചു. 2021 സെപ്തംബർ 25നു ഷാലിമാർ എക്സ്പ്രസിൽ സീറ്റുറപ്പിച്ചു. പ്രത്യേക ലക്ഷ്യമൊന്നുമില്ല. അന്തം വിട്ട് നാടുതെണ്ടുന്ന ഒ കെ അബ്ബാസ് ആണ് കൂട്ട്. യാത്രാമധ്യേ, ബംഗാളിലുള്ള സുഹൈർ നൂറാനിക്ക് വാട്സാപ്പിൽ ഒരു സന്ദേശമയച്ചു. “കൊൽക്കത്ത യാത്രയിലാണ്.’ വെറുതെ ഒന്നെറിഞ്ഞിട്ടതാണ്. അധികം താമസിയാതെ യാത്രാവിവരങ്ങൾ അന്വേഷിച്ചുകൊണ്ട് വിളി വന്നു. ആ വിളി പക്ഷേ ഞങ്ങളുടെ യാത്രയുടെ ഊടും പാവും മാറ്റുന്നതായിരുന്നു. ഞങ്ങളുടെ യാത്രക്ക് ലക്ഷ്യമുണ്ടായി. ഉൾഗ്രാമങ്ങൾ കാണുക എന്ന ഞങ്ങളുടെ മോഹം സാക്ഷാത്കരിക്കുന്നതിനുള്ള വഴി തെളിഞ്ഞു.

കണ്ടാൽ മാത്രം വിശ്വസിക്കുന്ന, അതിശയകരവും അതേസമയം സങ്കടകരവുമായ യാഥാർത്ഥ്യങ്ങളിലേക്കാണ് ഷാലിമാർ സ്റ്റേഷനിൽ വണ്ടിയിറങ്ങിയശേഷം ഞങ്ങൾ നയിക്കപ്പെട്ടത്. മനം പിരട്ടുന്ന വൃത്തികേടുകൾ നിറഞ്ഞ ഷാലിമാർ സ്റ്റേഷൻ പരിസരത്തെ വാടക കുറഞ്ഞ മുറിയിൽ അരപ്പകൽ മാത്രമേ ഞങ്ങൾ കഴിച്ചുകൂട്ടിയുള്ളൂ. ഷാലിമാർ സ്റ്റേഷനും കൊൽക്കത്ത നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന പൊതു ഗതാഗത സംവിധാനത്തിന്റെ അഭാവമായിരിക്കണം ഈ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ അകറ്റുന്നത്.

ഹൗറ ചുറ്റിക്കണ്ടതിനു ശേഷം അന്നുരാത്രി തന്നെ ഞങ്ങൾ എസ്പളാൻ ബസ് ടെർമിനലിൽനിന്ന് ബലൂഘട്ടിലേക്ക് പോവുന്ന ഷിമോലി ബസ്സിൽ ഫുൽബാരിയിലേക്ക് യാത്ര തിരിച്ചു. കൊൽക്കത്തയിൽനിന്ന് മുബശ്ശിർ എന്ന സഹോദരനാണ് സുഹൈറുദ്ദീൻ നൂറാനി ആവശ്യപ്പെട്ടതനുസരിച്ച് ബസ്സ് ബുക്ക് ചെയ്തതും ഞങ്ങൾക്ക് വേണ്ട നിർദേശങ്ങൾ തന്നതും. രാവിലെ ഏഴുമണിയോടെ ഞങ്ങൾ പുൽബാരിയിൽ ബസ്സിറങ്ങി. ത്വയ്ബയിൽനിന്ന് അൻവറും ബിശ്റും കാറുമായി വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ദക്ഷിൺ ദിനാജ്പുരിലെ മാജിഖണ്ഡയിലാണ് “ത്വയ്ബ ഉദ്യാനം’ സ്ഥിതി ചെയ്യുന്നത്.

“ത്വയ്ബ കിഡ്സ് ഗാർഡൻ’ എന്ന് ഹരിത മുളന്തണ്ടുകൾ പിണച്ചുവെച്ചതുപോലെ മനോഹരമായി എഴുതിയ ബോർഡ് ആണ് ത്വയ്ബ കാമ്പസിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കണ്ണിലുടക്കുക. ബംഗാളിന്റെ രാഷ്ട്രീയ- സാമൂഹിക സാഹചര്യം കണക്കിലെടുക്കുമ്പോൾ വിദ്യാലയത്തിന്റെ പടി കാണാൻ വിദൂര സാധ്യത മാത്രമുള്ള നൂറുകണക്കിന് കുട്ടികളാണ് ഇവിടെ ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെ പഠനം നടത്തുന്നത്. നാട്ടിലെ ദഅ്വാ കോളജുകളിൽനിന്നും ബിരുദമെടുത്ത മിടുക്കന്മാരായ കുറേപേർ തുടർപഠനത്തിനായി ത്വയ്ബയിൽ ഉണ്ട്. ഇവിടത്തെ ലോകോളജുകളിലും മറ്റും പ്രവേശനം നേടി ത്വയ്ബയിൽ താമസിച്ച് മതപഠനവും കൂടി നടത്തുന്നവരാണ് ഇവർ. കാമ്പസിലെ പള്ളിയിൽ വെച്ച് രാത്രി ഈ കുട്ടികളുമായി സംവദിക്കാൻ അവസരം ലഭിച്ചു. ബംഗാളികളെപ്പോലെ ബംഗ്ലാ സംസാരിക്കുന്ന ഇബ്റാഹീം സഖാഫി, മന്ദസ്മിതത്തോടെ വെല്ലുവിളികളെല്ലാം ഏറ്റെടുക്കുന്ന ശരീഫ് നൂറാനി, സാത്വിക ഭാവം ചെറുപ്പത്തിലേ മുഖമുദ്രയായി മാറിയ സയ്യിദ് മശ്ഹൂദ് ഹുസൈൻ അൽ കാളിമി തുടങ്ങിയവരാണ് നേതൃനിരയിൽ. പശ്ചിമ ബംഗാളിന്റെ വിവിധ ജില്ലകളിൽനിന്നു വന്നു ത്വയ്ബ ഗാർഡനിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ, ചരിത്രം ദശകങ്ങൾക്കു മുമ്പ് സ്തംഭിച്ചു പോയ ഗ്രാമവീഥികളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ സ്വയം തയാറെടുക്കുകയാണിവിടെ. വലിയ മാറ്റങ്ങൾ സ്വപ്നം കാണുന്നവരാണ് അവർ.

ബംഗാൾ, ആസാം, ബീഹാർ, ഝാർഖണ്ഡ്, ഒറീസ, ത്രിപുര തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്‌ലിം അവസ്ഥ വർണനാതീതമാം വിധം ശോചനീയമാണ്. സമീപകാലത്ത് കേരളത്തിൽനിന്നുള്ള മുസ്‌ലിം സന്നദ്ധ സംഘടനകളുടെ ശ്രദ്ധ ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞത് പുത്തനുണർവിനു കാരണമായി.

2009ൽ സുഹൈറുദ്ദീൻ നൂറാനി ഈ മേഖലയിൽ വിപുലമായി സഞ്ചരിച്ചു. തദ്ദേശീയരുമായി സംസാരിച്ചപ്പോൾ വിധികല്പിതം എന്ന് തങ്ങൾ വിശ്വസിക്കുന്ന വർത്തമാന സ്ഥിതിയിൽനിന്ന് എന്തെങ്കിലും മാറ്റം അവർ ആഗ്രഹിക്കുന്നില്ല എന്നു മനസിലായി. വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നവർ ക്രിസ്ത്യൻ മിഷനറിമാർ ആയിരിക്കും എന്നായിരുന്നു നാട്ടു മൗലാനമാരുടെ “സുചിന്തിതമായ’ നിഗമനം. ലോകം മാറുന്നതറിയാതെ, കാലത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവർക്കെങ്ങനെ പുതു തലമുറയെ മുന്നോട്ടു നയിക്കാൻ സാധിക്കും? കാലം മാറിയിരിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്താൻ ത്വയ്ബയുടെ സാരഥികൾക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഒരു പള്ളി കിട്ടിയാൽ തരക്കേടില്ല എന്ന അവരുടെ ആവശ്യത്തിനുമേൽ പിടിച്ചാണ് പഴയ കലാലയം പുതുക്കുക എന്ന ആശയത്തിലേക്ക് സുഹൈറുദ്ദീൻ നൂറാനിയും കൂട്ടരും എത്തിച്ചത്. അതിനുമുണ്ടായി വിഘ്നങ്ങൾ. രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നായിരുന്നു എതിർപ്പുകൾ. പണം പിടുങ്ങാനുള്ള അവസരമായാണ് അവർ വിദ്യാഭ്യാസ സംരംഭങ്ങളെ കണ്ടത്. നാടു വിടുന്നതിനെക്കുറിച്ചുപോലും ആലോചിക്കേണ്ടതായി വന്നു. അനാഥരും അഗതികളുമായ വിദ്യാർഥികളുടെ ഭാവി മാത്രം ഓർത്താണ് അക്രമങ്ങൾ സഹിച്ച് ത്വയ്ബ പ്രവർത്തകർ പിടിച്ചുനിന്നത്. തെളിഞ്ഞുവരാൻ കാലം ഏറെ കാത്തുനിൽക്കേണ്ടതായി വന്നു.

ത്വയ്ബ പ്രവർത്തകരെ ആട്ടിയോടിക്കാൻ വടിയെടുത്ത നാട്ടുകാരുടെ മക്കൾ ഉയർന്ന മത-ഭൗതിക ബിരുദം സമ്പാദിക്കുന്ന കൺകുളിർമയുണ്ടാക്കുന്ന കാഴ്ച കാറ്റു മാറി വീശാൻ കാരണമായി. തങ്ങളുടെ മക്കൾക്കും പഠിക്കാൻ അവസരമുണ്ടാക്കിത്തരണം എന്നാവശ്യപ്പെട്ടുകൊണ്ട് ആളുകൾ ത്വയ്ബയുടെ പ്രവർത്തകരെ തേടിയെത്താൻ തുടങ്ങി. നാട്ടുകാരുടെ സഹായത്തോടെ പുതിയ പുതിയ സ്ഥാപനങ്ങൾ ഉയർന്നുവരുന്നു. പ്രവാസി കൂട്ടായ്മകളുടെ ഉദാരമായ സഹായങ്ങൾ ഈ ശ്രമങ്ങൾക്ക് വലിയ തുണയായിട്ടുണ്ട്.

മക്തബകൾ എന്ന പേരിലാണ് പ്രാഥമിക മത വിദ്യാലയങ്ങൾ വടക്കേ ഇന്ത്യയിൽ അറിയപ്പെടുന്നത്. മദ്റസകൾ അവർക്ക് ഉയർന്ന മതകലാലയമാണ്. നമ്മൾ അറബിക് കോളജ്, ദഅ്വ കോളജ്, യൂണിവേഴ്സിറ്റി എന്നൊക്കെ പത്രാസിൽ വിളിക്കുന്ന സ്ഥാപനങ്ങൾ ആണ് അവരുടെ ഭാഷയിൽ ദീനീ മദാരിസ്.

ത്വയ്ബയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗൃഹാങ്കണ മക്തബകൾ കാണാൻ അവസരമുണ്ടായി. വൈകുന്നേരങ്ങളിലാണ് ഈ വീട്ടുമുറ്റ മതപഠനം. ശാന്ദിർ പാട്ടി ഗ്രാമത്തിലെ ഗൃഹാങ്കണ മക്തബകളാണ് സന്ദർശിച്ചത്. മൺകട്ടകൾ മരക്കമ്പുകളിൽ എറിഞ്ഞു പിടിപ്പിച്ചു. മണ്ണ് മെഴുകിയ ചുമരുകളും പുല്ലു മേഞ്ഞ മേൽക്കൂരയും ഇടുങ്ങിയ രണ്ടോ മൂന്നോ മുറികളും മാത്രമുള്ള കുടിലുകളുടെ മണ്ണ് മെഴുകിയ മുറ്റത്ത് വിരിച്ച ചാക്കുകളിൽ പല പ്രായക്കാരായ പെൺകുട്ടികൾ വട്ടത്തിലിരിക്കുന്നു. ഒരു ഉസ്താദ് അവരെ ഓത്ത് പഠിപ്പിക്കുന്നു. കുട്ടികളുടെ കൂട്ടത്തിൽ അറുപതു വയസ്സ് കഴിഞ്ഞ ഒരു ഉമ്മയും ഓത്തുപഠിക്കുന്നുണ്ട്. തനിക്ക് ഫാതിഹ ഓതാൻ അറിയാം എന്ന് തെല്ലൊരു അഭിമാനത്തോടെ ആ വയോധിക പറഞ്ഞു. അവർക്കറിയാവുന്ന വിധം ഫാതിഹ ഓതിക്കേൾപ്പിക്കുകയും ചെയ്തു. വീടിന്റെ വരാന്തയിൽ വിരിച്ച പ്ലാസ്റ്റിക്ക് ചാക്കുകളിൽ ഏതാനും ആൺകുട്ടികൾ മറ്റൊരു ഉസ്താദിന്റെ കീഴിൽ ഓത്തുപഠിക്കുന്നു. വീട്ടുകാർ ഞങ്ങളെ നിർബന്ധിച്ചു ചായയും പലഹാരങ്ങളും തന്നു സത്കരിച്ചു.

മാജിഖണ്ഡയുടെ സമീപ ഗ്രാമങ്ങളിൽ ത്വയ്ബയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നിരവധി ഗൃഹാങ്കണ മക്തബകൾ ഉണ്ട്. കരിഞ്ചാബടി ഗ്രാമത്തിൽ ഞങ്ങൾ എത്തിയപ്പോൾ കുട്ടികൾ അന്നത്തെ ക്ലാസ് കഴിഞ്ഞു മടങ്ങുന്നുണ്ടായിരുന്നു. നാം പറഞ്ഞു കേട്ട ഓത്തുപള്ളിക്കാലത്തിനും അപ്പുറമുള്ള അവസ്ഥയിലാണീ ഗ്രാമങ്ങൾ. മതപഠനത്തിനു വ്യവസ്ഥാപിതമായ സിലബസോ ഏകീകരണമോ രീതി ശാസ്ത്രമോ ഇനിയും ഉണ്ടായിട്ടുവേണം. പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്ന മക്തബകളെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് ത്വയ്ബ മോഡൽ അക്കാദമി. വലിയ ദൗത്യമാണ് അക്കാദമി ഏറ്റെടുത്തിരിക്കുന്നത്. മക്തബകളിൽ തുടർന്നുവരുന്ന ചൊല്ലിക്കേട്ട് കാണാതെ പഠിക്കുന്ന പഴഞ്ചൻ രീതി പരിഷ്കരിക്കേണ്ടതുണ്ട്. നൂറാനി, ബഗ്ദാദീ ഖാനൂനുകൾ അനസുരിച്ചുള്ള ശിശു സൗഹൃദ പാഠപുസ്തകങ്ങൾ രൂപപ്പെടുത്തണം. പിരീഡും വിഷയവും തിരിച്ചുള്ള ക്രമീകൃത ബോധന വ്യവസ്ഥ വരണം. ബോധന രീതിയിലും ആവശ്യമാണ് കാലോചിതമായ പരിഷ്കരണം. സർവോപരി ഇരുന്നു പഠിക്കാനുതകുന്ന കെട്ടിടങ്ങളും മറ്റു പശ്ചാതല സൗകര്യങ്ങളും ഉണ്ടാവണം. ഇതൊന്നും ഇരുട്ടി വെളുക്കുമ്പോഴേക്ക് പുലരുന്ന സ്വപ്നമല്ല. പുറംലോകം കണ്ടിട്ടില്ലാത്തതിനാൽ തങ്ങൾ ജീവിക്കുന്ന ജീവിതമാണ് ജീവിതം എന്ന ധാരണകൾ മുതൽ മാറ്റിപ്പണിയേണ്ടതായി ഏറെ കാര്യങ്ങൾ ഉണ്ട്.

മക്തബ പരിഷ്കരണത്തിന്റെ ആദ്യ കാൽവെപ്പ് എന്ന നിലയിൽ ത്വയ്ബ മോഡൽ അക്കാദമി കഴിഞ്ഞ വർഷം ഇരുപത്തി അഞ്ച് മക്തബകളെ ഉൾപ്പെടുത്തി ഒരു പദ്ധതി രൂപപ്പെടുത്തുകയുണ്ടായി. അഞ്ചാം വയസ്സിൽ കുട്ടിയെ ഒന്നാം ക്ലാസിൽ ചേർക്കുകയും കൊഴിഞ്ഞുപോവാതെ പത്തു വർഷത്തെ മതപഠനം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ളതാണ് ഈ പദ്ധതി. അധ്യാപകർക്ക് കൃത്യമായി വേതനം നൽകാനും പദ്ധതിയിൽ സംവിധാനമുണ്ട്. ബഹുജനങ്ങളുടെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. ശിശു മനഃശാസ്ത്രത്തിലും ആധുനിക ബോധന സമ്പ്രദായത്തിലും അധ്യാപകർക്ക് പരിശീലനവും നൽകുന്നു.
ഗ്രാമങ്ങളെ തന്നെ ദത്തെടുത്ത് സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള അവികസിത സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. സർക്കാർ സംവിധാനങ്ങൾ ബോധപൂർവം അവഗണിക്കുന്ന ദളിത്- മുസ്‌ലിം പിന്നാക്ക വിഭാഗങ്ങൾ സ്വന്തം ഭാഗധേയം സ്വയം നിർണയിക്കുകയല്ലാതെ മറ്റെന്തു നിവൃത്തി? ജനങ്ങളെ ബോധവത്കരിക്കുകയും സൂക്ഷ്മതല സാമ്പത്തികാസൂത്രണത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സ്വയം പര്യാപ്തരാക്കുകയാണ് പ്രശ്നങ്ങൾക്കുള്ള സ്ഥായിയായ പരിഹാരം എന്ന തിരിച്ചറിവാണ് സമഗ്രമായ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ ത്വയ്ബ പ്രവർത്തകർക്ക് പ്രചോദനം.

മാൾഡ ജില്ലയിലെ ശംസി ഗ്രാമം ത്വയ്ബ മോറൽ അക്കാദമിയുടെ മേൽനോട്ടത്തിൽ സ്വയം നവീകരിക്കാനുള്ള ശ്രമത്തിലാണ്. ഏതോ ഗതികെട്ട കാലത്ത് ബീഹാറിൽനിന്ന് കുടിയേറിപ്പാർത്ത പാമ്പാട്ടികളാണ് ഈ ഗ്രാമത്തിൽ അധിവസിക്കുന്നത്. ചന്തകൾ തോറും ചുറ്റിസഞ്ചരിച്ച് മകുടിയൂതി പാമ്പുകളെ കളിപ്പിച്ചു കിട്ടുത്ത തുച്ഛമായ വരുമാനം കൊണ്ടാണ് ഈ ഗ്രാമം പുലരുന്നത്. രാവിലെ നേരത്തെ എത്തിയെങ്കിലും മിക്കവാറും ഗൃഹനാഥന്മാർ പാമ്പു വട്ടികളുമായി അന്നംതേടി യാത്രയായിക്കഴിഞ്ഞിരുന്നു. അവശേഷിച്ച ഒരാൾ തന്റെ പാമ്പുകൂടകളിൽനിന്ന് മൂർഖൻ പാമ്പുകളെ പുറത്തിറക്കി ഞങ്ങൾക്ക് വേണ്ടി പ്രദർശനമൊരുക്കി. പൊളിഞ്ഞുവീഴാറായ മൺകുടിലുകൾ, പാതി പണിത ഇരുമുറിവീടുകൾ, കലപില കൂട്ടുന്ന മുണ്ടുടുക്കാ കിടാങ്ങൾ, വൃത്തിഹീനമായ ചുറ്റുപാട് ഇവ ചേർന്നാൽ ഒരു ഗ്രാമമായി. ഒരു പള്ളിയും മദ്റസയുമുണ്ട്. ത്വയ്ബ പണിതുകൊടുക്കുന്ന ഒരു വീട് പണി പൂർത്തിയായി വരുന്നു.

ചരിത്രം മാനവരാശിയെ നേർരേഖയിൽ അല്ല വഴി നടത്തുക എന്ന സാമൂഹിക ശാസ്ത്ര നിരീക്ഷണം നേരിൽ കണ്ടു ബോധ്യപ്പെടുക ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ്. വിദ്യാഭ്യാസം വിമോചനത്തിനാവണം എന്ന, “മർദിതരുടെ ബോധന ശാസ്ത്രം’ രചിച്ച പൗലോ ഫ്രയറുടെ ദർശനവും ഈ യാത്രകൾ നമ്മെ ബോധ്യപ്പെടുത്തും. ബംഗാളിൽ ഈ രണ്ടു സത്യങ്ങൾക്കുമാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്.

എ കെ അബ്ദുൽമജീദ്

You must be logged in to post a comment Login